Divya Divakaran

പെണ്ണുങ്ങള്‍ ഒരുമ്പെടുന്ന കാലത്ത്..

പെണ്ണിന്റെ സ്വാതന്ത്ര്യം എന്തൊക്കെയാണ്? പരിധികളും പരിമിതികളും കടന്നു എപ്പോഴൊക്കെയാണ് അവര്‍ തങ്ങളുടെ ശക്തി, വ്യക്തിത്വം തിരിച്ചറിയുന്നത്? ആഘോഷങ്ങളില്‍ അഭിരമിക്കുന്ന സ്ത്രീകളുടെ കണക്കെടുത്താല്‍, ജീവിതത്തെ പ്രണയിക്കുന്ന സ്ത്രീകളുടെ കണക്കെടുത്താല്‍ നിരാശയായിരിക്കും ഫലം. (ആണിന്റെ കാര്യവും വ്യത്യസ്തമല്ല എന്നു തോന്നുന്നു.) സ്വയം മറന്ന് പൊട്ടിച്ചിരിക്കാന്‍ , നിരാശകളില്‍ പൊട്ടിക്കരയാന്‍ ഉള്ളിലുള്ള കുറ്റ ബോധത്തിന്റെ മാറാപ്പ് വലിച്ചിഴച്ച് പുറത്തിടാന്‍ , ദീനമായി കരയുവാന്‍ ആണിന് മദ്യമില്ലാതെ എന്താഘോഷം. എന്നാല്‍ സ്ത്രീകളുടെ ജീവിതം, ചിന്തകള്‍, ആവേശം, പൊട്ടിച്ചിരി, സ്വാതന്ത്ര്യ പ്രഖ്യാപനം എന്നിവയിലേയ്ക്കുള്ള ഒരു ചെറിയ നോട്ടം ആയിരുന്നു വാസ്തവത്തില്‍ ഫെബ്രുവരി 6ന് കോഴിക്കോട് നടന്ന പെണ്ണൊരുമ്പെട്ടാല്‍-പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം.

പെണ്ണൊരുമ്പെട്ടാല്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്നവരാണ് അധികം പേരും. ഒരുമ്പെട്ടവള്‍ എന്ന് നിരാശയോടെയും വെറുപ്പോടെയും സഹതാപത്തോടെയും വീടുകളിലും സിനിമകളിലും ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. തന്റേടികളായ സ്ത്രീകളായിരിക്കും മിക്കവാറും ഒരുമ്പെട്ടവള്‍ എന്ന വിളിക്ക് അര്‍ഹയായിട്ടുണ്ടാവുക. സ്വതന്ത്രമായി യാത്രചെയ്യുന്നവരും വഴിയില്‍ കണ്ടവരോടൊക്കെ സംസാരിച്ചു നില്‍ക്കുന്നവരും വൈകി വീടണയുന്നവരും ഒരുമ്പെട്ടവള്‍ ആയിത്തീരീറുണ്ട്. നിഗൂഢമായി പുഞ്ചിരിക്കുന്ന സ്ത്രീകളെ കാണാന്‍ എന്തു ഭംഗിയാണ്!!! സ്വന്തമായി ഒരു ലോകമുള്ളവര്‍ക്കേ അതിന് കഴിയൂ. എന്നാല്‍ ആ ലോകത്ത് ജീവിക്കുന്നവരും ഒരുമ്പെട്ടവള്‍ ആയിത്തീര്‍ന്നേക്കും. 'ഒരുമ്പെട്ടവന്‍' എന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

എന്തായാലും ഞങ്ങളും ഒരുമ്പെടാന്‍ തന്നെ തീരുമാനിച്ചു. മാനാഞ്ചിറയുടെ മരത്തണലില്‍ ഞങ്ങള്‍ ഞങ്ങളുടെ ചിന്തകളെ സ്വതന്ത്രമാക്കി. പറക്കുന്ന മനുഷ്യന്റെ (മാനാഞ്ചിറ മൈതാനത്തിന് ഒത്ത നടുക്കായി സ്ഥാപിച്ചിട്ടുള്ള പ്രതിമയ്ക്ക് ഞങ്ങള്‍ കൊടുത്തിരിക്കുന്ന പേര്) പിറകില്‍ ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു. ആരവത്തോടെയും ആകാംക്ഷയോടെയും വൈകുന്നേരങ്ങളെ, രാത്രികളെ, ഞങ്ങളുടേതാക്കി. കേവലം ഒറ്റ ദിവസം മാത്രമായിരുന്നില്ല ഞങ്ങളുടേത്. കാരണം അതിനുള്ള തയ്യാറെടുപ്പുകള്‍ തന്നെ കൂട്ടായ്മയുടെ സന്തോഷത്തില്‍ ആവേശമുള്ളതായിരുന്നു.

ഫെബ്രുവരി ആറ്‌സൗമ്യ കൊല്ലപ്പെട്ട ദിനം. ട്രെയിനില്‍ സഞ്ചരിക്കുന്ന ആര്‍ക്കും മറക്കാനാവില്ല. പേടിയോടെ ഇപ്പോഴും പാസഞ്ചറില്‍ യാത്രക്കാരുണ്ട്, ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലും. പരശുറാമിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റരന്റെ കാര്യം പറഞ്ഞാല്‍, എത്ര കഷ്ടപ്പെട്ടിട്ടായാലും ഉള്ളില്‍ കയറിപ്പറ്റിയാല്‍ ആശ്വാസമായി എന്ന മുഖഭാവമാണ് പലര്‍ക്കും. ഒരടി മുന്നോട്ട് വെയ്ക്കാന്‍ സ്ഥലമില്ലാതെ നിറഞ്ഞ് കവിഞ്ഞാലും വീണ്ടും അതിലേയ്ക്ക് സ്ത്രീകള്‍ തിക്കിത്തിരക്കുന്നത് ലേഡീസ് കമ്പാര്‍ട്ടമെന്റ് പെണ്‍ യാത്രക്കാര്‍ക്ക് ഒരഭയമാണെന്ന് ബോധത്താലാണ്. അത്രമാത്രം അരക്ഷിതമായാണ് അവരുടെ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. തങ്ങളാഗ്രഹിക്കാത്ത തൊടലും പിടിക്കലും ചാരി നില്‍ക്കലും ഉണ്ടാവില്ലല്ലോ എന്ന പകുതിയാശ്വാസം തീര്‍ച്ചയായും ഇവ നല്‍കുന്നുണ്ട്. ബസ്സില്‍ ലേഡീസ് സീറ്റുകള്‍, വഴിയരികില്‍ വിശ്രമിക്കാന്‍ വേര്‍തിരിച്ച ഇരിപ്പിടങ്ങള്‍, ആണിനേയും പെണ്ണിനേയും വേര്‍തിരിച്ച് സ്‌കൂള്‍ ബഞ്ചുകള്‍, പ്രാര്‍ത്ഥന ഹാളുകള്‍... ഇവ യഥാര്‍ത്ഥത്തില്‍ മതിലുകള്‍ തനെയല്ലേ. ഇത് പൊതു ഇടത്തില്‍ നിന്നുള്ള വേര്‍തിരിക്കലാണ്. സംരക്ഷണത്തിന്റെ പേരിലുള്ള തടവറകളാണ്. ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതി നിശ്ചയിക്കലാണ്.

സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി മുന്നോട്ട് വരുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും രാത്രിയില്‍ ഇറങ്ങി നടക്കുന്നത് തൊഴില്‍ ചെയ്യുന്നതുമൊക്കെ കൊണ്ടാണ് പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് ചില മഹാന്‍മാര്‍ സമീപകാലത്ത് പ്രസ്താവനകളിറക്കുകയുണ്ടായി. നിലവിലുള്ള ആണ്‍കോയ്മ ബോധത്തെ ഒന്ന് തൊട്ടുപോലും ശല്യപ്പെടുത്താതെ സ്ത്രീകള്‍ തന്നെയാണ് പീഡനങ്ങള്‍ക്ക് കാരണം എന്ന കാഴ്ച്ചപ്പാട് എതിര്‍ക്കേണ്ടതുണ്ട്.

തുല്യവ്യക്തികളായി നിലനില്‍ക്കേണ്ടുന്നതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ സമരത്തിലാണ് ഓരോ സ്ത്രീയും. സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ മതിയെന്ന ഫ്യൂഡല്‍ കാലത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് ഈ രാഷ്ട്രീയ സാമൂഹ്യ പ്രമുഖര്‍ ചെയ്യുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെയയും സമത്വത്തെയും ലക്ഷ്യമാക്കിയുള്ള സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് തുരങ്കം വെ്ക്കുന്ന കാഴ്ച്ചപ്പാടുകള്‍ ശക്തിയുക്തം എതിര്‍ക്കേണ്ടതായി വന്നു ചേര്‍ന്നിരിക്കുന്നു.

പൊതുവിടങ്ങളില്‍ ട്രെയിനില്‍, ബസ്സില്‍, വഴിയോരങ്ങളില്‍ പെണ്ണുങ്ങളിറങ്ങി അവകാശബോധത്തോടെയുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പെണ്‍പക്ഷക്കൂട്ടായ്മ ഉണ്ടാവുന്നത്. സ്വന്തം വ്യക്തിത്വം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ പെണ്ണൊരുമ്പെട്ടാല്‍ എന്ന പരിപാടി ആസൂത്രണം ചെയ്തത്.

യാത്ര ചെയ്യാനും തനിച്ചിരിക്കാനും പൊട്ടിച്ചിരിക്കാനും എങ്ങോട്ടെങ്കിലുമൊക്കെ നടക്കാനും സിനിമ കാണാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഒരുപാട് സംസാരിക്കുന്നതിനും ഇഷ്ടമുള്ളവര്‍ക്കൊപ്പം സ്വതന്ത്രമായി നടക്കുന്നതിനും ജോലിചെയ്തുകൊണ്ട് ഞങ്ങള്‍ക്കും അവകാശമുണ്ട് എന്ന പ്രഖ്യാപനം സ്ത്രീകളുടെ ഉള്ളില്‍ നിന്നുണരുമ്പോള്‍ അവരുടെ സര്‍ഗാത്മകമായ ഇടപെടല്‍ സാദ്ധ്യമാകുന്നു.

പബ്ലിക്ക് ലൈബ്രറിയുടെ മുറ്റവും കൊയിലാണ്ടിയിലെ ഒറ്റമുറി വീടും ചേവായൂരും ഞങ്ങളുടെ കൂട്ടായ്മയ്്ക്കിടങ്ങളായി. കലയും ബര്‍സയും ജയേച്ചിയും സ്മിതയും ചിന്തകള്‍ക്ക് ചിന്തേരിട്ടു. പോസ്റ്റര്‍ ഒട്ടിക്കാനും സാമ്പത്തിക സമാഹരണത്തിനും വഴക്കടിക്കാനും പൊട്ടിച്ചിരിക്കാനും ആശയ പ്രചരണത്തിനും രാത്രിയും പകലും ഞങ്ങള്‍ക്ക് തടസ്സമാടയില്ല. ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ചാട്ടുളി പോലെ കടന്നു പോകുന്ന പെണ്ണുങ്ങള്‍.. ഒപ്പം പാട്ടുകള്‍, കവിതകള്‍, നാടന്‍പാട്ടുകള്‍.. ചിലയിടങ്ങളില്‍ സംവാദമാകാം.. അഭിനയമാകാം.. ആവിഷ്‌ക്കാരമാകാം.. നാടകം തന്നെയുമാകാം എന്ന് കൂട്ടായി തീരുമാനിക്കപ്പെട്ടു.

ലഘുലേഖ വിതരണമായിരുന്നു മറ്റൊന്ന്. പിന്നെ ചിത്രങ്ങളിലൂടെ രാഷ്ട്രീയം പറയുകയാണെങ്കില്‍ അതും നന്നായിരിക്കും, ചിത്രകാരി മജ്‌നി കൂടെയുണ്ട്. ഗുരുവായൂരപ്പന്‍ കോളേജിലെ മല്ലിക ടീച്ചര്‍ മറ്റൊരു ആവേശമായിരുന്നു. ഹാഫ് ഡേ ലീവ് അറിയാതെ അറിയാതെ ടീച്ചര്‍ ഫുള്‍ ഡേ ലീവാക്കി മാറ്റി. ഓരോരുത്തരുടേയും ഉള്ളിലുള്ളതിനെ തുറന്ന് ചോദിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വ്യത്യസ്ത അനുഭവങ്ങളും ജീവിതരീതിയുമുള്ള പെണ്ണുങ്ങള്‍ അവരുടേതായ രീതിയില്‍ സ്വയം ആവിഷ്‌ക്കരിക്കപ്പെട്ടു. അപ്പോഴും ഞങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്ക് ഏകസ്വരമായിരുന്നു. 'സംരക്ഷണമല്ല സമത്വം തന്നെയാണ് വേണ്ട'തെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചു.

സൂര്യനെല്ലിയിലെ പെണ്‍കുട്ടി മുഖമില്ലാതെ പേരില്ലാതെ പതിനേഴ് വര്‍ഷങ്ങളായി ഇവിടെയുണ്ട്. പെണ്‍വാണിഭത്തിന് നല്ല മാര്‍ക്കറ്റ് നിലവിലുണ്ട്. വഴിപിഴച്ചവളെന്ന് കോടതിയും. ആദിവാസി കോളനികളില്‍ മദ്യം ഭരിക്കുന്നു. പെണ്‍കുട്ടികള്‍ അമ്മമാരായിക്കൊണ്ടിരിക്കുന്നു. കൂട്ട ബലാത്സംഗങ്ങള്‍ നിത്യേനയാവുന്നു. വാര്‍ത്തകള്‍ പോലുമല്ലാതാവുന്നു. പെണ്ണിനെ ശരീരം മാത്രമായി കണക്കാക്കുന്ന വിപണിയുടെ രാഷ്ട്രീയം തിരിച്ചറിയേണ്ടതും എതിര്‍ക്കേണ്ടതുമുണ്ട്. ആണ്‍കോയ്മാ ബോധം ഉയര്‍ത്തിപ്പിടിക്കുന്ന സിനിമകള്‍ മാതൃകകളായി മാറരുത്. തുല്യ പരിഗണനും സ്‌നേഹവും ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും വീടുകളില്‍ നിന്നും ലഭ്യമാക്കേണ്ടതുണ്ട്. പരസ്പര സ്‌നേഹവും സഹായവും ഇടകലര്‍ന്ന ജീവിതവും തുറന്ന ചിന്തകളുടെ പങ്കുവെയ്ക്കലും തുല്യമായ സമൂഹ സൃഷ്ടിക്ക് വഴിവെയ്ക്കും. നമ്മുടെ അമ്മമാരുടെയും പെണ്‍കുട്ടികളുടെയും ലോകം വീടും അടുക്കളയും ഭക്തിയും ശിശുപരിപാലനവും മൈക്രോഫിനാന്‍സുകളുടെ കണക്കുകൂട്ടലുകളിലും മാത്രമായി ചുരുക്കപ്പെട്ടുകൂടാ..

ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കാമ്പയിന്‍ എന്ന വിധമാണ് സൗമ്യദിനത്തെ ഈ പ്രചരണ പരിപാടി ഞങ്ങള്‍ ചിട്ടപ്പെടുത്തിയത്.

ഞങ്ങളുടെ കാമ്പയിന്റെ പ്രധാന ഭാഗം ട്രെയിന്‍ ബോഗിക്കുള്ളില്‍ അവതരിപ്പിച്ച നാടകമായിരുന്നു. സ്ത്രീപീഡന കേസുകള്‍ ഇരകളെ മാത്രം മാധ്യമങ്ങള്‍ ഫോക്കസ് ചെയ്യുകയും അങ്ങനെ മുഖവും പേരും മറച്ച് ജിവിതം ജീവിച്ച് തീര്‍ക്കേണ്ടി വരുന്ന ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ കുര്യന്‍മാര്‍ വിലസുന്നത് മനുഷ്യര്‍ക്ക് അപമാനമാണ്. ഇരയെന്ന് വിളിക്കാതെ തന്റേടത്തോടെസമൂഹത്തിന്റെ ഭാഗമായി സമരങ്ങളില്‍ പങ്കാളിയായി ഓരോ പീഡനക്കേസുകളിലും അകപ്പെട്ട പെണ്‍കുട്ടികള്‍ മാറേണ്ടതുണ്ട്. ഉന്നത സ്ഥാനങ്ങളില്‍ യാതൊന്നും നഷ്ടപ്പെടാതെ സസുഖം ജീവിക്കുന്ന മുഖമൂടി അണിഞ്ഞ ചെന്നായ്ക്കളെ പൊതു സമൂഹത്തിനുമുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്. ഉന്നതനും സാധാരണക്കാരനും ഒരേ നിയമം തന്നെ ആയിരിക്കണം. ഇരയെന്ന് വിളിച്ച് മറ്റി നിര്‍ത്താതെ തോളോട് തോള്‍ ചേര്‍ന്ന് പോരാടുന്ന സ്ത്രീശക്തിയായി പീഡിപ്പിക്കപ്പെടുന്ന ഓരോ പെണ്‍കുട്ടിയും സമൂഹത്തില്‍ ഇടപെടേണ്ടതുണ്ട്. ഇതായിരുന്നു കോഴിക്കോട് റെയില്‍വേസ്‌റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ വെച്ച് ആരംഭിച്ച് ഷൊര്‍ണ്ണുര്‍ റെയില്‍വേ സ്റ്റേഷന്‍വരെ ഏറനാട് എക്‌സപ്രസിനുള്ളില്‍ ഞങ്ങള്‍ കളിച്ച ചെറുനാടകം വെളിപ്പെടുത്തിയത്. അങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തിയത് നമ്മള്‍ തന്നെയാണ് എന്ന വിലയിരുത്തലും. അതിനാല്‍ മറഞ്ഞിരിക്കേണ്ടവളല്ല ഓരോ സ്ത്രീയും എന്നാണ് നാടകം മുന്നോട്ട് വെച്ചത്. ഒപ്പം

'നിങ്ങള്‍ നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ

നമ്മള്‍ അമ്മ പെറ്റതുപോലെ

എല്ലാരും അങ്ങനെ തന്ന്യാ'

എന്നിങ്ങനെയുള്ള വിജേഷ് എഴുതിയ പാട്ടിലൂടെ ഞങ്ങള്‍ യാത്രക്കരിലേക്കിറങ്ങി. അവര്‍ ഞങ്ങളിലേയ്ക്കും. പ്രകൃതിയെയും പെണ്ണിനെയും കുറിച്ച് സതിച്ചേച്ചിയുടെ കവിതും ട്രെയ്‌നിനുള്ളില്‍ മുഴങ്ങിക്കേട്ടു. പല ആശങ്കളും അഭിപ്രായങ്ങളും പങ്കുവെച്ച യാത്രക്കാര്‍ പൊതുവേ കാമ്പയിനില്‍ സജീവമായും ഗുണപരമായും ഇടപെട്ടു.

'തുമ്പി കളിച്ചു നടക്കണ പ്രായത്ത്

തുമ്പ പൂവ് പറിക്കണ കാലത്ത്

കാരമുള്ള കൊണ്ടു.... ഒരു കാരമുള്ള് കൊണ്ടു ബര്‍സ ട്രെയിനില്‍ അങ്ങേളമിങ്ങോളം ചലനം സൃഷ്ടിച്ചു. അഭിപ്രായ രൂപീകരണവും അവര്‍ക്ക് മറുപടിയും നല്‍കിക്കൊണ്ട് മാത്രമേ ഞങ്ങള്‍ക്ക് ട്രെയിന്‍ കാമ്പയിന്‍ നടത്താനാവുമായിരുന്നുള്ളു.

ലേഡീസ് കമ്പാര്‍ട്ടുമെന്റുണ്ടായിട്ടും ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറുന്നതെന്താ എന്ന ചോദ്യം പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടാവാറുണ്ട്. കൂടാതെ വെറുതെ തൊട്ടു പിടച്ചു എന്നുപറഞ്ഞ് ബഹളം വെയ്ക്കുന്നവര്‍ സ്ത്രീകളാണ്എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകളെയും സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര, ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലാണ് എന്നുമുള്ള വാദത്തെ പൊളിക്കുന്നതിനും ഞങ്ങള്‍ കാമ്പയിനില്‍ സമയം കണ്ടെത്തി. പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തോടുള്ള ഓര്‍മ്മപ്പെടുത്തലായി സൗമ്യയുടെ വിഷയം കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു.

വിവിധ തലങ്ങളിലുള്ള വ്യക്തികളടങ്ങിയ ഞങ്ങളുടെ കാഴ്ച്ചക്കാര്‍, കേള്‍വിക്കാര്‍ സമൂഹത്തില വിവിധ ആശയങ്ങളുടെ പ്രതിനിധികളായിരുന്നു. സ്ത്രീകളുടെ ഇത്തരത്തിലുള്ള പരിപടിയെ സന്തോഷത്തോടെ ഏറ്റുവാങ്ങിയ അവരില്‍ ഡല്‍ഹിയിലെ ജനമുന്നേറ്റത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നതും എതിര്‍ക്കാനുണ്ടായിരുന്നതും സ്ത്രീകള്‍ പുറത്തിറങ്ങുന്നതാണ് പ്രശ്‌നമെന്ന രീതിയില്‍ ലളിതവല്‍ക്കരിച്ച് സ്ത്രീ-പുരുഷ ബന്ധങ്ങളെ ഇല്ലാതാക്കി, സ്ത്രീകളെ തടവിലിടുന്ന സങ്കുചിത ബോധത്തോടായിരുന്നു.

സമത്വത്തിലേയ്ക്കുള്ള വഴികളാണ് ഓരോ സ്ത്രീയും തേടുന്നത്. സുരക്ഷിത വലയങ്ങളിലിരുന്ന് ലോകത്തെ കാണുന്ന വെറുമൊരു കാഴ്ച്ചക്കാരിയോ കേള്‍വിക്കാരിയോ ആവുകയെന്നതല്ല സ്ത്രീയുടെ ജീവിതം ആഗ്രഹിക്കുന്നത്. മറിച്ച് എല്ലാവിധ അവകാശങ്ങളോടും തുല്യ പൗരയായി മനുഷ്യയായി ജാവിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യേണ്ടത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അതില്‍ നിന്ന് പെണ്ണിനും ആണിനും മാറിനില്‍ക്കാനാവില്ല. അതിലേയ്ക്കായിരുന്നു പെണ്ണൊരുമ്പെട്ടാല്‍ പരിപാടിക്ക് വിരല്‍ ചൂണ്ടാനുണ്ടായിരുന്നത്.