Gopakumar T

ഗ്രാഫിറ്റി: വേരും തളിരും

"ഒരു കുടം ടാറുണ്ട്,

ഒരു കുറ്റിച്ചൂലുണ്ട്, പെരുവാ

നിറയെ തെറിയുമുണ്ട്....

കണ്ണില്‍ തറയ്ക്കുന്ന,

കണ്ടാലറയ്ക്കുന്ന വേണ്ടാതനങ്ങള്‍

എഴുതിവയ്ക്കും

പുലയാടിനില്‍ക്കുന്നോ

പോക്കിരികളേ......

നിങ്ങടെ വീതത്തില്‍

മാത്രമോ പുണ്യവേദി?''.....

എന്നു കടമ്മനിട്ട എഴുതിവെച്ചതുതന്നെയാണ് ഗ്രാഫിറ്റി (തെരുവുകല)യുടെ തത്വശാസ്ത്രം.

പൊതുമണ്ഡലത്തില്‍ നിന്ന് പല കാരണങ്ങളാല്‍ പ്രാന്തവല്‍ക്കരിയ്ക്കപ്പെട്ടവരുടേയും, പുറത്താക്കപ്പെട്ടവരുടേയും പ്രതിഷേധങ്ങള്‍, പരാജിതന്‍ കൊഞ്ഞനം കുത്തുന്നതുപോലെയോ, ഉടുമുണ്ടുയര്‍ത്തി കാട്ടുന്നതുപോലെയോ വരേണ്യ സമൂഹത്തിന്റെ ബോധനിലവാരത്തിനുമുന്നില്‍ അസഭ്യമായി വന്നുവീഴുന്ന ഒന്നാണ് ഗ്രാഫിറ്റി.

ഗ്രാഫിറ്റിയുടെ തുടക്കം പരിശോധിച്ചാല്‍ അത് ഗുഹാകാലത്തില്‍ നിന്നാണെന്നു കാണാം. ആദ്യകാലത്ത് നിര്‍ദോഷമായ അടയാളപ്പെടുത്തലുകള്‍ മാത്രമായ ഇവ പിന്നീട് മനുഷ്യന്റെ മാനസിക വ്യാപാരങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ഉപാധിയായി. പലതും അതു വരയ്ക്കുന്ന ആളിന്റെ ഉപബോധമനസ്സില്‍ ഉറങ്ങികിടക്കുന്ന രഹസ്യാത്മക അധോലോകത്തിന്റെ പ്രകാശനമായി. മാതൃഗമനം, പിതൃഗമനം, സഹോദര ഗമനം എന്നിവയ്ക്ക് ഗ്രാഫിറ്റിയില്‍ എന്തുകൊണ്ടിത്ര പ്രാധാന്യം വന്നു എന്നത് പരിശോധിക്കേണ്ടതാണ്. എല്ലാ മനുഷ്യരുടേയും ഉപബോധമനസ്സില്‍ രതി, അശ്ളീലം, അഗമ്യഗമന ചിന്ത എന്നിവ ഏറിയോ, കുറഞ്ഞോ ഉണ്ട്. ഫ്രോയിഡ് ഇതിന് ഈഡിപ്പസ് കോംപ്ളക്സ്, ഇലക്ട്രോ കോംപ്ളക്സ് എന്നിങ്ങനെ പേരുകള്‍ നല്‍കിയിട്ടുണ്ട്. മനുഷ്യന്റെ ഉപബോധമനസ്സ് ഒരു തരത്തില്‍ ഒരു അധോലോകം തന്നെയാണ്. അത് പൊതുസമൂഹത്തിന്റെ സാംസ്കാരിക ഭൂമികയില്‍ അധമവും, അശ്ളീലവും ആയി മാറുന്നു. അതുകൊണ്ടുതന്നെ ഉപബോധ മനസ്സിന്റെ വെളിപ്പെടല്‍ നിഷിധവുമാണ്. അടിച്ചമര്‍ത്തപ്പെട്ട ഈ വികാരങ്ങളെ തുറന്നുവിടുന്ന സേഫ്റ്റി വാല്‍വായിട്ടാണ് ആദ്യകാല തെറിഗ്രാഫിറ്റികള്‍ വര്‍ത്തിച്ചത്. ഇന്നും തീവണ്ടികളുടെ കുളിമുറികളിലും, പൊതുകക്കൂസുകളിലും, ഇടനാഴികളിലും അത്തരം ചുവരെഴുത്തുകളും, ചിത്രങ്ങളും എഴുതപ്പെടുന്നതും മറ്റൊന്നുകൊണ്ടല്ല.

അതാതുകാലത്ത് നിലവിലുള്ള സാമൂഹ്യ നിയമങ്ങളെ വെല്ലുവിളിക്കുന്നതിനുള്ള ഒരു ഉപാധിയായിട്ടാണ് ഗ്രാഫിറ്റി വളര്‍ന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചിത്രകലയില്‍ ഉയര്‍ന്നുവന്ന ദാദായിസവും, സര്‍റിയലിസവും, അശ്ളീലത്തെ പുനര്‍ നിര്‍വ്വചിച്ചു. യുദ്ധവും, യുദ്ധമുണ്ടാക്കുന്ന യുക്തിയും ആണ് അശ്ളീലം എന്ന അവരുടെ വാദം ഗ്രാഫിറ്റി അടക്കമുള്ള കലാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കി. നിയന്ത്രണമില്ലാതെ ദാദായിസ്റുകളും, സര്‍റിയലിസ്റുകളും, ശ്ളീലാശ്ളീലങ്ങളെ ചോദ്യം ചെയ്ത് കലാപ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ പൊതുവേ അശ്ളീലമെന്നും, അരാജകത്വമെന്നും തോന്നിച്ച പലതും ഒരു കാലഘട്ടത്തിന്റെ സംസ്കാരം ക്രോഡീകരിക്കുന്ന ചിഹ്നങ്ങളായി.  ഡ്യൂഷാമ്പ് എന്ന ചിത്രകാരന്‍ 'മൊണാലിസ'യ്ക്ക് മീശ വരച്ചത് ഇതിനുദാഹരണമാണ്.

നേരത്തേ സൂചിപ്പിച്ചതുപോലെ ആഡ്യസമൂഹത്തിനുനേരെയുള്ള കൊഞ്ഞനം കുത്തലായി നിലനിന്നിരുന്ന ഗ്രാഫിറ്റിയുടെ ശക്തി ശരിയ്ക്കു മനസ്സിലായത് ഒന്നും, രണ്ടും ലോകയുദ്ധങ്ങള്‍ സൃഷ്ടിച്ച മൂല്യരഹിത സമൂഹത്തിലാണ്. ഏഷ്യയിലും, ആഫ്രിക്കയിലും അത് കറുത്ത കലയുടെ വിസ്ഫോടനമായി. ഏകാധിപത്യത്തിനും, പട്ടാളഭരണത്തിനും അംഗഛേദം ചെയ്ത ജനാധിപത്യത്തിനും എതിരെ ഗ്രാഫിറ്റി ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ബലവാനു നേരെ ദുര്‍ബലരന്‍ നടത്തുന്ന കൊഞ്ഞനം കുത്തലായി അത് നിവര്‍ന്നു നിന്നു. ചെകോസ്ളാവാക്യയില്‍ അധിനിവേശ റഷ്യന്‍ ടാങ്കുകള്‍ക്കുനേരെ കൊഞ്ഞനം കുത്തുന്ന പെണ്‍കുട്ടിയുടേയും ഇറാക്കില്‍ അധിനിവേശം നടത്തിയ അമേരിക്കന്‍ പട്ടാളത്തിന്റെ കൂറ്റന്‍ ടാങ്കിനുനേരെ കല്ലെറിയുന്ന ഒരു ചെറിയ ആണ്‍കുട്ടിയുടേയും ദൃശ്യങ്ങള്‍ ഗ്രാഫിറ്റിയുടെ ഈ നിലപാടുതന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്.

വ്യക്തിപരമായ ലൈംഗികതെറിയില്‍ നിന്ന് പൊതുവായ സാംസ്കാരിക തെറിയിലേയ്ക്കുള്ള വളര്‍ച്ച ഗ്രാഫിറ്റിയ്ക്ക് കൂടുതല്‍ പ്രചാരം നേടിക്കൊടുത്തു. പോകുന്നയിടത്തെല്ലാം സ്വന്തം പേരോ, ഇഷ്ടപ്പെടുന്നവരുടെ പേരോ, അപ്രാപ്യമായവരുടെപേരോ ഒക്കെ എഴുതിയിടുന്നത് തികച്ചും വ്യക്തിനിഷ്ടമായ ഒരു പ്രക്രിയയാണ്. ഇത്തരം സ്വഭാവം തെമ്മാടികളുടെ മാത്രമല്ല ഇറ്റാലിയന്‍ നവോത്ഥാന നായകരായിരുന്ന ഭോനാത്തെല്ലോ, ലിയനാര്‍ഡോ ഡാവിഞ്ചി എന്നിവര്‍ക്കുമുണ്ടായിരുന്നു. ഞാനിവിടെയുണ്ടായിരുന്നു എന്ന പ്രഖ്യാപനം (അസ്തിത്വസ്ഥാപനം) ആണിത്. അതിനുമപ്പുറം നിഷ്കാസിതരായി പുറമ്പോക്കില്‍ തള്ളപ്പെട്ടുവെന്ന് ബോധ്യമാകുന്ന മനുഷ്യന്‍ അവനെ പൊതുസമൂഹത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ഭിത്തികളില്‍/മതിലുകളില്‍ അവന്റെ അരിശം തീര്‍ക്കുന്നതിന് ശ്രമിക്കുമ്പോഴാണ് ഗ്രാഫിറ്റിയ്ക്ക് ഒരു സാമൂഹ്യഅസ്തിത്വം വരുന്നത്. ബര്‍ലിന്‍ മതിലിലും, ഇസ്രായേലിന്റെ വെസ്റ് ബാങ്ക് മതിലിലും ഈ പ്രതിഷേധം ശക്തമായിരുന്നു. അങ്ങനെ അശ്ളീലതയുടെ മാനത്തില്‍ നിന്ന് ഉദാത്തമാനമുള്ള ഒരു പൊതുജനകലയായി ഗ്രാഫിറ്റി ഇന്ന് മാന്യതയും, സാധുതയും നേടിയിട്ടുണ്ട്. നഗരവത്കരണവും, സ്വകാര്യവത്കരണവും അതുമൂലമുണ്ടാകുന്ന ജീവിതാവസ്ഥകളും, വ്യക്തിപരമായ സര്‍ഗ്ഗാത്മകതയെ ഞെരിച്ചൊതുക്കുമ്പോള്‍ ഉണ്ടാകുന്ന നിസ്സഹായതയുടേയും ഒറ്റപ്പെടലിന്റേയും ഒരു സിറ്റ്വേഷനില്‍ നിന്ന് മുതലാളിത്ത അതിക്രമങ്ങള്‍ക്കെതിരായ സിറ്റിവേഷണിസ്റ്റ് കലയുണ്ടാകുന്നു. അത്തരമൊരവസ്ഥയ്ക്കുനേരെ ഓരോ മനുഷ്യനും അവരുടെ സ്വതന്ത്ര ഭാവനയുപയോഗിച്ച് കലാപരമായി പ്രതികരിക്കുന്നത് ഒരു സംഘപ്രവൃത്തിയിലേയ്ക്ക് എത്തുന്നു. ഈ സംഘ പ്രതികരണം മുതലാളിത്തത്തിനെതിരായ 'സിറ്റ്വേഷനിസ്റ്' കല എന്നറിയപ്പെടുന്നു. ഗ്രാഫിറ്റി മാത്രമല്ല പെര്‍ഫോമന്‍സും, ഇന്‍സ്റലേഷനും എല്ലാം ഇത്തരം സിറ്റിവേഷണിസ്റ്റ് കലയാണ്. ചുവരുകളില്‍ നിന്ന് നീണ്ട ട്രക്കുകളിലേയ്ക്കും ട്രെയിനുകളിലേയ്ക്കും ഒക്കെ ഗ്രാഫിറ്റി വളര്‍ന്നു കഴിഞ്ഞു. സഞ്ചരിക്കുന്ന ചുവര്‍ ചിത്രങ്ങളായ ഇവ കൂടുതല്‍ പേരിലേയ്ക്ക് വേഗമെത്തുന്ന ഉപാധികളാണ്. ഗ്യാലറിയില്‍ നിന്ന് തെരുവിലേയ്ക്ക് എന്ന ആഹ്വാനം ഇന്ന് ഒരുപാട് ചിത്രകാരന്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്.

സാമൂഹ്യമാറ്റത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ ഈ തെരുവുകല ചെലുചത്തിയ സ്വാധീനം വളരെ വലുതാണ്. അറബുവസന്തമെന്നും മറ്റുമൊക്കെ പേരിട്ടു വിളിച്ച ആനുകാലിക പ്രക്ഷോഭങ്ങളില്‍ ഗ്രാഫിറ്റി ഒരു വലിയ പ്രചരണമാധ്യമമായിരുന്നു. വിപ്ളവ കാലത്ത് ഈജിപ്തിലെമ്പാടും ചുവരുകളില്‍ തമാശയും, പരിഹാസവും, ദുഃഖവും നിരാശയും പ്രതിഷേധവും ഗ്രാഫിറ്റിയിലൂടെ പൂത്തുവിടര്‍ന്നു. റഷ്യന്‍ വിപ്ളവകാലത്ത് മയക്കോവ്സ്കി പറഞ്ഞതുപോലെ 'തെരുവുകള്‍ ബ്രഷുകളും ചത്വരങ്ങള്‍ ചാരപാത്രങ്ങളു'മായി. സൂസന്‍ഹെഫുന, ഹസ്സന്‍ഖാന്‍ തുടങ്ങിയ ഈജിപ്തിലെ ആനുകാലിക ചിത്രകാരന്‍മാരും ചിത്രകാരികളും നഗരത്തെ അവരുടെ സ്റുഡിയോ ആക്കി മാറ്റി പ്രക്ഷോഭത്തെ സഹായിച്ചു. ഗ്യാലറികളില്‍ നിന്നും തെരുവിലേയ്ക്കിറങ്ങിയ കല ജീവിതവും, കലയും തമ്മിലുള്ള അതിര്‍ത്തി മായ്ച്ചുകളഞ്ഞു. പോരാട്ടപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനൊപ്പം ഏറെ നാളത്തെ ഏകാധിപത്യ, സെന്‍സര്‍ഷിപ്പ് നിഴല്‍പ്പാടുകളില്‍ നിന്നും മുക്തി നേടാനും പുതിയ ഒരു ഊര്‍ജ്ജവുമായി മുന്നോട്ടു കുതിയ്ക്കുവാനും ഈ അവസരത്തില്‍ ഈജിപ്ഷ്യന്‍ കലയ്ക്ക് സാധിച്ചു എന്നത് രസകരമാണ്. ലിബിയയിലും, സിറിയയിലും മാത്രമല്ല ഏറെ പിന്തിരിപ്പന്‍ എന്നു കരുതിയിരുന്ന സൌദി അറേബ്യയില്‍പോലും ഗ്രാഫിറ്റികള്‍ ചരിത്രം സൃഷ്ടിച്ചു. ലിബിയയില്‍ മുഹമ്മദ് ഗദ്ദാഫിയെ എലിയും കുരങ്ങനും രക്തരക്ഷസ്സുമൊക്കെയായി ചിത്രീകരിക്കുന്ന ഗ്രാഫിറ്റികള്‍ ജനങ്ങളുടെ പ്രതികരണ ശേഷിയും ധൈര്യവും ഉണര്‍ത്തി. താരതമ്യേന വന്‍കിട നഗരങ്ങളായ ട്രിപ്പോളിയയിലും ബെന്‍ഖാസിയിലും ഇത്തരം ചിത്രങ്ങള്‍ നിരവധിയായിരുന്നു. സിറിയയില്‍ 'ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നത് ഭരണകൂടത്തിന്റെ പതനമാണ്' എന്ന ഗ്രാഫിറ്റി വാചകങ്ങള്‍ വന്‍തോതില്‍ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഷെയര്‍ ചെയ്യപ്പെട്ടു. സിറിയയിലെ ഗ്രാഫിറ്റികള്‍ ചുവരുകളുടെ യുദ്ധ പ്രഖ്യാപനം എന്നാണ് അറിയപ്പെട്ടത്. സിറിയന്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കെയ്റോയില്‍, അല്‍-അസ്സദിനെ ഹിറ്റ്ലറായി ചിത്രീകരിക്കുന്ന കറുപ്പും, വെളുപ്പും നിറങ്ങളിലെ സെറ്റന്‍സില്‍ ഗ്രാഫിറ്റി വരയ്ക്കപ്പെട്ടു. ടുണീഷ്യയിലും ഐസ്ലാന്റിലും ഒക്കെ ഇതൊകകെത്തന്നെ സംഭവിച്ചു. പ്രക്ഷോഭങ്ങള്‍ വടക്കന്‍ ആഫ്രിക്കയില്‍ നിന്നും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് പടര്‍ന്നപ്പോള്‍ ഈ തെരുവുകല അതോടൊപ്പം ചായപാത്രങ്ങളുമായി സഞ്ചരിച്ചു.

അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിലും തെരുവുകലാസൃഷ്ടികള്‍ വ്യാപകമായി ഉണ്ടായി. We are the 99%, End the Fed, Tax the rich, Burn the moneyതുടങ്ങിയ മുദ്രാവാക്യങ്ങളുമായി നിരവധി കലാസൃഷ്ടികളാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വെടിപ്പാര്‍ന്ന ചുവരുകളില്‍ പതിഞ്ഞത്. അമേരിക്കന്‍ ധനാധിപത്യത്തിന്റെ മുദ്രയായ കാളകൂറ്റനെ കെട്ടിതൂക്കി തല്ലുന്നതും, അഴിമതിയും കടബാധ്യതയും സാമ്പത്തിക തകര്‍ച്ചയും ധനവ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന അഭ്യാസങ്ങളും ഒക്കെ ചേര്‍ത്തു നിര്‍മ്മിച്ചിട്ടുള്ള ഒരു കാളകൂറ്റന്റെ ഇറച്ചി വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന കടയുടെ പരസ്യഗ്രാഫിറ്റിയും, Occupy liberty എന്നെഴുതിയ ചുവന്ന തുണിയുമായി കാളകൂറ്റനെ പ്രകോപിപ്പിക്കുന്ന കാളപ്പോരുകാരന്റെ ചിത്രവും, കാളകൂറ്റനുമുകളില്‍ കയറി നൃത്തം ചെയ്യുന്ന സ്ത്രീയുടെ ചിത്രവും ഒക്കെ Occupy wall street പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകര്‍ന്നു. Revolution എന്നെഴുതിയ പ്ളകാര്‍ഡുയര്‍ത്തി മുന്നോട്ടു കുതിയ്ക്കുന്ന അമേരിക്കന്‍ സ്വാതന്ത്യ്ര പ്രതിമയുടെ ചിത്രീകരണം, ഫ്രഞ്ചുവിപ്ളവത്തെ തുടര്‍ന്ന് യൂഷാന്‍ ഡിലാക്രൊ Eugene Delacroix) വരച്ച Liberty leading the people എന്ന വിഖ്യാത ചിത്രത്തിന്റെ ചിത്രസംവിധാനം കടം കൊണ്ടിരിക്കുന്നു. അതുവഴി അതേറെ ശ്രദ്ധയും നേടി. മറ്റിടങ്ങളില്‍ നിന്ന് അമേരിക്കയിലെത്തിയപ്പോള്‍ ഗ്രാഫിറ്റിയ്ക്കുണ്ടായ പ്രധാന മാറ്റം, അതു പലപ്പോഴും സൃഷ്ടിക്കപ്പെട്ടത് കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സഹായത്താലായിരുന്നു എന്നതാണ്. ആയുധമില്ലാത്തവന്റെ നിസ്സഹായന്റെ, ദുര്‍ബലന്റെ പ്രതിഷേധം വെസ്റ് ബാങ്ക്, ബര്‍ലിന്‍, ടുണീഷ്യ, ഈജിപ്ത്, ലിബിയ, സിറിയ, സൌദി അറേബ്യ, വാള്‍സ്ട്രീറ്റു വഴി വളര്‍ന്ന് സോഷ്യല്‍ മീഡിയയുടെ ചുവരി (wall) ലേയ്ക്ക് വര്‍ദ്ധിത വീര്യത്തോടെ വന്നു നിറഞ്ഞുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കാലത്തിന്റെ സോഷ്യല്‍ മീഡിയ ഗ്രാഫിറ്റി ആയിരുന്നു. എന്നാല്‍ ആധുനിക കാലത്തെ സോഷ്യല്‍ മീഡിയ ഗ്രാഫിറ്റിയെ ചിറകിലേറ്റി പായുകയാണ്. തെരുവുകലയുടെ പകര്‍പ്പുകള്‍ക്കുപുറമേ കമ്പ്യൂട്ടറില്‍ നേരിട്ടു സൃഷ്ടിക്കുന്നവയും ലക്ഷകണക്കിനാണ് സംവേദനം ചെയ്യപ്പെടുന്നത്. ഇതിനെ ഗ്രാഫിറ്റിയെന്നു വിളിക്കാമോയെന്ന് കലാചരിത്രകാരന്‍മാര്‍ തീരുമാനിയ്ക്കട്ടെ.