Rajeev Viswanath

എന്റെ പ്രിയ കൂട്ടുകാരാ, പശ്ചാത്താപത്തോടെയാണ് ഞാനിതെഴുതുന്നത്.

എന്‍റെ പ്രിയ കൂട്ടുകാരാ, പശ്ചാത്താപത്തോടെയാണ് ഞാനിത് എഴുതുന്നത്.പോയ വഴിയില്‍ എപ്പഴോ ഞാന്‍ നിന്നെ മന:പ്പൂര്‍വം മറന്നിരുന്നു..പക്ഷെ നീയെന്നെ ഓര്‍ക്കുന്നുണ്ടാവും..എനിക്കറിയാം..നിനക്കാരേയും മറക്കാനും വെറുക്കാനും അറിയില്ലല്ലോ?? അത് നിന്നെയാരും പഠിപ്പിച്ചിട്ടില്ല, അതല്ലേ സത്യം?? നീ നന്‍മയായിരുന്നു .സ്നേഹിക്കാന്‍ മാത്രമറിയാവുന്ന, കേള്‍വിശക്തിയില്ലാത്ത, എപ്പോഴും സന്തോഷം മാത്രം ചൊരിയുന്ന എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍.

ഈ നഗര ജീവിതത്തിന്റെ മുഷിപ്പിക്കുന്ന ആവര്‍ത്തനവിരസതയായിരിക്കാം നിന്‍റെ ഓര്‍മകള്‍ വീണ്ടുമെന്‍റെ മനസിലേക്കു കൊണ്ടെത്തിച്ചത്. മനസ്സ് തുടിക്കുകയാണ് എത്രയും വേഗം നാട്ടിലേക്കെത്താന്‍..നിന്നെ വീണ്ടും കാണാന്‍..തട്ടിന്‍പുറത്തു നീ ഇപ്പോഴുമുണ്ടാവില്ലേ .എന്നെയും കാത്ത് ?? ആര്‍ക്കും വേണ്ടാതായിട്ടും നിന്നെ ആക്രികച്ചവടക്കാരന്റെ ചാക്കിനുള്ളിലേക്കു തള്ളാന്‍ അമ്മക്കു മനസുണ്ടാവാതിരുന്നത് എന്തുകൊണ്ടാവും?? നമ്മളുടെ ഈ പുനഃസമാഗമം നേരത്തെ തന്നെ ആരോ കുറിച്ചിട്ടിരുന്നോ ???

ബാല്യത്തില്‍ എന്‍റെ കളിത്തോഴനായിരുന്നു നീ.പ്രഭാതത്തില്‍ നിദ്ര വെടിയുമ്പോള്‍ "സുഭാഷിത"വുമായി നീ എന്നിലേക്കു ചേക്കേറുമായിരുന്നു.. എന്നും എന്‍റെ ദിവസങ്ങള്‍ തുടങ്ങുന്നത് ഇങ്ങനെ തന്നെയായിരുന്നല്ലോ???? പിന്നെ "ശാസ്ത്രീയസംഗീത"ത്തിന്‍റെ ലോകത്തിലേക്കു നീ എന്നെ കൂട്ടികൊണ്ടു പോകും. അതില്‍ നിന്നുമെന്നെ പിന്തിരിപ്പിക്കുന്നതു അമ്മയുടെ വിളിയായിരുന്നു ഭക്ഷണം കഴിക്കാനുള്ള അലാറം പ്രഭാത ഭക്ഷണവും ചായക്കോപ്പയുമായി നിന്‍റെയരികിലേക്കു വീണ്ടും ഞാനോടി വരുമായിരുന്നു..പുതിയ "വാര്‍ത്ത"കള്‍ കേള്‍ക്കാന്‍ ..പിന്നെയും വരും അമ്മയുടെ വിളി.. സ്കൂളിലെത്താനുള്ള സമയം വൈകുന്നതിലുള്ള അക്ഷമയുമായി.പിന്നെ ധൃതിപിടിച്ചൊരുക്കമാണ് . പുസ്തകസഞ്ചിയുമായി പടിയിറങ്ങുമ്പോഴും നിന്നിലെ സംഗീതം എന്നെ പിന്തുടരുമായിരുന്നു ,ഇടവഴി പിന്നിടും വരെ.

പിന്നെ ഞാന്‍ അക്ഷരങ്ങളുടെ ലോകത്തായിരിക്കും.അപ്പോഴും നീയെന്‍റെ മനസ്സിലുണ്ടാവും.സ്കൂള്‍ വിട്ടാല്‍ ഓടിയെത്തും ഞാന്‍, നിന്നെ കാണാ‍ന്‍ . നീ അപ്പോഴെന്നെയും കാത്തു നില്‍പ്പുണ്ടാവും, അക്ഷമയോടെ. പിന്നെ നമ്മള്‍ രണ്ടു പേരും ചേര്‍ന്നാണു ഹിന്ദി പഠിക്കുന്നത് .അതു മടുക്കുമ്പോള്‍ ഞാന്‍ ഓടും അടുത്ത മൈതാനത്തേക്ക് , കാല്പന്തുകളി കാണാന്‍ .നീയും ഉണ്ടാവും വിവരണങ്ങളുമായി കൂടെ...

വൈകുന്നേരങ്ങളില്‍ നിന്നിലൂടെയെത്തുന്ന വയലും വീടും ആണു മണ്ണിനെയും കൃഷിയെയും സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത് . ഹാസ്യത്തിന്റെ മേമ്പൊടിയുമായെത്തുന്ന കണ്ടതും കേട്ടതും എന്നില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ക്കു തിരികൊളുത്തുമായിരുന്നു..പിന്നെ "നാടക"ങ്ങളിലെ കഥാപാത്രങ്ങള്‍ ശബ്ദങ്ങളിലൂടെ എന്നിലേക്കു ഇറങ്ങിവരുമായിരുന്നു.ഞാന്‍ അവരുടെ കൂടെ കരയുകയും ചിരിക്കുകയും ചെയ്യുമായിരുന്നു. അപ്പോഴേക്കും അമ്മയെത്തും ഭക്ഷണവുമായി. നിന്നിലെ "ലളിതസംഗീത"ത്തില്‍ മുഴുകി ഞാന്‍ ഭക്ഷണ‍പാത്രവുമായി ഇരിക്കുമായിരുന്നു.ഞാന്‍ ഉറങ്ങുമ്പോള്‍ നീയുമെന്‍റെ തലയിണയില്‍ മുഖം മറയ്ക്കുമായിരുന്നു.

മാറ്റങ്ങള്‍ പെട്ടെന്നായിരുന്നു.പുതുമ തേടി എന്‍റെ മനസ്സു കുതിച്ചത് നിന്നിലൂടെ FM കണ്ടെത്താന്‍ പരതിയപ്പോള്‍ ആയിരുന്നോ? പുതിയ കാലഘട്ടത്തിന്‍റെ മാന്ത്രികത നിന്നില്‍ ഒരിക്കലുമുണ്ടാവില്ലയെന്ന തോന്നലിലാണോ അടുത്ത വീട്ടിലെ വിഡ്ഡിപ്പെട്ടിയുടെ മുന്നിലേക്കു എന്‍റെ മനസ്സ് സ്ഥാനം പിടിച്ചത് ? അതോ കാഴ്ച്ചയുടെ ആനന്ദം എന്‍റെ കണ്ണുകളെ ആകര്‍ഷിക്കുകയായിരുന്നോ?പിന്നെ എല്ലാം പെട്ടെന്നായിരുന്നു .അറിവുകള്‍ എന്നിലേക്കു പെയ്തിറങ്ങി. വിഡ്ഡിപ്പെട്ടിയുടെ മുന്‍പില്‍ നിന്നും ലാപ് ടോപ്പിലേക്കു എത്തിച്ചേര്‍ന്നു എന്‍റെ ദിവസങ്ങള്‍ . ആ വളര്‍ച്ചയില്‍ എനിക്കു പലതും നഷ്ടപ്പെടുത്തേണ്ടി വന്നു നിന്നെ.. നിന്നിലൂടെ ഞാന്‍ അറിഞ്ഞ ലളിതജീവിതത്തെ, സാധാരണ ജീവിതമറിഞ്ഞു നടക്കാനുള്ള ഇഷ്ടത്തെ.. അങ്ങനെ പലതും..മണ്ണിന്‍റെ നറുമണം ചിപ്പുകളുടെ രൂക്ഷഗന്ധത്തിനു വഴിമാറി, അതില്‍ ഞാന്‍ ലഹരി കണ്ടെത്തി. എന്നിലെ നന്മ നിന്നോടൊപ്പം മച്ചിലെ ഏതോ ഇരുളടഞ്ഞ മൂലയില്‍ അടിഞ്ഞു കൂടി.. ഞാന്‍ നഗരത്തിലേക്കു പറിച്ചെറിയപ്പെട്ടു.

ശബ്ദങ്ങളിലൂടെ അറിഞ്ഞ നന്‍മ പ്രതീക്ഷിച്ച എനിക്ക് മുന്നില്‍ കാഴ്ചകളുടെ മായികലോകം നിറഞ്ഞു. ഇവിടെ എല്ലാം നഗ്നം ആയിരുന്നു.അശ്ലീലചിത്രത്തിലെ നായികയുടെ ശരീരം പോലെ .തിരക്കായിരുന്നു എവിടെയും. നഗരത്തിന്‍റെ ചെടിപ്പിക്കുന്ന നഗ്നതയുടെ അശ്ലീലതയില്‍ ഞാന്‍ പോലുമറിയാതെയാണ് മയങ്ങിയത്. ആപത്തില്‍ നിന്നും മറ്റുള്ളവരെ രക്ഷിക്കുന്ന ഹീറോയേക്കാള്‍ അപകടങ്ങളുടെ അരികു പറ്റി സഞ്ചരിക്കുന്ന വില്ലന്‍മാര്‍ എന്നെ ആകര്‍ഷിച്ചു. എനിക്കും നോട്ടങ്ങളെ ആകര്‍ഷിക്കണമായിരുന്നു. ലക്‌ഷ്യം മാത്രമായിരുന്നു മുന്നില്‍ .മനുഷ്യമനസാക്ഷി എവിടെയോ ഓടി ഒളിച്ചു.

സ്വന്തം സഹോദരിയുടെ നഗ്നതയും അപകടത്തില്‍പ്പെട്ട കൂട്ടുകാരന്‍റെ അന്ത്യനിമിഷങ്ങളും എനിക്ക് യൂട്യൂബിലെ ഹിറ്റ്‌ കൂട്ടുന്ന അപ് ലോഡ്സ് മാത്രമായി. സ്ക്രീനില്‍ തെളിഞ്ഞ തോക്കേന്തിയ തീവ്രവാദിയുടെ രാജകീയചലനങ്ങള്‍ എന്നെയും ആയുധമെടുപ്പിച്ചു. ലക്ഷ്യത്തിനൊടുവില്‍ അവശേഷിക്കുന്ന ശാരിമാരോ അനഘമാരോ ചിന്നിച്ചിതറി തെറിച്ച ശരീരങ്ങളോ എന്‍റെ വിചാരങ്ങളില്‍ ഉണ്ടായിരുന്നില്ല. മാനം മുട്ടി തലയുയര്‍ത്തി നിന്നിരുന്ന ഇരട്ടക്കെട്ടിടങ്ങളെപ്പോലെ ഉയരത്തിലേക്കായിരുന്നു എന്‍റെ കുതിപ്പ്.. അവയെ കാത്തിരുന്ന അനിവാര്യമായ വിധി എന്നെയും കാത്തിരിക്കുന്നതറിയാതെ...

ഇപ്പോള്‍ ,ഈ ഇരുമ്പഴിയ്ക് പിന്നിലെ കനത്ത ഏകാന്തതയില്‍ കൂട്ടുകാരാ,ഞാന്‍ ഏറ്റവും കൂടുതല്‍ മോഹിക്കുന്ന സാന്നിദ്ധ്യം നിന്‍റെതാണ്. നിന്നെ കുറിച്ചുള്ള ഓര്‍മ്മകളോടൊപ്പം എന്നിലേയ്ക്ക് തിരിച്ചെത്തിയ മനസ്സാക്ഷിയുടെ മുന്നില്‍ എനിക്ക് കാഴ്ചകളും കേള്‍വികളും അന്യമാകുന്നു സുഹൃത്തേ. എങ്കിലും ഞാന്‍ കൊതിയ്ക്കുകയാണ് നമ്മള്‍ അന്നത്തെ ഞാനും നീയുമായി മാറിയിരുന്നെങ്കില്‍ .. പരുക്കന്‍ സിമന്‍റിട്ടുറപ്പിച്ച വെറുങ്ങലിച്ച നിലത്തിനു പകരം, പുതുമഴ നനച്ച മണ്ണിലൊന്നു ചവിട്ടാനായെങ്കില്‍ ..... ആരുമറിയാതെ കഴുമരത്തില്‍ തൂങ്ങിയീ തടവറ മുറ്റത്തൊടുങ്ങാതെ, എന്‍റെ വീട്ടുപറമ്പിലിത്തിരി സ്വസ്ഥതയില്‍ ഉറങ്ങാന്‍, നിന്നിലെ സംഗീതം കേള്‍ക്കാന്‍, അതില്‍ ലയിക്കാന്‍ എനിക്കു കൊതിയാവുന്നു കൂട്ടുകാരാ. നിന്നിലെ സുന്ദര ശബ്ദങ്ങളിലേക്കു ഞാന്‍ ലയിച്ചു ഇല്ലാതാവട്ടെ