A A Rahim

രാഷ്ട്രത്തിന്റെ നെഞ്ചിലേക്കൊരു ആചാരവെടി

ഭാരതത്തിന്റെ ദേശീയ പതാകയോട് ഓരോ ഭാരതീയനും വൈകാരികമായ ആത്മബന്ധമുണ്ട്. അഭിമാനത്തിന്റെ, ദേശഭക്തിയുടെ തുടിപ്പുകള്‍ നമ്മുടെ പതാകയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി പടപൊരുതി മരിച്ച അസംഖ്യം മനുഷ്യരുടെ സ്വപ്നം അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ ഭരണ സാരധ്യം വഹിച്ചവര്‍, ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച മഹത്തുക്കള്‍, സര്‍വ്വോപരി രാഷ്ട്രത്തിനായി ശത്രുവിനോട് ഏറ്റുമുട്ടി പിടഞ്ഞസ്തമിച്ച ധീര ജവാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശീയപതാക പുതച്ച് അന്ത്യയാത്ര നടത്തുമ്പോള്‍ രാജ്യം അഭിമാനം കൊള്ളാറുണ്ട്. യുദ്ധഭൂമിയില്‍ മകനെ നഷ്ടപ്പെട്ട വേദനയുടെ കടലിരംബത്തിനപ്പുറം സ്വപുത്രന്‍ രാഷ്ട്രത്തിന്റെ പതാക ഏറ്റുവാങ്ങി കണ്മറയുമ്പോള്‍ വീര മാതാപിതാക്കളുടെ മുഖത്തു അഭിമാനത്തിന്റെ നക്ഷത്രം ഉദിക്കും. അതുകണ്ട്നില്‍ക്കുന്ന ധീര യൌവ്വനങ്ങളില്‍ പലരും നാളെ ഞാനും രാഷ്ട്രത്തിനായി ജീവന്‍ സമര്‍പ്പിക്കാന്‍ സന്നദ്ധമെന്നു മനസ്സാല്‍ മന്ത്രിക്കും. രാഷ്ട്രപിതാവു മുതല്‍ ഒടുവില്‍ വിടപറഞ്ഞ സൈനികനെ വരെ രാജ്യം അഭിമാനത്തോടെ പുതപ്പിച്ച ദേശീയ പതാകയും പുതച്ച് ബാല്‍താക്കറെയുടെ അന്ത്യയാത്ര മഹാനഗരത്തിലൂടെ കടന്നുപോയപ്പോള്‍ കരിപുരണ്ടത് ഒരു രാഷ്ട്രത്തിന്റെ ആഭിജാത്യത്തിനാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ ബാല്‍താക്കറേയ്ക്ക് നല്‍കിയ ഔദ്യോഗിക ആദരവുകളുടെ അടിസ്ഥാനമെന്താണ്?

മുംബൈ മഹാനഗരം മാത്രമല്ല മഹാകലാപങ്ങളുടെ നഗരം കൂടിയാണ്. ചരിത്രം മറക്കാത്ത നഗരം. മുഗള്‍ പ്രതാപത്തിന്റെ, അധിനിവേശത്തിന്റെ, അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ, വിഭാഗീയ കലാപങ്ങളുടെ ചരിത്രം ഇന്നലെകളുടെ ഓര്‍മ്മപ്പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. പടയോട്ടങ്ങളുടെ ഗതകാലം... മുംബൈയുടെ വടക്ക് സൂറത് തുറമുഖത്ത് എ.ഡി ആയിരത്തി അറുന്നൂറ് ആഗസ്റ് ഇരുപത്തിനാലിന് ഹെക്റ്റര്‍ എന്ന ചെറിയ ബ്രട്ടീഷ് പടക്കപ്പല്‍ ആദ്യമായി നങ്കൂരമിട്ടു. വില്യം ഹോക്കിന്‍സ് എന്ന വയോധികനായ നാവികന്‍ മുംബൈ തീരത്ത് അന്നാദ്യമായി പാദമൂന്നിയതോടെ പതിറ്റാണ്ടുകള്‍ നീണ്ട ബ്രട്ടീഷ് കൊളോണിയലിസത്തിന്റെ ലളിതമായ തുടക്കത്തിനു സാക്ഷ്യം വഹിച്ചതും ഈ മഹാനഗരം. ബ്രട്ടീഷ് അധികാര വാഴ്ചയെ വെല്ലുവിളിച്ച ധീര ദേശാഭിമാനികള്‍ ജ്വലിക്കുന്ന ചരിത്രം എഴുതിയ മണ്ണ്. എന്നാല്‍ സ്വാതന്ത്യ്രത്തിനുശേഷം മനുഷ്യരക്തം പലപ്പോഴായി ചാലിട്ടൊഴുകി ഈ നഗരത്തിലൂടെ ഇവിടുത്തെ ഗലികളില്‍നിന്നും എല്ലാം നഷ്ടപ്പെട്ടവന്റെ നിലവിളികള്‍ നിരവധി തവണ ആകാശത്തോളം ഉയര്‍ന്നു പൊങ്ങി. നിര്‍മ്മാര്‍ജ്ജനം ചെയ്യാനാകാത്ത ഈ മഹാവ്യാധിയും പേറി മഹാനഗരം ചരിത്രത്തില്‍ വേച്ചു വേച്ചു നടന്നു. മുംബൈയുടെ ഈ വെറുപ്പിന്റെ പുസ്തകത്തില്‍ നിര്‍ണ്ണായകമായ ഇടമാണ് ബാല്‍താക്കറെയ്ക്ക്. വര്‍ഗ്ഗീയതയുടെ, ‘മണ്ണിന്റെ മക്കള്‍’ വാദത്തിന്റെ വിഷം പുരണ്ട അസ്ത്രം തൊടുത്ത് ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ശരശയ്യതീര്‍ത്ത ബാല്‍താക്കറെ ഫാസിസത്തെ പ്രണയിച്ചു, ഹിറ്റലറെ വാഴ്ത്തി.

രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എന്നും എതിരായിരുന്നു താക്കറെ. ‘മണ്ണിന്റെ മക്കള്‍’ വാദത്തിന്റെ ഹിസ്റീരിയ ബാധിച്ച ശിവസൈനികര്‍ തുടച്ചുനീക്കിയ ജീവിതങ്ങള്‍ നിരവധി. മദ്രാസികളെയും ഗുജറാത്തികളെയും തേടി താക്കറെയുടെ കുട്ടികള്‍ മഹാനഗരം അരിച്ചുപെറുക്കി. മുസ്ളീമും, ക്രിസ്ത്യാനിയും രാജ്യത്തിനുപുറത്തു പോകണമെന്നു വാദിച്ചു. ബോംബെ കലാപത്തിന്റെ സമയത്ത് (1992-93) ടൈം മാസികയ്ക്ക് അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.അവര്‍ക്ക് (മുസ്ളീങ്ങള്‍) പോകണമെങ്കില്‍ പോകാം, അവര്‍ പോയില്ലെങ്കില്‍ അവരെ ഞങ്ങള്‍ ചവിട്ടിപ്പുറത്താക്കും.’ (കമ്യൂണലിസം കോമ്പാറ്റ്, മാര്‍ച്ച് 1995) മതസ്പര്‍ധയുടെ വഴിയേ നടന്ന ഒരാള്‍ക്ക് ‘നാടുനീങ്ങുമ്പോള്‍’ പുതയ്ക്കാനുള്ള പഴംതുണിയല്ല ദേശീയപതാക. ‘ഗാര്‍ഡ് ഓഫ് ഓര്‍ണര്‍’ വിധ്വംസകതയുടെ സിംഹാസനങ്ങള്‍ക്ക് മുമ്പില്‍ പൊട്ടേണ്ട ആചാരവെടിയുമല്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ പുതച്ച ദേശീയ പതാകയ്ക്കും ഉതിര്‍ത്ത വെടിയൊച്ചകള്‍ക്കും നടുവില്‍ ഭാരതത്തിന്റെ ആത്മാവ് പിടഞ്ഞിട്ടുണ്ടാവണം.

മഹാരാഷ്ട്ര ഭരിക്കുന്നത് കോണ്‍ഗ്രസ്സ്. എ.ഐ.സി.സി ഇതുവരെയും ക്രിയാത്മകമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 1948-ല്‍ ഗാന്ധി വധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട ആര്‍.എസ്.എസ്-ന്റെ നിരോധനം നീക്കിയതു കോണ്‍ഗ്രസ് തന്നെയാണ്. 1963-ല്‍ രാജ്യത്തിന്റെ ഔദ്യോഗിക റിപ്പബ്ളിക്ദിന പരേഡില്‍ സേനകള്‍ക്കൊപ്പം കാക്കി ട്രൌസറും വെള്ളഷര്‍ട്ടും ധരിച്ച് ആര്‍.എസ്.എസുകാര്‍ മാര്‍ച്ച് ചെയ്തത് ചരിത്രത്തിലെ മഹാക്രൂരമായ അധ്യായമാണ്.

ബാബറിമസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാര്‍ തയ്യാറാക്കിയ ബ്ളൂപ്രിന്റിനു ചുവട്ടില്‍ ഒപ്പിട്ടു നല്‍കിയതും കോണ്‍ഗ്രസ്. ഇന്നിതാ ദേശീയപതാക പുതപ്പിച്ച് വര്‍ഗ്ഗീയതയ്ക്കും വിഘടനവാദത്തിനും രാഷ്ട്രത്തിന്റെ സല്യൂട്ട് നല്‍കി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചരിത്രത്തിന്റെ ചുവരില്‍ മായ്ക്കാനാകാത്ത പാപക്കറ പുരട്ടി.

മണ്മറയുന്ന വ്യക്തികള്‍ ആദരിക്കപ്പെടണം എന്നതില്‍ തര്‍ക്കമില്ല. മരണപ്പെടുന്നവരോട് ആദരവ് കാട്ടുക, അവരെക്കുറിച്ച് നല്ല വാക്കുകള്‍ പറയുക എന്നത് കുലീനമായ സംസ്കാരത്തിന്റെ ഭാഗം തന്നെ. എന്നാല്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക ആദരവ് നല്‍കാന്‍ മാത്രം എന്ത് സംഭാവനകളാണ് അദ്ദേഹം രാഷ്ട്രത്തിനായി ചെയ്തത്. വര്‍ഗ്ഗീയ ഫാസിസത്തിന്റെ പാദാരബിംബങ്ങളില്‍ പ്രണമിക്കാന്‍ കോണ്‍ഗ്രസ്സിനു സ്വാതന്ത്യ്രമുണ്ട്. പക്ഷെ രാഷ്ട്രത്തിനെ അടിയറവയ്ക്കാന്‍ അധികാരമില്ല. ഈ സംഭവത്തില്‍ കുറ്റവാളി കോണ്‍ഗ്രസ്സാണ്, കോണ്‍ഗ്രസ്സ് മാത്രം. രാഷ്ട്രത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. എന്നാല്‍ അധികാരത്തിന്റെ ആര്‍ത്തിമൂത്ത കോണ്‍ഗ്രസ് പലപ്പോഴും വര്‍ഗ്ഗീയ വിഘടന ശക്തികളോട് ചങ്ങാത്തം പുലര്‍ത്തി. 1985ല്‍ ഷബാനു ബീഗം കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ മുസ്ളീം മതമൌലിക വാദികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തി. (മുസ്ളീം വുമണ്‍ ഡിവോഴ്സ് ആന്റ് പ്രൊട്ടക്ഷന്‍ ആക്ട് 1986) തുടര്‍ന്ന് ഇതിനെതിരെ സംഘപരിവാര്‍ ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ ബാബരിമസ്ജിദ് ഹൈന്ദവ സംഘടനകള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു കോണ്‍ഗ്രസ്സ്. വോട്ടുബാങ്കിനുവേണ്ടി നാടിന്റെ മതേതരത്വത്തിനെ തന്നെ വിലപറഞ്ഞ് വിറ്റു.

പാര്‍ലമെന്ററി രംഗത്ത് ഒരിക്കല്‍പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നുമാത്രമല്ല 1999-ല്‍ 6 വര്‍ഷത്തേക്ക് വോട്ട് ചെയ്യാനുള്ള അവകാശംപോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കറേയ്ക്ക് നിഷേധിച്ചു. ബാബരി മസ്ജിദ് തകര്‍ത്തതിനുശേഷം മുംബൈയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിന്റെ മുഖ്യ സൂത്രധാരികളില്‍ ഒരാളെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ആളാണ് താക്കറെ. വര്‍ഗ്ഗീയതയുടെ കരിപുരണ്ട ചരിത്രമാണ് താക്കറെയുടേത്. 1960-കളില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഞായറാഴ്ച്ചപ്പേജുകളില്‍ കാര്‍ട്ടൂണിസ്റ് ആയി പ്രത്യക്ഷപ്പെട്ടു തുടങ്ങിയ താക്കറെ തുടര്‍ന്ന് “മര്‍മിക്” എന്ന കാര്‍ട്ടൂണ്‍ ആഴ്ചപതിപ്പ് സ്വന്തമായി ആരംഭിച്ചു. തന്റെ തീവ്രമായ മണ്ണിന്റെ മക്കള്‍ വാദത്തിനു “മാര്‍മിക്”ന്റെ പേജുകളില്‍ താക്കറെ വര പകര്‍ന്നു. ജീവസന്ധാരണത്തിനായി മുംബൈ യില്‍ ആഭയം തേടിയിരുന്ന മഹാരാഷ്ട്രയ്ക്ക് പുറത്തുള്ളവരെ മാര്‍മിക്കിലൂടെ താക്കറെ ആക്രമിച്ചുകൊണ്ടേയിരുന്നു. തന്റെ മാറാത്ത വാദത്തിനു താക്കറെ രാഷ്ട്രീയ മുഖം നല്‍കുന്നത് 1996 ജൂണ്‍ 19നു ശിവസേന രൂപീകരിച്ചുകൊണ്ടായിരുന്നു. ബഹുവാദം (പ്ളൂറലിസം) നമ്മുടെ രാജ്യത്തിന്റെ ആത്മാവും അഭിമാനവുമാണ്. ബഹുസ്വരതയില്‍ അധിഷ്ടിതമായ ഭാരത സംസ്കാരത്തിനും ഭരണഘടനാ തത്വങ്ങള്‍ക്കും എക്കാലവും എതിരായിരുന്നു താക്കറെ. മദസ്പര്‍ദ്ദ വളര്‍ത്തിയതിനു ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തി.

ഇന്ത്യാ ടുഡേയില്‍ ഒരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ ബാല്‍താക്കറെ ആഹ്വാനം ചെയ്തത് ഇങ്ങനെ; Muslims are spreading like a cancer and should be operated on like a cancer. താക്കറെയുടെ ഈ വിഷം മണക്കുന്ന നിലപാടുകളേക്കാള്‍ അപകടം പതിയിരിക്കുന്നതാണ് കോണ്‍ഗ്രസ്സിന്റെ ഈ വിധേയത്വം. ബാല്‍താക്കറെ ചരിത്രത്തില്‍ ചെയ്തതിനേക്കാള്‍ ഗുരുതരമായ കുറ്റം മുംബൈയിലെ ശിവാജിപാര്‍ക്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുഴക്കിയ ബ്യൂഗിള്‍. ഉതിര്‍ന്ന വെടിയുണ്ടകള്‍. സമര്‍പ്പിച്ച ദേശീയപതാക. നല്‍കിയ ആദരവ് ചരിത്രത്തിലെ മാപ്പര്‍ഹിക്കാത്ത കുറ്റമാകുന്നു. നിങ്ങളുടെ വിധേയത്വത്തിന്റെ വെടിയുണ്ടകള്‍ തുളച്ചുകയറിയത് മതേതരത്വത്തിന്റെ ശരീരത്തിലേക്കാണ്.