നീതിശാസ്ത്രം

പശിയടക്കാനാവാതെ
നിലവിളിക്കുന്നവനെ
തിരിഞ്ഞു നോക്കരുത്..
പക്ഷേ ,മാംസം ഭുജിച്ച്
വിശപ്പാറ്റിയാല്‍,
അവനെ
വെറുതെ വിടുകയുമരുത് ..

പടക്കനിര്‍മ്മാണശാലയിലും
ഇഷ്ടികക്കളങ്ങളിലും
ഹോമിക്കപ്പെടുന്ന
ബാല്യങ്ങളുടെ ചെവിയില്‍
ഡിജിറ്റല്‍ വേദമോതുക..

പകല്‍വെളിച്ചത്തില്‍ പ്പോലും
നരഭോജികളുടെ മുന്നില്‍
നഗ്നരാക്കപ്പെടുന്ന
നാരികളോടു ചൊല്ലുക –
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

നെയ്യും പാലും
ശിലയിലൊഴുക്കാന്‍
നിസ്സഹായതയുടെ
പിച്ചച്ചട്ടിയില്‍
കൈയിട്ടു വാരുക ..

പുതിയ നീതിശാസ്ത്രത്തിനു
സ്തുതിഗീതം പാടാത്ത
നിഷേധിയുടെ നാവ്
പിഴുതെറിയുക –
അവന്‍റെ നെഞ്ചില്‍
ശൂലമിറക്കുക ,
ഗളച്ഛേദം ചെയ്യുക..

നിരപരാധികളെന്നു
വിലയിരുത്തി
പുതിയ നീതിശാസ്ത്രം
നിങ്ങളെ വെറുതെ വിടും,
അന്ത്യവിധി
നടപ്പിലാക്കാനായി
മനുഷ്യത്വം തിരിച്ചറിഞ്ഞ്
മനുഷ്യമനസുകള്‍
തയാറെടുക്കും വരെ.

 

comments



Comments: