Dr M K Chandraj

അഹിംസാബേക്കറി
ശൂലത്താല്‍ ചൂഴ്ന്നെടുത്തുടന്‍
സവാളയില്‍ മൂപ്പിച്ച മനുഷ്യഭ്രൂണം.

കന്യകതന്‍ കമ്രശോണിതത്താല്‍
വാനില ഐസ്ക്രീം.

കൃഷീവലന്നുടലരിഞ്ഞുഴുതു മുളപ്പിച്ച
ധാന്യം വറുത്തുപൊടിച്ചിട്ട ചുടുകാപ്പി.

നോവും മാതൃഹൃദയരക്തം മനുഷ്യപ്പട്ടയും ചേര്‍ത്തു
വാറ്റിയ അഗ്നിവീഞ്ഞ്.

തീവ്രവാദപ്പുകയില്‍ തീയുണ്ടയാഴ്ത്തി
പാതിവേവിച്ച തണ്ടൂരിത്തരുണ മാംസം
മൊരിച്ച മസ്തിഷ്ക റൊട്ടി.

മൈക്രോവേവ് ഓവനില്‍ യൗവനം ഫ്രൈ ചെയ്ത ബണ്‍
ലേഡീസ് ഫിംഗര്‍ ചിപ്സ്.

നാവറുത്തെടുത്തു കറുമുറെയാക്കിയ ബദാം ബിസ്കറ്റ്.

ഹൃദയം സ്റ്റഫ് ചെയ്ത പ്ലംകേക്ക്.
പൂവാംകുരുന്നു കരള്‍ ഹല്‍വ.
ദീനവിലാപം ദ്രവീകരിച്ച ഷാര്‍ജ.
ചില്ലിട്ട ഷോകേസില്‍
ചര്‍ക്ക, തക്ലി, ദണ്ഡിയുപ്പിന്‍റെ പഴയ തരി.
പുസ്തകപ്പുഴു കാര്‍ന്നു തീരാറായ
സത്യാന്വേഷണ പരീക്ഷകള്‍.
വടിയൂന്നി പ്രാഞ്ചി നില്‍ക്കും
അഹിംസാവൃദ്ധപ്രതിമ!

ഇനി ആസ്വദിക്കൂ ഈസിയായി
തീനും കുടിയും സുലഭം.
കിന്നരിപ്പാവു ചൂടും നരേന്ദ്രനരഭോജികള്‍
തീന്‍മേശയൊരുക്കുകയായ്.

നല്ല ബേക്കറിയിലേക്കു സ്വാഗതം!