Dhanya Indu

നീ പിരിഞ്ഞിടം; ഞാനും
നമ്മള്‍ എന്നതിന്ന്
ഞാനും നീയുമായി
പിരിഞ്ഞുകിടപ്പാണ്
തെറ്റിയ ഉത്തരങ്ങള്‍ പോലെ

അടുത്തെത്തിയപ്പോഴേക്കും
നീ
തിരിഞ്ഞുനടന്നിരുന്നു
പുറകില്‍ ഞാനും ഉദയസൂര്യനും
പ്രതീക്ഷിച്ചിരുന്നു ഒരു
പിന്തിരിഞ്ഞുനോട്ടം

നിന്നോട് പറയാതെ വെച്ച
വാക്കുകളിലായിരുന്നു
ഞാനെന്റെ പ്രണയമത്രയും
ഒളിപ്പിച്ചുവെച്ചത്

നമ്മളൊരു സ്വപ്നമായിരുന്നു
ഉണര്‍ന്നെണീറ്റപ്പോള്‍
മറന്നുപോയൊരു സ്വപ്നം

നിന്റെ നെഞ്ചിടിപ്പിനോളം
പ്രണയാര്‍ദ്രമായൊരു സ്വരം
ഞാനന്നുവരെ കേട്ടിരുന്നില്ല

ഇനി നമ്മള്‍ ഇല്ലെന്നു
പറഞ്ഞോരാ മഴസന്ധ്യ
അത്രമേല്‍ നിറഞ്ഞുകിടപ്പാണ്
ഇന്നുമെന്നില്‍

പ്രിയപ്പെട്ട പകല്‍ പക്ഷീ
നിന്റെ പാട്ടില്ലാതെ
എങ്ങനെ എന്‍റെ ഉറക്കം
പൂര്‍ണമാകും
വരൂ, പാടിക്കൊണ്ടേയിരിക്കൂ

അങ്ങനെയൊരു നാള്‍
മാഞ്ഞുപോയ നമ്മള്‍..
എന്നിട്ടും
നിന്നില്‍ ഒളിച്ചിരിക്കാനാണ്
എനിക്കിഷ്ടം
കടലില്‍ താഴുന്ന സൂര്യനെ പോലെ

നമ്മള്‍ പിരിഞ്ഞയന്ന്
എന്റെയുള്ളിലെ എന്തോയൊന്ന്
എന്നന്നേക്കുമായാണ് നഷ്ടമായത്