" സമാന്തര വിദ്യാഭ്യാസത്തിലൂടെ സാമൂഹിക നവോത്ഥാനം"
സാമൂഹിക നവോതഥാനത്തിന്റെയും സമാന്തര വിദ്യാഭ്യാസത്തിന്റെയും മേഖലകളില്‍ വായനയും പുസ്തകങ്ങളും വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. കേരളീയ സമൂഹത്തിന്റെ വായനാ സംസ്ക്കാരത്തിന് സവിശേഷമായൊരു ചരിത്രമാണുള്ളത്. വായനശാലകള്‍, പണിയിടങ്ങള്‍ തുടങ്ങി അടുക്കളക്കളകളില് നിന്നും അരങ്ങുകളിലേക്ക് ഉയര്‍ന്നു വന്ന സ്വാതന്ത്രബോധത്തിന്റെ ഉള്‍ക്കരുത്ത് പുസ്തകങ്ങളിലൂടെ ആര്‍ജ്ജിതമായ സാമൂഹ്യ ബോധമല്ലാതെ മറ്റൊന്നാകുന്നില്ല.
വന്‍/ ചെറു കിട സമാന്തര പ്രസാധകരിലൂടെ സമ്പന്നമായ മലയാളിയുടെ വായനാലോകത്തിനും; വാങ്ങല്‍ / വായനാ ശീലങ്ങളുടെ സാംബ്രദായതകള്ക്കും 90-ള്‍ മുതല്‍ സജീവമായ വഴിയോര പുസ്തക ശാലകള്‍ പുതിയ ദിശാബോധമാണ് പകര്‍ന്നു നല്‍കിയത്. കല, ശാസ്ത്രം, സാഹിത്യം , സിനിമ, ബാലസാഹിത്യം, അക്കാദമികമായ ഉള്ളടക്കമുള്ളവ തുടങ്ങി വായനയുടെ വിഭിന്ന രുചികളെ സമതയോടെ തൃപ്തിപ്പെടുത്തുന്ന വഴിയരികുകളിലെ ജീവിത ഗന്ധികളായ ഈ പൊതു ഇടങ്ങള്‍ സര്‍വ്വ സാധാരണക്കാരനെ പുസ്തകങ്ങളിലേക്കടുപ്പിച്ചതിനോടൊപ്പം വായനയുടെ ജനാധിപത്യവത്ക്കരണത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
തുലാസ് - ആക്ക്രിച്ചാക്ക് - പടക്കം - പള്‍പ്പ്
വ്യവസ്ഥാപിത മൂല്യ നിര്‍ണ്ണയ രീതികളുടെ കള്ളികളില്‍ ഒതുക്കാനാകാത്ത ' ഈ 'വായിക്കപ്പെട്ട ' പുസ്തകങ്ങളുടെ അപൂര്‍വ്വ ശേഖരങ്ങളിലേക്ക് പ്രതിനിമിഷം സങ്കേതിക/ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളടക്കം ഒട്ടനവധി പേരാണ് കടന്നെത്തുന്നത്. മുഖവിലയുടെ പാതിയോ അതിലും താഴെയോ മാത്രം ഈടാക്കപ്പെടുന്ന ഈ ഇടങ്ങള്‍ ഇല്ലാത്തവന്റെ വിജ്ഞാന സ്വപ്നങ്ങള്‍ക്ക് അര്‍ഥവത്തായ നിലയില്‍ വെളിച്ചം പകരുന്നതിനോടൊപ്പം തുലാസ് - ആക്ക്രിച്ചാക്ക് - പടക്കം - പള്‍പ്പ് പതിവ് ചാക്ക്രികങ്ങളില് നിന്നും പുസ്തകങ്ങളെ വിമോചിപ്പിക്കുകയും വിജ്ഞാനത്തിന്റെ സംവേദന പ്രക്രിയക്ക് പുതിയ മാാനങ്ങള് പകരുകയും ചെയ്തു.
20 വര്‍ഷക്കാലത്തെ പഴക്കമുള്ള തിരുവനന്തപുരം നഗരത്തിലെ വഴിയോര പുസ്തക വിനിമയം, സാഫല്യം കോംപ്ളക്സ്, യൂണിവേഴ്സിറ്റി ഓഫീസ് പരിസരം തുടങ്ങി വിവിധ ഇടങ്ങളിലായി വളര്‍ന്ന് യൂനിവേശ്സിട്ടി ഹോസ്റ്റലിനു സമീപത്തെ ബിഷപ്പ് പെരേരാ റോഡിന്റെ പരിസരങ്ങളിലായി തുടര്‍ന്നു വരികയാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ സെക്കന്റ് ഹാന്റ് പുസ്തകങ്ങളുടെ വിനിമയ കേന്ദ്രമെന്ന നിലയില്‍ അക്ഷരസ്നേഹികളുടെ പ്രതീക്ഷയും ആശ്വാസവുമാണീ ഇടം. മുപ്പതു സ്റ്റാളുകളിളായി ജോലി ചെയ്യുന്ന അറുപതോളം പേര്‍ക്ക് പ്രത്യക്ഷമായും 500 ല്‍ അധികം പേര് പരോക്ഷമായും ഇതിലൂടെ ഉപജീവനം കണ്ടെത്തുന്നു. വഴിയാത്രക്കാര്‍ക്ക് ഒരുനിലയിലുമുള്ള മാര്ഗ്ഗതടസമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ധൃതി പിടിച്ച് ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
പുസ്തക സമരം എന്ത് ; എന്തിന്
വഴിയോരക്കച്ചവടക്കാരെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര നിയമം നടപ്പിലായിട്ടും പുനരധിവാസ സൗകര്യങ്ങളൊന്നും നടപ്പിലാക്കാതെ ബന്ധപ്പെട്ടവര്‍ നടത്തുന്ന ഒഴിപ്പിക്കല്‍ നടപടികള്‍ ജനാധിപത്യ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നവയാണ്. കേരളത്തിന്റെ സാംസ്ക്കാരിക മുന്നേറ്റങ്ങളെപൊതുവിലും തലസ്ഥാന നഗരത്തിന്റെ വായനാ സംസ്ക്കാരത്തെ വിശേഷിച്ചും അപകടത്തിലാക്കുന്ന വഴിയോര പുസ്തക കച്ചവട ശാലകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ അവസാനിപ്പിച്ച് പുനരധിവാസം ഉറപ്പാക്കാണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫര് ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസും www.aksharamonline.com ഉം സംയുക്തമായി സംഘടിപ്പിക്കുന്ന സാസ്ക്കാരിക പ്രതിഷേധങ്ങളുടെ ഉദ്ഘാടനം നന്ദാവനത്തെ വഴിയോര പുസ്തക ശാലയില്‍ പ്രമുഖ നര്‍ത്തകി ഡോ നീന പ്രസാദ് നിര്‍വ്വഹിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി അധ്യക്ഷനായി. ചിന്ത പബ്ളിഷേസ് ചീഫ് എഡിറ്റര്‍ പ്രൊഫ. സി പി അബൂബക്കര്‍ , പരിസ്ഥിതി പ്രവര്‍ത്തക ഗീത നസീര്‍ , അജയന് പ്ളാച്ചിമട, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാന് , ബാലസംഘം സംസ്ഥാന പ്രസിഡന്റെ ജി എല്‍ അരുണ്‍ ഗോപി,സന്തോഷ് വിത്സണ് , ജയച്ചന്ദ്രന് കടമ്പനാട്, ജ്വാല ഡയറക്ടര്‍ അശ്വതി നായര്‍ , ഡോ എം എ സിദ്ദിഖ്, മനോജ് കെ പുതിയവിള, ദിവ്യ കെ, ശാലിനി, ലാല്‍ സലാം, ദാസന് , ഹിമ ശങ്കര്‍, സബീര്‍ തിരുമല, വേണി ജി നാഥ് എന്നിവര്‍ സംസാരിച്ചു. കവി കുരീപ്പുഴ ശ്രീകുമാര്‍ സന്ദേശത്തിലൂടെ അണി ചേര്‍ന്നു. വിഷ്ണു പേരയം, അനിത ശരത്ത്, എസ് കലാ ദേവി, ബിജൂ നമ്പൂതിരി എന്നിവര്‍ കവിതകളും സതീഷ് കിടാരക്കുഴി കഥയും അവതരിപ്പിച്ചു. വിനോദ് വെള്ളായണി സ്വാഗതവും അനന്ത ഗോപന് നന്ദിയും പറഞ്ഞു.
തീരുമാനം പിന്‍വലിക്കും വരെ സമരം തുടരും
വഴിയോര പുസ്തക ശാലകളെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ഏതുതരം മുന്നേറ്റങ്ങളും ഉള്ളവനു മാത്രം അറിവും വിജ്ഞാനവും പരിമിതപ്പെടുത്തുന്ന അനൈതികവും അപലപനീയവുമായ സാമൂഹ്യവസ്ഥിതിയെ മാറ്റിമറിക്കുന്നതിനുള്ള സാംസ്ക്കാരിക സമരങ്ങളാണ്. 2014 ആഗസ്റ്റ് 3ന് പാളയത്തെ വഴിയോര ശാലകളിലെ 3 ലക്ഷത്തിലധികം വരുന്ന സെക്കന്റ് ഹാന്റ് പുസ്തകങ്ങളുടെ അപൂര്‍വ്വ ശേഖരങ്ങളിലേക്ക് ജെ ബികളുടെ തുമ്പിക്കൈകള്‍ താഴ്ന്നിറങ്ങുബോള് മുറിഞ്ഞു വീഴുക സാംസ്ക്കാരിക വിനിമയങ്ങളുടെ പരിധികളില്ലാത്ത ജനാധിപത്യ സാധ്യതകളാണ്. അതു കൊണ്ടു തന്നെ നമുക്കും വരും തലമുറകള്‍ക്കും വെളിച്ചമുറപ്പാക്കുന്ന അക്ഷരങ്ങളുടെ ഈ പൂമരങ്ങളിലേക്ക് ഹൃദയപൂര്‍വ്വം നെഞ്ചു ചേര്‍ക്കേണ്ടതുണ്ട്. ' സമാന്തര വിദ്യാഭ്യാസത്തിലൂടെ സാമൂഹിക നവോഥാനം', ലക്ഷ്യമാക്കുന്ന 'പുസ്തക സമരവും ' തുടര്‍ സഹനങ്ങളും പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമാകുന്നതും അതിനാല്‍ തന്നെ.