Niranjan T G

കാളവണ്ടിക്ക് കാസറവള്ളിയിലേക്കുള്ള ദൂരം

കിഴക്കന്‍ പാലക്കാട് കേരളത്തിന്റെ സാംസ്ക്കാരിക പൊതുധാരയില്‍ നിന്നും മാറിക്കിടക്കുന്ന പ്രദേശമാണ് എന്നതാണ് പൊതുധാരണ. കാളവണ്ടിയും ഗൌണ്ടര്‍ മീശയും തമിഴ് നിറങ്ങളില്‍ കുളിച്ച നാട്ടു ചന്തകളും തെരുവുകളും കള്ളുവണ്ടികളും ചുരം കടന്നെത്തുന്ന കിഴക്കന്‍ കാറ്റിന്റെ പൊടിയും വരള്‍ച്ചയും കോളക്കമ്പനിയും കോലാഹലവും ആളിയാര്‍ കരാറും ; ഇതിനിടയില്‍ ഒരു ഫിലിം ഫെസ്റ്റിവെലോ ? ചിറ്റൂര്‍ പുഴയുടെ തീരത്തുള്ള ഒരു ഒറ്റ മുറിക്കെട്ടിടത്തിലെ വായനശാലയിലെ പഴയ ബെഞ്ചുകളില്‍ രൂപം കൊണ്ട ഒരു ഫിലിം സൊസൈറ്റി ഒരു ഫിലിം ഫെസ്റ്റിവെല്‍ എന്ന സാഹസികമായ സ്വപ്നവുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ കേരളത്തിന്റെ പല ഭാഗത്തുനിന്നും കേള്‍ക്കേണ്ടി വന്ന ചോദ്യമാണിത്.

ഫെബ്രുവരി 22 മുതല്‍ 28 വരെ ആറാമത് പാഞ്ചജന്യം ചലച്ചിത്രമേളയ്ക്ക് ചിറ്റൂര്‍ ചിത്രാഞ്ജലി തിയേറ്റര്‍ വേദിയാവുമ്പോള്‍ പാലക്കാടു നിന്ന് മാത്രമല്ല സമീപജില്ലകളില്‍ നിന്നും നിറയെ പ്രേക്ഷകരെത്തുന്ന സജീവമായ ഒരു ചലച്ചിത്രമേളയായി ആ സ്വപ്നം മാറിക്കഴിഞ്ഞു. മൂന്നു വര്‍ഷം മുമ്പ് മേള ഉദ്ഘാടനം ചെയ്യാനെത്തി രണ്ടു ദിവസം ചിറ്റൂരിന്റെ അതിഥിയായി താമസിച്ച ശ്രീ.ഗിരീഷ് കാസറവള്ളി മേളയുടെ ജനപങ്കാളിത്തവും ഉത്സവാന്തരീക്ഷവും കണ്ട് അത്ഭുതപ്പെടുകയും ആഹ്ലാദിക്കുകയും ചെയ്തു. (അന്ന് മേളയുടെ ഭാഗമായി ഒരുക്കിയ അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും കാര്‍ ട്ടൂണ്‍ സ്ട്രിപ്പുകളുടെ പ്രദര്‍ ശനം കണ്ട് അരവിന്ദന്‍ ഒരു കാര്‍ട്ടൂണിസ്റ്റുകൂടിയായിരുന്നു എന്ന് ഇത്രയധികം ചലച്ചിത്രലോകപരിചയത്തിനു ശേഷവും മേളകള്‍ക്കു ശേഷവും അറിയാമായിരുന്നില്ല എന്ന് തുറന്നുപറയാനും അദ്ദേഹം മടികാണിച്ചില്ല)

ഒരു പക്ഷെ കേരളത്തിലെ മറ്റേതൊരു ഉള്‍ നാടന്‍ ഗ്രാമത്തിലുമുള്ളതിനേക്കാള്‍ കുറഞ്ഞ സാദ്ധ്യതകള്‍ ക്കുള്ളില്‍ നിന്നാണ് പാഞ്ചജന്യം എന്ന വായനശാലതന്നെ ചിറ്റൂരില്‍ പ്രവര്‍ ത്തിച്ചുകൊണ്ടിരുന്നത്. ശാസ്ത്രസാഹിത്യപരിഷത്തിന്റേയും മറ്റും പ്രവര്‍ ത്തകരായിരുന്ന കുറച്ച് അദ്ധ്യാപകര്‍ തോള്‍ സഞ്ചികളില്‍ കൊണ്ടുനടന്നിരുന്ന കുറച്ചു പുസ്തകങ്ങളായി സഞ്ചരിച്ചുകൊണ്ടാണ് ഈ പ്രസ്ഥാനം ചിറ്റൂരില്‍ പ്രവര്‍ ത്തനം തുടങ്ങിയത്. പിന്നീടത് തുഞ്ചന്‍ മഠം സ്ഥിതി ചെയ്യുന്ന ചിറ്റൂര്‍ തെക്കേഗ്രാമത്തിലെ അഗ്രഹാരത്തിലുള്ള ഒരു വാടകക്കെട്ടിടത്തില്‍ 1982ല്‍ ഒരു വായനശാലയായി മാറി. പുരോഗമനാഭിമുഖ്യമുള്ള ഒരു കൂട്ടായ്മയ്ക്ക് പതിവുകള്‍ ക്ക് വിരുദ്ധമായി സ്ഥിതി ചെയ്യുന്ന അഗ്രഹാരത്തിനു യോജിച്ച വണ്ണം ‘പാഞ്ചജന്യം’ എന്ന പേരാണ് സ്വീകരിക്കപ്പെട്ടത്.(വര്‍ ഷങ്ങള്‍ ക്കു ശേഷം പാഞ്ചജന്യത്തിന്റെ അതിഥിയായി തുഞ്ചന്‍ സ്മാരക പ്രഭാഷണം നടത്താനെത്തിയ എം.എന്‍ വിജയന്‍ മാഷ്, പേരിനോടുള്ള ഒരു സംശയം കൊണ്ട് പാര്‍ ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ കുഴപ്പക്കാരൊന്നുമല്ല എന്ന് വിളിച്ചുറപ്പിച്ച ശേഷമാണ് ചിറ്റൂര്‍ ക്ക് പുറപ്പെട്ടത് എന്നത് ഇപ്പോഴും ഒരു തമാശയും, ഇത്രയും ജാഗ്രത കാണിച്ച വിജയന്‍ മാഷ്ക്ക് പിന്നെ എന്തിലൂടെയെല്ലാം കടന്നുപോവേണ്ടിവന്നു എന്നത് ഒരു ക്രൂരമായ തമാശയും ആയി ബാക്കി നില്‍ക്കുന്നു.

സ്വാതന്ത്ര്യസമരസേനാനിയും തികഞ്ഞ ഗാന്ധിയനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളുമായിരുന്ന തദ്ദേശവാസിയായ ശ്രീ.സുബ്രഹ്മണ്യമുതലിയാരുടെ പ്രോത്സാഹനം തുടക്കം മുതല്‍ പാഞ്ചജന്യത്തിനുണ്ടായിരുന്നു. വായനശാലയുടെ തുടക്കക്കാരും ഉത്സാഹികളുമൊക്കെയായിരുന്ന ശ്രീ.വി.കെ.ഭാസ്കരന്‍ മാസ്റ്റര്‍ , ടി.സി.ഭാസ്കരന്‍ മാസ്റ്റര്‍ , എ.എം.ബി.നമ്പൂതിരി, പ്രൊഫ.ടി.വി.ശശി, വാസുദേവന്‍ നമ്പൂതിരി, കാളിദാസ് പുതുമന, കേശവപ്പണിക്കര്‍ മാസ്റ്റര്‍ , കെ.കെ.വാസുമാസ്റ്റര്‍ എന്നിവരില്‍ നിന്നും എണ്‍പതുകളിലെ യൗവ്വനം കൂടി നേതൃത്വമേറ്റെടുത്തതോടെ പാഞ്ചജന്യം കിഴക്കന്‍ പാലക്കാട്ടെ സജീവമായ ഒരു സാംസ്കാരികപ്രസ്ഥാനമായി മാറി.

ഇന്ന് നാട്ടുകാരുടെ സഹായത്തോടെ തുഞ്ചന്‍ മഠത്തിനു സമീപമുള്ള സ്വന്തം സ്ഥലത്ത് നിര്‍മ്മിച്ച രണ്ടുനിലക്കെട്ടിടത്തിലാണ് ഒരു എ ഗ്രേഡ് ലൈബ്രറിയായി പാഞ്ചജന്യം പ്രവര്‍ ത്തിക്കുന്നത്. സാമൂഹ്യ-വിദ്യാഭ്യാസരംഗത്ത് സഹായമെത്തിക്കുന്ന പാഞ്ചജന്യം ചാരിറ്റബിള്‍ സൊസൈറ്റി പഴയ പാഞ്ചജന്യം പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടേയും സംഭാവനകളാല്‍ ചിറ്റൂര്‍ സബ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സഹായമെത്തിക്കുന്നു. യൂണിഫോം, പുസ്തകങ്ങള്‍ , പഠനോപകരണങ്ങള്‍ എന്നിവ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരമായി വിതരണം ചെയ്യുന്നതിനു പുറമെ, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനാവശ്യമായ സഹായങ്ങളും നല്‍കിപ്പോരുന്നു.

2005ലാണ് പാഞ്ചജന്യം ഫിലിം സൊസൈറ്റി രൂപം കൊള്ളുന്നത്. അതിനുള്ള ഊര്‍ ജ്ജം കൈവന്നതാകട്ടെ കേരളത്തിലെ ചലച്ചിത്രനിര്‍ മ്മാണരംഗത്തെ ഏറ്റവും വിപ്ലവകരമായ ഒരു ശ്രമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ശ്രീ.പി.ജയപാലമേനോനില്‍ നിന്നാണ്. പി.എ.ബക്കറിന്റേതുര്‍ പ്പെടെ പല ചലച്ചിത്രങ്ങളും നിര്‍ മ്മിക്കുകയും പെട്ടിയിലിരുന്നുപോവുമായിരുന്ന പല ചിത്രങ്ങളും വിതരണം ചെയ്യാനുള്ള ധൈര്യം കാണിക്കുകയും പല അന്യഭാഷാചിത്രങ്ങളും മലയാളിക്ക് പരിചയപ്പെടുത്തുകയും ചെയ്ത ജനശക്തി ഫിലിംസിന്റെ മുഖ്യസംഘാടകനായിരുന്നു പുരോഗമനകലാസാഹിത്യസംഘത്തിന്റെ സജീവനേതൃത്വമായിരുന്ന അദ്ദേഹം. ചെറുകാടിന്റെ നോവലുകള്‍ ചലച്ചിത്രമാക്കാനുള്ള ജനശക്തിയുടെ ശ്രമങ്ങളില്‍ ഒന്നായ ‘ദേവലോക’മായിരുന്നു മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രങ്ങളിലൊന്ന്. ഏറ്റവുമൊടുവില്‍ ശ്രീ.പി.ടി.കുഞ്ഞുമുഹമ്മദിന്റെ ‘ഗര്‍ഷോമി’ന്റെ നിര്‍മ്മാതാവ് എന്നതു വരെയുള്ള ശ്രീ.ജയപാലമേനോന്റെ അനുഭവപരിചയം ഫിലിം സൊസൈറ്റിയുടെ പ്രവര്‍ ത്തനങ്ങള്‍ ക്ക് മുതല്‍ ക്കൂട്ടായിട്ടുണ്ട്. കെ.എസ്.എഫ്.ഡി.സിയുടെ ഒരു തിയേറ്റര്‍ ചിറ്റൂരില്‍ ഉള്ള സ്ഥിതിക്ക് എന്തുകൊണ്ട് ഒരു ഫിലിം ഫെസ്റ്റിവല്‍ നടത്തിക്കൂടാ എന്നൊരു ആലോചന വന്ന സമയത്ത് ഏറ്റവുമധികം സന്തോഷിച്ച വ്യക്തിയും ഒരുപക്ഷെ അദ്ദേഹമാണ്.

2008 ല്‍ ആരംഭിച്ചതുമുതല്‍ ശ്രീ.ജയപാലമേനോനാണ് പാഞ്ചജന്യം ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ . ഫിലിം സൊസൈറ്റി പ്രസിഡണ്ട് ശ്രീ.സി.എസ്.മധുസൂദനന്‍ സെക്രട്ടറിയും ഫെസ്റ്റിവല്‍ കണ്‍ വീനറുമായ ശ്രീ. സി.രൂപേഷ്, ലൈബ്രറി ഭാരവാഹികളായ ദിനു ചന്ദ്രന്‍ , കെ.അജിത് എന്നിവരുടെ നേതൃത്വത്തില്‍ ചെറുപ്പക്കാരുടേയും വിദ്യാര്‍ ത്ഥികളുടേയും വീട്ടമ്മമാരുടേയും സംഘങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങിയും ചെറുകിടവ്യാപാരികളില്‍ നിന്ന് പരസ്യം ശേഖരിച്ചും ഒക്കെ കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഈ ചലച്ചിത്രമേള വിജയകരമായി നടത്തിപ്പോരുന്നു. തുടക്കം മുതല്‍ ടിക്കറ്റ് നിരക്കുകളില്‍ ഒരു മാറ്റവും വരുത്തേണ്ടിവന്നിട്ടില്ല. ഏഴു ദിവസത്തെ മേളയുടെ പ്രവേശനപാസ് നിരക്ക് ഒരാള്‍ക്ക് 100 രൂപയും ഫാമിലി പാസ് 250 രൂപയും ആണ്. വിദ്യാര്‍ ത്ഥികളുടെ നിരക്ക് 50 രൂപയും ഒരു ദിവസത്തെ പാസ് 50 രൂപയും.

മേള നടക്കുന്ന ചിറ്റൂര്‍ -തത്തമംഗലം മുനിസിപ്പാലിറ്റിയുടെ ഭരണാധികാരികള്‍ , മേളയുടെ രക്ഷാധികാരികള്‍ കൂടിയായ പ്രദേശത്തെ എം.എല്‍ .എ ശ്രീ.കെ.അച്യുതന്‍ , ആലത്തൂര്‍ പാലക്കാട് പാര്‍ ലമെന്റ് പ്രതിനിധികളായ സ: പി.കെ.ബിജു, എം.ബി.രാജേഷ് എന്നിവരില്‍ നിന്നും മറ്റ് എം.എല്‍ .എ മാരില്‍ നിന്നും രാഷ്ട്രീയഭേദമന്യേ നിര്‍ലോഭമായ സഹകരണമാണ് പാഞ്ചജന്യം ഫിലിം സൊസൈറ്റിക്ക് ലഭിച്ചുപോന്നിട്ടുള്ളത്. ചലച്ചിത്രനിരൂപകനും ഗ്രന്ഥകാരനുമായ ശ്രീ.ജി.പി.രാമചന്ദ്രന്‍ , കേരളത്തിലെ ഫിലിം സൊസൈറ്റിപ്രസ്ഥാനത്തിന്റെ ഊര്‍ജ്ജമായ ശ്രീ.ഐ.ഷണ്മുഖദാസ്, FFI കേരള ചാപ്റ്റര്‍ ഭാരവാഹിയായ റെജി ദാമോദരന്‍ എന്നിവരുടെ പിന്തുണയും ചലച്ചിത്ര അക്കാദമിയുടേയും കെ.എസ്.എഫ്.ഡി.സിയുടേയും സഹകരണവും മേളയുടെ വിജയത്തെ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു മേളകളുടേയും സിഗ്നേച്ചര്‍ ഫിലിമുകള്‍ ചിറ്റൂരിലെത്തിച്ചേര്‍ന്ന എല്ലാ സംവിധായകരുടേയും കാണികളുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഗുല്‍മോഹര്‍ , ലൗഡ് സ്പീക്കര്‍ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്റ്ററായും ഈയിടെ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിന്റെ പരസ്യഡിസൈനറായും പ്രവര്‍ത്തിച്ച സ്വന്തമായ ചലച്ചിത്രസങ്കല്പങ്ങളുള്ള പാഞ്ചജന്യം പ്രവര്‍ത്തകനായ ആഹ്ലാദാണ് ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിമുകള്‍ ഒരുക്കിയത്.

തികച്ചും ഗ്രാമീണമെന്നു പറയാവുന്ന ഈ മേളയുടെ മറ്റൊരു പ്രത്യേകത ഇതോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന പ്രത്യേക പ്രദര്‍ശനങ്ങളാണ്. ചുറ്റുമുള്ള പ്രദേശങ്ങളിലെ ഹൈസ്കൂളുകളില്‍ നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ ത്ഥികള്‍ ക്കായി പ്രത്യേകപ്രദര്‍ ശനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുന്നു. കേരളത്തിലെ ചലച്ചിത്ര-സാംസ്കാരികരംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സജീവചര്‍ ച്ചകള്‍ ക്ക് വേദിയാകുന്ന ഓപ്പണ്‍ ഫോറങ്ങള്‍ , കവിയരങ്ങുകള്‍ , ചിത്രപ്രദര്‍ ശനങ്ങള്‍ , പോസ്റ്ററുകള്‍ എന്നിവയെല്ലാം ചേര്‍ ന്ന് ഒരു ചലച്ചിത്രമേളയെന്നതിലും ഉപരിയായി ഒരു തിയേറ്ററിനകത്തെ സ്ഥലവും സമയവും ഒരു സാംസ്കാരികസജീവതയ്ക്ക് ഉള്‍ പ്രേരകമായി വര്‍ ത്തിക്കുന്ന ഒരു ഇടപെടലായിത്തീരുന്നത് പാഞ്ചജന്യം പ്രവര്‍ ത്തകര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഒരു പിന്നാക്കപ്രദേശത്തെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തിലെ തികച്ചും ഗുണപരമായ ഒരു മാറ്റത്തിന് ഒരു ചലച്ചിത്രമേളപോലും എങ്ങനെ ആക്കം കൂട്ടുന്നുവെന്ന് തെളിയിക്കുന്നതാണ് പോയ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ .

ചിറ്റൂര്‍ പോലുള്ള, തികച്ചും സാധാരണക്കാരായ, ബുദ്ധിജീവിനാട്യങ്ങളൊന്നും ശീലിക്കാത്ത കാഴ്ചക്കാരുള്ള ഒരു പ്രദേശത്ത് ഇത്തരമൊരു മേള തുടര്‍ ച്ചയായ ആറാം വര്‍ ഷവും ഉത്സാഹത്തോടെ നടന്നുപോവുന്നുണ്ടെങ്കില്‍ അത് തെളിയിക്കുന്നത് നല്ല സിനിമയ്ക്ക് പ്രേക്ഷകരുണ്ട് എന്നതു തന്നെയാണ്. മലയാളസിനിമയെ അകാരണമായ പ്രതിസന്ധികളില്‍ പെടുത്തി എക്കാലത്തേയും മോശമായനിലവാരത്തിലേക്ക് താഴ്ത്തിക്കെട്ടിയ ഗുരുതരമായ സാംസ്കാരികപാതകത്തില്‍ കൂട്ടുത്തരവാദികളായ വിതരണക്കാരുടേയും തിയേറ്ററുടമകളുടേയും നിര്‍മ്മാതാക്കളുടേയും ചലച്ചിത്രമേഖലയിലെ മറ്റ് ഉപജാപകസംഘടനകളുടെയും പ്രതിനിധികള്‍ ഇതില്‍ നിന്ന് പലതും മനസ്സിലാക്കേണ്ടതുമാണ്.

ആറാമത് പാഞ്ചജന്യം ചലച്ചിത്രമേള ഫെബ്രുവരി 22 മുതല്‍ 28 വരെ നടക്കുന്നു. ശ്രീ.ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന മേളയുടെ ഉദ്ഘാടനചിത്രം പപ്പിലിയോ ബുദ്ധ ആണ്. തുടര്‍ന്ന് മധുപാലിന്റെ ഒഴിമുറിയും പ്രദര്‍ശിപ്പിക്കും. മുപ്പതോളം ഫീച്ചര്‍ ഫിലിമുകളും പത്തോളം ഡോക്യുമെന്ററികളും മത്സരവിഭാഗമടക്കം നിരവധി ഷോര്‍ട്ട് ഫിലിമുകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ലോക/, ഇന്ത്യന്‍ മലയാള സിനിമകള്‍ , ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ ഷങ്ങള്‍ , വയലന്‍സ് ഇന്‍ വേള്‍ ഡ് സിനിമ എന്നീ പാക്കേജുകളിലാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ചലച്ചിത്രമേളയുടെ വരവറിയിച്ചുകൊണ്ട് ചിറ്റൂരിന്റെ സമീപത്തുള്ള ഗ്രാമപ്രദേശങ്ങളില്‍ പൊതുപ്രദര്‍ ശനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.