Dr Sunaina Shahida Ikbal

കിഷന്‍ഗഡ് 95, ന്യൂ ഡല്‍ഹി എന്റെ തെരുവ്
മണങ്ങള്‍ മാസ്മരികതകളാണ്
ഇത് മണങ്ങളോടുള്ള ആര്‍ത്തിക്കാലം
മനുഷ്യ മണങ്ങളോടുള്ള ആര്‍ത്തിക്കാലം
മഹാമാരിക്കാലം.

ഓരോ പുലരിയിലും സന്ധ്യയിലും
എന്റെ ബാല്‍ക്കണിയോട്ടങ്ങള്‍ ...
ആവുന്നത്ര ആവാഹിക്കാന്‍,
ഡല്‍ഹിയിലെ ഈ വേനല്‍ക്കാറ്റിനെ...
നനവില്ലാത്ത, കനിവില്ലാത്ത
ഈ മേടക്കാറ്റിനെ...
അതിലെ ഓരോ മണവും ഇഴപിരിച്ചെടുക്കാന്‍ ...
ഈ തെരുവിലെ ശേഷിക്കുന്ന മണങ്ങള്‍...

വീട്ടകങ്ങളില്‍ വെള്ളമെത്തിക്കുന്ന
ഇതുവരെ പേരുചോദിച്ചിട്ടില്ലാത്ത
പാനി വാലാ ഭയ്യയുടെ
ആ പഴയ സ്‌കൂട്ടറിന്റെ മണം...

കുടിവെള്ളക്കുപ്പികള്‍ താങ്ങി വരുന്ന,
തുളകള്‍ വീണ കുപ്പായമിട്ടെത്തുന്ന
ചുമരിലെ 'ചെ' യെ കണ്ട്
'ദീദി എനിക്കൊരു പടം വരച്ചു തരാമോ'
എന്ന് ചോദിക്കുന്ന
ടിങ്കുവിന്റെ ഊര്‍ജ്ജത്തിന്റെ മണം ...

വില പേശി പേശി കൂട്ടുകൂടിയ
പലചരക്കു കടയിലെ
സമപ്രായക്കാരന്റെ ഉത്സാഹത്തിന്റെ മണം ...

കട ചെറുതായതിനാല്‍
എന്നും സാമൂഹ്യ അകലത്തിനിരയായ
പച്ചക്കറിക്കാരി ദീദിയുടെ
ചിരിയുടെ മണം...

അപ്പുറത്തെ ബാല്‍ക്കണിയില്‍ നിന്നും
ഗവേഷക വിദ്യാര്‍ത്ഥിനികളുടെ
ഫോണ്‍ വിളികളുടെ മണം...
കല്യാണ പ്രതിരോധങ്ങളുടെ,
പെണ്‍ സ്വപ്നങ്ങളുടെ മണം...

ഇതിലെല്ലാം അലിഞ്ഞു ചേര്‍ന്ന
എന്റെ മണവും
ഇടയില്‍ അറിയുന്ന അസാന്നിദ്ധ്യത്തിന്റെ മണങ്ങളും

ഓടക്കുഴലൂതി കളിപ്പാട്ടം വില്‍ക്കുന്ന
ചുരുണ്ട മുടിക്കാരന്‍
പാട്ടു വണ്ടിയില്‍ പോപ്‌കോണ്‍ വില്‍ക്കുന്ന
തലേക്കെട്ട്കാരന്‍
ഞായറാഴ്ച്ച പാട്ടു പ്രാര്‍ത്ഥന ചേച്ചിമാര്‍
അങ്ങനെയങ്ങനെ കാത്തു കാത്തിരിക്കുന്ന
എത്രയെത്ര മണങ്ങള്‍...

തിരിച്ചു വരും ...

രാവേറെ നീളുന്ന ഈ തെരുവിന്റെ
ബഹളങ്ങള്‍ ...നിറങ്ങള്‍...
പ്രകാശങ്ങള്‍... പൊട്ടിച്ചിരികള്‍ മണങ്ങളും !
അതിജീവനത്തിന്റെ വശ്യതയുമായി!
ചെറുത്തു നില്‍പ്പിന്റെ മഷാലുമേന്തി!

Dr. Sunaina Shahida Ikbal
Assistant Professor
Ambedkar University Delhi
New Delhi