Aiswarya Ajithan

സ്വവര്‍ഗ്ഗാനുരാഗം : സാധുത - സാധ്യത - സദാചാരം - ഇന്ത്യ 

സ്വവര്‍ഗ അനുരാഗത്തിന് സമൂഹം എപ്പോഴും മൂന്നാംകിട സ്ഥാനം മാത്രമേ നല്‍കിയിരുന്നുള്ളൂ. സ്വവര്‍ഗാനുരാഗികള്‍ക്ക് സമൂഹം തീരെ പ്രാധാന്യം നല്‍കിയതുമില്ല. ഒളിവിലും മറവിലും വികാരശമനം നടത്താന്‍ വിധിക്കപ്പെട്ടവരായിരുന്നു അവര്‍. പ്രണയം ജാതി, മത, ഭാഷ, ദേശങ്ങള്‍ ക്കെല്ലാം അതീതം എന്ന് പ്രഖ്യാപിച്ച കവികള്‍ പ്രണയം ലിംഗങ്ങള്‍ക്കും അതീതമാണെന്ന് പറയാന്‍ ബോധപൂര്‍വ്വം മറന്നു. സമൂഹം അവരെ ഓര്‍മപ്പെടുത്തിയതുമില്ല.


hqdefault


1974 അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ സ്വവര്‍ഗാനുരാഗം ജനിതകമോ മാനസികമോ അതുമല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലമോ ആയിരിക്കാമെന്നും ഇത്തരക്കാരെ രോഗികളായോ പാപികളായോ മുദ്ര കുത്തരുതെന്ന് വാദിക്കുകയും അതിന്‍റെ ചുവടുപിടിച്ച് പലരാജ്യങ്ങളും സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ അനുരാഗികളെയും നിയമപരമായി അംഗീകരിക്കുകയും ചെയ്തു. ലൈംഗിക ശില്പങ്ങള്‍ക്ക് പേരുകേട്ട ഖജുരാഹോ ക്ഷേത്രങ്ങളിലെ സ്വവര്‍ഗരതിയുടെ നിരവധി ചിത്രങ്ങള്‍ പുരാതനകാലത്ത് ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം അംഗീകരിച്ചിരുന്നു എന്നതിന് തെളിവാണ്. കൊളോണിയല്‍ കാലഘട്ടത്തിനു മുന്‍പുള്ള ഇന്ത്യന്‍ സമൂഹം സ്വവര്‍ഗ ബന്ധത്തെ കുറ്റകരമാക്കിയിട്ടില്ലെന്നും അത്തരം ബന്ധങ്ങളെ അധാര്‍മികമോ പാപപരമോ ആയി കാണുന്നില്ലെന്നും ചരിത്രകാരന്മാര്‍ പണ്ടേ വാദിച്ചിരുന്നു.


unnamed


ഇന്ത്യയിലെ ഏറ്റവും വലിയ മതമായ ഹിന്ദുമതം ഹിജ്റ എന്നറിയപ്പെടുന്ന വിഭാഗത്തെഗ അംഗീകരിക്കുകയും പരമ്പരാഗതമായി സ്വവര്‍ഗരതിയെ സ്വാഭാവികമായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികളും അതിനുശേഷം മതാചാര്യന്മാരും പ്രകൃതി വിരുദ്ധമെന്ന് ചാര്‍ത്തിക്കെട്ടിയ സ്വവര്‍ഗാനുരാഗത്തെ സ്വതന്ത്ര ഇന്ത്യയ്ക്ക് അംഗീകരിക്കാന്‍ 2018 വരെ കാത്തിരിക്കേണ്ടിവന്നു.


2018 സെപ്റ്റംബര്‍ ആറിന് മുതിര്‍ന്നവര്‍ തമ്മിലുള്ള സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗലൈംഗികത അംഗീകരിക്കുകയും ലൈംഗികാഭിമുഖ്യം സംരക്ഷിക്കുന്നത് മൗലിക അവകാശങ്ങളുടെ കാതല്‍ ആണെന്നും LGBTIQA ജനതയുടെ അവകാശങ്ങള്‍ യഥാര്‍ത്ഥമാണെന്ന് പറയുകയും ചെയ്ത സുപ്രീംകോടതി സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കാന്‍ വിട്ടു പോവുകയോ ബോധപൂര്‍വ്വം മറക്കുകയോ ചെയ്തു. സുപ്രീംകോടതിയുടെ ചരിത്രപരമായ ഈ വിധി രാഷ്ട്രീയപാര്‍ട്ടികളില്‍ വലിയൊരു വിഭാഗം സ്വാഗതം ചെയ്തെങ്കിലും ബിജെപി അതില്‍ നിശബ്ദത പാലിച്ചു. സെക്ഷന്‍ 377 നെ ചോദ്യം ചെയ്യുന്ന നിവേദനങ്ങളെ എതിര്‍ക്കേണ്ടെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിക്കുകയും ഇത് കോടതിക്ക് വിട്ടുകൊടുക്കുകയും ചെയ്തെങ്കിലും LGBTIQA കമ്മ്യൂണിറ്റിയുടെ വിവാഹ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിധി പറയരുതെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.


download


എന്നാല്‍ എല്ലാ കാലത്തും മാറി ചിന്തിക്കാറുള്ള മനുഷ്യന് ഇഷ്ടമുള്ള വികാരപരമായ ജീവിതം ആസ്വദിക്കാന്‍ അധികനാള്‍ കാത്തിരിക്കാന്‍ കഴിയില്ല എന്നുള്ളതിന്റെ തെളിവാണ് കേരളത്തിലെ ആദ്യ സ്വവര്‍ഗ പുരുഷ ദമ്പതികളായ സോനുവും നികേഷും. അവര്‍ വിവാഹം ചെയ്തതാകട്ടെ ആര്‍ട്ടിക്കിള്‍ 377 ല്‍ ഭേദഗതി വരുത്തുന്നതിന് മുന്‍പും. നിയമപരമല്ലെങ്കിലും പ്രണയത്തിന്‍റെ പേരില്‍ ദുരഭിമാനക്കൊലകള്‍ നടക്കുന്ന കേരളത്തിലെ ആദ്യത്തെ സ്വവര്‍ഗ പുരുഷ ദമ്പതികളാണവര്‍. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കള്‍ ക്കിടയില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായില്ലെന്നും അവരുടെ സ്വത്വത്തെയും പ്രണയത്തെയും അംഗീകരിക്കാനും തയ്യാറായി എന്നും സോനുവും നികേഷും പറയുന്നു. മനുഷ്യന്‍ എവിടെയൊക്കെയോ മാറി ചിന്തിക്കാന്‍ തുടങ്ങി എന്നതിന് തെളിവാണത്. അപ്പോഴും നീനുവും കെവിന്റെയും കഥ ചിലരിലുള്ള കാടത്തം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്ന് വെളിവാകുന്നു.


download (1)


നികേഷിനെയും സോനുവിനെയും പോലെ പോലെ പാകിസ്ഥാനില്‍ നിന്നുള്ള മുസ്ലിം ആര്‍ട്ടിസ്റ്റായ സുന്ദാസ് മാലിക്കിനും ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുവായ അഞ്ജലി ചക്രയ്ക്കും പറയാനുള്ളത് അവരുടെ സ്വവര്‍ഗ സ്ത്രീ അനുരാഗത്തെ കുറിച്ചാണ്. അവര്‍ അവരുടെ പ്രണയം ആഘോഷിക്കുകയാണ്. കണ്ടുമുട്ടിയതിന്റെ വാര്‍ഷികം അവര്‍ ആഘോഷിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പങ്കുവെച്ചാണ്.


നികേഷും സോനുവും അവരുടെ വിവാഹം വെളിപ്പെടുത്തിയതിലൂടെയും സുന്ദാസും അഞ്ജലിയും ഫോട്ടോകള്‍ പങ്കു വച്ചതിലൂടെയും ജനങ്ങളുടെ മനോഭാവത്തിലുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്. ജാതി, മത, വര്‍ഗ, വര്‍ണ, ദേശ, ഭാഷകളെപ്പോലെ ലിംഗത്തിനും പ്രണയത്തില്‍ സ്ഥാനമില്ല എന്ന് തെളിയിക്കുകയാണ് ഇരുകൂട്ടരും.


anjali-52_5


2019ലെ ഇലക്ഷന്‍ പ്രകടനപത്രികയില്‍ സിപിഐഎം LGBTIQA കമ്മ്യൂണിറ്റിക്ക് പ്രത്യേക സ്ഥാനം നല്‍ കിയിരുന്നു. സ്വവര്‍ഗ വിവാഹത്തിന് മറ്റു വിവാഹങ്ങള്‍ക്കുള്ള എല്ലാതരത്തിലുമുള്ള നിയമപരിരക്ഷയും വാഗ്ദാനം ചെയ്തിരുന്നു എന്നത് പ്രതീക്ഷാവഹമാണ്.


ആചാരാനുഷ്ഠാനങ്ങള്‍ , നിയമപുസ്തകങ്ങള്‍ , മതപരമായ അല്ലെങ്കില്‍ പുരാണ വിവരണങ്ങള്‍ , വ്യാഖ്യാനങ്ങള്‍ , പെയിന്റിംഗുകള്‍ , ശില്പം എന്നിവയില്‍ വേദകാലം മുതല്‍ ഇന്നുവരെ ഹിന്ദുമതത്തിനുള്ളില്‍ സ്വവര്‍ഗ ബന്ധങ്ങളും ലിംഗ വ്യത്യാസവും പ്രതിനിധീകരിച്ചിട്ടുണ്ട്. അര്‍ദ്ധനാരീശ്വര സങ്കല്പവും മോഹിനീരൂപവുമെല്ലാം അതിനു തെളിവാണ്. തീവ്ര വലതുപക്ഷ ഹിന്ദു ഗ്രൂപ്പായ ആര്‍ എസ് എസ് സ്വവര്‍ഗരതിയെ ഇപ്പോഴും പ്രകൃതി വിരുദ്ധമായി തന്നെയാണ് കണക്കാക്കുന്നത്.