Soniya V Dass

ചില വ്യക്തികള്‍ , ചില സമയങ്ങള്‍ , ചില സ്ഥലങ്ങള്‍ അങ്ങനെയാണ്

ചില വ്യക്തികള്‍ , ചില സമയങ്ങള്‍ , ചില സ്ഥലങ്ങള്‍ അങ്ങനെയാണ്. അവ നഷ്ടപെടുമ്പോഴോ തിരിച്ചു കിട്ടില്ലെന്നുള്ള തിരിച്ചറിവ് ഉണ്ടാകുമ്പോഴോ ആണ് നമ്മുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം അവ ചെലുത്തിയിരുന്നു എന്ന് മനസ്സിലാക്കാനാവു...

പതിവ് പോലെ ജോലി കഴിഞ്ഞു ഒരു തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തി വേറെ പല തിരക്കുകളില്‍ മുഴുകിയിരിക്കുമ്പോഴാണ് മൊബൈലില്‍ ഒരു സ്കൂള്‍ സുഹൃത്തിന്റെ മെസ്സേജ് കണ്ടത്..... our batch mate neethu radhakrishnan passed away.. check fb.... കുറച്ചു നേരം തരിച്ചു നിന്ന് പോയി.....








പെട്ടന്ന് മനസ്സിലേക്ക് വന്നത് എട്ടാം ക്ലാസ്സില്‍ എന്റെ തൊട്ടു മുന്നിലെ ബെഞ്ചില്‍ ഇരുന്നു ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി ചിരിക്കുന്ന അവളുടെ മുഖമായിരുന്നു..... പിന്നെ ഒരു ശൂന്യതയും അസഹ്യമായ ഹൃദയഭാരവും...അന്ന് രാത്രി മുഴുവന്‍ അവളെപ്പറ്റി മാത്രമേ ചിന്തിക്കാനായുള്ളൂ.....

പത്താം ക്ലാസ് കഴിഞ്ഞു പുതിയ സ്കൂള്‍, പുതിയ കോളേജ്, പുതിയ ജോലി തേടി പോയവരില്‍ ഒരാളാണ് ഞാനും..... അതിനിടയില്‍ നടന്ന രണ്ടു പൂര്‍വവിദ്യാര്‍ഥിസംഗമങ്ങളില്‍ കുറച്ചു പേരെ വീണ്ടും കാണാനായി..അത്ര മാത്രം .. അവള്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ പെടില്ലായിരുന്നു..... ഞാന്‍ അവളോട്‌ അധികം സംസാരിച്ചിട്ടില്ല..... എപ്പോഴെങ്കിലും ഉണ്ടെങ്കില്‍ സംസാരിച്ചത് മുഴുവന്‍ അവളായിരുന്നു..... എട്ടാംക്ലാസ്സില്‍ മാത്രമാണ് ഞങ്ങള്‍ ഒരു ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ചത്..... എപ്പഴും സംസാരിക്കുന്ന വളരെ ഊര്‍ജ്ജസ്വലയായ ഒരു പെണ്‍കുട്ടി..... എപ്പഴും അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു..... നന്നായി പാടുമായിരുന്ന അവളുടെ ശബ്ദവും എന്തിനു അവള്‍ പാടിയ പാട്ടും സ്വരങ്ങളും വരെ ഞാന്‍ മറന്നിട്ടില്ലെന്നു ആശ്ചര്യത്തോടെ ഞാന്‍ ഓര്‍ത്തു..... ആ വര്ഷം വര്ഷികപരിപാടിക്ക് ഞങ്ങള്‍ ഒരുമിച്ചു നൃത്തം ചെയ്തിരുന്നു..... അവള്‍ ചെയ്യുന്നത് നോക്കി കൈയും കാലും അനക്കി ഡാന്‍സ് തീര്‍ന്ന ആശ്വാസത്തില്‍ സ്റ്റേജിനു പുറകിലേക്ക് ഓടിയ എന്നെ നോക്കി അവള്‍ ചിരിച്ചത് ഇന്നും മനസ്സില്‍ നില്‍ക്കുന്നു.....

ഇത്രയും ഹൃദയഭാരവും ശൂന്യതയും എനിക്കനുഭവപ്പെടാന്‍ അവള്‍ എന്റെ ആരാണ്. എന്ത് കൊണ്ട് തളര്‍ന്നു പോകുന്നു..... നോര്‍മല്‍ ആവാന്‍ ശ്രമിക്കുന്തോറും അവള്‍ മനസ്സിലേക്ക് നിറഞ്ഞു വന്നു കൊണ്ടിരുന്നു....

സ്നേഹിക്കാന്‍ ഇഷ്ടമുള്ള സ്നേഹിക്കപെടാന്‍ ആഗ്രഹിക്കുന്ന ഒരു മനസ്സായിരുന്നു അവളുടേത്‌. വര്‍ഷങ്ങള്‍ക്കു ശേഷം ഫേസ് ബുക്കില്‍ വീണ്ടും കണ്ടുമുട്ടിയെങ്കിലും ആദ്യ ചില ചാറ്റ്കള്‍ക്ക് മാത്രമേ ഞാന്‍ നിന്ന് കൊടുത്തുള്ളൂ..... പിന്നെ വന്നിരുന്ന hello....hai മെസ്സേജ്ജുകള്‍ ഞാന്‍ ഗൌനിക്കതായി..... പണ്ടേ സുഹൃത്ബന്ധം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ഞാന്‍ പരാജിതയാണ്.....

പത്രത്തില്‍ അവയവദാനം ചെയ്തു അവള്‍ ലോകത്തിനു മാതൃകയായത് വായിച്ചു. മറ്റൊരു ജീവിതത്തിനു കൂടി അവള്‍ വിളക്കായി..... എത്ര പേര്‍ക്ക്കിട്ടും ഇത്ര അഭിമാനത്തോടും അന്തസ്സോടും കൂടിയുള്ള യാത്രാമൊഴി.പലതും സ്വയം പറഞ്ഞു ആശ്വസിക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.പക്ഷെ ഒരു ശലഭമായി അവള്‍ ചിറകടിച്ചു മനസ്സിലേക്ക് വന്നു കൊണ്ടേയിരുന്നു.

ഒരിക്കലും എന്റെ ജീവിതത്തില്‍ ഒരു ഭാഗവും അല്ല എന്ന് കരുതിയ അവള്‍ എന്നെ ജീവിതം ഇത്രയേ ഉള്ളു എന്ന പരമസത്യം ഓര്‍മ്മപ്പെടുത്തി.എന്റെ ഓരോ കൂടുകാരെയും ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.പൂര്‍ണ്ണമായി എല്ലാവരും മനസ്സില്‍ വരുന്നില്ല.എന്റെ കണ്ണ് നിറഞ്ഞു.

എത്രയൊക്കെ മാറ്റങ്ങള്‍ വന്നാലും എങ്ങോട്ടൊക്കെ പോകാന്‍ ശ്രമിച്ചാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ...എന്റെ പ്രിയകൂട്ടുകാരെ..നിങ്ങള്‍ ഓരോരുത്തരും ആ വിദ്യാലയവും എന്റെ ജീവിതത്തിന്റെ അല്ല ആത്മാവിന്റെ ഒരു ഭാഗമാണ്.. എന്റെ സുവര്‍ണ്ണദിനങ്ങള്‍..പച്ചയായ സത്യം..അവള്‍ ചിറകടിച്ചു എന്റെ കാതില്‍ വീണ്ടും മന്ത്രിച്ചു...

ചില വ്യക്തികള്‍ , ചില സമയങ്ങള്‍ , ചില സ്ഥലങ്ങള്‍ അങ്ങനെയാണ്.