Arya Raj

പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതത്വം ഉറപ്പാകുന്നതുമായ ശൌചാലയങ്ങള്‍ വേണം.

നവംബര്‍ 19, ലോകമെങ്ങും ശൗചാലയ ദിനമായി (world toilet day) ആചരിക്കുകയാണ്. ഒരു ലോകദിനമായി(world day) ആചരിക്കുവാന്‍ മാത്രം പ്രസക്തമായവിഷയമാണ് ശൗചാലയങ്ങള്‍. അവയുടെ അഭാവം സൃഷ്ടിക്കുന്ന ആരോഗ്യപരവും,സാമൂഹികവമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ലോകത്തിലെ ഏതാണ്ട് 2.6 ബില്യണ്‍ ജനങ്ങള്‍ക്ക്(ഏതാണ്ട് ലോക ജനസംഖ്യയുടെ പകുതിയോളം) ശുചിത്വമുള്ള ശൗചാലയങ്ങള്‍ ലഭ്യമാകുന്നില്ല എന്നും ഒരു ബില്യണോളം വരുന്ന ആളുകള്‍ ഇപ്പോഴും തുറസ്സായസ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജ്ജനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു എന്നുമുള്ള അറിവുകളുടെ പശ്ചാത്തലത്തിലാണ് ഈ ദിനം പ്രസക്തമാകുന്നത്. ശരിയായ ശുചിത്വമില്ലാത്തതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍മൂലം മരണമടയുന്നവരുടെ എണ്ണം വളരെ ഉയര്‍ന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.


ശരിയായരീതിയിലുള്ള ശോചനാലയങ്ങള്‍ കേരളത്തിലെ വീടുകളില്‍ സാധാരണമാണ് എന്നതും. ശോധനയുമായി ബന്ധപ്പെട്ട ശുചിത്വശീലങ്ങള്‍ മലയാളിക്ക് ശീലമായി മാറിയിരിക്കുന്നത് ഭാഗ്യം എന്നുതന്നെ കരുതണം. എന്നാല്‍ ഈ ശുചിത്വബോധം നമ്മുടെ പൊതുസ്ഥലങ്ങളില്‍ കാണാന്‍ കഴിയുന്നില്ലെന്നത് ശ്രദ്ധേയമാണ്. പൊതു കക്കൂസുകളുടെ അഭാവവും,വൃത്തിയില്ലായ്മയും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണ്.


ഒരുവശത്ത് നമ്മുടെ സ്ത്രീകള്‍ പൊതുകക്കൂസുകളുടെ അപര്യാപ്തതകള്‍ മൂലം ഏറെ വിഷമിക്കുകയും മറുവശത്ത് പുരുഷന്മാര്‍ക്ക് ഈ വിധത്തിലുള്ള പ്രശ്നങ്ങളൊന്നും ബാധകമാവാത്തതും,അവര്‍ തുറസ്സായ സ്ഥലങ്ങളില്‍ വിസര്‍ജ്ജനം നടത്തുന്നതും,മലയാളിയുടെ മേല്‍പ്പറഞ്ഞ ശുചിത്വബോധവും ചേര്‍ത്തുവായിക്കുന്പോള്‍ ഒരു കൂട്ടരില്‍ മാത്രം പ്രകടമാവുന്ന ഈ ശുചിത്വബോധത്തിനു പിന്നില്‍ ലിംഗ അസമത്വത്തിന്‍റെ നിഴലുകള്‍ പ്രകടമാവുന്നുണ്ട്.


കേരളത്തിലെ സ്ത്രീകള്‍ ഉയര്‍ന്ന ശുചിത്വബോധം പുലര്‍ത്തുന്നു എന്നത് ശ്ളാഘനീയം തന്നെ എന്നാലിതവര്‍ക്ക് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. വീടിനുപുറത്തായിരിക്കുന്ന സാഹചര്യങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ വേണ്ടത്ര ശൗചാലയങ്ങള്‍ ഇല്ലാത്തതുമൂലമുള്ള പ്രശ്നങ്ങള്‍ അനവധിയാണ്. ഇനി ഉണ്ടെന്കില്‍ തന്നെ അവയുടെയവസ്ഥ ദയനീയമാണുതാനും. പൊതുവേയുള്ള ശുചിത്വബോധം വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും അവരെ വിലക്കുന്നു.


ദൂരയാത്രകള്‍ ചെയ്യുന്പോഴും,മറ്റ് സന്ദര്‍ഭങ്ങളിലും വളരെനേരം ഇത്തരം ചോദനകളെ അടക്കിവയ്ക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും അനവധിയുണ്ട്. യാത്രകളിലുംമറ്റും മൂത്രമൊഴിക്കാന്‍ തോന്നുന്നതൊഴിവാക്കാനായി വെള്ളം കുടിയ്ക്കാതിരിക്കുക എന്ന മാര്‍ഗ്ഗമാണ് സ്ത്രീകള്‍ കണ്ടെത്തുന്നത്. നല്ലൊരു ശതമാനം സ്ത്രീകളും ഇത്തരത്തില്‍ മൂത്രാശയരോഗങ്ങള്‍ ബാധിച്ചവരാണ്.


ആര്‍ത്തവദിവസങ്ങളില്‍ ഇത്തരം കഷ്ടപ്പാടുകള്‍ ഇരട്ടിയാവുന്നു. വീടിനുപുറത്തായിരിക്കുന്ന അവസരങ്ങളില്‍ നാപ്കിന്‍ മാറ്റിയുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ അധികനേരം ഒരേ നാപ്കിന്‍ ഉപയോഗിക്കുവാന്‍ സ്തീകളെ നിര്‍ബന്ധിതരാക്കുകയും ഇത് ഇന്‍ഫെക്ഷനും,മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.


നാം പൊതുവേ അവഗണിക്കുന്നൊരു വിഷയമാണിത്. ഹോസ്റ്റലുകളില്‍ നില്‍ക്കുന കുട്ടികളും,സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളും വൃത്തിഹീനമായ ടോയ്ലറ്റുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഒളിച്ചുവയ്ക്കുവാന്‍ താല്പര്യപ്പെടുകയും പരാതിപ്പെടുവാന്‍ തയ്യാറാവാതിരിക്കുന്നതും മൂലം ഇക്കാര്യങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുന്നു. പൊതുസ്ഥലങ്ങളിലെ ടോയ്ലറ്റുകളുടെ വൃത്തിഹീനതയും എന്തുകൊണ്ടോ വിഷയമാകുന്നതുമില്ല. ഇത്തരം വിഷയങ്ങള്‍ ഉറക്കെ സംസാരിക്കുന്നതില്‍ നിന്ന് എനതൊക്കെയോ ചില 'സദാചാര'ബോധങ്ങള്‍ അവരെ വിലക്കുന്നു. മനുഷ്യന്‍റെ അടിസ്ഥാനപരമായ ഇത്തരം ചോദനകളെക്കുറിച്ച് തുറന്നുസംസാരിക്കുന്നതുപോലും അറപ്പായും പാപമായും കരുതുന്ന ഒരു വിശ്വാസം അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു.


സാഹിത്യവും ഈ വിഷയത്തെ ഗൗവരവത്തോടെ സമീപിച്‌ചിട്ടില്ല . പിയ എ.എസിന്‍റെ 'വയലറ്റ് പൂച്ചകള്‍ക്ക് ശൂ വയ്ക്കാന്‍ തോന്നുന്പോള്‍ ' തുടങ്ങിയ ചില രചനകള്‍ അപവാദം.. പ്രിയയുടെ പൂച്ചകള്‍ പൊതുസ്ഥലങ്ങളിലെ ടോയ്ലറ്റുകളുടെ അഭാവം മൂലം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി സംവദിക്കുന്നു.


തുറസ്സായസ്ഥലങ്ങളിലും സുരക്ഷിതത്ത്വമില്ലാത്‌ത ടോയ്ലറ്റുകളിലും മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനു സ്ത്രീകള്‍ മടിക്കുന്നതിനു പിന്നില്‍ മേല്‍പറഞ്ഞ ശുചിത്വബോധത്തിനും പിന്നില്‍ ഊറിക്കൂടിയിരിക്കുന്ന വികാരം ഭയമാണ്. സ്ത്രീ ശരീരത്തിലേയ്ക്കുറ്റുനോക്കുന്ന കഴുകന്‍ കണ്ണുകളാണവരെ ഭയപ്പെടുത്തുന്നത്. ഈ അവസരത്തിലാണ് സമത്വവും അഭിമാനവും Dignity and Equality എന്ന ആശയവുമായി ലോക ശൗചാലയ ദിനം ആചരിക്കുന്നത്. യാതൊരു മറയുമില്ലാതെ ഏത് പൊതുസ്ഥലത്തും ശോധന കഴിച്ച് പരിസരവും അന്തരീക്ഷവും വൃത്തികേടാക്കുന്ന ചില പുരുഷന്മാരുടെ 'പൊതുബോധത്തിലേയ്ക്ൊ് ഒരു സ്ത്രീയും താഴേണ്ടതില്ല. എന്നാലവളുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ ശൗചാലയങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉണ്ടാകണം. അവ വൃത്തിയായി പരിപാലിക്കപ്പെടുകയും വേണം.. പുരുഷന്‍മാരെക്കൂടി ബോധവല്‍ക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


സാക്ഷരതയിലും ഇന്റര്‍ നെറ്റ് ഉപയുക്തതയിലുമെല്ലാം മുന്നാക്കം നില്‍ക്കുന്ന കേരളീയ സാമൂഹ്യ പാശ്ചാത്തലത്തിലും സ്ഥിതി വിഭിന്നമല്ല. സ്ത്രീകള്‍ ക്കായി പൊതു ഇടങ്ങളില്‍  ശൌചാലയങ്ങള്‍  ഇനിയും സജീവമായിട്ടില്ല. സംസ്ഥാന സര്‍ ക്കാര്‍  കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ "ഷീ " ടോയ് ലറ്റുകളുടെ സ്ഥിതി അതീവ പരിതാപകരം തന്നെ. ഇതിനായി വലിയ തുകക്ക് കരാറിലേര്‍പ്പെട്ട സ്വകാര്യ കുത്തക കമ്പനി ഉത്തരവാദിത്വങ്ങള്‍  പൂര്‍ ണ്ണമായി വിസ്മരിച്ച മട്ടാണ്. അതോടെ അടിമുടി വൃത്തിഹീനമായ ഈ "ഷീ "ടോയ് ലറ്റുകളില്‍  ഒരു "ഷീയ്ക്കും കയറാനാകാത്ത സ്ഥിതിയാണ്. മനോരമയിലെ ദീപാ കേളാട്ട് ഈ മേഖലയില്‍  നടത്തിയ അന്വേഷണങ്ങല്‍  പ്രസ്തുത വിഷയത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ഈ വിധം കേരളീയ സ്ത്രീ സമൂഹത്തെ അപ്പാടെ രോഗാതുരതയിലേക്കു നയിക്കുന്ന പൊതു ഇടങ്ങളിലെ ശൌചാലയങ്ങളില്ലായ്മ അടിയന്തിരമായി പരിഹരിക്കാന്‍  ഭരണകൂടം  ഇടപെടേണ്ടതുണ്ട്.