N. P. Chandrasekharan

വെള്ളക്കൊടിയില്‍ തുടച്ച ചോര

കവിതയുടെ കാലം ക‍ഴിഞ്ഞു എന്നാണ് ഒടുവില്‍ക്കിട്ടിയ വാര്‍ത്ത. കാലത്തിന്റെ കവിത ക‍ഴിഞ്ഞു എന്ന് ആ വാര്‍ത്തയോട് ഇടയുന്നവരുമുണ്ട്. എന്നാലും, ആനുകാലികത്താളുകളില്‍ കവിതകളുണ്ട്. സംസ്ക്കാരച്ചന്തയിലെ കടയലമാരകളില്‍ കവിതാപുസ്തകങ്ങളുണ്ട്. (അതിനുപിന്നില്‍, കവിതപ്പെരുമയല്ല കവിപ്പെരുമയാണ് എന്നു കുശുമ്പു പറയുന്നവരുണ്ടെങ്കിലും)


എന്നാലും, കവിതയുടെ നല്ല കാലം ക‍ഴിഞ്ഞു എന്നാണ് പൊതുബോധ്യം. നല്ല കവിതയുടെ കാലം ക‍ഴിഞ്ഞു എന്നാണ് നാട്ടുവര്‍ത്തമാനം. ഇപ്പോള്‍ , നാട്ടില്‍പ്പതിനായിരവും, എ‍ഴുത്തറിയാത്തവര്‍ പോലും, കവിതയെ‍ഴുതുന്നു എന്ന് പരക്കെ പരാതി.


ഇതിനിടയിലാണ് ഈ പുസ്തകം പുറത്തുവരുന്നത്. അഭിലാഷ് ബാബു ബി. ഒരു പുതുമുഖ കവി. അയാളുടെ ആദ്യ കവിതകള്‍ . അവയുടെ കന്നിപ്പുസ്തകം.


unnamed (1)


അഭിയുടെ ഒരു കവിതയും കണ്ടിട്ടില്ല ഞാന്‍. വിലയിരുത്താനും അവതാരികയെ‍ഴുതാനും ഈ പുസ്തകം മുന്നിലെത്തിയപ്പോള്‍ , ആദ്യം ഓര്‍ത്തത് അതാണ്.


ഞാന്‍ പ‍ഴിച്ചു, എന്റെ വായനയുടെ പോരായ്മയെ. പുതുകവിതകളിലുള്ള അറിവില്ലായ്മയെ.


പിന്നെ, വായിച്ചു, ഈ പുസ്തകം, ഇതിലെ കവിതകള്‍ , അവയിലെ കവിതാകാരനെ. അയാളിലെ കവിയെ. ആ കവിയിലെ കവിതയെ.


പിന്നെ…


പിന്നെയാണറിഞ്ഞത്, ഇയാള്‍ ഒരു പുതുകവി. ഈയിടെ എ‍ഴുത്തു തുടങ്ങി. ഒരു കവിതയും ഒരിടത്തും വന്നിട്ടില്ല.


ഞാന്‍ ഞെട്ടിപ്പോയി.


അപ്പോള്‍ , മലയാളി അഭിയെ ആദ്യം വായിക്കയാണ് ഈ പുസ്തകത്തിലൂടെ. അക്ഷരാര്‍ത്ഥത്തില്‍ ഈയുള്ളവന്‍ 'അവതരിപ്പി'ക്കയാണ് ഈ കവിയെ.


കൈവിറയ്ക്കുന്നുണ്ട്. എന്നാലും, അതു ചെയ്യുന്നു. നിറഞ്ഞ സന്തോഷത്തോടെ.


ഈ ചെറുപ്പക്കാരന്‍ കവിയാണ്; കാതലുള്ള കവി. ഇയാള്‍ എ‍ഴുതുന്നതു കവിതയാണ്; കാര്യമുള്ള കവിത.


അങ്ങനെ ഉറപ്പിച്ചു പറയാനുള്ള ആദിസൂചനകള്‍ എത്ര വേണമെങ്കിലുമുണ്ട് ഈ പുസ്തകത്തില്‍.


എന്നെ ആകര്‍ഷിച്ചത് ഈ കവിതയിലുള്ള ചരിത്രമാണ്, സംസ്കാരമാണ്, നരവംശജീവിതവും സാമൂഹികപരിണാമവുമാണ്, ഇതിഹാസവും ഇക്കാലവുമാണ്, രാജ്യതന്ത്രവും രാഷ്ട്രീയവുമാണ്. പോരാ, വൈവിധ്യവും (മുന്‍ തലമുറക്കാരുടെ നെറ്റി ചുളിപ്പിക്കും വിധം വ‍ഴിവിട്ടുപോകുന്ന) തനിമയുമാണ്.


unnamed


അല്ലെങ്കില്‍, ഇവയൊക്കെയല്ലാതെ എന്താണ് കവിത?


കവിതാ പണ്ഡിറ്റുകള്‍ പിണങ്ങില്ലെങ്കില്‍, ഞാന്‍ ഇത്തിരി ലളിതവത്കൃതമായ ഒരു ഒറ്റവാക്യത്തിലേയ്ക്കു പോകട്ടെ: ഈ കവിതയില്‍ എന്നെ ആകര്‍ഷിച്ചത് ഇതിലെ കവിത തന്നെയാണ്.


രണ്ടുദാഹരണങ്ങളിലേയ്ക്ക്:


‘വര്‍ക്കിംഗ് വിമെന്‍’ എന്ന കവിത ഇങ്ങനെയാണ്:


“പിണങ്ങാണ്ട്
ഹോംവര്‍ക്ക് ചെയ്യ് മോളൂ…


ഇല്ലെങ്കി
അമ്മേനെപ്പോലെ
നിറുത്താണ്ട്
ഹോംവര്‍ക്ക് മാത്രം
ചെയ്യേണ്ടിവരും!”


images


ഒരു കവിതയില്‍ നിന്നുള്ള ഒരുദ്ധരണി ഇതാ:


“മനുഷ്യന്‍ തന്റെ തടവറകളിലൊന്ന്
കവിതയ്ക്കു വേണ്ടി പണിതതാണ്.” (ചാട്ടം)


രണ്ടും സ്വയം സംസാരിക്കുന്നുണ്ടെന്നു കരുതട്ടെ.


ഇനി ചില കവിതകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം:


എന്റെ മുന്നില്‍ ഇപ്പോ‍ഴുളളത്, ‘ഒരു നഗരം മനുഷ്യനോടുള്ള വ‍ഴി ചോദിക്കുന്നു’. ഇത്, നമ്മുടെ ചുംബനസമരകവിതകളിലേയ്ക്കുള്ള ഈ കവിയുടെ സമര്‍പ്പണം. ‘പകല്‍വെളിച്ചത്തില്‍ ചുവരുകളെ മറിച്ചിട്ട് ചുണ്ടുകള്‍ തമ്മില്‍ അകലം കുറയ്ക്കുമ്പോള്‍ ഒരു നഗരം മനുഷ്യനോട് മുന്നോട്ടുള്ള വ‍ഴി ചോദിക്കുന്നു’ എന്നത് ഈ കവിതയിലെ നഗ്നസ്വപ്നം. മനുഷ്യഗണങ്ങള്‍ മഹാനഗരങ്ങളോട് വ‍ഴിചോദിച്ച് എങ്ങോട്ടെന്നറിയാതെ മുന്നോട്ടു പോകുന്ന ഒരു കാലത്ത് ഈ കവിതാകാരന്‍ മുന്നോട്ടുവയ്ക്കുന്ന ഈ സ്വപ്നം നമ്മുടെ കാലത്തിനു നേരേ മു‍ഴങ്ങുന്ന ദുരന്തവാക്യമായി മാറുന്നു.


‘പ്ലേറ്റോയുടെ കൂട്’ ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കവിത. ഇതിലെ ‘പുതിയ ചൂടുകള്‍ ക്കനുസരിച്ച് പുതിയ നിര്‍മ്മിതിമാതൃക’കളെ പിന്‍പറ്റുന്ന കിളികളോ, പ്രിയരേ, നമ്മള്‍ തന്നെയുമാണ്.


‘ഫ്രീക്ക്’. ഈ സമാഹാരത്തിലെ സൂക്തകവിത. ഈ കവിത പ്രവചിക്കുന്നു: “നാളെയുടെ സ്വച്ഛതയാണ് നിന്റെ കാലില്‍ പുകയുന്നത്”. ഈ വചനം ഈ കാലത്തെ എല്ലാ പീഡിതര്‍ക്കുമുള്ളത്. “ട്യൂണ്‍ ചെയ്ത ഒ‍ഴുക്കുകളോട് അടികൂടാന്‍ ഞാന്‍ പരകായം പൂണ്ടു വരും” എന്നതോ അവര്‍ക്കുള്ള വാഗ്ദാനവും.


Chilean singer Victor Jara is seen in this undated file picture. The life and times of Jara, who was killed in the first few days of the dictatorship of Gen Augusto Pinochet which started in September 1973, is set to be reborn. Warner Music is to redistribute his folk songs on a global basis from 2002 and British actress Emma Thompson is working on the script of a film which she hopes to direct about the son of a peasant farmer. Spanish actor-heartthrob Antonio Banderas has reportedly expressed interest in playing the role of Jara. TO GO WITH FEATURE BC-LIFE-CHILE-JARA REUTERS/Victor Jara Foundation

ഒരു കവിതയിലെത്തിയപ്പോള്‍ - ‘ജാറയെ ഓര്‍ക്കുക’ - കണ്ണു നിറഞ്ഞു. വിക്ടര്‍ ഹാരയെ (ഞങ്ങളൊക്കെ കേട്ടതും ഉപയോഗിക്കുന്നതും ആ ഉച്ചാരണം) ഈ തലമുറയിലെ ഒരു കവിയും ഓര്‍ക്കുന്നല്ലോ. ചിലിയിലെ ഫാഷിസ്റ്റ് ജൂണ്ട അട്ടിമറിയുടെ രാത്രിയില്‍, പുരോഗമനകാരികളെ കൂട്ടക്കൊല നടത്തിയകേളീമൈതാനത്തില്‍, പിനോഷേയുടെ ചോറ്റുപട്ടാളക്കാര്‍ ഓരോ വിരലുകളും ചവണ കൊണ്ടു ഞെരിച്ചൊടിക്കുമ്പോ‍ഴും ആത്മഹനനത്തിന്റെ രക്തവിപഞ്ചികമു‍ഴക്കിയ, മനുഷ്യധീരതയുടെ മഹാഗാഥ പാടിയ, അനധീനമായ പടപ്പാട്ടിനു നേരേ ചീറിവന്ന വെടിയുണ്ടകളേറ്റുവാങ്ങി ചരിത്രത്തിലേയ്ക്കു മരിച്ചെ‍ഴുന്നേറ്റ ആ പാട്ടുകാരനെ ഓര്‍ക്കുന്ന ഒരു കവിത ഇന്നും!


‘വീട്ടിലേയ്ക്കു മടങ്ങി വരിക’ ഒരു രാഷ്ട്രീയകവിതയാണ്. അതേ, രാഷ്ട്രീയകവിത. പോരാ, കക്ഷിരാഷ്ട്രീയകവിതതന്നെ. ഇത്, ‘കവി കക്ഷിരാഷ്ട്രീയക്കാരനായി’ എന്ന വയലാറിന്റെ കാലത്തെ ശകാരമൊ‍ഴി പുതുക്കി ഉയര്‍ത്തുന്ന ഈ കാലത്തോടുള്ള ഈ കവിയുടെ കാവ്യപ്രതികരണം.


വാളുകളെ കു‍ഴിച്ചു മൂടാന്‍ പറയുന്നവരുടെ തല, മറ്റു ചില വാളുകള്‍ വന്നു കൊയ്യുന്ന കാവ്യനീതീചിത്രം മുന്നോട്ടുവയ്ക്കുന്ന ‘സ്റ്റേറ്റ് ഓഫ് വാള്‍ ’ ശ്രദ്ധേയമായ കവിത. ഇതില്‍ വാളുകള്‍ ക്കു നല്‍കുന്ന വാഗ്ഭാഷ്യശൃംഖല നോക്കൂ. തുടക്കക്കാരനായ ഈ കവിയുടെ കരുത്തറിയാം. ഈ കാലത്തെ തെരുവുകളിലെ ചോരയെ വെള്ളക്കൊടികൊണ്ടു തുടയ്ക്കുന്ന കവിതകൂടിയാണിത്.


stars-in-the-sky-sweden


കവിക്കണ്ണുണ്ട് ഈ കവിക്ക്. ‘കല്പിതം’ നോക്കൂ. ക്ലോക്കിലെ നാലാമത്തെ സൂചി കാണുന്ന കവിയെക്കാണാം. നക്ഷത്രങ്ങളെ തിളങ്ങുന്ന കല്ലുകളും കല്ലുകളെ തിളങ്ങാത്ത നക്ഷത്രങ്ങളുമായി കാണുന്ന (ചാട്ടം) കവിയാണ് ഇയാള്‍ . ‘കല്ലുകള്‍ കാണാതെ നക്ഷത്രങ്ങള്‍ മാത്രം കണ്ടാല്‍ നിങ്ങള്‍ കാല്പനികരാകും’ എന്ന ആധി നീട്ടി വായനക്കാര്‍ക്കാകെ തന്റെ കവിക്കണ്ണ് പകരാനും കവി ഒരുങ്ങുന്നുണ്ട്.


എ‍ഴുതിത്തുടങ്ങുന്ന ഒരാളില്‍ക്കാണാത്ത മികച്ച വൈവിദ്ധ്യം ഇയാള്‍ ക്കുണ്ട്. ‘ചാട്ടം’, ‘ഞാന്‍’, ‘കല്ല്’, ‘സ്റ്റൂള്‍ ’, ‘വര്‍ക്കിംഗ് വിമെന്‍’, ‘കു‍ഴി’, ‘യൂണിഫോം’, ‘കുറുക്കന്‍’ എന്നീ രചനകള്‍ സാക്ഷി. ഓരോന്നും ഒാരോ കാവ്യവ‍ഴിയിലൂടെയാണ് പോകുന്നത്. വിശദമാക്കാന്‍ തുനിയുന്നില്ല, വിസ്തരഭയത്താല്‍.


ഈ കവിയുടെ വൈവിധ്യാഭിനിവേശം വ‍ഴിയില്‍ മാത്രമല്ല, വിഷയത്തിലുമുണ്ട്. ‘ഞാന്‍’ പ്രണയത്തിന്റെ ത്രികാലങ്ങള്‍ . ‘ഡയോക്സിന്‍’ ക്യാമ്പസിന്റെ, അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെതന്നെ, അപനിര്‍മ്മിതി. ‘സ്റ്റൂള്‍ ’, പുരോഗമനപക്ഷ പുരുഷന്റെ കാപട്യത്തിന്റെ സാംസ്കാരികവിമര്‍ശം. ‘വര്‍ക്കിംഗ് വിമെന്‍’ ഹോംവര്‍ക്ക് എന്നവാക്കിന്റെ ശ്ലേഷത്തിലൂടെ മികച്ച കവിതയായി മാറുന്നു. ‘ടോപ് സ്റ്റോറി’മികച്ച മാധ്യമവിമര്‍ശകവിത. ‘കു‍ഴി’ ക്ലാസ് വണ്‍ ടെക്നോക്രാറ്റോ ബ്യൂറോക്രാറ്റോ ആകാന്‍ ജീവിക്കുന്ന കൗമാരത്തിനുമേല്‍ മു‍ഴങ്ങുന്ന ദുരന്തമണി. ‘യൂണിഫോം’കാലത്തിനൊരു കറുത്തവ്യാഖ്യാനം. ‘കുറുക്കന്‍’ കടമ്മനിട്ടയുടെ കോ‍ഴിയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുനര്‍വായന. ‘പച്ചയ്ക്ക്’ ഏവരിലുമുള്ള ഗൃഹാതുരത്വത്തിന്റെ ചരിത്രവ്യാഖ്യാനം. ‘ഇന്‍ബോണ്‍ ടാലന്റ്’ സൈബര്‍ കാലത്തിനൊരു ഫെയ്സ് ബുക് കവിത.


c7180a408153e5f2a2258ea0a4e09f44.960x960x1


‘ജയില്‍ചാട്ടമാണ് കവിതയുടെ രാഷ്ട്രീയം’ എന്ന് ഈ യുവാവ് പറയുന്നുണ്ട് (ചാട്ടം). തടവറകള്‍ കണ്ടെത്തലും തകര്‍ക്കലുമാണ് ഈ കവിയുടെ കര്‍മ്മം എന്ന് വിശദീകരിക്കാന്‍ കൂടി തോന്നുന്നു എനിക്ക്. ഒപ്പം, ‘ഹൃദയവ്രണത്തില്‍ ഉരയുന്ന കരിനീലക്കല്ലു’മാണ് ഈ കവിക്ക് കവിത (കല്ല്) എന്നത് എന്നെ ആഹ്ലാദിപ്പിക്കുന്നു. ‘ഞെട്ടിച്ച വാര്‍ത്ത അവസാനം വന്ന ദിവസം മറന്നുപോയ’വര്‍ക്കുള്ള കവിതകളാണിവ എന്നു ചുരുക്കാം.


എങ്കിലും, തുടക്കക്കാരന്‍ എന്ന നിലയ്ക്ക് മറികടക്കേണ്ട പി‍ഴച്ച ധാരണകളും മുഷിഞ്ഞ ശീലങ്ങളും മാരകാഭിനിവേശങ്ങളും ഈ ഇളയ കവിക്കും ഉണ്ടാകില്ലേ? അവ കൂടി എണ്ണിയെണ്ണിപ്പറയേണ്ടേ, ഒരു കവിയുടെ ആദ്യാവതാരകന്‍?


ശരിയാകാം.


‘ഉരുളത്തം’ പോലുള്ള പ്രയോഗങ്ങള്‍ , ‘പുത്തന്‍ എട്ടുകെട്ടിന്റെ കോലായ്പ്പടിയില്‍ മാടമ്പിത്തങ്ങളുടെ കാല്‍നീട്ടിയിരിപ്പുകളുടെ സ്വാസ്ഥ്യം പുറത്തേയ്ക്കു തെറിപ്പിച്ച ചര്‍വിതതാംബൂലം പതിഞ്ഞ നടപ്പാതയില്‍ നഗ്നപാദങ്ങള്‍ വേരൂന്നിനില്ക്കുമ്പോള്‍ ’ എന്നതു പോലുള്ള കവിതക്കെട്ടുകള്‍ , ‘രക്തത്തെ വെളുത്ത പതാകകൊണ്ടു തുടയ്ക്കുന്നു’ എന്നതുപോലുള്ള വാക്യവിന്യാസങ്ങള്‍ … എന്നിങ്ങനെ ചിലതിലൊക്കെപ്പിടിച്ച് അതു ചെയ്യുകയുമാകാം. അങ്ങനെ ഒരു ഏട്ടന്‍കെട്ടലോ അമ്മാവനാട്ടമോ ആയി ഈ ചെറുകുറിപ്പിലെ ഒരു ഖണ്ഡികയെങ്കിലും മാറ്റാം.


11781733_1042942152421184_7594704076895566048_n


പക്ഷേ, അതിനൊന്നും തുനിയുന്നില്ല.


കാരണം, കവിതയുടെ വൈയാകരണനല്ല ഞാന്‍. കവനത്തിന്റെ കാവല്‍ക്കാരനുമല്ല.


കവിയുടെ തന്നെ ഒരു പ്രയോഗം കടമെടുത്തു പറയട്ടെ, ഈ കവിതകള്‍ വെള്ളക്കൊടിയില്‍ തുടച്ച ചോരയാണ്. അത് ചിലരെ ഞെട്ടിക്കും ചില കണ്ണുകളെ ഇമപൂട്ടിക്കും ചിലരെ നിശ്ചേഷ്ടരാക്കി നിര്‍ത്തും ചിലരുടെ വ‍ഴിവണ്ടികളുടെ വേഗം കൂട്ടിക്കും ചില കണ്ണുകള്‍ നനയിക്കും ചിലരുടെ ഫോണ്‍ ക്യാമറകളുടെ കണ്ണു തുറപ്പിക്കും ചിലരെക്കൊണ്ട് മൂക്കത്തു വിരല്‍ വയ്പ്പിക്കും പിന്നെയും ചിലരെയോ ആ ചോരക്കളത്തിലേയ്ക്കു വിളിക്കുകയും ചെയ്യും.


കാലം തന്നെ ഈ കവിതയെ കൈവയ്ക്കട്ടെ, ഋതുഭേദങ്ങള്‍ വനികയെ എന്ന പോലെ.