പലപ്പോഴും തുടക്കം പിഴച്ചു.
ശബ്ദം വേണ്ടത്ര ഉച്ചത്തിലായിരുന്നില്ല.
ചിലപ്പോള്‍ ശബ്ദമേ ഉണ്ടായിരുന്നില്ല .
മത്സരാര്‍ഥികളെ വീണ്ടും വീണ്ടും
അവരവരുടെ സ്ഥാനങ്ങളിലേക്ക്
തിരികെ പറഞ്ഞയച്ചുകൊണ്ടെയിരുന്നു.
അവരാകട്ടെ ദേഷ്യപ്പെട്ടു കലഹിക്കാന്‍ തുടങ്ങി.
മേലാകെ ചാരം പുരട്ടി, കാലുകള്‍ ഞോടിച്ച്
കാണികളുടെ കണ്ണുകളില്‍ മണ്ണ് വാരിയെറിഞ്ഞ്..
ട്രാക്കും സ്റ്റേഡീയം മുഴുവനും മിക്കപ്പോഴും രക്തം കൊണ്ട് ചുവന്നിരുന്നു.
ഒരിക്കല്‍ സ്റ്റാര്‍ട്ടിംഗ് ഗണ്ണുമായി നിന്നയാള്‍
ആസന്നമായ ആപത്തോര്‍ത്ത് പേടിച്ച്
ആകാശത്തിലേക്ക് നിറയൊഴിക്കുന്നതിനു പകരം
സ്വന്തം ശിരസ്സിലെക്കാണ് നിറയൊഴിച്ചത്.
ആശ്ചര്യമെന്നപോലെ അന്നെല്ലാ ഓട്ടക്കാരും വിജയിച്ചു.
വെടിയേറ്റവന്‍റെ മരണം അധികമാരും ശ്രദ്ധിക്കാതെ പോയി.
അന്നുമുതല്‍, അതോരാചാരമായി.
ആരാണോ തുടക്കത്തെ കുറിക്കുന്നത്
അയാള്‍ തോക്ക് തന്റെ ശിരസ്സിലേക്ക് ചൂണ്ടണമെന്ന് ,
ഒരുപാട് സ്വര്‍ണ്ണ മെഡലുകള്‍ വാരിക്കൂട്ടിയ ആ ഉപകരണം
ഇന്ന് എന്റെ കയ്യില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
ഓട്ടക്കാരെല്ലാവരും ഇടതുകാല്‍മുട്ട് ചോക്ക് വരയിലൂന്നി,
കണ്ണുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ച്ചിരിക്കുന്നു.
അവരുടെ നാസാരന്ധ്രങ്ങള്‍ വിറകൊള്ളുന്നു.
വെടിപൊട്ടുന്നതിന്‍റെ ശബ്ദത്തിനുവേണ്ടി മാത്രം കാത്തിരിക്കുകയാണവര്‍.
ഇനി എല്ലാം എന്റെ കയ്യിലാണ്.