Dr Pallavi Gopinathan

ഊടും പാവും

ഏതൊരു ഡോക്ടറുടെയും ജീവിതത്തില്‍ സഹപ്രവര്‍ത്തകരായും സുഹൃത്തുക്കളായും സജീവസാന്നിദ്ധ്യമായി ഒരു കൂട്ടം നഴ്‌സുമാരുണ്ടാകും. പഠനകാലത്തും പരിശീലനകാലത്തും ഏതെങ്കിലുമൊരു പ്രൊസീജ്യര്‍ ചെയ്യാന്‍ പഠിപ്പിച്ച ഒരു നഴ്‌സ്, ഏതെങ്കിലുമൊരു സന്ദിഗ്ധഘട്ടത്തില്‍ ഒപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന ഒരു നഴ്‌സ്, ജോലിയിലെ ആത്മാര്‍ത്ഥതയും വൈദഗ്ധ്യവും കൊണ്ട് എന്നുമോര്‍മിക്കപ്പെടുന്ന ഒരു നഴ്‌സ് തുടങ്ങി മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ഓര്‍ത്തെടുക്കാന്‍ നഴ്‌സിംഗ് മേഖലയില്‍ നിന്ന് ഒരുപാട് വ്യക്തികളുണ്ടാവും.ഒരുപക്ഷേ മെഡിക്കല്‍ രംഗത്ത്, ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും കൃത്യമായ മേല്‍നോട്ടത്തില്‍ അധിഷ്ഠിതമായ കാര്യനിര്‍വഹണം കൊണ്ടും ഏറെ ശ്രദ്ധേയമായ വിഭാഗമാണ് നഴ്‌സിംഗ്. കൊവിഡ് കാലത്ത് നാടിനെ കരുതലിന്റെ കരങ്ങളാല്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് മുന്നണിപ്പോരാളികളായ് നിന്ന് ഈ കാലം കടന്നു പോകാന്‍, കരകയറ്റാന്‍ പൊരുതുന്നവര്‍.


7-2


ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന ആളുകള്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് നഴ്‌സിംഗ് രംഗത്തുള്ളവരാണ്. അതുകൊണ്ടുതന്നെ മനുഷ്യരുടെ പ്രശ്‌നങ്ങളറിയാനും സാധ്യമായ പരിഹാരങ്ങളും പരിചരണവും ശ്രദ്ധയും നല്‍കുവാന്‍ ഏറെ സാധ്യതകള്‍ തുറക്കപ്പെടുന്നു. പലപ്പോഴും രോഗത്തിനും അനുബന്ധ പ്രശ്‌നങ്ങള്‍ക്കുമപ്പുറം വ്യക്തികളുടെയും സമൂഹത്തിന്റെയും മുറിവുണക്കാന്‍ നഴ്‌സുമാര്‍ക്ക് സാധിക്കുന്നു. നാട് കടന്നുപോകുന്ന ഒരോ പ്രതിസന്ധിഘട്ടങ്ങളിലും , പ്രളയം, നിപ, കൊവിഡ് ഏതുമാകട്ടെ പ്രതിരോധത്തിന്റെ നിരയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന തൊഴിലാളികള്‍.


96516778_2589488264702630_1573011134842142720_n


മാലാഖമാര്‍ എന്നു വിളിച്ചു മഹത്വവത്കരിക്കുന്നത് പലപ്പോഴും നഴ്‌സിംഗ് സമൂഹത്തെ മനുഷ്യരായി പരിഗണിക്കാതിരിക്കാനുള്ള ഒരു കുറുക്കുവഴി ആക്കാറുണ്ട് പലരും. കുടുംബവും കുട്ടികളും ജീവിതപ്രാരാബ്ധങ്ങളും ഒക്കെയുള്ള സാധാരണ മനുഷ്യരായി തങ്ങളെ കണ്ടാല്‍ മതി എന്ന് നഴ്‌സ് സുഹൃത്തുക്കള്‍ക്ക് പറയേണ്ടി വരുന്നത് ഇത്തരം കണ്ണടച്ചിരുട്ടാക്കലുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴാണ്. പൊതുസമൂഹവും തൊഴില്‍ദാതാക്കളും ഭരണകൂടങ്ങളും, വൈദഗ്ധ്യം ആവശ്യമുള്ള മറ്റേതൊരു തൊഴില്‍ മേഖലയില പ്രവര്‍ത്തിക്കുന്നവരെപ്പോലെ തന്നെയുള്ള പ്രൊഫഷണലുകള്‍ ആയി നഴ്‌സുമാരെ കണ്ടാല്‍ മാത്രമേ ഈ മേഖലയിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സാധ്യമാകൂ. മെഡിക്കല്‍ രംഗത്ത് പലയിടങ്ങളിലും നിലനില്‍ക്കുന്ന ശ്രേണീകൃതമായ അധികാരവ്യവസ്ഥയില്‍ നഴ്‌സുമാര്‍ക്ക് പലതരം വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. തങ്ങള്‍ നിര്‍വഹിക്കുന്ന പ്രൊഫഷണല്‍ ജോലിക്ക് തക്കവണ്ണമുള്ള സേവന വേതന വ്യവസ്ഥകള്‍, മതിയായ ഭൗതിക സൗകര്യങ്ങള്‍, തൊഴില്‍ സുരക്ഷ തുടങ്ങിയ അവകാശങ്ങള്‍ നഴ്‌സിംഗ് മേഖലയില്‍ ഉറപ്പാക്കേണ്ടത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.


96790228_3112573045467609_7007277969928355840_o


സാമ്പ്രദായികമായ നഴ്‌സിംഗ് തൊഴില്‍ മേഖല പുതിയ സാധ്യതകള്‍ തേടേണ്ട കാലഘട്ടം കൂടിയാണിത്. വൈദ്യശാസ്ത്രം പുതിയ ശാസ്ത്ര ശാഖകളിലേക്ക് വളരുന്ന, സാങ്കേതികവിദ്യ അനുദിനം പുരോഗമിക്കുന്ന പുതിയ കാലത്ത് നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് വളര്‍ച്ചയുടെ പുതിയ മേഖലകള്‍ കണ്ടെത്തി മുന്നേറാനാകണം.സിമുലേഷന്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ഏകീകരിക്കുകയും ചെയ്യേണ്ടത് ഇന്നിന്റെ ആവശ്യമാണ്.നിര്‍മിതബുദ്ധിയടക്കമുള്ള സാങ്കേതികവിദ്യകളുടെ വരും കാലങ്ങളില്‍ മെഡിക്കല്‍ മേഖല എങ്ങനെയൊക്കെ മാറും എന്ന് പലതരം ആശങ്കകളുണ്ടെങ്കിലും ഈ മഹാമാരിക്കാലത്ത്, ആതുരസേവന രംഗത്തിന്റെ മനുഷ്യമുഖത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല എന്ന് നാം തിരിച്ചറിയുകയാണ്. ഇന്നിന്റെ വെല്ലുവിളികളെ സധൈര്യം നേരിട്ടുകൊണ്ട് നാളെയുടെ സാധ്യതകളിലേക്ക് ഒരുമിച്ചു മുന്നേറാനാവട്ടെ എന്ന് ആശംസിച്ചുകൊണ്ട്, അഭിമാനത്തോടെ, ആദരവോടെ, അന്താരാഷ്ട്ര നഴ്‌സിംഗ് ദിനാശംസകള്‍.