Dr P S Sreekala

ലിംഗസമത്വത്തിന്‍റെ രാഷ്ട്രീയം

ലോകവ്യാപകമായി ജനാധിപത്യബോധമുണര്‍ന്ന കാലമാണ് ഇരുപതാം നൂറ്റാണ്ട്. വിവേചനവും അടിച്ചമര്‍ത്തലുമനുഭവിച്ചിരുന്ന ജനതയാകെ അവകാശസമരങ്ങളിലണിനിരന്ന കാലം. അതിന്‍റെ ഭാഗമായി സ്ത്രീകളുടെ സ്വാതന്ത്ര്യ വാദവും ശക്തമായി. അവസാനത്തെ മൂന്നു പതിറ്റാണ്ടുകള്‍ സ്ത്രീവിമോചനപ്രസ്ഥാനങ്ങളുടെ സജിവസാന്നിധ്യമറിഞ്ഞു. ഈ സാഹചര്യത്തെ ലോകപ്രശസ്ത ചരിത്രകാരനായ എറിക് ഹോബ്സ്ബോം വിശേഷിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീവിമോചനവാദങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശമാണെന്നു തിരിച്ചറിയാനും സ്ത്രികളുടെ വീട്ടുജോലി കണക്കില്‍പ്പെടുത്തേണ്ട തൊഴിലാണെന്ന ധാരണ വളര്‍ത്താനും സ്ത്രീസ്വാതന്ത്ര്യ വാദങ്ങള്‍ സഹായിച്ചുവെന്ന് 1995 ലെ ബീജിംഗ് കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അതിരില്ലാത്ത ലോകമെന്ന സങ്കല്‍പം എല്ലാത്തരം സ്വാതന്ത്ര്യവും അനുവദിക്കുന്നതായി പ്രചരിപ്പിക്കുന്നു. നവലിബറല്‍ സങ്കല്‍പങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് ആഗോളവല്‍ക്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ 'വിമോചിതയായ സ്ത്രീ' (liberated woman) എന്ന പരികല്‍പനയ്ക്ക് യാഥാര്‍ഥ്യപ്രതീതി പകരുന്നു. എല്ലാത്തരം അസമത്വങ്ങളെയും വര്‍ദ്ധിപ്പിച്ചുകൊണ്ടുമാത്രമേ മുതലാളിത്തത്തിനു നിലനില്‍ക്കാനാവൂ എന്ന യാഥാര്‍ഥ്യമാണിവിടെ തന്ത്രപരമായി മറച്ചുവയ്ക്കപ്പെടുന്നത്. ലാഭത്തിനായുള്ള പരക്കംപാച്ചിലില്‍ എല്ലാ മാനുഷികമൂല്യങ്ങളെയും ചവിട്ടിമെതിച്ചുകൊണ്ടും സര്‍വ്വതിനെയും ചരക്കാക്കി വിറ്റഴിച്ചുകൊണ്ടും മുന്നേറുന്ന മുതലാളിത്തത്തെ തിരിച്ചറിയുന്നിടത്താണ് സമത്വവാദത്തിലെ ശരിയായ രാഷ്ട്രീയം ഉള്‍ച്ചേരുന്നത്.

ചരിത്രത്തിലെ ആദ്യത്തെ വര്‍ഗ്ഗവൈരുദ്ധ്യം സ്ത്രീയും പുരുഷനും തമ്മിലുള്ള വൈരുദ്ധ്യവുമായും വര്‍ഗ്ഗപരമായ ആദ്യത്തെ മര്‍ദ്ദനം പുരുഷന്‍ സ്ത്രീയുടെ മേല്‍ നടത്തുന്ന മര്‍ദ്ദനവുമായും ഒത്തുപോകുന്നതാണ്”(ഏംഗല്‍സ്).ആധിപത്യം വഹിച്ച ഓരോ വര്‍ഗ്ഗവും അതതിനു സൗകര്യമായതരത്തില്‍ ഈ മര്‍ദ്ദനം തുടര്‍ന്നു പോന്നിട്ടുണ്ട്. ഒരു ഉപകരണമോ ഉപഭോഗവസ്തുവോ ആയി മാത്രമേ പുരുഷാധിപത്യസമൂഹം സ്ത്രീയെ കണ്ടിട്ടുള്ളൂ.


നവലിബറല്‍ സാമ്പത്തികനയങ്ങള്‍ എല്ലാത്തരം അസമത്വങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ആകെ ലോകവരുമാനത്തിന്‍റെ 85 ശതമാനവും കേവലം 20% മാതം വരുന്ന സമ്പന്നര്‍ അനുഭവിക്കുന്നുവെന്നതും 1.4ശതമാനം മാത്രമാണ് ദരിദ്രര്‍ക്കു ലഭ്യമാവുന്നത് എന്നതും സാമ്പത്തിക അസമത്വത്തിന്‍റെ ആഴം വ്യക്തമാക്കുന്നു. ഈ അസമത്വം ഏറ്റവുമധികം ആഘാതമേല്‍പിക്കുന്നത് സ്ത്രീജീവിതത്തിലാണ്. ആകെയുള്ള ദരിദ്രരില്‍ 70 ശതമാനം സ്ത്രീകളാണെന്ന യാഥാര്‍ഥ്യം അതിന്‍റെ പ്രതിഫലനമാണ്. ലോകത്താകെ അധ്വാനിക്കുന്നവരില്‍ മൂന്നിലൊരുഭാഗം സ്ത്രീകളാണെന്നതും ആകെയുള്ള അധ്വാനസമയത്തിന്‍റെ മൂന്നില്‍ രണ്ടുഭാഗം സ്ത്രീകളുടെ സംഭാവനയാണെന്നും അതേ സമയം ആകെ വിതരണം ചെയ്യുന്ന കൂലിയുടെ പത്തിലൊരുഭാഗം മാത്രമാണ് സ്ത്രീകള്‍ക്കു ലഭിക്കുന്നതെന്നും വ്യക്തമാക്കുന്ന കണക്കുകള്‍ ലിംഗസമത്വത്തിന്‍റെ രാഷ്ട്രീയം അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് മാത്രമല്ല, ഒറ്റപ്പെട്ടതും വൈയക്തികവുമായ വിഷയങ്ങളെ ഏറ്റെടുത്തുകൊണ്ടുള്ള വിമോചനവാദങ്ങളുടെ പരിമിതികൂടിയാണ് ഓര്‍മ്മിപ്പിക്കുന്നത്.

വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങളില്‍ പ്രബലമായത് സ്ത്രീപുരുഷ അസമത്വമാണെന്ന് ഐക്യരാഷ്ട്രസഭയുടെയും ലോകസാമ്പത്തികഫോറത്തിന്‍റെയും പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആധുനികകാലത്ത് ഒരുവിഭാഗത്തെ അടിച്ചമര്‍ത്തിക്കൊണ്ടല്ലാതെ മറ്റൊരു വര്‍ഗ്ഗത്തിന് മുന്നോട്ടുപോകാനാവില്ല. വര്‍ഗ്ഗസമൂഹത്തിന്‍റെ സ്വാഭാവികപ്രവണതയാണത്. "ചരിത്രത്തിലെ ആദ്യത്തെ വര്‍ഗ്ഗവൈരുദ്ധ്യം സ്ത്രീയും പുരുഷനും തമ്മിലുള്ള വൈരുദ്ധ്യവുമായും വര്‍ഗ്ഗപരമായ ആദ്യത്തെ മര്‍ദ്ദനം പുരുഷന്‍ സ്ത്രീയുടെ മേല്‍ നടത്തുന്ന മര്‍ദ്ദനവുമായും ഒത്തുപോകുന്നതാണ്"(ഏംഗല്‍സ്.). ആധിപത്യം വഹിച്ച ഓരോ വര്‍ഗ്ഗവും അതതിനു സൗകര്യമായതരത്തില്‍ ഈ മര്‍ദ്ദനം തുടര്‍ന്നുപോന്നിട്ടുണ്ട്. ഒരു ഉപകരണമോ ഉപഭോഗവസ്തുവോ ആയി മാത്രമേ പുരുഷാധിപത്യസമൂഹം സ്ത്രീയെ കണ്ടിട്ടുള്ളൂ. ഫ്യൂഡല്‍ മേധാവിത്തകാലത്ത് 'സാധനം'(നമ്പൂതിരിസമുദായത്തിനുള്ളിലെ സ്മാര്‍ത്തവിചാരം ഓര്‍‍ക്കുക) മുതലാളിത്ത കാലത്ത് 'ചരക്ക്' ആയി മാറുന്നുവെന്ന വ്യത്യാസം മാത്രമാണു സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഗ്ഗപരമായ മര്‍ദ്ദനത്തോടൊപ്പം സ്ത്രീ എന്ന നിലയില്‍ സവിശേഷമായ മര്‍ദ്ദനം പലതരത്തില്‍ സ്ത്രീസമൂഹത്തിന് അനുഭവിക്കേണ്ടതായി വരുന്നു.

ശകലീകരിച്ചും ശിഥിലീകരിച്ചും തൊഴിലാളിവര്‍ഗ്ഗത്തെ ഭിന്നിപ്പിച്ചുകൊണ്ട് ചൂഷണം ശക്തമാക്കുവാനുള്ള തന്ത്രങ്ങള്‍ ആധുനികമുതലാളിത്തം പ്രയോഗിക്കുന്നുണ്ട്. സ്വത്വബോധത്തെ മുതലെടുത്തുകൊണ്ട് സ്വത്വവാദങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമം അതിന്‍റെ ഭാഗമാണ്. സ്ത്രീസ്വത്വബോധവും മുതലെടുപ്പിനു വിധേയമാകുന്നു. സ്ത്രീയുടെ അനുഭവം അവളുടെ അടിച്ചമര്‍ത്തലിനെതിരായ പ്രതിഷേധമെന്ന ആയുധത്തിനു മൂര്‍ച്ച കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ സാമൂഹികമായ അടിച്ചമര്‍ത്തലിന്‍റെ ഭാഗമായി സ്ത്രീയുടെ അനുഭവങ്ങളെയും കാണാന്‍ സാധിച്ചില്ലായെങ്കില്‍ പ്രതിഷേധങ്ങള്‍ ഒറ്റപ്പെടും. അതായത് സാമൂഹികവിമോചനത്തിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങളോടൊപ്പമാണ് സ്ത്രീവിമോചന ശ്രമങ്ങളെയും കണ്ണീചേര്‍ക്കേണ്ടത്. പകരം സ്ത്രീകളുടേതു മാത്രമായ പ്രശ്നങ്ങളെന്ന നിലയിലും പരിഹാരശ്രമങ്ങള്‍ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമെന്ന നിലയിലുമുള്ള സങ്കുചിത വാദമാണ് ചില സ്ത്രീവിമോചനഗ്രൂപ്പുകള്‍ മുന്നോട്ടുവയ്ക്കുന്നത്.

ഈ സമീപനം സ്ത്രീവിമോചനവാദത്തോട് സമൂഹത്തിന്‍റെ പൊതുബോധത്തിനുമുണ്ട്. ഒരു സമൂഹത്തില്‍ മേധാവിത്തം വഹിക്കുന്ന വര്‍ഗ്ഗത്തിന്‍റെ ആശയമാണ് ആ സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന ആശയമായി വര്‍ത്തിക്കുന്നത്(മാര്‍ക്സ്). വര്‍ഗ്ഗാധിപത്യത്തിന്‍റെ ആരംഭകാലം മുതല്‍ പുരുഷാധിപത്യആശയമാണ് പൊതുബോധത്തെ നിര്‍ണ്ണയിച്ചുവരുന്നത്. ഈ പുരുഷാധിപത്യപൊതുബോധത്തെ നിലനിര്‍ത്തേണ്ടത് ആധുനികകാലത്ത് മുതലാളിത്തത്തിന്‍റെ ആവശ്യവുമാകുന്നു. അത്തരമൊരു സമൂഹത്തില്‍ സ്ത്രീകളെക്കുറിക്കുന്ന പരമ്പരാഗത സങ്കല്‍പങ്ങളിലും യാഥാസ്ഥിതിക ധാരണകളിലും വിള്ളലുണ്ടാക്കുക പോലും ശ്രമകരമാണ്. സ്വാഭാവികമായും സ്ത്രീസമത്വത്തിനായുള്ള വാദങ്ങള്‍ ഒറ്റപ്പെട്ട സ്വരങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെടും. അതിനെ മറികടക്കേണ്ടത് ജനാധിപത്യപരവും പുരോഗമനപരവുമായ ആശയങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ടാണ്. അപ്പോഴത് സാമൂഹികമുന്നേറ്റശ്രമങ്ങളുടെ ഭാഗമായി മാറുന്നു. "സ്ത്രീവിമോചനം സ്ത്രീകളുടെ മാത്രം കാര്യമല്ല"എന്ന് ഇ എം എസ് പറയുന്നത് ഈ അര്‍ഥത്തില്‍ക്കൂടിയാണ്.

ഇവിടെ സ്വാഭാവികമായും സ്ത്രീകള്‍ക്കുമാത്രമായുള്ള സംഘടനകളുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുന്നു. വര്‍ഗ്ഗരഹിതസമൂഹം യാഥാര്‍ഥ്യമാവുന്നതോടെ എല്ലാത്തരം അസമത്വങ്ങളും ഇല്ലാതാവുമെങ്കില്‍ അതിനായി പ്രവര്‍ത്തിക്കുന്ന പൊതുസംഘടനകള്‍ മതിയാകുമല്ലോ എന്നതാണ് വാദം. ഇത്തരം വാദങ്ങളില്‍ കാണാതെപോകുന്നത് സ്ത്രീയെന്നനിലയില്‍ നേരിടേണ്ടിവരുന്ന സവിശേഷ പ്രശ്നങ്ങളെയാണ്. തകഴിയുടെ രണ്ടിടങ്ങഴിയില്‍ ചിരുത ഉന്നയിച്ചത് ഈ പ്രശ്നമാണ്. കര്‍ഷകതൊഴിലാളി യൂണിയന്‍റെ നേതാവായ കോരന്‍ ഭാര്യയോട് സംഘടനായോഗത്തിന്റെ വിശേഷങ്ങള്‍ വിവരിക്കവേ "പെണ്ണുങ്ങള്‍ക്കും വേണം ഒരു യോഗ"മെന്ന് ചിരുത പ്രതികരിക്കുന്നത് കര്‍ഷകത്തൊഴിലാളിയെന്നതിലുപരി ഒരു സ്ത്രീ എന്ന നിലയിലാണ്. ജന്മിയില്‍ നിന്ന് ചിരുതയെ രക്ഷിക്കാനായി കോരന് അയാളെ കൊലചെയ്യേണ്ടി വരുന്നിടത്ത് ചിരുതയുടെ ആവശ്യം ആര്‍ക്കും ബോധ്യപ്പെടുന്നതായി മാറുകയാണ്. 1930 കളില്‍ ആലപ്പുഴ ജില്ലയില്‍ പാടത്തുപണിക്കിറങ്ങാതെ സ്ത്രീകള്‍ നടത്തിയ സമരം തൊഴിലാളിസ്ത്രീകളുടെ മറ്റൊരനുഭവത്തെയാണ് വെളിപ്പെടുത്തുന്നത്. കൂലിയില്‍ നിലനിന്ന വിവേചനം അവസാനിപ്പിക്കാനായിരുന്നു ആ സമരം. തൊഴിലാളി സ്ത്രീകള്‍ നേരിടുന്ന ഇരട്ട ചൂഷണമെന്ന് ലെനിന്‍ വിശേഷിപ്പിച്ചത്. ഇതു പരിഹരിക്കാന്‍ സ്ത്രീകളുടെതായ സംഘടനകള്‍ അനിവാര്യമാണെന്നു അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. "സ്ത്രീകള്‍ക്കു പരിപൂര്‍ണ്ണ സ്വാതന്ത്ര്യം കൈവരുത്താതെ തൊഴിലാളിവര്‍ഗ്ഗത്തിനു പരിപൂര്‍ണ്ണസ്വാതന്ത്ര്യം നേടാനാവില്ല"എന്ന നിരീക്ഷണവും അദ്ദേഹം നടത്തുന്നുണ്ട്.

തൊഴിലാളിവര്‍ഗ്ഗത്തിലെ സ്ത്രീകള്‍ മാത്രമല്ല വിവേചനത്തിന്റെ ഇരകള്‍ . വര്‍ഗ്ഗവ്യത്യാസമില്ലാതെ തന്നെ സ്ത്രീ പുരുഷന്റെ അടിമയാണ്. പുരുഷമേധാവിത്തം പ്രബലമായ ഒരു സമൂഹത്തില്‍ ഏറ്റക്കുറച്ചിലുകളൊടെയാണെങ്കിലും എല്ലാ വിഭാഗത്തില്‍പെട്ട സ്ത്രീകളും വിവേചനമനുഭവിക്കുന്നുണ്ട്. കുടുംബത്തിനുള്ളിലെ ജനാധിപത്യവിരുദ്ധതയും സ്ത്രീയുടെ രണ്ടാം സ്ഥാനവും ഇതിനു തെളിവാണ്. സഞ്ചാരസ്വാതന്ത്ര്യവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന അവസ്ഥ വിവേചനത്തിന്‍റെ വര്‍ഗ്ഗാതീതമായ മുഖം വെളിപ്പെടുത്തുന്നു. അതു പരിഹരിക്കുന്നതിനും സ്ത്രീകളുടെതുമാത്രമായ സംഘടനകള്‍ അനിവാര്യമാവുന്നു. പൗരര്‍ എന്ന നിലയില്‍ പൊതുവായ അവകാശനിഷേധത്തിനും സ്ത്രീകള്‍ ഇരകളാണ്. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ആക്രമണത്തിന്‍റെ ആയുധം സ്ത്രീകള്‍ക്കു നേരെയാണ് തിരിയുന്നത്. ഉദാഹരണത്തിന് യുദ്ധത്തില്‍ സ്വന്തം നാടിന്റെ സൈന്യത്തില്‍ നിന്നും ശത്രുരാജ്യത്തിന്‍റെ സൈന്യത്തില്‍ നിന്നും സ്ത്രീക്ക് നേരിടേണ്ടിവരുന്നത് തിക്തമായ അനുഭവങ്ങളാണ്. അതുകൊണ്ടുതന്നെ പൊതുവായ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയും സ്ത്രീകള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്.

അതായത്, ചൂഷിതവര്‍ഗ്ഗത്തിന്‍റെ ഭാഗമെന്ന നിലയിലും വര്‍ഗ്ഗവിവേചനത്തിനതീതമായും സമൂഹത്തിലെ പൗരര്‍ എന്ന നിലയിലും സവിശേഷമായ അടിച്ചമര്‍ത്തലിനും ചൂഷണത്തിനും ഇരയാക്കപ്പെടുകയാണ് സ്ത്രീ. ഇതാവട്ടെ, അസമത്വങ്ങളില്‍ അഭിരമിക്കുന്ന മേധവി വര്‍ഗ്ഗത്തിന്‍റെ വര്‍ഗ്ഗതാല്‍പര്യങ്ങളുടെയും സമൂഹത്തില്‍ പ്രബലമായ പുരുഷാധിപത്യ ആശയങ്ങളുടെയും ഫലമായിട്ടാണ്. അതുകൊണ്ടുതന്നെ ചൂഷണവ്യവസ്ഥ തന്നെ അവസാനിപ്പിക്കാനുള്ള പൊതുശ്രമം സ്ത്രീസമത്വത്തിനായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ്. ആ മുന്നൊരുക്കമാവട്ടെ പുരുഷാധിപത്യമൂല്യങ്ങളെ തകര്‍ത്തുകൊണ്ടു മാത്രമേ സാധ്യമാവൂ. പുരുഷമേധാവിത്തം ആധിപത്യം വഹിക്കുന്ന വര്‍ഗ്ഗമെന്ന നിലയില്‍ മുതലാളിത്തത്തിന് അനിവാര്യമാണു താനും. അതുകൊണ്ടുതന്നെ മുതലാളിത്തത്തിനും പുരുഷമേധാവിത്തത്തിനുമെതിരായതാണ് ലിംഗസമത്വത്തിന്‍റെ രാഷ്ട്രീയം. ഇവയില്‍ ഏതെങ്കിലുമൊന്നിനെ അമിതപ്രാധാന്യത്തോടെ സമീപിക്കുന്നത് ശാസ്ത്രീയമോ പ്രശ്നപരിഹാരത്തിന് പ്രായോഗികമോ അല്ല.