ഏറ്റവും അവസാനത്തെ സംഘ പരിവാര്‍ തമാശയാണ് മധ്യപ്രദേശില്‍ നിന്നും കേള്‍ക്കുന്നത്. അവിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജ്യോതിഷികളെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഡോക്ടര്‍മാര്‍ക്ക് വലിയ സഹായമാണിത് നല്‍കാന്‍ പോകുന്നത്. കാരണം ആധുനിക വൈദ്യ ശാസ്ത്രം വളരെ സങ്കീര്‍ണ്ണമാണ്. ഒട്ടേറെ അനിശ്ചിതാവസ്ഥകളെ അതിനു അഭിമുഖീകരിക്കേണ്ടതുണ്ട്. ഏറ്റവും മിടുക്കന്മാരും മിടുക്കികളുമായ വിദ്യാര്‍ഥികളെ തെരെഞ്ഞെടുത്ത് അതി കഠിനമായ പഠന-പരീക്ഷാ പ്രക്രിയകള്‍ക്ക് വിധേയമാക്കി നിര്‍മ്മിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ പരിചയ സമ്പന്നരായ സീനിയര്‍ ഡോക്ടര്‍മാരുടെ കീഴില്‍ വര്‍ഷങ്ങളോളം പരിശീലനംകൂടി നടത്തിയാണ് ചികില്‍സക്കെത്തുന്നത്. അവര്‍ക്ക് സഹായത്തിനു എക്‌സ്-റേയ്, ഇസിജി, എം.ആര്‍.ഐ, തുടങ്ങിയവയും അനവധി ലാബ്‌ടെസ്റ്റുകളും ഒക്കെ ഉണ്ടെങ്കിലും രോഗ നിര്‍ണ്ണയവും ചികില്‍സയും അത്ര എളുപ്പമല്ല എന്നു വിദഗ്ദ ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. എന്തെങ്കിലും പിഴവു പറ്റിയാല്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്യാനും ആശുപത്രി തല്ലിപ്പൊളിക്കാനും ജനം തയ്യാറായി എന്നുംവരും. കൂടാതെ കേസ്, വിചാരണ നഷ്ടപരിഹാരം, തൊഴില്‍ നഷ്ടം എല്ലാം സംഭവിക്കാം. അതുകൊണ്ടു തന്നെ ഓരോ രോഗിയുടേയും പരിശോധന, രോഗനിര്‍ണ്ണയം, ടെസ്റ്റുകള്‍, ആശുപത്രി അഡ്മിഷന്‍, സര്‍ജറി, ഡിസ്ചാര്‍ജ്, ഫോളോ-അപ് തുടങ്ങിയവയെല്ലാം ഡോക്ടര്‍മാര്‍ക്ക് വലിയ മാനസിക പിരിമുറുക്കമാണ് നല്‍കുന്നത്. ഇനി അതിന്റെ ആവശ്യമില്ല. രോഗം മുജ്ജന്മ പാപങ്ങളുടെ ഫലമാണെന്നും ഗ്രഹനില ഗണിച്ച് രോഗത്തിന്റെ കാഠിന്യം, ചികില്‍സ തുടങ്ങേണ്ട സമയം, ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ട സമയം, സര്‍ജറിയുടെ മുഹൂര്‍ത്തം, ചികില്‍സ കാലാവധി തുടങ്ങിയവ മാത്രമല്ല ചികില്‍സിച്ചിട്ടു കാര്യമുണ്ടോ? ആയുസു ബാക്കിയുണ്ടോ? ഫല-പ്രാപ്ത്തിക്കായി എന്തൊക്കെ വഴിപാടുകളും, പൂജകളും, ഹോമങ്ങളുമാണ് നടത്തേണ്ടത് എന്നല്ലൊം ‘ജോതിഷ വിഭാഗം’ വിദഗ്ദന്മാര്‍ നിര്‍ദ്ദേശിക്കും. സാധാരണ ഡോക്ടര്‍മാര്‍ക്ക് രോഗികളെ ജോതിഷ വിഭാഗത്തിനു റഫര്‍ ചെയ്യുകയും, അവര്‍ ഗണിച്ചു നല്‍കുന്ന മുഹൂര്‍ത്തമനുസരിച്ചു കാര്യങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ മാത്രം മതിയാകും. വിധിയുണ്ടെങ്കില്‍ രോഗി തീര്‍ച്ചയായും രക്ഷപ്പെടും!. ഒരു ‘പരാതിയും കേള്‍ക്കേണ്ട ഒരു മറുപടിയും പറയേണ്ട’-ഇതില്പരം സന്തോഷം ഡോക്ടര്‍മാര്‍ക്ക് വേറെയെവിടെ ലഭിക്കും?
ഇതു തമാശയല്ല. മധ്യപ്രദേശ് സര്‍ക്കാര്‍ വളരെ ഗൗരവമായിതന്നെയാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നത്. ‘മഹര്‍ഷി പതജ്ഞലി സാന്‍സ്‌ക്രിറ്റ് സന്‍സ്ഥാന്‍’ (എം.പി.എസ്.എസ്) എന്ന യോഗ-സംസ്‌കൃത-പ്രോല്‍സാഹന ഏജന്‍സി നല്‍കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റുള്ളവരെയാണത്രെ ആശുപത്രികളില്‍ നിയമിക്കാന്‍ പോകുന്നത്. മുഖലക്ഷണം, കൈനോട്ടം , വാസ്തു തുടങ്ങിയ വിശേഷ മേഖലകളിലെ വിദഗ്ദന്മാരുടെ സേവനവും ഉറപ്പുവരുത്തുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.! ബി.ജെ.പി എം.പി രമേഷ് പോഖിയാല്‍ നിഷാങ്കിന്റെ അഭിപ്രയത്തില്‍ ജ്യോതിഷം ഏറ്റവും മുില്‍ നടക്കുന്ന ആധുനിക ശാസ്ത്ര ശാഖയാണ്. മാനുഷിക -വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി പറയുത് വിദ്യാഭ്യാസവും പാരമ്പര്യവും തുല്യനിലയില്‍ പരിഗണിക്കണെമന്നാണ്. ഐ.ഐ.ടി വിദ്യാര്‍ഥികള്‍ മാംസ ഭക്ഷണം ഉപേക്ഷിച്ചു ഹോസ്റ്റലുകളില്‍ പച്ചക്കറി മാത്രം കഴിച്ചാല്‍ മതിയെന്നു നിര്‍ദ്ദേശിച്ചതും അതുകൊണ്ടു മാത്രമാണ്.
പുരാതനകാലത്ത് ഭാരതത്തില്‍ പ്ലാസ്റ്റിക് സര്‍ജറി വളരെ അഭിവൃദ്ധി പ്രാപിച്ചിരുന്നു എന്നുള്ളതിന്റെ തെളിവാണത്രേ ആനത്തലയുള്ള ഗണേശ ഭഗവാന്‍. കണ്ണു്, വൃക്ക, തുടങ്ങി ഹൃദയം വരെ മാറ്റിവെക്കാനുള്ള സങ്കേതിക വിദ്യ ആധുനിക വൈദ്യശാസ്ത്രം സ്വായത്തമാക്കിയിട്ടുണ്ട്. ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് അനുയോജ്യനായ മറ്റൊരു മനുഷ്യന്റെ അവയവമാണ് മാറ്റിവെക്കുന്നത്. മൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ മനുഷ്യരില്‍ പിടിപ്പിക്കുന്ന വിദ്യ ആധുനിക ശാസ്ത്രത്തിനും ഇതുവരെ അറിയില്ല. അതു പക്ഷേ പുരാതന ഭാരതത്തില്‍ ഉണ്ടായിരുന്നു എന്നു പറയുന്നത് സക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ത.െ മുംബയില്‍ നടന്ന ഡോക്ടര്‍മാരുടെ യോഗത്തില്‍ ഇക്കാര്യം മോഡി വിശദീകരിച്ചു. ഗര്‍ഭപാത്രത്തിനു പുറത്തുള്ള കര്‍ണ്ണന്റെ ജനനവും (ഐ.വി.എഫ്) ഒരു ഭ്രൂണം 101 നെയ് ഭരണിയിലാക്കി പാണ്ഡവരെ ജനിപ്പിച്ച വ്യാസ മുനിയുടെ കഴിവും പണ്ടുകാലത്തേ ടെസ്റ്റ്ട്യൂബ് ശിശു ജനനമുള്‍പ്പെടെയുള്ള സങ്കേതികവിദ്യ നിലവിലുണ്ടായിരുന്നു എതിനു തെളിവാണത്രേ!
ഗംഗാ നദി ഉത്ഭവിക്കുന്നത് ഗംഗോത്രിയില്‍ ഗോമുഖത്തു നിന്നാണെന്നതിനു തെളിവുകളുണ്ട്. എന്നാല്‍ ഉമാഭാരതി കേന്ദ്ര മന്ത്രിയായപ്പോള്‍ ഗംഗ ഉത്ഭവിക്കുത് മാനസരോവറില്‍ നിന്നാണോ എന്നു ഗവേഷണം നടത്തണമെന്നു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയോട് ആവശ്യപ്പെട്ടു . ഗംഗ ശിവന്റെ ജഡയില്‍ നിന്നും ഉത്ഭവിച്ചു തുടങ്ങിയ പുരാണ കഥകളില്‍ എന്തു പറഞ്ഞാലും ഗോമുഖത്തു നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മാനസരോവരില്‍ നിന്നും ഉത്ഭവിക്കാന്‍ സാദ്ധ്യതയില്ല എന്നു പകല്‍ പോലെ വ്യക്തമാണെങ്കിലും നികുതിപ്പണം ചെലവഴിച്ചു പരിശോധനയും ഗവേഷണവും നടക്കുന്നു. മന്ത്രി ആവശ്യപ്പെട്ടാല്‍ നടത്താതിരിക്കാനാവുമോ?.
രാമന്‍ ജനിച്ചത് കൃത്യം ബി.സി. 5114 ജനുവരി മാസം 10-തിയ്യതിയാണന്നും ലോകത്തിലാദ്യമായി നൂക്ലിയര്‍ ടെസ്റ്റ് നടത്തിയത് കണാദ മഹര്‍ഷിയാണന്നും പാര്‍ലമെന്റില്‍ പറയാന്‍ സംഘി-എം.പി മാര്‍ക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. വേദിക്-ശാസ്ത്രത്തിനും പശു ഗവേഷണത്തിനും പ്രാധാന്യം കൊടുക്കുമെന്നു ആയുഷ് വകുപ്പ് മന്ത്രി പാദ് യാഡൊ നായിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.ഐ.ടികളിലുള്ളവര്‍ ഹിന്ദുവിരുദ്ധരും ദേശദ്രോഹികളുമാണ്, മോഡേൺ മെഡിസിന്‍ ഡോക്ടര്‍മാര്‍ ദേശവിരുദ്ധരാണ് എന്നീ വിലപ്പെട്ട അഭിപ്രായങ്ങളും മാന്യമന്ത്രി രേഖപ്പെടുത്തിയിട്ടു ണ്ട്.
പശു ചാണകം, ഗോമൂത്രം, പാല്‍, തൈരു്, നെയ്യ് എന്നീ അഞ്ചു വസ്തുക്കള്‍ ചേര്‍ത്താണത്രേ ‘പഞ്ചഗവ്യം’ നിര്‍മ്മിക്കുത്. മനുഷ്യനു അകത്തേക്ക് കഴിക്കാനുള്ള മരുന്നാണിത്!. പഞ്ചഗവ്യത്തിന്റെ ശരിമയും ശക്തിയും തെളിയിക്കുമെന്ന് അതിനായി രൂപീകരിച്ച സമിതിയുടെ അദ്ധ്യക്ഷനായ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു കാര്യം തെളിയിക്കാനായി മുന്‍ വിധിയോടെ ഗവേഷണം എതുനിലയിലും അപമാനകരം തന്നെ. ഈ ഗവേഷണത്തിനായി ഫണ്ടൊരു പ്രശ്‌നമല്ല എന്നും മന്ത്രി വ്യക്തമാക്കുന്നു. ഗോമൂത്രവും ചാണകവും സമാസമം ചേര്‍ത്തുകഴിച്ചാല്‍ സര്‍വ്വരോഗങ്ങളും പമ്പ കടക്കുമെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുങ്കെില്‍ തെളിവുകള്‍ ഉടനെ ലഭ്യമാവുമെന്നു ഉറപ്പിക്കാം.
ഗുജറത്തിലെ ജുനാര്‍ഗഡ് കാര്‍ഷിക സര്‍വ്വകലാശാല (ജെ.എ.യു) ബയോടെക്‌നോളജി തലവന്‍ ഡോ.ബി.ആര്‍.ഗോലാക്യ പശുമൂത്രത്തില്‍ നിന്നും സ്വര്‍ണ്ണം വെള്ളി എന്നിവ വേര്‍തിരിക്കാന്‍ ഗവേഷണം നടത്തുകയാണ്. ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ നിന്നും 30 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിക്കുമെന്നു അദ്ദേഹം പറയുന്നു. ഈ സ്വര്‍ണ്ണം ഉപയോഗിച്ചു ഇന്ത്യയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സംഘികള്‍ പരിഹരിക്കുമായിരിക്കും.!
എല്ലാ ജീവജാലങ്ങളും ശ്വസന പ്രക്രിയയുടെ ഭാഗമായി ഓക്‌സിജന്‍ വലിച്ചെടുക്കുകയും കാര്‍ബ-ഡൈ-ഓക്‌സൈഡ് പുറത്തുവിടുകയും ചെയ്യുമെന്നും നാം സ്‌കൂളില്‍ പഠിക്കുന്നതാണ്. എന്നാല്‍ പശു ഓക്‌സിജന്‍ അകത്തേക്കെടുക്കുകയും ഓക്‌സിജന്‍ തന്നെ പുറത്തേക്കു വിടുകയും ചെയ്യുമെന്നു 2017 ജനുവരി 16-തിയ്യതി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനി വ്യക്തമാക്കുന്നു. ഗോമൂത്രം ക്യാന്‍സര്‍ ചികില്‍സക്ക് ഉപയോഗിക്കാമെന്ന് 2015 മാര്‍ച് 15-ന് അദ്ദേഹം പറയുകയുണ്ടായി. ‘യോഗിക്-ഫാര്‍മിങ്ങ്’ രീതിയില്‍ പരമാത്മ ശക്തിയും പോസിറ്റീവ് എനര്‍ജിയും ഉപയോഗിച്ചു വിത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാമെന്നു കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്ങ് കണ്ടെത്തുകയും 2015 സെപ്റ്റംബര്‍ 15 -നു ഒരു യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
സംഘപരിവാര്‍ അംഗമായ ‘വിജ്ഞാന ഭാരതി’ എന്ന അര്‍.എസ്.എസ്സ് പോഷകസംഘടന 6 മുതല്‍ 12-ക്ലാസ്സുവരെയുള്ള വിദ്യാര്‍ഥികളില്‍ വേദശാസ്ത്രവും, പാരമ്പര്യവും അടിസ്ഥാനമാക്കിയുള്ള ‘ശാസ്ത്രബോധം’ പ്രചരിപ്പിക്കാന്‍ പോര്‍ട്ടലുകളും ആവിഷ്‌കരിച്ചിരിക്കുന്നു. അവര്‍ കുട്ടികളില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്തു മുഴുവന്‍ ചെലവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഭാവി തലമുറകളെ ദൈവം ശ്രമിച്ചാല്‍ പോലും രക്ഷിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.
പുരാതന കാലത്ത് മുനിമാര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന വിറ്റമിനുകള്‍, ന്യൂഡില്‍സ്, ഫേസ്‌ക്രീം തുടങ്ങിയ നിരവധി ഉല്പങ്ങള്‍ നമുക്കായി നല്‍കുന്ന പതജ്ഞലി ഗുരു രാംദേവ് ‘രാംദേവ് വേദിക് എഡ്യുക്കേഷന്‍ ബോര്‍ഡ് ‘ (വി.ഇ.ഡി), ‘വേദിക് എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റുട്ട് (വി.ഇ.അര്‍.ഐ) എന്നിവ സ്ഥാപിച്ച് സാധാരണ സ്‌കൂളുകളില്‍ ഗുരുകുല വിദ്യാഭ്യാസം മിക്‌സ് ചെയ്യാന്‍ മാത്രമല്ല നിലവിലുള്ള കരിക്കുലം, ടെക്സ്റ്റ്ബുക്കുകള്‍ , എക്‌സാം സിസ്റ്റെം എന്നിവ പരിഷ്‌കരിക്കാനും ശ്രമിക്കുന്നു. വേദത്തിന്റെ വാമൊഴി പാരമ്പര്യത്തെ പ്രോല്‍സാഹിപ്പിക്കാനായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പൂര്‍ണ്ണ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓട്ടോ ണമസ് സ്ഥപനമാണ് ‘മഹര്‍ഷി സന്ദീപനി രാഷ്ട്രീയ വേദ വിദ്യ പ്രതിഷ്ഠാന്‍’ (എം.എസ്.അര്‍.വി.വി.പി). ഈ സ്ഥാപനത്തെ ഉപയോഗിച്ചു സ്‌കൂള്‍ വിദ്യാഭ്യാസം അട്ടി മറിക്കാനാണ് സംഘപരിവാര്‍ ശ്രമം. മിക്കവാറും നടക്കുമായിരിക്കും.
ആധുനിക കാലത്തെ ചില പാര്‍ശ്വവല്‍കൃത സമൂഹങ്ങളെപ്പോലെ (ഹിപ്പികള്‍ പോലെ) പൊതു ജീവിതത്തില്‍ നിന്നും അകന്നുനിന്ന് വ്യക്തിപരമായ ആനന്ദ ലബ്ദിയില്‍ മാത്രം അഭിരമിച്ചിരുന്നവരാണ് ഹഢയോഗികള്‍. മയക്കു മരുന്നുകളും ശരീര പീഡനങ്ങളും അവര്‍ ആനന്ദലബ്ദിക്കായി ഉപയോഗിച്ചിരുന്നു. ശ്വസന പ്രക്രിയയെ നിയന്ത്രിച്ചു തലച്ചോറിലെ ഓക്‌സിജന്‍ ലഭ്യത ചുരുക്കി മയക്ക് മരുന്നുപയാഗത്തിനു തുല്യമായ അനുഭൂതികള്‍ ഉണ്ടാക്കുന്ന അപകടകരമായ രീതികള്‍ അവര്‍ പ്രയോഗിച്ചിരുന്നു. കാപാലികരെന്നു വിശേഷിക്കപ്പെട്ടിരുന്ന ശിവയോഗികളും ഹഢയോഗികളും തികച്ചും വ്യക്തിപരമായി ഏകാന്തതയില്‍ പരിശീലിച്ചിരുന്ന ശരീര നിലകള്‍ 20-ം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയിലെ ബോഡി ബില്‍ഡര്‍ അവന്ത് രാജാവും മൈസൂര്‍ കൊട്ടാരത്തിലെ ആസ്ഥാന പരിശീലകനുമൊക്കെ പരിഷ്‌കരിച്ചാണ് ഇന്നത്തെ യോഗയുണ്ടാക്കിയത്. ബ്രിട്ടീഷുകാര്‍ സ്‌കൂളുകളില്‍ നടപ്പാക്കിയ ‘ഡ്രില്‍’ മോഡലിലേക്ക് മാറ്റിയതാണ് ആധുനിക യോഗ പ്രദര്‍ശനം. ആധുനിക വൈദ്യശാസ്ത്രം ശരീരത്തിനാവശ്യമായ വ്യായാമത്തിന്റെ അളവും രീതികളും ഗവേഷണ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. എത്ര യോഗ ചെയ്താലും ഇതു ലഭ്യമാവില്ല എന്നു മാത്രമല്ല ശീര്‍ഷാസനമടക്കമുള്ള പല ആസനങ്ങളും വളരെ അപകടകരവുമാണെന്നു കണ്ടെത്തിയിട്ടുമുണ്ട്. ‘യോഗ റിലേറ്റഡ് ഇന്‍ജുറീസ്’ എന്ന ഒരു വിഭാഗം ത ന്നെ വികസിച്ചു വിന്നിട്ടുണ്ട്. യോഗയെ ്ഭയങ്കര ശാസ്ത്രമായി ലോകമാകെ പ്രചരിപ്പിക്കാനും സ്‌കൂളുകളിലാകെ വ്യാപിപ്പിക്കുവാനുമാണ് ശ്രമം നടക്കുത്. വ്യായാമത്തിന്റെ കൂടെ ഭക്തി ഒളിച്ചു കടത്താനും അതുവഴി അന്ധവിശ്വാസങ്ങള്‍ പ്രചരിക്കാനും യോഗ ഉപയോഗിക്കുന്നുണ്ട്.
ശരിയായ ഗവേഷണങ്ങള്‍ക്ക് ബഡ്ജറ്റ് വിഹിതം വര്‍ദ്ധിക്കുന്നില്ല എന്നു മാത്രമല്ല സര്‍വ്വകലാശാലകള്‍ക്കുള്ള ഫണ്ടുകള്‍ വെട്ടിച്ചുരുക്കിയും ജെ.ആര്‍.എഫ്, പി.എച്.ഡി, സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറച്ചും ശാസ്ത്രീയ ഗവേഷണത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ലഭ്യമായ ഫണ്ടുകള്‍ പശു ഗവേഷണം പോലെയുള്ള രാഷ്ട്രീയ അജണ്ടകളിലേക്കു വഴിതിരിച്ചുവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങളുടെ മേധാവികളായി രാഷ്ട്രീയ-തൊമ്മികളെ നിയമിച്ചു കൊണ്ട് സ്വതന്ത്ര ഗവേഷണ പഠനങ്ങളുടെ മുനയൊടിക്കാനും ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്.
മനുഷ്യസമൂഹം പൊതുവെ ശാസ്ത്ര സാങ്കേതിക രംഗത്ത് കുതിച്ചു ചാട്ടം നടത്തുകയും മുന്നോട്ടുപോകുകയും ചെയ്യുകയാണൊന്നാണ് പരക്കെയുള്ള വിശ്വാസം. 125 കോടി തലച്ചോറുള്ള ഇന്ത്യക്ക് ഇക്കാര്യത്തില്‍ വലിയ സംഭാവനകള്‍ നല്കാന്‍ കഴിയുമെന്നും കരുതപ്പെടുന്നു. ഈ സാധ്യതകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് ദേശീയ ശാസ്ത്ര-സാങ്കേതിക നയം ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതല്‍ അംഗീകരിക്കപ്പെ ട്ടു പോി ട്ടു ള്ളത്. ഇതിന്റെ ഫലമായി ബഹിരാകാശ ഗവേഷണം, ആറ്റമിക് എനര്‍ജി, മരുന്നു വ്യവസായം, ഇരുമ്പ്-ഉരുക്ക് വ്യവസായം, ഓ ട്ടോ -മൊബയില്‍ വ്യവസായം, തുടങ്ങി ഓട്ടേറെ തന്ത്ര പ്രധാന മേഖലകളില്‍ വേണമെങ്കില്‍ സ്വന്തം കാലില്‍ നില്ക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന അവസ്ഥയുമുണ്ട്. എന്നാല്‍ അമിത രാജ്യ സ്‌നേഹികളെന്ന് സ്വയം വീമ്പിളക്കി നടക്കുന്ന കപട രാജ്യ സ്‌നേഹികളുടെ ഭരണം ഒരു തിരിഞ്ഞു നടത്തത്തിന്റെ വലിയ സൂചനകളാണ് നല്‍കുന്നത്. ശാസ്ത്ര ചരിത്രത്തില്‍ ഇരുണ്ട കാലഘട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന, ശാസ്ത്ര ചിന്ത തന്നെ മരവിച്ചുപോയ നൂറ്റാണ്ടുകള്‍ ഉണ്ടായിട്ടുണ്ട്. ലോകത്തിലെ പലരാജ്യങ്ങളും ഇന്നും അന്ധവിശ്വാസങ്ങളൂടെ പിടിയില്‍ അമര്‍ന്ന് ശാസ്ത്ര-സാങ്കേതിക രംഗത്ത് സാമ്രാജ്വത്വ രാജ്യങ്ങളുടെ ആശ്രിതരായി വെറും ‘ചന്തകള്‍’ മാത്രമായി നിലനില്‍ക്കുന്നു എന്ന സത്യവും നമ്മുടെ മുന്‍പിലുണ്ട്. ഈ സാമ്രാജിത്വ- കോര്‍പറേറ്റ് അജണ്ട മുന്നില്‍ വെച്ചു കൊണ്ടാണ് ഒരു ജനതയുടെ ശാസ്ത്ര-യുക്തി ചിന്തകളെ കലക്കികളയാനുള്ള സംഘടിത ശ്രമങ്ങളെ പരിശോധിക്കേണ്ടത്. ജനങ്ങളുടെ ചിന്താശേഷിയും ജനാധിപത്യ ബോധവും കലക്കിക്കളഞ്ഞുകൊണ്ടു മാത്രമേ ഒരു മതാധിഷ്ഠിത ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ എന്ന സംഘപരിവാര്‍ തിരിച്ചറിവു തന്നെയാണ് ഈ ശാസ്ത്ര വിരുദ്ധ-യുക്തി വിരുദ്ധ കടാക്രമണത്തിന്റെ അടിസ്ഥാനം. വെളിച്ചം ഊതിക്കെടുത്തി ഇരുട്ടു പ്രചരിപ്പിക്കാനാണ് ശ്രമം. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും. എം.പിമാരു മൊക്കെ ഇത്തരം അബദ്ധങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് കേവലം യാദൃശ്ചികമായി സംഭവിക്കുതല്ല. ബോധപൂര്‍വ്വമായ രാഷ്ട്രീയ പ്രയോഗമാണെന്നു തിരിച്ചറിയുകയും ചെറുക്കുകയും വേണം.