Dr Deepa Bijo Alexander

ഉപേക്ഷിക്കപ്പെട്ട നഗരത്തില്‍

വിലക്കുകളുടെ

ചുവപ്പു താണ്ടി

ഉപേക്ഷിക്കപ്പെട്ട നഗരത്തില്‍

വീണ്ടുമൊരു നടത്തം.

 

തകര്‍ന്നടിഞ്ഞ

ചീട്ടുമേടകള്‍ക്കടിയി-

ലടങ്ങിയിട്ടില്ല;

അമര്‍ത്തി വച്ച നിലവിളിയുടെ-

യലയൊലികള്‍

 

പായലടരില്‍

മറഞ്ഞു കാണും

വഴി മതിലില്‍

ചേര്‍ത്തെഴുതിയ പേരുകള്‍

 

തൊട്ടു പോയാല്‍

പൊറ്റയൂര്‍ന്നു

നഗ്നമാകും മുറിവുകളെന്നു

വിറച്ചു നില്പ്പുണ്ട്

ഇലപെയ്യും മരങ്ങള്‍ക്കു പിന്നില്‍

കുളിരൊഴിഞ്ഞൊരു കാറ്റ്.

 

തനിച്ചല്ലെന്നു തോന്നിപ്പിച്ച്

ചവിട്ടടിയില്‍

കരിയിലക്കരച്ചില്‍.

 

വളവുകളില്‍

മാഞ്ഞു പോകുന്നു

മടക്കത്തിന്റെ വഴികള്‍ .

 

ഇരുള്‍പ്പൊത്തിറങ്ങി-

യുള്ളംകാലുരുമ്മി

ഉടല്‍ വരിഞ്ഞു

പടരുന്നു

ഓര്‍മയുടെ വിഷദംശനം.

 

നൊന്തുണരാന്‍ മാത്രം

വീണ്ടുമൊരു മരണം.