സര്‍ഗാത്മകതയും സാംസ്കാരിക പൈതൃകവും കൊച്ചിയെ എങ്ങനെ വേറിട്ടതാക്കിയോ, അതുപോലെ തന്നെയായിരുന്നു ഈ ഫോര്‍ട്ടുകൊച്ചിക്കാരനും. ഷെഫീഖ് ഞങ്ങളില്‍ ഒരുവനായിരിക്കുമ്പാഴും അവന്‍ ഏറെ വ്യത്യസ്തനായിരുന്നു. അവന്‍റെ വാക്കുകള്‍ ഉറപൊട്ടിയിരുന്നത് തലയില്‍ നിന്നായിരുന്നില്ല; ഹൃദയത്തില്‍ നിന്നായിരുന്നു. ചുറ്റുമുള്ളവരുടെ ആഹ്ലാദങ്ങളും സങ്കടങ്ങളും എല്ലായ്പോഴും അവന്‍റേതു കൂടിയായിരുന്നു. കൂട്ടുകൂടുന്നത് പാടിത്തിമിര്‍ക്കാനും ആര്‍ത്തുചിരിക്കാനുമാണെന്ന് അവന്‍ ഞങ്ങളെ പഠിപ്പിച്ചു. ഒപ്പം ന്യായാന്യായങ്ങള്‍ ഇഴകീറുന്ന ചര്‍ച്ചകളില്‍ അവന്‍ ചിന്തയുടെ സ്ഫുല്ലിംഗങ്ങള്‍ വിടര്‍ത്തി. ഓഫീസ് കാര്യങ്ങളായാലും സംഘടനാ കാര്യങ്ങളായാലും ഷെഫീഖിന് രണ്ട് അളവുകോലില്ല. വിമര്‍ശനമാണെങ്കില്‍ ഒരു മയവും ഉണ്ടാകില്ല. വികാരം കൊള്ളാന്‍ തുടങ്ങിയാല്‍ നിയന്ത്രിക്കാനുമാവില്ല.
പാട്ടിനെ പോലെ പഴമയെ പോല ഷെഫീഖ് വാര്‍ത്തകളെയും അവന്‍ സ്നേഹിച്ചു. ആരും കാണത്ത വാര്‍ത്തകള്‍ അവന്‍ കണ്ടു. വാര്‍ത്തകള്‍ക്ക് സാംസ്കാരികമെന്നോ അഴിമതിയെന്നോ വലിപ്പച്ചെറുപ്പമില്ലായിരന്നു. ഭാഷയുടെ പ്രയോഗത്തിലും അസാമാന്യ കൈത്തഴക്കം. എന്നും ഹൃദയംകൊണ്ട് സംവദിച്ച ഷെഫീഖ് ഹൃദ്രോഗിയായി മാറുന്നത് ഞെട്ടലോടെയാണ് കൂട്ടുകാര്‍ അറിഞ്ഞത്. അവന്‍റെ വികാരങ്ങളെ ആവാഹിക്കാനും സിരകളില്‍ പ്രാണവായു പടര്‍ത്താനുമുള്ള കരുത്ത് ആ ഹൃദത്തില്‍നിന്ന് ചോര്‍ന്നു പോയിക്കൊണ്ടേയിരുന്നു. ഹൃദയമാറ്റ ശാസ്തക്രീയ മാത്രമാണ് പോംവഴി എന്നു ഡോക്ടര്‍മാര്‍ വിധിച്ചു. നാട്ടുകാരും കൂട്ടുകാരും പ്രസ്ഥാനവുമൊക്കെ ചേര്‍ന്നാല്‍ ശസ്ത്രക്രീയക്കുള്ള സാമ്പത്തിക ബാധ്യത സ്വരൂപിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ വിജയസാധ്യതയുടെ ശതമാനക്കണക്കുകള്‍ക്ക് വിട്ടുകൊടുക്കാതെ ഷെഫീഖ് സ്വന്തം ഹൃദയത്തെ ചേര്‍ത്തുപിടിച്ചു.
കുറച്ചു നാളത്തെ ആശുപത്രി വാസത്തിന് ശേഷം പുറത്തിറങ്ങിയ ഷെഫീഖ് മറ്റൊരാളായിരുന്നില്ല. അവന് എല്ലാം പതിവുപോലെ തന്നെയായിരുന്നു. കൊച്ചി ബ്യൂറോയിലെ തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവന്‍ തയ്യാറായില്ല. കൊച്ചിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായി ദിലീപിനെ വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കുന്നത് ഷെഫീഖ് ആയിരിക്കും. അവനെ എങ്ങനെ ജോലി ഏല്‍പിക്കുമെന്ന് പരുങ്ങിനില്‍കുമ്പോള്‍ മറുതലയ്ക്കല്‍ ആ മഴുങ്ങുന്ന ശബ്ദം- സഖാവ് പറയൂ, എന്താണ് വളിച്ചത്. ദിലീപ് ഇല്ല, ഞാന്‍ ചെയ്യാം.- അവനെ നിരാശപെടുത്തരുതല്ലോ എന്ന് കരുതി കാര്യം പറയും. അല്‍പ സമയത്തിനകം മറുവിളി വരും. സഖാവെ ഞാന്‍ അന്വേഷിച്ചു. അത് നാന്നായി ചെയ്യാവുന്നതാണ്; ഞാന്‍ ചെയ്യാം. അങ്ങനെ കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ അതിമനോഹരങ്ങളായ ഒട്ടേറെ സ്റ്റോറികള്‍ ഷെഫീഖ് ചെയ്തു. ഓര്‍ക്കാനും പറയാനും ഒട്ടേറെ.
മാധ്യമ പ്രവര്‍ത്തകരുടെ സംഘടനാ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാനകമ്മറ്റിയില്‍ ഷെഫീഖും ഉണ്ടായിരുന്നു. വല്ലാത്തൊരു സ്നേഹവും പിന്തുണയും അവന്‍റെ സാന്നിധ്യം എപ്പോഴും ഫീല്‍ ചെയ്യിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രി ദീലീപിന്‍റെ ഫോണ്‍ ആദ്യം മനോജിനായിരുന്നു. അവനൊരു വാര്‍ത്തയായി മനസ്സില്‍ വല്ലാത്ത ശൂന്യത സൃഷ്ടിച്ചു. പിന്നെ പലരും വിളിച്ചു. പലരേയും വിളിച്ചു. ഫോര്‍ട്ടുകൊച്ചിയെ ഇനിയും അറിയാന്‍ ഞാന്‍ ആരെ വിളിക്കുമെന്ന് ബിജു മുത്തത്തി. പ്രേമന്‍ മുമ്പെപ്പോഴോ റിക്കോഡ് ചെയ്ത പാട്ട് അയച്ചുതന്നു. രാത്രി വൈകുംവരെ ഞങ്ങള്‍ ഷെഫീഖിനെ വീണ്ടും വീണ്ടും അറിഞ്ഞു. അനുഭവിച്ചു.
രാവിലെ പുറപ്പെട്ടു. മനോജിനും മോഹന്‍ദാസിനുമെപ്പം. ഫോര്‍ടുകൊച്ചി കല്‍വത്തി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ അവന്‍ വെള്ള പുതച്ചു കിടക്കുന്നു. പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ... ചെവിയില്‍ മുഴുങ്ങുന്നു. അല്ല ഷെഫീഖ്, നീ പാടി ഒരു പാട് പാട്ടുകള്‍. നീ സ്നേഹിച്ചവര്‍ക്കുവേണ്ടി. നിന്നെ സ്നേഹിച്ചവര്‍ക്കുവേണ്ടി. ഞങ്ങളിനിയും കേട്ടുകൊണ്ടേയിരിക്കും.