P K Mohamed

ദല സാഹിത്യോത്സവം 2013 ലേക്ക് അഭിമാനപൂര്‍വ്വം

പ്രവാസി മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനത്തിന് പുതിയൊരു അര്‍ത്ഥവും മാനവും നല്‍കി, ഒരു സമാന്തര പാത വെട്ടിത്തുറക്കാന്‍ കഴിഞ്ഞതാണ് “ദല” യെ ഇതര കൂട്ടായ്മകളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നത്.


വര്‍ത്തമാനകാലത്തില്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന സമസ്യകളോട് നൈതീകവും ദാര്‍ശനികവും സാംസ്കാരികവും ആയ തലങ്ങളില്‍ നിന്നുകൊണ്ട് നിരന്തരം സംവദിക്കുകയും, ജീവിതത്തെ ഒരു നവീകരണത്തിനു വിധേയമാക്കുകയും ചെയ്യുന്നത് ഒരുല്‍ക്ക്രിഷ്ട ലക്ഷ്യമായി ‘ദല” കണ്ടു. എല്ലാ മനുഷ്യവ്യാപാരങ്ങളെയും സമഗ്രമായി നിയന്ത്രിക്കുന്ന കമ്പോളവ്യവസ്ഥയില്‍ ഭാഷയും കലയും കൃഷിയും ചരിത്രവുമൊക്കെ അന്യാധീനപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍, പൊതു ജീവിതത്തില്‍ സര്‍ഗാത്മക ഇടപെടലുകള്‍ ശക്തിയാര്‍ജിക്കേണ്ടതുണ്ടെന്നു സാക്ഷ്യപെടുത്തുന്ന സര്‍ഗയജ്ഞങ്ങള്‍ ആണ് പിന്നിട്ട 32 വര്‍ഷത്തെ “ദല” യുടെ ബാക്കി പത്രം.


ഭാഷ, കല, ശാസ്ത്രം, ചരിത്രം, പരിസ്ഥിതി, ലിന്ഗനീതി തുടങ്ങിയ മേഖലകളില്‍ സഹൃദയരുടെ അനുഭവമണ്ഡലത്തെ നവീകരിക്കുക ലക്ഷ്യമാക്കി “ദല” നടത്തുന്ന എണ്ണമറ്റ പ്രവര്‍ത്തനങ്ങളില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് “ദല”യുടെ സാഹിത്യസംഗമം.


ഉത്സവ പ്രതീതി പകര്‍ന്നു “ദല” ഈ വര്ഷം നടത്തുന്ന സാഹിത്യോല്സവം ശ്രദ്ധേയമാകുന്നത്, പുതിയകാല മനുഷ്യാനുഭാവങ്ങളുടെ വെളിച്ചത്തില്‍, മനുഷ്യന്‍റെ ആന്തരികസ്വത്തത്തിലും ലാവണ്യ ബോധത്തിലും വന്നു ചേര്‍ന്ന വ്യതിയാനങ്ങളിലെ മൂല്യ പരിശോധനയാണ്.


ക്ഷണവേഗത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഈ വ്യതിയാനങ്ങള്‍ രചനയുടെ തലത്തില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ പുതിയ ഭാഷയും ആഖ്യാനസങ്കേതങ്ങളും ഭാവുകത്വങ്ങളും എങ്ങനെ പുതുവഴികള്‍ തേടിപ്പോകും എന്ന അന്വേഷണമാണ്, സര്‍ഗ സംവാദത്തിന്റെ കാതല്‍. നമ്മുടെ കാഴ്ചയുടെ ഭൂപടത്തിലും ജ്ഞാനസാങ്കേതികതയുടെ കടന്നു കയറ്റത്തിലും വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സഹൃദയെന്റെ സംവേദനാനുഭൂതികളെ നവീകരിക്കുന്നതില്‍ രചയിതാവ് നേരിടുന്ന വെല്ലുവിളികള്‍ സംവാദങ്ങളില്‍ സജീവവിഷയമാകും.


2013 ആഗസ്ത് 23 വെള്ളിയാഴ്ച ദുബായ്‌ ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ നോവല്‍, കവിത, കഥ എന്നീ ശാഖകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍, അവതരിപ്പിക്കപെടുന്ന വിഷയ്ങ്ങളിന്മേല്‍ നടക്കുന്ന സംവാദം ഇവിടുത്തെ സുഹൃദയര്‍ക്ക് പുതിയൊരു അനുഭവമാണ് കാഴ്ചവെയ്ക്കുക.നാട്ടില്‍ നിന്നെത്തുന്ന തലയെടുപ്പുള്ള എഴുത്തുകാരുടെയും സാംസ്കാരിക നായകരുടെയും നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ യു എ യി ലെ പ്രമുഖ എഴുത്തുകാരടക്കമുള്ള സഹൃദയ സദസാണ്, ഈ വാര്‍ഷിക സാഹിത്യ കൂട്ടായ്മയുടെ മറ്റൊരു സവിശേഷത.


വാഗ്മിയും സാംസ്കാരിക വിമര്‍ശകനുമായ കെ ഇ എന്‍, കവി പ്രഭാവര്‍മ, ചലച്ചിത്ര സാഹിത്യ പ്രതിഭ കെ മധുപാല്‍ എന്നിവരാണ് മുഖ്യാതിഥികള്‍. എസ് കെ പൊറ്റക്കാട് ജന്മശതാബ്ദി അനുസ്മരണ പ്രഭാഷണത്തോടെ ആരംഭിക്കുന്ന പൊതുപരിപാടി പ്രഭാവര്‍മ ഉത്ഘാടനം ചെയ്യും. പുസ്തക ചന്ത, കുലപതികളായ എഴുത്തുകാരെ ആദരിക്കുന്ന ചിത്രങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍ തുടങ്ങി ഉദ്യമത്തിന് ഉത്സവച്ചായപകരുന്ന സജ്ജീകരണങ്ങള്‍, എസ് കെ യുടെ തെരുവിന്‍റെ കഥയെ ആസ്പദമാക്കി അരങ്ങേറുന്ന ദൃശ്യാവിഷ്കാരം, ഇവയെല്ലാം “ദല” സാഹിത്യോല്സവത്തെ അവിസ്മരണീയമായ അനുഭവമാക്കിമാറ്റും