M S Anupama

'ത്ര' എന്ന സാര്‍വത്രിക പ്രശ്‌നം !

ഞാനും ഒരു മനുഷ്യജീവിയാണെന്ന് നിനക്കറിയാഞ്ഞല്ല.
പക്ഷേ മനുഷ്യത്വത്തേക്കാള്‍ മേലെയാണ് പുരുഷത്വം എന്ന് മുന്നേ നീ ഉറപ്പിച്ചുപോയി.


- തല്‍പ്പം, സുഭാഷ് ചന്ദ്രന്‍.


images


ത്ര


എന്ന സാര്‍വത്രിക പ്രശ്‌നം


സാര്‍വത്രിക പ്രശ്‌നം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ജലക്ഷാമം മുതല്‍ ആഗോളതാപനം വരെയുള്ള വിഷയങ്ങളാകും നമ്മുടെ മനസില്‍ ആദ്യമെത്തുക. എന്നാല്‍ സ്ത്രീകള്‍ക്ക്, മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്ത്രീകള്‍ക്കെങ്കിലും, ഈ സാര്‍വത്രിക പ്രശ്‌നം എന്ന വാക്കിന് അമോണിയയുടെ മണം കലര്‍ന്ന മഞ്ഞ നിറമാണ്. ത്ര എന്ന അക്ഷരത്തില്‍ തട്ടി നില്‍ക്കുന്ന നീറുന്ന സാര്‍വത്രിക വിഷയം അവര്‍ക്കു മൂത്രമാണ്. ചുവപ്പു ബീക്കണ്‍ കാറില്‍ ഏസിയുടെ കുളിര്‍മയില്‍ സഞ്ചരിക്കുന്ന മന്ത്രി മുതല്‍ മീന്‍വെള്ളം കെട്ടിനില്‍ക്കുന്ന തറയില്‍ പീഞ്ഞപ്പലകയിലിരുന്ന് മീന്‍കച്ചവടം ചെയ്യുന്ന എല്‍സിചേച്ചി വരെ നേരിടുന്ന പൊള്ളുന്ന പ്രശ്‌നം. മൂത്രമൊഴിക്കാന്‍ ഇടമില്ല എന്ന പ്രശ്‌നം.


images (1)


'ത്ര'യിലേക്കു തന്നെ മടങ്ങിവരാം. എത്ര അടക്കിപ്പറഞ്ഞാലും ത്ര എന്ന അക്ഷരം മുഴച്ചു കേള്‍ക്കും എന്നതായിരുന്നു പലപ്പോഴും പെണ്‍കുട്ടികള്‍ സ്‌കൂളില്‍ നേരിട്ടിരുന്ന നാണംകെടുത്തുന്ന ഒരു പ്രശ്‌നം. അങ്ങനെ നിറഞ്ഞ ക്ലാസ്മുറിയില്‍ ത്ര പറയാനുള്ള മടികൊണ്ടും 'ത്ര' കളയാന്‍ മൂത്രപ്പുര ഇല്ല എന്ന യാഥാര്‍ഥ്യം കൊണ്ടും ഹൈസ്‌കൂള്‍ എത്തുമ്പോഴേക്കും ശരാശരി ആറു മണിക്കൂര്‍ നേരം മൂത്രം അടക്കിപ്പിടിക്കാനുള്ള ഒരു അമാനുഷിക കഴിവ് നമ്മുടെ പെണ്‍കുട്ടികള്‍ നേടിയിരിക്കും. പിന്നീട് കൗമാരം കൊണ്ടുവരുന്ന ആര്‍ത്തവവും കൂടിയാകുമ്പോഴേക്കും വലിയൊരു ശതമാനം സ്ത്രീകളും കിഡ്‌നി, മൂത്രാശയ രോഗങ്ങള്‍ മൂതല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇരകളാകുന്നു. പ്രാഥമിക ശങ്ക നിര്‍വഹിക്കാന്‍ സ്ഥലമില്ല എന്ന അടിസ്ഥാന പ്രശ്‌നം സ്ത്രീകള്‍ പൊതുരംഗത്ത് ഇടപെടുന്നത് വലിയൊരളവില്‍ വര്‍ദ്ധിച്ച കഴിഞ്ഞ നാലു ദശകങ്ങളായി ആരുടേയും ശ്രദ്ധ കിട്ടാതെ കിടക്കുകയാണ്. ഒരേ വീട്ടിലെ അമ്മൂമ്മമാര്‍ മുതല്‍ പേരക്കുട്ടികള്‍ വരെ അനുഭവിക്കുന്ന ഈ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടാകും എന്ന പ്രതീക്ഷ പോലും നമ്മുടെ സ്ത്രീകള്‍ക്ക് ഇല്ലാതെയായിരിക്കുന്നു എന്നിടത്താണ് പ്രതികരണങ്ങള്‍ പ്രത്യാശ നല്‍കുന്നത്.


toilet


സോഷ്യല്‍ മീഡിയയുടെ വരവോടെ സ്വന്തമായി ഒരു ചുവര് എന്ന വലിയ ആകാശം സാധാരണ ജനങ്ങള്‍ക്കു തുറന്നുകിട്ടി. കുടുംബചിത്രങ്ങള്‍, പത്രാധിപര്‍മാരെ കാണിക്കാന്‍ താല്‍പ്പര്യപ്പെടാത്തതോ ധൈര്യപ്പെടാത്തതോ ആയ സ്വയംകൃത സാഹിത്യം, സിനിമാ നിരൂപണം തുടങ്ങിയ വഴികളിലൂടെ തട്ടിത്തടഞ്ഞ് കേരളത്തിലെ സമൂഹമാധ്യപ്രവര്‍ത്തകര്‍ നമ്മുടെ സ്വന്തം മുല്ലപ്പൂവിപ്ലവത്തിന്റെ പാതയിലേക്കു കടന്നിരിക്കുകയാണ്. ഒരു പത്രാധിപര്‍ക്കുള്ള കത്തിലോ ചാനല്‍ പ്രതികരണത്തിലോ ഒതുങ്ങുമായിരുന്ന സ്‌പെയിസ് വൈള്‍ഡ് വൈഡ് വെബ്ബിന്റെ അനന്തസാധ്യതകളോടെ പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. സ്വന്തം പ്രശ്‌നങ്ങള്‍ അധികൃതരുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ശ്രദ്ധയില്‍ എത്തിക്കാനുള്ള അവസരം ഓരോ വ്യക്തിക്കും വര്‍ഗത്തിനും ലഭിച്ചിരിക്കുന്നു, അതവര്‍ ഉപയോഗിക്കുന്നു.


download


അത്തരം ഒരു പ്രതികരണത്തിന്റെ ഭാഗമായാണ് സ്ത്രീകള്‍ അവരുടെ ഈ അടിസ്ഥാന പ്്രശ്‌നം തുറന്നുപറഞ്ഞു തുടങ്ങിയത്. തുടര്‍ന്ന് നിരവധി പേർ ശുചിത്വവും സുരക്ഷിതത്വവുമുള്ള മൂത്രപ്പുരകള്‍ എന്നത് മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി മുന്നോട്ടുവന്നു. വിവിധ ഭാഗങ്ങളില്‍നിന്നുള്ള യോജിപ്പും ഐക്യദാര്‍ഢ്യവുമായി പെട്ടന്നു തന്നെ ശ്രദ്ധനേടിയ ഈ അസംഘടിത കാംപെയിനിനോട് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. അതോടെ സ്വകാര്യ വ്യക്തികളുടെ തലത്തില്‍ ഒതുങ്ങിനിന്ന ഈ ചര്‍ച്ച് മുഖ്യധാരാ മാധ്യമശ്രദ്ധ നേടുകയായിരുന്നു.


download


'ആ'ശങ്കയോടു പ്രതികരിച്ച പിണറായി വിജയന്‍ ഇങ്ങനെ കുറിക്കുന്നു :


IN25_VSS_PINARAI_14297e


നിലവില്‍ നമ്മുടെ നാട്ടില്‍ പൊതു ടോയിലറ്റുകളുടെ അവസ്ഥയും എണ്ണവും ദയനീയമാണ്. വളരെ ഗൌരവമായി പരിഗണിക്കപ്പെടേണ്ട വിഷയമാണിത്.


പൊതുസ്ഥലത്തെ ടോയിലേറ്റ് വിഷയം മാത്രമല്ല, കേരളത്തിലെ മിക്ക കോളേജുകളിലും സ്‌കൂളുകളിലും ഇതൊരു പ്രധാന പ്രശ്‌നമായി ഉണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളും സ്ത്രീസൗഹൃദമാകണം. ശുചിയായ ടോയിലറ്റുകള്‍, നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, സ്വയം പ്രതിരോധത്തിനുള്ള പരിശീലനങ്ങള്‍, ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ എന്നിവ വിദ്യാലയങ്ങളില്‍ ഉറപ്പാക്കണം.


ചെറുപ്രായത്തിലേ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും വിവേചന രഹിതമായും സൗഹൃദപരമായും ജീവിക്കാനുള്ള പരിശീലനം ലഭ്യമാകണം. ഇതിനു രക്ഷിതാക്കള്‍, അധ്യാപകര്‍ , മറ്റ് മുതിര്‍ന്നവര്‍ എന്നിവരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുമ്പോള്‍ തന്നെ ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധാപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാകണം.


സ്ത്രീകള്‍ക്ക് നിര്‍ഭയമായി ഏതു നേരത്തും യാത്ര ചെയ്യാനും സ്വതന്ത്രമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഭീതിരഹിതമായി സംവദിക്കാനും കഴിയുന്ന സാഹചര്യം ഇന്ന് നമ്മുടെ നാട്ടിലില്ല. അത്തരം സാഹചര്യമാണ് സാധ്യമാകേണ്ടത്.


ഇതേ തുടര്‍ന്ന് വിഷയത്തില്‍ ക്രിയാത്മക നിര്‍ദേശങ്ങളുമായി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസകും ഫെയിസ്ബുക്കിലൂടെതന്നെ പ്രതികരിച്ചു :


12809625_1294420237240781_1741888091936616412_n


കേരള പഠന കോണ്‍ഗ്രസ്സില്‍ വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യമാണിത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ തയ്യാറായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. പക്ഷെ, ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ചെയ്യാന്‍ പോകുന്ന കാര്യം പറയാം. ചേര്‍ത്തലആലപ്പുഴ നാഷണല്‍ ഹൈവേ ഓരത്ത് ഒരു ഡസന്‍ ഷീ ടോയ്‌ലെറ്റുകളെങ്കിലും ഉറപ്പുവരുത്തും. അതുപോലെതന്നെ, നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും. ഇതിനായി സ്വീകരിക്കാന്‍ പോകുന്ന ബിസിനസ് മോഡലുകള്‍ രണ്ടു തരത്തിലുള്ളവയാണ്.


ഒന്ന്, തിരുവനന്തപുരത്തെ വി കെയര്‍ എന്ന സംരംഭകര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള പിങ്ക് പോയിന്റ് ടോയ്‌ലറ്റ് ശൃംഖലയാണ് ഇത്. കേവലം ടോയ്‌ലെറ്റുകളായിട്ടല്ല ഇവ വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങളും മറ്റും വില്‍ക്കുന്നതിനുള്ള ഒരു കടയോട് ചേര്‍ന്ന് ഏറ്റവും ആധുനിക രീതിയിലും ഓട്ടോമെറ്റിക് ആയി കഴുകി വൃത്തിയാക്കാന്‍ കഴിയുന്ന ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുകയാണ് ഈ പരിപാടി.


രണ്ട്, ആലപ്പുഴയില്‍ ആദ്യത്തെ മാര്‍ഗം ഞങ്ങള്‍ തിരസ്‌കരിക്കുന്നില്ല. പക്ഷെ, കൂടുതല്‍ ഊന്നുന്നത് സഹകരിക്കാന്‍ തയ്യാറുള്ള വഴിയോര ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയില്‍ ഏറ്റവും ശുചിയും ആധുനികവുമായ ടോയ്‌ലറ്റ് സംവിധാനം സര്‍ക്കാര്‍ ചെലവില്‍ പണിത് കൊടുക്കുകയാണ്. ഇതിന്റെ മെയിന്റനന്‍സിനായി സംഭാവന പെട്ടി ടോയ്‌ലറ്റിനു സമീപം സ്ഥാപിക്കുന്നതാണ്. ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കേണ്ടത് സ്ഥാപനത്തിന്റെ ചുമതലയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഇപ്പോള്‍ തന്നെ ടോയ്‌ലറ്റുകള്‍ ഉണ്ട്. പക്ഷെ, ഇവിടത്തെ സൗകര്യങ്ങള്‍ പരിമിതമാണ്. ശുചിത്വത്തിന് കൃത്യമായ മാനദണ്ഡങ്ങളില്ല. ഇവയാണ് പൊതു ഇടപെടലിലൂടെ ഉറപ്പുവരുത്തുന്നത്. സ്ഥാപനത്തിനെന്താണ് ഗുണം? ഇത്തരം സൗകര്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഏകീകൃതവും ആകര്‍ഷകവുമായ ചൂണ്ടുപലകകള്‍ നാഷണല്‍ ഹൈവേയില്‍ സ്ഥാപനത്തിനു സമീപം സ്ഥാപിക്കും. തന്മൂലം ഇവരുടെ ബിസിനസ് വര്‍ദ്ധിക്കും.


colored arrows


പ്രശ്‌നത്തിന്റെ അടിസ്ഥാനം വിവേചനം തന്നെയാണ് എന്ന് പിണറായി വിജയനും പരിഗണിക്കുന്നതായി പ്രതികരണത്തില്‍നിന്നു വ്യക്തമാണ്. സത്രീകളെ രണ്ടാംകിട പൗരന്‍മാരായി കാണുന്ന സമീപനം എന്നു മാറുന്നുവോ അന്ന് ഈ പ്രശ്‌നത്തിനു പരിഹാരം കാണാനുള്ള ആത്മാര്‍ഥ ശ്രമം ഉണ്ടാകും. ആ തിരിച്ചറിവ് നമ്മൂടെ പ്രധാന ഇടതുപക്ഷ പാര്‍ട്ടിയുടെ അമരക്കാരില്‍ ഒരാളായ ശ്രീ പിണറായി വിജയന്‍ തുറന്നുപറഞ്ഞിരിക്കുന്നു. ഈ തിരിച്ചറിവ്, ഈ തുറന്ന സമീപനം.. അതാണ് മുമ്പെങ്ങും ഇല്ലാത്തവിധം ഈ പ്രശ്‌നത്തിനു പരിഹാരം ഉണ്ടായേക്കാം എന്നു പ്രതീക്ഷിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നതും. ആ പ്രതീക്ഷയോടൊപ്പം ചില ആശങ്കകളും പങ്കുവയ്ക്കട്ടേ.


download (1)


എല്‍ഡിഎഫ് വരും, എല്ലാം ശരിയാവും എന്നാണല്ലോ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. അങ്ങനെ എല്ലാം ശരിയാവുന്ന കൂട്ടത്തില്‍ ഞങ്ങളുടെ ഈ പ്രശ്‌നം, നീറുന്ന പ്രശ്‌നം, പരിഹരിക്കാം എന്ന് ഉറപ്പുതരാന്‍ മുന്നണിക്കാവുമോ. പരിഹാരം എന്നതുകൊണ്ട് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരസഭകളില്‍ എവിടെയെങ്കിലും ഒരിടത്ത് പെട്ടന്ന് ഉദ്ഘാടനം ചെയ്യാവുന്ന ഒരു ഈ-ടോയ്‌ലെറ്റ് സ്ഥാപിക്കുക അല്ല ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നുകൂടി വ്യക്തമാക്കട്ടെ. അടിസ്ഥാന സൗകര്യ വികസനം ചര്‍ച്ച ചെയ്യുമ്പോഴെല്ലാം ഉയരുന്ന പതിവ് എതിര്‍പ്പാണ് സ്ഥലമില്ല എന്നത്. ദീര്‍ഘവീക്ഷണമില്ലാത്ത നഗരനിര്‍മാണത്തിന്റെ ഉപോല്‍പ്പലകമാണ്. അതിനുള്ള പരിഹാരം കണ്ടേ മതിയാകൂ. സെയില്‍സ്‌ഗേള്‍സ് മുതല്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വരെ, വിദ്യാര്‍ഥിനി മുതല്‍ ചീരക്കച്ചവടക്കാരി വരെ, മൂത്രമൊഴിക്കാനാവാത്ത ആസ്വാസ്ഥ്യം മുതല്‍ മൂത്രാശയ ട്യൂമര്‍ വരെ അനുഭവിക്കുന്ന രോഗികളാണ്. അവര്‍ക്കു കൂടിയുള്ളതാണ് പൊതു ഇടങ്ങള്‍.


download (1)


വികസനത്തിന്റെ പേരില്‍ നാടുനീളെ ഉദ്ഘാടനക്കല്ലുകള്‍ ഇടുന്നവര്‍ക്ക് കിഡ്‌നിയില്‍ കല്ലുമായി ഉരുകി ജീവിക്കുന്ന പെണ്ണുങ്ങളെ കാണുന്നുണ്ടാവില്ല. പക്ഷേ മാനവപക്ഷം എന്നു പറയുന്ന ഇടതുപക്ഷം ഞങ്ങളെ കണ്ടേ തീരു. വാഗ്ദാനങ്ങളില്‍ വിശ്വസിക്കുമ്പോഴും ഞങ്ങളുടെ ആശങ്ക തുടരുകായാണ്. പ്രഖ്യാപനങ്ങളുടെ മറവില്‍ മൂത്രമൊഴിക്കാനാവില്ല, അതിന് ഒരു ടോയ്‌ലെറ്റ് കൂടിയേ തീരൂ എന്നിടത്താണ് ഭരണാധികാരികളുടെ ഇച്ഛാശക്തിയുടെ മാറ്റ് തെളിയിക്കേണ്ടത്.


സ്ത്രീകളും മനുഷ്യരാണ് എന്ന തിരിച്ചറിവ് പുതുയുഗത്തിന്റെ വരവോടെ ഭരണാധികാരികളില്‍ എത്തിയിട്ടില്ല എങ്കില്‍, തെരഞ്ഞെടുപ്പ് എന്ന ടൈം ബോംബ് ചൂണ്ടിക്കാട്ടിയുള്ള ഒരു ഭീഷണിപ്പെടുത്തല്‍ തന്നെയാണ് കാംപെയിനിന്റെ ലക്ഷ്യം. പ്രശ്‌നവത്കരിക്കുന്നു, സത്രീകളും തെരഞ്ഞെടുപ്പും തമ്മില്‍ എന്ത് തുടങ്ങിയ എതിര്‍പ്പുകള്‍ തികച്ചും മാനുഷികമായ ഈ പ്രശ്‌നത്തിന് പോലും പല ഭാഗത്തുനിന്നും കേള്‍ക്കുന്നുണ്ട്. ഇതിനൊക്കെ ഞങ്ങള്‍ക്കുള്ള മറുപടിയാണ് ആദ്യം പറഞ്ഞ കടമെടുത്ത വാക്യം. ഞങ്ങളും മനുഷ്യരാണ്, മറക്കരുത്.