Veena Raj

ശ്രീറാം വെങ്കിട്ടരാമനെന്താ കൊമ്പുണ്ടോ

ഞങ്ങളില്‍ ഒരാള്‍ ആയിരുന്നു സിറാജ് ദിനപ്രത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീർ എന്ന ബഷീറിക്ക.  ജേണലിസം ജീവിതമാര്‍ഗമാക്കേണ്ട ഒരുപാടുപേര്‍ക്ക് സമുജ്വലമായൊരു പ്രവര്‍ത്തന മാതൃക. പക്ഷേ, ഒരിക്കല്‍ പോലും നേരിട്ട് കാണാനോ സംസാരിക്കാനോ മാധ്യമപ്രവര്‍ത്തനം പ്രവര്‍ത്തന മേഖലയും സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയും ആയിക്കാണുന്ന എനിയ്ക്കായിട്ടില്ല. അങ്ങയുടെ ‘കൊലപാതകം’ ജേണലിസം വിദ്യാര്‍ത്ഥി സമൂഹത്തിനും ഒടുങ്ങാത്ത വേദനയാണ്.


കുടിച്ച് കുന്തം മറിഞ്ഞ് ആളെക്കൊല്ലലല്ല ഐ എ എസ് പണി


ശ്രീ റാം വെങ്കിട്ടരാമന്‍ എന്ന സവിശേഷാധികാരങ്ങളുള്ള ഐ എസ് എസ്സുകാരന്‍ അര്‍ദ്ധ രാത്രി കുടിച്ചു കുന്തം മറിഞ്ഞ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്‍പില്‍ വഴിയരികില്‍ ഒതുങ്ങി നിന്നിരുന്ന താങ്കളെ ഇടിച്ച് തെറിപ്പിയ്ക്കുമ്പോള്‍ ജേണലിസം ജീവിതം സ്വപനം കാണുന്ന ഒരുപാടു പേരുടെ മനസ്സില്‍ ചെറുതല്ലാത്ത ആകുലതകളും ആശങ്കകളും പ്രളയം പോലെ ഉയര്‍ന്നുവരുന്നുണ്ട്. കുറ്റകൃത്യത്തില്‍ നിന്നും ഒളിച്ചുകടക്കാന്‍ നിയമവ്യവസ്ഥയെ ഒന്നടങ്കം അസ്ഥിരപ്പെടുത്തി ശ്രീറാം നടത്തിയ നീക്കങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ഒരുനിലയിലും അനുഗുണമല്ല. ശ്രീറാമിനുവേണ്ടി ഐ എ എസ് ലോബിയും ചില പോലീസ് ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്നു നടത്തിയ പൊറാട്ട് നാടകങ്ങള്‍ ഒരുനാള്‍ തെളിയുക തന്നെ ചെയ്യും.


2


വിഷയത്തില്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷമാണ് സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. ഒപ്പമുണ്ടായിരുന്ന സ്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


രക്ത പരിശോധന : അതൊരു കോമഡിയല്ലേ !


ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് അപകടമുണ്ടാകുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താന്‍ പോലും പോലീസ് തയ്യാറായില്ല. സഹയാത്രിക വഫ ഫിറോസ് ആണ് വാഹനമോടിച്ചിരുന്നത് എന്ന നിലയില്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍ തട്ടിമൂളിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഒറ്റുകൊടുത്ത് നിയമത്തിന്റെ നടപടിക്രമങ്ങളില്‍ നിന്നും സമര്‍ത്ഥം രക്ഷപ്പെടുന്നതിനുള്ള ഞൊടുക്കുപണികളാണ് കുറ്റവാളി നടത്തിയത്. പ്രതിയുടെ രക്തപരിശോധന ഒഴിവാക്കിക്കൊടുത്ത പൊലീസ് ശ്രീറാമിന്റെ തന്റെ ഇഷ്ടപ്രകാരം നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രിയായ കിംസില്‍ ചികിത്സ തേടാന്‍ അവസരവും ഒരുക്കിനല്‍ കി. ഇതോടെ ഒന്‍പത് മണിക്കൂറിനകം നടക്കേണ്ട മദ്യത്തിന്റെ അളവ് കണ്ടെത്തേണ്ട രക്തപരിശോധനയില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.


4


അപകടം നടന്ന് ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ശ്രീറാം ഇറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍ ,ദൃക്‌സാക്ഷികളുടെ മൊഴിക്ക് ഒന്നും ഒരു വിലയും നല്‍ കാത്ത സ്ഥിതിയുണ്ട്. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത പരിശോധന നടത്തുന്നതിന് പകരം ശ്രീറാമിന്റെ ഇഷ്ട പ്രകാരമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോയത് അക്ഷന്ത്യവ്യമായ പിശകാണ്. മദ്യപിച്ച അലക്ഷ്യമായി വണ്ടിയോടിച്ച് കൊലപാതകത്തിന് ഇടയാക്കിയ നരഹത്യക്കുള്ള കേസ് ശ്രീറാമിന് മേല്‍ ചുമത്തപ്പെട്ടതുതന്നെ മാധ്യമ / പൊതുസമൂഹത്തിന്റെ നിരന്തരമായ ഇടപെടല്‍ കൊണ്ടാണ്.


ജേണലിസം വിദ്യാര്‍ത്ഥി സമൂഹം ചിന്തിയ്ക്കുന്നതെന്തെന്നാല്‍


ജേണലിസം വിദ്യാര്‍ത്ഥി സമൂഹം കെ എം ബഷീറിനെയെന്നപോലെ പോലെ രാപ്പകല്‍ ജോലിചെയ്യേണ്ടവരാണ് . അത് സുഖകരമായ ഏ സി തണുപ്പില്‍ ഇരുന്നുകൊണ്ടേ അല്ല. തെരുവില്‍ / മനുഷ്യര്‍ക്കു നടുവിലാണത്. സമാനമായ നിലയില്‍ അധികാര – സ്വാധീനങ്ങളിലൂടെ ശ്രീറാം വെങ്കിട്ടരാമന്മാര്‍ രക്ഷപ്പെട്ടു പോകുന്ന സ്ഥിതിയുണ്ടായാല്‍ തൊഴില്‍ മേഖലയിലെ സുരക്ഷിതത്വവും ജനാധിപത്യാവകാശങ്ങളും വെറും കടലാസില്‍ മാത്രമാകും. ശ്രീറാം വെങ്കിട്ടരാമനെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നറിയാനായി ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് ഇതിനോടകം സിറാജ് മാനേജ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടുണ്ട്. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് ഡോപുമിന്‍ പരിശോധനാ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.


pjimage--3--jpg_710x400xt


അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടത്തിയ മ്യൂസിയം ക്രൈം എസ് ഐയെ ഇതിനോടകം സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ‘വിഷയത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥതല ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും കേസിനെ അട്ടിമറിക്കാനും സാധ്യതയുണ്ട്. അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ല. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരേയും ഇതില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കേതിരേയും അന്വേഷണം വേണമെന്നും’ വാദിഭാഗം ആവശ്യമുന്നയിച്ചുട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തതെന്നും സാക്ഷിമൊഴി മാത്രമാണ് തെളിവായി ഹാജരാക്കിയതെന്നും ചുണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. രക്ത പരിശോധന സമയത്തിന് നടത്തിയില്ല.


മദ്യപിച്ചുണ്ടോ ? ടോസ് ചെയ്തു നോക്കാം !


ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണ് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു രക്തപരിശോധനാഫലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് മുന്‍പ് കേസ് പരിഗണിച്ച കോടതി ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചു. 2.30ന് കേസ് പരിഗണിച്ചപ്പോള്‍ കേസ് ഡയറിയും അപകടമുണ്ടാക്കിയ കാറിന്റെ ഭാഗങ്ങളും കോടതിയില്‍ എത്തിച്ചു. തെളിവ് ശേഖരണത്തിനായി കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു. കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. രക്ത പരിശോധന സമയത്തിന് നടത്തിയില്ല. അന്വേഷണത്തില്‍ പൊലീസ് മികവ് പുലര്‍ത്തിയില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


journalist-KM-Basheer


കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഏഴ് മണിക്കൂര്‍ വൈകിയതില്‍ ദുരൂഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മൂന്നാം തീയതി അര്‍ധരാത്രി 12.55 നാണ് അപകടമുണ്ടായത് എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്നേ ദിവസം 7.26നാണന്നും ഇത് വീഴ്ചയാണന്നും കോടതി ചൂണ്ടിക്കാട്ടി. ശ്രീറാമിനെതിരെ നരഹത്യ കുറ്റം നിലനില്‍ ക്കുമെന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചുവെന്നും കാര്‍ ബൈക്കിനെ 17 മീറ്റര്‍ ദൂരത്തേക്ക് ഇടിച്ചു തെറിപ്പിച്ചുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ശ്രീറാം മദ്യപിച്ചിരുന്നുവെന്നത് കണക്കിലെടുക്കാതിരുന്നാല്‍ പോലും കുറ്റകൃത്യത്തിന് മതിയായ തെളിവുണ്ട്. സാധാരണക്കാരനല്ല അപകടമുണ്ടാക്കിയതെന്നും നിയമത്തെക്കുറിച്ച് നല്ലവണ്ണം ബോധ്യമുള്ള ആളാണ് അപകടം ഉണ്ടാക്കിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ട്. ശ്രീറാം തുടക്കം മുതല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. മജിസ്ട്രേറ്റ് മുഴുവന്‍ വസ്തുതകളും പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.


കര്‍ക്കിടകം : സുഖ ചികിത്സ : റെട്രൊഗ്രേഡ് അംനേഷ്യ


സര്‍ക്കാരിന്റെ കര്‍ശന ഇടപെടലുകളുടെ ഭാഗമായാണ് കിംസ് ആശുപത്രിയിലെ ‘സുഖ ചികിത്സയില്‍ ’ നിന്നും പ്രതിയെ ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ മജിസ്‌ട്രേറ്റ് നേരിട്ടെത്തി മൊഴിയെടുക്കുകയും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.എന്നാല്‍ ജയിലില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 20ാം വാര്‍ഡിലെ സെല്‍റൂമിലേക്ക് മാറ്റി. പിന്നീട് ഇവിടെ നിന്ന് സര്‍ജിക്കല്‍ ഐ.സി.യുവിലേക്കും ട്രോമ ഐ.സി.യുവിലേക്കും മാറ്റുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമന് ആന്തരിക പരിക്കുകള്‍ ഒന്നും തന്നെയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ സൗകര്യങ്ങളുപയോഗിച്ച് കേസട്ടിമറിയ്ക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ ക്കുമ്പോഴാണ് ശ്രീറാമിന് ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ എന്ന അവസ്ഥയാണെന്ന് മെഡിക്കല്‍ ഡോക്ടര്‍മാരുടെ സംഘം സാക്ഷ്യപ്പെടുത്തുന്നത്. പരിശോധിച്ച ഡോക്ടര്‍മാര്‍ക്കാകെയും റെട്രൊഗ്രേഡ് അംനേഷ്യയാണെന്ന് വിശദീകരണം ഒരുനാള്‍ ഉയര്‍ന്നുവന്നാലും അശേഷം അത്ഭുതപ്പെടാനില്ല.


മുഖ്യമന്ത്രി മാസാണ്


കെ എം ബഷീറിനെ കാറിടിച്ച്‌ കൊന്ന സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഒരുനിലയിലും അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ‘കേസുമായി ബന്ധപ്പെട്ട്‌ അന്വേഷിക്കേണ്ട ഒരുപാട്‌ കാര്യങ്ങളുണ്ട്‌. മദ്യപിച്ചും അമിതമായ വേഗതയിലുമാണ്‌ വാഹനം ഓടിച്ചതെന്നാണ്‌ പ്രാഥമിക നിഗമനം. ഇക്കാര്യങ്ങള്‍ക്കടക്കം കൃത്യമായ തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്‌. അമിത വേഗത്തിലാണ് വണ്ടിയോടിച്ചാണ് അപകടമുണ്ടായത് എന്ന് എല്ലാവര്‍ക്കും അറിയാം. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതില്‍ അടക്കം പൊലീസിന് ഉണ്ടായ വീഴ്ചകള്‍ പ്രത്യേകം പരിശോധിക്കും. നടപടികളിലുണ്ടായ വീഴ്ച അന്വേഷിക്കാനും വേണ്ട നടപടി നിര്‍ദ്ദേശിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും. സര്‍ക്കാരിന്‍റെ അധികാരം ഉപയോഗിച്ച് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാല്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ആരേയും വെറുതെ വിടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.


8


മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമെ പറയു. എന്താണ് സംഭവിച്ചതെന്ന് പൊതുവെ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. രക്തത്തില്‍ മദ്യത്തിന്‍റെ അംശം ഇല്ലാതാക്കാന്‍ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തില്‍ അടക്കം വിശദമായ അന്വേഷണം നടക്കും. അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട കെഎം ബഷീറിന്‍റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പ്രത്യേക പരിഗണനയില്‍ ഉണ്ട്. അസമയത്ത് ജോലിചെയ്യേണ്ടിവരികയും ജോലിയുടെ ഭാഗമായി യാത്രചെയ്യേണ്ടിവരികയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അത്തരം ആളുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയുമായി ആലോചിച്ച് ഇതിന് അന്തിമ രൂപം നല്‍ കും. അപകടകരമായ സാഹചര്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെയും പരിരക്ഷയുടെ പരിധിയില്‍ വരുത്താനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.


മാധ്യമ സമൂഹം സംസ്ഥാന സര്‍ക്കാരിനോട് കടപ്പെടുന്നതെന്തെന്നാല്‍


അധികാരങ്ങളുപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ചിട്ടും സവിശേഷാധികാരങ്ങള്‍ ഒരുനിലയിലും സഹായകരമാകില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യുവ ഐ എ എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ്. ഇതിലൂടെ മുഖ്യമന്ത്രിയുടെ വാക്കുകളുടെ നിശ്ചയദാര്‍ഢ്യമാണ് തെളിഞ്ഞു വരുന്നത്. കെ എം ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് കേരളീയ മാധ്യമസമൂഹം എക്കാലവും കടപ്പെട്ടിരിയ്ക്കുന്നു.


5


അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി മലയാളം സര്‍വ്വകലാശാലയില്‍ ജോലിയും രണ്ടുമക്കള്‍ക്കും മാതാവിനുമായി രണ്ടുലക്ഷം വീതം ധനസഹായം നല്‍ കാനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുള്ളത്. കെ എം ബഷീറിന്റെ ദാരുണ അപകട മരണത്തിലൂടെ നിരാലംബമാകുമായിരുന്ന ഒരു കുടുംബമാണ് സര്‍ക്കാരിന്റെ പിന്തുണയാല്‍ വേരറ്റുപോകാതെ നിലനില്‍ ക്കുന്ന സ്ഥിതിയുണ്ടാകുന്നത്.


ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ബിഗ് സല്യൂട്ട്


‘ മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അത്തരം ആളുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയുമായി ആലോചിച്ച് ഇതിന് അന്തിമ രൂപം നല്‍ കും. അപകടകരമായ സാഹചര്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെയും പരിരക്ഷയുടെ പരിധിയില്‍ വരുത്താനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു’.


7


ചരിത്രപരമായൊരു തീരുമാനത്തിന്റ ആലോചനാ ഭാഗമാണിത്. പ്രളയമടക്കമുള്ള ദുരിത – ദുരന്ത മുനമ്പുകളില്‍ ജീവന്‍ തൃണാവത്ക്കരിച്ച് തൊഴിലെടുക്കേണ്ടിവരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കരുത്തും സംരക്ഷണവുമാകും. മനുഷ്യത്വപരമായ പ്രസ്തുത ആലോചന അവതരിപ്പിച്ച സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിയ്ക്കുന്നു.


കടുത്ത നിലപാട് : സസ്‌പെന്‍ഷന്‍


സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കിയതോടെ റിമാന്റ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ ശ്രീറാമിനെ സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ചീഫ്‌സെക്രട്ടറി ഒഴിവാക്കിയിട്ടുണ്ട്. ഡയറക്ടര്‍ സ്ഥാനത്തുനിന്നും ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തു. ബോധപൂര്‍വമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങി 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ പൊലീസ് ചുമത്തിയതിന്റെ അടിസ്ഥാനത്തില്‍ ആണിത്. കാറില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കേസ്. ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോര്‍ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. അമിതമായി മദ്യപിച്ച ശ്രീറാമിനെ കാര്‍ ഓടിക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ കാറുടമ കൂടിയായ വഫയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.


പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പിന്റെ നിലപാടുകള്‍


ഐ എ എസ് വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടായിക്കൂടെന്നും ഇത്തരം സംഭവങ്ങളില്‍ പൊലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു എന്നത് സംഭവത്തിന്റെ മറ്റൊരു ഭാഗമാണ്. ഏതെല്ലാം തരത്തിലാണ് ഇത്തരത്തിലുള്ള സ്വഭാവമുള്ള ആളുകള്‍ സമൂഹത്തില്‍ വീര പുരുഷന്‍മാരായി മാറുന്നത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഇവരെ എങ്ങനെയാണ് പ്രകീര്‍ത്തിച്ചത്. അങ്ങനെയുള്ളവര്‍ പശ്ചാത്തപിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.


ramesh_chennithala-1


ശ്രീറാം വെങ്കിട്ടരാമനെ അടിയന്തിര പ്രാധാന്യത്തോടെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍വീസ് നിയമമനുസരിച്ച് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യേണ്ട സമയപരിധി പിന്നിടുകയാണ്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് വളഞ്ഞ മാര്‍ഗത്തിലൂടെ രക്ഷപെടാനുള്ള ഇയാളുടെ നീക്കങ്ങള്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു പരിശോധിക്കണം. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിന്റെ പരിക്ക് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


കഷ്ടം; ബി ജെ പി കാസര്‍കോഡ് ജില്ലാ പ്രസിഡന്റ്


എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റുമായാണ് ബിജെപി കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് പ്രതികരണം നടത്തിയത്. മാധ്യമങ്ങളുടെ കൈയ്യടി വാങ്ങാനാണ് നരഹത്യയ്ക്ക് കേസെടുത്തതെന്നാണ് പ്രസിഡന്റിന്റെ വാദം. മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിനെ നിസാരവത്ക്കരിച്ച് വിഷയത്തെ രാഷ്ട്രീയ വര്‍ഗ്ഗീയ നേട്ടങ്ങള്‍ക്കുവേണ്ടി ചൂഷണം ചെയ്യുന്ന പതിവ് പരിപാടിയാണ് ബിജെപി നേതാവ് ഫേസ് ബുക്കിലൂടെ നിര്‍വ്വഹിച്ചത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ക്ക് ഇത് വേണ്ടത്ര ഗുണകരമായില്ല. അഡ്വ കെ ശ്രീകാന്തുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ആയിരുന്നു ഇത് സംഭവിച്ചു എന്നതെങ്കില്‍ അപ്പോഴും ഫേസ് ബുക്കില്‍ ഇങ്ങനെ തന്നെ കുറിയ്ക്കുമായിരുന്നോ !


കെ എം ബഷീര്‍; അഥവാ നീതിബോധപക്ഷം


ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിനിധാനം ചെയ്യുന്നത് അധികാര – സ്വാധീനങ്ങളുടെ അകം പുറം മേനികളില്‍ കുറ്റകൃത്യങ്ങളില്‍ നിന്നും സസുഖം ഊര്‍ന്നുപോകാമെന്ന വ്യാജബോധത്തെയാണ്. കെ എം ബഷീര്‍ പക്ഷം നീതിന്യായ വ്യവസ്ഥയുടെ കാവലാളുകളാണ്. അവിടെ സവിശേഷാധികാരങ്ങളുടെ കൊഴുത്ത പശിമയില്ല. പബ്ലിക്ക് ഓഫീസിനു മുന്നില്‍ തെരുവില്‍ ഏതോ മഴയില്‍ വെയില്‍ച്ചൂടില്‍ അപ്രത്യക്ഷമായ ചോരയുടെ ചൂരാണ് ഈ പക്ഷബാക്കി.


K.M.-Basheer_16c59328023_large


തൊഴില്‍ മാനവികത മുറുകെപ്പിടിച്ച കെ എം ബഷീറെന്ന ‘കൊലചെയ്യപ്പെട്ട’ മാധ്യമപ്രവര്‍ത്തകന്റെ നിഷ്‌കളങ്കതയാണ്‌ ഈ കൊടിയുടെ അടയാളം. ഇത് എക്കാലവും താഴ്ത്തിക്കെട്ടുവാന്‍ ഇനിയാകുകയില്ല. നീതിന്യായവ്യവസ്ഥിതിയ്ക്കുമേല്‍ എത്രയുയരം പറന്നാലും തേറ്റകളുംകളും ബഷീറിയന്‍ പക്ഷത്തിനുമേല്‍ ആഴത്തില്‍ അമര്‍ത്തിയാലും ഈ സമരം ശ്രീറാം വെങ്കിട്ടരാമനെ നിയമപരമായി കൂട്ടിലടച്ചേ ഒതുങ്ങൂ. ഓര്‍ക്കുക നിങ്ങള്‍.. ധിക്കാരത്തിന്റെ കൊമ്പുകള്‍ മുറിച്ചിടുക തന്നെ ചെയ്യും.