മിസ്റ്റര്‍. ശ്രീനിവാസന് ഞാന്‍ അജിത. ഞാനൊരു അംഗനവാടി വര്‍ക്കര്‍ ആണ്. വണ്ടൂര്‍ I C D S ല്‍ 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. 'ജപ്പാനിലൊക്കെ ചെറിയ കുട്ടികള്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. എന്നാന് ഇവിടെ അങ്ങിനെ ആണോ? അംഗന് വാടി എന്നൊക്കെ പറഞ്ഞിട്ട്. ഒരു വിദ്യഭ്യാസവുമില്ലാത്ത, വെറേ തൊഴിലൊന്നുമില്ലാത്ത കുറെ സ്ത്രീകള്‍, അവരുടെ സംസ്കാരമാണ് കുട്ടികള്‍ പഠിക്കുക.' എന്നൊരു തികച്ചും അധിക്ഷേപസ്വരത്തിലുള്ള പ്രസ്താവന താങ്കള്‍ ഒരു ചാനലിലെ അഭിമുഖത്തില്‍ പറയുന്നത് കേട്ടു. നിങ്ങളുടെ സിനിമകള്‍ ധാരാളം കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. ഓരോ സിനിമയിലെയും സാരോപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ താങ്കള്‍ എത്ര നല്ല മനസ്സിന്റെ ഉടമയാണ് എന്ന് കരുതിയിരുന്നു. ആ നിങ്ങളില്‍ നിന്ന് ഇതുപോലെ ഒരു അധിക്ഷേപം പ്രതീക്ഷിച്ചില്ല. താങ്കള്‍ക്ക് ഞങ്ങള്‍ അംഗനവാടി വര്‍ക്കര്‍മാരെ കുറിച്ച് എന്തറിയാം? നാളിതുവരെയായി ഏതെങ്കിലും ഒരു അങ്കണവാടി നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ? രാവിലെ 9.30 മുതല്‍ വൈകീട്ട് 4 .30 വരെയാണ് ഞങ്ങളുടെ പ്രവര്‍ത്തിസമയം. വീട്ടിലെ മുഴുവന്‍ ജോലികളും കഴിഞ്ഞു വേണം ഞങ്ങള്‍ക്ക് അംഗന്‍വാടിയിലെത്താന്‍. വീട്ടിലെ സ്ത്രീകളുടെ അധ്വാനഭാരം ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ .നിങ്ങള്‍ 'ചിന്താവിഷ്ടയായ ശ്യാമള'യില്‍ ഒക്കെ അത് നന്നായി അവതരിപ്പിച്ചിട്ടുണ്ടല്ലോ.
3 വയസ്സുമുതല്‍ ഉള്ള കുട്ടികളെയാണ് ഞങ്ങള്‍ പരിപാലിക്കുന്നത്. അത് എത്ര ശ്രമകരമായ ജോലിയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?എത്രമേല്‍ ശ്രദ്ധയും കരുതലും ആവശ്യമായ കാര്യമാണ് എന്നറിയാമോ? നിങ്ങള്‍ മൂന്നു കുട്ടികളുടെ പിതാവ് ആണെങ്കിലും ഇതൊന്നും നിങ്ങള്‍ക്ക് അറിയാന്‍ സാധ്യതയില്ല. കാരണം നിങ്ങള്‍ വളരെ തിരക്കുള്ള ഒരു കലാകാരനും സാമൂഹ്യപ്രവര്‍ത്തകനും ഒക്കെയാണല്ലോ.
1994 മുതല്‍ പല അങ്കണവാടികളിലും താല്കാലികമായി ജോലി നോക്കി 2007 ല്‍ മാത്രമാണ് ഞാന്‍ സ്ഥിരനിയമനം നേടുന്നത്. സ്ഥിരനിയമനം നേടിയ സന്തോഷത്തിടയിലും തോട്ടുപുറം അംഗനവാടി ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് എന്നെ സങ്കടപ്പെടുത്തി.നിലം സിമന്റുപോലും ഇടാത്ത , കറന്റോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കെട്ടിടം.(2019 ല്‍ ആണ് പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക താല്പര്യത്തില് കെട്ടിടം പൂര്‍ത്തിയാക്കിയത്). അപ്പോഴും അച്ഛനമ്മമാര്‍ അവരുടെ കുട്ടികളെ ഞങ്ങളുടെ അടുത്തേക്ക് അയച്ചു.അതിന് കാരണം എന്താണ് എന്നറിയുമോ? അവിടെ സൗകര്യങ്ങള്‍ കുറവാണു എങ്കിലും ഞങ്ങളുടെ അടുത്ത് അവരുടെ കുട്ടികള്‍ സുരക്ഷിതരാണ് എന്ന ഉറപ്പ് അവര്‍ക്ക് ഉണ്ടായിരുന്നു. അത് കുട്ടികളോടുള്ള ഞങ്ങളുടെ കരുതലിന്റെയുംപെരുമാറ്റത്തിന്റെയും അംഗീകാരമായാണ് ഞങ്ങള്‍ കാണുന്നത്.
ഓരോ മാസവും രണ്ടു തീമുകള്‍ അനുസരിച്ചു തീം ചാര്‍ട്ടും പഠനോപകാരണങ്ങളും നിര്‍മ്മിച്ച് കളികള്‍, പാട്ടുകള്‍, ചിത്രം വരക്കല്‍,എന്നിവയിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവും സര്‍ഗാത്മകവും ബുദ്ധിപരവുമായ വളര്‍ച്ചക്കുതകുന്ന തരത്തിലുള്ള അനൗപചാരിക വിദ്യാഭ്യാസമാണ് ഞങ്ങള്‍ നല്‍കുന്നത്. ഇതിനായി വകുപ്പുതലത്തില്‍ നിന്ന് കൃത്യമായി പരിശീലനങ്ങള്‍ ലഭിക്കുകയും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും സൂപ്പര്‍വൈസര്‍, ശിശുവികസന പദ്ധതി ഓഫീസര്‍ , പ്രോഗ്രാം ഓഫീസര്‍, ജില്ലാ ഓഫീസര്‍ എന്നിങ്ങനെ ഉദ്യോഗസ്ഥര്‍ ഉണ്ട്.
പ്രീ സ്കൂള്‍ പ്രവര്‍ത്തനം മാത്രമല്ല അങ്കണവാടികളില്‍ നടക്കുന്നത്.ഗര്‍ഭിണികള്‍,പാലൂട്ടുന്ന അമ്മമാര്‍,6 മാസം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുഞ്ഞുങ്ങള്‍ , കൗമാരപ്രായക്കാരായ കുട്ടികള്‍,പ്രായമായവര്‍ എന്നിവരെല്ലാം അങ്കണവാടിയുടെ ഗുണഭോക്താക്കള്‍ ആണ്.അവര്‍ക്കെല്ലാം കുത്തിവെപ്പുകള്‍, അനുപൂരകാഹാരം ബോധവല്ക്കരണക്ലാസ്സുകള് എന്നിവയെല്ലാം സമയബന്ധിതമായി നടപ്പിലാക്കുന്നു.അതിനെല്ലാം അതാതു മേഖലയിലെ വിദഗ്ധരെ വെച്ച് ഞങ്ങള്‍ക്ക് പരിശീലനം നല്‍കാറുണ്ട്.
ഈ ലോക്ക് ഡൗണ്‍ കാലത്തും ഞങ്ങള്‍ ഫോണ്‍ മുഖേനെ ഞങ്ങളുടെ ഏരിയയില്‍ ഉള്ള മുലയൂട്ടുന്ന അമ്മമാര്‍, 6 മാസം മുതല്‍ 3 വയസ്സ് വരെയുള്ള കുട്ടികള്‍, കൗമാരപ്രായക്കാര്‍, വയോജനങ്ങള്‍ എന്നിവരെ വിളിച്ചു അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവരുടെ ബുദ്ധിമുട്ടുകളും പ്രശ്ങ്ങളും കേള്‍ക്കുകയും മാനസികമായ പിന്തുണ നല്‍കുകയും ചെയ്യുന്നു.അങ്കണവാടികളില്‍ കുട്ടികള്‍ എത്തിക്കഴിഞ്ഞാല്‍ അവര്‍ക്കു ഞങ്ങള്‍ ടീച്ചര്‍ മാത്രമല്ല,അമ്മയും കളിക്കൂട്ടുകാരും കൂടിയായി ജീവിക്കുകയാണ് ഞങ്ങള്‍.നിങ്ങള്‍ പറഞ്ഞു ഞങ്ങളുടെ സംസ്കാരം ആണ് പഠിപ്പിക്കുന്നത്. അതെ ഞങ്ങളുടെ സംസ്കാരം തന്നെയാണ്; സ്നേഹത്തിന്റെയും കരുതലിന്റെയും കാരുണ്യത്തിന്റെയും സംസ്കാരം.
നിങ്ങള്‍ക്കറിയാമോ, ഞങ്ങളില്‍ കൂടുതലും സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നിന്നുവരുന്നവരാണ്.പലകുടുംബങ്ങളുടെയും നെടുംതൂണാണ്. 1994 ല്‍ ഞാന്‍ ജോലിക്ക് കയറുമ്പോള്‍ 400 രൂപയാണ് ഓണറേറിയം.ഇന്ന് 12000 രൂപയും.ഈ ചെറിയ തുക മാസവരുമാനം കൊണ്ട് ഒരു കുടുംബത്തെ പോറ്റുന്നതിലെ ബുദ്ധിമുട്ട് താങ്കള്‍ക്ക് മനസ്സിലാകുമോ? ഈയടുത്താണ് പെന്ഷന് പദ്ധതി നടപ്പിലാക്കിയത്. തുച്ഛമായ തുകയാണ്. മുന്‍പൊക്കെ പ്രായാധിക്യം കൊണ്ട് ജോലി ചെയ്യാന്‍ ആകാതെ നിര്‍ത്തിപോകേണ്ടി വരുന്നവര്‍ ഇനി എങ്ങനെ ജീവിക്കും എന്നറിയാതെ കണ്ണീരോടെ ഇറങ്ങിപോകുന്നത് എത്രയോ ഞങ്ങള്‍ കണ്ടു. അസുഖം വന്നാല്‍ ചികിത്സക്ക് പോലും വകയില്ലാതെ വലയുന്നവര്‍ ഞങ്ങളില്‍ ധാരാളമുണ്ട്. നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ഇമ്മാതിരി അധിക്ഷേപം നടത്തുന്നത്? ഞാനൊന്നു ചോദിക്കട്ടെ ,നിങ്ങള്‍ സംസ്കാരത്തെ കുറിച്ച് സംസാരിച്ചുവല്ലോ. നന്നായി അധ്വാനിച്ചു ജീവിക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നതാണോ നിങ്ങടെ സംസ്കാരം? നിങ്ങളുടെ വിദ്യാഭ്യാസം നിങ്ങളെ ഇങ്ങനെ ചിന്തിപ്പിക്കുന്ന ഒരാളാക്കിയാണ് മാറ്റിയതെങ്കില്‍ വിദ്യാഭ്യാസം കുറഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളെ അധിക്ഷേപിച്ചതിനു നിങ്ങള്‍ മാപ്പ് പറയണം.
(Ajitha V. ,Anganwadi centre no.33,Thottupuram,Wandoor, Malappuram)