സമൂഹ ചട്ടക്കൂടില്‍ നടന്നു പഠിച്ച അന്നുമുതല്‍ അവളെ പഠിപ്പിച്ചിത്, കൈപിടിച്ച് , തലതാഴ്ത്തി ശബ്ദമുയര്‍ത്താതെ ഒതുങ്ങി നടക്കാനാണ്. അതാണ് നല്ല പെണ്ണിന്റെ ലക്ഷണമത്രെ. പിന്നെയെല്ലാം അവളുടെ തന്നെ സുരക്ഷയെ ഓര്‍ത്താണ് എന്ന പല്ലവിയും. സുരക്ഷ !! എത്രകാലം ചെന്നാലും അവളെ തളച്ചിടാനുള്ള മന്ത്രം!! കൈപിടിച്ച് കൂടെ നടത്താന്‍ അച്ഛനോ ആങ്ങളയോ ഭര്‍ത്താവോ ഇല്ലെങ്കില്‍ നടക്കാന്‍ തുനിയരുത്, ആഭാസികളാകരുത്, സംസ്ക്കാരം മറക്കരുത്, പിന്നെയും എന്തൊക്കെയോ.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് അഥവാ സി.ഇ.ടി. എന്ന കേരളത്തിലെ മുന്‍നിര കലാലയം. മെറിറ്റു മാത്രമാണ് പ്രവേശനത്തിന്റെ മാനദണ്ഡം . 75 വര്‍ഷത്തെ പാരമ്പര്യമുള്ള സി.ഇ.റ്റി. ഒട്ടനവധി പ്രഗത്ഭരെയാണ് പൊതുലോകത്തിനു സംഭാവന ചെയ്തത്. . ഇതിലൊക്കെ ഉപരി കേരളത്തിലെ തന്നെ ആദ്യ വനിത എഞ്ചിനീയര്‍മാരെ സംഭാവന ചെയ്തതും സി.ഇ.റ്റി തന്നെ.
പിന്നിട്ട കലാലയത്തില്‍ സര്‍വ്വ മേഖലകളിലും മാറ്റങ്ങളുണ്ടായെങ്കിലും യാതൊരു മാറ്റവുമില്ലാതെ കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന നിയമമാണ് കോളേജ് ലേഡീസ് ഹോസ്റ്റലിലെ 6.30 എന്ന സമയപരിധി. പെണ്‍കുട്ടികളുടെ സുരക്ഷയോര്ത്തെന്ന വാദത്തോടെ സര്വ്വാംഗീകാരത്തോടെ ചെയ്തു പോന്ന ആചാരം, കുറച്ചുകൂടെ വളച്ചൊടിക്കല്‍ ഒഴിവാക്കിയാല്‍ , സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ മാര്‍ഗ്ഗം .
സി.ഇ.റ്റി. യില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ഭൂരിപക്ഷം ലേഡീസ് ഹോസ്റ്റലുകളുടെയും അവസ്ഥ ഇതുതന്നെയാണ്. വളര്‍ന്നുവന്ന ചുറ്റുപാടുകള്‍ക്കു നന്ദി, പല പെണ്‍കുട്ടികളും ഇന്നും തനിക്കു നിഷേധിക്കപ്പെടുന്ന തികച്ചും മൌലികമായ അവകാശങ്ങള്‍ കാണുന്ന പോലുമില്ല. തന്റെ ജീവിതം, എല്ലാ ഘട്ടത്തിലും ഏതെങ്കിലും സീമക്കുള്ളില്‍ ഒതുങ്ങിയിരിക്കൂ എന്ന് മനസ്സില്‍ ഊട്ടിഉറപ്പിച്ച പോലെ. ഇരുട്ടിന്റെ നിഴല്‍ വീണാല്‍ പരിഭ്രാന്തിയാകുന്ന ഓരോ പെണ്‍കുട്ടിയും നാളെയൊരു കെട്ടുറപ്പുള്ള സമൂഹത്തെ പടുത്തുയര്‍ത്തുന്നത് എങ്ങനെയാണ്? സ്വജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ പോകുന്നത് എങ്ങനെയാണ്? സംരക്ഷകര്‍ എത്രകാലം അവര്‍ക്കുചുറ്റും ഈ ചില്ലുകൂട് നിലനിര്‍ത്തും ?
സാമാന്യബോധമുള്ള ഏതൊരാളോടും ചോദിക്കാനുള്ള മറ്റു ചില ന്യായമായ സംശയങ്ങളുണ്ട്. കോളേജ് പരിസരം സുരക്ഷിതമല്ലെന്ന് കരുതി പെണ്‍കുട്ടികളെ അടച്ചിടുന്നത് ആ പ്രശ്നത്തിനുള്ള പരിഹാരമാകുന്നത് എങ്ങനെ .
സുരക്ഷിതമല്ലാത്ത പ്രദേശം വേണ്ടത്ര പട്രോളിങ്ങും കാവലും ശക്തിപ്പെടുത്തി സേഫ് സോണ്‍ ആക്കി മാറ്റുകയല്ലെ ശരിയായ രീതി.
ക്യാമ്പസിനെപ്പറ്റി സി.ഇ.റ്റി. പ്രിന്‍സിപ്പല്‍ എസ്. ഷീല പറഞ്ഞത് വൈകിട്ട് 6,7 ഒക്കെ കഴിഞ്ഞാല്‍ വളരെ അപകടം പിടിച്ച സ്ഥലമാണെന്നാണ്. ഒരു പക്ഷമെടുക്കുന്നതിനു മുന്‍പ് അറിയേണ്ട ചിലതുണ്ട്. എണ്‍പതോളം ഏക്കര്‍ വിസ്തീര്‍ണ്ണം വരുന്ന കോളേജ് കോമ്പൌണ്ടിന്റെ ഉള്ളില്‍ തന്നെയാണ് IISER ന്റെ തിരുവനന്തപുരം ശാഖ സ്ഥിതി ചെയ്യുന്നത്. കൌതുകം കൌതുകം ജനിപ്പിക്കുന്നതെന്തെന്നാല് പ്രിന്‍സിപ്പല്‍ അപകടകരം എന്ന് പറഞ്ഞ അതേ വഴിയിലൂടെയാണ് IISER ല്‍ പഠിക്കുന്ന ഇരുന്നൂറോളം പെണ്‍കുട്ടികള്‍ നിത്യം രാത്രിപകല്‍ ഭേദമന്യേ പഠനാര്‍ത്ഥം യാതൊരു ഭയവും കൂടാതെ സഞ്ചരിക്കുന്നത്. കഴുത്തിലെ ID CARD ന്റെ നിറം മാറുമ്പോള്‍ എങ്ങനെയാണ് അതേ സ്ഥലം ഞങ്ങള്‍ സി.ഇ.റ്റി. യിലെ പെണ് കുട്ടികള്‍ ക്ക് മാത്രം 6.30 കഴിഞ്ഞാല്‍ അപ്രാപ്യമാകുന്നത് ?
ഇതു പരിഗണിച്ചില്ലെങ്കിലും 6.30 ന് കോളേജിലെ എല്ലാ പെണ്‍കുട്ടികളും ഹോസ്റ്റലിനുള്ളില്‍ അടക്കപ്പെട്ട ശേഷം ലൈബ്രറി 8 മണി വരെയും കംമ്പ്യൂട്ടര്‍ സൌകര്യം 9 മണി വരെയും തുറന്നിടുന്നതിന്റെ ഉദ്ദേശം എന്താണ് ? ഡല്‍ഹി ബലാത്സംഗ കേസിലെ പ്രതിയും വക്കീലും പറഞ്ഞത് നമ്മുടെ സമൂഹത്തില്‍ പെണ്ണിന് സ്ഥാനമില്ലെന്നാണ്. അടിസ്ഥാനപരമായി വിശകലനം ചെയ്യുമ്പോള്‍ ഇതേ മനോഭാവം തന്നെയല്ലെ ഇവിടെയും ഉയര്‍ന്നു കാണപ്പെടുന്നത്. 6.30 ന് ശേഷം ആണ്‍കുട്ടികള്‍ക്കേ കോളേജ് സൌകര്യങ്ങള്‍ ഉപയോഗിക്കുവാനുള്ള അവകാശമുള്ളൂ, പെണ്ണേ നീ കയറിയിരിക്കേണ്ട സമയമായിരിക്കുന്നു എന്ന് . ഇതിലെയൊക്കെ പരിഹാസ്യത കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കാണു കഴിയുക.
പ്രൊജക്ട് ടൈം വരുമ്പോള്‍ പെണ്‍കുട്ടി ആയതുകൊണ്ട് എളുപ്പത്തില്‍ ചെയ്യാവുന്ന നിലവാരം കുറഞ്ഞ പ്രൊജക്ടുകള്‍ തന്ന് സഹായിക്കുന്നു, പെണ്ണായതിന്റെ സൌജന്യം. അപ്പുറമിരിക്കുന്ന ആണ്‍കുട്ടി ചെയ്ത അതേ പ്രൊജക്ട് ചെയ്യാന്‍ തക്ക കഴിവുള്ള ഞങ്ങള്‍ക്ക് എന്തിനാണീ സൌജന്യം ? ശാസ്ത്രം പഠിക്കാനാണു വന്നത്. . വേണ്ടത് സൌജന്യങ്ങളല്ല , അവകാശങ്ങളാണ്.
അവനു കിട്ടുന്ന തുല്യ അവസരം എനിക്കും വേണം എന്നു പറയാന്‍ പേടിക്കേണ്ടത് ആരെയാണ്. ന്യാസമായ അവകാശങ്ങള്‍ ക്ക് വേണ്ടി പോരാടുന്നവര്‍ നിങ്ങള്‍ക്കു തന്റേടിയാണെങ്കില്‍ , തല കുനിക്കാതെ ആരുടെയും കൈ പിടിക്കാതെ ഉറക്കെ തന്നെ പറയും, ഞങ്ങള്‍ തന്റേടികളാണ്. ഇനിയും സ്വപ്നങ്ങള്‍ കേവലമായ യാഥാസ്ഥിക ചട്ടക്കൂട്ടില്‍ ബലിയാടാക്കാന്‍ തയ്യാറല്ല. പൊരുതാന്‍ തയ്യാറാണ്. കാരണം ഔദാര്യമല്ല അവകാശമാണിവിടെ വിഷയം. അത് വ്യക്തിസ്വാതന്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ജെന്റര്‍ , സ്ത്രീയായതു കൊണ്ടു മാത്രം നിഷേധിക്കപ്പെടുന്ന പഠനാവകാശങ്ങള് നിരവധിയുണ്ട്. കാലം മാറിയിരിക്കുന്നു. രക്ഷാകര്‍ത്താക്കളുടെ ചിലവില്‍ പഠനം സാധ്യമാക്കുന്ന സമ്പ്രദായങ്ങള്‍ മാറിയിരിക്കുന്നു. ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളും ലിംഗഭേദമെന്യേ പാര്‍ട്ട് ടൈം ജോലിയിലൂടെ വിദ്യാഭ്യാസ ചിലവുകള്‍ നടത്തിപ്പോരുന്നവരാണ്. പെണ് കുട്ടികള്‍ക്കു മാത്രം ബാധകമാായ ഇത്തരം അപ്രഖ്യാപിത വിലക്കുകള്‍ അര്‍ത്ഥശൂന്യവും ജനാധിപത്യവിരുദ്ധവുമാണ്.
ആണ് – പെണ് ഭേദമെന്യേ / വിദ്യാര്‍ത്ഥി സംഘടനകളടക്കം എല്ലാവരും ബ്രേക്ക് ദി കര്‍ഫ്യൂ എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ഈ മുന്നേറ്റത്തിന് പിന്തുണയുമായുണ്ട്. ബന്ധപ്പെട്ട മുദ്രാവാക്യങ്ങളുയര്‍ത്തി നൂറുകണക്കിനു വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത സൈക്കിള്‍ റാലി നടന്നു. അക്കാദമിക സമൂഹത്തെ ആകെ അണിനിരന്ന തുടര്‍ സംവാദങ്ങള്‍ നടന്നുവരികയാണ്. സാമൂഹ്യ / ദൃശ്യ/ ശ്രവ്യ മാധ്യമങ്ങളിലടക്കം സംഘടിപ്പിക്കപ്പെടുന്ന അഭിപ്പ്രായ രൂപീകരണങ്ങള്‍ക്ക് വ്യാപകമായ പിന്തുണയാണ് ലഭ്യമാകുന്നത്. സി.ഇ.റ്റി യിലാരംഭം കൊണ്ട ഈ മുന്നേറ്റം വരും ദിവസങ്ങളില്‍ കേരളീയ ഹോസ്റ്റലുകളിലാകെ പടര്‍ന്നു പിദിക്കുമെന്നതില് സംശയമില്ല.
ജെന്റര്‍ മാത്രം മാനദണ്ഡമാകുന്ന വിവേചനങ്ങള്‍ക്കെതിരെ ; ന്യായമായ പഠനാവകാശങ്ങള്ക്കായ് സംഘടിപ്പിക്കപ്പെടുന്ന ഈ സാമൂഹ്യ മുന്നേറ്റത്തിന് താങ്കളുടെ ഉറച്ച പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കട്ടെ. അഭിപ്പ്രായം രേഖപ്പെടുത്തിയും പങ്കു വെച്ചും ഐക്യപ്പെടുമല്ലോ.