Gopakumar Pb

മഴ
പുകനാളങ്ങളില്‍ വെള്ളിക്കോലുകള്‍ വിളഞ്ഞിരുന്ന മേല്‍ക്കൂര,

രാത്രി പെയ്തൊഴിയുമ്പോള്‍,

അമ്മയുടെ ഉറക്കത്തെപ്പറ്റി വ്യാകുലപ്പെടാനറിയാത്ത

മഴക്കാലങ്ങളായിരുന്ന, ബാല്യം

 

അമ്മയുടെ ശ്വാസ നിശ്വാസങ്ങളുടെ നേര്‍ത്തുവരുന്ന ഇടവേള

ഹൃദയമിടിപ്പുകൊണ്ടളന്ന്

ജാലകം വഴി വരുന്ന മിന്നല്‍പ്പിണരുകളില്‍

ഉറങ്ങാത്ത മുഖം നോക്കി

മിഴിപൂട്ടാതെ കിടന്ന മഴക്കാലങ്ങളായിരുന്നു, കൗമാരം

 

അമ്മയുടെ നെഞ്ചിന്‍കൂടിലെ

ദുന്ദുഭി നാദത്തിന്

താരാട്ടിന്റെ ഈണമില്ലെന്നു

പരിഭവിക്കുന്ന പ്രിയതമയുടെ

അസംതൃപ്തികളില്‍

നനഞ്ഞ മഴക്കാലങ്ങളായിരുന്നു, യൗവ്വനം

 

ഓരോ മഴയുമളക്കാന്‍

നെഞ്ചിന്‍കൂട്ടിലെ

മഴമാപിനികള്‍ ശബ്ദിക്കുമ്പോള്‍

ഉറക്കെ പ്രാകുന്ന

മക്കളെയോര്‍ത്തുള്ള വ്യാകുലതകളാണിന്ന് മഴക്കാലം

 

മഴ ഇപ്പോഴും പെയ്യുന്നുണ്ട്

ഇടതടവില്ലാതിരമ്പി

അതെന്റെ വര്‍ത്തമാനത്തില്‍ നിന്ന്

ഭൂത, ഭാവികളെ ഒഴുക്കിക്കളഞ്ഞിരിക്കുന്നു