മഴ എന്നത് ഒരനുഭവമാണ് . ആ മഴയിലൂടെ നടക്കുക എന്നത് അതിലും വലിയ അനുഭവമാണ്. അതും കാടിനെ തൊട്ടറിഞ്ഞ് നടക്കുക എത്ര മനോഹരമായ ആശയമാണ്. ആദ്യമായി മഴ നടത്തത്തില്‍ പങ്കെടുത്ത അനുഭവം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. അപ്പോഴാണ് മഴനടത്തമെന്ന ആശയത്തെക്കുറിച്ച് തന്നെ ഞാന്‍ കേള്‍ക്കുന്നത്. കാട് എപ്പോഴും നിഗൂഢമാണ്. ആ കാടിലൂടെ മഴനനഞ്ഞ് നടക്കുക എന്നത് ഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നു. പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കുവാനും കഴിഞ്ഞ ഒരവസരമായിരുന്നു അത്. ആദ്യ യാത്രയില്‍ കെ എസ് ആര് ടി സി ബസിലാണ് ഞങ്ങള്‍ പോയത്. കോട്ടൂര്‍ അഗസ്ത്യമലയുെടെ താഴ്വാരങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര. ബാലചന്ദ്രന് സാറിന്റെ നേതൃത്വത്തില്‍ പാട്ടൊക്ക പാടി നല്ല രസിച്ചാണ് ഞങ്ങളുടെ യാത്ര. മരങ്ങള്‍ തീര്‍ത്ത കൂടാരങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്രയെന്നു പറയാം.
ചോനംപാറ എന്ന സ്ഥലത്തു നിന്നാണ് മഴനടത്തം ആരംഭിച്ചത്,അവിടെ പല സ്കൂളില്‍ നിന്നും മുന്നൂറോളം കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കളും എത്തിയിരുന്നു.ബാലചന്ദ്രന് സാര്‍ സംസാരിച്ചു. ഷിനിമാമനും ഷിനുമാമനും സംസാരിച്ചു. ഫോറസ്റ്റ് റെയ്ഞ്ചറും ,അവിടത്തെ കൗണ്‍സിലറും ഞങ്ങളെ സ്വാഗതം ചെയ്തു. പിന്നെ ഞങ്ങള്‍ യാത്ര ആരഭിച്ചു. കാടിന്റെ മോഹിപ്പിക്കുന്ന മണം ഞങ്ങളെ വരവേറ്റു,കാറ്റും കാട്ടരുവികളും ഞങ്ങള്‍ക്കു കൂട്ടുകാരായി.
"അന്തരംഗാനന്തരത്തിലമ്പരാന്തത്തെയേന്തി
ത്തന്തിരകളാല് താളം പിടിച്ച് പാടിപ്പാടി
പാറക്കെട്ടുകള്‍ തോറും പളുങ്കുമണി ചിന്നി
ആരണ്യപപൂഞ്ചോലകളാമന്ദമൊഴുകവേ"
എന്ന ഞങ്ങള്‍ക്ക് മലയാളപുസ്തകത്തില്‍ പഠിക്കാനുള്ള ചങ്ങമ്പുഴയുടെ വരികളാണ് എനിക്കോര്‍മ വന്നത്. സംഘാടകര്‍ ഞങ്ങളെ ഏല്പിച്ച ചാക്കില്‍ വഴിയരികിലുണ്ടായിരുന്ന പ്ലാസ്റ്റിക്കൊക്കെ ഞങ്ങള്‍ നിറച്ചു. അയണിക്കുരുവും, ചക്കക്കുരുവും, പുളിങ്കുരുവും മാങ്ങയണ്ടിയും ഞങ്ങള്‍ കാട്ടിലേക്കെറിഞ്ഞു. അവ മുളച്ച് ഞങ്ങളുടെ മക്കള്‍ മഴ നടത്തത്തിനു വരുമ്പോള്‍ തണലേകാം. വളരെ വ്യത്യസ്തമായ മരങ്ങളാണ് ഞങ്ങള്‍ കണ്ടത്. കുളിരരുവിയില്‍ ഞങ്ങള്‍ ഞണ്ടുകളെ കണ്ടു. ഉചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ വാലിപ്പാറയിലെ 'ഉറവ്' എന്ന കലാസാസ്കരികകേന്ദ്രത്തിലെത്തി. ഞങ്ങള്‍ക്ക് ദാഹജലം തന്നതോടൊപ്പം മണ്ണിന്റെ മണമുള്ള പാട്ടു പാടിത്തന്നു. അവിടിരുന്നു നോക്കിയാല്‍ അങ്ങ് ദൂരെ മലനിരകള്‍ കാണാം. നമ്മള് ശ്വസിക്കുന്ന ഓക്സിജന്‍ സിലിണ്ടറിലാക്കി വില്ക്കാന് തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍ പല രാജ്യങ്ങളിലും. അങ്ങനെ നോക്കുമ്പോള്‍ പത്തുകോടിയിലധികമാണ് ഒരു മരത്തിന്റെ വില. പ്ലാസ്റ്റിക്ക് വീണ്ടും വീണ്ടും ഉപയോഗിച്ച് അതിന്റെ ഉപഭോഗം കുറയ്ക്കണമെന്നാണ് ഞങ്ങളോടൊപ്പം യാത്രയിലുണ്ടായിരുന്ന അമൃതാജി പറഞ്ഞത്. അതുകഴിഞ്ഞ് ഞങ്ങള്‍ വീണ്ടും കാട്ടിലേക്ക്. ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാട്ടില്‍ ആനയും കാട്ടുപോത്തും കടുവയുമൊക്കെയുണ്ടെന്നാണ് വഴികാട്ടിയായി നമ്മളോടൊപ്പമുണ്ടായിരുന്ന നാരായണന് മാമന് പറഞ്ഞത്. പക്ഷേ ഞങ്ങള്‍ക്കൊന്നിനേയും കാണാന്‍ കഴിഞ്ഞില്ല. പിന്നെ ഞങ്ങളുടെ യാത്ര റോഡിലൂടെയായി. അപ്പോ കാടിന്റെ നിഗൂഢത നഷ്ടപ്പെട്ടിരുന്നു.ചെറു പൂഞ്ചോലകള്‍ റോഡിനെ മുറിച്ചുകടന്നു പോകുന്നുണ്ടായിരുന്നു. വഴിയില്‍ ഒരു സുന്ദരിയായ ചിത്രശലഭത്തിന്റെ ജീവനില്ലാത്ത ശരീരം കണ്ടു. ഞങ്ങളത് ക്യാമറയില്‍ പകര്‍ത്തി. പിന്നെ കാടിനോടു വിടപറഞ്ഞ് കാട് നല്കിയ സൗന്ദര്യത്തേയും നന്മയേയും ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് കാപ്പുകാട്ടിലേക്ക് ഗജവീരന്മാരെ കാണാന്‍ പോയി. വളരെ ശാന്തമായ ഒരു പ്രദേശം. ചെറുതും വലുതുമായി പത്ത് ആനകളെ കണ്ടു. ചിലര്‍ ഗൗരത്തിലും ചിലര്‍ കുസൃതിയിലും. അവയുടെ വലിയ ശരീരം എന്റെ ചെറിയ കണ്ണില്‍ നിറഞ്ഞു നിന്നു. ആ പരിസരത്തെവിടെയോ ഒരു പുഴയുടെ കൊഞ്ചല് കേട്ടു. പക്ഷേ വൈകിയതിനാല്‍ അടുത്തേക്കു പോകാന്‍ സാധിച്ചില്ല. എല്ലാരോടും വിടപറഞ്ഞ് ഞങ്ങളുടെ മഴനടത്തത്തില്‍ മഴത്തുള്ളിക്കിലുക്കം കേട്ടില്ലെന്ന സങ്കടത്തോടെ ഞങ്ങള്‍ മടങ്ങി.
ഈ വര്ഴത്തെ മഴനടത്തം ശരിക്കും മനോഹരമായിരുന്നു. നിര്‍വചിക്കാന്‍ വാക്കുകളില്ലാതെ ഞാന്‍ വെമ്പുകയാണ്. പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയോട് ചേര്‍ന്ന് കിടക്കുന്ന ബോണക്കാടിലൂടെയാണ് ഞങ്ങള്‍ മഴനനഞ്ഞ് നടന്നത്. ഈ മഴനടത്തത്തില്‍ ഞങ്ങള്‍ തൃപ്തരാണ്. കാരണം മഴയുടെ വെള്ളിനൂലുകള്‍ ഞങ്ങളെ തഴുകാനെത്തി. ഞാനീ വര്‍ഷവും വിത്തുകള്‍ കാട്ടില്‍ പാകി. ഈ വിത്തുകള്‍ അടുത്ത തലമുറയ്ക്ക തണലാകുന്നത് ഞാന്‍ സ്വപ്നം കാണുന്നു. അതിനു ഞങ്ങളെ സഹായിക്കുന്നത് ഇരിഞ്ചയം ലൈബ്രറിയും. ഞങ്ങള്‍ യാത്ര ആരംഭച്ചിത് ബോണക്കാട്ടുള്ള ഒരു പഴയ തേയില ഫാക്ടറിയുടെ മുന്നില്‍ നിന്നാണ്. വെള്ളച്ചാട്ടവും മരങ്ങളും മഞ്ഞും എത്ര സുന്ദരമായിരുന്നു പ്രകൃതി. അവിടത്തെ കാലാവസ്ഥ സുഖകരമാണ്. പണ്ട് യൂറോപ്യന്മാര് കേരളത്തിലെത്തിയ സമയത്ത്അവര് താമസിച്ചതും തേയിലകൃഷി നടത്തിയതുമെല്ലാം ഇവിടെയാണെന്നു ഷിനുമാമന് പറഞ്ഞു തന്നു.
മഴനടത്തം ഉദ്ഘാടനം ചെയ്തത് കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ബിന്ദു വി എസ് ആയിരുന്നു യാത്ര ഉദ്ഘാടനം ചെയ്തത്. . പൂമ്പാറ്റകള്‍ ചിറകുവിരിക്കുന്ന ഒരു കഥ പറഞ്ഞ് ഞങ്ങളെ ആ യാത്രയിലേയ്ക്കു നയിച്ചു. 'ഗ്രീന്‍ വെയിന്‍' എന്ന സംഘടനയ്ക്കു നേതൃത്വം കൊടുക്കുന്ന സംവിദാനന്ദും സംസാരിച്ചു. ഞങ്ങളുടെ യാത്രയ്ക്ക സ്വാഗതമാശംസിക്കാനായി അടുത്തൊരു മരക്കൊമ്പില്‍ തന്റെ മനോഹരമായ പീലി വിടര്‍ത്തി ഒരു മയില്‍ കാത്തിരിക്കുന്നു. യാത്രയിലുടനീളം കാടിന്റെ സൗന്ദര്യം തെളിഞ്ഞുനിന്നു. ഞങ്ങള്‍ പോകുന്ന വഴിയില്‍ കഴിഞ്ഞ ദിവസം ആനയിറങ്ങിയിട്ടുണ്ടെന്നറിഞ്ഞു. അതുകാരണം അവിടെതന്നെ താമസിക്കുന്ന ഞങ്ങളോടൊപ്പം വഴികാട്ടിയായിയെത്തി. ഭാഗ്യമോ നിര്‍ഭാഗ്യമോ ഞങ്ങള്‍ക്ക് ഗജവീരനെ കാണാന്‍ കഴിഞ്ഞില്ല. വാല്‍മാക്രികള്‍ തത്തിക്കളിക്കുന്ന നീരുറവയുള്ള ഒരു വിശാലമായ പാറപ്പുറത്താണ് ഞങ്ങള്‍ ആഹാരം കഴിക്കാനിരുന്നത്. ചാത്തന്കോടായിരുന്നു യാത്രയുടെ സമാപനം. ഞങ്ങളുടെ യാത്രയുടെ തുടക്കം മുതല്‍ പ്ലാസ്റ്റിക് ശേഖരണം നടത്തി പ്രകൃതി സംരക്ഷണം നടത്തിയ യോഗേഷിനേയും വിവേകിനേയും സംഘാടകര്‍ അഭിനന്ദച്ചു. ഞങ്ങള്‍ നടന്നുവന്ന ആ പ്രദേശത്തിന്റെ ജൈവവൈവിധ്യ പ്രാധാന്യം ഇക്ബാല്കോളേജിലെ അധ്യാപകനായ കമറുദ്ദീന് സാര്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നു. ഇന്ത്യയിലെ തന്നെ ഒരു ബയോസ്ഫിയര്‍ റിസര്‍വാണ് ഈ പ്രദേശം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ സാലി പാലോടും ഞങ്ങളോട് സംസാരിച്ചു. ഇതില്‍തന്നെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അഗസ്ത്യമലയും സമീപപ്രദേശങ്ങളും. പലതരം സസ്യങ്ങളും ജന്തുക്കളും കാണപ്പെടുന്ന പരിസ്ഥിതി പ്രാധാന്യമുള്ളഒരു പ്രദേശത്തുകൂടിയാണ് ഞങ്ങള്‍ ഇത്രയും നേരം നടന്നത് എന്നത് എന്നില്‍ ഒരു അഭിമാനമൊക്കെ ഉണര്‍ത്തി.
ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ നേതൃത്വത്തില്‍ നാലു വര്‍ഷമായി നടന്നുവരുന്ന മഴ നടത്തത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി . പങ്കെടുക്കുകയാണ്. പരിസ്ഥി അടക്കമുള്ള വിഷയങ്ങളില്‍ ഈവിധം ഇടപെടാന്‍ വായനശാലകള്‍ക്ക് കഴിയേണ്ടതുണ്ട്. മഴക്കാലം കാത്ത് .. ഞങ്ങള്‍ കുട്ടികള്‍..