'തിരുവോണം'; എവിടെ നമ്മുടെ പെണ്ണുങ്ങള് ? അവര്‍ അടുക്കളയില്‍ എവിടെ നമ്മുടെ ആണുങ്ങള് ? ഉമ്മറത്ത്..? കവലകളില്‍ ..? തെരുവുകളില്‍ ? മദ്യഷാപ്പിനുമുന്നില്‍.. ? സുഹൃത്തുക്കളോടൊപ്പം..? ഉയര്‍ന്ന മധ്യവര്‍ഗ്ഗത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ അത്യന്താധുനിക ജീവിതരീതിയെ ഉദാഹരിച്ചും റെഡിമെയ്ഡ് ഓണസദ്യയെ മുന്‍നിര്‍ത്തിയും പ്രശ്നത്തെ സാമാന്യവല്ക്കരിച്ചു കളയല്ലേ...
ഭൂരിഭാഗം വരുന്ന അതിസാധാരണക്കാരെ ഓര്‍ത്തുകൊണ്ട് പ്രതികരിക്കൂ.. അടുക്കളയിലെ വെയ്പ്പുകാരികള് ഭാര്യമാര്‍ ,അമ്മമാര്‍ ,സഹോദരിമാര്‍ ,വീട്ടുജോലിക്കാരികള്‍ തുടങ്ങിയവര്‍ ഉച്ചയ്ക്ക് രുചിയുള്ള ഭക്ഷണം വിളമ്പി കുട്ടികളെയും കുടുംബത്തിലെ ആണുങ്ങളെയും ഊട്ടുമ്പോഴനുഭവിക്കുമെന്ന് വിധിക്കപ്പെട്ട സംതൃപ്തിയിലാണോ ഓണം സ്ത്രീകളുടെ ഉത്സവമാവുന്നത്.?
സദ്യവട്ടത്തിനുള്ളിലെ വേവുന്ന നിമിഷങ്ങളെ നിസാരവല്ക്കരിക്കാനായി പുരുഷാധിപത്യസമൂഹം (അത് പുരുഷന്മാര് മാത്രമടങ്ങുന്നതല്ല, പുരുഷാധിപത്യമൂല്യബോധം അംഗീകരിക്കുന്ന സ്ത്രീപുരുഷന്മാരടങ്ങുന്ന പൊതുസമൂഹം) സമര്‍ഥമായി കണ്ടെത്തിയതും സ്ത്രീകള്‍ തിരിച്ചറിയാതെ സ്വീകരിച്ചതുമായ ആ ‘സംതൃപ്തി’ എന്ന തന്ത്രം വിജയിക്കുന്നിടത്താണ് ഓണം ഒന്നാമതായി സ്ത്രീവിരുദ്ധതയുടെ ആഘോഷമാവുന്നത്.
വീട്ടമ്മമാരായ സ്ത്രീകളെ നോക്കൂ.. ഓണക്കാലം അവരെ അടുക്കളയില്‍ കൂടുതല്‍ തളച്ചിടുന്നില്ലേ.? ഊണിനുള്ള വിഭവങ്ങളുടെ എണ്ണക്കൂടുതല്‍ അവര്‍ക്ക് ആഘോഷമാണെന്ന് ആരാണ് സ്ഥാപിച്ചുവെച്ചത്.? ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് മറ്റു ദിവസങ്ങളില്‍ ജോലിക്കു പുറപ്പെടുംവരെ അടുക്കളയില്‍ എരിഞ്ഞാല്‍ മതി. ഓണദിവസമോ..? അവധിയാണല്ലോ.. തിരക്കുകൂട്ടിപണി തീര്‍ക്കേണ്ട. ഉച്ചവരെ സമയമുണ്ട്. സ്ത്രീകള്‍ ആഘോഷിക്കുകയാണോ ഓണം.? ഇതിനെല്ലാം നമ്മുടെ പൊതുബോധം സ്ത്രീയുടെ കടമ, സംതൃപ്തി, കൈപ്പുണ്യം തുടങ്ങിയവയെ വാഴ്ത്തി മറുപടി നല്‍കും. സ്ത്രീകള്‍ അത് സ്വാഗതം ചെയ്യും. കാണുന്നില്ല നമ്മള് ഓണാഘോഷത്തിലെ സ്ത്രീവിരുദ്ധത.?
പാചകവാതകം കിട്ടാനില്ല. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും പൊള്ളുന്ന വില. വിലകുറഞ്ഞ ഇടമന്വേഷിച്ച് തിക്കിലും തിരക്കിലും തെരുവിലൂടെ വെപ്രാളപ്പെട്ട് നടക്കുകയായിരുന്നു നമ്മുടെ പാവം പെണ്ണുങ്ങള്.. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ വാഴയിലയുള്പ്പെടെയുള്ള ഓണസദ്യാസാമഗ്രികളുമായി ബസിലും നടന്നും വിയര്‍ത്തൊലിച്ച് തളര്‍ന്നു മടങ്ങുന്ന പെണ്ണുങ്ങള് നമ്മുടെ കാഴ്ചകളില്‍ ആഘോഷമാവുന്നു. നഗരത്തിലെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഓണാഘോഷം കാണാനെത്തുന്നവരിലാണ് നമ്മള് ആഘോഷത്തെ അടിവരയിട്ടുറപ്പിക്കുന്നത്. കേരളത്തിന്റെ ജനസംഖ്യയില്‍ എത്ര ശതമാനമുണ്ടാവുമവരെന്ന് ആലോചിക്കാന്‍ പോലും തയ്യാറാവാതെ നമ്മള് സ്ഥാപിക്കുന്നു - സ്ത്രീകളുടെയും കുട്ടികളുടെയും ആഘോഷമാണ് ഓണം.
ചരിത്രാതീതകാലത്തെ സമത്വാധിഷ്ഠിത സാമൂഹ്യ വ്യവസ്ഥിതിയുടെ ഓര്‍മ്മയും അങ്ങനൊരു സമൂഹത്തെക്കുറിച്ചുള്ള സ്വപ്നവും അതുണ്ടാവുമെന്ന പ്രതീക്ഷയുമാണ് ഓണം. ഇതു തിരിച്ചറിഞ്ഞുകൊണ്ടല്ല ഓണത്തെ അംഗീകരിക്കുന്നതെങ്കിലും ആ സങ്കല്പത്തിലതുണ്ട്. മാനുഷരെല്ലാരുമൊന്നുപോലെ എന്നത് മനുഷ്യര്‍ -സ്ത്രീകളും പുരുഷന്മാരുമുള്പ്പെടെ- തുല്യരാണെന്ന യാഥാര്‍ഥ്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സ്ത്രീകള്‍ വെപ്പുകാരികളും പുരുഷന്മാര് രുചിച്ച് കഴിച്ച് ആസ്വദിക്കുന്നവരുമായി മാറിയൊരു കാലത്ത് ഓണാഘോഷം മാനുഷരൊന്നുപോലെ എന്ന സങ്കല്പത്തെത്തന്നെ വെല്ലുവിളിക്കുന്നു.