S R Lal

മൂന്നു സ്ത്രീകള്‍

എപ്പോഴും കാറ്റ് മരങ്ങളെ ഇളക്കിക്കൊണ്ടിരുന്ന കുന്നിന്‍ ചരിവിലുള്ള ആ വീട്ടില്‍ മൂന്ന് സ്ത്രീകളായിരുന്നു താമസക്കാര്‍. താഴേക്ക് വീഴാതെ വീട് ചരിവിലെ ഭൂമിയെ ഇറുക്കെ പിടിച്ചിരിക്കുകയാണെന്ന് തോന്നിപ്പോവും. തെന്നിപ്പോന്നാല്‍ ഒരു മൈലോളം കുത്തിറക്കിമാണ്. ഈ ചരിവില്‍ എങ്ങനെയൊരു വീട് പണിയാനായി എന്നത് കാണുന്നവരെ അതിശയപ്പെടുത്തിയേക്കും. പാറക്കല്ലും മരത്തിന്റെ ഉരുപ്പടികളും ഓടുമൊന്നും തനിയേ ആ കയറ്റം കയറിപ്പോവില്ലല്ലോ വീടിന് കുറഞ്ഞത് പത്തറുപത് വര്‍ഷത്തെ പഴക്കം കാണും. വഴിയാണെങ്കില്‍ കാല്‍നടയ്ക്കായി തെളിഞ്ഞിട്ടേയുള്ളൂ. അതിന് ആ വഴി അധികമാരും പോകാറില്ല. ആ വീടു കഴിഞ്ഞൊരു ആള്‍പ്പാര്‍പ്പ് കാണണമെങ്കില്‍ താഴെ നിരപ്പിലേക്കു വരണം. അവിടെ ചത്തുപോയ നാണിയമ്മയുടെ മകന്‍ ശശിയാണ് താമസം. ഭാര്യ മക്കളെയും കൂട്ടി പിണങ്ങിപ്പോയതില്‍പ്പിന്നെ അവനിവിടെ ഒറ്റയ്ക്കാണ്. സ്ത്രീകളുടെ വീടിന് മുകളിലേക്ക് പോയിട്ടും കാര്യമില്ല. അവിടെ കാട്ടുമരങ്ങളും കുറ്റിച്ചെടികളും മല്‍സരിച്ച് വളരുന്നു. അതിനിടയില്‍ ചുള്ളി പെറുക്കാന്‍ പോയപ്പോഴാണ് നാണിയമ്മയെ വെള്ളിക്കെട്ടന്‍ കടിച്ചത്.


അച്ഛന്‍ മരിക്കുമ്പോള്‍ സ്ത്രീകളില്‍ മൂത്തവള്‍ക്ക് പ്രായം അമ്പത്തിയഞ്ചിനോടടുത്തിരുന്നു. മുടി ഒന്നൊഴിയാതെ നരച്ച് മുഖത്ത് ചുളിവുകള്‍ വീണ അവരെ കണ്ടാല്‍ പ്രായം പിന്നെയും എത്രയോ തോന്നും. മൂന്നുപേരിലും വച്ച് തടിച്ചതും സുന്ദരിയും അവരായിരുന്നു. ഇളയവര്‍ രണ്ടുപേരും ഇരട്ടപെറ്റപോലിരുന്നു. പല്ലുകള്‍ മുന്നോട്ടുന്തി മെലിഞ്ഞ് ചന്തമൊന്നുമില്ലാത്തവരായിരുന്നു അവര്‍.


നാണിയമ്മയെ കൂടാതെ ആ വീട്ടിലേക്ക് എത്തിയിരുന്നത് സ്ത്രീകളുടെ ഒരമ്മാവനായിരുന്നു. അയാള്‍ പലപ്പോഴും കുടയും പിടിച്ച് കുന്ന് കയറിപ്പോകുന്നത് കാണാം. വൈകിട്ടാകുമ്പോള്‍ മടങ്ങുകയും ചെയ്യും. അയാളെന്തോ അത്ര നല്ല പുള്ളിയല്ലെന്നാണ് നാണിയമ്മ ശശിയോട് പറഞ്ഞിട്ടുള്ളത്. പെണ്ണുങ്ങളുടെ അച്ഛന്‍ മരിച്ചതുമുതലാണ് അയാളിങ്ങനെ വന്നുപോകുന്നത്.


സന്ധ്യ കഴിഞ്ഞിട്ടും കാണാതായാല്‍ ശശി കറ്റച്ചൂട്ടും കെട്ടി നാണിയമ്മയെ വിളിക്കാനായി അവിടെ ചെന്നിരുന്നു. മൂന്നുപേര്‍ താമസിക്കുന്ന ഒരു വീടിന് തക്ക ആള്‍പ്പെരുമാറ്റമൊന്നും അവിടുണ്ടായിരുന്നില്ല. സ്ത്രീകളിലാരെങ്കിലും അവനോടൊന്ന് സംസാരിക്കുകയോ നോട്ടത്തിലൂടൊന്ന് പരിഗണിക്കുകപോലുമോ ചെയ്തിരുന്നില്ല - ഒരിക്കല്‍പോലും. ശശിയെ അല്‍ഭുതപ്പെടുത്തിയിരുന്ന വിചിത്രജീവികളായിരുന്നു അവര്‍. അങ്ങനെയൊരു നാളിലാണ് നാണിയമ്മയെ വെള്ളിക്കെട്ടന്‍ കടിച്ചതും മൂന്നാം നാള്‍ മരിച്ചതും.


നാണിയമ്മയുടെ മരണത്തിനുശേഷം വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാനായി റോഡിലേക്ക് വന്നിരുന്നത് ഇളയ രണ്ടു പെണ്ണുങ്ങളും ചേര്‍ന്നാണ്. എത്രയോ നാളായി അവര്‍ വന്നുപോകുന്നു. അവരുടെ സാന്നിധ്യം ആരുടെയെങ്കിലും സവിശേഷമായ ശ്രദ്ധയ്ക്കിടയാക്കിയതായി അറിവില്ല. രണ്ടുമൂന്നാഴ്ചത്തേക്കുള്ളത് ഒരുമിച്ച് വാങ്ങിപ്പോകാറാണ് അവരുടെ പതിവ്. തലയിലും ഇടുപ്പിലുമായി സാധനങ്ങള്‍ ചുമന്ന് സ്ത്രീകള്‍ കയറ്റം കയറിപ്പോവും. അന്ന് റോഡില്‍ കണ്ട കാഴ്ചകളെക്കുറിച്ചാവും മിക്കപ്പോഴും അവരുടെ സംസാരം.


'വെള്ളിക്കോട്ടെ ഉല്‍സവമായീന്ന് തോന്നണ്-ല്ലേച്ചി? കുരുത്തോലേം കമാനോക്കെ കെട്ടീരിക്കണ്.'


'അമ്മോടൊത്ത് പണ്ട് ഉല്‍സവത്തിന് പോയത് ഓര്‍മേണ്ടോ?'


'ചെറുതായിട്ട്.'


'അന്നൊരു ബാലേണ്ടായിരുന്നു. നീയൊറക്കം. രാവിലെ നിന്നേം ചൊമന്നാ അമ്മ തിരിച്ച് വന്നത്.'


രണ്ടാളും ഇത്തിരിനേരം നിന്ന് കിതപ്പാറ്റി.


ഏറ്റവും ഇളയവളുടെ പേരെന്തെന്നൊന്നും ശരിക്കറിയില്ല. ഭാര്യ പിണങ്ങിപ്പോയി, പിന്നെയും കുറെനാള്‍ കഴിഞ്ഞ്, അവന് അവളിലൊരു താല്‍പര്യം തോന്നി. സ്ത്രീകള്‍ റോഡിലേക്കു പോകുന്ന ദിവസങ്ങളില്‍ ശശി വഴിയില്‍ കാത്തുനിന്നു. അവളെ ആകര്‍ഷിക്കാനായി ചൂളംകുത്തുകയും കണ്ണടിച്ച് കാണിക്കുകയും ചെയ്തു. വേലയൊന്നും ഇല്ലാതിരുന്ന ഒന്നുരണ്ടവസരങ്ങളില്‍ അവന്‍ അവളുടെ വീടിന്റെ പരിസരത്ത് ചുമ്മാ ചുറ്റിത്തിരിഞ്ഞു.


മൂത്ത രണ്ടാളും ചേര്‍ന്ന് അമ്മാവന്റെ സന്ദര്‍ശനവേളയില്‍, അവരുടെ തീരുമാനമറിയിച്ചു. ഇളയവള്‍ക്കിപ്പോള്‍ വയസ്സ് മുപ്പത്തിയേഴെങ്കിലുമായിക്കാണും. അമ്മാവന്‍ കഠിനമായി ആലോചിച്ചുകൊണ്ട് മുറ്റത്ത് നടന്നു. വളരെ വൈകിയാണ് അയാളന്ന് മടങ്ങിയത്. അമ്മാവന്‍ പോയതും ഇളയവള്‍ കണ്ണീരും കൈയും തുടങ്ങി. ഞാന്‍ പോയാല്‍ നിങ്ങക്കാരാണ്? തൊട്ടുമൂത്തവള്‍ ആശ്വസിപ്പിച്ചു - ചേച്ചിക്ക് ഞാനില്ലേ?


എനിക്ക് നീയും നിന്റെ മക്കളും കാണൂല്ലേ


കരച്ചിലിനിടയിലും ഇളയവള്‍ക്ക് ചിരിക്കാന്‍ തോന്നി.


അമ്മാവനും അമ്മായിയും മകളും മാത്രമേ പെണ്‍വീട്ടില്‍നിന്നും വിശേഷിച്ച് വിവാഹത്തിനുണ്ടായിരുന്നുള്ളൂ. ചെറുക്കന്‍ വീട്ടില്‍ നിന്ന് കഷ്ടി പത്തുപേര്‍. അമ്മാവന്‍ തന്നെ എല്ലാറ്റിനും ഓടിനടന്നു. അമ്മായിയെ അവരാദ്യമായി കാണുകയായിരുന്നു. അമ്മാവനോളം പൊക്കം കുറഞ്ഞ്, വെളുവെളെയുള്ള സ്ത്രീയായിരുന്നു അവര്‍. അലമാരയില്‍ പാറ്റാഗുളികയുടെ മണം കനച്ചിരുന്ന, ഒരുപോലെ തോന്നിക്കുന്ന കോട്ടണ്‍ സാരികളാണ് സ്ത്രീകള്‍ ധരിച്ചിരുന്നത്. വിശേഷാവസരത്തില്‍ അണിയാനായി ദീര്‍ഘനാളായി മാറ്റിവയ്ക്കപ്പെട്ട അവയുടെ ആദ്യത്തെ അവസരമായിരുന്നു അത്. ഇളയവള്‍ക്കുള്ള വിവാഹവസ്ത്രവും ആഭരണവും അമ്മാവന്‍ വാങ്ങിയിരുന്നു. ഒന്നിനും ഒരു കുറവും വരാതിരിക്കാനായി, അമ്മയുടെ വസ്തുവകകള്‍ വില്‍ക്കാന്‍ അമ്മാവനെത്തന്നെയാണവര്‍ ഏല്‍പിച്ചിരുന്നത്. പട്ട് സാരിയും ആഭരണങ്ങളും അണിഞ്ഞുനില്‍ക്കുന്ന അവളെ കാണാന്‍ ഒരു രാജകുമാരിയെപ്പോലുണ്ടെന്ന് മൂത്തവള്‍ പറഞ്ഞു. അയാള്‍ക്ക് ലേശമൊരു കോങ്കണ്ണുണ്ടോന്ന് രണ്ടാമത്തവള്‍ ചേച്ചിയോടൊരു സംശയം സൂചിപ്പിച്ചു. ഏയ്, എനിക്കങ്ങനെ തോന്നണില്ല. ചേച്ചി തറപ്പിച്ച് പറഞ്ഞു.


വരനും കൂട്ടരും പോയിക്കഴിഞ്ഞപ്പോള്‍, സഹോദരിമാര്‍ ചെറിയൊരു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു. സദ്യയുടെയും വാദ്യത്തിന്റെയും ഇടപാട് തീര്‍ക്കാന്‍ പോയിവന്ന അമ്മാവനോട് മൂത്തവള്‍ നുണ പറഞ്ഞു: ഞങ്ങള്‍ക്കൊരു നേര്‍ച്ചയുണ്ട്. അമ്പലത്തില്‍ വെളുക്കുവോളം ഭജനമിരുന്നോളാന്നേ. അമ്മാവന്‍ വിശ്വസിച്ചു. ഭാഗ്യം. ഇളയവളപ്പോള്‍ ചിരിച്ചുപോകാതിരിക്കാന്‍ പാടുപെട്ടു. മൂത്തവള്‍, അമ്മാവന്‍ കാണാതെ അവള്‍ക്കൊരു പിച്ച് കൊടുത്തു.


അമ്മാവന് മനസ്സിലായോ എന്തോ? മൂത്തവള്‍ ഇളയവളുടെ അസ്ഥാനത്തുണ്ടായ ചിരിയെ കുറ്റപ്പെടുത്തി.


അമ്പലത്തിനുചുറ്റും നടന്നും കരിങ്കല്‍ പടിമേലിരുന്നും രണ്ടാളും നേരം വെളുപ്പിച്ചു. തന്റെ ജീവിതത്തില്‍ ഇത്രയും സന്തോഷം ഇതേവരെ ഉണ്ടായിട്ടില്ലെന്ന് ഇളയവള്‍ പറഞ്ഞപ്പോള്‍, ഞാനതുപറയാന്‍ നാക്കെടുക്കുകയായിരുന്നെന്ന് ചേച്ചി അറിയിച്ചു. പിന്നെയും എത്രയോ നാള്‍ അവരുടെ ചെറുജീവിതത്തിന് അര്‍ഥം നല്‍കാന്‍ ആ ദിവസത്തിനായി അമ്മായിയുടെ മകള്‍ ധരിച്ചിരിക്കുന്ന ആഭരണങ്ങളെയും അമ്മായിയുടെ നിറത്തെയും കുറിച്ച് പറയാന്‍ അവര്‍ പരസ്പരം ഉല്‍സാഹപ്പെട്ടു. ഇനിയങ്ങനൊന്നുണ്ടാവാന്‍ പോണില്ല. ചേച്ചി പറഞ്ഞതിനെ ശരിവച്ച്, നിരാശയോടെ ഇളയവള്‍ കിടക്കയിലേക്കു ചുരുണ്ടു.


ഇളയവള്‍ പോയതോടെ സ്ത്രീകളുടെ ജീവിതം കുറച്ചുകൂടി ഏകാന്തമായിത്തീര്‍ന്നു. മൂത്തവള്‍ക്കിപ്പോള്‍ വടിയുടെ സഹായത്തോടെ പുറത്തേക്കിറങ്ങാമെന്നേയുള്ളൂ. ജോലിയെല്ലാം ഇളയവള്‍ തന്നെയാണ് എടുത്തിരുന്നത്. കല്യാണത്തിനുശേഷം അമ്മാവന്‍ ആ വഴിക്ക് വന്നത് ഒരേയൊരു തവണയാണ്. കാറിലായിരുന്നു വരവ്. ഇത്രയും ദൂരം നടക്കാന്‍ കുറച്ച് പ്രയാസം തന്നെ എന്നയാള്‍ പരിഭവം പറഞ്ഞു. അമ്മാവന്‍ പോയപ്പോള്‍ സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ ഒരു കാര്യം വീണുകിട്ടി. അമ്മാവന്റെ കഴുത്തില്‍ വടംപോലെ കിടക്കുന്ന സ്വര്‍ണമാല. അത് ഏഴുപവനില്‍ കുറയില്ലെന്ന് ഇരുവരും ചേര്‍ന്ന് ഒടുവിലൊരു നിഗമനത്തിലെത്തി.


എപ്പോഴും മരങ്ങളെ ഇളക്കിക്കൊണ്ടിരിക്കുന്ന കാറ്റിന്റെ കാരുണ്യം മാത്രം ലഭിച്ചുകൊണ്ടിരുന്ന സ്ത്രീകള്‍ ഒരുനാള്‍ നാട്ടുകാരുടെ ശ്രദ്ധയാകര്‍ഷിക്കുക തന്നെ ചെയ്തു. കുറ്റിച്ചെടികളും വള്ളികളും ചേര്‍ത്ത് ആ വീടിനെ പൂര്‍ണമായും ലോകത്തില്‍നിന്നും മറച്ചു വച്ചിരുന്നിട്ടുകൂടി, എന്തോ ചീഞ്ഞുനാറുന്ന വാട ദിവസംമുഴുവന്‍ നീളുന്ന മദ്യപാനജീവിതത്തിനിടയിലും ശശി അറിഞ്ഞുകൊണ്ടിരുന്നു. അവനതിനെക്കുറിച്ചൊന്നും ഉല്‍ക്കണ്ഠപ്പെടാന്‍ പോയില്ല. എന്നാല്‍ കാറ്റ്, ദാക്ഷിണ്യം കൂടാതെ ദുര്‍ഗന്ധത്തെ താഴേക്ക് പറത്തിവിട്ടുകൊണ്ടിരുന്നു. നാറ്റം സഹിക്കാന്‍ വയ്യാതായപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ അന്വേഷിച്ചെത്തി. ശശിയെയും വിളിച്ചവര്‍ കുന്നുകയറി. ഇളയവളെ കെട്ടിച്ചു വിട്ടതോടെ അവനാ ഭാഗത്തേക്കുള്ള ശ്രദ്ധ അവസാനിപ്പിച്ചിരുന്നു.


ദുര്‍ഗന്ധം പൊട്ടിപ്പരക്കുന്ന വീട് അകത്തുനിന്നും പൂട്ടിയിരുന്നു. അകത്ത് ഒച്ചയനക്കമൊന്നുമില്ല. രണ്ടും കൂടി കെട്ടിത്തൂങ്ങി ചത്താരിക്കും, മനുഷ്യനെ മെനക്കെടുത്താന്‍ - ശശി ആരോടെന്നില്ലാതെ പിറുപിറുത്തു. ഉച്ചയോടെ പോലീസുകാരെത്തി. വാതില്‍ ചവിട്ടിപ്പൊളിക്കുമ്പോള്‍, നാറ്റത്തിന്റെ ചുഴലി അവിടാകെ വീശിയടിച്ചു. പോലീസുകാര്‍ തമ്മില്‍ത്തമ്മില്‍ ചീത്ത വിളിച്ച് പരിസരത്തെ ലഘുവാക്കാന്‍ ശ്രമിച്ചു. മരിച്ചവളെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട് മൂത്തവള്‍ ഒരു പ്രതിമപോലെ സമീപം ഇരിക്കുന്നുണ്ട്.


വാതില്‍ തുറന്നതോടെ കൌതുകം അവസാനിച്ച് ജനക്കൂട്ടം പിരിഞ്ഞു. പോലീസുകാരില്‍ പ്രായം ചെന്നയാള്‍ ആരെയെങ്കിലും അറിയിക്കാനുണ്ടോ എന്നു ചോദിച്ചപ്പോള്‍ പെണ്ണുംപിള്ള ഇല്ലെന്ന് തലയാട്ടി. കുറച്ചുമുന്‍പ് ആര്‍ത്തിയോടെ കുടിച്ച ചൂടുവെള്ളത്തിന്റെ ബലത്തില്‍ 'എനിക്കിനിയാരുണ്ട്' എന്നവര്‍ ഒന്നോ രണ്ടോ വട്ടം വിലപിച്ചു. കൃത്യനിര്‍വഹണത്തിനുശേഷം മടങ്ങുമ്പോള്‍ പോലീസുകാരിലൊരാള്‍ ഇനിയൊരു തവണ കൂടി മെനക്കെടേണ്ടി വരുന്നതിനെപ്പറ്റി ആകുലപ്പെട്ടു.


ശശി കുന്നിറങ്ങിപ്പോരുമ്പോള്‍ മഴ തൂവുന്നുണ്ടായിരുന്നു. ആ മഴയാണ് പിന്നെ ഒരാഴ്ചയോളം തോരാതെ നിന്നത്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍, മദ്യത്തെ സ്നേഹിച്ച്, മഴയെ ശപിച്ച് ശശി വരാന്തയില്‍ത്തന്നെ ചുരുണ്ടുകൂടിയിരുന്നു. അലസമായി കുത്തിപ്പിടിച്ചിരുന്ന ഒരു വേളയില്‍, കുന്നിന്‍മുകളിലെ സ്ത്രീയെപ്പറ്റി അവനോര്‍മവരികയും ഒരുള്‍പ്രേരണയാലെന്നവണ്ണം അവിടേക്ക് നടക്കുകയും ചെയ്തു.


ചെറിയ വഴിയില്‍ നിലാവ് വീണുകിടന്നു. മഴയപ്പോഴും പെയ്യുന്നുണ്ട്. വീടിനു മുന്നിലെത്തുമ്പോള്‍ ഉരഗത്തിനുമേല്‍ ചവിട്ടിയപോലെ അവനൊന്നുലഞ്ഞു. വിഭ്രമിപ്പിക്കുന്ന കാഴ്ചയിലവന്‍ തണുത്തങ്ങനെ...


ഇറയത്തിരുന്ന് ഭക്തിസാന്ദ്രമായി നാമം ചൊല്ലുകയാണവര്‍. അതെ, അവരൊറ്റയ്ക്കല്ല; രണ്ടു പേരുണ്ട്. അതിലൊരാള്‍ കെട്ടിച്ചുവിട്ട ഏറ്റവും ഇളയവളല്ലെന്ന് അവനുറപ്പായും വിശ്വസിക്കുന്നു.