Prof. C P Aboobacker

എവിടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ ഉയിര്‍ത്തെഴുന്നേല്‍പ്പ് : ഹ്യൂഗോ ഷാവേസ്

2006 സപ്തംബര്‍ 20 ന് ഐക്യരാഷ്ട്രജനറല്‍ അസംബ്ലിയില്‍ വെനിസുലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ് നടത്തിയ പ്രസംഗം



വിവര്‍ത്തനം പ്രൊഫ . സി പി അബൂബക്കര്‍



ആദ്യമേതന്നെ, വളരെ ആദരവോടെ ഞാനൊരുകാര്യം ആവശ്യപ്പെടട്ടെ. എന്റെ കൈയിലുള്ള ഈ പുസ്തകം ഇതുവരെ വായിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി അതുവായിക്കുക. നോം ചോംസ്‌കിയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണത്. അമേരിക്കയിലേയും ലോകത്തിലെതന്നെയും ഏറ്റവും പ്രമുഖരായ മനീഷികളില്‍ ഒരാളാണദ്ദേഹം. ആധിപത്യമോ അതിജീവനമോ: ഭൂഗോളാധിപത്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ ത്വര എന്നാണ് ഈ ഗ്രന്ഥത്തിന്റെ പേര്. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത് എന്തു സംഭവിച്ചുവെന്നും ഇപ്പോഴെന്തു സംഭവിക്കുന്നുവെന്നും മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നുണ്ട്. നമ്മുടെ ഈ ഗ്രഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണതില്‍ സൂചിപ്പിക്കുന്നത്. അതെ , അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശപരമായ, ആധിപത്യാഭിമുഖമായ അവകാശവാദങ്ങള്‍. അതാവട്ടെ മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെ തന്നെ ഭീഷണിപ്പെടുത്തുന്നു. . ഈ വിപത്തിനെ പറ്റി നാം മുന്നറിയിപ്പ് നല്കുന്നു, അമേരിക്കന്‍ ഐക്യനാടുകളിലേയും ലോകത്തേയും ജനങ്ങളോട് ഈ വിപത്തവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കണമെന്നാഹ്വാനം ചെയ്യുന്നു; നമ്മുടെ തലയ്ക്കുമുകളില്‍ തൂങ്ങിനില്ക്കുന്ന ഡെമോക്ലസിന്റെ ഖഡ്ഗമാണത്.


പുസ്തകത്തിലെ ഒരദ്ധ്യായം ഇവിടെ വായിക്കണമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ സമയം ലാഭിക്കുന്നതിനുവേണ്ടി ഇവിടെ ഞാന്‍ ഒരു ശുപാര്‍ശവെക്കുക മാത്രമേ ചെയ്യുന്നുള്ളൂ. വളരെ നല്ലൊരു ഗ്രന്ഥമാണിത്, എളുപ്പത്തില്‍വായിച്ചുപോകാം. ഭവതിക്ക് അതറിയാമെന്ന്, മദാം പ്രസിഡണ്ട്, എനിക്കുറപ്പുണ്ട്. ഇംഗ്ലീഷ്, ജര്‍മ്മന്‍, റഷ്യന്‍, അറബിക്ക് എന്നീ ഭാഷകളില്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ആദ്യം വായിച്ചിരിക്കേണ്ടത്, ഐക്യനാടുകളിലെ നമ്മുടെ സഹോദരീസഹോദരന്മാരാണ്. കാരണം ഭീഷണി അവരുടെസ്വന്തം വീട്ടിനകത്താണ്. പിശാച് അവിടെയാണ്, അവരുടെ വീട്ടിനകത്താണ്.



ആ പിശാച് ഇന്നലെ ഇവിടെ വന്നു, ഈ സ്ഥലത്ത്. അതിന്റെ ഗന്ധകമണം ഇന്നും ഇവിടെയുണ്ട്. ഇന്നലെ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡണ്ട്, ഈ പ്രസംഗപീഠത്തില്‍നിന്നുകൊണ്ട് പ്രസംഗിച്ചു, അയാളെയാണ് ഞാന്‍ പിശാച് എന്ന് പരാമര്‍ശിക്കുന്നത്. ഈലോകത്തിന്റെ ഉടമസ്ഥനാണെന്ന പോലെയാണ് അയാള്‍ പ്രസംഗിച്ചത്. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഇന്നലത്തെ പ്രസംഗം വിശകലനം ചെയ്യാന്‍ ഒരു സൈക്ക്യാട്രിസ്റ്റുണ്ടാവുന്നത് ഉചിതമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. സാമ്രാജ്യത്വത്തിന്റെ പ്രവക്താവെന്നനിലയില്‍, ലോകജനതയുടെ മേല്‍ ഇന്നു നടപ്പാക്കുന്ന ആധിപത്യവും ചൂഷണവും കൊള്ളയും തുടരുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുകയാണയാള്‍ചെയ്തത്. ആല്‍ഫ്രഡ് ഹിച്ച് കോക്കിന്റെ സിനിമപോലെയായിരുന്നു അത്. അതിന് ഞാനൊരു ശീര്‍ഷകം നിര്‍ദ്ദേശിക്കുകപോലും ചെയ്യും: പിശാചിന്റെ വഴി .


ഇവിടെ ഈ പുസ്തകത്തില്‍ നോം ചോംസ്‌കി സുവ്യക്തമായും ആഴത്തിലും പറയുന്നതുപോലെ, സ്വന്തം അധിനിവേശം തുടരുന്നതിനുവേണ്ടി, ആധിപത്യരീതി തുടരുന്നതിനുവേണ്ടി, അമേരിക്കന്‍ സാമ്രാജ്യത്വം അതിനു സാധ്യമായതെല്ലാം ചെയ്യുകയാണ്. പക്ഷേ നമുക്ക് അതനുവദിക്കാന്‍ വയ്യ. ലോകസര്‍വാധിപത്യം സ്ഥാപിക്കുന്നതും ഏകോപിപ്പിക്കുന്നതുംഅനുവദിക്കാന്‍ വയ്യ. ലോകഏകാധിപതിയുടെ ഇന്നലത്തെ പ്രസംഗം, മറ്റുള്ളവരിലെല്ലാം കുറ്റം കാണുന്നതും ആത്മവഞ്ചനനിറഞ്ഞതുമായ പ്രസംഗം, ലോകത്തുള്ളതെല്ലാം നിയന്ത്രിക്കാനുള്ള ഉദ്ദേശമാണ് കാണിക്കുന്നത്. അവര്‍ പറയുന്നു , അവര്‍ക്ക് ലോകത്തെമ്പാടും ജനാധിപത്യമാതൃക സ്ഥാപിക്കണമെന്ന്, പക്ഷേ, അതവരുടെ സ്വന്തം ജനാധിപത്യമാതൃകയാണ് കുലീനവര്‍ഗ്ഗത്തിന്റെ സവിശേഷമായ ജനാധിപത്യമാതൃക മാത്രമല്ല, വളരെ മൗലികമായ ഈ ജനാധിപത്യമാതൃക അവര്‍സ്ഥാപിക്കുക ബോംബുകള്‍വഴിയും കൈയേറ്റങ്ങള്‍ വഴിയും കടന്നാക്രമണങ്ങള്‍ വഴിയുമാണ്. എന്തൊരത്ഭുതകരമായ ജനാധിപത്യം മുങ്ങിക്കപ്പലുകള്‍ വഴി, കടന്നാക്രമണങ്ങള്‍ വഴി, അക്രമം വഴി, ബോംബുകള്‍ വഴി അടിച്ചേല്പിക്കുന്ന ഈ ജനാധിപത്യമാതൃകയുടെമുന്നില്‍ അരിസ്റ്റോട്ടിലിന്റേയും ജനാധിപത്യത്തിന്റെ ഇതരയവനസമാരംഭകരുടേയും ആശയങ്ങള്‍ തിരുത്തിയെഴുതേണ്ടിവരുകതന്നെചെയ്യും.



ഇന്നലെ ഈ ഹാളില്‍ വെച്ച് അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡണ്ട് നമ്മളോട് പറഞ്ഞു: ' എവിടേക്കുതിരിഞ്ഞാലും നിങ്ങള്‍കേള്‍ക്കുന്നത് ഭീകരവാദികളുടെ ശബ്ദമാണ്, അവര്‍ പറയുന്നത് ഹിംസ വഴി, ഭീകരവൃത്തി വഴി, രക്തസാക്ഷിത്വം വഴി നിങ്ങള്‍ക്കു ദുരിതങ്ങളില്‍നിന്ന് രക്ഷപ്രാപിക്കാന്‍ കഴിയുമെന്നാണ്, നിങ്ങളുടെ അഭിമാനം നിലനിര്‍ത്താന്‍ കഴിയുമെന്നാണ്. '. അയാളെവിടേക്കുനോക്കിയാലും കാണുന്നത് തീവ്രവാദികളെയാണ്. സഹോദരാ, നിങ്ങളുടെമുഖത്തുനോക്കി, അതിന്റെ നിറം കാണുമ്പോള്‍ അയാള്‍ പറയും: നിങ്ങളൊരുതീവ്രവാദിയാണ് . ബൊളിവിയയുടെ ആദരണീയനായ പ്രസിഡണ്ട് മി. ഇവോ മൊറേയ്ല്‍സ് അയ്മ അയാളുടെ കണ്ണില്‍ ഒരു തീവ്രവാദിയാണ്. സാമ്രാജ്യവാദികള്‍ എവിടെയും തീവ്രവാദികളെ കാണുന്നു.


അല്ല, കാര്യം അതല്ല, നമ്മള്‍ തീവ്രവാദികാളായതല്ലകാരണം. സംഭവിക്കുന്നത് ലോകം ഉണര്‍ന്നെണീക്കുകയാണ്, എങ്ങുമുള്ള ജനങ്ങള്‍ ഉണരുകയാണ്. ലോകസര്‍വാധിപതിയോട് ഞാന്‍ പറയുന്നു: 'താങ്കളുടെ അവശേഷിച്ച ദിനങ്ങള്‍ ഒരു പേടിസ്വപ്‌നമായിരിക്കുമെന്ന ഒരു തോന്നലുണ്ടെനിക്ക്. കാരണം, എവിടേയും ജനങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി ഉണര്‍ന്നെഴുന്നേല്ക്കുന്നത് താങ്കള്‍ കാണുകയാണ്; സ്വാതന്ത്ര്യത്തിന് വേണ്ടി, ജനങ്ങള്‍തമ്മിലുള്ള സമത്വത്തിനു വേണ്ടി, രാഷ്ട്രങ്ങളുടെ പരമാധികാരത്തിനു വേണ്ടി.'അതെ, ഞങ്ങള്‍ തീവ്രവാദികളായി വിവരിക്കപ്പെട്ടേക്കാം, പക്ഷേ ഞങ്ങള്‍ സാമ്രാജ്യത്തിനെതിരായി , ആധിപത്യമാതൃകകള്‍ക്കെതിരായി ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്.


പ്രസിഡണ്ട് പിന്നെയും പറഞ്ഞു: മദ്ധ്യപൗരസ്ത്യദേശത്തെ ജനങ്ങളോട് നേരിട്ട് സംസാരിക്കാന്‍ ഞാനഭിലഷിക്കുന്നു. എന്റെ രാജ്യം സമാധാനം കാംക്ഷിക്കുന്നു. സത്യമാണത്. ബ്രോങ്ക്‌സിന്റെ, , ന്യൂയോര്‍ക്കിന്റെ, വാഷിങ്ടണ്ണിന്റെ, സാന്‍ ദീഗോയുടെ, കാലിഫോര്‍ണിയയുടെ , സാന്‍ അന്റോണിയോവിന്റെ, സാന്‍ ഫ്രാന്‍സിസ്‌കോവിന്റെ തെരുവുകളിലൂടെ നാം നടക്കുകയാണെങ്കില്‍- അമേരിക്കന്‍ ഐക്യനാടുകളിലെവിടെയും നാം നടക്കുകയാണെങ്കില്‍- , അവിടങ്ങളിലെ പൗരജനങ്ങളോട് വ്യക്തിപരമായി സംസാരിക്കുകയാണെങ്കില്‍, നമുക്കറിയാം രാജ്യത്തിന് സമാധാനമാണ് വേണ്ടത്. എന്നാല്‍ ഇതിനൊരപവാദമുണ്ട്, അമേരിക്കന്‍ ഐക്യനാടുകളിലെ ഗവണ്മെന്റിന് സമാധാനമാവശ്യമില്ല. അതിനു വേണ്ടത്, യുദ്ധത്തിലൂടെ അതിന്റെ ചൂഷണവും കൊള്ളയും ആധിപത്യവും അടിച്ചേല്പിക്കുകയാണ്. അതിന് സമാധാനമാണ് വേണ്ടതെങ്കില്‍, എന്താണ് ഇറാക്കില്‍ സംഭവിക്കുന്നത്? എന്താണ് ലെബനോണിലും ഫലസ്തീനിലും സംഭവിച്ചത്? കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തിനിടയ്ക്ക് ലാറ്റിനമേരിക്കയിലും ലോകത്തിലും എന്താണ് നടന്നുകൊണ്ടിരുന്നത്? ഇപ്പോഴാണെങ്കില്‍ വെനിസ്വലയ്ക്കും ഇറാനുമെതിരെ പുതിയ ഭീഷണികള്‍ ഉയര്‍ത്തിയിരിക്കുകയാണ്.



പ്രസിഡണ്ട് ലെബനോണിലെ ജനങ്ങളോട് സംസാരിച്ചു: നിങ്ങള്‍ പലരും കണ്ടിട്ടുണ്ട്, നിങ്ങളുടെ വീടുകളിലും സമുദായങ്ങളിലുമെല്ലാം സംഘര്‍ഷമാണ്.എന്തിനീ ദോഷദര്‍ശനം ഇങ്ങനെ ലജ്ജാരഹിതമായ കളവ് പറയാന്‍ എന്തൊരു കഴിവ് ബെയ്‌റൂത്തില്‍, മില്ലിമീറ്റര്‍ അകലങ്ങളില്‍ കൃത്യമായി ബോംബുവര്‍ഷം നടന്നതിന്റെ ഫലമായുണ്ടായ സംഘര്‍ഷമല്ലാതെ മറ്റെന്തുസംഘര്‍ഷമാണവിടെയുള്ളത്? അയാളാലോചിക്കുന്നുണ്ടാവുക ഒരു വെസ്‌റ്റേണിനെ പറ്റിയാണോ? ( വെസ്‌റ്റേണ്‍-അമേരിക്കയുടെ വൈല്‍ഡ് വെസ്റ്റിനെ ആധാരമാക്കി വളര്‍ന്നുവന്ന സിനിമയുള്‍പ്പെടെയുള്ള കലാരൂപങ്ങള്‍- സി. പി. ) . അതില്‍ ആളുകള്‍ അരയ്ക്കുതാഴെ വെടിവെക്കുന്നു, ചിലര്‍ അഗ്നിനാളങ്ങളിലകപ്പെടുന്നു. പക്ഷേ ഇത് സാമ്രാജ്യത്വത്തിന്റെ അഗ്നിയായിരുന്നു, ഫാസിസ്റ്റ് അഗ്നിയായിരുന്നു, ഘാതകന്റെഅഗ്നിയായിരുന്നു. സാമ്രാജ്യത്വവും ഇസ്രായേലും ചേര്‍ന്നു ലെബനോണിലേയും ഫലസ്തീനിലേയും നിഷ്‌കളങ്കരായ ജനങ്ങള്‍ക്കുനേരെ നടത്തിയ വംശഹത്യയ്ക്കുള്ള അഗ്നിയായിരുന്നു. അതാണ് സത്യം.


ഇപ്പോള്‍ പറയുന്നത്, നാം കഷ്ടപ്പെടുന്നത് ഭവനങ്ങള്‍ കത്തിയെരിയുന്നത് കാണ്‍കയാലാണെന്നാണ്. എന്റെയീ പ്രസംഗം തയ്യാറാക്കുന്നതിനുവേണ്ടി, ഇന്നുരാവിലെ ഞാന്‍ ചില പ്രസ്താവനകള്‍ നോക്കുകയായിരുന്നു. വിവിധ ജനതകളോട് ഐക്യനാടുകളുടെ പ്രസിഡണ്ട് സംസാരിക്കുന്നതിന്റെ ഒരു രേഖ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അഫ്ഘാനിസ്താനിലെ ജനങ്ങളോട്, ലെബനോണിലെ ജനങ്ങളോട്, ഇറാനിലെ ജനങ്ങളോട് അയാള്‍ സംസാരിച്ചു. എല്ലസാവരോടും അയാള്‍ നേരിട്ട് സംസാരിച്ചു. തിരിച്ചെന്തെങ്കിലും പറയാനൊരവസരം ലഭിച്ചാല്‍ അവര്‍ എന്തുപറയുമായിരുന്നുവെന്ന് നമുക്ക് ആശ്ചര്യപ്പെടാവുന്നതാണ്. അവര്‍ക്കെന്താണ് പറയുവാനുണ്ടാവുക? തെക്കെ അമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ആത്മാവിന്നുള്ളിലെന്താണെന്നെനിക്കറിയാം. അവര്‍ പറയും: യാങ്കീ സാമ്രാജ്യവാദികള്‍ മടങ്ങിപ്പോവുക . അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി ഒരുമിച്ച് സംസാരിക്കാന്‍ ഒരവസരമുണ്ടായാല്‍ ലോകത്തെമ്പാടുമുള്ള ജനതകളുടെ ശബ്ദമിതായിരിക്കും.


അതുകൊണ്ടാണ് കഴിഞ്ഞവര്‍ഷം ഈ ഹാളിലേക്കു കടന്നുവന്നപ്പോള്‍, ഇപ്പോള്‍ തീര്‍ത്തും ശരിയായിക്കഴിഞ്ഞ വാക്കുകള്‍ ഞാന്‍ പറഞ്ഞത്- ഇത് കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടെ സന്നിഹിതരായിരിക്കുന്ന ഒരാള്‍ക്കും ഐക്യരാഷ്ട്രസഭയുടെ രീതിയോട് യോജിക്കാനാവില്ല. നമുക്ക് സത്യസന്ധരാവാം, രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ ആ വ്യവസ്ഥ തകര്‍ന്നടിഞ്ഞുപോയെന്ന സത്യം നമുക്ക് സ്വീകരിക്കാം. പ്രയോജനരഹിതമാണത് . ഒരുകാര്യം സത്യമാണ്. കൊല്ലത്തിലൊരിക്കല്‍ ഒരുമിച്ചുകൂടാന്‍, പ്രസ്താവന നടത്താന്‍, ദീര്‍ഘമായ പ്രമാണങ്ങള്‍ തയ്യാറാക്കാന്‍, ഇന്നലെ പ്രസിഡണ്ട് ഇവോ മൊറേയ്ത്സും പ്രസിഡണ്ട് ലുലായും നടത്തിയതുപോലുള്ള നല്ല നല്ലപ്രസംഗങ്ങള്‍കേള്‍ക്കാന്‍ , ഇപ്പോള്‍ നാം ശ്രവിച്ചുകഴിഞ്ഞ ശ്രീലങ്കന്‍ പ്രസിഡണ്ടിന്റേയും ചിലിയന്‍ പ്രസിഡണ്ടിന്റേയും പേലുള്ള പ്രസംഗങ്ങള്‍ ക്ക് ചെവികൊടുക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു. പക്ഷേ ജനറല്‍ അസംബ്ലി, ലോകത്തെ ഭയാനകമായ സംഭവങ്ങളില്‍ ഫലപ്രദമായ എന്തെങ്കിലും ചെയ്യാനധികാരമില്ലാത്ത, കേവലമൊരു ചര്‍ച്ചാവേദിയായി തകര്‍ന്നുപോയിരിക്കുന്നു.



അതുകൊണ്ടാണ് ഇന്ന്, 2006 സപ്തംബര്‍ 20ന്ന്, ഐക്യരാഷ്ട്രസഭ വീണ്ടും സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം വെനിസ്വല പിന്നെയും മുന്നോട്ടുവെക്കുന്നത്. പോയവര്‍ഷം ഞങ്ങള്‍ വളരെ പ്രധാനമായ നാലുനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും അംബാസഡര്‍മാരും രാഷ്ട്രപ്രതിനിധികളും നിര്‍ബ്ബന്ധമായി ചര്‍ച്ചചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കുതോന്നിയ മിതമായ നാലുനിര്‍ദ്ദേശങ്ങളായിരുന്നു അവ.


അവയിലാദ്യത്തേത്- അതിനെ പറ്റി ഇന്നലെ പ്രസിഡണ്ട് ലുലാ പറഞ്ഞു- സെക്യൂരിറ്റി കൌണ്‍സിലിലെ സ്ഥിര- അസ്ഥിര അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക; മൂന്നാം ലോകത്തെ വികസിത- അവികസിത രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തി സ്ഥിരാംഗങ്ങളുടെ സംഖ്യവര്‍ദ്ധിപ്പിക്കുക. ഇതാണൊന്നാമത്തെ ചുവട്.


രണ്ടാമത്തേത്- സുതാര്യമായ ചര്‍ച്ചകളും തീരുമാനങ്ങളും വഴി ലോകസംഘര്‍ഷങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനുമുള്ള മാര്‍ഗ്ഗങ്ങളുണ്ടാവണം.


മൂന്നാമത്തേത്- സെക്യൂരിറ്റി കൗണ്‍സിലില്‍ തീരുമാനങ്ങള്‍ വീറ്റോ ചെയ്യുന്ന ജനാധിപത്യവിരുദ്ധമായ സംവിധാനം അവസാനിപ്പിക്കണം, ഇത് എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. ഒരു സമീപകാലഉദാഹരണം ഞാന്‍ പറയാം. ഐക്യരാഷ്ട്രസഭയുടെ അധാര്‍മികമായ വീറ്റോ അധികാരം വഴി, ലെബനോണിനെ സംബന്ധിച്ചപ്രമേയം പാസായില്ല, മാത്രമല്ല, ഇസ്രായേലിസൈന്യത്തിന് ഒരുവിവേചനവുമില്ലാതെ ലെബനോണില്‍ നശീകരണം നടത്താന്‍ ഇതുവഴി സാധിച്ചു.


നാലാമത്തേത്- നമ്മളെല്ലാം എല്ലായ്‌പോഴും പറയാറുള്ളതുപോലെ സെക്രട്ടറിജനറളിന്റെ പങ്കും അധികാരവും കൂടുതല്‍ ശക്തമാവണം. ഇന്നലെ സെക്രട്ടറിജനറള്‍ ഫലത്തില്‍ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമാണ് നടത്തിയത്. കഴിഞ്ഞ ഒരു ദശകമായി വിശപ്പ്, ദാരിദ്ര്യം, ഹിംസ, മനുഷ്യാവകാശലംഘനങ്ങള്‍ തുടങ്ങിയ അതിഗുരുതരമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും സങ്കീര്‍ണ്ണമായ്ത്തീരുകയും ചെയ്തതായി അദ്ദേഹമംഗീകരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പതനത്തിന്റേയും അമേരിക്കന്‍ ആധിപത്യനാട്യങ്ങളുടേയും ഭീകരമായ ഫലമാണിത്.


കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഐക്യരാഷ്ട്രസഭയ്ക്കകത്ത് ഈ സമരം നടത്താന്‍ വെനിസ്വല നിശ്ചയിച്ചു. അംഗങ്ങളെന്നനിലയില്‍ ഐക്യരാഷ്ട്രസഭയെ അംഗീകരിച്ചുകൊണ്ടുതന്നെ, അതിന് ഞങ്ങളുടെ ശബ്ദവും ഞങ്ങളുടെ ചിന്തയും കടമായിനല്കിക്കൊണ്ട് ഇത് ചെയ്യാനാണ് വെനിസ്വല തീരുമാനിച്ചത്. ഞങ്ങളുടെ ശബ്ദം സ്വതന്ത്രമാണ്. അത് മനുഷ്യന്റെ അന്തസ്സിനുവേണ്ടിനിലക്കൊള്ളുന്നു, സത്യാന്വേഷണത്തിന്നായി നിലനില്‍ക്കുന്നു, ഭൂമുഖത്തെ ജനതകള്‍ക്കെതിരെ അധിനിവേശശക്തികള്‍നടത്തുന്ന പീഡനത്തേയും ആക്രമണത്തേയും തിരസ്‌കരിക്കുന്നു.



അങ്ങിനെയാണ് ബൊളീവറിന്റെ ജന്മനാടായ വെനിസ്വല സെക്യൂരിറ്റി കൗണ്‍സിലിലെ അസ്ഥിരാംഗപദവിക്കുവേണ്ടി സ്വയം മുന്നോട്ടുവന്നത്. ഇതിനെതിരെ, ഐക്യനാടുകളുടെ ഗവണ്മെന്റ്, തുറന്ന, അധാര്‍മികമായ ഒരാക്രമണം ലോകമെമ്പാടും അഴിച്ചുവിട്ടു; സെക്യൂരിറ്റി കൌണ്‍സിലിലെ ഒരുസീറ്റില്‍ വെനിസ്വല തെരഞ്ഞെടുക്കപ്പെടുന്നതിന്നെതിരായി. സാമ്രാജ്യത്തിന് സത്യത്തെ ഭയമാണ്, സ്വതന്ത്രശബ്ദങ്ങളെ ഭയമാണ്. അമേരിക്ക ഞങ്ങളെ തീവ്രവാദികളെന്നുവിളിക്കുന്നു, സത്യത്തില്‍ അമേരിക്കയാണ് തീവ്രവാദി.


വെനിസ്വലയെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവന്ന എല്ലാ രാജ്യങ്ങളോടും ഞാന്‍ കൃതജ്ഞനാണ്. വോട്ടെടുപ്പ് രഹസ്യമാണ്, പിന്തുണപരസ്യമായി പ്രഖ്യാപിക്കേണ്ടതില്ല. സത്യത്തില്‍ അമേരിക്കാ സാമ്രാജ്യത്തിന്റെ എതിര്‍പ്പുകാരണം പലരാജ്യങ്ങളും പുതുതായി പിന്തുണപ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. ഈ പിന്തുണ വെനിസ്വലയുടെയും ഞങ്ങളുടെ ഗവണ്മെന്റിന്റേയും ഞങ്ങളുടെ ജനങ്ങളുടേയും ധാര്‍മികചൈതന്യം ബലപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് സതേണ്‍ കോണ്‍ കോമണ്‍ മാര്‍ക്കറ്റിലെ( MERCOSUR) സഹോദരങ്ങള്‍ ഒന്നിച്ച് ഒരേശബ്ദത്തില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അര്‍ജന്റീന, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീരാജ്യങ്ങളോടും ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളിവിയയോടുമൊപ്പം വെനിസ്വല MERCOSUR ലെ പൂര്‍ണ്ണ അംഗമാണ്. കരീബിയന്‍ രാഷ്ട്രസമൂഹവും അറബ് ലീഗും വെനിസ്വലയ്ക്ക് പിന്തുണപ്രഖ്യാപിച്ചിരിക്കുകയാണ്. അറബ്, കരീബിയന്‍ സഹോദരങ്ങളോട് എനിക്ക് അളവറ്റ നന്ദിയുണ്ട്. മിക്കവാറും ആഫ്രിക്കമുഴുവനുമടങ്ങുന്ന ആഫ്രിക്കന്‍ യൂണിയന്‍ വെനിസ്വലയ്ക്ക് പിന്തുണപ്രഖ്യാപിച്ചിരിക്കുന്നു; അതുപോലെ റഷ്യ, ചീന തുടങ്ങിയ മറ്റനേകം രാജ്യങ്ങളും.


വെനിസ്വലയുടേയും അവിടുത്തെ ജനങ്ങളുടേയും പേരില്‍ , സത്യത്തിന്റെപേരില്‍, അവര്‍ക്കെല്ലാം ഞാന്‍ ഊഷ്മളമായി കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളട്ടെ. സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗമായാല്‍ വെനിസ്വലയുടെ ശബ്ദം മാത്രമല്ല ലോകമെമ്പാടും മുഴങ്ങുക, മൂന്നാം ലോകത്തിന്റെ മുഴുവന്‍ ശബ്ദവും എല്ലാ ജനവിഭാഗങ്ങളുടേയും ശബ്ദവുമായിരിക്കും. മനുഷ്യന്റേയും രാഷ്ട്രങ്ങളുടേയും അന്തസ്സും സത്യവും ഞങ്ങള്‍ സംരക്ഷിക്കും.



ഇതിലുപരി, ശുഭാപ്തിവിശ്വാസികളായിരിക്കാന്‍ വേറെയും കാരണങ്ങളുണ്ട്; കവി പറയുന്നതുപോലെ, 'നൈരാശ്യജനകമാം വിധം പ്രത്യാശാഭരിതരാവാന്‍'. ഭീഷണികള്‍ക്കും ബോംബുകള്‍ക്കും യുദ്ധങ്ങള്‍ക്കും അക്രമത്തിനും പ്രതിരോധയുദ്ധത്തിനും ജനസമൂഹങ്ങളുടെ സമ്പൂര്‍ണ്ണനശീകരണത്തിനുമപ്പുറം പുതിയൊരു യുഗം ഉദയം കൊള്ളുകയാണ്. സില്‍വിയോ റോഡെറിഗസ് (ക്യൂബന്‍ ഗായകന്‍ - സി. പി. )പാടുന്നതുപോലെ,  കാലഘട്ടം ഒരു ഹൃദയത്തിന് ജന്മം നല്കുകയാണ്. പുതുപ്രവണതകള്‍, ബദല്‍ ചിന്താരീതികള്‍, ബദല്‍പ്രസ്ഥാനങ്ങള്‍ വികാസംപ്രാപിക്കുകയാണ്. യുവജനങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുകയാണ്. ചരിത്രത്തിന്റെ അന്ത്യമെന്നആശയം തീര്‍ത്തും കപടമാണെന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുതാഴെയുള്ള കാലയളവില്‍തന്നെ തെളിഞ്ഞിരിക്കുന്നു. പാക്‌സ് അമേരിക്കാനാ എന്ന ആശയവും അതിന്റെ മറവിലുള്ള മുതലാളിത്ത നവഉദാരീകരണ മാതൃകയുമെല്ലാം കപടമാണെന്ന് വ്യക്തമായിരിക്കുകയാണ്; കേവലമായ ദാരിദ്ര്യസൃഷ്ടിക്കുമാത്രമുതകുന്നതാണെന്ന തിരിച്ചറിവില്‍, അത് നിരാകരിക്കപ്പെടുകയാണ്.


ഇനി നാം ലോകത്തിന്റെ ഭാവി നിര്‍വചിക്കേണ്ടതുണ്ട്. എല്ലാടവും പ്രഭാതം പൊട്ടിവിടരുകയാണ്. ലാറ്റിനമേരിക്കയിലുംആഫ്രിക്കയിലും യൂറോപ്പിലും ഓഷ്യാനിയയിലുമെല്ലാം. ലോകത്തെ രക്ഷിക്കാനും നൂതനവും കൂടുതല്‍ നന്മയാര്‍ന്നതുമായ ഒരു ലോകം പടുത്തുയര്‍ത്താനുമുള്ള നമ്മുടെ ഇഛാശക്തിയും നമ്മുടെ സന്നദ്ധതയും ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഞാന്‍ ആ ശുഭാപ്തിവിശ്വാസം, ആ ശുഭാപ്തിദര്‍ശനം ഉയര്‍ത്തിപ്പിടിക്കട്ടെ.


വെനിസ്വല ആ സമരത്തില്‍ പങ്കാളിയാവുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ക്കെതിരെ ഭീഷണിയുണ്ടാവുന്നത്. വെനിസ്വലയില്‍ ഒരു കലാപം സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ഇതിനകം നടത്തിക്കഴിഞ്ഞിട്ടുണ്ട്, അതിന്റെ ആസൂത്രണം നടത്തിയിട്ടുണ്ട്, അതിന് സാമ്പത്തികസഹായം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കെതിരെ കലാപത്തിനും ഭീകരപ്രവര്‍ത്തനത്തിനുമുള്ള പരിശ്രമങ്ങള്‍ക്കുള്ള പിന്തുണ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അല്പസമയം മുമ്പാണ് പ്രസിഡണ്ട് മിഷേലാ ബാഷിലേ മുന്‍ചിലിയന്‍വിദേശകാര്യമന്ത്രി ഓര്‍ലന്റോ ലെതേല്യയുടെ ഭീകരമായ കൊലപാതകത്തെപറ്റി ഇവിടെ പറഞ്ഞത്. അതിനോട് ഞാന്‍ ഇത്രമാത്രം കൂട്ടിച്ചേര്‍ക്കുന്നു: കൂട്ടത്തില്‍ ഒരമേരിക്കന്‍ പൗരന്‍കൂടി കൊല്ലപ്പെട്ട ആ സംഭവത്തിനുത്തരവാദികളായവര്‍, ഇപ്പോഴും സ്വതന്ത്രരായി ജീവിക്കുന്നു. അവര്‍ അമേരിക്കക്കാര്‍തന്നെയാണ്, സി. ഐ. എ. ഭീകരന്മാരാണ്.



അല്പദിവസങ്ങള്‍ക്കകം മറ്റൊരു വാര്‍ഷികദിനംകൂടി വന്നെത്തുകയാണെന്ന് നാം ഓര്‍മ്മിക്കണം. നിഷ്‌കളങ്കരായ 73 മനുഷ്യരെ കശാപ്പുചെയ്തസംഭവത്തിന്റെ സ്മരണാദിനം. ക്യൂബന്‍ വിമാനം തകര്‍ത്തിട്ട് മുപ്പതുവര്‍ഷം കഴിഞ്ഞിരിക്കുന്നു. അതിന്റെ വാര്‍ഷികദിനം സമാഗതമാവുകയാണ്. ഈ സംഭവം ആസൂത്രണം ചെയ്തുനടപ്പാക്കിയ ഈ വന്‍കരയിലെ ഏറ്റവും വലിയ ഭീകരവാദി എവിടെയാണ്? അയാള്‍ കുറച്ചുവര്‍ഷങ്ങള്‍ വെനി്‌സ്വലയില്‍ തടവിലായിരുന്നു. സി. ഐ. എ. യും അന്നത്തെ വെനിസ്വലന്‍ സര്‍ക്കാറിന്റെ ഉദ്യോഗസ്ഥരും ചേര്‍ന്ന് അയാള്‍ക്കു രക്ഷപ്പെടാനുള്ള സൗകര്യം ചെയ്തുകൊടുത്തു. അയാളിപ്പോള്‍ സര്‍ക്കാര്‍ പരിരക്ഷിതനായി അമേരിക്കയിലാണ് ജീവിക്കുന്നത്. അയാള്‍ കുറ്റസമ്മതം നടത്തി, അയാളെ കോടതി ശിക്ഷിച്ചു. പക്ഷേ അമേരിക്കന്‍ ഗവണ്മെന്റിന് എല്ലാകാര്യത്തിലും ഇരട്ടത്താപ്പാണ്, അവര്‍ക്കാവശ്യമുള്ളപ്പോഴൊക്കെ അത് ഭീകരവാദത്തെ സംരക്ഷിക്കുന്നു. തീവ്രവാദത്തിനും ഹിംസയ്ക്കും വെനി്‌സ്വല എതിരാണ്, അവയ്‌ക്തെതിരായ പോരാട്ടത്തിന് വെനിസ്വല പ്രതിജ്ഞാബദ്ധമാണ്; ഇത് സൂചിപ്പിക്കുന്നതിനുവേണ്ടിയാണ് ഞാനിതുപറയുന്നത്. സമാധാനത്തിനും സമത്വപൂര്‍ണ്ണമായ ലോകത്തിന്നും വേണ്ടി പൊരുതുന്നവരുടെ കൂടെ വെനിസ്വല ചേര്‍ന്നുനില്ക്കുന്നു.


ക്യൂബന്‍വിമാനത്തെ പറ്റി ഞാന്‍ ഇപ്പോള്‍ പറഞ്ഞുവല്ലോ. അത് നടത്തിയ തീവ്രവാദിയുടെ പേര് ലൂയി പൊസാദാ കാര്‍ലസ് എന്നാണ്. അയാള്‍ ഇവിടെ സംരക്ഷിക്കപ്പെടുകയാണ്. അതുപോലെതന്നെ വെനിസ്വലയില്‍നിന്ന് ഓടിപ്പോന്ന ദുഷിച്ച ചിലരും ഇവിടെസംരക്ഷിക്കപ്പെടുകയാണ്. ഒരുകൂട്ടം തീവ്രവാദികള്‍ വിവിധ എംബസികളില്‍ ബോംബിടുകയും ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു. ഈ കലാപശ്രമത്തിനിടയില്‍ അവര്‍ എന്നെ തട്ടിക്കൊണ്ടുപോയി; അവര്‍ എന്നെ വെടിവെച്ചുകൊല്ലാന്‍ പോവുകയായിരുന്നു. പക്ഷേ അവിടെ ദൈവം ഇടപെട്ടു. ദൈവത്തോടൊപ്പം വിശ്വസ്തരായ ഒരുസംഘം സൈനികരും അവരോടൊപ്പം ജനങ്ങളും. ജനങ്ങള്‍ തെരുവിലിറങ്ങി. അതെ, ഞാനിവിടെനില്ക്കുന്നത്, സത്യം, ഒരത്ഭുതമാണ്. ആ കലാപശ്രമത്തിനുനേതൃത്വം നല്കിയവര്‍, ആ ഭീകരവൃത്തിയുടെ നേതാക്കള്‍ ഇവിടെ ഈ രാജ്യത്ത(അമേരിക്കയില്‍്) സുരക്ഷിതരായിജീവിക്കുകയാണിന്ന്. അവരെ സംരക്ഷിക്കുന്നത് അമേരിക്കന്‍ ഗവണ്മെന്റാണ്. തീവ്രവാദികളെസംരക്ഷിക്കുന്ന സര്‍ക്കാറാണ് അമേരിക്കയിലുള്ളതെന്ന് ഞാന്‍ കുറ്റപ്പെടുത്തുന്നു; തികച്ചും കാപട്യപൂര്‍ണമായ ചര്‍ച്ചയാണത് ഈ സഭയില്‍പോലും നടത്തുന്നതെന്നും ഞാന്‍ കുറ്റപ്പെടുത്തുന്നു.



ഞാന്‍ ക്യൂബയെ പറ്റി സംസാരിച്ചു. ഇയ്യിടെ കുറെദിവസം ഞാന്‍ ഹവാനയിലായിരുന്നു. ഞാന്‍ അവിടം വിട്ടുപോന്നത് ഏറെസന്തുഷ്ടനായാണ്, കാരണം എവിടെയും പരിവര്‍ത്തനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു, ഒരുപുതുയുഗത്തിന്റെപിറവി എങ്ങും ദൃശ്യമായിരുന്നു. ചേരിചേരാഉച്ചകോടി ഐതിഹാസികമായ ഒരു പ്രമാണരേഖയ്ക്ക് അന്തിമരൂപം നല്കി. ഭയപ്പെടേണ്ട, ഞാനതുവായിക്കുന്നില്ല. അതിലുള്ളത് കുറെ പ്രമേയങ്ങളാണ്, അവ അംഗീകരിക്കപ്പെട്ടത് തുറന്ന, സുതാര്യമായ ചര്‍ച്ചകള്‍ക്കുശേഷമാണ്. അമ്പതിലധികം രാഷ്ട്രത്തലവന്മാര്‍ അതില്‍പങ്കെടുത്തു. ഒരാഴ്ചക്കാലം ഹവാന തെക്കെ അമേരിക്കയുടെ തലസ്ഥാനമായിരുന്നു.


ഞങ്ങള്‍ ചേരിചേരാപ്രസ്ഥാനം പുനരാരംഭിച്ചിരിക്കുന്നു. ഇവിടെ സമ്മേളിച്ചിരിക്കുന്ന എല്ലാവരോടും എന്താണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്? എന്റെ പങ്കാളികളോട്, സഹോദരീസഹോദരന്മാരോട്? ചേരിചേരാപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് അവരുടെ സദ്ഭാവനയുണ്ടായിരിക്കണമെന്നതാണത്; അവരുടെ ഹൃദയപൂര്‍വമായ അഭ്യുദയാശംസകള്‍ ഉണ്ടായിരിക്കണമെന്നതാണത്. ഒരുനവയുഗത്തിന്റെ ഉദയത്തിന് അത് വളരെ പ്രധാനമാണ്, അധിനിവേശവും സാമ്രാജ്യത്വവും തടയുന്നതിന് വളരെ അത്യാവശ്യമാണത്. പ്രസിഡണ്ട് ഫിദല്‍ കാസ്‌ട്രോവിനെ വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള ചേരിചേരാപ്രസ്ഥാനത്തിന്റെ ചെയര്‍മാനായി ഞങ്ങള്‍ തെരഞ്ഞെടുത്തവിവരം ജനറല്‍ അസംബ്ലിയെ ഞാന്‍ അറിയിക്കുകയാണ്. അദ്ദേഹം ഞങ്ങളെ ഫലപ്രദമായി നയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉത്തമബോധ്യമുണ്ട്. ഫിദല്‍ ആസന്നമരണനാണെന്ന് ആശ്വസിച്ചവര്‍ക്ക് നൈരാശ്യം നല്കിക്കൊണ്ട് അദ്ദേഹം ഇപ്പോഴും രംഗത്തുണ്ട്. അവര്‍ക്ക് ഇനിയും ഇനിയും നിരാശപ്പെടേണ്ടിവരും. തന്റെ ഒലിവ് പച്ചവസ്ത്രമണിഞ്ഞ് അദ്ദേഹം തിരിച്ചുവന്നിരിക്കുന്നു. ഇപ്പോഴദ്ദേഹം ക്യൂബന്‍പ്രസിഡണ്ട് മാത്രമല്ല, ചേരിചേരാപ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍കൂടിയാണ്. സുശക്തമായൊരുപ്രസ്ഥാനം രൂപമെടുത്തിരിക്കുന്നു: തെക്കെ അമേരിക്കക്കാരുടെപ്രസ്ഥാനം. ഞങ്ങള്‍ തെക്കെഅമേരിക്കക്കാരായ സ്ത്രീപുരുഷന്മാരാണ്.


ഈ രേഖകളോടെ, ആശയങ്ങളോടെ, വിമര്‍ശങ്ങളോടെ, വിചിന്തനങ്ങളോടെ ഞാന്‍ ഈ ഫയല്‍ അടച്ചുവെക്കട്ടെ, ഈ പുസ്തകം എടുക്കട്ടെ. ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവരും ഈപുസ്തകം വായിക്കണമെന്ന് ഞാന്‍ ഊഷ്മളമായി, വിനയാന്വിതനായി ശുപാര്‍ശചെയ്യുന്നു. അതു മറന്നുപോവരുത്. നമ്മുടെ ഈ ഗോളത്തെ രക്ഷിക്കുന്നതിനുള്ള, അതിനെ സാമ്രാജ്യത്വഭീഷണിയില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് ഞാന്‍ ശ്രമിച്ചത്. ഈ നൂറ്റാണ്ടില്‍ തന്നെ, വളരെ വിദൂരമല്ലാത്ത ഭാവിയില്‍, നമ്മുടെ മക്കളും പേരമക്കളും പ്രശാന്തമായ ഒരുലോകത്ത് ജീവിക്കുന്നത് കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. പുതുക്കിയതും പുനസ്ഥാപിതവുമായ ഐക്യരാഷ്ട്രസഭയുടെ മൗലികതത്ത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു ലോകമായിരിക്കുമത്. ഐക്യരാഷ്ട്രസഭ മറ്റൊരു രാജ്യത്തേക്കു, ഏതെങ്കിലും തെക്കെ അമേരിക്കന്‍ നഗരത്തിലേക്കു മാറണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണ് ഞങ്ങള്‍ വെനി്‌സ്വലക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അസംബ്ലിക്കറിയാം എന്റെ ഡോക്ടറും എന്റെ സെക്യൂരിറ്റി ചീഫും തടഞ്ഞുവെച്ച ഒരുവിമാനത്തിനുള്ളില്‍ കഴിയുകയാണ്. ഐക്യരാഷ്ട്രസഭയിലേക്കു കടന്നുവരാന്‍ അവരെ അനുവദിച്ചില്ല. ഇത് പിശാചിന്റെ വകയായ വ്യക്തിപരമായ അവഹേളനമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഇവിടെ ഗന്ധകത്തിന്റെ മണമുണ്ട്. പക്ഷേ ദൈവം നമ്മളോടൊപ്പമാണ്,


ഞാന്‍ നിങ്ങളെല്ലാവരേയും ആലിംഗനം ചെയ്യുന്നു.


ദൈവം നമ്മളെല്ലാവരേയും അനുഗ്രഹിക്കട്ടെ.