Dr Malu Mohan

ശബ്‌ദതരംഗങ്ങളും ക്വാന്റം ഫിസിക്‌സും – കോവിഡ് കാലത്തെ ചില നവഇന്ത്യന്‍ (നാസി) ചിന്തകള്‍

Propaganda, അഥവാ സംഘടിതവും പക്ഷപാതപൂര്‍ണ്ണവുമായ ആശയപ്രചരണം എന്ന ആയുധത്തെ, തങ്ങളുടെ മൂല്യങ്ങളുടെയും, പ്രത്യയശാസ്ത്രത്തിന്റെയും സമ്മതിക്കു വേണ്ടി, ചരിത്രത്തില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച പൊളിറ്റിക്കല്‍ സ്റ്റേറ്റ് ആണ് നാസി ജര്‍മ്മനി. ചരിത്രകാരിയും, യൂണിവേഴ്സിറ്റി ഓഫ് ബഫ്ഫല്ലോയില്‍ അധ്യാപികയുമായ ഡെസ്പിന സ്ട്രെറ്റിജെക്കോസ് (Despina Stratigakos) എഴുതിയ ഹിറ്റ്ലര്‍ അറ്റ് ഹോം (Hitler at home) എന്ന പുസ്തകം ഇതേക്കുറിച്ചു രസകരമായ ചില ഉള്‍കാഴ്‌ചകള്‍ നല്‍കുന്നുണ്ട്. തീവ്രജൂതവിരോധിയും, രാജ്യദ്രോഹക്കുറ്റത്തിന് ജയില്‍ ശിക്ഷയാനുഭവിച്ചയാളും, അങ്ങേയറ്റം ഹിംസാത്മകമായ ഒരു സമാന്തര സൈനിക വിഭാഗത്തിന്റെ തലവനുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന മനുഷ്യനെ, ഊര്‍ജ്‌ജിതപ്രഭാവവും, അസാമാന്യ ജനസമ്മതിയുമുള്ള ഒരു രാഷ്ട്രീയ നേതാവാക്കി പുനര്‍ജ്ജനിപ്പിക്കുന്നതില്‍ propaganda വഹിച്ച പങ്കു വളരെ വലുതാണ്.


download (1)


1930കളുടെ ആദ്യപാദത്തിലാണ്, തങ്ങളുടെ തീവ്രനയങ്ങളുടെ സാമാന്യവത്കരണത്തിന്, Hitler എന്ന ബ്രാന്‍ഡിന്റെ ശരിയായ ഉപയോഗം ഒരുപാടു ഗുണം ചെയ്യും, എന്ന് നാഷണല്‍ സോഷ്യലിസ്റ്റുകള്‍ മനസ്സിലാക്കുന്നത്. ആ ബ്രാന്‍ഡിന്റെ വ്യത്യസ്‌തധ്രുവങ്ങള്‍ വളരെ തന്ത്രപരമായി ജനസമക്ഷം എത്തിക്കുന്നതില്‍, ഏറ്റവുമധികം അന്ന് പാര്‍ട്ടിയെ സഹായിച്ചത് അവിടത്തെ മാധ്യമങ്ങളായിരുന്നു. ജര്‍മന്‍ ദേശീയതയെക്കുറിച്ച് തീവ്രവികാരാധീനനായി ജനക്കൂട്ടത്തോട് സംസാരിക്കുന്ന നേതാവായും, വളര്‍ത്തുനായ്ക്കളുമായി കളിക്കുന്ന, സസ്യഭോജിയായ ബവേറിയന്‍ നാട്ടുമ്പുറത്തുകാരനായും, ഒരേ സമയം ഹിറ്റ്ലറിനെ ജര്‍മനിക്കു മുന്നിലെത്തിച്ചു. അരാജകത്വം സൃഷ്ടിക്കാന്‍ മാത്രം സഹായിക്കുന്ന ഒരു തീവ്രരാഷ്ട്രീയപ്രസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ നിന്ന്, ജര്‍മന്‍ രാഷ്‌ടീയത്തിലെ അതികായന്‍ എന്ന നിലയിലേക്കുള്ള ഹിറ്റ്ലറുടെ വളര്‍ച്ചയ്ക്ക് സഹായകരമായത്, information എന്ന പ്രബലമായ ശക്തിയുടെ തന്ത്രപരമായ ഉപയോഗമായിരുന്നു.


1_unaMWhCGepAnp0LPbhx-zg


തങ്ങളുടെ തീവ്രകാഴ്ചപ്പാടുകളെ നീതീകരിക്കുന്നതിനായി, അവര്‍ ഉപയോഗിച്ചിരുന്ന പല ബിംബങ്ങളും, പ്രമേയങ്ങളും, നമ്മള്‍ ഇന്ത്യക്കാര്‍ക്ക്, കഴിഞ്ഞ കുറച്ചുകാലമായി സുപരിചിതമായവയാണ്. വംശീയ മാഹാത്മ്യം, വംശാധിഷ്ഠിത തീവ്രദേശീയത, രക്തസാക്ഷിത്വം, ചോരയും നീരും, മണ്ണ്, കുടുംബം, മഹനീയമായ മാതൃത്വം, ചില പ്രത്യേക സമൂഹങ്ങളോടുള്ള ശത്രുത, കമ്മ്യൂണിസം, യുക്തിവാദം മുതലായവയോടുള്ള എതിര്‍പ്പ്, എന്നിങ്ങനെ വിഭാഗീയതയില്‍ ഊന്നുന്ന പ്രമേയങ്ങള്‍. ഇത്തരം പ്രമേയങ്ങളടങ്ങിയ സന്ദേശങ്ങള്‍, കേള്‍വിക്കാരില്‍ അത്യുല്‍ക്കടവികാരങ്ങള്‍ ജനിപ്പിക്കുവാന്‍ പാകത്തില്‍, നിരന്തരമായി എത്തിക്കുക എന്നത് പ്രോപഗാണ്ടയുടെ അടിസ്ഥാനതന്ത്രമാണ്. ദൃശ്യങ്ങള്‍, ലേഖനങ്ങള്‍, ശബ്ദരേഖകള്‍, എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ലഭ്യമായ പല മാധ്യമങ്ങളും ഇതിനായി നാസികള്‍ ഉപയോഗിച്ചു.


us-imperialism-latuff-latin-america-racism


കഴിഞ്ഞ ദശാബ്ദത്തിന്റെ അവസാനം മുതല്‍ക്കു ആഗോളവല്‍ക്കരണത്തിന്റെ പ്രക്രിയ അതിന്റെ തനതുരൂപത്തില്‍, നോക്കിയാല്‍, താരതമ്യേനെ മന്ദഗതിയിലായിട്ടുണ്ട്. ആഗോള ചരക്കു വ്യാപാരവും, അതിര്‍ത്തികള്‍ കടന്നുള്ള മൂലധനത്തിന്റെ ഒഴുക്കുമൊക്കെ സാമ്പത്തിക മാന്ദ്യത്തിനുശേഷം കാര്യമായി കുറഞ്ഞു. എന്നാല്‍, രണ്ടു ദശകം മുമ്പ് കേട്ട്കേള്‍വി പോലുമില്ലാത്ത ഒന്നിന്റെ അവിശ്വസനീയമായ പ്രഭാവം ഇന്ന് വ്യക്തിജീവിതം തൊട്ടു രാജ്യാന്തര തലം വരെ എല്ലായിടത്തും കാണപ്പെടുന്നു. അതാണ് ഡിജിറ്റല്‍ ആഗോളവത്കരണം എന്ന പ്രതിഭാസം. അറിവ്, വിവരം, വാര്‍ത്ത, ഡാറ്റ ഇവയുടെയൊക്കെ നിരന്തരമായ ഒഴുക്ക് ലോകത്തെ മുമ്പൊരിക്കലും ബന്ധിപ്പിച്ചിട്ടില്ലാത്ത വിധത്തില്‍ ബന്ധിപ്പിക്കുന്നുണ്ട്.


image-20160824-30231-o92zne


ഭരിക്കുന്നവര്‍ക്കും, നയങ്ങള്‍ പടയ്ക്കുന്നവര്‍ക്കും, ഇന്‍ഫര്‍മേഷന്‍ എന്നത്, ഇന്ന്, ഒരേസമയം, ശക്തിയും ദൗര്‍ബല്യവുമാണ്. ഭരിക്കുന്നവര്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചു പൗരന്മാരില്‍ നിന്നും നിയമം നിര്‍മ്മിച്ചും, സൂത്രത്തിലും, നിസ്സഹായരാക്കിയുമൊക്കെ ഇന്‍ഫര്‍മേഷന്‍ സമാഹരിക്കുമ്പോള്‍, അതുപയോഗിച്ചു നിങ്ങള്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനും അവര്‍ ബാധ്യസ്ഥരാകുന്നു. പൊതുവായി ലഭ്യമായ, അല്ലെങ്കില്‍ ആകേണ്ട ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ച് പൗരസമൂഹത്തിനു സര്‍ക്കാര്‍നിലപാടുകള്‍ പരിശോധിക്കാനും, അപാകതകള്‍ കണ്ടെത്താനുമുള്ള അവസരങ്ങളും കൂടുതലാണ്. എന്നാല്‍, ആഗോളവത്കരണത്തിന്റെ എല്ലാ രൂപത്തിലും നിലനില്‍ക്കുന്ന ഒരു ന്യുനത അല്ലെങ്കില്‍ പരിമിതി, ഡിജിറ്റല്‍ രൂപത്തിനുമുണ്ട്. അതിന്റെ പരപ്പിനു സാമൂഹിക അസമത്വങ്ങളെ ഒരു പരിധിയില്‍കൂടുതല്‍ ചെറുക്കന്‍ സാധിക്കില്ല. എന്ന് മാത്രമല്ല, കഴിഞ്ഞ നൂറ്റാണ്ടിന്റെ സന്തതിയായ, നവലിബറല്‍ ആഗോളവല്‍ക്കരണം എന്ന സാമ്പത്തിക പ്രതിഭാസം, സാമ്പത്തിക അസമത്വം മൂലമുള്ള അന്തരം (gap) കൂട്ടുകയാണ് ചെയ്തത്. ബഹുഭൂരിപക്ഷം ജനങ്ങളും നിലനില്‍പ്പിനായുള്ള പരക്കം പാച്ചിലില്‍ പെട്ടുപോകുന്ന ഇന്ത്യ പോലെയുള്ള രാജ്യത്ത്, അറിവിന്റെ താക്കോല്‍ സൂക്ഷിപ്പുകാരായി സ്വയം അവരോധിച്ച ഒരു ന്യൂനപക്ഷം നടത്തുന്ന പ്രഹസനകളും, മല്പിടിത്തങ്ങളും, ദൈനംദിനമെന്നല്ല ഓരോ നിമിഷവും നമ്മളോരോരുത്തരും അറിഞ്ഞോ അറിയാതെയോ അനുഭവിക്കുന്നുണ്ട്. വ്യവസ്ഥയോട് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കഴിവുള്ള, അധികാരമുള്ള, ബാധ്യതയുള്ള ഈ ന്യൂനപക്ഷം വിചാരിച്ചാല്‍ ഇന്നത്തെ ഇന്‍ഫര്‍മേഷന്‍ യുഗത്തില്‍, ഭരിക്കുന്നവരെ ഉത്തരവാദികളാക്കാന്‍ സാധിക്കും. എന്നാല്‍, അവരില്‍ പലരും എന്താണ് ചെയ്യുന്നത്? ആരാണീ ന്യൂനപക്ഷം?


10


സമൂഹത്തില്‍ സ്വന്തമായി ശബ്ദമുള്ള, അധികാരമുള്ള, എല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഇതില്‍പ്പെടും. പത്രപ്രവര്‍ത്തകരുണ്ട്, സ്വന്തം വിദ്യാഭ്യാസത്തിനോട് പോലും നീതിപുലര്‍ത്താതെ വിളക്ക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന “collective consciousness” കൊണ്ട് വൈറസ് മനുഷ്യശരീരത്തിലെ ACE-2 റിസെപ്റ്റര്‍സുമായി ബന്ധപ്പെടുന്നത് തടയാന്‍ സാധിക്കുമെന്നും, ഈ ഭൂലോക മണ്ടത്തരം quantum physics ആണെന്നും വരെ തട്ടിവിടുന്ന ഡോക്ടര്‍മാരുണ്ട്. പാത്രങ്ങള്‍ കൂട്ടിമുട്ടുമ്പോളുണ്ടാകുന്ന ശബ്ദതരംഗങ്ങള്‍ മന്ത്രങ്ങള്‍ പോലെയാണെന്നും, അവയ്ക്കു വൈറസുകളെ തുരത്താന്‍ കഴിയും എന്നും ലൈവ് ടീവിയില്‍ പുലമ്പുന്ന അഭിനേതാക്കളുണ്ട്, മയില്‍ ആജീവനാന്ത ബ്രഹ്മചാരിയാണെന്നു കണ്ടുപിടിച്ച ജഡ്ജിമാരുണ്ട്, മേഘങ്ങള്‍ മൂലം യുദ്ധവിമാനങ്ങള്‍ ശത്രുപക്ഷത്തെ റഡാറുകളില്‍ നിന്നും രക്ഷപ്പെടുമെന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രിയുമുണ്ട് (അദ്ദേഹം ഇപ്പോഴും പ്രധാനമന്ത്രിയാണെന്നത് ഏറ്റവും വലിയ ഗതികേട്).


download (2)


ന്യൂസ് ചാനലുകള്‍ പതിയെ വാര്‍ത്തയ്ക്കു മേല്‍ ആധിപത്യം നേടുകയും, പത്രപ്രവര്‍ത്തനം എന്നത് അധാര്‍മ്മികതയുടെ കൊടുമുടിയില്‍ എത്തുകയും ചെയ്തിരിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍, സത്യമറിയുക എന്ന അടിസ്ഥാന അവകാശം ഭൂരിപക്ഷത്തിനും നിഷേധിക്കപ്പെടുകയാണ്. ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗ്ഗയില്‍, തബ്ലീഗ് ജമാ അത്ത് എന്ന ഇസ്ലാമിക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങും, നോവല്‍ കൊറോണ വൈറസും തമ്മിലുള്ള ബന്ധത്തിന്റെ പിന്നിലെ വസ്തുതകളെന്ത്, അല്ലെങ്കില്‍, “what are the facts”? എന്ന ലളിതമായ ചോദ്യത്തിനുത്തരം കിട്ടാന്‍, വാര്‍ത്ത വന്ന ദിവസം ന്യൂസ് ചാനലുകളും വെബ്സൈറ്റുകളും പരതിയതോര്‍ക്കുന്നു. വസ്തുതകള്‍ നല്‍കുക എന്ന പ്രാഥമിക കര്‍ത്തവ്യം നിര്‍വഹിച്ച ശേഷം, അതിന്റെ ധാര്‍മികതയെ വിശകലനം ചെയ്യുന്നത് മനസിലാക്കാം. എന്നാല്‍ എന്ത് നടന്നു എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരം പോലും നല്കാന്‍ മുതിരാതെ, രാഷ്ട്രീയപാര്‍ട്ടികളുടെ IT സെല്ലുകളായി പ്രവര്‍ത്തിക്കുന്ന ന്യൂസ്‌ റൂമുകളെക്കുറിച്ചെന്തു പറയാന്‍?


download


ചോദ്യം ചെയ്യേണ്ടവര്‍, അതിനുള്ള കഴിവുള്ളവര്‍, സ്ഥാപിത താല്പര്യങ്ങളുമായി പ്രവൃത്തിക്കുമ്പോള്‍, വാര്‍ത്ത എന്ന പേരില്‍ വലിയ അബദ്ധങ്ങളാണ് whatsapp സര്‍വകലാശാലകളിലൂടെ രാജ്യമെമ്പാടും പ്രചരിക്കുന്നത്. മുസ്ലീങ്ങള്‍ മുഴുവന്‍ പാത്രങ്ങള്‍ നക്കിയും, തുപ്പിയും, ഡോക്ടര്‍മാരെ തല്ലിയും, നഴ്സുമാരെ പുലഭ്യം പറഞ്ഞും, ബോധപൂര്‍വ്വം വൈറസ് പ്രചരിപ്പിക്കുവാന്‍ തീരുമാനമെടുത്തു നടക്കുകയാണ് എന്ന് ഒരു സാധാരണപൗരന്‌ നിസ്സംശയം പറയാന്‍ പറ്റണം, എന്ന ഉദ്ദേശ്യത്തോടു കൂടി എത്ര എത്ര വിഡിയോകള്‍! ഇവ എവിടുന്നു വരുന്നു, ആര് റെക്കോര്‍ഡ് ചെയ്യുന്നു, ഇപ്പോള്‍ മാത്രം എന്ത് കൊണ്ട് വരുന്നു എന്നീ ചോദ്യങ്ങള്‍ വളരെ കുറച്ചുപേര്‍ മാത്രമേ ചോദിക്കുന്നുള്ളു.


രണ്ടു ദിവസം മുമ്പ്, മുഖ്യമായും നോണ്‍-മലയാളികള്‍ അംഗങ്ങളായുള്ള ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും ഞാന്‍ സ്വമേധയാ ഇറങ്ങി. യുക്തി, വസ്തുതകള്‍, ന്യായം, ശാസ്ത്രീയ അടിത്തറ, ഇവയൊന്നും കേള്‍ക്കാനോ മനസ്സിലാക്കാനോ ഉള്ള കഴിവും, മനസ്ഥിതിയും നഷ്‌ടമായ കുറേ ഭിഷഗ്വരന്മാരായിരുന്നു അതിലെ അംഗങ്ങള്‍. തങ്ങളുടെ നിലപാടുകള്‍ സ്‌ഥാപിക്കാന്‍ അവര്‍ നിരത്തിയ എല്ലാ വാദങ്ങളും വാട്സാപ്പ് സര്‍വകലാശാലകളില്‍ നിന്നും, മറ്റു സാമൂഹിക മാധ്യമങ്ങളില്‍ നിന്നും കിട്ടിയവയായിരുന്നു. Evidence Based Medicine എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്ന ഒരു പ്രൊഫഷണല്‍ സംഘം, പാത്രങ്ങള്‍ കൂട്ടിമുട്ടുമ്പോളുണ്ടാകുന്ന തരംഗങ്ങളുടെ ശക്തിയെ ക്കുറിച്ചും, യോഗയിലൂടെ വൈറസ് അണുബാധയെ കീഴ്പെടുത്തുന്നതിനെക്കുറിച്ചും വാതോരാതെ സംസാരിച്ചപ്പോള്‍ ഞാന്‍ എന്നോട് വളരെ നാടകീയമായി പറഞ്ഞു, “എന്തോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്!”.


download (3)


വിദ്യാഭ്യാസം എന്നത് നിഷ്പക്ഷമായി വസ്തുതകള്‍ പ്രോസസ്സ് ചെയ്യാനുള്ള കഴിവുകൂടിയാണ്. ഒരു ഡോക്ടറോ, എഞ്ചിനിയറോ, ജഡ്ജിയോ ഒക്കെയായി പ്രവര്‍ത്തിക്കാന്‍ ആവശ്യം വേണ്ട കഴിവാണത്. എന്നാല്‍, ഏറ്റവും വിദ്യാഭ്യാസമുള്ളവര്‍, കോറോണയുമായി പൊരുതുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് മാസ്കുകളും ഗ്ലോവ്സുകളുമുണ്ടോ, ആവശ്യത്തിന് ടെസ്റ്റ് കിറ്റ്കളുണ്ടോ എന്നൊന്നുമറിയാന്‍ ശ്രമിക്കുന്നതേയില്ല. മറിച്ചു, എല്ലാരും ഒന്നിച്ചു വിളക്ക് കൊളുത്തുമ്പോള്‍ ആര്‍ഷഭാരത സംസ്കാരത്തിന്റെ കീര്‍ത്തി ലോകം മുഴുവന്‍ പരക്കുന്നതിനെക്കുറിച്ചും, 9 മിനിറ്റ് എന്ന ദൈര്‍ഘ്യത്തിന്റെ മതവിശ്വാസസംബന്ധമായ പ്രത്യേകതയെക്കുറിച്ചും സംസാരിക്കുമ്പോള്‍, എന്തോ വലിയ കുഴപ്പമുണ്ട് എന്ന നാം മനസ്സിലാക്കണം.


download


ഇന്ത്യ ഇന്നു ഭരിക്കുന്ന, തീവ്രവലതുപക്ഷവാദികളും, ന്യുനപക്ഷവിരോധികളും, മതാധിഷ്ടിത ദേശീയതയുടെ വക്താക്കളുമായ രാഷ്ട്രീയപാര്‍ട്ടിയുടെ ഏറ്റവും വലിയ നേട്ടം ഇതാണ്. ഇന്‍ഫര്‍മേഷന്‍ കീറിയും മുറിച്ചും കുറുക്കിയും നീട്ടിയും തിരിച്ചും മറിച്ചും, അവരുടെ അജണ്ടയ്ക്ക് യോജിക്കുന്ന വിധത്തില്‍ പ്രോപഗണ്ടയ്ക്കായി ഉപയോഗിക്കുന്നതില്‍ അവര്‍ ആപത്കരമായി വിജയിച്ചിരിക്കുന്നു. സര്‍ജിക്കല്‍ സ്ട്രൈക്ക് ഉപയോഗിച്ച് തൊഴില്ലായ്മയില്‍ നിന്നും ഇന്റലിജന്‍സ് പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചത് പോലെ, തബ്‌ലീഖ് വിഷയമുപയോഗിച്ചു ലോക്ക്ഡൌണ്‍ നടത്തിയതിലെ പാകപ്പിഴ മൂലം പാവപ്പെട്ട കുടിയേറ്റതൊഴിലാളികള്‍ക്കുണ്ടായ പ്രശ്നത്തില്‍ നിന്നും വിജയകരമായി ശ്രദ്ധ തിരിക്കാനും, ഇസ്ലാമോഫോബിയയുടെ ഒരു പുതിയ തിര ഉയര്‍ത്താനും അവര്‍ക്കു സാധിച്ചു. ഇതില്‍ അവരുടെ ഇരകളും പങ്കാളികളുമായി രാജ്യത്തെ വിദ്യാഭ്യാസം നേടിയ ഒരു വലിയ സംഘത്തെ അവരുടെ വശത്ത്‌ ചേര്‍ക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.


download (4)


ഗോള്‍വാക്കര്‍ക്കു നാസികളോടും, ജോസഫ് മെങ്കലെ പോലെയുള്ള നാസികള്‍ക്കു ഇന്ത്യയിലെ വര്‍ണവ്യവസ്ഥയോടും ഉണ്ടായിരുന്ന പരസ്പര ആരാധന പ്രശസ്തമാണ്. ഇന്‍ഫര്‍മേഷന്‍ അധാര്‍മികമായി ഉപയോഗിക്കാനും, ജനങ്ങളെ അതിവൈകാരികതയുടെയും, അശാസ്ത്രീയതയുടെയും, വങ്കത്തങ്ങളുടെയും ഇരുട്ടില്‍ കിടത്താനും രണ്ടു കൂട്ടരും ഉപയോഗിക്കുന്ന വിപുലമായ സംവിധാനങ്ങളും, തന്ത്രങ്ങളും, അവര്‍ക്കിടയില്‍ പൊതുവായുള്ള ധാരയുടെ ഏറ്റവും വലിയ തെളിവാണ്. നാഷണല്‍ സോഷ്യലിസ്റ്റുകള്‍ അവസാനിച്ചപ്പോള്‍ അവരുടെ കൂടി ഒരുപാടൊക്കെ ഇല്ലാതായി. ലോകത്തെ ഏറ്റവും പഴയ സംസ്കാരത്തിന്റെ പിന്മുറക്കാരെന്നു അഭിമാനിക്കുന്ന നമ്മള്‍, അജ്ഞതയുടെ ഈ പടുകുഴിയില്‍ നിന്നും പുറത്തിറങ്ങണമെങ്കില്‍, യുക്തിയുടെയും, ശാസ്ത്രീയ ചിന്തയുടെയും വിളക്ക് നാം മനസ്സില്‍ തെളിയിക്കണം; 9 മിനിട്ടു നേരം മാത്രമല്ല, എല്ലായ്പ്പോഴും!