അന്നൊക്കെ കല്യാണത്തിന്റെ ഒരാഴ്ച മുമ്പ് തന്നെ ഒരിക്കങ്ങള്‍ തുടങ്ങുകയായി.വറുതിയുടെ , വെറിപിടിച്ച നാളുകളില്‍ വല്ല കല്യാണവും ഉണ്ടങ്കില്‍ പിന്നെ ദിവസം എണ്ണി തുടങ്ങും . അന്നൊന്നും നാട്ടിന്‍ പുറങ്ങളില്‍ ബിരിയാണി രംഗത്ത് വന്നിട്ടില്ലായിരുന്നു.. നെയ്ച്ചോര്‍ ,തേങ്ങാ ചോറ് ( തേങ്ങാ ചോറ് എന്നാല്‍ സാധാ ചോറിന്റെ കൂടെ തേങ്ങയും , ചെറിയ ഉള്ളിയും കൂടി ഇട്ടൊരു പ്രയോഗം ) കൂടെ പോത്തിറച്ചിയും .രണ്ടു ദിവസം അയല്‍വാസികള്‍ ഒന്നും ഭക്ഷണം ഉണ്ടാക്കാറില്ല. തലേന്ന് തുടങ്ങുന്ന തീറ്റ പിറ്റേന്ന് രാത്രി വരെ ഉണ്ടാകും. ഈ കല്യാണത്തിന്റെ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പന്തല്‍ ഉണ്ടാക്കാനുള്ള ഈത് പന ( മലയില്‍ മാത്രം കണ്ടിരുന്ന ആ പനയുടെ പേര് വ്യക്തമായി ഓര്‍ക്കുന്നില്ല ) വെട്ടാന്‍ വലിയ ആളുകളുടെ കൂടെ ഞങ്ങള്‍ കുറച്ചു വികൃതി കുട്ടികളും പോയിരുന്നു. ഞാനൊക്കെ വീട്ടില്‍ നിന്നും ഉമ്മയോട് സോപ്പിട്ടു അനുമതി വാങ്ങി അതി രാവിലെ തന്നെ മലയിലേക്കു എല്ലാവരുടെയും കൂടെ പോയി . രാവിലെ പോയാല്‍ പിന്നെ ഉച്ച കഴിഞ്ഞിട്ടേ മടങ്ങാറുള്ളൂ . അത് കാരണം പോയപ്പോള്‍ കപ്പ പുഴുങ്ങിതും , ഉള്ളി ചമന്തിയും കൂടെ കൊണ്ട് പോയിരുന്നു.
പന വെട്ടി കഴിഞ്ഞു അരുവിയില്‍ നിന്നുള്ള കുളിയും പാസാക്കി എല്ലാവരും തല ചുമടായി പനയുമായി മല ഇറങ്ങിയിരുന്നത് ഇപ്പോഴും മനസിലൂടെ മിന്നി മറയുന്നു .അന്ന് ഞാന്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്.. സ്കൂളില്‍ പോവുമ്പോഴും , വീട്ടിലും നാട്ടിലെ കുട്ടികളൊക്കെ അന്ന് തുണി ആയിരുന്നു എടുത്തിരുന്നത്. കല്യാണത്തിന്റെ അന്ന് രാവിലെ എല്ലാവരും കൂടി പുഴയിലേക്ക് ഒരോട്ടം..കുളിയൊക്കെ കഴിഞ്ഞു കല്യാണ വീട്ടിലേക്ക് ഗമയോടെ നടന്നു പോവുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ് . വലിയ കോളാമ്പിയില്‍ നിന്നുള്ള മാപ്പിള പാട്ടും . പാട്ട് ഓപ്പറേട്ടരുടെ അടുത്ത് വായി നോക്കി നില്‍ക്കുമ്പോള്‍ , പിറകു വശത്ത് നിന്നും വെന്ത പോത്ത് ഇറച്ചിയുടെ മണം. കൊതിയോടെ നോക്കിയിരിക്കുന്നത് ഒന്ന് ചിന്തിച്ചു നോക്കിയേ.. ..കല്യാണ പന്തലില്‍ കാരണവന്മാര്‍ മുറുക്കാന്‍ തിന്നു സൊറ പറയുന്ന കൂട്ടത്തില്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്തേക്ക് ഒളിഞ്ഞൊരു നോട്ടവും .
സാധാരണക്കാരുടെ കല്യാണത്തിന് പത്തോ , ഇരുപതോ രൂപ സമ്മാനമായി ചുന്ന കവറില്‍ ഇട്ടു കൊടുക്കുന്ന ഒരു പരിപാടിയും അന്നുണ്ടായിരുന്നു.ഈ കവറും , മുറുക്കാന്‍ ഉള്ള വെറ്റിലയും , മറ്റും ഒരുമിച്ചാവും വെക്കുക. കുട്ടികളായ ഞങ്ങള്‍ ആശ്ചര്യത്തോടെ ഇതെല്ലം നോക്കി കാണും . എന്നെ പോലെ ചില വികൃതി കുട്ടികള്‍ വീട്ടില്‍ നിന്നും കൊടുക്കാന്‍ ഉദ്ദേശിച്ച പൈസയുടെ കവര്‍ അടിച്ചു മാറ്റി സിനിമക്ക് പോയിരുന്നതും ,,പിന്നെ കല്യ്യാന വീട്ടിലെ പെണ്ണുങ്ങള്‍ പിറ്റേന്ന് വീട്ടില്‍ വന്നു നിങ്ങള്‍ കല്യാണത്തിന് വന്നില്ലേ എന്നൊരു കുത്ത് വര്‍ത്തമാനവും..കവറില്‍ കൊടുത്തയച്ച പൈസയുടെ കാര്യം സംസാരത്തില്‍ വരുമ്പോള്‍ പിന്നെ ഞങ്ങള്‍ക്ക് പണിയായത് തന്നെ...
വറുതിയുടെ കര്‍ക്കിടക മാസത്തില്‍ ഉണ്ണാനും , ഉടുക്കാനും ഇല്ലാതെ വേറിപിടിച്ചു നടന്നിരുന്ന ആ ബാല്യം.. അന്നൊക്കെ നാട്ടിലെ ഏതൊരു ആഘോഷങ്ങളിലും അയല്‍വാസികളും , കുടുംബക്കാരും സ്വന്തം വീട്ടിലെ കാര്യം പോലെ ആത്മാര്‍ഥമായി പങ്കെടുക്കുമായിരുന്നു.ഗള്‍ഫ് പ്രഭാവം ഞങ്ങളുടെ നാട്ടിലും പടര്‍ന്നു പന്തലിച്ചു. ഓല പുരയുടെ സ്ഥാനത്ത് കൊണ്ഗ്രീറ്റ് കൊട്ടാരങ്ങള്‍ വന്നു തുടങ്ങി.അയവല്‍വാസികള്‍ക്ക് വീടിനോളം പോന്ന മതിലുകളും വന്നു തുടങ്ങി.
പണ്ടൊക്കെ കല്യാണ വീടുകളില്‍ പന്തല്‍ കെട്ടാനും , പാചകം ചെയ്യാനും നാട്ടുക്കാര്‍ ഉണ്ടായിരുന്നു. അത് കഴിഞ്ഞു അതും മാറി പിന്നെ കല്യാണങ്ങള്‍ക്ക് ഡാക്കറേഷന്‍ക്കാരെ വിളിപ്പിച്ചു ഓര്‍ഡര്‍ കൊടുക്കാനും തുടങ്ങി ..ഇന്നത്തെ കല്യാണം എന്നാല്‍ ഓഡിറ്റൊരിയത്തില്‍ പോയി ഭക്ഷണം കഴിച്ചു പത്തോ, പതിനഞ്ചോ മിനുട്ട് കൊണ്ട് കഴിയുന്ന ഫോര്‍മാലിറ്റീസ് മാത്രം .
പത്തിരുപത്തഞ്ചു കൊല്ലം മുമ്പ് ഞങ്ങളുടെ നാട്ടിലെ ഒരു കല്യാണത്തിന് പുയാപ്ല പോവുന്ന കാഴച്ചയാണ് ഈ ഫോട്ടോയില്‍ കാണുന്നത് .ഈയടുത്ത് എന്റെ ഒരു അയല്‍വാസി എനിക്ക് ഷയര്‍ ചരിത് തന്ന ഈ ചിത്രം കണ്ടപ്പോള്‍ എനിക്ക് കണ്ണ് നിറഞ്ഞു പോയി. ഫോട്ടോയില്‍ കാണുന്ന ചെറിയ കുട്ടികളുടെ കൂട്ടത്തില്‍ ഈയുള്ളവനും ഉണ്ട് .എന്റെ വീട് ദാണ്ടേ ആ കാണുന്ന ഓടു മേഞ്ഞ വീടായിരുന്നു . അതിനും നാലഞ്ചു കൊല്ലം മുമ്പ് അത് വൈക്കോല്‍ മേഞ്ഞതും .ഏതോ ഒരു കൊടിയ വേനല്‍ കാലത്തായിരുന്നു എന്റെ അയല്‍വാസിയുടെ കല്യാണം. വീടിന് മുമ്പില്‍ കാണുന്ന നെല്‍ പാടങ്ങളും , തോടും പിന്നെ ആ കാണുന്ന ആറന് പുളി മരവും ഇന്ന് വെറും ഓര്‍മ്മ മാത്രം .
പശ്ചിമഘട്ട താഴ്വാരത്ത് ചരിത്ര സ്മൃതികളുടെ നിറവില്‍ കാളികാവ് ഗ്രാമം.പ്രകൃതീരമണീയതയുടെ ലാസ്യഭംഗി നിറഞ്ഞോടുന്ന മണ്ണില്‍ ജന്‍മിത്ത-നാടുവാഴിത്ത സമ്പ്രദായത്തിന്‍റ ശേഷിപ്പുകള്‍ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാര്‍ഷിക വിപ്ലവത്തിന്‍റ വിത്ത് വിതച്ച തിരുവിതാംകൂര്‍ കുടിയേറ്റവുമെല്ലാം പോയകാലത്തിന്‍റ അടയാളങ്ങള്‍ രേഖപ്പെടുത്തി ചരിത്രരേഖയില്‍ നിറഞ്ഞ് നില്‍ക്കുന്നു.സമരങ്ങളും പോരാട്ടങ്ങളും ഒട്ടേറെ കണ്ട മണ്ണാണ് കാളികാവിന്‍റേത്. മാപ്പിള ലഹളയുടെ ബഹളമെല്ലാം കഴിഞ്ഞു വറുതിയുടെ കാലത്താണ് വളക്കൂറുള്ള മണ്ണ് തേടി കുടിയേറ്റക്കാര്‍ കാളികാവില്‍ എത്തുന്നത് . കുടിയേറ്റക്കാര്‍ റബ്ബറും , കൊക്കോയും നട്ട് പിടിപ്പിച്ച് മലയാകെ സ്വര്‍ണ്ണം വിളയിച്ചു തുടങ്ങി .
റബ്ബര്‍ എല്ലാം വലുതായതിനു ശേഷം നാട്ടിലെ ഭൂഉടമകള്‍ തുച്ചമായ കൂലിയായിരുന്നു തൊഴിലാളികള്‍ക്ക് കൊടുത്തിരുന്നത്..അമ്പത് , അറുപത് കാലഘട്ടത്തില്‍ ആയിരുന്നു സഖാവ് കുഞ്ഞാലിയുടെ വരവ്. സഖാവിന്റെ നേതൃത്വത്തില്‍ ഭൂഉടമകളുള്‍ക്കെതിരെ സമരങ്ങള്‍ നടന്നു. വേണ്ടത്ര വിദ്യാഭ്യാസമോ , മറ്റു ലോക പരിചയങ്ങ്ലോ ഇല്ലാത്ത കാളികാവ്ക്കാര്‍ക്ക് സഖാവ്ന്റെ വരവ് വലിയൊരു ആശ്വാസമായിരുന്നു . കാളികാവ് പഞ്ചായത്ത് നിലവില്‍ വന്നിട്ട് ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് കുഞ്ഞാലി ആയിരുന്നു .സഖാവ് കുഞ്ഞാലിയുടെ വീടിന്റെ തൊട്ടായിരുന്നു ഞങ്ങളുടെ വീട്. നിലമ്പൂരിന്റെ അടുത്ത പ്രദേശമായ കാളികവിനെ കുറിച്ച് ചുരിക്കി എഴുതിയതാണ്.