'കുട്ടികള്‍ക്കിണങ്ങിയ ലോകം' എന്ന വിശാലമായ സ്വപ്‌നം ഇന്ത്യ റിപ്പബ്ലിക്കായിട്ട് 68 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അകലെയാണ്. ദിനംപ്രതി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ തോത് വര്‍ദ്ധിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ഏതൊരു പൗരനും നിരവധി അവകാശങ്ങള്‍ നല്‍കുന്നതുപോലെ തന്നെ കുട്ടികള്‍ക്കും നിരവധി അവകാശങ്ങള്‍ നല്‍കുന്നുണ്ട്. ഈ രാജ്യത്ത് പഠിക്കാനും അഭിപ്രായം പറയാനും സഞ്ചരിക്കാനും സംഘടിക്കാനും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും തുടങ്ങി നിരവധിയായ അവകാശങ്ങള്‍.
വിദ്യാസമ്പന്നമായ നമ്മുടെ നാട്ടില്‍ ഇന്നും സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ സ്‌കൂളിലെത്താത്ത നാടാണിത്. അവര്‍ ക്രൂരമായ ബാലപീഡനങ്ങള്‍ക്ക് വിധേയരാവുകയാണ്. ഇന്ത്യയിലെ ആകെ കുട്ടികളുടെ വലിയൊരുവിഭാഗം ഇന്നും ബാലവേലയ്ക്ക് ഇരയാണ് എന്നുള്ള കണക്കുകളാണ് ഈയിടെ പുറത്ത് വന്നിട്ടുള്ളത്. ഈ ഇന്ത്യയിലെ നഗരപ്രദേശങ്ങളിലുള്ള 50% കൂടുതല്‍ കുട്ടികള്‍ ബാലവേല ചെയ്യുന്നവരാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ കണക്കനുസരിച്ച് പതിനഞ്ച് കോടിയോളം വരുന്ന കുട്ടികളും ബാലേവലയ്ക്ക് വിധേയരാകുന്നുണ്ട്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബാലവേല അതിഭീകരമായി തുടരുന്നത്. ലോക തൊഴില്‍ സംഘടന (ILO)യുടെ കണക്കനുസരിച്ച് പതിനൊന്ന് കുട്ടികളില്‍ ഒരു കുട്ടി ബാലവേല ചെയ്യുന്നു എന്നതാണ്. വിദ്യാലയങ്ങളില്‍ തന്റെ കൂട്ടുകാരനൊപ്പം കളിച്ചും ചിരിച്ചും അറിവു നേടേണ്ട സമയത്ത് നമ്മുടെ ഭാവി തലമുറ കൊടിയ ബാലപീഡനങ്ങള്‍ക്ക് വിധേയരാവുകയാണ്. ഈ സ്ഥിതി മാറേണ്ടതുണ്ട്. മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കണം. അതിനായി കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങള്‍ തടയാനായി ഫലപ്രദമായ സംവിധാനങ്ങളൊരുക്കാനും നടപ്പാക്കാനും സാധിക്കണം.
എന്നാല്‍ കേരളത്തില്‍ ഇന്ന് നാം കേള്‍ക്കുന്ന കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ വാര്‍ത്തകള്‍ ഒരിക്കലും ഒരു ജനാധിപത്യ കേരളത്തിന് ഭൂഷണല്ല. ജാതിയും മതവും വര്‍ഗ്ഗീയതയും അരാഷ്ട്രീയ ശക്തികളും ചേര്‍ന്ന് ബാല്യത്തെ ചൂഷണം ചെയ്യുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പിഞ്ചുബാല്യങ്ങളെ ഇരയാക്കുന്നു. കഴിഞ്ഞ മാസം കോഴിക്കോട് മുക്കത്ത് നിന്നും വന്ന വാര്‍ത്ത കേരള മനസാക്ഷിയെ ഞെട്ടിച്ചതാണ്. അഞ്ച് ബാങ്കുവിളി കേള്‍ക്കാതെ ജനിച്ച് വീണ കൈക്കുഞ്ഞിന് മുലപ്പാല്‍ നല്‍കരുതെന്ന വാര്‍ത്ത. ഏതൊരു ജനിച്ചു വീഴുന്ന കുഞ്ഞിന്റെയും അവകാശമാണ് പോഷകസമൃദ്ധമായ അമ്മയുടെ ആദ്യമുലപ്പാല്‍. എന്നാല്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ മുലപ്പാല്‍ നിഷേധിക്കുകയുണ്ടായി. പ്രതിദിനം പോഷാകാഹാരക്കുറവ് മൂലം 5000 ത്തോളം കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന നാടാണ് ഇന്ത്യ എന്ന് നാം ഒര്‍ക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ മേഖലയെ ഒരു മാര്‍ക്കറ്റാക്കി ലാഭം കൊയ്യാനായി പുത്തന്‍ മുഖമൂടിയിട്ടുകൊണ്ട് സ്വകാര്യ ലോഭികള്‍ കടന്നു വരികയാണ്. അറിവ് വിളയേണ്ട പാഠശാലകള്‍ ഇന്ന് ലാഭക്കൊതിയന്മാരായ കച്ചവടക്കാരുടെ കണക്കുപുസ്തകത്തിലേക്ക് ഒതുങ്ങുന്നു. വലിയ രീതിയില്‍ പ്രീപ്രൈമറി വിദ്യാലയങ്ങള്‍ കടന്നു വരുന്നു. ആടിയും പാടിയും കളിച്ചും കഥ പറഞ്ഞും രസിക്കേണ്ട ശൈശവത്തില്‍ എഴുതാനും വായിക്കാനും നിര്‍ബന്ധിക്കുന്നു. പ്രീപ്രൈമറി സ്‌കൂള്‍ ഇത്തരത്തിലുള്ള പാഠ്യശൈലി കുട്ടികളില്‍ വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ പ്രൈമറി ക്ലാസ്സിലെ അഡ്മിഷനുകള്‍ക്ക് പോലും ലക്ഷങ്ങള്‍ വാങ്ങുന്ന സ്ഥിതിയും വളര്‍ന്നുവരുന്നതായി കാണാനാവും. വിദ്യാര്‍ത്ഥികളുടെ സംരക്ഷണ കേന്ദ്രമാകേണ്ട വിദ്യാലയങ്ങള്‍ പോലും പീഡനകേന്ദ്രങ്ങളായി മാറുന്നത് ആശങ്കാജനകമാണ്. തിരുവനന്തപുരത്ത് ഒരു കുഞ്ഞിനെ പട്ടിക്കൂട്ടില്‍ അടച്ചത് ഇതിന് ഒരു ഉദാഹരണം മാത്രമാണ്. ഇംഗ്ലീഷ് മീഡിയമാണ് എല്ലാം എന്ന രീതിയില്‍ ഇന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അത് മാതൃഭാഷയില്‍ പഠിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്നു. ഇത്തരത്തില്‍ മാതൃഭാഷയില്‍ പഠിക്കാനുള്ള അവകാശം ഇംഗ്ലീഷ് മീഡിയങ്ങള്‍ കവര്‍ന്നെടുക്കുന്നത് ആശങ്കജനകമാണ്. ശാരീരികവും മാനസികവുമായ അവഹേളനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും കുഞ്ഞുങ്ങളെ ഇരയാക്കുന്ന വിദ്യാലയങ്ങള്‍ ബാലപീഡന കേന്ദ്രങ്ങളായി മാറുകയാണ്. ഇതിന് തടയിടാനാവണം.
ജാതി, മതി, വര്‍ഗ്ഗീയ സംഘടനകള്‍ കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ഇസ്ലാമിക ഭീകരവാദികള്‍ പെഷവാറിലെ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയതിന്റെ ഭാഗമായി പൊലിഞ്ഞുപോയത് നിരവധി കുരുന്നു ജീവനുകളായിരുന്നു. തന്റെ സഹോദരിയോടൊപ്പം സ്‌കൂളിലേക്ക് പോകുമ്പോള്‍ ഫഹദ് എന്ന പിഞ്ചുബാലനെ ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ കഴുത്തറുത്ത് കൊന്നത് നമ്മുടെ കാസര്‍ക്കോട് ജില്ലയില്‍ ആയിരുന്നു. ഗോമാംസത്തിന്റെ പേര് പറഞ്ഞ് ഹരിയാനയില്‍ രണ്ട് കുഞ്ഞുങ്ങളെ അഗ്നിക്കിരയാക്കിയതും സംഘപരിവാരത്തിന്റെ ക്രൂരത വെളിവാക്കുന്നു. ലോകത്ത് എവിടെയും യുദ്ധം കലാപങ്ങള്‍ തുടങ്ങിയവ നടന്നാല്‍ ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാവുന്നതും കുട്ടികള്‍ക്കാണ്. ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി നമ്മെ വിട്ടുപോയ രണ്ട് ബാല്യങ്ങള്‍ ഈ ലോക ജനതയെ ആകെ കണ്ണീരില്‍ കുതിര്‍ത്തതാണ്. 'മുഹമ്മദ് ഷഹായതും , ഐലന്‍ കുര്‍ദ്ദിയും'.
അരാഷ്ട്രീയ സംഘടനകള്‍ വലിയ രീതിയില്‍ വളര്‍ന്നുവരുന്ന സാഹചര്യമുണ്ട്. ഇത്തരത്തിലുള്ള സംഘടനകള്‍ വിജ്ഞാനമുള്ള തലമുറയെ ഭയപ്പെടുന്നു. ആയതിനാല്‍ സാമൂഹ്യബോധവും ശാസ്ത്രബോധവും ചരിത്രബോധവും കുട്ടികളില്‍ വളര്‍ത്തുന്നതില്‍ നിന്ന് പിടിച്ചുമാറ്റി. പകരം മദ്യത്തിന്റെയും ലഹരിയുടെയും ലോകത്തേക്ക് കുരുന്നുകളെ വലിച്ചിഴയ്ക്കുന്നു. ഇന്ന് ലഹരി മാഫിയയുടെ കണ്ണികളായി കുട്ടികള്‍ മാറുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ആയിതനാല്‍ ഇത്തരത്തിലുള്ള റാക്കറ്റുകളെ കണ്ടെത്തി ഇല്ലാതാക്കി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കേണ്ടതുണ്ട്.
സമൂഹത്തില്‍ ഒറ്റപ്പെട്ട കുഞ്ഞുങ്ങളുടെ ആശ്വാസകിരണമാകേണ്ട സംരക്ഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ ചില ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പീഡനകേന്ദ്രങ്ങളാകുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ആയതിനാല്‍ ഇത്തരത്തിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, അനാഥ അഭയ കേന്ദ്രങ്ങളായ അനാഥാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കര്‍ശനമായ സാമൂഹ്യ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാവണം പ്രവര്‍ത്തിക്കേണ്ടത്.
ഇതിനെല്ലാം പരിഹാരം കാണുന്നവിധം ഒരു സമഗ്രബാലനയം സര്‍ക്കാര്‍ പ്രഖ്യാപിക്കണം. അതുപോലെ തന്നെ കുട്ടികളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയും വിധം ഒരു ശിശുക്ഷേമ വകുപ്പ് രൂപീകരിക്കേണ്ടതുണ്ട്. എല്ലാ ബാലക്ഷേമ സമിതികളും പുനഃസംഘടിപ്പിക്കാനും കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാനും സാധിക്കണം. അതുവഴി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടാനും സാധിക്കേണ്ടതുണ്ട്.
എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും കുട്ടികള്‍ക്കായുള്ള ഗ്രന്ഥശാലകളും കളിസ്ഥലങ്ങളും കലാപഠനകേന്ദ്രങ്ങളും പാര്‍ക്കുകളും ഒരുക്കാനാവണം. കുട്ടികളുടെ വികസനപദ്ധതികള്‍ക്ക് ജനസംഖ്യാനുപാതികമായ പദ്ധതി വിഹിതവും ഉറപ്പുവരുത്തി ബാലാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്.
കുഞ്ഞുങ്ങള്‍ വിശന്നു കരയാത്ത പീഡിത ബാല്യത്തിന്റെ തേങ്ങലുകള്‍ ഉയരാത്ത മതവൈര്യങ്ങളും ജാതിസ്പര്‍ദ്ധകളും ഇല്ലാത്ത കുട്ടികള്‍ക്കിണങ്ങുന്ന കേരളം പടുത്തുയര്‍ത്താന്‍ നമുക്ക് ഒരുമിച്ച് പോരാടാം.
ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍