Babu Ramachandran

പ്രതിബദ്ധത-പാഷ് (പഞ്ചാബി)
പേരിനു മാത്രമായുള്ള ഒന്നുംതന്നെ

നമുക്കാര്‍ക്കും ഇഷ്ടമല്ല.

പുറംകയ്യില്‍ വലിഞ്ഞുപിടിക്കുന്ന പേശികളോ,

പോത്തിന്റെ പുറത്ത് തെളിഞ്ഞുകാണുന്ന

അടിയുടെ പാടുകളോ,

കടപ്പത്രങ്ങളുടെ താളുകളില്‍

വിശുദ്ധിയോടെ ചുരുണ്ടുകൂടിക്കിടക്കുന്ന

നമ്മുടെ ഭാവിയോ,

അങ്ങനെ ഒന്നും...

 

കാറ്റും വെളിച്ചവും മേഘങ്ങളുമൊക്കെ

വീട്ടിലും പറമ്പിലുമെല്ലാം നമുക്കൊപ്പം

സദാ ഉണ്ടായിരിക്കുമ്പോലെ

നിയമവും, നമ്മുടെ വിശ്വാസങ്ങളും സന്തോഷവും

എല്ലാം എപ്പോഴും കൂടെത്തന്നെ കാണണം...

 

അല്ല, നമ്മളാരാ മക്കള്..

നമ്മക്കെല്ലാം അതേപടി തന്നെ വേണം..

 

കെട്ടിച്ചമച്ച ഒന്നും നമുക്ക് വേണ്ട -

വ്യാജവാറ്റുകേസിലെ വളച്ചൊടിക്കപ്പെട്ട

ദല്ലാളിന്റെ മൊഴികളോ,

കണക്കപ്പിള്ളക്കുണ്ടെന്നു പറയപ്പെടുന്ന

ആത്മാര്‍ഥതയോ,

മൂന്നാമന്മാരുടെ സത്യം ചെയ്യലുകളോ

ഒന്നും വേണ്ട നമുക്ക്..

 

നമുക്ക് വസ്തുതകളെല്ലാം

അപ്പപ്പോള്‍ ഉള്ളംകയ്യില്‍ വെച്ചു കിട്ടണം..

കരിമ്പിന്‍ ചക്കരയില്‍ ചേരുന്ന

ഒരിത്തിരി ഉപ്പുരസംപോലെ

ഹുക്കയിലെരിയുന്ന പുകയിലപോലെ,

ചുംബിക്കുമ്പോള്‍ അധരങ്ങളില്‍

പ്രണയിതാക്കളനുഭവിക്കുന്ന

ചരടുകള്‍ പോലെ, എല്ലാം നമുക്ക് വേണം..

 

എന്നാല്‍

പോലീസുകാരന്റെ ലാത്തിത്തലപ്പില്‍

തൂങ്ങിപ്പിടിച്ച് വായിക്കാന്‍

പുസ്തകങ്ങള്‍ ആര്‍ക്കും വേണ്ട,

പട്ടാളബൂട്ടുകള്‍ മുഴക്കുന്ന

സംഗീതം ഇവിടാര്‍ക്കും വേണ്ട..

എല്ലാവര്‍ക്കും,

തുടിക്കുന്ന വിരല്‍ത്തുമ്പുകള്‍ കൊണ്ട്

മരങ്ങള്‍ക്ക് മുകളിലായി

അലയടിക്കുന്ന പാട്ടുകളെ

ഒന്നു തൊട്ടുനോക്കണം..

 

ടിയര്‍ഗാസിന്റെ കയ്പ്പോ, അല്ലെങ്കില്‍

നിരത്തില്‍ വീണുകിടക്കുമ്പോള്‍

നാക്കത്തുപടരുന്ന

സ്വന്തം ചോരയുടെ ചവര്‍പ്പോ

ഒന്നും ആര്‍ക്കും ഇഷ്ടമല്ല..

 

എന്നിരുന്നാലും

പേരിനു മാത്രമായുള്ള ഒന്നുംതന്നെ

നമുക്കാര്‍ക്കും ഇഷ്ടമല്ല.

എല്ലാം അതേ പടി തന്നെ വേണം ..

ജീവിതമോ സോഷ്യലിസമോ,

അങ്ങനെ എന്തുതന്നെയായാലും..