കേരളം കൊറോണാ വൈറസിനെതിരായ (കോവിഡ് 19) നിതാന്ത ജാഗ്രതയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമാണ്. എവിടെയും ‘ഭീതി വേണ്ട ജാഗ്രത മതി’ സന്ദേശങ്ങളുയര്‍ത്തി പ്രതിരോധങ്ങള്‍ പുരോഗമിയ്ക്കുന്നു. ലോകമാസകലമുള്ള 208 രാജ്യങ്ങളിലാണ് കോവിഡ് 19 പടര്‍ന്നു പിടിച്ചിരിയ്ക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 152804 പേരാണ് കോവിഡ് 19 പരിശോധനകളുടെ ഭാഗമായി നിരീക്ഷണത്തിലുള്ളത് . ഇവരില്‍ 152009 പേര്‍ വീടുകളിലും , 795 പേര്‍ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്.സംസ്ഥാനത്താകെ 254 പേരാണ് ചികിത്സയിലുള്ളത്. ഇറ്റലിയില്‍ നിന്നെത്തിയ മക്കളില്‍ നിന്നും കോവിഡ് 19 സ്ഥിരീകരിച്ച റാന്നി പട്ടയില്‍ തോമസ് എബ്രഹാമും (93), ഭാര്യ മറിയാമ്മ തോമസും (88) രോഗ വിമുക്തരായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടതോടെ കോവിഡ് 19 നെ അതിജീവിച്ച രാജ്യത്തെ ഏറ്റവും പ്രായമേറിയവരുടെ സംസ്ഥാനമായി കേരളം മാറുന്നു.
പനിയും ചുമയും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉണ്ടായിരുന്ന തോമസിനെ ചികിത്സയ്‌ക്കിടെ ഹൃദയസ്‌തംഭനം ന്യുമോണിയ എന്നിവയുടെ ഭാഗമായി വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അതീവ ജാഗ്രതാ വിഭാഗത്തിലായിരുന്നു ചികിത്സ. ഇവരില്‍നിന്ന് കോവിഡ് പകര്‍ന്ന നേഴ്സ് രേഷ്‌മ മോഹന്‍ദാസും അസുഖം ഭേദമായി ആശുപത്രി വിട്ടു. മാതാപിതാക്കള്‍ക്കു ലഭ്യമാകുന്ന തരം പരിചരണങ്ങളാണ് ഇരുവര്‍ക്കും ലഭ്യമായതെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത് ലോകത്തിനാകെ മാതൃകയാകുന്ന കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കരുത്തുറ്റ പ്രതീകവും പ്രകടനവുമാണ്.
ലോക്ക് ഡൗണ്‍
1.7 ലക്ഷം പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സവിശേഷ പശ്ചാത്തലത്തില്‍ താരതമ്യങ്ങള്‍ക്കതീതമായ ഏകോപനവും മാതൃകാപരവും നേതൃത്വപരവുമായ ഇടപെടലുകളുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാക്കുന്നത്. കേരളത്തിന്റെ ജനസാന്ദ്രത കൂടിയ സാമൂഹിക സാഹചര്യത്തില്‍ രോഗത്തിന്റെ സാമൂഹിക വ്യാപന സാധ്യതയും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാര്‍ച്ച് 23 മുതല്‍ 31 വരെയാണ് സംസ്ഥാനം പൂര്‍ണ്ണമായും അടച്ചിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഗുരുതരമായ സ്ഥിതി പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യമാകെ ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ നിശ്ചയിച്ച് നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചു.
ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടപ്പെട്ടു. പൊതുഗതാഗതം ഉണ്ടാകില്ല. (കെ എസ് ആര്‍ ടി സി സ്വകാര്യ ബസ് എന്നിവ ഓടില്ല), സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും, പെട്രോള്‍, എല്‍ പി ജി വിതരണം എന്നിവ ഉണ്ടാകും, ആശുപത്രികള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി നടത്തും, ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകയും നിര്‍ത്തിവെക്കും, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും, മറ്റു കടകള്‍ അടച്ചിടണം, റസ്റ്റോറന്റുകളില്‍ ഹോം ഡെലിവറിയും പാര്‍സലും മാത്രം അനുവദിക്കും, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ നിബന്ധനകള്‍ക്കു വിധേയമായി മാത്രമേ സഞ്ചാരം അനുവദിക്കുകയുള്ളൂ, എന്നാല്‍, ശാരീരിക അകലം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കണം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്കും 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങള്‍
ലോക്ക് ഡൗണ്‍ കാലയളവിലെ മാനസിക പ്രതിസന്ധികളൊഴിവാക്കുന്നതിനായി ആരോഗ്യവകുപ്പ് കൗണ്‍സിലര്‍മാരുടെ പ്രത്യേക സേവനം തന്നെ സജ്ജമാക്കിയിരിക്കുന്നു . അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം, മരുന്ന്, വൈദ്യസഹായം, താമസ സൗകര്യം എന്നിവ ഉറപ്പാക്കാന്‍ ജില്ലാ ഭരണ കൂടങ്ങളുടെ നേതൃത്വത്തില്‍ വീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഭിന്നശേഷിതര്‍ പട്ടികവര്‍ഗ്ഗക്കാര്‍, ട്രാന്സ്ജെന്റര്‍കള്‍ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതികളിലൂടെ അതുറപ്പുവരുത്തുന്നു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങള്‍ രോഗം വ്യാപകമാകുന്ന ഇതര സംസ്ഥാനങ്ങള്‍, രാജ്യങ്ങള്‍ എന്നിവകളില്‍ നിന്നും വിഭിന്നമായി നിലകൊളളുന്നതിന് സംസ്ഥാനത്തെ പര്യാപ്തമാക്കി. ഇതനുസരിച്ച് ജലം, വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധ വസ്തുക്കളുടെ വില്‍പന എന്നിങ്ങനെയുള്ള അവശ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കും. അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കുകയും വൈദ്യപരിശോധനയും ഇതര സഹായങ്ങളും ലഭ്യമാകുകയും ചെയ്യും. ബന്ധപ്പെട്ടവരെ ജോലിക്ക് നിയോഗിച്ചിരിക്കുന്ന കരാറുകാരും തൊഴില്‍ ഉടമകളും അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. കൊറോണ നിരീക്ഷണത്തിലുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്യുന്നത് കര്‍ക്കശമായി തടയും. നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ടെലികോം സേവനദാതാക്കളില്‍നിന്നാകും സമാഹരിക്കുക. കൊറോണ രോഗികളെ ചികിത്സിക്കാന്‍ മാത്രമായി ഓരോ ജില്ലയിലും കോവിഡ് ആശുപത്രികള്‍ സജ്ജമാക്കും. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ആശുപത്രികള്‍ക്ക് അടുത്തുതന്നെ അവര്‍ക്ക് ആവശ്യമെങ്കില്‍ താമസ, ഭക്ഷണസൗകര്യം ഏര്‍പ്പെടുത്തും. കറന്‍സി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കി ജനങ്ങള്‍ക്ക് നല്‍കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ നടപടി എടുക്കണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31നു മുമ്പുതന്നെ യോഗം ചേര്‍ന്ന് ബജറ്റ് പാസാക്കും. എല്ലാ വിമാന യാത്രക്കാരെയും വിമാനത്താവളത്തിനടുത്ത് പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കും. ഇതിനുള്ള നടപടികള്‍ കലക്ടര്‍മാരും ആരോഗ്യവകുപ്പും സംയുക്തമായി സ്വീകരിക്കും. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യത്തിന് വീടുകളില്‍ ഭക്ഷണം / ഭക്ഷണസാധനങ്ങള്‍ എത്തിക്കും മൈക്രോ ഫിനാന്‍സ്, പ്രൈവറ്റ് കമ്പനികള്‍ പൊതുജനങ്ങളില്‍നിന്ന് പണം പിരിക്കുന്നത് രണ്ടുമാസത്തേക്ക് നിര്‍ത്തിവെക്കണം.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ (മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ) രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. കാസര്‍കോട് ഇത് 11 മുതല്‍ അഞ്ചു മണിവരെയാണ്. ഉംറ കഴിഞ്ഞ് വന്നവര്‍, വിദേശ രാജ്യങ്ങളില്‍നിന്ന് നേരത്തേ വന്നവര്‍ എന്നിവരാകെ അക്കാര്യം സ്വയം ജില്ലാ ഭരണസംവിധാനത്തെ അറിയിക്കണം. അവരെ അറിയാവുന്നവര്‍ വിവരം അധികൃതര്‍ക്ക് നല്‍കണം. ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. അനിയന്ത്രിതമായ ആള്‍ക്കൂട്ടം എവിടെ ഉണ്ടായാലും അത് തടയാന്‍ 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും. രോഗപകര്‍ച്ചയ്ക്ക് സാധ്യത സംശയിക്കുന്ന ആളുകളെ താല്‍ക്കാലിക ഐസൊലേഷന്‍ സെന്ററുകളിലാക്കും. കൂടുതല്‍ രോഗബാധാ സാധ്യതയുള്ളവരെ നിരീക്ഷിക്കാനായി കൂടുതല്‍ സൗകര്യങ്ങളുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങളിലാണ് പാര്‍പ്പിക്കുക. ഐസൊലേഷനില്‍ ഉള്ളവരെ നിരീക്ഷിക്കുന്ന കാര്യം നേരത്തേ ചൂണ്ടിക്കാട്ടി. അതില്‍ സാമൂഹ്യ ജാഗ്രതക്കാണ് പ്രാധാന്യം നല്‍കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയല്‍ക്കാര്‍ക്ക് കൊടുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരും ലിസ്റ്റിനൊപ്പം ഉണ്ടാകും. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാലോ നിയന്ത്രണങ്ങള്‍ ലംഘിച്ചാലോ ആ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് ഇത്. നിരീക്ഷണത്തിലുള്ളവര്‍ ഇറങ്ങിനടക്കുന്നത് അനുവദിക്കില്ല. അത്തരം അനുഭവമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും; അറസ്റ്റുണ്ടാകും. മാധ്യമപ്രവര്‍ത്തനവും ദുഷ്ക്കരമാക്കുന്ന കാലഘട്ടമായതിനാല്‍ തന്നെ അവശ്യ സേവന വിഭാഗങ്ങളിലൊന്നായ പത്ര വിതരണം/ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ എന്നിവയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിനു പുറമെ എല്ലാ മേഖലയിലും കര്‍ക്കശമായ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
എന്താണീ #BreaktheChain ‘ബ്രേക്ക് ദി ചെയിന്‍ ക്യാംപെയ്ന്‍
കോവിഡ് -19 വൈറസ് വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച #BreaktheChain ‘ബ്രേക്ക് ദി ചെയിന്‍ ക്യാംപെയ്ന്‍ രോഗവ്യാപനത്തിന്റെ തോത് ലഘൂകരിയ്ക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിയ്ക്കുന്നണ്ട്. ‘കൈ വിടാതിരിക്കാം കൈ കഴുകൂ’ എന്നതാണ് ക്യാംപെയ്ന്‍ മുന്നോട്ടിവെയ്ക്കുന്ന മുദ്രാവാക്യം. അണുബാധയുള്ളവരുടെ സ്രവം അവര്‍ പോലുമറിയാതെ കൈയ്യിലൂടെയോ വായിലൂടെയോ ഉള്ളില്‍ ചെല്ലുന്ന അവസ്ഥയിലാണ് മറ്റൊരു വ്യക്തിയിലേക്ക് കോവിഡ് 19 വൈറസ് പടരുന്നത്. പ്രസ്തുത സാഹചര്യം ഒഴിവാക്കുന്നതിന് കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 രോഗമുണ്ടാക്കുന്ന കൊറോണ വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയെന്നതാണ് ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയ്‌ന്റെ ലക്ഷ്യം. അണുബാധയുടെ വ്യാപനം തടയാന്‍ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവയ്ക്കുമേലുള്ള സ്പര്‍ശനം ഒഴിവാക്കേണ്ടതുണ്ട്. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്.
സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജീവനക്കാരും പൊതുജനങ്ങളും ഓഫീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്നതാണ് നിര്‍ദ്ദേശത്തിന്റെ ഉള്ളടക്കം. ഇത് കേരളമാകെ ഫലപ്രദവും സമയബന്ധിതാവമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ / സന്നദ്ധ ഭേദമെന്യേ ജനസമൂഹമൊന്നാകെ ഒറ്റക്കെട്ടായി അണിചേര്‍ന്നതിന്റെ പരിണിത ഫലമാണ് ഉയരുന്ന കോവിഡ് 19 മരണനിരക്കില്‍ ലോകരാഷ്ട്രങ്ങള്‍ വിറങ്ങലിക്കുമ്പോള്‍ കേരളത്തിന് സ്ഥിതിഗതികകള്‍ക്കുമേല്‍ നിയന്ത്രണത്തോടെ പിടിച്ചു നില്‍ക്കാനാകുന്നത്.
സാമ്പത്തിക ബാധ്യത മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്
കോവിഡ് 19 രോഗബാധ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതതിജീവിക്കുന്നതിനായി ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്‍പ്രകാരം കുടുംബശ്രീയിലൂടെ വരുന്ന രണ്ടിമാസക്കാലയളവില്‍ വഴി 2000 കോടി രൂപയുടെ വായ്പയാകും ലഭ്യമാകുക.ഏപ്രില്‍-മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടി രൂപ വീതം ആകെ 2000 കോടിയുടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാകും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എപ്രിലില്‍ നല്‍കേണ്ടത് മാര്‍ച്ച് മാസം തന്നെ നല്‍കും. രണ്ടുമാസത്തെ പെന്‍ഷന്‍ തുകയാകും നല്‍കുക. ഇതിനായി 1370 കോടി രൂപ ചെലവഴിക്കും. ബി.പി.എല്‍/ അന്ത്യോദയ കുടുംബങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും. അത്തരം കുടുംബങ്ങള്‍ക്ക് ഉപജീവനസഹായമായി 100 കോടി വിനിയോഗിക്കും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നല്‍കും. ബി.പി.എല്‍/ അന്ത്യോദയ വിഭാഗത്തിന് പുറമേയുള്ളവര്‍ക്ക് 10 കിലോ എന്ന നിലയിലാകും ഈ ഘട്ടത്തില്‍ ലഭ്യമാക്കുക. ഇതിലേക്കായി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഏപ്രിലോടെ 20 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ കേരളത്തിലുടനീളം ആരംഭിക്കും. 25 രൂപയ്ക്ക് ഊണ് ലഭ്യമാകുന്ന ഭക്ഷണശാലകള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനായി 50 കോടിയാകും ചിലവിടുക.
വിവിധ മേഖലയില്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കാനുള്ള എല്ലാ കുടിശ്ശികയും ഏപ്രിലില്‍ കൊടുത്തുതീര്‍ക്കും. ഇതിലേക്കായി 14,000 കോടി രൂപ ചെലവഴിക്കും. ഇതിനുപുറമേ അടിയന്തിരനടപടികളായി ഓട്ടോ, ടാക്‌സി തുടങ്ങിയവയുടെ ഫിറ്റ്‌നെസ് ചാര്‍ജില്‍ ഇളവ് നല്‍കും. ബസുകളില്‍ സ്റ്റേജ് കാരിയറുകള്‍ക്കും കോണ്‍ട്രാക്ട് കരിയറുകള്‍ക്കും അടുത്ത മൂന്നുമാസം നല്‍കേണ്ട ടാക്‌സില്‍ ഒരു ഭാഗം ഇളവ് നല്‍കും. സ്റ്റേജ് കാരിയറുകള്‍ക്ക് മൂന്നുമാസത്തില്‍ ഒരുമാസത്തെ ഇളവും കോണ്‍ട്രാക്ട് കാരിയറുകള്‍ക്ക് തുല്യമായ നിലയില്‍ ഇളവുമാണ് നല്‍കുക. മൊത്തത്തില്‍ 23 കോടി 60 ലക്ഷം രൂപയുടെ ഇളവാണ് ഈ മേഖലയില്‍ ലഭ്യമാകുക. വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ പിഴ കൂടാതെ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കും. സിനിമാ തീയറ്ററുകള്‍ക്ക് വിനോദ നികുതിയില്‍ ഇളവ് നല്‍കാനും പാക്കേജില്‍ വ്യവസ്ഥയുണ്ട്. ആരോഗ്യ പാക്കേജ് നടപ്പാക്കാന്‍ 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
മഹാമാരി കാലത്തും തുടരുന്ന കേന്ദ്ര അവഗണന
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ (State Disaster Response Fund – SDRF) കേന്ദ്രവിഹിതത്തിന്റെ നടപ്പുവര്‍ഷത്തെ ആദ്യ ഗഡുവെന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 11,092 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 157 കോടി രൂപയാണ് കേരളത്തിനുള്ള വിഹിതം. ഗുജറാത്ത്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുകയുടെ നാലിലൊന്നു ശതമാനം മാത്രമാണിത് . ജനസംഖ്യാനുപാതികമായി പരിശോധിച്ചാലും ഏറ്റവും കുറവ് വിഹിതമാണ് കേരളത്തിന്.ലഭ്യമായിരിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണയുടെ പ്രത്യക്ഷോദാഹരണമാണ്.
എന്താണീ കമ്യൂണിറ്റി കിച്ചന്‍
‘ നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം വലിയ തോതില്‍ പട്ടിണിയിലേക്ക് ആളുകളെയും കുടുംബങ്ങളെയും തള്ളിവിടുന്ന ഒന്നാണ്. ഇവിടെ നമ്മുടെ നാട്ടില്‍ ഒരാളും പട്ടിണി കിടക്കാന്‍ ഇട വരരുത്. ചിലര്‍ വ്യക്തികളോട് പറയാന്‍ ബുദ്ധിമുട്ടണ്ടാകും. അത്തരക്കാര്‍ക്ക് വിളിച്ചുപറയാന്‍ ഒരു ടെലഫോണ്‍ നമ്പറുണ്ടായാല്‍ വിളിച്ചു പറയാന്‍ ഉപകരിക്കും. ആര്‍ക്കൊക്കെ സഹായം ആവശ്യമുണ്ടോ അവര്‍ക്കെല്ലാം അതെത്തിക്കുകയാണ് പ്രധാനം’.
പിണറായി വിജയന്‍
മുഖ്യമന്ത്രി
ഓരോ പ്രദേശത്തും വ്യത്യസ്തരായ ജനവിഭാഗങ്ങളാണുള്ളത്. അവരില്‍ സ്വന്തമായി സ്വന്തമായി ഭക്ഷണം പാകം ചെയ്യന്നതിനാകാത്തവരുണ്ട്. അത്തരം കുടുംബങ്ങള്‍ പട്ടിണിയാകുന്ന സ്ഥിതി ഒഴിവാക്കുന്നതിന് ഭക്ഷണം ലഭ്യമാകേണ്ടതുണ്ട്. ഭക്ഷണം എത്തിച്ചുനല്‍കുന്നതിനായി സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്ഥിതി സമത്വ ഭക്ഷ്യോത്പാദന – വിതരണ സംവിധാനമാണ് കമ്യൂണിറ്റി കിച്ചണ്‍. പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലേക്ക് നേരിട്ടെത്തിച്ചുനല്‍കും. ഓരോ പഞ്ചായത്തും നഗരസഭയും എത്ര പേര്‍ക്കാണ് ഈ രീതിയില്‍ ഭക്ഷണം എത്തിക്കേണ്ടതെന്ന കൃത്യമായ വിവവരശേഖരണം നടത്തും. ഏതെങ്കിലും കുടുംബം ഒറ്റപ്പെട്ടുപോയാല്‍ അത്തരം കുടുംബങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനും ഭക്ഷണം ആവശ്യപ്പെടുന്നതിനും ഒരു ഫോണ്‍ നമ്പര്‍ ഉണ്ടാകും. അതില്‍ ആവശ്യപ്പെടുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാകും. ഇതിനുപുറമേ എല്ലാവര്‍ക്കും റേഷന്‍ കടകള്‍ വഴി അരിയും മറ്റ് സാധനങ്ങളും ലഭ്യമാകും. മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് കാലേക്കൂട്ടി അരി നല്‍കും. മുന്‍ഗണന പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് 15 കിലോ അരി വീതമാണുള്ളത്. ഒപ്പം പല വ്യഞ്ജന കിറ്റും എല്ലാ കുടുംബത്തിനുമുണ്ട്. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പാകം ചെയ്ത ഭക്ഷണമാണ് നല്‍കുക.
പ്രതിസന്ധികളിലാകിലും വിശപ്പും പട്ടിണിയുമാണെങ്കില്‍ പോലും അത് പ്രകടിപ്പിയ്ക്കാനുള്ള ശരാശരി മനുഷ്യന്റെ മാനാഭിമാന പ്രശ്നനങ്ങളെ ഒരു മനഃശാസ്ത്രജ്ഞന്റെ ദീര്‍ഘദര്‍ശിത്വത്തോടെ കൃത്യമായി വിശകലനം ചെയ്ത് അതിനനുസൃതമായി സ്ഥിതി സമത്വ റിപ്പബ്ലിക്കിനെ അനുസ്മരിപ്പിയ്ക്കും വിധമുള്ള സാമൂഹിക അടുക്കള സംവിധാനം പ്രാവര്‍ത്തികമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വവും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ നയവും താരതമ്യങ്ങള്‍ക്കതീതമാണ്.
രോഗത്തെ അതിജീവിയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും സംഘടിപ്പിക്കുന്ന ഇടപെടലുകള്‍
1. രോഗബാധിതരെയും സംശയിക്കുന്നവരെയും തനിച്ച് പാര്‍പ്പിച്ചുള്ള ചികില്‍സ.
2. ഇത്തരക്കാര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തിയുള്ള നിരീക്ഷിക്കല്‍.
3. രോഗവ്യാപനം തടയാന്‍ പൊതുവിടങ്ങളില്‍ കര്‍ശന സംവിധാനങ്ങള്‍.
4. സ്‌പര്‍ശനവും സാമീപ്യവും നിയന്ത്രിക്കല്‍.
5. ആരോഗ്യശീലങ്ങളില്‍ നിഷ്‌ക്കര്‍ഷ.
6. പൊതുപരിപാടികള്‍ക്ക് നിയന്ത്രണം.
7. വിപുലമായ ബോധവല്‍ക്കരണം തുടങ്ങിയവയാണ് അവയില്‍ ചിലവ.
കോവിഡ്-19 അഥവാ കൊറോണാ വൈറസ് – കേരളത്തില്‍ ആരംഭം കൊണ്ടതെപ്പോള്‍
കൊറോണാ വൈറസ് ആരംഭം കൊണ്ട ചൈനയിലെ വ്യുഹാന്‍ പ്രവിശ്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനു പോയി നാട്ടില്‍ തിരികെയെത്തിയ മൂന്നു പേരിലാണ് ആദ്യഘട്ടത്തില്‍ രോഗം കണ്ടെത്തിയത്. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലെ ചികിത്സയുടെ ഭാഗമായി ബന്ധപ്പെട്ടവര്‍ പരിപൂര്‍ണ്ണമായും രോഗവിമുക്തി നേടുകയായിരുന്നു. കൊറോണ രണ്ടാം ഘട്ടത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ മൂന്നംഗ കുടുംബത്തില്‍ നിന്നാണ് രണ്ട് ബന്ധുക്കള്‍ക്ക് കോവിഡ് പകര്‍ന്നത്. ഇറ്റലിയില്‍ നിന്നെത്തിയ ബന്ധപ്പെട്ടവര്‍ കൃത്യമായ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുണ്ടായിട്ടും വിമാനത്താവളത്തിലോ ആരോഗ്യവകുപ്പ് സംവിധാനങ്ങളിലോ റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ലെന്ന് ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രോഗം പകര്‍ന്നുകിട്ടിയ ബന്ധുക്കള്‍ ചികില്‍സ തേടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇറ്റലിയില്‍ നിന്നെത്തിയവരെ കണ്ടെത്തിയത്.
വെനീസില്‍നിന്ന് ദോഹയില്‍ ഇറങ്ങി, വിമാനം മാറിക്കയറിയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരുവിധ ആരോഗ്യ നിയന്ത്രണങ്ങള്‍ക്കും വിധേയരാകാതെ സൂചിതര്‍ പൊതുസമൂഹത്തില്‍ ഇടപഴകുകയായിരുന്നു. ഒരിയ്ക്കല്‍ നിയന്ത്രണവിധേയമാക്കിയ രോഗത്തെ പുനര്‍വ്യാപരിപ്പിയ്ക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ പങ്ക് ഒട്ടും ചെറുതല്ല.
കോവിഡ് 19 ലോക രാജ്യങ്ങളില്‍
വികസന വികസ്വര ഭേദങ്ങള്‍ക്കപ്പുറം ലോകമാസകലമുള്ള 209 രാജ്യങ്ങളിലായി 1,379,040 പേരെ ബാധിച്ച കോവിഡ്-19, യൂറോപ്യന്‍ യൂണിയനിലും അപ്പാടെയെത്തി. ലോകമാസകലം 78,114 പേരാണ് മരണപ്പെട്ടത് . 294,399 പേര്‍ രോഗവിമുക്തരായി. ചൈനയില്‍ 81,740 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടു. 77,167 രോഗവിമുക്തരായി. 3,331 പേര്‍ മരണപ്പെട്ടു. അമേരിക്കയില്‍ കൊറോണാബാധിത മരണ സംഖ്യ 10,000 കവിഞ്ഞരിക്കുകയാണ്. ഇറ്റലിയില്‍ 1,32,547 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 22,837 രോഗ വിമുക്തരായി. 16,523 പേര്‍ മരണപ്പെട്ടു. കേന്ദ്ര കുടുംബ ആരോഗ്യ ക്ഷേമ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 4312 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്. അതില്‍ 352 പേര്‍ രോഗവിമുക്തരാകുകയോ ആശുപത്രികളില്‍ നിന്നും വിടുതല്‍ നേടുകയോ ചെയ്തു.124 പേര്‍ മരണപ്പെട്ടു. കേരളത്തില്‍ 327 കേസുകളാണ് സ്ഥിരീകരിയ്ക്കപെട്ടിരിക്കുന്നത്. ഇതില്‍ 58 പേര്‍ രോഗം ഭേദമാകുകയോ ആശുപത്രി വിടുകയോ ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ മരണപ്പെട്ടു.
യൂറോപ്യന്‍ യൂണിയനിലെ (ഈ യു) വമ്പന്‍ രാഷ്ട്രങ്ങളായ ജര്‍മനിയും ഫ്രാന്‍സും ചികിത്സാ സാമഗ്രികളുടെ കയറ്റുമതി പോലും നിരോധിച്ചു. ഇതോടെ രോഗപ്രതിരോധത്തിന്റെ മേഖലകളില്‍ ഇതര രാജ്യങ്ങള്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു. രോഗസാഹചര്യങ്ങളിലെ അവശ്യ വസ്തുക്കളുടെ ലഭ്യതയില്‍ പോലും സമ്പത്തു മാനദണ്ഡമാക്കുന്ന മൂപ്പിളമകളെ ഏത് യൂറോപ്യന്‍ മഹിമകളാലാണ് അളന്നു തിട്ടപ്പെടുത്തുന്നതിനാകുക.
എന്താണീ കൊറോണാ വൈറസ്
നിഡോവൈറലസ് എന്ന നിരയില്‍ കൊറോണവൈരിഡി കുടുംബത്തിലെ ഓര്‍ത്തോകോറോണവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകള്‍. മനുഷ്യരും പക്ഷികളും ഉള്‍പ്പെടെയുള്ള സസ്തനികളില്‍ രോഗമുണ്ടാക്കുന്ന ഇവയിലൂടെ സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയാകുന്നു. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.
രോഗവ്യാപനം എങ്ങനെ
ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗം പടരും. കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാല്‍ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നല്‍കേണ്ടത്. പകര്‍ച്ചപ്പനിക്ക് നല്‍കുന്നതു പോലെ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയില്‍ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നല്‍കുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനായി ധാരാളം വെള്ളം കുടിയ്‌ക്കേണ്ടതുണ്ട്.
താപനിലയും കൊറോണയും തമ്മിലെന്ത്
അന്തരീക്ഷ താപനിലയും പനി വൈറസുകളുടെ നശീകരണവും തമ്മിലുള്ള സംബന്ധിച്ച പുതുപഠനങ്ങള്‍ക്കും കോവിഡ് 19 കാരണമായിരിയ്ക്കുകയാണ്. സംസ്ഥാനത്തെ പകല്‍ നേരത്തെ താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ അധികമായിട്ടും കോവിഡ് 19 ബാധിത രോഗികളുടെ എണ്ണം വര്‍ദ്ധിയ്ക്കുകയാണ്. അതുകൊണ്ടുതന്നെ രോഗവ്യാപനവും താപനിലയും തമ്മില്‍ വിശേഷബന്ധങ്ങളില്ലെന്ന് അമേരിക്കയിലെ Centers for Disease Control and Prevention പറയുന്നു.
കോവിഡ് 19: ബാധിത സാധ്യത കൂടിയവര്‍
1. വയോജനങ്ങള്‍
2. ഹൃദ്രോഗമുള്ളവര്‍
3. പ്രമേഹബാധിതര്‍
4 . കരള്‍ സംബന്ധികളായ രോഗങ്ങളുള്ളവര്‍ എന്നിവരാണ്.
ലോകമെമ്പാടും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ‘ outbreak’ എന്ന നിലയിലാണ്. വളരെ വേഗത്തില്‍ വലിയൊരു വിഭാഗം പേര്‍ രോഗബാധിതരാകുന്നതിനെയാണ് ‘ outbreak’ അഥവാ പെട്ടെന്നുള്ള പൊട്ടിപ്പുറപ്പെടല്‍ എന്നു പറയുന്നത്. ‘നിപ’ അടക്കമുള്ള ഗുരുതര രോഗങ്ങളെ പ്രതിരോധിച്ചതും അതിജീവിച്ചതുമായി വിഖ്യാതമായ ആരോഗ്യ മാതൃകയാണ് കേരളത്തിന്റെ സമ്പത്ത്. പ്രസ്തുത പശ്ചാത്തലത്തില്‍ സമൂഹമൊന്നാകെ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായതും ഫലപ്രദമായതുമായ പ്രവര്‍ത്തനങ്ങള്‍ കോവിഡ് 19 ന്റെ വ്യാപനം ചെറുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിയ്ക്കുന്നത്.
പ്രായാധിക്യം, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവകളിലൂടെ കടന്നുപോകുന്നവര്‍ കോവിഡ് 19 ബാധിയ്ക്കാതിരിയ്ക്കുന്നതിന് ഇതര വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക മുന്‍കരുതലുകള്‍ കൈക്കൊള്ളേണ്ടതുണ്ട്.
മരുന്നുകളുടേയും അനുബന്ധ സഹായങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തണം.
അവനവനെ മറ്റുള്ളവരില്‍ നിശ്ചിത അകലത്തില്‍ നിര്‍ത്തണം.
പൊതുഇടങ്ങളില്‍ ക്ഷീണിതരില്‍ നിന്നും അകലം പാലിയ്ക്കുകയും അടുപ്പമുള്ള ബന്ധം ഒഴിവാക്കുകയും വേണം.
കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ചുരുങ്ങിയത് 20 സെക്കന്റ് നേരമെങ്കിലും പരമാവധി സമയങ്ങളില്‍ കഴുകി എന്നുറപ്പാക്കണം.
മൂക്ക് ചീറ്റല്‍, ചുമയ്ക്കല്‍, തുമ്മല്‍ എന്നിവയ്ക്ക് ശേഷവും പൊതുഇടങ്ങളില്‍ വ്യാപാരിച്ചതിനു ശേഷവും ബന്ധപ്പെട്ടത് നിര്‍ബന്ധം നടപ്പിലാക്കേണ്ടതുണ്ട്.
സോപ്പോ വെള്ളമോ ലഭ്യമല്ലെങ്കില്‍ 60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ hand sanitiser ഉപയോഗിയ്ക്കാം.
പൊതുഇടങ്ങളിലെ കൂടുതല്‍ സ്പര്‍ശനമേല്‍ക്കുന്ന ഉപകരണങ്ങളായ എലവേറ്റര്‍ ബട്ടണ്‍, ഡോര്‍ ഹാന്റിലുകള്‍, ഹാന്റ് റെയ്‌ലുകള്‍, എന്നിവകള്‍ ഉപയോഗിയ്ക്കുന്നത് പരിപൂര്‍ണ്ണമായും ഒഴിവാക്കണം.
ബന്ധപ്പെട്ടവ ഉപയോഗിയ്ക്കേണ്ടി വന്നാല്‍ ടിഷ്യുവോ കര്‍ച്ചീഫോ ഉപയോഗപ്പെടുത്തി വിരലുകള്‍ മറയ്ക്കണം.
സ്വന്തം മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ തൊടുന്നത് ഒഴിവാക്കണം.
യാത്രകള്‍ ഒഴിവാക്കണം.
കോവിഡ് 19 കാലയളവില്‍ വീടുകളില്‍ തന്നെ ചിലവഴിയ്ക്കണം.
കുടുംബാംഗങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍ വാണിജ്യ ശ്രുംഖലകള്‍ എന്നിവ ഉപയോഗപ്പെടുത്തി ഭക്ഷണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കാവുന്നതാണ്.
ഹസ്തദാനം നിര്‍ബന്ധം ഒഴിവാക്കണം.
സൂചിതമായവയെല്ലാം വൈറസ് ബാധയുടെ ബാധയുടേതായ അപകട സാധ്യത കുറയ്ക്കും.
ഇതര മുന്‍കരുതലുകള്‍ എന്തെല്ലാം
വീട് വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യണം. പതിവായി ഇടപഴകുന്ന പ്രതലങ്ങളായ മേശകള്‍, വാതില്‍പ്പിടികള്‍, ലൈറ്റ് സ്വിച്ചുകള്‍, ഹാന്റിലുകള്‍, ഡെസ്‌ക്കുകള്‍, ശൗചാലയത്തില്‍ വെള്ളം ഉപയോഗിക്കുന്നത്തിനായി ഷവറിന്റെ രൂപത്തിലുള്ള ഉപകരണം, സിങ്കുകള്‍, സെല്‍ ഫോണുകള്‍ എന്നിവകളെല്ലാം പതിവായി ശുചിയാക്കുന്ന പ്രവര്‍ത്തി ശീലമാക്കണം.വായു – പ്രകാശ സഞ്ചാരങ്ങള്‍ തുലോം കുറവായ ഇടങ്ങളിലെ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഒഴിവായി നില്‍ക്കണം. അത്തരം അടഞ്ഞതും വായു സഞ്ചാരം കുറഞ്ഞതുമായ ഇടങ്ങളില്‍ ശ്വാസകോശത്തിലൂടെ പടരുന്ന വൈറസുകളായ കോവിഡ് 19 ന് അതിവേഗ സംക്രമണ സാധ്യതയാണുള്ളത്.
കോവിഡ്-19 ബാധ സംശയിക്കുന്നതിൻ്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ചുവടെപ്പറയും വിധമാണ് .
1. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കണം.
2. രോഗിയെ പരിചരിക്കുന്നവര്‍ മാസ്ക്, കൈയുറ പോലുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം.
3. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാകരുത്. രോഗിയെ പരിചരിക്കുന്നതിനു മുന്‍പും പിന്‍പും സോപ്പുപയോഗിച്ച് കൈകളും മുഖവും വൃത്തിയാക്കണം.
4. ഒരുതവണ ഉപയോഗിച്ച മാസ്കും കൈയുറകളും നിര്‍മ്മാര്‍ജ്ജനം ചെയ്യണം. രോഗിയുടെ വസ്ത്രങ്ങളും മറ്റും ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ചു കഴുകി വെയിലത്ത് ഉണക്കണം.
5. രോഗി ഉപയോഗിച്ച കട്ടില്‍, മേശ, തുടങ്ങിയവയും ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. സന്ദര്‍ശകരെ അനുവദിയ്ക്കരുത്.
6. സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം.
7. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്യ്ക്കണം.
8. കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്‍റെ നമ്പറുകള്‍.
COVID-19 Outbreak Control & Prevention State Cell
Health & Family Welfare Department
ഇത് സംബന്ധിച്ച് വിപുലമായ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
COVID-19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അതല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ എന്നിവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ട്. മാസ്‌ക്കുകളുടെ ഉപയോഗം സംബന്ധിച്ചും വകുപ്പ് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നു. COVID-19 ലക്ഷണങ്ങള്‍ ഉള്ളവരും ബന്ധപ്പെട്ടവരെ പരിചരിയ്ക്കുന്നവരും മാത്രമേ മാസ്ക്ക് ധരിയ്ക്കേണ്ടതുള്ളൂ. മാസ്ക്ക് ഉപയോഗിയ്ക്കുന്നവര്‍ അത് ഉപയോഗിയ്ക്കേണ്ട മനസ്സിലാക്കി ഉപയോഗപ്പെടുത്തേണ്ടതും അതിനുശേഷം ബന്ധപ്പെട്ടവ ശാസ്ത്രീയമാം വിധം സംസ്ക്കരിയ്ക്കുകയും ചെയ്യേണ്ടതാണ്. മറ്റുള്ളവര്‍ N – 95 മാസ്‌ക്കുകള്‍ ഉപയോഗിയ്ക്കേണ്ടതില്ല എന്നും ഉള്ളടക്കം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞുവെയ്ക്കുന്നു.
A) രോഗികളോ രോഗലക്ഷണങ്ങളോ ഉള്ളവര്‍
രോഗികളുമായി അടുത്ത് സമ്പര്‍ക്കമുള്ളവര്‍; പ്രധാനമായും ആരോഗ്യ പ്രവര്‍ത്തകരാണ് മാസ്‌ക്കുകള്‍ ഉപയോഗിയ്ക്കേണ്ടത്.
രോഗബാധിതരല്ലാത്തവര്‍ മാസ്‌ക്കുകള്‍ ഉപയോഗിയ്ക്കുന്നതില്‍ പ്രാധാന്യമില്ല.
1. മാസ്‌ക്കിന്റെ തെറ്റായ രീതിയിലെ ധാരണം.
2. കൈകള്‍ കഴുകാതെ ഇടയ്ക്കിടെ മുഖത്തുള്ള മാസ്കിലെ സ്പര്‍ശനം.
3. ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിയ്ക്കല്‍.
4. അത് അലക്ഷ്യമായി വലിച്ചെറില്‍ എന്നിവയെല്ലാം ഗുണത്തേക്കാളേറെ ദോഷകരമാകുന്നു.
5. മാസ്ക്ക് ധരിച്ചതു കൊണ്ട് സുരക്ഷിതരാണെന്നു കരുതുന്നതിനാല്‍ മറ്റു വ്യക്തി സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിയ്ക്കപ്പെടുകയും ചെയ്യാം.
6. എല്ലാവരും മാസ്ക്കുകള്‍ വാങ്ങിക്കൂട്ടുന്ന സ്ഥിതിയുണ്ടായാല്‍ അത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആവശ്യത്തിന് മാസ്ക്കുകള്‍ ലഭ്യമാക്കുന്നതിന് തടസമായേക്കാം.
7. N95 മാസ്ക്കുകള്‍ പ്രധാനമായും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗിയെ പരിചരിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ്.
8. മറ്റുള്ളവര്‍ 3 ലെയര്‍ സര്‍ജ്ജിക്കല്‍ മാസ്ക്കാണ് ധരിക്കേണ്ടത്. അത് 4 മുതല്‍ 6 മണിക്കൂര്‍ കഴിയുമ്പോഴോ/ നനയുകയോ ചെയ്താല്‍ മാറ്റി ഉപയോഗിയ്ക്കുകയും വേണം.
B. മാസ്ക്ക് ധരിയ്ക്കേണ്ട വിധം.
1. സോപ്പും വെള്ളവും അതല്ലെങ്കില്‍ ആല്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റെസര്‍ ഉപയോഗിച്ച് കൈകള്‍ 20 സെക്കന്‍റ് എങ്കിലും കഴുകണം.
2. നീല അതല്ലെങ്കില്‍ പച്ച നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉള്‍വശത്തായും വരും വിധമാണ് മാസ്ക്ക് ധരിയ്ക്കേണ്ടത്. മാസ്ക്കിന്റെ മുകള്‍ ഭാഗം മൂക്കിന് മുകളില്‍ ആയി മൂക്കും വായും മൂടുന്ന രീതിയില്‍ വച്ചു കെകെട്ടുകയാണ് വേണ്ടത്.
3. പുറമെയുള്ള ഭാഗം മറ്റുള്ളവര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ചെയ്യുന്നത്. എങ്കിലും സൂക്ഷ്‌മ രോഗാണുക്കള്‍ ഉള്ളില്‍ എത്തുന്നത് അത്രയേറെ തടയണമെന്നില്ല. ഉള്‍ഭാഗം അവനവന്‍ തുമ്മുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം തെറിക്കുന്ന കണങ്ങള്‍ പുറത്തേയ്ക്കു പോകാതെ നോക്കും.
4. മുഖവും മാസ്കും തമ്മില്‍ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
5. മാസ്കിന്റെ മുന്‍ഭാഗത്ത് സ്പര്‍ശിക്കരുത്. അഥവാ സ്പര്‍ശിച്ചാല്‍ കൈകള്‍ വീണ്ടും 20 സെക്കന്റ് കഴുകുകണം.
6. മാസ്ക്ക് അഴിച്ചെടുക്കുമ്പോള്‍ മാസ്‌ക്കിന്റെ മുന്‍ഭാഗത്തുള്ള സ്പര്‍ശനം ഒഴിവാക്കണം. പിന്നില്‍ നിന്ന് മാസ്ക്കിന്റെ വള്ളിയില്‍ പിടിച്ചാകണം അഴിച്ചെടുക്കേണ്ടത് .തുടര്‍ന്ന് അടപ്പുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിയ്ക്കാന്‍ നിര്‍ബന്ധം ശ്രദ്ധിയ്ക്കണം.
7. കൈകള്‍ വീണ്ടും വൃത്തിയാക്കണം.
8. ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്കുകള്‍ വീണ്ടുമുപയോഗിക്കരുത്. ഉപയോഗിച്ച മാസ്ക്ക് അലക്ഷ്യം വലിച്ചെറിയുകയുമരുത്.
തുല്യ പ്രാധാന്യം നല്‍കേണ്ട വ്യക്തിശുചിത്വ ശീലങ്ങള്‍
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടണം. അതല്ലെങ്കില്‍ ല്‍ മടക്കിയ കൈമുട്ടിനുള്ളിലേയ്ക്ക് തുമ്മണം. കൈപ്പത്തി കൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും വേണം.
വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍
കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് സാമൂഹിക ശ്രുംഘലകളിലൂടെ ഊഹാപോഹങ്ങള്‍, കെട്ടുകഥകള്‍, കിംവദന്തികള്‍ തുടങ്ങിയവ പ്രചരിപ്പിയ്ക്കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ശക്തമായ നടപടികളാണ് കൈക്കൊണ്ടുവരുന്നത്. സാമൂഹിക വിരുദ്ധരായ ഇത്തരം മാനസികരോഗികള്‍ രോഗത്തിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതില്‍ വഹിയ്ക്കുന്ന പങ്ക് നിസാരമല്ല.
1. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ സൈബര്‍സെല്‍ നിരീക്ഷിക്കുന്നുണ്ട്.
2. ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജയുടേതെന്ന പേരിലുള്ള ഓഡിയോ ക്ലിപ്പ്, രോഗബാധിതരുടേതെന്ന് പറയുന്നവരുടെ ഫോട്ടോവച്ചുള്ള സന്ദേശങ്ങള്‍, കൊറോണയ്ക്ക് പ്രതിവിധിയെന്ന നിലയില്‍ പ്രചരിക്കുന്ന വ്യാജചികിത്സാ സന്ദേശങ്ങള്‍, ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാര്‍ത്തകള്‍ എന്നിവയാണ് പ്രചരിക്കുന്നത്. ഈവിധം കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു തുടങ്ങിയിട്ടുണ്ട് തുടങ്ങിയിട്ടുണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ നിന്നു ഓടിപ്പോയ വ്യക്തിക്കെതിരേ പബ്ലിക്ക് ഹെല്‍ത്ത് ആക്ട് പ്രകാരം ഇതിനോടകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് – 19 ഉം ലോകാരോഗ്യ സംഘടനയും
2020 മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ Tedros Adhanom കോവിഡ് 19 സംബന്ധിച്ച് നടത്തിയ വിശദീകരണം രോഗത്തിന്റെ ഗൗരവവും തീവ്രതയും പൊതുശ്രദ്ധയിലെത്തിച്ചു.
‘ കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കിടെ ചൈനയ്ക്കു വെളിയില്‍ കോവിഡ് 19 കേസുകളില്‍ 13 മടങ്ങ് വര്‍ദ്ധനവുണ്ടായിരിയ്ക്കുന്നു. കോവിഡ് ബാധിത രാജ്യങ്ങളുടെ എണ്ണവും മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 114 രാജ്യങ്ങളിലായി 118,000 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 4291 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. പതിനായിരങ്ങള്‍ ജീവന്‍ നിലനിര്‍ത്തുന്നതിനായി ആശുപത്രികളില്‍ പൊരുതിക്കൊണ്ടേയിരിയ്ക്കുന്നു. വരും ദിവസങ്ങളില്‍ കേസുകളുടെ എണ്ണം, മരണ നിരക്ക്, അസുഖബാധിതമാകാനിടയുള്ള രാജ്യങ്ങള്‍ എന്നിവയില്‍ വര്‍ദ്ധനവ് പ്രതീക്ഷിയ്ക്കുന്നു. രോഗത്തിന്റെ പൊട്ടിപ്പുറപ്പെടല്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന തീര്‍ത്തും ഉത്ഖണ്ഠകുലമാണ്. ആശങ്കാജനകമായ രോഗവ്യാപനവും തീവ്രതയും കര്‍മ്മനിരതമാകുന്നതിനുള്ള മുന്നറിയിപ്പാണ്. സൂചിത സ്വഭാവ പ്രകൃതിയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിയ്ക്കുകയാണ്. മഹാമാരിയെന്നത് ലളിതമോ അശ്രദ്ധമോ ആയി പ്രയോഗിയ്ക്കേണ്ട ഒന്നല്ല. പ്രസ്തുത പ്രയോഗം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അകാരണമായ ഭയം, അതല്ലെങ്കില്‍ പോരാട്ടം കഴിഞ്ഞിരിയ്ക്കുന്നു എന്ന നിലയിലെ സമ്മതം, എന്നിവകളിലേയ്ക്ക് എത്തിച്ചേരാം. ഇത് അനാവശ്യമായ യാതനകള്‍ക്കും മരണത്തിനും ഇടയാക്കും. സാഹചര്യങ്ങളുടെ മേല്‍ വിശദീകരണം ഒരു നിലയിലും ലോകാരോഗ്യ സംഘടനയെ പ്രസ്തുത വൈറസ് അന്ധാളിപ്പിയ്ക്കുന്നു എന്നര്‍ത്ഥമില്ല. അത് ലോകാരോഗ്യ സംഘടനയോ രാജ്യങ്ങളോ നിര്‍ബന്ധം നടത്തേണ്ട പ്രവര്‍ത്തനങ്ങളില്‍ ഒരുവിധ മാറ്റവും വരുത്തില്ല. ഇതിനുമുന്‍പൊരിയ്ക്കലും കൊറോണാ വൈറസാല്‍ ആരംഭം കൊണ്ട മഹാമാരിയുടെ സാഹചര്യത്തിലൂടെ നമ്മള്‍ കടന്നുപോയിട്ടില്ല. ഒപ്പം ഇത്തരമൊരു മഹാമാരിയെ നിയന്ത്രിതവിധേയമാക്കാനാകുന്ന സാഹചര്യത്തിലൂടെയും നമ്മള്‍ കടന്നുപോയിട്ടില്ല. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമുതല്‍ ലോകാരോഗ്യ സംഘടന പരിപൂര്‍ണ്ണമായും പ്രതികരണ സജ്ജമാണ്.
എല്ലാ രാജ്യങ്ങളുമായും പ്രതിദിനം ബന്ധപ്പെടുകയും അടിയന്തിരവും വേഗതയിലും നടത്തേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അറിയിപ്പു നല്‍കുകയും ചെയ്യുന്നുണ്ട്. കോവിഡ് 19 ബാധിത രാജ്യങ്ങള്‍ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളായ; കണ്ടെത്തല്‍, പരിശോധന, ചികിത്സ, മാറ്റിപ്പാര്‍പ്പിയ്ക്കല്‍, പിന്തുടരല്‍, അണിനിരത്തല്‍ തുടങ്ങിയവ രോഗം ഗണങ്ങളായും തുടര്‍ന്ന് സമൂഹമൊട്ടാകെ പ്രസരിയ്ക്കുന്നതിനെതിരായും പ്രതിപ്രവര്‍ത്തിയ്ക്കും. ഈ വിധമുള്ള ഫലപ്രദമായ ഇടപെടലുകളിലൂടെ വൈറസിനെ നിയന്ത്രിയ്ക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനുമാകുമെന്ന് നിരവധി രാജ്യങ്ങള്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ചില രാജ്യങ്ങള്‍ ശേഷിയുടെ അപര്യാപ്തതകൊണ്ടുംമറ്റു ചിലവ വിഭവങ്ങളുടെ കുറവുകൊണ്ടും ഇനിയും ചിലവ നിശ്ചയദാര്‍ദ്ധ്യം ഇല്ലാത്തതിനാലും രോഗത്തെ പ്രതിരോധിയ്ക്കുന്നതില്‍ ബുദ്ധിമുട്ടനുഭവിയ്ക്കുന്നുണ്ട്. 114 രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 118,000 കേസുകളില്‍ 90 % ഉം 4 രാജ്യങ്ങളില്‍ നിന്നാണ്. അതില്‍ ചൈന, റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കേസുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. രോഗവ്യാപനം തടയുന്നതില്‍ ഇറാന്‍, ഇറ്റലി, റിപ്പബ്ലിക്ക് ഓഫ് കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ചൈനയിലേതെന്ന പോലെ ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ സമൂഹങ്ങളിലും സാമ്പത്തിക ഘടനകളിലും വലിയ ഭാരം ചെലുത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണം – അത് സാമ്പത്തികവും സാമൂഹികവുമായ നിലകളില്‍ സൃഷ്ടിയ്ക്കുന്ന വൈഷമ്യങ്ങള്‍ എന്നിവകളില്‍ മനുഷ്യാവകാശങ്ങളുടെ ബഹുമാനാര്‍ത്ഥം സമതുലിതമായ നിലകള്‍ കണ്ടെത്തേണ്ടതുണ്ട്.
ലോകാരോഗ്യ സംഘടനയുടെ അനുശാസനം പൊതുജനാരോഗ്യമാണ്. എന്നാല്‍ രോഗവുമായി ബന്ധപ്പെട്ട സാമൂഹികവും സാമ്പത്തികവുമായ പരിണിതഫലങ്ങള്‍ ലഘൂകരിയ്ക്കുന്നതിനായി വിവിധ മേഖലകളില്‍ പങ്കാളികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് സംഘടിപ്പിച്ചുവരുന്നത്. ഇത് ഒരാരോഗ്യ സംബന്ധിയായ ആപല്‍സന്ധി മാത്രമല്ല; മറിച്ച് സമൂഹത്തിന്റെ ഓരോ മേഖലയേയും നേരില്‍ തൊടുന്ന പ്രതിസന്ധിയാണ്. അതുകൊണ്ടുതന്നെ ഓരോ മേഖലയും ഓരോ വ്യക്തിയും ഈ പോരാട്ടത്തില്‍ പങ്കുചേരണം.
നമുക്ക് ഒരുങ്ങുകയും തയ്യാറായിരിയ്ക്കുകയും ചെയ്യാം, രോഗ നിര്‍ണ്ണയം; സംരക്ഷണം; ചികിത്സ എന്നിവകള്‍ക്ക് ഊന്നല്‍ നല്‍കാം, രോഗ വ്യാപനം കുറയ്ക്കാം, അറിവുകള്‍ നവീകരിയ്ക്കുകയും കൂടുതല്‍ പഠിയ്ക്കുകയും ചെയ്യാം. എല്ലാ രാജ്യങ്ങളും അടിയന്തിരപ്രാധാന്യത്തോടെ അത്യാഹിത രോഗപ്രതിരോധ സംവിധാനങ്ങള്‍ സുസജ്ജമാക്കണം. രോഗത്തിന്റെ അപകട സാധ്യത സംബന്ധിച്ചും സ്വയം സംരക്ഷിയ്ക്കേണ്ടതെങ്ങനെ എന്നതുസംബന്ധിച്ചും ജനതയുമായി ആശയവിനിമയം നടത്തണം; കാരണം ഇതൊരു പൊതു ആവശ്യമാണല്ലോ. രോഗികളെ കണ്ടെത്തുകയും വേര്‍തിരിച്ച് നിര്‍ത്തുകയും പരിശോധിയ്ക്കുകയും ബന്ധപ്പെട്ടവരാരെല്ലാം എന്നു മനസ്സിലാക്കി ചികിത്സ നല്‍കുകയും വേണം. ആശുപത്രികളെ സുസജ്ജമാക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും സംരക്ഷണമൊരുക്കുകയും വേണം. ആത്യന്തികമായി നമുക്ക് നമുക്കായ് തന്നെ പരസ്പ്പരം ശ്രദ്ധിയ്ക്കാം; കാരണം നമുക്ക് നമ്മളെ തന്നെ വേണമല്ലോ. പ്രതിരോധം, തയ്യാറെടുപ്പ്, പൊതുജനാരോഗ്യം, രാഷ്ട്രീയ നേതൃത്വം എല്ലാറ്റിനുമുപരി പൊതുജനം ഇതാകണം അടിസ്ഥാനം. നമ്മള്‍ ഒരുമിച്ചാണ്, ശരിയായ കാര്യങ്ങള്‍ അചഞ്ചലമായ് ചെയ്ത് ലോക പൗരരെ സംരക്ഷിയ്ക്കാന്‍. അത് സാധ്യമാണ്’.
കേരളം പ്രതിരോധമാകുന്നതെങ്ങനെ
രോഗപ്രതിരോധത്തിലൂന്നിയ ആരോഗ്യ പരിപാലന നടപടികള്‍ ശക്തിപ്പെടുത്തുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ നയം. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും പൊതുജനാരോഗ്യമേഖല ആധുനികവത്ക്കരിയ്ക്കുകയും രോഗീ സൗഹൃദമാക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ആരോഗ്യ രംഗത്ത് വലിയ മാറ്റമുണ്ടായത്. ഇതിന്റെ ഭാഗമായി നിപ്പ അടക്കമുള്ള പകര്‍ച്ച വ്യാധികളേയും പ്രളയാനന്തരം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന നിരവധിയായ പകര്‍ച്ചവ്യാധികളേയും തടുത്തുനിര്‍ത്താന്‍ കേരളത്തിനായിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍, ജീവിത ശൈലീ രോഗങ്ങള്‍, ഉയര്‍ന്ന ചികിത്സാച്ചിലവ് വേണ്ടിവരുന്ന ചില അപൂര്‍വ്വ രോഗങ്ങള്‍ എന്നിവ അടിയന്തിരമായി നേരിടേണ്ട പ്രശ്നങ്ങളായി കണ്ട് ആരോഗ്യ ജാഗ്രത ക്യാംപെയ്ന്‍, അമൃതം ആരോഗ്യം പദ്ധതി എന്നിവകളിലൂടെ അതിജീവിയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശ്രമം പുരോഗമിയ്ക്കുന്ന സന്ദര്‍ഭത്തിലാണ് കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നത്.
വികസിതമുതലാളിത്ത രാജ്യങ്ങളിലെ രോഗബാധിതര്‍ ചികിത്സയോ അനുബന്ധ സംവിധാനങ്ങളോ ഇല്ലാതെ നിസ്സഹായരാകുന്ന ആഗോള ആരോഗ്യ രാഷ്ട്രീയ സാഹചര്യത്തിലാണ് താരതമ്യേന കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള കേരളം മരണ നിരക്ക് ഏറ്റവും കുറച്ച് കോവിഡ് 19 പ്രതിരോധത്തിന്റെ ആഗോള ചാമ്പ്യന്മാരാകുന്നത്.
സഹനങ്ങള്‍ക്കഭിവാദനം
ആരോഗ്യമേഖലയുടെ സ്വകാര്യവത്ക്കരണവും വാണിജ്യവത്ക്കരണവും ചെറുത്ത് ആരോഗ്യ പൊതുമേഖലാ സംവിധാനത്തെ അടിമുടി ശക്തിപ്പെടുത്തി ആധുനികവത്ക്കരിയ്ക്കുന്നതില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സംഘടിപ്പിയ്ക്കുന്ന പ്രതിജ്ഞാബദ്ധമായ ഇടപെടലുകളാണ് താരതമ്യങ്ങളില്ലാത്ത ഈ നേട്ടത്തിന്റെ അടിസ്ഥാനം. അതിനാവശ്യമായ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ ശൈലജ ടീച്ചര്‍ ജീവന്‍ തൃണവത്ക്കരിച്ച് അത്വാദ്ധ്വാനം ചെയ്യുന്ന ഡോക്ടര്‍മാര്‍, പോലീസും അവാന്തര വിഭാഗങ്ങളും, അറ്റെന്റര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സുരക്ഷാ ജീവനക്കാര്‍ , പാരാമെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍, ഫാര്‍മസിസ്റ്റുകള്‍, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഐസൊലേഷനില്‍ കഴിയുന്നവരുടെ ബന്ധുമിത്രാദികള്‍, സ്വയം home quarantine തിരഞ്ഞെടുത്തവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, യുവജന – വിദ്യാര്‍ത്ഥി – സന്നദ്ധ സംഘടനകള്‍ തുടങ്ങി സംസ്ഥാന ഗവണ്മെന്റിന്റെ കോവിഡ് 19 പ്രതിരോധങ്ങളുടെ മുന്നണിപ്പോരാളികളെ ഊഷ്മളമായി അഭിവാദനം ചെയ്യുന്നു. സൂചിതരുടെ നിശ്ചയദാര്‍ഢ്യവും ത്യാഗസന്നദ്ധതയുമാണ് രോഗത്തിന്റെ സാമൂഹിക വ്യാപനം തടയുന്നതിനുള്ള കേരളത്തിന്റെ തനത് പ്രതിരോധ വാക്സിന്‍.
തുടരാം ജാഗ്രത;
പടരാം, ആയുരാരോഗ്യം,
അണു മേല്‍,
അണിമുറിഞ്ഞണിമുറിഞ്ഞതിവേഗം ..
Ref:
Directorate of Health Services, Kerala
World Health Organisation
State Disaster Response Fund – SDRF
Centers for Disease Control and Prevention
United Nations
Ministry of Health and Family Welfare