ലോകം ഒരു മഹാമാരിയിലൂടെ കടന്നു പോവുകയാണ്. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ COVID 19 എന്ന മഹാമാരി എല്ലാവരിലേക്കും പടര്‍ന്നു കഴിഞ്ഞു. ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതും ഒരു കടമ്പയായി മുന്നില്‍ നില്‍ക്കുന്നു. വികസിത രാജ്യങ്ങള്‍ പോലും മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ലോകത്ത് ഇന്നുവരെ 16 ലക്ഷത്തിനു മുകളില്‍ രോഗികളും ഒരു ലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലാകട്ടെ 6771 രോഗികളും 228 മരണങ്ങളും സ്ഥിതികരിച്ചിരിക്കുന്നു. കേരളത്തിലൊഴികെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചൈനയിലും അമേരിക്കയിലുമൊക്കെ പരീക്ഷിച്ചു വിജയിച്ച convalescent Plasma Therapy എന്ന ചികിത്സാ രീതി ഇന്ത്യയിലും പരീക്ഷിക്കാന്‍ ICMR അനുമതി നല്‍കിയിരിക്കുന്നത്.
എന്താണ് Convalescent Plasma Therapy.
ഏതെങ്കിലും ഒരു വൈറസ് രോഗത്തെ അതിജീവിച്ച ഒരാളിന്റെ ശരീരത്തില്‍ അതേ വൈറസിനെതിരെ പ്രവര്‍ത്തിച്ചു പിന്നീട് ശരീരത്തെ സംരക്ഷിക്കാനുള്ള ഘടകങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടാകും, അതിനെയാണ് ‘ആന്റിബോഡി’ എന്നറിയപ്പെടുന്നത്. ഇത്തരം ആന്റിബോഡികള്‍ ശരീരത്തിലെ രക്തത്തിലുള്ള പ്ലാസ്മയിലാണ് കാണപ്പെടുന്നത്. ബ്ലഡ് പ്ലാസ്മ എന്നാല്‍ രക്തത്തിലെ ദ്രാവക രൂപമാണ്, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നതിലും പ്ലാസ്മക്കു നിര്‍ണായക പങ്കുണ്ട്. ഇത്തരത്തിലുള്ള പ്ലാസ്മ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചു ഇതേ രോഗം ബാധിച്ച മറ്റൊരു രോഗിയുടെ ശരീരത്തില്‍ കടത്തി ആ രോഗിയുടെ രോഗ പ്രതിരോധശേഷി കൂട്ടുന്ന രീതിക്കാണ് Convalescent Plasma Therapy എന്ന് പറയുന്നത്.
വൈറസ് ബാധിതനായ ഒരാള്‍ക്ക് ആന്റിബോഡി പ്രദാനം ചെയ്ത് വളരെ വേഗത്തില്‍ ശരീരത്തിലുള്ള വൈറസിന് എതിരെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഈ രീതിക്കു “Passive Antibody Therapy” എന്നും അറിയപ്പെടുന്നു. 1890 കളില്‍ ആണ് ഈ രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത് എന്ന് പറയപ്പെടുന്നു, പിന്നീട് measles, mumps, തുടങ്ങിയ രോഗങ്ങള്‍ക് ഈ രീതി വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
COVID 19 ഉം പ്ലാസ്മ തെറാപ്പിയും.
COVID 19 വൈറസ് ബാധിച്ച ഒരു വ്യക്തിയുടെ ശരീരത്തില്‍ ആ വൈറസിനെ നശിപ്പിക്കുന്നതിനാവശ്യമായ ആന്റിബോഡിയും രൂപപ്പെട്ടിട്ടുണ്ടാകും. അയാള്‍ രോഗത്തെ അതിജീവിച്ചു കഴിയുമ്പോള്‍ അയാളുടെ രക്തത്തിലുള്ള ആന്റിബോഡി അടങ്ങിയ പ്ലാസ്മ വേര്‍തിരിച്ചെടുക്കുകയും COVID 19 വൈറസ് ബാധിച്ച മറ്റൊരു വ്യക്തിക്കു നല്‍കുകയും ചെയ്യുന്നു. അങ്ങനെ രോഗിയുടെ ശരീരം വളരെ വേഗം വൈറസിന് എതിരെ പ്രവര്‍ത്തിച്ചു സുഖം പ്രാപിക്കുന്നു. ഇങ്ങനെയാണ് പ്ലാസ്മ തെറാപ്പി COVID 19 രോഗിയെ സഹായിക്കുന്നത്.
അമേരിക്കയിലെ Food and Drug Administration (FDA) മാര്‍ച്ച് 24 നു ഇറക്കിയ പത്രകുറിപ്പനുസരിച്ചു COVID 19 ബാധിച്ചു അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന പതിനൊന്നു പേരില്‍ ഈ രീതി ഉപയോഗിച്ചതിനെ തുടര്‍ന്ന് സുഖം പ്രാപിച്ചു എന്നുള്ളതാണ്. ചൈനയിലും സ്ഥിതി വ്യത്യസ്തമല്ല, പൂര്‍വ സ്ഥിതിയിലേക് മടങ്ങിയ ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ചു ഈ രീതി അവലംബിക്കുമ്പോള്‍ രോഗത്തിന്റെ കാലദൈര്‍ഘ്യം കുറക്കാന്‍ സഹായിക്കുന്നു എന്നാണ്. വളരെ വേഗം പൂര്‍വ സ്ഥിതിയിലേക് മടങ്ങി എത്താന്‍ ചൈനയെ സഹായിച്ചതും ചിലപ്പോള്‍ ഈ രീതിയാകും.
പൂര്‍ണ ആരോഗ്യവാനായ ഒരാളുടെ ശരീരത്തില്‍ നിന്ന് മാത്രമേ ഇത്തരത്തില്‍ പ്ലാസ്മ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുകയുള്ളു. അസുഖം ഭേദമായി 14 ദിവസം കഴിയുകയും വേണം, അതുകൊണ്ട് തന്നെ ബുദ്ധിമുട്ടേറിയതും ചിലവേറിയതുമാണ് ഈ ചികിത്സാരീതി. ലോകത്തിലെ നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്ലാസ്മ തെറാപ്പിയില്‍ പഠനങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് കേരളത്തിലെ തിരുവനന്തപുരത്തുള്ള ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതും ഇപ്പോള്‍ ICMR അനുമതി ലഭിച്ചിരിക്കുന്നതും. ലോകത്ത് COVID 19 പ്രതിരോധ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന കേരളത്തില്‍ ആണ് ഇന്ത്യയില്‍ ആദ്യമായി പ്ലാസ്മ തെറാപ്പി ഉപയോഗിക്കാന്‍ പോകുന്നതും എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നാണ്.
കേരളത്തില്‍ ജനുവരി 30നു ആണ് ആദ്യമായി രോഗം സ്ഥിതികരിക്കുന്നത്. 3.34 കോടി ജനസംഖ്യ ഉള്ള കേരളത്തില്‍ ഇതുവരെ 357 പേരിലാണ് രോഗം സ്ഥിതികരിച്ചത്. ഒരു രോഗിയില്‍ നിന്ന് ശെരാശരി 2.6 പേര്‍ക്ക് രോഗം പകരാം എന്നുള്ള ദേശീയ ശെരാശെരി നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ 357 രോഗികളില്‍ നിന്ന് രോഗം പകര്‍ന്നത് 91 പേരിലേക് മാത്രമാണ്. നൂറോളം ആളുകള്‍ക്ക് രോഗശാന്തി ലഭിക്കുകയും ചെയ്തു. ഇതില്‍ 92 ഉം 88 ഉം വയസുള്ളവരും ഉള്‍പ്പെടുന്നു എന്നുള്ളതാണ് ഏറ്റവും അഭിമാനകാരവും. വികസിത രാജ്യങ്ങള്‍ 60 വയസിനു മുകളില്‍ പ്രായമുള്ള രോഗബാധിതരെ മരണത്തിനു വിട്ടുകൊടിക്കുന്നു എന്ന് വാര്‍ത്തകള്‍ വരുമ്പോഴാണ് കേരളത്തില്‍ ഈ അഭിമാന മുഹൂര്‍ത്തം എന്നതും എടുത്തുപറയേണ്ടതാണ്. മരണ നിരക്ക് ലോകത്ത് 5.57% നില്‍ക്കുമ്പോള്‍ കേരളത്തില്‍ 0.58% മാത്രമാണ്. എന്നാല്‍ 1.94 കോടി ജനസംഖ്യയുള്ള ന്യൂയോര്‍ക്കിലാകട്ടെ ആദ്യ രോഗം സ്ഥിതികരിച്ചത് മാര്‍ച്ച് 1 നും, എന്നാല്‍ ഇപ്പോള്‍ രോഗബാധിതരുടെ എണ്ണം ഏകദേശം ഒരു ലക്ഷം കടക്കുകയും മരണം പതിനായിരത്തോടു അടുക്കുകയും ചെയ്യുന്നു.
“കേരള മോഡല്‍” ഇന്ന് ലോകമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കേരള സര്‍ക്കാരിനെയും, ആരോഗ്യ വകുപ്പിനെയും, ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിക്കാതെ തരമില്ല. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള കേരളത്തില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ച ശേഷം ഇന്ത്യ ഒട്ടുക്ക് വ്യാപിപ്പിക്കാം എന്നുള്ളതുതന്നെയാണ് ശാസ്ത്രലോകം നല്‍കുന്ന വിവരം. ഈ രീതി വിജയിച്ചു കഴിഞ്ഞാല്‍ രോഗത്തിന്റെ കാലദൈര്‍ഘ്യം കുറക്കാന്‍ സാധിക്കും എന്നതിലുപരി രോഗികളെ മരണത്തില്‍ നിന്ന് മോചിപ്പിക്കാനും ഒരു പരിധിവരെ സാധിക്കും. കേരളത്തിന്റെ ശാസ്ത്ര, ആരോഗ്യ മേഖലയിലുള്ള വളര്‍ച്ചക്കും മുന്നോട്ടുള്ള ചുവടുകള്‍ക്കും ഇതൊരു മുതല്‍കൂട്ടാകുമെന്നതില്‍ സംശയമില്ല.
Dr. Rahul S
Asst. Professor, Department of Chemistry
Mahatma Gandhi College
Thiruvananthapuram.