Adv K R Deepa

സൂര്യനെല്ലി

മാറ്റത്തിന്റെ സൂചന ?ബലാല്‍സംഗം ചെയ്തവര്‍ ഇരയെ വിവാഹം കഴിച്ചാല്‍ കുറ്റം ഇല്ലാതാകും എന്ന് കണ്ടെത്തുന്ന ഹൈക്കോടതികളും ഇരയുടെ സ്വഭാവം വിലയിരുത്തി 'പിശക്' കണ്ടെത്തി പ്രതിയെ വിട്ടയക്കുന്ന ജഡ്ജിമാരും ഉള്ള രാജ്യത്ത് ഈ വിധി ആശ്വാസം തന്നെയാണ്. സമൂഹം സ്ത്രീയ്ക്ക് കൂടി ജീവിക്കാനുള്ളതാണെന്നെങ്കിലും അംഗീകരിക്കുന്ന വിധി. പതിനെട്ട് വര്ഷത്തിനു ശേഷം സൂര്യനെല്ലി കേസില്‍ നിയമം നേര്‍വഴിക്കെത്തി എന്ന് നമുക്ക് ആശ്വസിക്കാം. സ്ത്രീ പീഡന കേസുകളോടുള്ള ജുഡിഷ്യറിയുടെ സമീപനത്തില്‍ മാറ്റാം വരുന്നതിന്റെ സൂചനയായും നമുക്കിതിനെ കാണാം.


ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സൂര്യനെല്ലി കേസില്‍ പ്രതികള്ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചത്. മുമ്പുള്ള ഹൈക്കോടതി വിധിയിലെ മനുഷ്യത്വ വിരുദ്ധവും സ്ത്രീ വിരുദ്ധവും ആയ പരമര്‍ശങ്ങള്‍ ഇല്ലാതാക്കികൊണ്ടുള്ളതാണ് വിധി എന്നത് ആശ്വാസകരമാണ്.ജ. കെ ടി ശങ്കരന്‍ , ജ. എം എന്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി.


നേരത്തേ, വിചാരണകോടതിയുടെ വിധി ചോദ്യം ചെയ്തുവന്ന അപ്പീലുകളില്‍ മുഖ്യപ്രതി ധര്‍മ്മരാജന്റെ ജീവപര്യന്തം ശിക്ഷ അഞ്ചുകൊല്ലമാക്കി ഇളവ് ചെയ്തും മറ്റ് പ്രതികളെ വെറുതെ വിട്ടുമാണ് വിധിയുണ്ടായത്. ആ കോടതിവിധിയും അതിലെ പരാമര്‍ശങ്ങളും നിയമലോകത്തെ മാത്രമല്ല സാധാരാണക്കാരെ പോലും ഞെട്ടിക്കുന്നതായിരുന്നു.


ഇതിനെതിരെ പെണ്‍കുട്ടിയും സര്‍ക്കാരും ജനാധിപത്യ മഹിളാ അസോസിയേഷനും സുപ്രീംകോടതിയെ സമീപിച്ചു. ആ കേസ് ഏഴെട്ടു വര്‍ഷം മരവിച്ചുകിടന്നു. പിന്നീടത് പരിഗണിച്ച ജ. ഗ്യാന്‍സുധാമിശ്ര അത്യധികം അതൃപ്തിയും ഞെട്ടലും പ്രകടിപ്പിച്ച് പുനഃപരിശോധനക്കായി കേസ് തിരിച്ചയക്കുകയായിരുന്നു.ആ കേസിലാണ് ഹൈക്കോടതിയുടെ സ്ത്രീപീഡന കേസുകള്‍ കേള്‍ക്കുന്ന സ്പെഷ്യല്‍ ബെഞ്ച് ഇപ്പോള്‍ വിധി പറഞ്ഞത്.


പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമാണെന്നു കണ്ട ഹൈക്കോടതി ബാലവേശ്യ എന്ന പ്രയോഗവും വിവാദങ്ങളുണ്ടാക്കിയ പരാമര്‍ശങ്ങളും അസ്ഥിരപ്പെടുത്തി. പെണ്‍കുട്ടിക്ക് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു തുടങ്ങിയ ബാലിശമായ വാദങ്ങള്‍ ഹൈക്കോടതി തള്ളിക്കളഞ്ഞു. അല്‍പമെങ്കിലും കനിവും നീതിബോധവും മനസ്സിലുള്ള ആര്‍ക്കും ന്യായീകരിക്കാവുന്നതായിരുന്നില്ല നേരത്തേ വന്ന വിധി. എന്നിട്ടും വിധിയെ ന്യായീകരിക്കാന്‍ നിയമവൃത്തങളില്‍ ആളുണ്ടായി. വിധിയെഴുതിയ ജഡ്ജി കൂടുതല്‍ കറുത്ത പരാമര്‍ശങ്ങളുമായി വിധിയെ ന്യായീകരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രംഗത്തെത്തി.


സ്ത്രീവിരുദ്ധമായ നമ്മുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തിയ ആ വിധി സമൂഹത്തിലെ സ്ത്രീവിരുദ്ധതയ്ക്ക് ചേര്‍ന്നതായി. ആ പെണ്‍കുട്ടിയോട് സമൂഹം പൊതുവെ സ്വീകരിച്ച സമീപനത്തില്‍ ഇത് പ്രകടമായി. പുരോഗമന സമൂഹമെന്ന് അഭിമാനിക്കുന്ന കേരളീയ സമൂഹത്തിന് ചേരുന്നതായിരുന്നോ ഇത്? നിയമത്തിന്റെ നൂലാമാലകള്‍ക്കപ്പുറം സ്വന്തം ജീവിതം തന്നെ തകിടംമറിഞ്ഞുപോയ ഒരുവ്യക്തിക്ക് തുടര്‍ന്ന് ജീവിക്കാനുള്ള ശക്തിയെങ്കിലും ഈ വിധി നല്‍കുമെന്ന് പ്രത്യാശിക്കാം.