പെട്ടെന്നാണ് ഏ.റ്റി.എമ്മുകള്‍ക്കു മുന്നിലെ നെടുനീളന്‍ ക്യൂവിനും വാട്ടര്‍ ബോട്ടില്‍ കിലുക്കി നടക്കുന്ന സ്ക്കൂള്‍ കുട്ടികള്‍ക്കും യാത്രികരായ സാധാരണക്കാര്‍ക്കാര്‍ക്കുമിടയിലൂടെ ലൂടെ അര്‍ദ്ധനഗ്നനായൊരു ഫക്കീര്‍ ഉറക്കെ ശബ്ദമുണ്ടാക്കി നടന്നു നീങ്ങിയത്. കൈകളില്‍ പീപ്പിയും കളിപ്പാട്ടങ്ങളുമുണ്ടായിരുന്നു. ഞാന്‍സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലൂടെ തങ്ങളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ച ആ ഏകാംഗ പ്രതിഷേധകനെ കാസര്‍കോട്ടെ അബാലവൃദ്ധം അതിവേഗം തിരിച്ചറിഞ്ഞു. ആദ്യമുണ്ടായ അമ്പരപ്പും ചിലരിലുണ്ടായ പരിഹാസവും അതിവേഗം വഴിമാറി. അലന്‍സിയര്‍ ലേ ലോപ്പസ് ഉറക്കെപ്പാടിക്കൊണ്ടിരുന്നു..
” ഞാന്‍ എന്റെ രാജ്യത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നു.
അയല്‍രാജ്യം ഞാനാരാണെന്ന് ചോദിച്ചാല്‍ പോലും ഞാനവരിലും അഭിമാനം കൊള്ളുന്നു”
മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് അദ്ദേഹം പടര്‍ന്നു കൊണ്ടിരുന്നു. ക്യാമറക്കണ്ണുകള്‍ ക്ഷണവേഗത്തില്‍ ആശയത്തെ ഒപ്പിയെടുത്തു. സാമൂഹ്യ മാദ്ധ്യങ്ങളില്‍ അതു സംവാദങ്ങളുയര്‍ത്തി. കേരളത്തില്‍ കലോപാസകര്‍ക്കെതിരായി അനുസ്യൂതം ഉയരുന്ന സംഘപരിവാര്‍ അതിക്രമണങ്ങള്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.
തെരുവുനാടകം മാധ്യമമാക്കി അനീതികള്‍ക്കെതിരായ പോരാട്ടം അവിഘ്നം സംഘടിപ്പിച്ച സഫ്ദര്‍ ഹഷ്മിയെ ഓര്‍മ്മിപ്പിച്ച മലയാളത്തിന്റെ മികച്ച സ്വഭാവ നടന്മാരില്‍ ഒരാളായ അലന്‍സിയര്‍ ലേ ലോപ്പസ് തന്റെ ഏകാംഗ പ്രതിഷേധത്തിന്റെ രാഷ്ട്രീയ – സാമൂഹ്യ ഉള്ളടക്കം തികഞ്ഞ ലാളിത്യത്തോടെ പങ്കു വെച്ചു.
ഡോ. സോഫിയ കണ്ണേത്ത്: എന്തിനായിരുന്നു താങ്കള്‍ പ്രതിഷേധിച്ചത്. എന്താണ് അതിന്റെ രാഷ്ട്രീയം.
അലന്‍സിയര്‍ : ഞാന്‍ഒരു രാഷ്ട്രീയ കക്ഷിയിലും അംഗം അല്ല. ഞാന്‍മാനവീകതയിലും മനുഷ്യ സ്നേഹത്തിലും വിശ്വസിക്കുന്ന ഒരാളാണ്. അതാണെന്റെ രാഷ്ട്രീയം. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഏത് രാഷ്ട്രീയ കക്ഷിയുടെ പ്രവര്‍ത്തനങ്ങളിലും ഞാന്‍പങ്കാളിയാവും. അതിനു വേര്‍തിരിവുകളൊന്നും ഇല്ല. മനുഷ്യന് സമാധാനവും സന്തോഷവും തരുന്ന, ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കാത്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം ആണ് എനിക്കുള്ളത്. കേരളത്തില്‍ കലാ സമൂഹത്തിനെതിരായ സംഘപരിവാര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ്. അഭിപ്രായപ്രകടനങ്ങളെ രാജ്യസ്നേഹവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിച്ച് കമല്‍ അടക്കമുള്ളവരെ രാജ്യം വിടാന്‍കല്‍പ്പിയ്ക്കുന്നു. ഇത് അസഹിഷ്ണുതയാണ്. ഇതിനെതിരായാണ് എന്റെ പ്രതിഷേധം.
എന്തായിരുന്നു പ്രതിഷേധത്തിന് ഇത്തരമൊരു വ്യത്യസ്ത ശൈലി തിരഞ്ഞെടുക്കുവാന്‍കാരണം.
ഞാന്‍ഇതിനു മുന്പും ഇത്തരം നാടക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നാടകത്തിന് പല അവതരണ രീതികളുണ്ട്. റിഹേഴ്‌സല്‍ ചെയ്തും ചെയ്യാതെയും അത് നടത്താം. ചിലപ്പോള്‍ ഞാന്‍ചെയ്യുന്ന നാടകങ്ങള്‍ക്ക് ഗറില്ലാ സ്വഭാവം ഉണ്ടാവും. ഒരു സാമൂഹിക പ്രശ്നത്തെ ജനങ്ങളിലേക്കെത്തിക്കാന്‍തെരുവിലേക്കിറങ്ങുക, അത് അവരിലേക്കെത്തിച്ചിട്ട് സ്ഥലം വിടുക, അതാണ് ഞാന്‍പലപ്പോഴും ചെയ്തിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയാണ് ഇക്കഴിഞ്ഞ സംഭവവും. എനിക്ക് ചില കാര്യങ്ങളില്‍ ഇടപെടണം എന്ന് തോന്നും. ആളുകളോട് സംവദിക്കാന്‍എന്റെ രീതി നാടകമാണ്. മുന്‍പും ഞാന്‍ഇങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിപ്പോള്‍ സിനിമാ നടനായത് കൊണ്ടാണ്.
അന്നൊന്നും ആളുകള്‍ ഇങ്ങനെ ശ്രദ്ധിക്കുമായിരുന്നില്ല. അവതരിപ്പിച്ച ആ സ്ഥലത്തു മാത്രം ഒതുങ്ങി പോവുന്ന നാടക പ്രവര്‍ത്തനം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതില്‍ എന്നെ കല്ലെറിയുന്നവരുണ്ടാവാം, പൂച്ചെണ്ട് തരുന്നവരുണ്ടാവാം. രണ്ടും നേരിടാന്‍തയ്യാറായി തന്നെയാണ് ഞാന്‍ഈ പ്രവര്‍ത്തനം നടത്തിയത്. നമ്മുടെ നാവു അരിഞ്ഞു കളയുമെന്ന് ഒരാള്‍ പറയുമ്പോള്‍ നമ്മള്‍ മിണ്ടാതിരിക്കരുത്. നമ്മള്‍ മിണ്ടണം. അതിനു സിനിമ നടന്‍എന്ന നിലയില്‍ പബ്ലിസിറ്റി കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത് വിജയിച്ചതില്‍ സന്തോഷം ഉണ്ട്.
അത്തരം ഒരു പ്രതിഷേധത്തിന് ശേഷം ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിട്ടുണ്ടോ.
അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. എന്റെ നാടിനെ കുറിച്ച് എനിക്ക് നല്ല ബോധ്യവും വിശ്വാസവും ഉണ്ട്. ന്യൂനപക്ഷവര്‍ഗീയതയായാലും ഭൂരിപക്ഷ വര്‍ഗീയതയായാലും രണ്ടും അപകടകരമായ സാധനം ആണ്. രണ്ടും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കലഹിച്ചും വെട്ടിയും വളര്‍ന്നു കൊണ്ടിരിക്കുന്നതാണ്. ഭൂരിപക്ഷത്തിലെ ന്യൂന പക്ഷവും ന്യൂന പക്ഷത്തിലെ ന്യൂന പക്ഷവും ആണ് വര്‍ഗീയവാദികള്‍ . ബഹുഭൂരിപക്ഷവും സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരാണ്.
അത് കൊണ്ട് തന്നെ ഞാന്‍പറയുന്നത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകെ മനസ്സിലായിട്ടുണ്ടാവണം. ഞാന്‍പറഞ്ഞത് കമല്‍ എന്നൊരു വ്യക്തിക്ക് വേണ്ടിയോ രാധാകൃഷ്ണന് എതിരായോ അല്ല. എല്ലാ മനുഷ്യരുടെയും സമാധാനത്തിനും സന്തോഷത്തിനും വേണ്ടിയിട്ടാണ്. ഇത് ബഹുസ്വരതയുടെ നാടാണ്. അവിടെ ഏക സ്വരം മാത്രം അടിച്ചേല്‍പ്പിക്കുന്നത് ഫാസിസമാണ്. അതിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ നമ്മള്‍ പ്രതിരോധിക്കണം. നമ്മുടെ മൗനം അവര്‍ മുതലാക്കുകയും നമ്മള്‍ അറിയാതെ തന്നെ അത് നമ്മളെ വിഴുങ്ങുകയും ചെയ്യും.
അനുബന്ധ ചര്‍ച്ചകള്‍ ഏതുവിധമായിരുന്നു. എങ്ങിനെയാണ് അവയെ നേരിട്ടത്.
വിമര്‍ശനങ്ങളില്‍ പ്രധാനമായും ഞാന്‍പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു എന്നായിരുന്നു. മറ്റൊന്ന് മറ്റു രാജ്യത്തിൻറെ പതാകയെ അനാദരിച്ചു എന്നതാണ്. അതില്‍ പൊതു സ്ഥലത്തു നഗ്നത കാണിച്ചു എന്നത് മറുപടി അര്‍ഹിക്കാത്തതാണ്. എന്നാല്‍ പോലും പറയാതിരിക്കാനാവില്ല. ഞാന്‍ഉപയോഗിച്ച രണ്ടു പതാക എന്ന് പറയുന്നത് ഒന്ന് അമേരിക്കയുടെയും ഒന്ന് ബ്രിട്ടന്റെയും ആണ്. അത് ഞാന്‍കാസര്‍ക്കോട്ടെ ഒരു കടയില്‍ നിന്ന് വാങ്ങിച്ചതാണ്. അതിന് അമേരിക്കന്‍പതാകയുടെ ലക്ഷണങ്ങളെ ഉള്ളൂ. അത് കൃത്യമായ അമേരിക്കന്‍ പതാകയല്ല.
നിറങ്ങളിലും അളവുകളിലും വ്യത്യാസമുണ്ടായിരുന്നു. അതാതു രാജ്യത്തിന്റെ പതാകയാണെന്നു സൂചിപ്പിക്കാന്‍വേണ്ടി മാത്രം ആണ് അത് ഉപയോഗിച്ചത്. ഇവര്‍ പറയുന്ന പോലെ ഞാന്‍പൊതു സ്ഥലത്തു നഗ്നനായിട്ടില്ല. ഒരു കലാകാരന്‍എന്ന നിലയില്‍ കല ആവശ്യപ്പെട്ടാല്‍ ഞാന്‍നഗ്നന്‍ആയിട്ടഭിനയിക്കും. ഭാരതത്തില്‍ പല ആരാധനാലയങ്ങളിലും ക്ഷേത്രങ്ങളിലും നിങ്ങള്‍ക്ക് കാണാന്‍പറ്റും ഈ നഗ്നരൂപങ്ങളും രതി ശില്പങ്ങളുമൊക്കെ. ഇത് കാമശാസ്ത്രവും നാട്യശാസ്ത്രവും ഉണ്ടായ നാടാണ്, ഗണിതശാസ്ത്രം മാത്രമല്ല. അത് കൊണ്ട് നഗ്നത ഒരു പാപമാണെന്നു ഞാന്‍കരുതുന്നില്ല.
ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നിലൂടെ താങ്കള്‍ ഓടിയതായി വായിച്ചിരുന്നു . വിശദീകരിക്കാമോ.
ശരിയാണ്, ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നിലൂടെ എന്റെ രാജ്യത്തിനെന്തോ സംഭവിക്കാന്‍പോവുന്നു, അള്ളാഹു അക്ബര്‍ എന്ന് പറഞ്ഞ് നിലവിളിച്ചുകൊണ്ടോടിയിട്ടുണ്ട്. അന്ന് നിരോധനാജ്ഞയായിരുന്നു. അന്ന് എനിക്ക് ഭ്രാന്താണെന്നാണ് പോലീസുകാര്‍ പോലും വിചാരിച്ചത്. അതിന് ശേഷമാണ് രാജ്യത്ത് വര്‍ഗീയ കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും ഒക്കെ ഉണ്ടായത്.
അന്ന് മീഡിയ ഇത്രത്തോളം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല അല്ലെ.
ഇല്ല, നാടകക്കാരന്റെ വാചകത്തിന് ശ്രദ്ധ കൊടുക്കുന്ന ഒരു സൊസൈറ്റിയോ സമൂഹമൊന്നും അല്ല നമ്മുടേത്. സിനിമാക്കാരന്‍പറയുമ്പോള്‍ അതിന് എല്ലാരും ഒരു പ്രത്യേക ശ്രദ്ധ കൊടുക്കും. കാരണം അത്രയും പോപ്പുലാരിറ്റിയില്‍ നില്‍ക്കുന്ന ഒരാളാവുന്നത് കൊണ്ടായിരിക്കണം.
ഫെഫ്ക, അമ്മ പോലുള്ള സിനിമ സംഘടനകള്‍ ഒന്നും തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചു കണ്ടില്ല. എന്ത് കൊണ്ടാവും അത്.
അത് എനിക്കറിയില്ല. അവരുടെ സംഘടനയും സംഘടനാ ഭാരവാഹികളും ആണ് അതിന് ഉത്തരം പറയേണ്ടത്. എല്ലാരും എന്റെ രീതിയില്‍ പ്രതികരിക്കണം എന്ന് വാശി പിടിക്കുന്നത് ശരിയല്ലല്ലോ. അവര്‍ക് അവരുടേതായ പ്രതിഷേധങ്ങള്‍ ഒക്കെ ഉണ്ടാവും. അത് അവര്‍ രേഖപ്പെടുത്തുന്നത് വേറെ രീതിയിലായിരിക്കും. എന്റെ രീതി ഇങ്ങനെ ആയിരുന്നു. പണ്ടും ഇങ്ങനെ തന്നെയായിരുന്നു. നാളെയും അതെ. സിനിമാക്കാരന്‍ആയത് കൊണ്ട് അതില്‍മാറ്റം വരുത്തേണ്ടതില്ലല്ലോ.
ഇതുപോലുള്ള സാമൂഹിക പ്രശ്നങ്ങള്‍ ഇന്നത്തെ സിനിമകളില്‍ പ്രതിഫലിക്കുന്നുണ്ടോ.
എല്ലാ സിനിമകളിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ എന്നുള്ളത് മനുഷ്യനെ ചിന്തിപ്പിക്കാനും ബോധല്‍ക്കരിക്കാനും കൂടിയിട്ടുള്ള ആയുധം ആയിട്ടുപയോഗിക്കണം എന്നുള്ളതാണ് എന്റെ വിശ്വാസം. അത് വെറും വിനോദോപാധി മാത്രം അല്ലല്ലോ. പക്ഷെ അത്തരം വിനോദം മാത്രം ഉള്ള സിനിമകളില്‍ നമുക്കും ഭാഗവാക്കാക്കേണ്ടി വരും. ഒരു കലാകാരനെന്നുള്ള രീതില്‍ അതില്‍ നിന്ന് മാറി നില്‍ക്കാന്‍പറ്റില്ല.
നരേന്ദ്ര ദബോല്‍ക്കര്‍ മുതല്‍ കല്‍ബുര്‍ഗി വരെ രോഹിത് വെമുല മുതല്‍ നജീബ് വരെ നിരവധി മനുഷ്യാവകാശ പ്രശ്നങ്ങള്‍ തുടരെ തുടരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രതികരിക്കുന്നവര്‍ക്കെതിരെ കരി നിയമങ്ങള്‍ ചുമത്തി വായടപ്പിക്കുന്ന ഫാസിസ്റ്റ് പ്രവണത. നാളെ താങ്കളെയും കരിനിയമങ്ങള്‍ ചുമത്തി ജയിലിലടയ്ക്കുമെന്ന് ഭയക്കുന്നുണ്ടോ. പേടിയുണ്ടോ.
അസ്വസ്ഥതയില്‍ നിന്നാണല്ലോ ഇത്തരം പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുന്നത്. നാട്ടില്‍ ഒരു അസ്വസ്ഥതയുണ്ടാവുമ്പോഴാണല്ലോ ഒരു കലാകാരന്‍പ്രതികരിക്കാന്‍തീരുമാനിക്കുന്നത്. നമ്മള്‍ വളരെ സ്വസ്ഥമായി മൗനമായി ഇരിക്കുക എന്ന് പറയുന്നത് വലിയ അപകടമാണ്. നമ്മളെ സംബന്ധിച്ചിടത്തോളം അത് കണ്ടില്ല എന്ന് നടിച്ച് സേഫ് സോണില്‍ ആണെന്നും കരുതി എത്രകാലം അങ്ങനെ ഇരിക്കാന്‍പറ്റും എന്ന് ഞാന്‍ആലോചിച്ചിട്ടുണ്ട്. ആര്‍ക്കും അങ്ങനെ ഒരു സേഫ് സോൺ ഇല്ല. അങ്ങനെ കരുതുന്നവര്‍ക് നേരെയാവും അടുത്ത ആക്രമണം ഒരുപക്ഷെ വരാന്‍പോവുന്നത്. സമൂഹത്തിലെ ഒരു ചെറിയ മുറിവ് നമ്മള്‍ കണ്ടില്ലെന്ന് നടിച്ചാലത് ഒരു വലിയ വ്രണമായി മാറും. അത് ഉണ്ടാവരുത്. ഉണ്ടായാല്‍ അത് ഉണക്കാനുള്ള നടപടികള്‍ ആണ് ആദ്യം ചെയ്യേണ്ടത്.
ഒരു രാജ്യം ഭരിക്കുന്ന ജനങ്ങളാല്‍തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാറിലെ രാഷ്ട്രീയ പാര്‍ട്ടിയുടെ കേരളത്തിലെ തലമുതിര്‍ന്ന ഒരു നേതാവില്‍നിന്നാണ് ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നാട് കടത്തും എന്ന് പറയുന്നത്. അതും അദ്ദേഹത്തിന്റെ മതത്തിന്റെ പേരിലാണ് പാകിസ്ഥാനിലേക്കയയ്ക്കും എന്ന് പറയുന്നത്. കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവില്‍ നിന്ന് അത്തരം ഒരു വാക്ക് വരിക എന്ന് പറഞ്ഞാല്‍ അത് ഒരു അപകടസൂചനയാണ്.
I F F K യിലെ സ്ഥിരം സാന്നിധ്യമാണ് താങ്കള്‍. ഇക്കഴിഞ്ഞ I F F K യോടനുബന്ധിച്ചാണ് ദേശീയ ഗാനം തീയേറ്ററുകളില്‍ നിര്‍ബന്ധമാക്കാനും അതിനെ തുടര്‍ന്ന് എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കെതിരെ കേസെടുക്കുന്ന സംഭവ വികാസങ്ങള്‍ വരെ ഉണ്ടായത്. അവഹേളിക്കുന്നതും ആദരിക്കാതിരിക്കുന്നതും രണ്ടും രണ്ടല്ലേ.
ഞാന്‍ ദേശീയ ഗാനത്തെയും ദേശിയ പതാകയേയും ബഹുമാനിക്കുന്ന ഒരു മനുഷ്യനാണ്. ഒരു പൗരന്‍ എന്നുള്ള നിലയില്‍ നമ്മള്‍ രാജ്യത്തിൻറെ നിയമങ്ങള്‍ അനുസരിക്കാന്‍ബാധ്യസ്ഥരാണ്. പക്ഷെ ദേശീയത എന്ന് പറയുന്നതിന്റെ വെറും ചിഹ്നങ്ങള്‍ മാത്രം ആണ് ദേശീയഗാനവും ദേശീയ പതാകയും. അത് മാത്രമല്ല ദേശസ്നേഹം. ദേശസ്നേഹം ഉള്ളില്‍ നിന്ന് ഉണ്ടാവേണ്ടതാണ്. ഇത്തരം അടിച്ചേല്‍പ്പിക്കുന്ന ദേശീയതകള്‍ ഫാസിസത്തിന്റെ ലക്ഷണമാണ്. ദേശീയ ഗാനം എഴുതിയ ടാഗോര്‍ പോലും അതിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്, അമിത ദേശീയത വരുത്തുന്നത് അപകടമാണ് എന്ന്. ഈ നാട്ടില്‍ ജനിച്ച എല്ലാവരും ദേശബോധം ഉള്ളവരും രാഷ്ട്ര സ്നേഹം ഉള്ളവരും തന്നെയാണ്. ചിലര്‍ ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. അതിന്റെ പേരില്‍ അയാളുടെ മതം ഇന്നതാണ് എന്ന് പറഞ്ഞു പാക്കിസ്ഥാനിലേക്ക് നാട് കടത്തുമെന്ന് പറയുന്നു.
പാകിസ്ഥാന്‍എന്താ നരകം ആണോ? ഞാന്‍എല്ലാ രാജ്യത്തെയും സ്നേഹിക്കുന്ന ഒരാളാണ്. അയല്‍ രാജ്യങ്ങളെ സ്നേഹിക്കാനും ആദരിക്കാനും നമ്മള്‍ പഠിക്കണം. അതിരുകള്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചാണ് എന്റെ ആഗ്രഹം. പാസ്സ്‌പോര്‍ട്ടും വിസയുമൊന്നും ഇല്ലാതെ തന്നെ എല്ലാ രാജ്യത്തും സഞ്ചരിക്കാന്‍പറ്റുന്ന ഒരു കാലം, അങ്ങനെ ഒരു ലോകം. പക്ഷികള്‍ പറന്നു നടക്കുന്നത് പോലെ. ഈ അതിരുകളും അമിത ദേശീയതയും ആണ് എന്നും യുദ്ധങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. അതിരുകള്‍ മാഞ്ഞു പോവുന്നിടത്ത് യുദ്ധം അവസാനിക്കും. അമിത ദേശീയത ഇല്ലാത്തിടത്ത് ഫാസിസവും അവസാനിക്കും.
പാകിസ്ഥാന്‍കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചു സിനിമകള്‍ പ്രദര്ശിപ്പിക്കില്ല എന്ന ശിവസേന പോലുള്ള സംഘടനകളുടെ നയങ്ങളോട് എങ്ങിനെ പ്രതികരിയ്ക്കുന്നു.
അത് വലിയ തെറ്റ് തന്നെയാണ്. നമ്മള്‍ ചെയ്താലും അവര്‍ ചെയ്താലും. കല കാലത്തിനും നാടിനുമതീതമാണ്. അത് മനസ്സിലാക്കാനുള്ള വിവേകവും ബുദ്ധിയുമൊക്കെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുണ്ടാവട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന.
ഗുലാം അലിയെ പോലൊരു പാട്ടുകാരനെ പാടാന്‍ അനുവദിക്കാതെ മടക്കി അയച്ച ഒരു സംഭവവും ഉണ്ടായി. അന്നും താങ്കള്‍ പ്രതിഷേധിച്ചിരുന്നല്ലോ.
അന്ന് ഗുലാം അലി പാടും എന്ന് പറഞ്ഞിട്ടാണ് ഞങ്ങള്‍ ജയ് ഹിന്ദ് ഗ്രന്ഥശാല എന്നൊരു വായന ശാലയിലൊരു പ്രോഗ്രാം സംഘടിപ്പിച്ചത്. അതും പ്രതീകാത്മകമായിരുന്നു. ഞാനും ഭാര്യയും കുട്ടികളും ചേര്‍ന്ന് ഞങ്ങളുടെ നാട്ടിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു സംഘത്തെ വിളിച്ചിരുത്തി. എന്റെ കൂട്ടുകാരനും അയല്‍ നാട്ടുകാരനുമായ പക്ഷാഘാതം വന്നു കിടക്കുന്ന എംഎസ് നസീം എന്ന ഗായകനെകൊണ്ട് പാട്ടു പാടിച്ചു. ഞാന്‍കോളേജില്‍ പഠിക്കുമ്പോള്‍ ദൂരദര്ശനില്‍ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ഡേയിലും ഒക്കെ ദേശഭക്തിഗാനം പാടുന്ന ആളായിരുന്നു നസീം. ആള്‍ക്കധികം സംസാരിക്കാന്‍ഒന്നും പറ്റില്ലായിരുന്നു. ആ മനുഷ്യനെ കൊണ്ടാണ് ഞാന്‍“ദൈവം നാവരിഞ്ഞാല്‍ പോലും നമ്മള്‍ പാടും” എന്നതിന്റെ പ്രതീകാത്മകമായി ഗുലാം അലിയുടെ ഗസലുകള്‍ മൂളിച്ചത്. അതിന് ശേഷം കുട്ടികള്‍ക്ക് സംഗീതത്തെ കുറിച്ചും ഗുലാം അലിയെ കുറിച്ചും നസീമിനെ കുറിച്ചുമൊക്കെ പരിചയപ്പെടുത്തുകയുണ്ടായി. ഇതൊരു കലാവിഷ്കാരം ആണോ രാഷ്ട്രീയ പ്രവര്‍ത്തനമാണോ എന്നൊക്കെ ചോദിച്ചാല്‍ രണ്ടുംകൂടി ചേര്‍ന്നുള്ള ഒരു പ്രവര്‍ത്തനം ആണ്.
വിയറ്റ്നാം അധിനിവേശം , ഇറാക്ക് അധിനിവേശം തുടങ്ങിയവയെ ഒക്കെ വിമര്‍ശിച്ചു കൊണ്ട് നിരവധി ഹോളിവുഡ് സിനിമകളും ഡോക്യൂമെന്ററികളും ഉണ്ട്. ദേശീയ നയങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള സിനിമകള്‍ ഇന്ത്യയില്‍ വിരളമല്ലെ. വിദേശ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ടോ. അത് സിനിമയായാലും നാടകമായാലും.
ഇത്തരം കലാ സൃഷ്ടികള്‍ വരുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാവാറുണ്ട്. അത് സ്വാഭാവികമാണ്. അതിനെ മാറി കടക്കുക എന്നുള്ളത് ഒരു കലാകാരന്റെ വിജയമാണ്. നിങ്ങള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ എല്ലാവരും അത് അംഗീകരിച്ചു തരണം എന്ന് നിര്‍ബന്ധമൊന്നും ഇല്ല. എതിരഭിപ്രായത്തെയും നമ്മള്‍ മാനിക്കണം. എന്നാല്‍ എതിരഭിപ്രായം എന്നാല്‍ ഒരാളെ നാടുകടത്തി കളയുക എന്നുള്ളതല്ല. അതൊരു സംവാദം ആകേണ്ടതാണ്. എന്തായിരുന്നു അദ്ദേഹം ഉന്നയിച്ച വിഷയം എന്ന് പരസ്പരം സംവദിക്കണം.
ഇതൊരു ജനാധിപത്യ രാജ്യമാണ്. പല മതത്തിലുള്ളവര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഭാരതമെന്താണെന്ന് എനിക്ക് നന്നായറിയാം. ഹിന്ദുത്വം എന്താണെന്നും. ഇവര്‍ മനസ്സിലാക്കിയതിനെക്കാളും. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയോ ഭരിക്കുന്നവരുടെയോ കുത്തകയല്ല ദേശീയത എന്ന് പറയുന്നത്. നമുക്ക് ഭരണഘടന ഉറപ്പു തരുന്ന ചില അവകാശങ്ങള്‍ ഉണ്ട്. ആരുടേയും ഔദാര്യത്തില്‍ ജീവിക്കുന്നവരല്ല മുസ്ലിംകളും മറ്റു മതസ്ഥരും.
നോട്ടു നിരോധനത്തിനെ വിമര്‍ശിച്ചതിന് ശ്രീ എം.ടി യും വേട്ടയാടപ്പെട്ടു. എന്താണ് നോട്ടു നിരോധനത്തിനോടും എം.ടി യടക്കമുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനോടുമുള്ള താങ്കളുടെ നിലപാട്.
ഞാന്‍ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ഒന്നും അല്ല. എന്നെ സംബന്ധിച്ചിടത്തോളം നോട്ടു നിരോധനം എന്റെ അനുദിന ജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഭാവിയിലിത് ഗുണം ചെയ്യുമെന്ന് നമ്മുടെ പ്രസിഡന്റ് പോലും പറയുന്നില്ല. എനിക്കതിനെ കുറിച്ച് വലിയ വിവരം ഇല്ല. പക്ഷെ എതിരഭിപ്രായം പറഞ്ഞ മനുഷ്യര്‍ ഒക്കെ ദേശ വിരുദ്ധരാണെന്ന് പറയുന്നതിനോട് എനിക്ക് പൂര്‍ണമായ വിയോജിപ്പുണ്ട്. എം.ടിയെ വിമര്‍ശിക്കുമ്പോള്‍ പോലും അവര്‍ ആരും എം.ടിയോട് പാക്കിസ്ഥാനിലേക്ക് പോവാന്‍പറഞ്ഞില്ല.
അവിടെയാണ് കമലും എം.ടിയും തമ്മിലുള്ള വ്യത്യാസം. കമലിന്റെ പേര് മുസ്ലിമിന്റെ പേരായത് കൊണ്ടാണ് ഇവര്‍ പാകിസ്താനിലേക്ക് പോവാന്‍പറഞ്ഞത്. എം.ടിയെ വിമര്‍ശിച്ചപ്പോള്‍ ഇവര്‍ എന്ത് കൊണ്ട് അങ്ങനെ പറഞ്ഞില്ല. അപ്പോള്‍ എം.ടി ഭാരതീയന്‍ ആയിക്കോട്ടെ, കമലിന് ദേശീയത ഇല്ല. അത് കൊണ്ട് പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോട്ടെ. പഴയ രാജ വാഴ്ചയുടെ കാലത്താണ് നാട് കടത്തലുണ്ടായിരുന്നത്. ഇത് ജനാധിപത്യത്തിന്റെ കാലം ആണ്. രാജവാഴ്ചയൊക്കെ പോയി.
കാസര്‍ക്കോട്ടെ പ്രതിഷേധം സ്ക്രിപ്റ്റ് അടക്കമുള്ള തയ്യാറെടുപ്പുകളോട് കൂടിയായിരുന്നോ.
ഒന്നുമില്ല. ഇത് പ്രേക്ഷകരുമായിട്ടുള്ള സംവേദനമാണ്. പറയുന്ന വിഷയം ബോധ്യപ്പെടുത്തുക എന്നുള്ളത് മാത്രം ആണ് കാര്യം. പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്തരം അവതരണങ്ങള്‍ മുന്നോട്ടു പോവുന്നത്. കലയുടെ സൗന്ദര്യം ആയിട്ടല്ല ഞാന്‍അത് അവതരിപ്പിച്ചത്. പറയുന്ന വിഷയത്തില്‍ പ്രേക്ഷകര്‍ സംവേദിക്കണം, ചര്‍ച്ചകള്‍ വരണം. അതിന് സ്ക്രിപ്റ്റ് ഉണ്ടാക്കാന്‍ഒന്നും പറ്റില്ല. മനസ്സിലൊരു ഐഡിയ ഉണ്ടായിരിക്കണം. കമലിന്റെ പേര് മുസ്ലിം പേരായത് കൊണ്ട് പാകിസ്ഥാനിലേക്കു പോകണം.
എന്റെ പേര് അലന്സിയര്‍ എന്നായത് കൊണ്ട് ഞാന്‍അമേരിക്കയിലേക്കോ പോര്‍ച്ചുഗീസിലേക്കോ പോവണം. അങ്ങോട്ടുള്ള ബസ് അന്വേഷിച് എത്തുന്നതായിട്ടാണ് നാടകം തുടങ്ങുന്നത്. എന്റെ നാടിനോട് ബഹുമാനം; അതിനേക്കാള്‍ മറ്റ് നാടുകളോട് ബഹുമാനം എന്ന് പറഞ്ഞാണ് നാടകം ആരംഭിക്കുന്നത്. അമേരിക്കയിലേക്കുള്ള ടിക്കറ്റ് ചോദിക്കുമ്പോള്‍ കണ്ടക്ടറുടെ മറുപടിയില്‍ നിന്ന് അടുത്ത ചോദ്യത്തിലേക്കും മറുപടിയിലേക്കും കടക്കുന്നു. ഇത്തരം ഏകാംഗ പ്രകടനങ്ങള്‍ ഞാന്‍ മുന്‍പും ചെയ്തിട്ടുള്ളതാണ്. ഒരു കലാകാരനെന്ന നിലയില്‍ പ്രതിഷേധിക്കണമെന്ന് തോന്നിയാല്‍ ഇങ്ങനെയോ മറ്റു രൂപത്തിലോ തന്നെ ഇനിയും ചെയ്യേണ്ടി വരും.
അസഹിഷ്ണുത മേല്‍വിലാസമാകുന്ന കാലത്ത് അര്‍ദ്ധനഗ്നനായൊരു ഫക്കീര്‍ സഫ്ദര്‍ ഹഷ്മിയെപ്പോലെ നമ്മുടെ തെരുവുകളിലേയ്ക്ക് കടന്നു വരും. ക്യൂ നിന്നു ശീലിച്ച നമ്മുടെ പ്രജ്ഞകളിലേയ്ക്ക് അങ്ങിനെയാണ് അലന്‍സിയര്‍മാര്‍ വെളിച്ചം തെളിയ്ക്കുക. മരവിപ്പുകള്‍ക്കു മീതെ കൊടും ചൂടുള്ളത് … കത്തുന്നത് …കത്തിയ്ക്കുന്നത് !