Sarath Satheesh

പന്തു ചേര്‍ക്കാം, നെഞ്ചിനോട്

ഓരോ മനുഷ്യനിലും നന്മയും തിന്മയും ഉണ്ട് എന്ന് പറയുന്നത് പോലെ തന്നെ ഓരോ മനുഷ്യനിലും യുദ്ധവും സമാധാനവും ഉണ്ട്.. ആക്രമിക്കാനും കീഴടക്കാനും കീഴടങ്ങാതിരിക്കാനുള്ള അടങ്ങാത്ത ത്വരയുമുണ്ട് .നൂറ്റിപത്ത് മീറ്റര്‍ നീളവും അറുപത്തിയഞ്ച് മീറ്റര്‍ വീതിയുമുള്ള ഒരു യുദ്ധക്കളത്തില്‍ ഒരിറ്റ് ചോര ചിന്താതെ ഒരു മനുഷ്യജന്മം പോലും കുരുതി കൊടുക്കാതെ കീഴടക്കാനും ആക്രമിക്കാനുമുള്ള മനുഷ്യന്റെ ത്വര അടങ്ങുമെങ്കില്‍ അവനില്‍ നന്മ മാത്രം അവശേഷിക്കുമെങ്കില്‍ ആ യുദ്ധത്തെ നമുക്ക് സ്വാഗതം ചെയ്യാം.കാല്പന്ത് കളി അത്തരമൊരു യുദ്ധമാണ് . കീഴടങ്ങാനാഗ്രഹിക്കാത്തൊരു രാജ്യം കീഴടക്കിയവനോടുള്ള പ്രതികാരം തീര്‍ക്കാന്‍ യുദ്ധക്കളത്തിലേക്കിറങ്ങുന്നു. അവിടെ അവന്റെ ആയുധം വാളും അണുബോംബുമല്ല. കാലും തലയും തലച്ചോറും മാത്രമാണ് . കണ്ടിട്ടില്ലേ ഇന്ത്യക്ക് മുന്നില്‍ പാകിസ്ഥാന്‍ അടിയറവ് പറഞ്ഞു. ഇന്ത്യ പാകിസ്ഥാനെ കീഴടക്കി എന്നൊക്കെയുള്ള വാര്‍ത്തകള്‍. ഓരോ കീഴടങ്ങലിനുമപ്പുറം കാവിലെ പാട്ടു മത്സരത്തില്‍ കാണാമെന്നതില്‍ കവിഞ്ഞൊരു വെല്ലുവിളിയുമില്ലാതെ യുദ്ധം അവസാനിക്കുന്നു. സാഹിത്യം നന്മയാണ് സമാധാനമാണ് .കാല്പന്ത് കളി കവിതയാണ്, കലയാണ്,നന്മയും, യുദ്ധങ്ങളെ തോല്‍പ്പിക്കുന്ന യുദ്ധവും അതേ സമയം സമാധാനവുമാണ്.



പലസ്തീന്‍ സ്വതന്ത്രമായൊരു രാജ്യമാണൊ അല്ലയോ എന്നത് ഒരു തര്‍ക്ക വിഷയമായി നിലനില്‍ക്കുന്ന സമയത്താണ്, ഒരുവയസ്സു പോലും തികയാത്ത കുഞ്ഞുങ്ങളെ ബോംബിന്റെയും വെടിയുണ്ടകളുടെയും നടുവില്‍ നിന്ന് രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും കുരുതി കൊടുക്കുന്ന അമ്മമാരുടെയും അച്ഛന്മാരുടെയും നാട്ടുകാര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പന്ത് തട്ടാന്‍ വരുന്നത് .കളിക്കാന്‍ സ്വന്തമായൊരു മൈതാനം പോലുമില്ലാത്ത നാട്ടില്‍ നിന്ന് പന്തുമായി മുന്നേറുമ്പോഴും ഏത് നിമിഷവും ചിതറി തെറിപ്പിച്ചേക്കാവുന്ന ഒരു ബോംബ് തലയ്ക് മുകളിലുണ്ടെന്ന ഭയത്തില്‍ പന്ത് തട്ടേണ്ടി വരുന്നവര്‍.അവര്‍ ഇന്ത്യയെന്ന മഹാരാജ്യത്തിനെതിരെ കളിക്കുന്നു. ഇസ്രയേല്‍ അധിനിവേശഭൂമിയായ ഗാസയില്‍ നിന്ന് മാത്രം അഞ്ച് പേരാണ് പലസ്തീന്‍ ദേശീയ ടീമിലുള്ളതെന്ന സത്യം മാത്രം മനസ്സിലാക്കിയപ്പോള്‍ അത്ഭുതം കൊണ്ടൊ ആദരവു കൊണ്ടൊ ആരാധന കൊണ്ടൊ പലസ്തീന്‍ ടീമിനു മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ച് പോകുന്നു.


ഒരു ലോകകപ്പില്‍ കളിക്കാര്‍ അനുമതി ലഭിച്ചിട്ടും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ടീമിനെ അയക്കാതിരുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറെഷനു മുന്‍പില്‍ പലസ്തീന്‍ ജനതയും അര്‍പ്പണബോധമുള്ള ഒരു കൂട്ടം കളിക്കാരും എത്രയോ മുകളിലാണ് ക്രിക്കറ്റിനു നല്‍കുന്ന പ്രോത്സാഹനത്തിന്റെ നൂറിലൊന്ന് ലഭിച്ചിരുന്നെങ്കില്‍ ഫുട്ബോളിലെ വന്‍ ശക്തികളിലൊന്നായിത്തീരുമായിരുന്ന ഇന്ത്യന്‍ ടീം ഇന്ന് വലിക്കുന്ന ഓരോ ഊര്‍ദ്ധ്വശ്വാസങ്ങളും എല്ലാ അര്‍ത്ഥത്തിലും അവരര്‍ഹിക്കുന്നത് തന്നെയാണ് എന്നതാണ് സത്യം. ഫുട്ബോളിള്‍ പോലും രാഷ്ട്രീയം കുത്തി നിറയ്ക്കുന്ന ഒരു രാജ്യം പലസ്തീനു മുന്‍പില്‍ തോല്‍ക്കുക തന്നെ വേണമെന്ന് പറയുമ്പോള്‍ നിങ്ങളെന്നെ ദേശദ്രോഹിയെന്ന് വിളിക്കരുത് ക്രിക്കറ്റ് കളിക്കുമ്പോളും യുദ്ധം ചെയ്യുമ്പോളും മാത്രം എന്ന് തുടങ്ങുന്ന മോഹന്‍ ലാല്‍ ഡയലോഗാണ് ഓര്‍മ്മ വരുന്നത് .



ഇന്ത്യന്‍ ഫുട്ബോളിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എന്താണ് എന്ന് ചിന്തിക്കേണ്ടതായിട്ടുണ്ട് ... വിം കോവര്‍മാസെന്ന ഡച്ച് പരിശീലകന്‍ വന്നാല്‍ തീരുന്ന പ്രശ്നം ആണൊ ഇന്ത്യല്‍ ഫുട്ബോള്‍ ഇന്ന് അഭിമുഖീകരിക്കുന്നത് .ഒരിക്കലുമല്ല. ശൈലന്‍ മന്നയേയും, ഐ എം വിജയനേയും , ബൈചുങ്ങ് ബൂട്ടിയയേയും പോലെ ലോകോത്തര നിലവാരമുള്ള താരങ്ങള്‍ എല്ലാ കാലത്തും ഇന്ത്യന്‍ ഫുട്ബോളിള്‍ സുലഭമായിരുന്നു എന്ന വസ്തുത മനസ്സിലാക്കുമ്പോള്‍ പ്രതിഭാ ദാരിദ്ര്യവും അല്ല ഇന്നത്തെ അവസ്ഥയുടെ കാരണമെന്ന് മനസ്സിലാക്കുക . കണക്കിനു പോലും എണ്ണിത്തീരാത്തത്ര പണം കുമിഞ്ഞ് മറിയുന്ന ക്രിക്കറ്റ് ഇന്ത്യയില്‍ തന്നെയെന്ന് മനസ്സിലാക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നം പണമല്ലെന്നും യാഥാര്‍ത്ഥ്യബോധമില്ലാത്ത ഭരണ നേതൃത്വം മാത്രമാണ് എന്നും മനസ്സിലാക്കാം . ഇന്ത്യയില്‍ നടക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ മാത്രമെടുക്കുക. ഒരു കയ്യിലെ വിരലില്‍ പോലും എണ്ണാന്നുള്ളതുണ്ടൊ ? നമുക്കൊപ്പം തന്നെ ദേശീയ ലീഗ് ആരംഭിച്ച ജപ്പാനിലെ സ്ഥിതി നോക്കുക. ലോകോത്തര നിലവാരമുള്ള ഒരു ടൂര്‍ണ്ണമെന്റായിക്കഴിഞ്ഞു ജെ ലീഗ് . വെളുത്ത പെലെയെന്നറിയപ്പെടുന്ന സീക്കോയെ പോലുള്ളവര്‍ അവിടെ കാല്‍പ്പന്ത് കളിയെ പ്രമോട്ട് ചെയ്യാനെത്തുന്നു. ബ്രസീലില്‍ നിന്നും പോര്‍ച്ചുഗല്ലില്‍ നിന്നും ലോകം കീഴടക്കിയവര്‍ ജപ്പാനില്‍ കളിക്കാനെത്തുന്നു. ഇന്ത്യയിലെ സ്ഥിതി നോക്കുക. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെത്തുന്ന ഒരു കളിക്കാരന്‍ സര്‍വ്വീസസ്സിലോ റെയില്വേയ്സിലോ എയര്‍ ഇന്ത്യയിലോ ഒരു ജോലിക്കാരനായി ഒതുങ്ങി പോകുന്നു. പന്ത് കളിക്ക് മാത്രമായി ഉഴിഞ്ഞ് വയ്ച്ച ജീവിതങ്ങള്‍ പട്ടിണിയില്‍ വെന്തുരുകുന്നു. ഒരേ രാജ്യത്തെ രണ്ട് വ്യത്യസ്ത കായിക മത്സരങ്ങളുടെ ടീമില്‍ എത്തി ചേരുന്നവര്‍ തമ്മിലുള്ള അന്തരം നോക്കുക. 1980 കളില്‍ ഒരു ഫുട്ബോള്‍ മത്സരം കാണാനെത്തുന്നതിന്റെ പകുതി കാണികള്‍ ഒരു ക്രിക്കറ്റ് മത്സരം കാണാനെത്തുമായിരുന്നില്ല. 1983 ന് ശേഷം ഒരിന്ത്യക്കാരനും ജോലി കിട്ടിയതിനു ശേഷം ക്രിക്കറ്റ് കളി അവസാനിപ്പിച്ചിട്ടുണ്ടാകില്ല .കാരണം ക്രിക്കറ്റില്‍ നിന്ന് വളരാന്‍ ഉള്ള സാഹചര്യങ്ങള്‍ ഈ രാജ്യത്ത് എണ്ണിയാലൊടുങ്ങാത്തതാണ് .അതേ സമയം ഒരു ഫുട്ബോള്‍ കളിക്കാരന്‍ അവര്‍ എത്ര മികച്ച കളിക്കാരനായാലും ഒരു പരിധിക്കപ്പുറം വളരാന്‍ സാധ്യമല്ലാതെയും ആകുന്നു.



ഇന്നലെ കൊച്ചിയില്‍ നടന്ന മത്സരം കാണാനെത്തിയത് മുപ്പതിനായിരത്തിലധികം ആളുകളായിരുന്നു. ഈ മത്സരത്തിന്റെ ടിക്കറ്റുകള്‍ കൊച്ചിയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്ന വാര്‍ത്തയില്‍ കാല്പന്ത് കളി വളരരുതെന്നാഗ്രഹിക്കുന്ന ചിന്തകള്‍ ഉണ്ടൊ എന്ന് ആരും സംശയിച്ച് പോകും. പന്ത് കളിയെ നെഞ്ചോടു ചേര്‍ത്ത് വയ്ക്കുന്ന മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമുള്ള കളിപ്രാന്തന്മാര്‍ക്ക് ടിക്കറ്റ് കിട്ടുമോ ഇല്ലയോ എന്ന സംശയത്തില്‍ കൊച്ചിയിലെത്താതെ പോയിരുന്നു എന്ന് നമ്മള്‍ മനസ്സിലാക്കണം.ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മാത്രമേ സ്റ്റേഡിയം നിറഞ്ഞ് കവിയൂ എന്ന് കരുതുന്ന അസോസിയേഷന്‍ മേധാവികള്‍ കൊച്ചിയിലെ ഇന്നലത്തെ ഗാലറി കണ്ടെങ്കിലും സമീപനത്തില്‍ മാറ്റം വരുത്തട്ടെ എന്നാഗ്രഹിക്കാം.