Sudheesh Sudhakar

പ്രഭുവിന്റെ മക്കള്‍ -അഭിമുഖം : സജീവന്‍ അന്തിക്കാട് / സുധീഷ്‌ സുധാകര്‍
താങ്കളുടെ പ്രഥമ ചിത്രം പ്രഭുവിന്റെ മക്കള്‍ പ്രേക്ഷകരിലേക്കെത്തുകയാണ്. ചര്‍ച്ച ചെയ്യപ്പെടാന്‍ ഏറെ സാധ്യതകളുള്ള ഉള്ളടക്കമാണ്‌ ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു. എന്തെല്ലാമാണ് സിനിമയുടെ സാധ്യതകള്‍.

സിനിമ എല്ലാവരും ഇഷ്ടപ്പെടുന്ന ഉപാധികളില്‍ പ്രധാനമാണ്. ഏറ്റവുമധികം പേരെ സന്തോഷിപ്പിക്കുന്നതും ആകര്‍ഷിക്കുന്നതുമായ ഘടകങ്ങളാണ് സിനിമയുടെ പ്രത്യേകത. പ്രേക്ഷകന്റെയം സംവിധായകന്റെയും കാഴ്ച്ചയുടെ മാനങ്ങള്‍ക്ക് കൃത്യമായ വ്യത്യാസങ്ങളുണ്ട്. സിനിമയെ, ആശയ പ്രചരണോപാധി എന്ന നിലയിലാണ് ഞാന്‍ കാണുന്നത്. നാടകം,സാഹിത്യം തുടങ്ങി പൊതുസമൂഹത്തെ ആകര്‍ഷിക്കുന്ന നിരവധി ഉപാധികളുണ്ടാകാം.പക്ഷെ, ആശയപ്രചാരണത്തിന് ശക്തമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഉപകരണം സിനിമ തന്നെയാണ്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ ശക്തമായ പോരാട്ടം തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന സവിശേഷത.


വിഷ്വല്‍ രംഗത്ത് താങ്കളുടെ സംഭാവനകള്‍ എന്തെല്ലാമാണ്.

ആദ്യം ചില ഡോക്യുമെന്ററികളാണ് ചെയ്തിരുന്നത്.അതിലാദ്യം ചെയ്തത് പ്രേമാനന്ദിനെക്കുറിച്ചായിരുന്നു.ദിവ്യാത്ഭുങ്ങള്‍ പിന്നിലെ നിജസ്ഥിതി ശാസ്ത്രീയമായി അനാവരണം ചെയ്യുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം.കേരളീയനെങ്കിലും മലയാളികള്‍ക്ക് അദ്ദേഹം സുപരിചിതനായിരുന്നില്ല. എന്നാല്‍ അറുപതിലധികം രാജ്യങ്ങളില്‍ ദിവ്യാത്ഭുതാനാവരണം ശാസ്ത്രീയമായി സംഘടിപ്പിച്ച് പ്രസ്തുത മേഖലയില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. അദ്ദേഹം മലയാളിയാണ് എന്നറിഞ്ഞതിലെ കൌതുകവും ബന്ധപ്പെട്ട വിഷയത്തിലെ അന്വേഷണ ബുദ്ധിയുമാണ് അദ്ദേഹത്തെക്കുറിച്ചുള്ള മിസ്റ്ററി ഹണ്ട് എന്ന ഡോക്യുമെന്‍ററിക്കു കാരണമായത്. മലയാളത്തിന്‍റെ സിനിമാ വ്യാകരണങ്ങളെ പുനര്‍നിര്‍വചിച്ച പ്രശസ്ത സംവിധായകന്‍ ശ്രീ പവിത്രന്റെ ജീവിതവും സിനിമയും വിഷയമാകുന്ന പവിത്രന്‍ കാലവും കാഴ്ചയും എന്ന ഒരു ഡോക്ക്യുമെന്‍റെറിയാണ് പ്രസ്തുത ശ്രേണിയിലെ മറ്റൊന്ന്.


പ്രഭുവിന്റെ മക്കളിലൂടെ താങ്കള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നത്.ഇന്ത്യന്‍ സിനിമയില്‍ ആരും കൈകാര്യം ചെയ്യാത്ത പ്രമേയം എന്നുവേണമെങ്കില്‍ ചിത്രത്തെ വിശേഷിപ്പിക്കാം . നമ്മുടെ രാജ്യത്ത് ചുരുങ്ങിയത് ആറു ശതമാനം പേരെങ്കിലും മതരഹിതരായി ജീവിക്കുന്നുണ്ട്. കേരളത്തില്‍ പത്തുശതമാനം പേരെങ്കിലും ഉണ്ടാകും. എന്നിട്ടും അവരുടെ ജീവിത്തെ പ്രതിനിധീകരിക്കുന്ന ഒരു സിനിമ ഇവിടെ ഉണ്ടായിട്ടില്ല. ആ നിലയില്‍ ജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം ക്ലോസ് ആയി നിരീക്ഷിച്ചിട്ടുണ്ട്. ഇത്രയും മതാധിഷ്ടിതമായ ഒരു സൊസൈറ്റിയില്‍ ജീവിവിക്കാനുള്ള അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. മതത്തിന്റെ ലോകം അവരില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലൂടെ നമ്മുടെ സമൂഹത്തെ വിലയിരുത്തുകയാണ് ഈ സിനിമ.


പുതുമുഖ സംവിധായകനെന്ന നിലയില്‍ ഇത്തരമൊരു സിനിമയിലൂടെ താങ്കള്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്തെല്ലാമാണ്. ഗ്രൂപ്പും കളികളും പാരവെയ്പ്പും യഥേഷ്ഠമുള്ള ചലച്ചിത്ര രംഗത്ത് നന്നായ് ബുദ്ധിമുട്ടിയിട്ടുണ്ടാകുമല്ലോ .


സിനിമ എന്നത് തൊണ്ണൂറു ശതമാനവും ആ ഇന്റസ്ട്രിയില്‍ തന്നെയുള്ളവര്‍ക്കും അവരുടെ മക്കള്‍ക്കുമായി സംവരണം ചെയ്തിരിക്കുന്ന ഒന്നാണ്. ബാക്കി പത്തു ശതമാനം സ്പേസ് മാത്രമാണ് പുതുതായ് വരുന്നവര്‍ക്കുള്ളത്. കുറേക്കാലമെങ്കിലും ഒരു സംവിധായകന്റെ കീഴില്‍നില്‍ക്കാത്ത പുതുമുഖം ആണെങ്കില്‍ പറയുകയും വേണ്ട. അത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിച്ച പ്രധാന ഘടകം നിര്‍മാണവും സ്വയം ചെയ്തു എന്നതാണ്. ടെക്നീഷ്യന്‍മാരെ കിട്ടുക എന്നതും ബുദ്ധിമുട്ടല്ല.കാരണം മിക്കവാറും ടെക്നീഷ്യന്‍മാരും ഒരേ സമയം ഒന്നിലധികം സിനിമകളു മായി സഹകരിക്കുന്നവരാണ്. പക്ഷെ അഭിനേതാക്കളെ കിട്ടുക അത്ര എളുപ്പമല്ല. നല്ല സാറ്റലൈറ്റ് റേറ്റ് ഉള്ള ഒരു നടനെ (ഇപ്പോള്‍അങ്ങനെ ഒക്കെ ആണല്ലോ) ഒന്ന് കഥ പറഞ്ഞു കേള്‍പ്പിക്കാന്‍തന്നെ ഒരു ആറു മാസം പുറകെ നടക്കണം.ഇനി ചിലര്‍ നമ്മുടെ കഥ കേള്‍ക്കാന്‍ തയ്യാറായി പ്രതിഫലം പറ്റി വഞ്ചിക്കും.അങ്ങനെ നിരവധി പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്.


പൂജ മുതല്‍ പ്രദര്‍ശനം വരെ അന്ധവിശ്വാസങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാ ലോകത്ത് പ്രഭുവിന്റെ മക്കള്‍ പോലുള്ളൊരു സിനിമ നിര്‍മ്മിക്കുബോള്‍ ഉണ്ടായ "ആചാരപരമായ” പ്രതിസന്ധികള്‍എന്തൊക്കെയാണ്.മതപരമായ ശീലങ്ങളില്ലാത്ത ഒരു സംവിധായകന്‍ അത്തരം ശീലങ്ങളെ വിമര്‍ശനപരമായി സമീപിക്കുന്ന ഒരു സിനിമ നിര്‍മ്മിക്കുബോള്‍ നേരിടുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല.എല്ലാ സിനിമയുടെയും വര്‍ക്ക് തുടങ്ങുന്നത് തന്നെ ഒരു പൂജയോടെയാണ്. പലപ്പോഴും പല പുരോഗമനവാദികളായ ആളുകള്‍ക്ക് പോലും ഇതൊക്കെ ചെയ്യേണ്ടി വരുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലായത്‌ ഞാന്‍ അത് ചെയ്യാതെ ആരംഭിച്ചപ്പോഴാണ്. ടെക്നീഷ്യന്‍മാര്‍ക്ക് ഒക്കെ പേടിയാണ്. നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കിലും ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ട് , ഞങ്ങളുടെയും കൂടി നിലനില്‍പ്പിന്റെ പ്രശ്നമാണ് എന്നൊക്കെ.എനിക്കുതോന്നിയ ന്യായമായ സംശയം അവരോടു പങ്കുവെച്ചു. " മലയാളത്തിലെ മിക്കവാറുമെല്ലാ സിനിമകളും പൂജയോടെയാണ് തുടങ്ങുന്നത്. അതില്‍ പത്തു ശതമാനം മാത്രമല്ലേ വിജയിക്കുന്നുള്ളൂ? അപ്പോള്‍ ബാക്കിയുള്ളത് പൂജിച്ചിട്ടെന്തായി ? ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും നമ്മള്‍ പലപ്പോഴും ഒരു യുക്തിയും പ്രകടിപ്പിക്കാറില്ല.അതാണ്‌പ്രശ്നം. ഇനി പൂജ ഇല്ലാതെ തുടങ്ങിയാലും പ്രശ്നങ്ങള്‍ തീരില്ല. കുറെ തേങ്ങയും കര്‍പ്പൂരവും കൊണ്ട് വന്നു ക്യാമറയെ ഉഴിയലും അങ്ങനെ പലതും. ഇതൊക്കെ ഒഴിവാക്കി സിനിമ എടുക്കാന്‍ നന്നേ പാടുപെട്ടു. വിശ്വാസികളായ ടെക്നീഷ്യന്മാര്‍ പൂജ ഇല്ലാത്തത് കൊണ്ട് തടസ്സങ്ങളുണ്ടാകും എന്ന് പേടിച്ചിരുന്നു. അതുകൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ "ഹോ തടസ്സങ്ങളില്ലാതെ ഇത് കഴിഞ്ഞോ ? " എന്നനിലയിലെ അത്ഭുതമായിരുന്നു അവര്‍ക്കെല്ലാം.


അഭിനേതാക്കള്‍ക്ക് പ്രമേയത്തോടുണ്ടായിരുന്ന യോജിപ്പ് എത്രത്തോളമായിരുന്നു. അവരുടെ ഒക്കെ സഹകരണം എതുവിധമായിരുന്നു.


പ്രധാന കഥാപാത്രം പ്രഭു; ചെയ്തിരിക്കുന്നത് മധു സാറാണ്. മധു സാറിനെപ്പോലെ ഒരു വലിയ നടന് എന്നെപ്പോലെ ഒരു പുതുമുഖ സംവിധായകനോടൊക്കെ ഇത്ര കോ ഓപ്പറേറ്റിവ് ആയി നില്‍ക്കുകയും അഭിനയിക്കുകയും ചെയ്തു എന്നത് ഒരു വലിയ കാര്യമാണ്. അദ്ദേഹം ഒരു വിശ്വാസി ആണ് എന്നാണു മനസ്സിലാക്കുന്നത്.പക്ഷെ തിരക്കഥ വായിച്ചു കഴിഞ്ഞു പറഞ്ഞത് ഇത് വിശ്വാസത്തിന്റെ പ്രശ്നമല്ല മറിച്ചു ഇത് സമൂഹത്തില്‍ എത്തേണ്ട സിനിമ എന്നാണ്. അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി റിസ്ക്കെടുത്തു എന്നു തന്നെ പറയാം.കാരണം അദ്ദേഹം തൃശൂരില്‍ മുപ്പതു ദിവസം താമസിച്ചാണഭിനയിച്ചത്.വളരെ ചുരുങ്ങിയ പ്രതിഫലം മാത്രം വാങ്ങുകയും ചെയ്തു.പിന്നെ ശ്രീ കലാഭവന്‍മണി തികഞ്ഞ വിശ്വാസിയാണ്. പക്ഷെ ഓരോ ഡയലോഗും പറഞ്ഞു കഴിഞ്ഞു "അയ്‌ ഇത് ശരിയാണല്ലോ ?” എന്നു പറയും. എന്നിട്ട് "എനിക്ക് അടി കിട്ട്വോ?” എന്നു ചോദിക്കുകയും ചെയ്യും. അങ്ങിനെ അഭിനേതാക്കളെല്ലാം മികച്ച സഹകരണമാണ് ആദ്യാന്തം നല്‍കിയത്.


കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളും ശക്തമായ ആശയവും കൈമുതലായുള്ള പ്രഭുവിന്റെ മക്കള്‍, വിനോദ ചിത്രമെന്ന രൂപത്തില്‍ അവതരിപ്പിച്ച രീതി എങ്ങനെയാണ്? എന്താണ് ഈ സിനിമയിലൂടെ സംവേദിപ്പിക്കാന്‍ ശ്രമിക്കുന്നത്.രാഷ്ട്രീയ സമൂഹം എന്ന നിലയില്‍ നിന്ന്‍ മതാധിപത്യ സമൂഹമായി കേരളം മാറുന്നു എന്ന ആശങ്കയാണ് ഞാനടങ്ങുന്ന സമൂഹം പ്രതിനിധാനം ചെയ്യുന്നത്. നവോത്ഥാന നായകര്‍ മതത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ലോകത്തോടു പടവെട്ടിയാണ് നവോത്ഥാനവും മാനവികതയും സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചത്. പക്ഷേ നമ്മള്‍ വീണ്ടും പിന്മടങ്ങുകയാണെന്ന്‍ സമൂഹം സൂചിപ്പിക്കുന്നു. നമ്മുടെ സിനിമകള്‍ പലപ്പോഴും ഇത്തരം പിന്മടക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ്. എന്തുകൊണ്ട് അതേ മാധ്യമത്തെ പോസിറ്റീവ് ആയി ഉപയോഗിച്ച് കൂടാ എന്ന ചിന്തയാണ് ഈ സിനിമയുടെ അടിസ്ഥാനം. പക്ഷെ ആശയ പ്രചാരണത്തിന് വേണ്ടി കുറെ മുദ്രാവാക്യം വിളിച്ചാല്‍ സിനിമ ആകില്ലല്ലോ? അതിനാല്‍ അടുത്തു മനസ്സിലാക്കിയ ചില മനുഷ്യരുടെ ജീവിതത്തില്‍ നിന്നും കടം കൊണ്ട അനുഭവങ്ങള്‍ പ്രമേയവല്‍ക്കരിക്കുകയായിരുന്നു. ചെറുപ്പത്തില്‍തന്നെ ആത്മീയതയില്‍ ആകൃഷ്ടരായി ഹിമാലയം പോലെയുള്ള സ്ഥലങ്ങളില്‍ പോകുകയും യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് നടക്കുന്നത് എന്ന് മനസിലാക്കി യുക്തിവാദിയായി തിരിച്ചു വരികയും ചെയ്ത ചിലരുണ്ട്.ആനിലയില്‍ അനുഭവസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.


ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ച സമൂഹത്തിലെ ആത്യന്തിക പ്രശ്നമാണോ ?


ദൈവം ഉണ്ടോ ഇല്ലയോ എന്നത് സമൂഹത്തിലെ ഒരു ആത്യന്തിക പ്രശ്നമല്ല. ചില ആളുകള്‍ക്ക് ഒരു മനസ്സമാധാനത്തിനും ഒക്കെ ഒരു ദൈവത്തില്‍വിശ്വസിച്ചേ മതിയാകൂ. അവര്‍അങ്ങനെ ചെയ്യുന്നത് കൊണ്ട് സമൂഹത്തിനു വലിയ ദോഷം ഒന്നുമില്ല.പക്ഷെ അതിനു മതവും അതിന്റെ പുരോഹിതന്മാരും ഇടനിലക്കാരായി വരുമ്പോള്‍ആണ് ചൂഷണം ഉണ്ടാകുന്നത്. അതു തന്നെയാണ് സിനിമയില്‍ വിമര്‍ശിക്കുന്നതും.ഉദാഹരണത്തിന് പണ്ട് കത്തോലിക്കാ സഭയ്ക്ക് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ഒരു മാര്‍പ്പാപ്പ പാപമോചന കിറ്റുകള്‍പുറത്തിറക്കി.ഈ കിറ്റുകള്‍ പൈസ കൊടുത്തു വാങ്ങിയാല്‍ നമുക്ക് പാപമോചനം നേടാം എന്ന തരത്തില്‍. അഡ്വാന്‍സ്‌ ആയി കിറ്റ്‌ വാങ്ങിയിട്ട് പിന്നെ പാപം ചെയ്യുകയും ആകാം. വേറൊരു മതക്കാര്‍ അവരുടെ പ്രവാചകന്റെ മുടി കയ്യിലുണ്ടെന്നും അത് സൂക്ഷിക്കാന്‍പള്ളി വേണം എന്നും പറഞ്ഞു കോടികള്‍പിരിക്കുന്നു. അങ്ങനെ ചൂഷങ്ങള്‍ കണ്മുന്‍പില്‍ നടക്കുമ്പോള്‍ നമ്മള്‍ കുറ്റകരമായ മൌനം പാലിക്കുകയാണ്.ഈ സിനിമയിലെ നായകന്‍ ചോദിക്കുന്ന പ്രസക്തമായ ചോദ്യം മതം പഠിപ്പിച്ച ധാര്‍മികതയുടെ പേരാണ് കൈക്കൂലി എന്നതാണ്. ദൈവം കൈക്കൂലിക്കാരന്‍ ആണോ എന്നതാണ് ചോദ്യം. മറ്റൊരു ചോദ്യം ലോകത്തിന്റെ സംരക്ഷകനായ ദൈവത്തിന് തന്റെ പേരില്‍ പണിത അമ്പലമോ പള്ളിയോ സംരക്ഷിക്കാന്‍ മെറ്റല്‍ഡിറ്റക്ടറും മിന്നല്‍രക്ഷാചാലകവുമൊക്കെ എന്തിന് എന്നതാണ്. ഇത്തരത്തില്‍ നിരവധി ചൂഷണങ്ങള്‍ തുറന്നുകാട്ടാന്‍ ചിത്രം ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്.


എന്താണ് ചിത്രം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം.

ചിത്രത്തിലെ ജിജില്‍ ജോയിയുടെ പശ്ചാത്തലം എഴുപതുകളും എണ്‍പതുകളുമെല്ലാമാണ്. സ്വാഭാവികമായും ബന്ധപ്പെട്ട കാലഘട്ടത്തിലെ രാഷ്ട്രീയം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. കരുണാകരനും അടിയന്തിരാവസ്ഥയും രാജന്‍കേസും എല്ലാം ഇതിവൃത്തമാകുന്നു. കേരളത്തിലെ പൊതു സമൂഹം ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ് രാജന്റെ തിരോധാനം. അച്ചുതമേനോനെ പോലെ ഒരു കമ്യൂണിസ്റ്റുകാരന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അത് സംഭവിച്ചു എന്നത് ഒരു പൊറുക്കാനാവാത്ത തെറ്റു തന്നെ. ഈച്ചരവാര്യരുടെ ദുഃഖം മലയാളി സമൂഹത്തിന്റെ ദുഃഖമാണ്. ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രമേയവല്‍ക്കരിച്ച് മലയാളത്തില്‍ ഒരു സിനിമ തന്നെയുണ്ടായിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ പിറവി. നമ്മുടെ സിനിമയില്‍ പ്രസ്തുത രാഷ്ട്രീയമെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്. മനുഷ്യന്‍അധപതിച്ചാല്‍മൃഗമാകും. മൃഗം അധപതിച്ചാല്‍കമ്മ്യൂണിസ്റ്റ് ആകും. കമ്മ്യൂണിസ്റ്റ് അധപതിച്ചാല്‍? .ലോകത്തില്‍തന്നെ ആദ്യം തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് ഗവന്മേന്റ്റ് അധികാരത്തില്‍വന്ന 1957 ല്‍കേരളത്തില്‍ആണ്. പല പരിഷ്കാരങ്ങളും നടപ്പില്‍വരുത്തിയ ആ സര്‍ക്കാരിനെ പ്രതിപക്ഷം ഇവിടുത്തെ ജാതിമത ശക്തികളുടെ കൂട്ട് പിടിച്ചു അട്ടിമറിക്കുകയായിരുന്നു. അന്ന് വിദ്യാഭ്യാസ ബില്ലിലൂടെ അധ്യാപകര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുകയും സൌജന്യ വിദ്യാഭ്യാസം എല്ലാവര്ക്കും ലഭ്യമാക്കുകയും ചെയ്യാന്‍ശ്രമിച്ച ആള്‍ആണ് മുണ്ടശ്ശേരി മാഷ്‌. അന്ന് ഈ മതാധിഷ്ടിത വലതു പക്ഷത്തിന്റെ ഭാഗമായിരുന്ന സുകുമാര്‍അഴീക്കോട് മുണ്ടശ്ശേരി മാഷിനെ കളിയാക്കാന്‍പറഞ്ഞ ഡയലോഗ് ആണത്. ” മനുഷ്യന്‍അധപതിച്ചാല്‍മൃഗമാകും.മൃഗം അധപതിച്ചാല്‍ ലോക കമ്മ്യൂണിസ്റ്റ് ആകും.ലോക കമ്മ്യൂണിസ്റ്റ് അധപതിച്ചാല്‍ ഇന്ത്യന്‍കമ്മ്യൂണിസ്റ്റ് ആകും. ഇന്ത്യന്‍കമ്മ്യൂണിസ്റ്റ് അധപതിച്ചാല്‍മുണ്ടശ്ശേരിയാകും എന്ന്". ഈ അഴീക്കോട് മാഷ്‌പിന്നീട് ഇടതു പക്ഷ സഹയാത്രികന്‍ആയിത്തീര്‍ന്നു എന്നത് ചരിത്രം.


വിശ്വാസികളും അവിശ്വാസികളും എല്ലാം അടങ്ങുന്ന ഒരു പൊതു സമൂഹമാണ് ഈ സിനിമ കാണാന്‍ പോകുന്നത് . പ്രേക്ഷകരോട് എന്താണ് പറയാന്‍ ഉള്ളത്.ഈ സിനിമ നിര്‍മിച്ചതിനേക്കാള്‍ പ്രയാസമായിരുന്നു അത് പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ കിട്ടുക എന്നത്. അങ്ങനെ വളരെ ബുദ്ധിമുട്ടി ആണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ഈ സിനിമയി ആരെയുംയും ബോധപ്പൂര്‍വ്വം വ്രണപ്പെടുത്താനോ താറടിക്കാനോ ശ്രമിച്ചിട്ടില്ല. കഥയില്‍ സാന്ദര്‍ഭികമായി വരുന്ന മതവിരുദ്ധത അതുപോലെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നമ്മള്‍ അക്കാര്യത്തില്‍ സ്വയം ഏര്‍പ്പെടുത്താറുള്ള ചില സെന്‍സര്‍ഷിപ്പുകള്‍ഉണ്ടല്ലോ അത് ചെയ്തിട്ടില്ല. ഉദാഹരണത്തിനു സംഘടിത മതം എന്ന വാക്ക് നമ്മള്‍അങ്ങനെ ഉപയോഗിക്കാറില്ല. ന്യൂനപക്ഷങ്ങള്‍ക്ക് വ്രണപ്പെടും എന്ന് പറഞ്ഞു കൊണ്ട് മാധ്യമങ്ങള്‍പോലും അത് സെന്‍സര്‍ചെയ്യും. പൊതു സമൂഹത്തിലുള്ള ഒരാള് സംഘടിത മതം എന്ന വാക്കുപയോഗിച്ചു ഒരു സ്റ്റേറ്റ്മെന്റ് കൊടുത്താല്‍മാധ്യമങ്ങളില്‍വരില്ല. പക്ഷെ ബി.ജെപ്പിക്കാര്‍കൊടുത്താല്‍വരും. അത്തരത്തിലുള്ള വാക്കുകളെ ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിച്ചിട്ടുണ്ട്. പിന്നെ എന്നെ വ്രണപ്പെടുത്തൂ എന്നെ വ്രണപ്പെടുത്തൂ എന്ന് പറഞ്ഞു നടക്കുന്നവര്‍പോലും ആ കാര്യത്തില്‍ചിലപ്പോള്‍നിരാശരായി എന്ന് വരും. അത് കൊണ്ട് എല്ലാവരും സിനിമ കാണണം. ചര്‍ച്ച ചെയ്യണം. വിജയിപ്പിക്കണം.


Stills: Ratheesh Sundaram