Noufal Siddu

എങ്കിലും ' ചന്ദ്രികേ '

കൗമാരകാലത്ത്, പ്രണയോന്മാദത്തില്‍ നട്ടംതിരിയുന്ന കാലത്ത്, ഒരു കവിത (?) എഴുതി ഞാന്‍ 'ചന്ദ്രിക ആഴ്ചപ്പതിപ്പി'ന് അയച്ചുകൊടുക്കുന്നു . as usual നഷ്ടപ്രണയമാകുന്നു വിഷയം. സഹപാഠിയെ പ്രണയിക്കുമ്പോള്‍, നഷ്ടപ്രണയത്തെക്കുറിച്ച് വ്യാകുലചിത്തനാവാതെ എന്തുചെയ്യാന്‍ ? 'മൌനാനുരാഗം ' എന്നോ മറ്റോ ശീര്‍ഷകം .അവളുടെ ബാപ്പ നല്ല 24 കാരറ്റ് മുസ്‌ലീംലീഗുകാരന്‍ ആയിരുന്നതിനാല്‍ ഓള്‍ടെ വീട്ടില്‍ 'ചന്ദ്രിക ആഴ്ചപ്പതിപ്പ് മുടങ്ങാതെ വരും. അതാണ് ഗഡാഗഡിയന്മാരായ (സുല്‍ത്താനേ പൊറുക്കണേ) 'മാതൃഭൂമി'യും 'കലാകൌമുദി'യും ഒക്കെ ഇരിക്കെ ഞാന്‍ 'ചന്ദ്രിക ' തെരഞ്ഞെടുത്തതിന്‍റെ ഗുട്ടന്‍സ് .



കവിത അച്ചടിച്ച്‌ വരുമ്പോള്‍ ഓളത് കാണും. എന്റെ പേര് കാണും ..പിന്നവിടന്നങ്ങോട്ട്‌ സില്‍മാകഥപോലെ പ്രണയ പരവശരായി ഞങ്ങള്‍ സ്ലോമോഷനില്‍ ഒരു വരവുണ്ട്. ഇങ്ങനെ തുടര്‍ന്നു, ആലോചനാമൃതം. അന്ന് സി.കെ.താനൂര്‍ ആണ് ചന്ദ്രികയുടെഎഡിറ്റര്‍ . ഒരു ആഴ്ച കഴിഞ്ഞു .മടക്കതപാലില്‍ നല്ല വെടിപ്പായ കയ്യക്ഷരത്തില്‍ സി.കെ.താനൂരിന്‍റെ മറുപടി വന്നു .'പ്രസിദ്ധീകരണ യോഗ്യമല്ല ...തുടര്‍ന്നും സഹകരിക്കുമല്ലോ '. പ്ലിംഗ് ... ദാ കിടക്കുന്നു, സകല സ്വപ്നങ്ങളും വ്യര്‍ഥമായ്.


ഇന്ന് അതെല്ലാം ഓര്‍ക്കുമ്പോള്‍ നല്ല തമാശ തോന്നുന്നു ...നോട്ടെഴുതുന്ന ന്യൂസ്‌ പ്രിന്റിന്‍റെ ഇരുപുറത്തും എന്തൊക്കെയോ എഴുതിക്കൂട്ടി വെണ്ടയ്ക്ക അക്ഷരത്തില്‍ സ്വന്തം പേരും എഴുതി ...അതുകൊണ്ടും തൃപ്തി വരാതെ എന്‍റെയൊരു ഗമണ്ടന്‍ ഫോട്ടോയും തുന്നിക്കെട്ടി അയച്ച എന്‍റെ ആ കൌമാരചാപല്യം ഓര്‍ത്തോര്‍ത്തു ചിരിക്കാറുണ്ട്, പലപ്പോഴും ഞാന്‍ .അന്ന് പക്ഷെ ,അതൊക്കെ എന്‍റെ ഗംഭീരമായ 'ശരി'കള്‍ ആയിരുന്നു .....ഹാ എന്‍റെ പ്രണയമേ...


ആന്റി ക്ലൈമാക്സ് :


കഥാനായിക പില്‍ക്കാലത്ത് നുമ്മടെ അടുത്ത കൂട്ടാരിയായി. ഓളോട് ഞാന്‍ പണ്ടത്തെ ഈ കവിതാകഥ പറഞ്ഞു. ന്നാല്‍ അത് ഞാനൊന്ന് കാണട്ടേന്ന് അവള്‍ . ഞാന്‍ മുന്‍ചൊന്ന 'ഉരുപ്പടി' ഓളെ കാണിക്കുന്നു. പഹച്ചി ഒറ്റ പറച്ചിലേര്‍ന്ന് ."ഇതെങ്ങാനും അന്ന് അച്ചടിച്ചു വന്നിരുന്നെങ്കില്‍ അന്റെ മയ്യെത്തെടുത്തേനെ ന്റെ ബാപ്പ."