"എന്താടാ ?"
"നീ വേറാരോടും പറയരുത്."
"ഞാന്‍ നോട്ടീസടിച്ച് കോളേജില്‍ വിതരണം ചെയ്യും. ന്താന്നു വെച്ചാ പറയട ചെക്കാ ."
" അതേയ് .. ഞാന്‍ ഗേ ആണ്"
ആദ്യം ഒന്നമ്പരന്നു. പിന്നീട് അവന്‍ തമാശ പറയുന്നതാകുമെന്നു കരുതി വെറുതെ ചിരിച്ചു. അവന്റെ മുഖത്ത് ചിരി പടരാത്തതു കാണാഞ്ഞപ്പോഴാണ് കക്ഷി സീരിയസാണെന്ന് മനസ്സിലായത്.. സുമാര്‍ മൂന്നു കൊല്ലങ്ങള്‍ക്കു മുന്‍പ് ഒരു സുഹൃത്തുമായി നടന്ന പ്രസ്തുത സംഭാഷണം സത്യത്തില്‍ വെളിപാടാകുകയായിരുന്നു.
വ്യക്തിപരമായി ഒരുവിധത്തിലും ബാധിക്കാനിടയില്ലാത്ത ഏതോ വിദൂര സമൂഹമെന്ന തെറ്റിദ്ധാരണയൊഴിച്ച് ലൈംഗിക ന്യൂനപക്ഷങ്ങളെപ്പറ്റിയോ സ്വവര്‍ഗ്ഗാനുരാഗത്തെപ്പറ്റിയോ യാതൊരറിവോ മുന്‍ധാരണകളോ ഉണ്ടായിരുന്നില്ല. Wikipedia, World Health Organisation, American Psychiatric Association തുടങ്ങിയവയുടെ വെബ് സൈറ്റുകള്‍, വെബ് ജേണലുകള്‍, സിനിമകള്‍, ഫേസ് ബുക്ക് തുടങ്ങിയവയാണ് പ്രസ്തുത വിഷയം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയത്. അങ്ങിനെ LGBT, Sexual Minorities, Coming out, Queer Pride തുടങ്ങിയ വാക്കുകള്‍ പടനിഘണ്ടുവിലേയ്ക്ക് കടന്നെത്തി.
ഭാവിയെക്കുറിച്ച്, അവന്റെ കല്യാണത്തിന് ' groom maid ' ആയി ഒരുങ്ങുനതിനെപ്പറ്റിയും ഞങ്ങള്‍ വാതോരാതെ സംസാരിച്ചു. കടന്നുപോകുന്ന ചുള്ളന്‍ ചെക്കന്മാരെ സംയുക്തമായി വായില്‍ നോക്കി. ന്യൂനപക്ഷമായതുകൊണ്ടു മാത്രം അവന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്രത്തിന്റെ ആകാശത്തെക്കുറിച്ച് ഒരുമനസ്സോടെ വ്യാകുലപ്പെട്ടു. അങ്ങിനെ സൗഹൃദം വളര്‍ന്നു..
ഒരു വെറ്റിര്‍നെറി മെഡിസിന്‍ ബിരുദവിദ്യാര്‍ത്ഥിനിയായിരുന്നിട്ടു കൂടി മനുഷ്യനുള്‍പ്പെടെ ഭൂമിയിലെ 1500 ല്‍ പരം സ്പീഷീസുകളില്‍ സ്വവര്‍ഗ്ഗാനുരാഗം സ്വാഭാവിക പ്രതിഭാസമാണെന്നതിനെ സംബന്ധിച്ച് തികച്ചും ആജ്ഞയായത് അത്ഭുതപ്പെടുത്താതിരുന്നില്ല. എനിയ്ക്ക് ഒരു ആണിനോടു തോന്നുന്ന ആകര്‍ഷണവും , ഒരാണിന് മറ്റൊരാണിനോടും , പെണ്ണിന് മറ്റൊരു പെണ്ണിനോടും, ഒരാള്‍ക്ക് സ്വലിംഗത്തിലും എതിര്‍ലിംഗത്തില്‍പ്പെട്ടവരോടും തോന്നുന്ന ആകര്‍ഷണത്തിനും, ഒരുവിധ ലൈംഗിക ആകര്‍ഷണം തോന്നാത്ത അവസ്ഥയ്ക്കും സമാന സ്വാഭാവികതയാണെന്ന് അതുവരെയും മനസ്സിലാക്കിയിരുന്നില്ല. ജനിതകമോ, ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായോ അടക്കം സങ്കീര്‍ണ്ണങ്ങളായ ഒട്ടനവധിയായ കാരണങ്ങള്‍ കൊണ്ടാണ് ഒരാള്‍ സ്വവര്‍ഗ്ഗാനുരാഗിയാകുന്നതെന്നോ, ബന്ധപ്പെട്ടത് ഒരു രോഗമോ തിരഞ്ഞെടുക്കലോ അല്ലാത്തതു കൊണ്ടു തന്നെ ചികിത്സ ഇല്ലെന്നോ ചികിത്സിച്ചു മാറ്റാനാകില്ലെന്നോ പിന്നീടാണ് വ്യക്തമായത്.
എന്റെയൊപ്പം എവിടെങ്ങളിലുമെന്ന പോലെ സ്വവര്‍ഗ്ഗാനുരാഗികള്‍ സാധാരണമെന്നോ അവര്‍ നമ്മളിലൊരാള്‍ മാത്രമെന്നോ ഉള്ള ധാരണ എന്തുകൊണ്ടാകാം ഉണ്ടാകാതിരുന്നത്. സമത്വം / സ്വാതന്ത്രം / മൌലികാവകാശങ്ങള്‍ തുടങ്ങിയവയെല്ലാം യഥേഷ്ടം വ്യവസ്ഥ ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ തന്നെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ നൈസര്‍ഗ്ഗിക ലൈംഗിക ചോദനകളെ ഐ പി സി 377 എന്ന കാലഹരണപ്പെട്ട കൊളോണിയല്‍ നിയമത്തിന്റെ പേരില്‍ പ്രകൃതിവിരുദ്ധമെന്ന് മുദ്രകുത്തി ഭീഷണി മുഴക്കി ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നത് മനുഷ്യാവകാശങ്ങളുടെ കൊടിയ ലംഘനമല്ലാതെ മറ്റെന്താണ്. എല്ലാം നിഷേധിയ്ക്കപ്പെട്ട് നുണകളില്‍ പൊതിഞ്ഞ ജീവിതം ഇവര്‍ക്കു നയിക്കേണ്ടി വരുന്നത് കപടതകളില്‍ അഭിരമിക്കുന്ന "പൊതുസമൂഹത്തിന്റെ' നേരടയാളമല്ലാതെ മറ്റെന്താണാകുക.
ഇത്തരമൊരു സമകാലീന സാമൂഹ്യ സാഹചര്യത്തിലാണ് യാഥാസ്ഥിതികരുടെ പരിശ്രമങ്ങളെയെല്ലാം അപ്രസക്തമാക്കി ഒരേ ലിംഗത്തില്‍ പെടുന്നവരുടെ വിവാഹം അമേരിക്കന്‍ പരമോന്നത നീതിപീഠം നിയമപരമാക്കിയത്.
“They ask for equal dignity in the eyes of the law,” Kennedy wrote in his opinion for the majority. “The Constitution grants them that right.”
തീരുമാനത്തെ പിന്‍തുണച്ചു കൊണ്ട് സാമൂഹ്യ ശൃംഖല ഫേസ് ബുക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരു പ്രത്യേക തരത്തിലുള്ള ആപ്പ്ളിക്കേഷന്‍ അവതരിപ്പിച്ചു. ഇതിലൂടെ അംഗങ്ങള്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ ചിത്രം LGBT സമൂഹത്തെ പ്രതിനിധീകരിക്കുന്ന മഴവില്‍ നിറത്തിലേയ്ക്ക് മാറ്റാനാകും. മഴവില്‍ നിറങ്ങള്‍ പ്രൊഫൈല്‍ ചിത്രമാക്കിയതിന്റെ ഭാഗമായി വിപുലമായ നിലയിലെ സംവാദങ്ങളാണ് സ്വകാര്യവും പരസ്യവുമായ നിലയില്‍ നടന്നത്. അവയില്‍ ചിലത് ചുവടെ ചേര്‍ക്കട്ടെ.
ഫേസ് ബുക്കിലെ Celebrity കളും ചോദിക്കാനും പറയാനും ആരുമില്ലാത്തവരും പല തോന്ന്യാസത്തരങ്ങളും ചെയ്യും. അതെല്ലാം കണ്ട് ഇങ്ങനെ നാണമില്ലാതെ തുള്ളാന്‍ നിന്നാല്‍ ഭാവിയില്‍ നിനക്കു തന്നെയാണ് പ്രശ്നങ്ങളുണ്ടാകുക.
നിനക്ക് അവരെ പിന്തുണക്കണമെങ്കില്‍ അത് മനസ്സില്‍ സൂക്ഷിച്ചാല്‍ പോരേ. ഇങ്ങനെ ഒക്കെ ചെയ്‌താല്‍ നിനക്ക് കല്ല്യാണം കഴിക്കാന്‍ ഒരു ചെക്കനെപ്പോലും കിട്ടില്ല. വേഗം ആ നശിച്ച ഫോട്ടോ മാറ്റാന്‍ നോക്ക്..
ലൂത്ത് നബിയുടെ ജനതയ്ക്ക് എന്തു പറ്റിയെന്ന് നിനക്കറിയുമോ
നമ്മുടെ സമൂഹത്തിനും ഡോ. ദോമിന്റെയും ഗോമോറയുടേയും വിധി വരുത്താന്‍ നീ കൂട്ടു നില്‍ക്കരുത് . ആവശ്യത്തിനും അനാവശ്യത്തിനും എല്ലാമുള്ള ഈ ഫോട്ടോ മാറ്റലുകളെല്ലാം ഒരുതരം Slacktivism ആണ്. ഇതുകൊണ്ടെല്ലാം നമ്മുടെ നാട്ടുകാരുടെ മനോഗതി മാറുമെന്നു കരുതുന്നത് ശുദ്ധ പൊട്ടത്തരമാണ്.
ഇതല്ലാം ദൈവത്തിനു നിരക്കാത്ത പ്രകൃതിവിരുദ്ധമായ കാര്‍യങ്ങളാണ്. കൃത്യമായി അറിഞ്ഞിട്ടു തന്നെയാണോ ഇങ്ങനെയെല്ലാം ചെയ്യുന്നത്.
ഈ നിലയിലെ പ്രതികരണങ്ങളാണ് LGBT സമൂഹത്തിന് പിന്‍തുണയുറപ്പിച്ച് പ്രൊഫൈല്‍ ചിത്രം മഴവില്‍ വര്‍ണ്ണമാക്കിയത്തിന്റെ ഭാഗമായി ഫേസ് ബുക്ക് ഇന്‍ബോക്സില്‍ ലഭ്യമായത്. ഒന്നുറപ്പാണ് സമാനമായ നിലയില്‍ ലിംഗഭേദമെന്യേ നിരവധി പേര്‍ക്ക് വിശിഷ്യാ നവമാധ്യമങ്ങളില്‍ അധികം സജീവമല്ലാത്ത സ്ത്രീകള്‍ക്ക് / പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരിക്കണം.
2009 ലെ ഇറാനിയന്‍ തിരഞ്ഞെടുപ്പു കാലത്ത് സാമൂഹ്യശൃംഖല, ട്വിറ്ററില്‍ ആരംഭിച്ച് നിര്‍ഭയ/ നില്‍പ്പ് സമരം / കിസ്സ് ഓഫ് ലൗവ് / ഐ എഫ് എഫ് കെ അനുബന്ധ സമരങ്ങള്‍ തുടങ്ങിയവയിലൂടെ മഴവില്‍ പ്രൊഫൈല്‍ ചിത്രങ്ങളിലൂടെ കടന്നു പോകുന്ന സാമൂഹ്യശൃംഖലാ സാമൂഹ്യ മുന്നേറ്റങ്ങളുടെ പ്രാധാന്യവും പ്രസക്തിയും അനുദിനമെന്നോണം വര്‍ദ്ധിക്കുകയാണ്. ഒരു കാര്‍യം ഉറപ്പാണ്. ഈ ചിത്രസൂചിതമായ ആശയവിനമയത്തിലൂടെ LGBT സമൂഹത്തിന്റെ വിവാഹ തുല്യത അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ചെറുതെങ്കിലും സ്വീകാര്‍യത കിട്ടിയിരിക്കുന്നു. യാഥാസ്ഥികത എകപക്ഷീയമായി അടിച്ചമര്‍ത്തി വെച്ച സ്വാഭാവികമായ ജനാധിപത്യ ചര്‍ച്ചകള്‍ക്ക് ജീവന്‍ വെച്ചിരിക്കുന്നു. അത് ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.
നിര്‍ഭയമായ് പ്രണയിക്കാന്‍, കൈകോര്‍ത്തു നടക്കാന്‍, രതി ആസ്വദിക്കാന്‍, വിവാഹിതരാകാന്‍, സഹാജീവിതം നയിക്കാന്‍, കുഞ്ഞുങ്ങളെ വളര്‍ത്താന്‍, തുടങ്ങി ഏതൊരു ആണ്‍പെണ്‍ ഇണകള്‍ക്കുമുള്ള സ്വാതന്ത്രങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുമുണ്ടാകണം. ഭൂരിപക്ഷങ്ങളില്‍ നിന്നും വിഭിന്നരാണ് എന്നതു കൊണ്ടു മാത്രം ആരുടേയും അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ പാടില്ല. അതുകൊണ്ടു തന്നെയാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ സമകാലീനതയിലെ ഏറ്റവും പ്രാധാന്യമേറിയ സിവില്‍ അവകാശപ്രക്ഷോഭങ്ങളിലൊന്നായ് മാറുന്നത്. ചരിത്രപരമായ പ്രസ്തുത ദൌത്യത്തിന് സ്നേഹം പുരട്ടി ഒപ്പം കൂടിയ എല്ലാവര്‍ക്കും അഭിവാദനങ്ങള്‍ .. അതുക്കും മേലെ മഴവില്ലുമ്മകള്‍ .