സ്ത്രീ ഒരു വസ്തു അഥവാ ചരക്ക് എന്നും ആലസ്യക്കാഴ്ചകള്ക്കായുള്ള അലങ്കാര വിഷയം എന്നുമൊക്കെ കരുതിയിരുന്ന ഇന്ത്യന്‍ ചിത്രകലയില്‍ ഈ കാഴ്ചപ്പാട് മാറ്റുവാനും സ്ത്രീസ്വത്വത്തെയും സ്ത്രൈണാനുഭവങ്ങളെയും ആവിഷ്കരിക്കാനും തുടങ്ങിയത് അമൃത ഷെര്‍ഗില്‍ ആണ്. ഇത് ഇന്ത്യന്‍ ചിത്രകലയില്‍ പുതിയ യുഗം തുറന്നു. പാരീസിലെ ചിത്രരചനാ പരിചയവും ഇന്ത്യന്‍ ചിത്രകലയെക്കുറിച്ചുള്ള അവബോധവും ഇന്ത്യന്‍ ചിത്രകലയ്ക്ക് സമഗ്ര സംഭാവനകള്‍ നല്കാന് അമൃതയെ സഹായിച്ചു.
1913ല്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് അമൃത ജനിച്ചത്.അച്ഛന് പഞ്ചാബിയായ ഉമ്രാവോ സിംഗ് ഷെര്‍ഗില്‍ , അമ്മ ഹംഗറിക്കാരിയായ മേരി അങ്ങ്ത്വനത്. അച്ഛന് ഒരു സംസ്കൃത പണ്ഡിതനും അമ്മ ഒരു ഓപെറ ഗായികയുമായിരുന്നു. ചെറിയ പ്രായം മുതല്‍ ചിത്രകലയില്‍ താല്പര്യമുണ്ടായിരുന്ന അമൃതയും കുടുംബവും 1921ല്‍ ഇന്ത്യയില എത്തി. സിംലയിലാണ് അവര്‍ താമസിച്ചത്.
1929ല്‍ അമൃത പാരീസിലേക്ക് പോയി. ആദ്യം പിയരെ വെയിലന്റ് എന്ന ചിത്രകാരന്റെ കീഴിലും ലൂസിമണ് സൈമണ്‍ എന്നാ മഹാനായ ചിത്രകാരനൊപ്പവും ചിത്രകല പരിശീലിച്ചു. ചിത്രകല ഗൌരവമായെടുത്ത അമൃതയില്‍, പോല്‍ ഗോഗിന് , സെസാന് , വാന്‍ഗോഗ് എന്നിവരുടെ ചിത്രരചനാരീതികള്‍ സ്വാധീനം ചെലുത്തി. പാരീസിലെ കലാവിദ്യാലയത്തില്‍ മൂന്നു കൊല്ലം പഠിച്ചു. 1932ല്‍ ആദ്യമായി ഗ്രാന്‍ഡ് സലൂണില്‍ ഒരു ചിത്രം പ്രദര്‍ശിപ്പിച്ചു. അതോടെ അമൃത പ്രശസ്തിയിലേക്കുയര്‍ന്നു. ഗ്രാന്‍ഡ് സലൂണില്‍ അവര്‍ക്ക് അംഗത്വം ലഭിച്ചു.
19 വയസ്സ് മാതം പ്രായമുള്ള അമൃത ഏറ്റവും പ്രായം കുറഞ്ഞ അംഗം മാത്രമായിരുന്നില്ല, ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ അംഗം കൂടിയായിരുന്നു. 1934ല്‍ അമൃത വീണ്ടും സിംലയില്‍ തിരിച്ചെത്തി. സിംലയില്‍ വച്ച് അമൃത വരച്ച ചിത്രങ്ങള്‍ പലതും ലോക ലോക ചിത്രകല ആദരവോടെ എറ്റുവാങ്ങിയവയാണ്. 1937ല്‍ അമൃതയുടെ ഒരു പ്രദര്‍ശനം ഡല്‍ഹിയില്‍ നടന്നു. ഇത് അവരുടെ പ്രശസ്തി ലൊകമെങ്ങുമെത്തിചു.
അമൃത ഒരുപാട് സ്ത്രീ ജീവിതങ്ങളെ വരച്ചിട്ടുണ്ട്. ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാത്ത ആഡ്യമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യാത്ത ലഘുവായ ചിത്രങ്ങള്‍ ; പക്ഷെ എല്ലാറ്റിലും ഇന്ത്യന്‍ ഗ്രാമീണ സ്ത്രീകളുടെ ദൈന്യവും ദുഖവും ഏകാന്തതയും നിറഞ്ഞു നിന്നു . സ്ത്രീ ശരീരത്തിന്റെ ആകര്ഷകതയോ വരേണ്യ വര്‍ഗത്തിന്റെ ലാവണ്യക്കാഴ്ചകളോ ഷേര്‍ഗിലിന്റെ ചിത്രങ്ങളില്‍ ഇടം പിടിച്ചില്ല. മിക്കവാറും സ്ത്രീകള്‍ ഏതാണ്ട് മുഴുവനായിത്തന്നെ വസ്ത്രധാരണം നടത്തിയിട്ടുള്ളവരാണ് . മുഖം കൊണ്ടും ശരീര വിന്യാസ രീതികൊണ്ടുമാണ് സ്ത്രീ ജീവിതങ്ങളുടെ ദൈന്യതകള് അവര്‍ അവതരിപ്പിച്ചത്. പൊതുവെ അമൃതയുടെ ചിത്രങ്ങള്‍ക്ക് മഞ്ഞയും പച്ചയുമൊക്കെ നിറങ്ങളാണ്. പ്രത്യാശ നിര്‍ഭരമായ ഒരു ഊര്‍ജം അവ പ്രസരിപ്പിക്കുന്നുണ്ട് .
ഇന്ത്യ മുഴുവന്‍ യാത്ര ചെയ്ത അവര്‍ കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടാരത്തിലെ ചുവര്‍ചിത്രങ്ങള്‍ കാണുകയും ഇത്രയും ശക്തിയുള്ള ചിത്രങ്ങള്‍ ചുരുക്കമായേ കാണാനാവൂ എന്ന് അഭിപ്രയപ്പെടുകയുംചെയ്തിട്ടുണ്ട് . കഥകളി, ഭരതനാട്യം എന്നിവ അമൃതയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കലാരൂപങ്ങള്‍ ആയിരുന്നു. ദരിദ്രരായ ഇന്ത്യന്‍ സ്തീകളുടെ ദുഃഖം ഘനീഭവിച്ച കാന്‍വാസ് ആയിരുന്നു അമൃതയുടെ ഓരോ ചിത്രവും. ഭാരത് മാതാ (Mother India) എന്ന ചിത്രത്തില്‍ ഒരു ഭിക്ഷക്കാരിയെയും അവരുടെ കുട്ടികളെയും കാണാം.
ഓരോ മുഖത്തും വേദന നിറയുന്ന വിഷാദം തളം കെട്ടി നില്ക്കുന്നു. പാശ്ചാത്യ-പൌരസ്ത്യ സങ്കേതങ്ങളെ സമന്വയിപ്പിച്ച ഒരു ചിത്രരചനാ രീതി ആയിരുന്നു അമൃതയുടെത്. വധുവിന്റെ ചമയം, ബ്രഹ്മചാരി, ചന്തയിലേക്ക് പോകുന്ന ഗ്രാമീണര്‍ , കുളിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ, യാചകര്‍ , ഗ്രാമീണര്‍ , സിക്ക് ഗായകര്‍, ഭാരത് മാതാ തുടങ്ങിയ ചിത്രങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയും സമാദരണീയങ്ങളുമാണ് . 1941 ഡിസംബര്‍ 5നു പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് അമൃത ഷെര്‍ഗില്‍ മരിക്കുമ്പോഴും പകുതിമാത്രം രചിച്ച ഒരു ചിത്രം അവരുടെ സ്റ്റുഡിയോയില്‍ ശേഷിക്കുന്നുണ്ടായിരുന്നു.