ഭക്ഷണം , വസ്ത്രം , ആചാരാനുഷ്ടാനങ്ങള്‍ തുടങ്ങി വ്യക്തിഗതമായ തിരഞ്ഞെടുപ്പുകള്‍ക്കു മേല്‍സംഘടിതമായി ആസൂത്രണം ചെയ്യപ്പെടുന്ന അടിച്ചേപ്പിക്കലുകള്‍ക്കെല്ലാം ചരിത്രപരമായ പഴക്കമുണ്ട്. ഭരണകൂടം , മതം , പുരുഷ കേന്ദ്രീകൃത അധികാര ഘടന ഇവയെല്ലാം ദുര്‍ബലരുടെ ഭൂരിപക്ഷത്തെ ഇംഗിതാനുസരണം നിലയ്ക്കു നിര്‍ത്താന്‍ ചട്ടങ്ങള്‍ ചിട്ടപ്പെടുത്താറുണ്ട്. നിലപാടുകളില്‍വിട്ടുവീഴ്ച്ച ചെയ്യാത്തവരെയവര്‍ ഭയപ്പെടുത്തി കീഴ്പ്പെടുത്തും. ഒരുനിലയിലും സമരസത്തിനു വിധേയമാകാത്തവരെ തുരുതുരെ കൊന്നൊടുക്കും.ഗാന്ധിജി, നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രൊഫ. എം .എം കല്‍ബുര്‍ഗി തുടങ്ങി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡറിന്റെ ആദ്യ രക്തസാക്ഷി ഹൈദ്രബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല വരെ പട്ടിക നീളുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാഷ്ട്രീയ രൂപമായ രാഷ്ട്രീയ സ്വയം സേവക്ക് സംഘിന്റെയും (ആര്‍.എസ്.എസ് ) ഹിന്ദു മഹാസഭയുടേയും നേതാവായിരുന്ന നാഥുറാം വിനായക് ഗോഡ്സെയും നാരായണ്‍ ആപ്തെയും ചേര്‍ന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പ്രാര്‍ത്ഥനാ വേളയില്‍പോയിന്റ് ബ്ലാങ്ക് തോക്കുപയോഗിച്ച് അരുംകൊല ചെയ്തത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ഉജ്വലപോരാട്ടങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ച നരേന്ദ്ര ധാബോല്‍ക്കറെ മതവാദികള്‍ വെടിയുതിര്‍ത്ത് കൊലചെയ്യുകയായിരുന്നു.
സാംസ്കാരിക രംഗത്തെ പ്രമുഖനായിരുന്ന ഗോവിന്ദ് പന്‍സാരെ ഫെബ്രുവരി 16 നു ഖോലാപൂരില്‍ഭാര്യ ഉമാദേവിയ്ക്കൊപ്പമുള്ള സവാരിക്കിടയിലാണ് വെടിയേറ്റു കൊലചെയ്യപ്പെടുന്നത്. ഗാന്ധിഘാതകന്‍ നാഥുറാം വിനായക് ഗോഡ്സയെ വാഴ്ത്തിപ്പാടുന്ന സംഘ് പരിവാരങ്ങളോടുള്ള കനത്ത വിയോജിപ്പ് പ്രകടിപ്പിച്ച് അദ്ദേഹം ജനുവരിയില്‍ഖോലാപൂരിലെ ശിവാജി സര്‍വ്വകലാശാലയില്‍നടത്തിയ പ്രസംഗമാണ് ഹിന്ദുത്വ മതമൗലികവാദികളുടെ ഹിന്ദി പതിപ്പുകളിലൊന്നായ സനാതാന്‍ സന്‍സ്ഥയുടെ വൈരത്തിനു കാരണമാക്കിയത്. ‘ധാബോള്‍ക്കര്‍ക്ക് സംഭവിച്ച വിധിയെ നിങ്ങളും ഉടനെ കാണും എന്ന നിലയില്‍എഴുതപ്പെട്ട ഭീഷണിക്കത്ത് ലഭ്യമായ ഉടനെയാണ് അരുംകൊല നടന്നത്. കന്നഡ സാഹിത്യപണ്ഡിതരില്‍പ്രമുഖനും സര്‍വ്വകലാശാല വൈസ് ചാന്‍സിലറും പുരോഗമന പക്ഷത്തെ ഉറച്ച ശബ്ദവുമായിരുന്ന പ്രൊഫ. എം എം കല്‍ബുര്‍ഗി ക്രൂരമായി കൊലചെയ്യപ്പെട്ടതും സമാന കാലയളവിലായിരുന്നു. ഹിന്ദു മതത്തിലെ ബിംബാരാധനയടക്കമുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരായ ശക്തമായ നിലപാട് അദ്ദേഹത്തെയും ഹിന്ദു മതമൗലികവാദികളുടെ കണ്ണിലെ കരടാക്കിമാറ്റി.
പ്രമുഖ കന്നട സാഹിത്യകാരനും നിരീശ്വരവാദിയും വിഖ്യാത രാജ്യോത്സവ / കുവെംപു / ലോകായത പുരസ്ക്കാര ജേതാവും ചിന്തകനും വില്ല്യം ഷേക്സ്പിയര്‍ കൃതികള്‍; ‘ജൂലിയസ് സീസര്‍ , ഹാംലെറ്റ് എന്നിവയടക്കമുള്ളവയുടെ പരിഭാഷകനുമായ പ്രൊഫ. കെ എസ് ഭഗവാന്‍ സംഘപരിവാര്‍ വധാഭീഷണിയ്ക്ക് വിധേയനായി തോക്കുധാരികളായ പോലീസ് അംഗരക്ഷകരുടെ അകമ്പടിയില്‍ജീവിതം നയിക്കേണ്ടി വരുന്നതും നരേന്ദ്ര മോഡി സര്‍ക്കാര്‍ രാഷ്ട്രീയാധികാരത്തില്‍തുടരുമ്പോഴല്ലാതെ മറ്റൊന്നാകുന്നില്ല. ഹിന്ദു വേദപ്രമാണം ഭഗവദ്ഗീതയിലെ ഒന്‍പതാം അധ്യായം സ്ത്രീകള്‍, വൈശ്യര്‍, ശുദ്രര്‍ എന്നിവരെ പാപികളായി പ്രഖ്യാപിയ്ക്കുന്നതിനെതിരെ ഒരു പൊതു ചടങ്ങില്‍നടത്തിയ പ്രസംഗമാണ് അദ്ദേഹത്തിനു മേല്‍വധഭീഷണിയുയരുന്നതിനു കാരണമായത്. പ്രൊഫ. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തോടനുബന്ധമായി ഹിന്ദുമത മൗലികവാദ സംഘടനയായ ബജ്രംഗ് ദള്‍ നേതാവ് ഭുവിത്ത് ഷെട്ടി തന്റെ റ്റ്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രൊഫ. കെ എസ് ഭഗവാനാണ് തങ്ങളുടെ അടുത്ത ഉന്നം എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
സംവിധായകയും കവത്രിയുമായ ചേതന തീര്‍ത്ഥനഹള്ളിയെ ബലാത്സംഗം ചെയ്യുമെന്നും ആസിഡ് ആക്ക്രമണത്തിനു വിധേയമാക്കുമെന്നും ഹിന്ദുത്വ തീവ്രവാദികള്‍ ഭീഷണി മുഴക്കിയത് സാമൂഹ്യ ശൃംഖലകളിലൂടെയായിരുന്നു. രാജ്യമാസകലം മാംസോപയോഗത്തിനെതിരെ (ബീഫ് നിരോധനമടക്കം ) സംഘ് പരിവാര്‍ നടപ്പിലാക്കുന്ന നിര്‍ബന്ധിത ഫത്വവകള്‍ക്കും അയിത്താചരണം അടക്കമുള്ള ഹിന്ദു മതത്തിലെ ദുരാചാരങ്ങള്‍ക്കുമെതിരെ നിലപാടെടുത്തതിന്റെ ഭാഗമായായിരൂന്നു ഭീഷണി. ജേണലിസം വിദ്യാര്‍ത്ഥിയും യുവകവിയുമായ മധ്യകര്‍ണ്ണാടകത്തിലെ ഇരുപത്തിമൂന്നുകാരന്‍ ഹുച്ചുംഗി പ്രസാദ് ക്രൂരമായി ആക്ക്രമിക്കപ്പെടുന്നതും ഇക്കാലയളവിലാണ്. ഹിന്ദു മതത്തിലെ അയിത്താചരണമടക്കമുള്ള അനാചാരങ്ങള്‍ക്കെതിരായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തതിന്റെ ഭാഗമായിരുന്നു ആക്ക്രമണം.
അമ്മ ഹൃദയാഘാതത്താല്‍ആശുപത്രിയിലാണെന്നു തെറ്റിദ്ധരിപ്പിച്ച് ഹോസ്റ്റലില്‍നിന്നും കൂട്ടിക്കൊണ്ടുപോയ അപരിചിതന്‍ ഒരു സംഘത്തിന്റെ നേതൃത്വത്തില്‍വിരലുകള്‍ ആയുധമുപയോഗിച്ച് മുറിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എഴുതരുതെന്നും മിണ്ടരുതെന്നുമായിരുന്നു അവരുടെ ആവശ്യം ! പോലീസ് ഐ പി സി 307 പ്രകാരം വധശ്രമത്തിനും പട്ടികജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധന ചട്ടം 1989 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍നാളിതുവരെയും പ്രതികളെ പിടികൂടാനായിട്ടില്ല. എം എഫ് ഹുസ്സൈന്‍, ഗുലാം അലി, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഹബീബ് തന്‍വീര്‍, എം എം ബഷീര്‍, യു ആര്‍ അനന്തമൂര്‍ത്തി, ഗിരീഷ് കര്‍ണാട്, പെരുമാള്‍ മുരുകന്‍, ദീപ മേത്ത, ആനന്ദ് പട്വര്‍ദ്ധന്‍ തുടങ്ങി രാജ്യത്തെ ധൈഷണിക സമ്പത്തിനെയാകെ വിവിധ നിലകളിലാണ് ആര്‍ എസ് എസ് ‘കൈകാര്യം’ ചെയ്യുന്നത്.
മാധ്യമ സ്വാതന്ത്യം മൂര്‍ദ്ദാബാദ്
മറ്റേതിടങ്ങളിലുമെന്നതുപോലെ മാധ്യമ സ്വാതന്ത്രത്തിനു മേലും സംഘപരിവാരം ഫാസിസം നടപ്പിലാക്കാനാരംഭിച്ചിരിക്കുകയാണ്. ഭിന്ന ലിംഗര്‍ / പെണ്‍ / ആണ്‍ ഭേദമെന്യേ കേരളത്തിലും മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അസഹിഷ്ണുതക്കെതിരെ അഭിപ്പ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ ആക്ക്രമിക്കപ്പെടുകയാണ്. പ്രമുഖ മലയാളം ന്യൂസ് ചാനല്‍ഏഷ്യാനെറ്റിലെ ‘ന്യൂസ് അവര്‍’ എന്ന ചര്‍ച്ചാ പരിപാടിയില്‍ ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് മാനുഷിക വിഭവ വികസന വകുപ്പു മന്ത്രി സ്മൃതി സുബിന്‍ ഇറാനി പാര്‍ലമെന്റില്‍നടത്തിയ പ്രസംഗത്തിന്മേല്‍ചര്‍ച്ചയുടെ ഭാഗമായി വിയോജിപ്പുകള്‍ രേഖപ്പെടുത്തിയ ഏഷ്യാനെറ്റ് കോ ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ആര്‍. എസ്. എസ് – ശ്രീരാമ സേന , ബി.എം.എസ് പ്രവര്‍ത്തകര്‍ പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നു . രണ്ടായിരത്തിലധികം വരുന്ന ഫോണ്‍ സന്ദേശങ്ങളാണ് ഈ രൂപത്തില്‍സിന്ധുവിലേക്കെത്തിയത്.
സംഘധ്വനി – വാട്ട്സ് അപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചത്
Sanga Dhwani എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പില്‍നിന്നാണ് ഫോണ്‍ നമ്പര്‍ പങ്കു വെയ്ക്കപ്പെട്ടതെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചിട്ടുണ്ട്. അനുബന്ധമെന്നോണം ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി ‘അനുവാദം ലഭിച്ചാല്‍” സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമായിരുന്നുവെന്ന ‘നയ’ പ്രഖ്യാപനവും ബഹുസ്വരതയുടേതായ സാംസ്ക്കാരിക പ്രബുദ്ധതയ്ക്കു മേല്‍‘തളംകെട്ടിക്കിടപ്പുണ്ട്. സിന്ധു സൂര്യകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍സെക്ഷന്‍ 500, 501, 509, 354 എ : ഐ.പി.സി, സെക്ഷന്‍ 120(o) കേരള പോലീസ് ആക്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സമ്പൂര്‍ണ്ണ സാക്ഷരതയുടെ കരുത്തില്‍മാധ്യമ സ്വാതന്ത്രത്തിന്റെ കേസരി ബാലകൃഷ്ണപിള്ള പാരമ്പര്യത്തില്‍ആത്മാഭിമാനം കൊള്ളുന്ന കേരളത്തില്‍, പത്ര – ദൃശ്യ മാധ്യമങ്ങളാണ് അഭിപ്രായ – ആത്മാവിഷ്ക്കാര സ്വാതന്ത്രങ്ങളുടെ പേരില്‍സംഘപരിവാറില്‍നിന്നും ഈ വിധം വെല്ലുവിളികള്‍ നേരിടാന്‍ ആരംഭിക്കുന്നതെങ്കില്‍സമാനമോ അതിലും ഭീതിതാമോ ആയ തിട്ടൂരങ്ങള്‍ സോഷ്യല്‍മീഡിയയ്ക്കു മേലും അടിച്ചേല്‍പ്പിയ്ക്കപ്പെടുന്ന കാലം മലയാളിയെ കാത്തിരിക്കുകയാണ്.
ബീഫു തിന്നുന്നോരെ തല്ലും
കാലി മേയ്ക്കുന്നോരെ കൊല്ലും
“Then it means we have to forego our self-respect. In the name of tolerance are we to let our sentiments and feelings be trampled?”
ആര്‍. എസ്. എസ് ആശയ സംഹിത വിചാരധാരയില്‍ എം എസ് ഗോള്‍വല്‍ക്കര്‍ ഗോവധം , ബീഫിന്റെ ഉപയോഗം എന്നിവകളെ സംബന്ധിച്ച് ഒരു പ്രത്യേക അനുബന്ധമാകെ വിവരിച്ചിട്ടുണ്ട്. മാനസിക അടിമത്തമായാണ് എം എസ് ഗോള്‍വല്‍ക്കര്‍ സൂചിത വിഷയങ്ങളെ പരാമര്‍ശിച്ചത്. പൗരാണിക ഇന്ത്യക്കാര്‍ ബീഫ് കഴിച്ചിരുന്നു എന്ന ചരിത്രസത്യത്തെ അദ്ദേഹം നിഷേധിക്കുകയും ചെയ്തുപോന്നു. ഇന്ത്യയിലെ ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ നിന്ദിക്കുന്നതിനുള്ള ഉപാധികളിലൊന്നായാണ് വിചാരധാര മാംസാഹാര ശീലത്തെ നിര്‍വ്വചിച്ചത്. സഹിഷ്ണുതയെന്ന സംസ്കാരത്തിന്റെ സാമാന്യാര്‍തഥത്തോട് ഗോള്‍വള്‍ക്കര്‍ നിര്‍ദ്ദാക്ഷണ്യം വിയോജിക്കുന്നു.
പശുവിറച്ചി ഉപയോഗിക്കുന്നു എന്ന പേരില്‍സംഘപരിവാര്‍ സംഘം 2015 സെപ്തംബര്‍ 30 ന് വീട്ടിനുള്ളില്‍അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ ദാദ്രിയിലെ കര്‍ഷകന്‍ മുഹമ്മദ് ഇഖ്ലാഖ്, ഭീകരമായി ആക്ക്രമിക്കപ്പെട്ട അദ്ദേഹത്തിന്റെ ഇരുപത്തിരണ്ടുകാരനായ മകന്‍ ഡാനിഷ് എന്നിവര്‍ രാജ്യത്ത് ആര്‍. എസ്. എസ് ഭരണകൂടം മതന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്നതിന്റെ ഭയാശങ്കകളുയര്‍ത്തുന്ന ഉദാഹരണങ്ങളിലൊന്നു മാത്രമാണ്. 2016 ല്‍ജാര്‍ഖണ്ഡിലെ ഛബ്ബര്‍ ഗ്രാമത്തില്‍മരിക്കും വരെ തല്ലി മരത്തില്‍കെട്ടിത്തൂക്കപ്പെട്ട കന്നുകാലി കച്ചവടക്കാരായ മുഹമ്മദ് മജ്ലൂം (35), ആസാദ് ഖാന്‍ എന്ന ഇബ്രാഹിം (15) എന്നിവരുടെ കൊലപാതകത്തിനു പിന്നില്‍കന്നുകാലി സംരക്ഷണ ജാഗരൂപ സേനയുടെ നേതാക്കന്മാരായ മിതിലേഷ് പ്രസാദ് സാഹു എന്ന ബണ്‍ടി, പ്രമോദ് കുമാര്‍ സാഹു, മനോജ് കുമാര്‍ സാഹു, അവ്ദേശ് സാഹു, മനോജ് സാഹു എന്നിവരാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍വെളിപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സ്വയം സേവക്ക് സംഘിന്റെ മുഖപ്പതിപ്പായ പാഞ്ചജന്യം ദാദ്രി സംഭവത്തെ വേദങ്ങളുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തിയത്. ‘ഗോവധം നടത്തുന്നവരെ കൊല ചെയ്യാന്‍ വേദങ്ങള്‍ അനുശാസിക്കുന്നുവത്രേ’ !.ദാദ്രിയില്‍കേവലം ഊപാഹോപങ്ങളുടെ അടിസ്ഥാനത്തില്‍മതമൗലികവാദികള്‍ കൊല ചെയ്ത മുഹമ്മദ് ഇഖ്ലാഖിന്റെ വസതിയിലെ ഫ്രിഡ്ജില്‍ഗോമാംസം കണ്ടെത്താനായില്ലെന്ന് പോലീസിന്റെ തുടരന്വേഷണത്തില്‍വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ആര്‍.എസ്.എസ് മുഖമാസിക പറയുന്നത്
ആര്‍.എസ്.എസ് മുഖമാസിക പാഞ്ചജന്യം പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഗോവധം സംബന്ധിച്ച സംഘടനയുടെ നിലപാട് കര്‍ക്കശമായി അവതരിപ്പിക്കുന്നു. ഗോവധം ചെയ്യുന്ന പാപികളെ വധിക്കാന്‍ വേദങ്ങള്‍ ആഹ്വാനം ചെയ്യന്നതായി പറഞ്ഞു വെയ്ക്കുന്ന തുഫൈല്‍ ചതുര്‍വേദിയുടെ ലേഖനം ആര്‍.എസ്.എസ് നിലപാടുകളെ കൃത്യമായി സാധൂകരിക്കുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്നു.
ആശയപരമായി ഗോവധത്തെ എതിര്‍ക്കുമ്പോഴും ബി.ജെ.പി നേതൃത്വം നല്‍കുന്ന ഗുജറാത്തില്‍സംഘപരിവാര്‍ ഉന്നതനേതാക്കള്‍ ബി ജെ പിയുടെ ഔദ്യോഗിക വാഹനത്തില്‍ പശുവിറച്ചി കടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത് സംഘപരിവാറിന്റെ ഇരട്ടമുഖത്തെ അനാവൃതമാക്കുന്നു. തിരഞ്ഞെടുപ്പ് മാത്രം ലാക്കാക്കി മതവികാരം ഉയര്‍ത്തുന്നതിന് സംഘപരിവാര്‍ നടത്തുന്ന ഗോവധ സംരക്ഷണ നാടകങ്ങള്‍ നിരന്തരം തകര്‍ന്നു വീഴുന്ന അനുഭവങ്ങളാണ് മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നും അനുബന്ധമായ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. 150 പശുക്കളേയും കിടാക്കളേയും കശാപ്പിനായി കടത്തുന്നതിനിടെ ബി ജെ പി യുടെ ഗോസംരക്ഷണ സമിതിയുടെ ജില്ലാ കണ്‍വീനര്‍ വിപിന്‍ ബിലൗഹ പോലീസ് പിടിയിലാകുകയായിരുന്നു.
ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കി വിചാരധാരാനുസരണം ഭക്ഷണശീലങ്ങള്‍ക്കുമേലടക്കം ഗോള്‍വല്‍ക്കറിസം നടപ്പിലാക്കാന്‍ സംഘപരിവാര്‍ മത്സരിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ആറ് ബീഫ് ഉത്പ്പാദകരില്‍നാലു പേരും ഹിന്ദുക്കളാണെന്ന പരമാര്‍ത്ഥം പല്ലിളിച്ചു കാട്ടുന്നു.
വിശദാംശങ്ങള്‍ ചുവടെ :
1) Al-Kabeer Exports Pvt. Ltd.
Owner’s name: Mr. Shatish &Mr. Atul Sabharwal
92, Jolly makers, Chembur Mumbai 400021
2) Arabian Exports Pvt.Ltd.
Owner’s name: Mr.Sunil Kapoor
Russian Mansions, Overseas, Mumbai 400001
3) M.K.R Frozen Food Exports Pvt. Ltd.
Owner’s name Mr. Madan Abott.
MG road, Janpath, New Delhi 110001
4) P.M.L Industries Pvt. Ltd.
Owner’s name: Mr. A.S Bindra
S.C.O 62-63 Sector -34-A, Chandigarh 160022
ബീഫ് വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ഭാരതീയ ജനതാ പാര്‍ട്ടി എം എല്‍എ യും മുസാഫിര്‍ നഗര്‍ കലാപത്തിലെ മുഖ്യപ്രതികളിലൊരാളുമായ സംഗീത് സിങ്ങ് സോം ഇന്ത്യയിലെ മുന്‍നിര ഹലാല്‍ബീഫ് കയറ്റുമതികമ്പനിയായ Al-Dua യുടെ ഉടമസ്ഥരിലൊരാളാണെത് രേഖകളിലൂടെ വ്യക്തമാക്കുന്നു.
കെട്ടിയിട്ട് തല്ലുന്ന വിധം
2016 ജൂലൈ 11 ന് ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ദലിത് വിഭാഗത്തിലെ നാലു ചെറുപ്പക്കാരെയാണ് ഗോസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ആക്രമിച്ചത്. പൊതുനിരത്തില്‍നിര്‍ത്തിയിട്ടിരുന്ന കാറില്‍ഇവരെ ബന്ധിച്ച ശേഷം ഇരുമ്പു ദണ്ഡുകളാല്‍നിര്‍ദാക്ഷിണ്യം മര്‍ദ്ദിക്കുകയായിരുന്നു. ഉന താലൂക്കിലെ മോട്ട സമദിയാര ഗ്രാമവാസികളായ ചെറുപ്പക്കാരെയാണ് ചത്ത പശുവിന്റെ തോല്‍പൊളിക്കുന്നതിനിടെ കൈകാര്യം ചെയ്തത്.
ഇതോടനുബന്ധിച്ച് സംസ്ഥാനമാകെ പ്രതിഷേധങ്ങള്‍ ആഞ്ഞടിക്കുകയാണ്. എഴു യുവാക്കള്‍ വ്യാഴം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിനു പുറമേ മൂന്നു പേരാണ് ആത്മാഹുതിയ്ക്കു ശ്രമിച്ചത്. കേരളത്തിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. പേരാമ്പ്രയില്‍ പോത്തുകളെ കൊണ്ടുപോയ വണ്ടിക്കും ഒപ്പമുണ്ടായവര്‍ക്കും നേരെ സംഘപരിവാര്‍ ആക്രമണമുണ്ടായി. അക്രമിയെ പിടികൂടിയപ്പോള്‍ പൊലീസ് സ്റ്റേഷനുനേരെയാണ് ആര്‍എസ്എസ് തിരിഞ്ഞത്.
ബീഫ് കൈവശം വെച്ചു എന്ന പേരില്‍മധ്യപ്രദേശില്‍ മുസ്ലിം വിഭാഗത്തിലെ സ്ത്രീകളെയാണ് ഗോസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തല്ലിച്ചതച്ചത്. ജൗറയിലേക്കുള്ള യാത്രാ മദ്ധ്യേ മന്ദ്സോര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. അതിക്രമത്തിന്റെ വീഡിയോ ദൃശ്യം സാമൂഹ്യശ്രുംഖലകളില്‍വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പോലീസ് നടത്തിയ പരിശോധനയില്‍കൈവശം സൂക്ഷിച്ചിരുന്നത് പോത്തിറച്ചിയാണെന്ന് തെളിഞ്ഞിട്ടും കോട്വാലി പോലീസ് ഇരുവര്‍ക്കുമെതിരെ ഗോവധനിരോധന നിയമപ്രകാരം കേസെടുത്തിരിക്കുകയാണ്. കോടതി മൃഗങ്ങളോടുള്ള ക്രൂരത തടയല്‍നിയമപ്രകാരം സ്ത്രീകളെ റിമാന്റ് ചെയ്‌തെങ്കിലും അതിക്രമം കാട്ടിയവര്‍ക്കെതിരെ ഒരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല.
ഗോവധ സംരക്ഷണ സമിതി അഥവാ ഗുണ്ടായിസം
ഗോവധ നിരോധനത്തിന്റെ മറവില്‍ രാജ്യമാകെ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ സംഘപരിവാര്‍ ആക്രമണങ്ങള്‍ ശക്തമാകുകയാണ്. ആര്‍ എസ് എസ്സിന്റെ സവര്‍ണ്ണ പ്രത്യയശാസ്ത്രം നടപ്പില്‍വരുത്തുന്നതിനായി ഗോവധ സംരക്ഷണ സമിതികള്‍ എന്ന പേരില്‍സജ്ജമാക്കിട്ടുള്ള ക്രിമിനല്‍സംഘനങ്ങളെ നിരോധിക്കുകയും നിയമാനുസൃതം വിചാരണയ്ക്കു വിധേയമാക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഇതിനുള്ള അടിയന്തിര പരിഹാരം. കന്നുകാലി വ്യാപാരം ചത്തകാലികളുടെ തോലുരിച്ചുള്ള ഉപജീവനം എന്നിവകളിലൂടെ നിത്യവൃത്തി കണ്ടെത്തുന്ന രാജ്യത്തെ ദളിതരേയും മുസ്ളിങ്ങളേയും സാമ്പത്തികമായി തകര്‍ക്കുന്നതിനുള്ള തന്ത്രപരമായ നയമാണ് മതവിശ്വാസമെന്ന പേരില്‍ സംഘപരിവാര്‍ ഒളിച്ചു കടത്തുന്നത്.
2016 ജൂലൈ 15 ന് ഉത്തര്‍പ്രദേശ് പോലീസ് 2015 സെപ്തംബര്‍ 30 ന് പശുവിറച്ചി ഉപയോഗിക്കുന്നു എന്ന പേരില്‍സംഘപരിവാര്‍ സംഘംവീട്ടിനുള്ളില്‍അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ ദാദ്രിയിലെ കര്‍ഷകന്‍ മുഹമ്മദ് ഇഖ്ലാഖ്, ഭീകരമായി ആക്ക്രമിക്കപ്പെട്ട അദ്ദേഹത്തിന്റെ ഇരുപത്തിരണ്ടുകാരനായ മകന്‍ ഡാനിഷ്, മകള്‍ ശൈസ്റ്റ , അമ്മ അസ്ഗരി, ഭാര്യ ഇക്രമാന്‍, സഹോദരന്‍ ജാന്‍ മുഹമ്മദ് , നാത്തൂന്‍ സോനാ എന്നിവരടക്കമുള്ള കുടുംബാഗങ്ങള്‍ക്കെതിരെ പശുവിനെ കശാപ്പുചെയ്തു എന്ന കുറ്റം ചുമത്തി 1995 ലെ ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമത്തിലെ വകുപ്പുകള്‍ 3 ,8 എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 7 വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ചുമത്താവുന്ന വകുപ്പുകളാണ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. അഖ്ലാഖ് വധക്കേസില്‍പ്രധാന പ്രതികളായ പ്രാദേശിക ബി ജെ പി നേതാവിന്റെ മകന്‍ വിശാലും ബന്ധു ശിവവും അടക്കമുള്ളവരുടെ 18 പേരുടെ വിചാരണ ആരംഭിക്കാനിരിക്കെയാണ് വീട്ടിലെ ഫ്രിഡ്ജില്‍ആട്ടിറച്ചിറച്ചിയായിരുന്നു എന്ന കണ്ടെത്തലിനെ മറികടക്കുന്നതിനായി പുതിയ സംഭവങ്ങളും സാക്ഷികളും സംഘപരിവാര്‍ സംഘടിപ്പിക്കുന്നത്. ദില്ലിയിലെ കേരളാ ഹൌസില്‍ വി എച്ച് പിയുടെ പരാതി പ്രകാരം ബീഫ് വിഭവങ്ങളുടെ വിൽപ്പന തടയുന്നതുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് നടത്തിയ അനധികൃത റെയ്‌ഡ് പൗരാവകാശങ്ങളുടെ നിഷേധമല്ലാതെ മറ്റൊന്നുമാകുന്നില്ല.
'അപരിചിതരെ’ അപ്രസക്തമാക്കല്‍
ഭൂമി – അധികാരം എന്നിവയുമായി ബന്ധപ്പെട്ട ഉടമസ്ഥതകള്‍ ഓര്‍മ്മിപ്പിക്കുന്നതിനും ഉറപ്പിക്കുന്നതിനുമെല്ലാമായി മനുഷ്യര്‍ ജീവജാലങ്ങള്‍ക്കുമേല്‍ അലങ്കാരങ്ങള്‍ ചാര്‍ത്തിക്കൊടുക്കാറുണ്ട് (ദേശീയ പക്ഷി / മൃഗം). മതവര്‍ഗ്ഗീയതയെ ഊട്ടിയുറപ്പിച്ച് സാമാന്യവത്ക്കരിക്കുന്നതിനായി സംഘപരിവാര്‍ പ്രയോജനപ്പെടുത്തുന്ന ‘പശുവും’ ഇത്തരം ആലങ്കാരികമായി അടിച്ചേല്‍പ്പിക്കലിന്റെ പ്രതിക്ഷോദാഹരണമാണ്. എത്ര വേഗത്തിലാണ് പശു ഗോമാതാവായത്.
ന്യൂനപക്ഷ – ദലിത് വിഭാഗങ്ങളിലെ വലിയൊരു വിഭാഗം തങ്ങളുടെ ഉപജീവനം കണ്ടെത്തുന്നത് ഇറച്ചി വ്യാപാരം / മാടുകളുടെ തൊലിയുരിച്ചുള്ള കച്ചവടം എന്നിവകളിലൂടെയാണ്. സംഘപരിവാര്‍ ലക്ഷ്യപദ്ധതി രാമരാജ്യത്തില്‍സൂചിത വിഭാഗങ്ങള്‍ പെടില്ലാത്തതിനാല്‍തന്നെ ‘അപരിചിതരെ’ അപ്രസക്തമാക്കാന്‍ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തേണ്ടതുണ്ട്. ഗുജറാത്തില്‍വിശേഷിച്ചും രാജ്യമാസകലം പൊതുവിലും നടന്നു വരുന്നതും മറ്റൊന്നല്ല. ഗോമാതാവിന്റെ നാമധേയത്തില്‍സംഘപരിവാര്‍ ഗുജറാത്തില്‍നടത്തുന്ന മനുഷ്യ വേട്ട മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കുന്ന വിചാരധാരയുടെ ഉള്ളടക്കമാണ് വെളിച്ചപ്പെടുത്തുന്നത്. കേരളത്തിലടക്കം സംഘപരിവാറിനനുകൂലമായി നിലപാടെടുക്കുന്ന ബന്ധപ്പെട്ട വിഭാഗങ്ങളിലെ മനുഷ്യര്‍ക്ക് ആനുകാലിക സംഭവവികാസങ്ങള്‍ രാഷ്ട്രീയാവബോധം പകരാതിരിക്കില്ല.
എന്തോന്ന് ഭരണഘടന !
ഇഷ്ടമുള്ളത് കഴിയ്ക്കാനും തദാനുസരണം ജീവിയ്ക്കുന്നതിനുമുള്ള പൗരന്റെ മൗലികാവകാശങ്ങള്‍ക്കു മേല്‍ വിചാരധാര നടപ്പിലാക്കി മതമൂതിക്കത്തിച്ചു നേടിയ രാഷ്ട്രീയാധികാരത്തോടെ കായികാഭ്യാസ പ്രകടങ്ങള്‍ നടത്തുന്നത് രാജ്യത്തു നിലനില്‍ക്കുന്ന ഭരണഘടനയോടുള്ള കനത്ത അപഹാസവും നീതികരിക്കാനാകാത്ത പരിഹാസവുമാണെന്ന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനസാമാന്യമൊന്നാകെ തിരിച്ചറിയാനാരംഭിച്ചിട്ടുണ്ട്. ഇന്ത്യയെന്നാല്‍ഹിന്ദുത്വമാണെന്നും ; ഹിന്ദു ഉണര്‍ന്നാല്‍ദേശമുണര്‍ന്നുവെന്നനിലകളിലെ അങ്ങേയറ്റം അസത്യജലിടവും അഹന്താപൂര്‍ണ്ണവുമായ അസഹിഷ്ണുതയുടെ സംഘടിതരൂപമായ സംഘപരിവാരത്തെ ആശയപരമായി നേരിടുകയെന്നത് വളച്ചൊടിക്കലിന്റെ സമകാലീനതയില്‍ചരിത്രത്തിന്റെ സത്യസന്ധമായ വായനയിലൂടെ മാത്രം സാധ്യമാകുന്ന ഒന്നാണ
സംവരണം
നിരാലംബരും നിരാശ്രയരും പാര്‍ശ്വവത്കൃതരുമായ ജനസാമാന്യത്തിന് അവസരസമത്വവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഭരണഘടന ഉറപ്പു നല്‍കുന്ന സംരക്ഷണമായ സംവരണം അട്ടിമറിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ആര്‍ എസ് എസ് ഘട്ടം ഘട്ടമായി ആരഭിച്ചിരിക്കുന്നു. സ്വാതന്ത്യ്രം ലഭിച്ച് ഏഴുപതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ ദലിത് സാമാന്യത്തിന്റെ ജീവിത സാഹചര്യങ്ങളില്‍ഗുണപരമായ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ആര്‍ എസ് എസ് ന്റെ സംവരണ വിരുദ്ധ രാഷ്ട്രീയം ഗോള്‍വല്‍ക്കര്‍ വിധരാധാരയിലൂടെ വ്യക്തമാക്കുന്നുണ്ട്.
വിചാരധാരയെ ആസ്പ്പദമാക്കിയ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആര്‍ എസ് എസ് താത്വികാചാര്യന്‍ എം ജി വൈദ്യ ജാതിസംവരണം അവസാനിപ്പിക്കണമെന്നും പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ആവശ്യമില്ലെ ന്നുമുള്ള നിലയില്‍പ്രസ്താവന നടത്തിയത്. അനുബന്ധമായി ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് സംവരണവിരുദ്ധ പ്രസ്താവനയുമായെത്തി. വിശ്വഹിന്ദുപരിഷത്തും ശിവസേനയുമാണ് ഇവയെ അനുകൂലിച്ച് രംഗത്തുവന്നത്. അതേ നിലപാടുതന്നെയാണ് ആര്എിസ്എസിന്റെ പരമോന്നത സമിതിയായ അഖിലഭാരതീയ പ്രതിനിധി സഭ ഇപ്പോള്‍ ഉറപ്പിക്കുന്നത്.
അഖില ഭാരതീയ പ്രതിനിധി സഭ – 2016 – ആര്‍. എസ്. എസ്
” സര്‍വ്വകലാശാലകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കളിത്തൊട്ടിലാകുകയാണ്. കഴിഞ്ഞ ചില മാസങ്ങളായി സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന രാജ്യവിരുദ്ധവും വിധ്വംസകവുമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കേണ്ട നിലയിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യത്തെ വിഖ്യാതവും പ്രഥമ സ്ഥാനികളുമാമായ സര്‍വ്വകലാശലകള്‍ രാജ്യസ്നേഹികളായ പൗരന്മാരെ നിര്‍മ്മിക്കുന്ന ഇടങ്ങളാകണം. ഒത്തൊരുമയുടേയും സത്യസന്ധതയുടേയും സന്ദേശമാകണം അവരില്‍ഉയരേണ്ടത്. രാജ്യത്തെ ഭിന്നിപ്പിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തുക എന്നത് രാജ്യസ്നേഹികളായവരുടെ പ്രധാന വിഷയമായി മാറുന്നു. അഭിപ്പ്രായ സ്വാതന്ത്രമെന്ന പേരില്‍രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ലാക്കാക്കിയുള്ള മുദ്രാവാക്യങ്ങളെ എങ്ങിനെയാണ് സഹിക്കാനാകുക. ഈ നിലയില്‍അഭിപ്രായ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നവര്‍ക്ക് ഭരണഘടനയിലോ നിയമവ്യവസ്ഥയിലോ പാര്‍ലമെന്റില്‍തന്നെയോ യാതോരുവിധ വിശ്വാസവുമില്ല. വിധ്വംസക ശക്തികള്‍ തങ്ങളുടെ പ്രവര്‍ത്തനകേന്ദ്രമായി കഴിഞ്ഞ നിരവധി കാലമായി സര്‍വ്വകലാശാലകളെ മാറ്റിത്തീര്‍ത്തിരിക്കുന്നു. അതിനാല്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുനിലയിലും രാജ്യവിരുദ്ധ – സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങളാകില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്നില്ലെന്നും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തണം.
കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ ഭാരതത്തിലും ഭാരതീയരിലും സന്തോഷവും അഭിമാനവുമുണര്‍ത്തിയിട്ടുണ്ട്. ഭാരതീയ വംശജര്‍ വിവിധ രാജ്യങ്ങളില്‍സംഘടിപ്പിച്ച പരിപാടികളിലും ഇതു വ്യക്തമായിട്ടുണ്ട്. ഹൈദ്രബാദ് കേന്ദ്ര സര്‍വ്വകലാശാല (ഭാഗ്യനഗര്‍) ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാല (ദില്ലി) എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന രാജ്യവിരുദ്ധ ഗൂഢാലോചനകള്‍ ഇതൊനോടകം വെളിവാക്കപ്പെട്ടിട്ടുണ്ട്. സംവരണം ആവശ്യപ്പെട്ടുകൊണ്ട് ഗുജറാത്ത് / ഹരിയാന സംസ്ഥാനങ്ങളില്‍നടക്കുന്ന അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ പൊതുഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതിനോടൊപ്പം സാമൂഹിക ഐക്യവും വിശ്വാസവും തകര്‍ക്കുകയും ചെയ്യും. നമ്മുടെ പരിപാടികളില്‍അടിക്കടിയുണ്ടാകുന്ന പങ്കാളിത്തത്തിലെ വര്‍ദ്ധനവ് ഉയരുന്ന ശാഖകളുടെ എണ്ണം എന്നിവ തൃപ്തി പകരുന്നു. നമ്മളിപ്പോള്‍ എല്ലായിടങ്ങളിലും അനുകൂല സാഹചര്യങ്ങളിലാണ്. ആസൂത്രിതമായ ശ്രമങ്ങള്‍, അശ്രാന്ത പരിശ്രമങ്ങള്‍ എന്നിവകളിലൂടെ മൂര്‍ത്തമായ ഗുണഫലങ്ങളുണ്ടാക്കാന്‍ നമുക്കാകും. “
രാഷ്ട്രീയ സ്വയം സേവക് സംഘ്
അഖില ഭാരതീയ പ്രതിനിധി സഭ – 2016 –
ദേശീയ സ്ഥിതിഗതികള്‍ സംബന്ധിച്ച സര്‍കാര്യവാഹ് രേഖ :
നാലാം ഭാഗം : സര്‍വ്വകലാശാലകള്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളുടെ കളിത്തൊട്ടില്‍
അവരെ ഭയത്തിലാഴ്ത്തുന്ന സര്‍വ്വകലാശാലകള്‍
രാഷ്ട്രീയ സ്വയം സേവക്ക് സംഘിന്റെ പരമോന്നത നയരൂപീകരണ സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭ – 2016 ല്‍സംഘടനയുടെ അഖിലേന്ത്യാ സര്‍കാര്യവാഹ് സര്‍വ്വകലാശാലകളെസംബന്ധിച്ച് അവതരിപ്പിച്ച സൂചിത രേഖ സംഘ് പരിവാറിന്റെ വികലവും മുന്‍ധാരണകളിലധിഷ്ടിതവുമായ കാഴ്ച്ചപ്പാടുകള്‍ സവിസ്തരം അടിവരയിടുന്നതാണ്. വിദ്യാര്‍ത്ഥി , വിദ്യാഭ്യാസം ,രാജ്യസ്നേഹം തുടങ്ങിയവളെ സംബന്ധിച്ച ആര്‍. എസ്. എസ് വാര്‍പ്പുമാതൃകകളിലേയ്ക്ക് പൊതുസമൂഹത്തെയാകെ ഏകപക്ഷീയമായി വരിഞ്ഞു മുറുക്കുന്നതിനുള്ള പ്രഖ്യാപനംകൂടിയാണിത്. ഇന്ത്യയെന്നാല്‍ ഹിന്ദുവെന്നും, ഹിന്ദുത്വമെന്നും ആര്‍. എസ്. എസ് എന്നും ഭംഗ്യന്തരേണ പറഞ്ഞു വെയ്ക്കുന്ന പ്രസ്തുത രേഖ ഭരണഘടനാ വിരുദ്ധവും മതേതരസങ്കല്‍പ്പനങ്ങള്‍ക്ക് കനത്ത ഭീഷണിയുമെന്നതില്‍പക്ഷം രണ്ടില്ല. സംഘപരിവാര്‍ ഉല്‍പ്പന്നമായ നരേന്ദ്ര മോഡി ഭരണകൂടം സമസ്ത മേഖലകളിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ ബഹുസ്വരതയിലും മതേതരത്വത്തിലും അടിയുറച്ചു വിശ്വസിക്കുന്ന ജനസാമാന്യമൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ആശയപരവും പ്രായോഗികവുമായസംഘടിപ്പിയ്ക്കുന്ന സുസ്ഥിരമായ ചെറുത്തു നില്‍പ്പുകള്‍ ‘നാഗ്പ്പൂരിനെ’ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു.
സീ ടിവി ടൈംസ് നൗ തുടങ്ങിയ ചാനലുകള്‍ സംപ്രേഷണംചെയ്ത വീഡിയോദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കനയ്യകുമാറിനെതിരെ ദില്ലി പോലീസ് കേസു രജിസ്റ്റര്‍ ചെയ്തത്. അവിടെയുണ്ടായിരുന്ന എ ബി വി പി പ്രവര്‍ത്തകരാണ് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയതെന്ന് നവമാധ്യമങ്ങളിലടക്കം ശക്തമായ പ്രചരണമുണ്ടായിരുന്നു. ദില്ലി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മജിസ്ട്രേട്ട് അന്വേഷണത്തിന്റെ ഭാഗമായി ചാനലുകള്‍ സംപ്രേഷണം ചെയ്ത വീഡിയോ ഹൈദരാബാദ് ആസ്ഥാനമായുള്ള ട്രൂത്ത് ലാബ്സ് പരീക്ഷണത്തിന് വിധേയമാക്കുകയും ബന്ധപ്പെട്ടവ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടവയെന്ന് തെളിയിക്കപ്പെടുകയും ചെയ്തിരുന്നു. ഏഴ് വീഡിയോകളാണ് ട്രൂത്ത് ലാബ് പരിശോധിച്ചത്. അതില് രണ്ടെണ്ണം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പരിശോധനയില്‍തെളിഞ്ഞു. വീഡിയോകളില് ചില ശബ്ദങ്ങള് കൂട്ടിച്ചേര്‍ക്കപ്പെട്ടതായി ദില്ലി പൊലീസ് മുന്‍പുതന്നെ അഭിപ്രായപ്പെട്ടിരുന്നു. പ്രസ്തുത വ്യാജ വീഡിയോദൃശ്യങ്ങള് നവമാധ്യമങ്ങളില്‍പ്രചരിപ്പിച്ചത് മുന്‍ കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്ത ശില്പ്പി തിവാരിയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
മാനവവിഭവശേഷി മന്ത്രാലയ ഉപദേഷ്ടാവ് കൂടിയാണ് ശില്പ്പി തിവാരി. കനയ്യ ദേശവിരുദ്ധമുദ്രാവാക്യം മുഴക്കിയിട്ടില്ലെന്ന് ദില്ലി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മജിസ്ട്രേട്ടിന്റെ ട്ട് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട് . ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ബിജെപി – ആര്‍ എസ് എസ് ഗൂഡാലോചനയിലേക്കല്ലാതെ മറ്റൊന്നല്ല. വിഷയത്തില്‍എ ബി വി പിയുടെ പ്രതികാരനടപടിയെന്നോണം ദില്ലിയിലെ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ജി ഭവനുനേരെ സംഘപരിവാര്‍ വ്യാപകമായി അതിക്രമണം നടത്തുകയായിരുന്നു. സി.പി.ഐ (എം) ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്യാനടക്കമുള്ള ശ്രമങ്ങള്‍ നടന്നു. എ കെ ജി ഭവനു മുന്‍വശത്തുള്ള ബോര്‍ഡില്‍ കരിഓയില്‍ഒഴിച്ച് വികൃതമാക്കി. സംഘപരിവാര്‍ അക്രമ സംഘത്തില്‍പെട്ട ഒരാളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്ന സ്ഥിതിയുണ്ടായി.
എക്കാലവും മതേതരത്വത്തിനായി അക്ഷീണം നിലകൊണ്ട ജവഹര്‍ ലാല്‍നെഹ്റുവിന്റെ ഉജ്വല സ്മരണകളില്‍1969 ല്‍സ്ഥാപിതമായ ജെ എന്‍ യു പിന്നിട്ട കാലയളവുകളിലെല്ലാം പ്രസ്തുത പാരമ്പര്യം നിലനിര്‍ത്തുന്നതില്‍പ്രത്യേക ശ്രദ്ധ വെച്ചുപുലര്‍ത്തിയ രാജ്യത്തെ തന്നെ മികച്ച സാംസ്കാരിക ഇടങ്ങളിലൊന്നാണ്. സംഘപരിവാര്‍ ഉയര്‍ത്തുന്ന സങ്കുചിത ദേശീയവാദത്തെ സമാനതകളില്ലാത്ത എതിര്‍ത്തു വന്ന ജെ എന്‍ യു സംഘപരിവാറിന്റെ കണ്ണിലെ കരടാകുന്നതില്‍അശേഷം അത്ഭുതമില്ല .തുടരുന്ന പ്രതികാര നടപടികളുടെ ഭാഗമായി കനയ്യ അടക്കമുള്ള ജയില്‍വാസമനുഷ്ഠിച്ച വിദ്യാര്‍ഥിനേതാക്കള്‍ ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവരെ അടുത്ത സെമസ്റ്ററിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അങ്ങിനെ പഠിക്കുവാനുള്ള വിദ്യാര്‍തിഥിയുടെ ന്യായമായ അവകാശത്തിനു മേലും സംഘപരിവാര്‍ സര്‍വ്വകലാശാലകളില്‍പാവഭരണം നടത്തി അട്ടിമറിക്കുകയാണ്.
രോഹിത് വെമുല സിന്ദാബാദ്
ഹൈദ്രബാദ് യൂണിവേഴ്‌സിറ്റിയിലെ പി എച്ച് ഡി വിദ്യാര്‍ത്‌ഥിയായിരുന്ന ആന്ധ്രപ്രദേശ് ഗുണ്ടുര്‍ സ്വദേശി രോഹിത് വെമുലയുടെ ആത്മഹത്യ സംഘപരിവാര്‍ സര്‍വ്വകലാശാലകളില്‍ ദളിത് വിഭാഗങ്ങള്‍ക്കു മേല്‍സംഘടിപ്പിക്കുന്ന ജാതീയമായ അടിച്ചമര്‍ത്തലുകളുടെ നേര്‍പതിപ്പാണ്. ഫെലോഷിപ്പ് തുക തടഞ്ഞു വെച്ച സര്‍വ്വകലാശാലാ അധികൃതരുടെ നടപടികള്‍ക്കെതിരെ വെമുലയുടെ നേതൃത്വത്തില്‍സമരം നടന്നിരുന്നു. ആഗസ്റ്റ് 2015 ല്‍ വെമുലയടക്കമുള്ള വിദ്യാര്‍ത്‌ഥികള്‍ ദില്ലി സര്‍വ്വകലാശാലയില്‍നടന്ന മുസാഫിര്‍ നഗര്‍ ബാക്കി ഹൈ എന്ന ഡോക്കുമെന്ററി പ്രദര്‍ശനത്തെ എ ബി വി പി തടഞ്ഞതില്‍പ്രതിഷേധിച്ച് അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍പ്രതിഷേധം സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റിയിലെ എ ബി വി പി യൂണിറ്റ് പ്രസിഡന്റ് നന്ദനം സുശീല്‍കുമാര്‍ പ്രസ്തുത സമരത്തെ ഗുണ്ടകളുടെ പ്രതിശേഷം എന്നാണ് ഫേസ് ബുക്കിലൂടെ വിശേഷിപ്പിച്ചത്.
തൊട്ടടുത്ത ദിവസം നാണ്‍പ്പതോളം വരുന്ന അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി നല്‍കി നന്ദനം സുശീല്‍ കുമാര്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. പിന്നീടിത് അപ്പെന്റിക്ക്സ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടായിരുന്നു എന്ന് തെളിയിക്കപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റി നടത്തിയ അന്വേഷണം ഏകപക്ഷീയമായിരുന്നു. എ ബി വി പി യുടെ കത്തിന്റെ അടിസ്ഥാനത്തില്‍കേന്ദ്ര മന്ത്രി ദത്തത്രേയ അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജാതീയവും രാജ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ഏര്‍പ്പെടുന്നുവെന്ന് പ്രഖ്യാപനം നടത്തി. വിഷയത്തില്‍മുന്‍ മാനവ വിഭവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനി സംഘപരിവാര്‍ നിര്‍ദ്ദേശപ്രകാരം ഇടപെടുകയും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ അപ്പാറാവുവിനോട് വെമുല അടക്കമുള്ള വിദ്യാര്‍തിഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍പ്രകാരം വെമുല അടക്കമുള്ള നാലു വിദ്യാര്‍തിഥികളെ 2015 ആഗസ്റ്റ് 5 ന് ഹോസ്റ്റലില്‍നിന്നും പുറത്താക്കുകയായിരുന്നു. എ ബി വി പി യൂണിറ്റ് പ്രസിഡന്റ് നന്ദനം സുശീല്‍കുമാറിനെതിരായ നടപടി കേവലമൊരു താക്കീതില്‍ ഒതുങ്ങുകയും ചെയ്തു.
സെപ്തംബറില്‍ അഞ്ചു വിദ്യാര്‍തിഥികളും സസ്‌പെന്റു ചെയ്യപ്പെട്ടു. 2016 ജനുവരി 3 ഓടെ വെമുലയടങ്ങുന്ന വിദ്യാര്‍തിഥികള്‍ ക്യാമ്പസ്സിനുള്ളില്‍തന്നെ ടെന്റു നിര്‍മ്മിച്ച് താമസമാരംഭിക്കുകയും നിരാഹാരമനുഷ്ഠിക്കുകയും ചെയ്തു. ഇതോടെ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള വെമുല അടക്കമുള്ള വിദ്യാര്‍തിഥികള്‍ പട്ടിണിയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. അരക്ഷിതവും അനിശ്ചിതവുമായ പ്രസ്തുത അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 2016 ജനുവരി 17 ന് രോഹിത് വെമുല സുഹൃത്ത് ഉമാ അണ്ണയുടെ മുറിയില്‍ഫാനില്‍കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുന്നത്.
മനുസ്മൃതി – ചാതുര്‍വര്‍ണ്യം
സാമൂഹ്യവിരുദ്ധ മനുസ്മൃതി തൊലിപ്പുറത്തും ഉള്ളിലും സൂക്ഷിക്കുന്നവരും/ ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയില്‍അഭിമാനം കൊള്ളുന്നവരും അതിനു വിധേയമാകുന്നതില്‍ആത്മസംതൃപ്തി കണ്ടെത്തുന്നവരും, രാഷ്ട്രീയവും / സാമൂഹ്യവും / സാമ്പത്തികവുമായി ഭൂരിപക്ഷമാകുമ്പോളാണ് രോഹിത് വെമുലമാര്‍ ഉണ്ടാകുന്നത്. ദീര്‍ഘകാലം നീണ്ട ജാതീയമായ വിവേചനങ്ങളുടെ ആത്മസംഘര്‍ഷങ്ങളാല്‍നിത്യനിശബ്ദത നിര്‍ബന്ധിതമായ് തിരഞ്ഞെടുക്കേണ്ടി വരുന്ന നിരവധിയായ മനുഷ്യരുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വങ്ങളില്‍നിന്നും ബ്രാഹ്മണ്യത്തെ നിലനിര്‍ത്തുന്നതിനായി ചാതുര്‍വര്‍ണ്യത്തെ അടിസ്ഥാനപ്രമാണമാക്കുന്ന ആര്‍. എസ്. എസ്സിന് ഒരുനിലയിലും ഒഴിഞ്ഞു പോകാനാകില്ല. ബ്രാമണ്യം കേവലം സവര്‍ണ്ണം മാത്രമൊരു സാമൂഹ്യപദ്ധതിയല്ല; ഉറപ്പായും അതൊരു മനോഭാവം തന്നെ. ജാതീയമായ ഉഛനീചത്വങ്ങള്‍ക്കെതിരായി മനുസ്മൃതിവാദികള്‍ക്കെതിരായ വര്‍ഗ്ഗവീക്ഷണത്തിലധിഷ്ഠിതമായ പോരാട്ടങ്ങള്‍ മാത്രമാണ് ആര്‍. എസ്. എസ്സിനെ അതിജീവിക്കുന്നതിനുള്ള ആശയപരമായ മാര്‍ഗ്ഗം.
സംഘപരിവാര്‍ താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി അടിസ്ഥാനയോഗ്യതളൊന്നുമില്ലാത്ത ടി വി സീരിയല്‍അഭിനേതാവ് ഗജേന്ദ്ര ചൗഹാനെ വിഖ്യാതമായ പൂനയിലെ ഫിലിം ആന്റ് റ്റെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവേണിങ് കൗണ്‍സില്‍ചെയര്‍മാന്‍ ആയി നിയമിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ പരിപൂര്‍ണ്ണമായും സംഘ് പരിവാര്‍ നിയന്ത്രണത്തിലേയ്ക്ക് എത്തിച്ചു കഴിഞ്ഞു. ഉജ്വലമായ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ വിനിമയ കേന്ദ്രമെന്ന നിലയിലെ എഫ് .ടി.ഐ. ഐ യ്യുടെ അസ്തിത്വത്തെ തകര്‍ത്ത് സിനിമാ / ടെലിവിഷന്‍ രംഗത്ത് കാവിവത്ക്കരണത്തിലൂടെ സാംസ്ക്കാരിക ഫാസിസം നടപ്പിലാക്കാമെന്ന ഗൂഡലക്ഷ്യമാണ് നിയമനത്തിനു പിന്നിലുള്ളത്. നിയതമായ യോഗ്യതകളൊന്നുമില്ലാത്ത ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ എഫ് .ടി.ഐ.ഐ വിദ്യാര്‍തിഥികള്‍ സംഘടിപ്പിച്ചു വന്ന അനിശ്ചിതതകാല സമരത്തെ രാജ്യത്തെ വിദ്യാര്‍തിഥി സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കുകയായിരുന്നു.
വ്യത്യസ്തത, വിയോജിപ്പ്, സ്വതന്ത്ര ചിന്ത : എല്ലാം മറന്നേക്കൂ !!
ബി ജെ പി യുടെ കേന്ദ്രഭരണ സാരഥ്യത്തിലെത്തിയതോടെ ആര്‍ എസ് എസിന്റെ ലക്ഷ്യാധിഷ്ഠിത പദ്ധതികള്‍ സമഗ്രമായി നടപ്പിലാക്കാനാരംഭിച്ചിരിക്കുന്നു. വ്യത്യസ്തത, വിയോജിപ്പ്, സ്വതന്ത്ര ചിന്ത എന്നിവകളെ അടിച്ചമര്‍ത്തുന്നതിനുള്ള ആസൂത്രിതമായ പദ്ധതികളാണ് രാജ്യമൊട്ടുക്കും നടക്കുന്നത്.
ജര്‍മ്മനിതര പുസ്തകങ്ങള്‍ കത്തിച്ചു കൊണ്ട് നാസിസം നാസി ജര്‍മ്മനിയിലും ആസ്ട്രിയയിലും 1930 കളില്‍സംഘടിപ്പിച്ച വെറുപ്പിന്റേയും വിദ്വെഷത്തിന്റെയും മൂര്‍ത്തിമത്ഭാവമായ അക്ഷരവിരോധത്തിലധിഷ്ഠിതമായ പുസ്തകം കത്തിക്കല്‍യജ്ഞത്തെ അക്ഷരം പ്രതി അനുസ്മരിപ്പിക്കും വിധം നാസിസത്തിന്റെ പിന്മുറക്കാരായ സംഘപരിവാര്‍ കേരളത്തില്‍എണ്ണിയാലൊടുങ്ങാത്ത വായനശാലകളും പുസ്തകങ്ങളുമാണ് കത്തിച്ചു കളഞ്ഞത്. എ കെ ജി ദിനത്തില്‍, മലപ്പുറം ജില്ലയിലെ ആലത്തിയൂര്‍ തലൂക്കരയിലെ എ കെ ജി വായനശാലയിലെ പുസ്തകങ്ങളും ഫര്‍ണിച്ചറും അലമാരകളും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അയ്യായിരത്താളം പുസ്തകങ്ങളാണ് അഗ്നിക്കിരയാക്കിയത്. തിരൂരിലെ വായനശാലയില്‍ കസേര, ടെലിവിഷന്‍, സംഗീതോപകരണങ്ങള്‍ എന്നിവയടക്കം നശിപ്പിക്കപ്പെട്ടു .
ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം ഏറ്റുവിളിക്കാത്തവര്‍ക്കാര്‍ക്കും ഇന്ത്യയില്‍ജീവിക്കാന്‍ അനുമതിയില്ലെന്നും അതിനു തയ്യാറാകാത്തവര്‍ക്ക് രാജ്യം വിട്ടുപോകാമെന്നുമുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസിന്റെ നാഷിക്കില്‍നടന്ന ബി.ജെ.പി റാലിയിലെ പ്രസംഗം ദേശീയ തലത്തില്‍സംഘപരിവാര്‍ വെച്ചു പുലര്‍ത്തുന്ന അസഹിഷ്ണുതയുടേതായ രാഷ്ട്രീയത്തെ കൃത്യമായി അടിവരയിടുന്നതാണ്.
അറിവ് സംസ്കാരം വിജ്ഞാനം തുടങ്ങിയവകളെ പരിപോഷിപ്പിച്ച് മനുഷ്യനെ മനുഷ്യനാക്കുന്നതില്‍പുസ്തകങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നു എന്നതുകൊണ്ടു തന്നെ സംഘപരിവാര്‍ അക്ഷരങ്ങളെ ആകെ വെറുക്കുകയാണ്. കെട്ടുകഥകള്‍ , കിംവതന്തികള്‍, ഭ്രമകൽപ്പനകള്‍ തുടങ്ങിയവകളാല്‍അടിസ്ഥാനപ്പെട്ട തങ്ങളുടെ വിചാരധാരകള്‍ക്ക് വായനശാലകള്‍ കനത്ത വെല്ലുവിളികളാണെന്ന് അവര്‍ കൃത്യമായി തിരിച്ചറിയുന്നു. അതിനാല്‍തന്നെ മനുഷ്യരെ എന്ന പോലെ വായനശാലകളേയും തങ്ങളുടെ ഖഡ്ഗമുനകള്‍ക്ക് ഇരയാക്കുന്നു.
നാഥുറാം വിനായ് ഗോഡ്‌സെ ആര്‍ എസ് എസ് തന്നെ.
മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം തികഞ്ഞ അസഹിഷ്ണുത പ്രകടമാക്കുന്ന ആര്‍ എസ് എസ് പ്രസ്തുത ഹീനകൃത്യത്തിലെ തങ്ങളുടെ ബാന്ധവം മറച്ചുവെയ്ക്കാന്‍ ഭരണ സംവിധാനങ്ങളെപ്പോലും നിര്‍ലജ്ജം ദുരുപയോഗം ചെയ്യുകയാണ്. എന്തുതന്നെയായാലും മഹാത്മാഗാന്ധിയെ വധിയ്ക്കുന്നതിനായി ആര്‍ എസ് എസ് ഉന്നതതലത്തില്‍ സംഘടിപ്പിച്ച ഗൂഢാലോചനയുടെ വിശാദാംശങ്ങള്‍ ഇതിനകം വെളിച്ചത്തു വന്നിട്ടുണ്ട്. ഇതിന്‍പ്രകാരം ആര്‍ എസ് എസ് സര്‍സംഘ് ചാലക്ക് എം എസ് ഗോള്‍വള്‍ക്കര്‍ ഗാന്ധിജിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി വ്യക്തമാകുന്നു. ഡല്‍ഹിക്കടുത്ത് റോത്തക്ക് റോഡില്‍1947 ഡിസംബര്‍ 8 ന് ചേര്‍ന്ന ആര്‍ എസ് എസ് ഉന്നതതല യോഗത്തിലാണ് മുസ്ലിങ്ങളെ സഹായിക്കുന്നതിന്റെ പേരില്‍ഗാന്ധിജിയെ വധിക്കേണ്ടിവരുമെന്ന് ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കുന്നത്. പ്രസ്തുത പരാമര്‍ശത്തിനു അന്‍പത്തി മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ഗാന്ധിജി കൊലചെയ്യപ്പെടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ കര്‍ത്താര്‍ സിംഗ് തയ്യാറാക്കിയ ക്രിമിനല്‍അന്വേഷണ വിഭാഗത്തിന്റെ രഹസ്യ റിപ്പോര്‍ട്ടിലാണ് (ദില്ലി പോലീസ് ആര്‍ക്കൈവ്‌സ്) പ്രസ്തുത യോഗം സംബന്ധിച്ച വിശദീകരണമുള്ളത്.
മഹാത്മാഗാന്ധിജിയുടെ സ്മരണകള്‍ ഊഷ്മളമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 2016 ജൂലൈ 9 ന് നടത്തിയ ‘ചരിത്രപരമായ’ സൗത്ത് ആഫ്രിക്കന്‍ തീവണ്ടി യാത്രയും അനുബന്ധ ഗാന്ധിയന്‍ വാഴ്ത്തുകളും അന്തരീക്ഷത്തില്‍അലതല്ലുമ്പോഴാണ് ഗാന്ധി വധം സംബന്ധിച്ച രഹസ്യരേഖകള്‍ പരസ്യമാകുന്നതെന്നത് കനത്ത അശ്ലീലവും വിരോധാഭാസമായ് മാറുന്നു . പ്രധാനമന്ത്രി അയവിറക്കുന്ന ഗാന്ധിയന്‍ ഓര്‍മകള്‍ക്കും തെന്നിമാറുന്ന പുറം കാഴ്ച്ചകള്‍ക്കും ഒപ്പം 1948 ജനുവരി 30 എന്ന ദിവസം കൂടി അദ്ദേഹത്തിന്റെ ഓര്‍മ്മകളിലേക്ക് ‘നിര്‍ബന്ധം എത്തേണ്ടതുണ്ട് . അന്നായിരുന്നല്ലോ ബിര്‍ളാ മന്ദിരത്തിലെ പ്രാര്‍ത്ഥനാ മുറിയില്‍ ധ്യാനനിഗ്മനനായിരുന്ന ഗാന്ധിജിയുടെ നിറനെഞ്ചിലേക്ക് നാഥുറാം വിനായക് ഗോഡ്‌സെ , നാരായണ്‍ ആപ്‌തെ , ഗംഗാധര്‍ ദന്തവതെ തുടങ്ങിയവര്‍ മൂന്നു വട്ടം വെടിയുതിര്‍ത്ത് അരുംകൊല നിര്‍വ്വഹിച്ചത്. ഗോഡ്സെ, ആര്‍. എസ്.എസ്സിന്റെയും ഹിന്ദുമഹാസഭയുടേയും പ്രവര്‍ത്തകനായിരുന്നു.
ഗോഡ്‌സെയെ നാളിതുവരെയും സംഘപരിവാരം തള്ളിപ്പറഞ്ഞിട്ടില്ല. ഗോഡ്‌സെ ആര്‍എസ്എസ് ആയിരുന്നുവെന്ന സഹോദരന്‍ സഹോദരന്‍ ഗോപാല്‍ ഗോഡ്സെയെയുടെ പ്രസ്താവനയെ ആര്‍ എസ് എസ് തിരുത്തിയിട്ടുമില്ല. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ മധുരപലഹാരം വിതരണംചെയ്‌തുകൊണ്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ആര്‍ എസ് എസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെ, ആര്‍ എസ് എസ്സുകാരനാണെന്ന ചരിത്ര വസ്തുത ഓര്‍മ്മപ്പെടുത്തിയതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ രാഹുല്‍ഗാന്ധിക്കെതിരെ സുപ്രീം കോടതി നിയമ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന ആര്‍ എസ് എസ് പരാതിയിന്മേലാണ് കേസ്. സംഘപരിവാര്‍ തങ്ങളുടെ സ്വാധീനം കോടതികളിലും ഉറപ്പിക്കുന്ന അനുഭവങ്ങള്‍ കനത്ത ആശങ്കയുയര്‍ത്തുന്നു. രാജ്യത്തിന്റെ ബഹുസ്വരതക്കും മതേതരത്വത്തിനും സംഘപരിവാര്‍ വെല്ലുവിളികളുയര്‍ത്തുമ്പോള്‍ മതനിരപേക്ഷകക്ഷികളുടെ യോജിച്ച മുന്നേറ്റങ്ങള്‍ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ഗാന്ധിയുടെ പ്രസ്താവന ആര്‍ എസ് എസ്സിനോട് മൃദു സമീപനം വെച്ചുപുലര്‍ത്തുന്ന ചില കോണ്‍ഗ്രസ്സുകാര്‍ക്കെങ്കിലും വെളിപാടാകുമെന്നു കരുതാം.
ഗാന്ധിജിയെ അനുസ്മരിക്കുന്ന വേളകളിളെല്ലാം ഗാന്ധിഘാതകരുടെ രാഷ്ട്രീയം കൂടി സവിസ്തരം ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതുണ്ട്. ഗോഡ്സെയ്ക്ക് സ്മാരകം പണിയുന്ന രാജ്യവിരുദ്ധരെ വീരപുരുഷരാക്കുകയും ഗായന്ധിജിയുടെ പറ്റില്‍ മാധ്യമശ്രദ്ധ നേടുകയും ചെയ്യുന്ന രാഷ്ട്രീയ അഭ്യാസം എണ്ണം പറഞ്ഞ ഫാസിസ്റ്റു തന്ത്രങ്ങളില്‍ഒന്നാണ് . ചരിത്രത്തെ ചുരുട്ടിക്കൂട്ടി ഇഷ്ടാനുസരണം മെരുക്കിയെടുത്ത് ഓര്‍മ്മകളിലേയ്ക്ക് ആസിഡ് വീഴ്ത്തി വര്‍ത്തമാനത്തെ കീഴ്മേല്‍മറിക്കുന്ന രാജ്യദ്രോഹത്തിന്റേതായ സംഘപരിവാര്‍ അജണ്ടകളെ വസ്തുതാപരമായ പൊളിച്ചെഴുത്തുകളിലൂടെ അതിജീവിക്കേണ്ടതുണ്ട്.
ചോരകൊണ്ട് വളരുന്നവര്‍
1925 സെപ്തംബര്‍ 27 ലെ വിജയദശമി നാളില്‍രൂപപ്പെട്ട ആര്‍.എസ്.എസ് തീവ്ര ഹിന്ദുത്വവും തീവ്രദേശീയതയും ഉള്ളടക്കമാക്കിയ ഗോള്‍വള്‍ക്കര്‍ രചിച്ച ‘ വിചാരധാരയുടെ’ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ഒറ്റ ലക്‌ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ആര്‍ എസ് എസിന്റെ ചരിത്രവും വര്‍ത്തമാനവുമെല്ലാം അനവധികളായ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടേതുമാത്രമാണ്. ഹിന്ദു രാഷ്ട്ര പദ്ധതികളുടെ സൂത്രരൂപമായ വിചാര ധാര അതിനു വെല്ലുവിളികളുയര്‍ത്തുന്ന മൂന്ന് ആന്തരിക ശത്രുക്കളെക്കുറിച്ച് അക്കമിട്ട് ഉപന്യസിക്കുന്നുണ്ട്. അത് മുസ്ലിങ്ങളും കൃസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ്. ബന്ധപ്പെട്ടവയുടെ നിഷ്ക്കാസനത്തിലൂടെയല്ലാതെ ലക്ഷ്യസാക്ഷാത്ക്കാരം അസാധ്യമെന്നു കരുതുന്ന സംഘപരിവാരം കായികവും രാഷ്ട്രീയവും സാംസ്കാരികവുമായ അടിച്ചമര്‍ത്തലുകളിലൂടെ അതു നടപ്പില്‍വരുത്താനാകുമെന്ന് വൃഥാ സ്വപ്നം കാണുന്നു. മനുസ്മൃതി പിന്‍പറ്റുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി രാജ്യത്ത് നടപ്പിലാക്കി പൊതുസമൂഹത്തിലാകെ ജാതീയമായ വിവേചനങ്ങള്‍ ഉറപ്പിച്ചുകൊണ്ടാണ് ആര്‍ എസ് എസ് തങ്ങളുടെ ഹിംസാത്മക പ്രത്യയശാസ്ത്രം വിപുലപ്പെടുത്തുന്നത്. വിഭജിച്ച് ഭരിക്കുകയെന്ന സാമ്രാജ്യത്വ തന്ത്രം ഇതിനായവര്‍ നന്നായി പ്രയോജനപ്പെടുത്തുന്നു.
1969 ലെ അഹമ്മദാബാദ് കാലാപം , 1979 ലെ ജംഷദ്പൂര്‍ കലാപം,1982 ലെ കന്യാകുമാരി കലാപം ,1970 ലെ ജാലഗണ്‍ – മഹാഡ് കലാപം, 1971 ലെ തലശ്ശേരി കലാപം ,1992 ഡിസംബര്‍ ആറിലെ ബാബറിപ്പള്ളിയുടെ തകര്‍ക്കല്‍,1992 – 93 കാലയളവുകളിലെ മുംബൈ കലാപം ,2002 ലെ ഗുജറാത്ത് വംശഹത്യ, മക്കമസ്ജിദ് സ്ഫോടനം, സംത്സൗഥാ എക്സ്പ്രസ് സ്ഫോടനം, മുസഫര്‍ നഗര്‍ കലാപം തുടങ്ങി സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ഹിന്ദു – മുസ്ലിം സമുദായങ്ങളെ ശത്രുതയിലേയ്ക്ക് തള്ളിവിട്ട് രാജ്യത്തിന്റെ മതസൗഹാര്‍ദ്ദാന്തരീക്ഷം ബോധപൂര്‍വ്വം തകര്‍ക്കുന്നതിന് സംഘപരിവാര്‍ സംഘടിപ്പിച്ച മനുഷ്യഹത്യകള്‍ക്ക് മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ഭൂരിപക്ഷ ഇന്ത്യ ഒരുനിലയിലും മാപ്പുനല്‍കില്ല. രാജ്യസ്നേഹത്തിന്റെ കുത്തക നിരന്തരം അവകാശപ്പെടുന്ന ആര്‍.എസ് .എസ ഒരിക്കല്‍പോലും സ്വാതന്ത്ര സമരത്തില്‍പങ്കാളിയായിരുന്നില്ല. രണ്ടാം ലോക യുദ്ധത്തില്‍ആര്‍.എസ്.എസ് ബ്രിട്ടനെപിന്തുണയ്ക്കുകയായിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ എതിര്‍ക്കുന്നതില്‍ആര്‍ എസ് എസ് നിതാന്ത ജാഗ്രത കാട്ടുകയും ചെയ്തു.
വിദ്യാഭ്യാസം / ചരിത്രം/ സംസ്കാരം
രക്തം മണക്കുന്ന തങ്ങളുടെ ചരിത്രത്തെ പൗഡറിട്ടു മിനുക്കുന്നതിനും സമ്പൂര്‍ണ്ണ കാവിവത്ക്കരണത്തിനുമായി വിദ്യാഭ്യാസ രംഗത്തെ വരുതിയിലാക്കാന്‍ ആര്‍ എസ് എസ് അനുസ്യൂതമായ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്‍പ്രകാരം തീവ്രഹിന്ദുത്വ ദേശീയതയെ വിദ്യാഭ്യാസ നയമാക്കും. ചരിത്രകാരന്മാരുടെ ഭാരതീയമല്ലാത്ത സിദ്ധാന്തങ്ങളും നിഗമനങ്ങളും ഒഴിവാക്കും. മുസ്ലിം ഭരണാധികാരികളുടെ പങ്കാളിത്തം തമസ്ക്കരിക്കും, മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് പാഠ്യപദ്ധതിയില്‍ഇടമുണ്ടാകില്ല. ഇതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് ആര്‍ എസ് എസ്സോ അനുബന്ധ സംഘടനകളോ നിര്‍ദ്ദേശിക്കുന്നവരെ നിയമിക്കും. സൂചിത തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വവുമായി മാനവ വിഭവ ശേഷി വകുപ്പുമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ നടത്തിയ കൂടിയാലോചനകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. യോഗത്തില്‍ആര്‍ എസ് എസ്സിനു പുറമേ വിദ്യാഭാരതി, എ ബി വി പി രാഷ്ട്രീയ ശൈക്ഷിക്ക് മഹാ സംഘ്, ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍, സംസ്കൃത ഭാരതി, ശിക്ഷാ ബച്ചാവോ ആന്ദോളന്‍, ഇതിഹാസ സങ്കലന്‍ യോജന തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.
അറബി ഭാഷ പഠിപ്പിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ശ്രീരാമസേനയുടെ നേതൃത്വത്തില്‍മംഗളുരുവിലെ പടു ബണ്ടന്തലയിലെ സെന്റ് തോമസ് പ്രൈമറി എയ്ഡഡ് സ്ക്കൂളില്‍ശ്രീരാമ സേന സംഘടിപ്പിച്ച അതിക്രമവും ഭഗവദ് ഗീത പഠിപ്പിക്കണമെന്ന തിട്ടൂരവുമെല്ലാം സംഘപരിവാര്‍ ആസൂത്രിത പദ്ധതികളുടെ വ്യാപ്തിയും ഭീകരതയും സുവ്യക്തമാക്കാന്‍ പോന്നവയാണ്.
മോഹന്‍ ഭാഗവതിന്റെ സ്ത്രീപുരുഷ സമത്വം
സ്ത്രീ – പുരുഷ സമത്വത്തെ സംബന്ധിച്ച് അങ്ങേയറ്റം പ്രാകൃതമായ വീക്ഷണകോണുകളാണ് സംഘപരിവാര്‍ വെച്ചുപുലര്‍ത്തുന്നത്. ആര്‍ എസ് എസ് സര്‍സംഘ് ചാലക്ക് മോഹന്‍ ഭഗവദിന്റെ ചിന്താ പദ്ധതി പ്രകാരം സ്ത്രീകള്‍ വീട്ടമ്മമാരായിരിക്കണം. ഭര്‍ത്താക്കന്മാരാണ് അന്നദാതാക്കള്‍. വിവാഹത്തോടെ സ്ത്രീയും പുരുഷനും സൂചിത നിലയിലെ സാമൂഹ്യ ഉടമ്പടിയില്‍സ്വാഭാവികമായും എത്തിചേരുന്നു. ഏതെങ്കിലും കാരണത്താല്‍സ്ത്രീ തന്നിലര്‍പ്പിതമായ കര്‍ത്തവ്യങ്ങളില്‍ഭംഗം വരുത്തിയാല്‍പുരുഷന് അവരെ കയ്യൊഴിയുന്നതിനുള്ള. അധികാരമുണ്ടായിരിക്കും. സ്ത്രീ സുരക്ഷ / സാമൂഹ്യ നീതി / തുല്യത / സ്ത്രീ പദവി തുടങ്ങി സമഭാവനയുടേതായ ആധുനിക സാംസ്കാരികതയില്‍ആര്‍ എസ് എസ് ഉയര്‍ത്തിപ്പിടിക്കുന്ന തികച്ചും മനുഷ്യവിരുദ്ധമായ രാഷ്ട്രീയത്തെ സംഘടിതമായി ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.
നാണയത്തിന്റെ മറുപുറം പോലെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സ്ത്രീകളെ സംബന്ധിച്ച് മുന്നോട്ടു വെയ്ക്കുന്ന ആശയ രാഷ്ട്രീയവും മറ്റൊന്നാകുന്നില്ല. “സ്ത്രീകള്‍ പുരുഷനെ അപേക്ഷിച്ച് കഴിവുകള്‍ കുറഞ്ഞവരാണ്. ഇത് പ്രകൃതിപരമായി തന്നെ എല്ലാവരും സമ്മതിക്കും. സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിക്കുന്നത് നാടിന്‍െറ തകര്‍ച്ചക്ക് കാരണമാകും. എന്നാല്‍, കുടുംബ പരിപാലനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ പുരുഷനില്ലാത്ത പല കഴിവുകളും സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചുരുക്കത്തില്‍മതത്തെ ഉപദംശിച്ച് രാഷ്ട്രീയത്തില്‍ഇടപെടുന്ന ഇരു കൂട്ടര്‍ക്കും സ്ത്രീശാക്തീകരണവുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ഏറെക്കുറേ തത്തുല്യമായ അഭിപ്രായങ്ങളാണെന്ന് പകല്‍പോലെ വ്യക്തമാകുന്നു.
ലൗ ജിഹാദ്; മറ്റൊരു കാവി നുണ
പ്രണയം അഭിനയിച്ച് ഇതര മതസ്ഥരില്‍വിശേഷിച്ച് ഹിന്ദു മതത്തില്‍വിശ്വസിക്കുന്നവരെ മതപരിവര്‍ത്തനത്തിലൂടെ ഇസ്ലാമികവല്‍ക്കരിയ്ക്കുകയും അങ്ങിനെ ഹിന്ദു മതത്തെ ശിഥിലമാക്കുകയും ചെയ്യുക എന്നതാണ് “Love Jihad” എന്ന പ്രക്രിയയിലൂടെ നാടാകെ നടപ്പിലാക്കപ്പെടുന്നുവെന്നാണ് സംഘപരിവാരവും , മലേഗാവ് സ്ഫോടനമടക്കം നിരവധി മനുഷ്യക്കുരുതികള്‍ക്ക് നേതൃത്വം നല്‍കിയ ഹിന്ദുത്വ ഭീകര സംഘടനകളും പ്രചരിപ്പിച്ചത്. കൃത്യമായ വിവരങ്ങള്‍ തെളിവുകള്‍ വസ്തുതകള്‍ എന്നിവയുടെ പിന്‍ബലം അശേഷമില്ലാതിരുന്ന പ്രസ്തുത പ്രചാരവേലയിലൂടെ നിഷ്‌കളങ്കരായ വിശ്വാസികള്‍ക്കിടയില്‍ ആകുലതകളും അമ്പരപ്പും പരഭീതിയും ഉയര്‍ത്താന്‍ താല്‍ക്കാലികമായെങ്കിലും ബന്ധപ്പെട്ടവര്‍ക്കു കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സ്വാഭാവികമായ സൗഹൃദങ്ങള്‍ പോലും മുന്‍ധാരണകളോടെയും മുന്‍വിധികളോടെയും നിയന്ത്രിക്കപ്പെട്ടു. ലൗ ജിഹാദിനെതിരായ, ‘പ്രതിരോധ’ പ്രവര്‍ത്തനമെന്ന നിലയില്‍കേരളത്തില്‍നടപ്പിലാക്കാനുദ്ദേശിച്ച “വാക്സിനുകള്‍ ” വേണ്ടത്ര ഫലം ചെയ്യാതിരുന്നത്, ‘വിചാരധാരയിലെ’, ആന്തരിക ഭീഷണികളില്‍പ്രമുഖരായ കമ്യൂണിസ്റ്റുകളുടേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും ശക്തമായ സാന്നിധ്യവും സ്വാധീനവും ഇടപെടലുകളായിരുന്നുവെന്നത് യാഥാര്‍ഥ്യമായി നിലകൊള്ളുബോഴാണ് “ഇസ്ലാമിക ഭീകര പദ്ധതി” എന്ന നിലയില്‍അവതരിപ്പിക്കപ്പെട്ട “Love Jihaad” – ഒന്നാന്തരമൊരു നുണ ബോംബായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സൈബര്‍ പോലീസ് സെല്‍അന്വേഷണങ്ങളിലൂടെ കണ്ടെത്തിയത് .
ഇതു സംബന്ധിച്ച് നടന്ന വിശദാന്വേഷണത്തില്‍ കേരളത്തില്‍ ലൗ ജിഹാദ് എന്നൊരു പരിപാടി ഇല്ലെന്ന് സംസ്ഥാന ഡി ജി പി ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍പിന്നീടും ഇത്തരം പ്രചരണം സജീവമാകുന്നതായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചു. ഇന്റലിജന്‍സ് മേധാവി എ ഹേമചന്ദ്രന്റെ നിര്‍ദ്ദേശപ്പ്രകാരം പോലീസ് നടത്തിയ രഹസ്യാന്വേഷണത്തില്‍ hindujaugrathi എന്ന വെബ്‌സൈറ്റിലാണ് ഇത്തരം പ്രചരണം നടക്കുന്നതെന്ന് വ്യക്തമായി. ഒരു മുസ്ലിം യുവജനസഘടനയുടെ പേരിലുള്ള വ്യാജ പോസ്റ്ററും സൈറ്റില്‍പ്രത്യക്ഷപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. ഇതില്‍ഓരോ മതവിഭാഗത്തിലേയും പെണ്‍കുട്ടികളെ വശീകരിച്ചു മതം മാറ്റി വിവാഹം കഴിപ്പിയ്ക്കുന്നതിനുള്ള സമ്മാനത്തുകയും (മൂന്നു ലക്ഷം രൂപ മുതം എട്ടു ലക്ഷം രൂപ വരെ) രേഖപ്പെടുത്തിയിരുന്നു. എന്നാല്‍മുസ്ലിം സംഘടന അത്തരമൊരു പോസ്റ്റര്‍ ഇറക്കിയിട്ടില്ലെന്ന് അന്വേഷണത്തില്‍തെളിഞ്ഞു. തുടര്‍ന്നാണ് കുപ്രചരണം നടത്തുന്ന വെബ്‌സൈറ്റിനെതിരെ കേസെടുക്കാന്‍ ഇന്റലിജെന്‍സ് മേധാവി ഹേമചന്ദ്രന്‍ , ഡി ജി പി ജേക്കബ് പുന്നൂസിനു റിപ്പോര്‍ട്ടു നല്‍കിയത്. തുടരന്വേഷണവും പ്രസ്തുത വെബ് സൈറ്റില്‍എത്തിച്ചേര്‍ന്നു . സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ഉത്തരേന്ത്യന്‍ സ്വദേശിയായ മാര്‍ഗ്ഗിഷ് കൃഷ്ണന്‍ എന്നയാളാണ് വെബ് സൈറ്റ് രെജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കാനും വെബ് സൈറ്റ് നിരോധിയ്ക്കാനും പോലീസ് നീക്കമാരഭിച്ചിരുന്നു.
പൊതു സമൂഹത്തിത്തെ അപ്പാടെ മതപരമയി വിഭജിച്ച് ബഹുമതസ്ഥര്‍ക്കിടയിലെ സൗഹാര്‍ദ്ദം/ അടുപ്പം/ വിശ്വാസം/ സ്നേഹം/ പ്രണയം/ ബന്ധങ്ങള്‍ തുടങ്ങി സ്വാഭാവികമായതെല്ലാം തകര്‍ത്ത് തീവ്രവാദത്തിന്റേയും അസഹിഷ്‌ണുതയുടേയും കലാപത്തിന്റേയും അസമാധാനത്തിന്റേയും അവിശ്വാസത്തിന്റേതുമായ അന്തരീക്ഷം സൃഷ്‌ടിയ്ക്കുകയെന്ന ദുഷ്‌ലാക്കോടെ ആസൂത്രണം ചെയ്യപ്പെട്ട നിഗൂഡ പദ്ധതികള്‍ക്കാണ് ഇതോടെ താല്‍ക്കാലികമായി വിരാമമാകുന്നത്. പക്ഷേ അവശേഷിക്കുന്നതൊന്നുതൊന്നുണ്ട് ; ലൗ ജിഹാദ് ആരോപിക്കപ്പെട്ട് നെഞ്ചു വേദനിച്ച നിഷ്കളങ്കരായ മനുഷ്യരുടെ കണ്ണുനീരിന് ആരാകും സമാധാനം പറയുക.
ചാതുര്‍വര്‍ണ്യത്തെ ശക്തിപ്പെടുത്താന്‍ ഘര്‍വാപ്പസി.
സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി ഇതര സമുദായങ്ങള്‍ക്കുമേല്‍മതപരിവര്‍ത്തനം ആരോപിക്കുന്ന ആര്‍.എസ്.എസ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍വ്യാപകമായ നിലയില്‍ഘര്‍ വാപ്പസി എന്ന പേരില്‍മതപരിവര്‍ത്തനം സംഘടിപ്പിക്കുകയാണ്. പരിവാര്‍ സംഘടനകളില്‍പ്രമുഖരായ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ഇതു സംഘടിപ്പിക്കപ്പെടുന്നത്. ഹിന്ദു കൃസ്ത്യന്‍ മതവിഭാഗങ്ങളിലെ ദളിത് സമൂഹങ്ങളേയും മുസ്ലിം മതവിശ്വാസികളേയുമാണ് സമ്മര്‍ദ്ദം / പ്രേരണ / പ്രലോഭനങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍നിയമവിരുദ്ധമായി മതപരിവര്‍ത്തനത്തിന് വിധേയരാകുന്നത്.
ആര്‍ എസ് എസ് ആദിവാസി കുട്ടികളെ തട്ടിക്കൊണ്ടു പോയത് എന്തിന്.
സമാനമായവിധം അസം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍നിന്നും ആര്‍ എസ് എസ് ഉം അനുബന്ധ സംഘടനകളും വ്യാപകമായ നിലയില്‍ആസൂത്രിത പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുകയാണ്.മൂന്നു മുതല്‍പതിനാല് വയസ്സുവരെയുള്ള മുപ്പത് കുട്ടികളെയാണ് ഗുജറാത്തിലും പഞ്ചാബിലും വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത വീടുകളില്‍ നിന്നും കടത്തിക്കൊണ്ടു പോയത്. സംഘപരിവാര്‍ സംഘനകളായ രാഷ്ട്ര സേവിക / സേവാ ഭാരതി തുടങ്ങിയവയുടെ നേതാക്കളായ ക്രോബി ബസുമട്രി സന്ധ്യബെന്‍ ടിക്‌ടെ എന്നിവരാണ് ഇതിനു നേതൃത്വം നല്‍കിയതെന്ന് വ്യക്തമായിട്ടുണ്ട്.
കുട്ടികളെ കൊണ്ടുപോയി വര്‍ഷമൊന്നു കഴിഞ്ഞിട്ടും കുടുംബാഗങ്ങള്‍ക്ക് ഇതുവരെയും ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. നിര്‍ദ്ധരരും നിരാലംബരുമായ ആദിവാസികളുടെ സാമ്പത്തിക – സാമൂഹ്യ സ്ഥിതികളെ ചൂഷണം ചെയ്ത് പ്രലോഭനങ്ങള്‍ നൽകി ഹിന്ദുത്വവത്ക്കരണത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിലും കുട്ടികളുടേയും കുടുംബങ്ങളുടേയും മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിയ്ക്കുന്നതിലും പ്രതിഷേധിച്ച് ത്സഡേവാലനിലെ ആര്‍ എസ് എസ് ആസ്ഥാനത്തിലേക്ക് നിരവധിയായ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.
ഫാസിസം : ഉംബെര്‍ട്ടോ എക്കോ പറഞ്ഞത്
ഫാസിസത്തിന്റെ വിവിധങ്ങളായ ലക്ഷണങ്ങളെ സംബന്ധിച്ച് നിരവധിയായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്രമുഖ ചിന്തകനും സാമൂഹ്യശാസ്ത്രജ്ഞനായ ഉംബെര്‍ട്ടോ എക്കോ ഇതു സംബന്ധിച്ച് നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍അത്യന്തം പ്രസക്തിയുള്ളവയാണ്. അന്ധമായ ഭൂതകാലാരാധന, ബുദ്ധിജീവി വിരോധം, കലാകാരന്മാരില്‍സംശയം, വംശമഹിമാവാദം, വീരാരാധന, ആണ്‍കോയ്മ, ചരിത്രത്തിന്റെ വക്രീകരണം, സങ്കുചിത ദേശീയത, വിയോജിപ്പുകളെ ചതിവായി കാണല്‍, മതമേൽക്കോയ്മ, എല്ലാറ്റിലും കറുപ്പും വെളുപ്പും മാത്രം കാണല്‍, ഇതര വംശങ്ങളേയും മതങ്ങളേയും വിദേശികളായി മുദ്രകുത്തി അപരവത്ക്കരിക്കല്‍ തുടങ്ങിയവയെല്ലാമാണ് ഫാസിസത്തിന്റെ പൊതുവായ സ്വഭാവസവിശേഷതകളെന്ന് അദ്ദേഹം പറഞ്ഞു വെയ്ക്കുന്നു. ഇന്ത്യയില്‍ന്യൂനപക്ഷങ്ങള്‍, തൊഴിലാളികള്‍, കലാകാരന്മാര്‍, ബുദ്ധികജീവികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്ത്രീകള്‍, എൽ.ജി.ബി.റ്റി.ക്യൂ സമൂഹം, ദളിതുകള്‍, ആദിവാസികള്‍ , ചരിത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ എല്ലാം സംഘ്പരിവാറിയന്‍ ഗണ്‍ പോയിന്റിനു മുന്നിലാണ്.
ആര്‍.എസ്.എസ് രാഷ്ട്രീയാധികാരത്തോടെ ഇന്ത്യയില്‍നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ‘ഏകപക്ഷീയ ദേശീയതയോട് രാഷ്ട്രീയമായി വിയോജിക്കുന്നവര്‍ക്കു മേലെ നിരന്തരം സംഘടിപ്പിക്കപ്പെടുന്ന കാവി സ്റ്റീം റോളര്‍ പ്രയോഗം അക്ഷരാര്‍തഥത്തില്‍ഫാസിസത്തെയാണ് സൂചിപ്പിക്കുന്നത്.
നമ്മളെന്തു ചെയ്യണം .
ജനാധിപത്യ റിപ്പബ്ലിക്ക് എന്ന നിലയിലെ ഇന്ത്യയുടെ അസ്തിത്വത്തെ തകര്‍ക്കുന്നതിനും വ്യത്യസ്തത / വിയോജിപ്പ് / സ്വതന്ത്ര ചിന്ത എന്നിവകളെ അടിച്ചമര്‍ത്തുന്നതിനുമാണ് സംഘപരിവാര്‍ പരിശ്രമം സംഘടിപ്പിക്കുന്നത്. ഇതിനായാണ് ഗോവധം , ലൗ ജിഹാദ് , ബംഗ്ളാദേശില്‍നിന്നും മുസ്ലിങ്ങള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറുന്നു എന്ന വിധമുള്ള നുണകള്‍, വോട്ടിനായുള്ള മുസ്‌ലിം പ്രീണനം തുടങ്ങിയ കല്‍പ്പിതകഥകള്‍ പ്രചരിപ്പിക്കുന്നത്. ഈ വിധം വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാക്കി വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ കണക്കുകൂട്ടുന്നു. ഭൂരിപക്ഷ – ന്യൂനപക്ഷ ഭേദമെന്യേ സമുദായമേതായാലും വിശ്വാസിയോ അവിശ്വാസിയോ ആയി ജീവിക്കുന്നതിനും ഏതുമതത്തിന്റെ അനുഷ്ഠാനങ്ങളിലേര്‍പ്പെടുന്നതിനും ഏര്‍പ്പെടാതിരിക്കുന്നതിനുമുള്ള അവകാശം സംരക്ഷിക്കുന്നതിനായി രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വ്വഹണപരവുമായ ഇടങ്ങളില്‍ മതം കൈകടത്താതിരിക്കുന്നതിനുള്ള പോരാട്ടമാണ് സാഹചര്യം ആവശ്യപ്പെടുന്നത്.
അത് ഒട്ടും ലളിതമായൊരു പ്രവര്‍ത്തനമല്ല. അതിന് സമൂഹത്തെയാകെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി സുസജ്ജമാക്കേണ്ടതുണ്ട്. ഹിന്ദുത്വ ഫാസിസത്തിനും ഇതര വര്‍ഗ്ഗീയതകള്‍ക്കും എതിരായ പോരാട്ടത്തെ നവലിബറല്‍സാമ്പത്തിക നയങ്ങളാല്‍നട്ടം തിരിയുന്ന സാധാരണക്കാന്റെ സമരങ്ങളുമായി കണ്ണി ചേര്‍ക്കുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ. രാജ്യം വിശാലാടിസ്ഥാനത്തിലുള്ള മതനിരപേക്ഷ ജനാധിപത്യ ഐക്യപ്രസ്ഥാനത്തെ ആവശ്യപ്പെടുന്നുണ്ട്. അങ്ങിനെ ആര്‍.എസ്.എസ്സും ഇതര വര്‍ഗ്ഗീയ സംഘടനകളും പ്രചരിപ്പിക്കുന്ന വിനാശകരവും ജാതീയവും വിജ്ഞാനവിരുദ്ധവുമായ പദ്ധതികളെ സാംസ്കാരികവും സാമൂഹികവുമായ ഇടപെടലുകളിലൂടെയും ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളെ പ്രയോജനപ്പെടുത്തിയും നമുക്ക് കൂട്ടായി അതിജീവിക്കാം.