Sabloo Thomas

കേവല യുക്തിവാദികളുടെ രാഷ്ട്രീയ മൗഢ്യങ്ങള്‍

കേവല യുക്തിവാദികളുടെ ഒരു പ്രശ്നം സാമൂഹിക വിഷയങ്ങളിലെ അവരുടെ ഇടപെടലുകളില്‍ പലപ്പോഴും ഉണ്ടാക്കുന്ന ഒരു തരം രാഷ്ട്രീയ ബോധ്യമില്ലായ്മയാണ്. ഇതിന് മകുടോദാഹരണമാണ് ജാതി പൂക്കള്‍ എന്ന സി രവിചന്ദ്രന്റെ പ്രഭാഷണം. സംവരണത്തെ വെറും തൊഴില്‍ ദാന പദ്ധതിയായി മനസിലാക്കി, പ്രതിനിധ്യത്തിന്റെ ഒരു ഉപാധിയായി മനസിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നത്.



പ്രഭാഷണത്തില്‍ അദ്ദേഹം പറയുന്ന വലിയാരു ആരോപണം മുസ്ലീം സമുദായമാണു കേരളത്തിലെ ഏറ്റവും ശക്തിയുള്ള സമുദായം എന്നാണല്ലോ. 2001 ലെ സെന്‍സസ് കണക്കുകളോ 2011ലെയും 2014ലെയും കേരള മൈഗ്രേഷന്‍ സര്‍ വ്വെയുടെ കണക്കുകളും ഇത്തരം ഒരു നിഗമനത്തെ ശരിവെക്കുന്നില്ല. 2011 സെന്സസിലെ ഇത്തരം കണക്കുകള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2011 ലെ സെന്‍സസും ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു നിഗമനം ഉണ്ടാവാനുള്ള സാധ്യത കാണുന്നില്ല


കേരളത്തിലെ ഏറ്റവും പ്രബലമായ സമുദായം എന്ന് രവിചന്ദ്രന്‍ പറയുന്ന മുസ്ലിം സമുദായം കേരള മൈഗ്രേഷന്‍ സര്‍വ്വെയുടെ കണക്കുകള്‍ പ്രകാരം ശരാശരി കുടുംബ സമ്പത്തിന്റെ കാര്യത്തില്‍ സി എസ്‌ ഐ, ദളിത്‌ ക്രൈസ്തവ വിഭാഗങ്ങള്‍ ഒഴിച്ചുള്ള എല്ലാം കൃസ്ത്യന്‍ വിഭാഗങ്ങളെക്കാളും ഹിന്ദുക്കളില്‍ സംവരണം ലഭിക്കാത്ത സവര്‍ണ്ണ വിഭാഗങ്ങളെക്കാളും പുറകിലാണ്.



വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഒരു സുഹൃത്ത് പ്രവിണ്‍ തൊഗാഡിയ ഹിന്ദു പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ ഭൂമി വാങ്ങി കൂടുന്നതിനെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ ശങ്ങളുടെ പശ്ചാത്തലത്തില്‍ ഞാനൊരു `വര്‍ ഗീയവാദിയൊന്നുമല്ല എന്ന മുഖവുരയോടെ കേരളത്തിലെ യാഥാര്‍ ഥ്യങ്ങള്‍ കാണാതെ പോവരുത് എന്ന് പറഞ്ഞത് രവിചന്ദ്രന്റെ പ്രഭാഷണം കേട്ടപ്പോള്‍ ഓര്‍ത്തു പോയി.


ഗള്‍ഫ്‌ കുടിയേറ്റവും അതിനെ തുടര്‍ ന്നുണ്ടായ ബാങ്ക് രേമിറ്റെന്‍സുമാണ് കേരളത്തിലെ മുസ്ലിങ്ങളുടെ കുറച്ചെങ്കിലുമുള്ള സാമ്പത്തിക അഭിവൃദ്ധിക്ക് കാരണം. ഈ അഭിവൃദ്ധിയെ തുടര്‍ ന്നു ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഓപ്ഷന്‍ എന്ന നിലയിലാണ് അവര്‍ ഭൂമി വാങ്ങി കൂടിയത്.



ഗള്‍ഫ്‌ കുടിയേറ്റം എങ്ങനെ മുസ്ലിങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമായി എന്ന് ഡെമോഗ്രാഫിയെ കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നുണ്ട്. ഗള്‍ഫ്‌ കുടിയേറ്റവും ബാങ്ക് രേമിറ്റെന്‍സും എങ്ങനെ കേരളത്തെ സ്വാധിനിച്ചു എന്ന് വിശദമാക്കുന്ന ഇന്‍ഫ്ളേഷന്‍ ഇന്‍ കേരളാസ് ഗള്‍ഫ് കണക്ഷന്‍: റിപ്പോര്‍ ട്ട് ഓണ്‍ കേരളാസ് മൈഗ്രെഷന്‍ സര്‍ വ്വേ 2011 എന്ന കെ സി സ്കറിയയുടെയും എസ്‌ ഇരുദയ രാജന്റെയും പഠനം വ്യക്തമാക്കുന്നു,.


ആ പഠന പ്രകാരം ഹിന്ദു കുടുംബങ്ങളില്‍ 11.4% വും ക്രിസ്തീയ കുടുംബങ്ങളില്‍ 14.4% വും മുസ്ലീം കുടുംബങ്ങളില്‍ 36.6% വുമാണ് ഗള്‍ഫില്‍ നിന്നുള്ള നിക്ഷേപം. അത് ഇടുക്കി ജില്ലയില്‍ 2.2% ഉം മലപ്പുറത്ത് 36.3% ഉം ആണ്.എന്നിട്ടു പോലും മുസ്ലിം സമുദായം ശരാശരി കുടുംബ വരുമാനത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ് എന്ന് മൈഗ്രെഷന്‍ സര്‍ വേകള്‍ ചൂണ്ടിക്കാട്ടുന്നു. അപ്പോള്‍ ഇത്തരം വരുമാന സ്രോതസ്സ് കൂടിയില്ലായിരുന്നെങ്കില്‍ മുസ്ലിം സമുദായത്തിന്റെ ഇന്നത്തെ സാമ്പത്തിക നില ഇതിലും പിന്നോക്കമാവുമായിരുന്നു.ഇത്തരം സാമൂഹ്യ സാഹചര്യം കാണാതെ ഏകപക്ഷീയമായി രവിചന്ദ്രന്‍ നടത്തുന്ന വാചാടോപം ശരിക്കും സഹായിക്കുന്നത് മുസ്ലിം വിരുദ്ധ പൊതുബോധത്തില്‍ വളരുന്ന സംഘപരിവാര്‍ ശക്തികളെയാണ്.



അതേ പ്രഭാഷണത്തില്‍ രവിചന്ദ്രന്‍ വെക്കുന്ന മറ്റൊരു കണക്ക് പ്രകാരം ജനറല്‍ മേരിറ്റിലെ 50 ശതമാനം സീറ്റുകളില്‍ കൂടി മത്സരിച്ചു ജയിക്കാം എന്നത് കൊണ്ട് ഈഴവര്‍ക്ക് 64ശതമാനംവരെ സംവരണം ലഭിക്കാമെന്നതാണ്. ഈഴവര്‍ക്ക് 14 ശതമാനമാണ് സംവരണം. കേരളത്തിലെ ജനസംഖ്യയുടെ 22ശതമാനമാണ് ഈഴവരുടെ ജനസംഖ്യ എന്ന വസ്തുത അദ്ദേഹം മറച്ചും വെക്കുന്നുമുണ്ട്.


ഈ കണക്കിലെ കളി വെച്ച് സംവരണമില്ലാത്ത സവര്‍ണ വിഭാഗങ്ങള്‍ക്ക് വേണമെങ്കില്‍ 50 ശതമാനം സംവരണമുണ്ട് എന്നും വാദിക്കാം. എന്തായാലും അദ്ദേഹം പ്രഭാഷണത്തില്‍ പറയുന്ന, ഈഴവര്‍ക്ക് അവരുടെ ജനസംഖ്യയെക്കാള്‍ 30ശതമാനത്തില്‍ അധികം പ്രാതിനിധ്യം ഉണ്ടെന്ന വാദം കേരളത്തിനെ സംബന്ധിക്കുന്ന ഒരു ജനസംഖ്യ പഠന കണക്കുകളുമായി യോജിക്കുന്നില്ല.



അദ്ദേഹത്തിന്റെ മറ്റൊരു വാദം പട്ടിക ജാതി സംവരണത്തിന്റെ അനുകൂല്യങ്ങളില്‍ ഏറെയും പുലയ സമുദായം കൊണ്ട് പോവുന്നുവെന്നാണ്. പട്ടിക ജാതി സംവരണംഭരണഘടന പ്രകാരമുള്ള ജാതികളുടെ ലിസ്റ്റില്‍ ഉള്‍ പ്പെട്ടിട്ടുള്ള സമുദായങ്ങള്‍ക്കാണ് എന്നും പട്ടികയിലെ ജാതികള്‍ക്ക് ഇനം തിരിച്ചല്ലെന്നും അദ്ദേഹം മനസിലാക്കാതെ പോവുന്നു.കേരളത്തിലെ ജനസംഖ്യ പ്രകാരം പട്ടികജാതി ലിസ്റ്റിലെ 53 ജാതികളുണ്ട്‌ . പട്ടിക ജാതി ജനസംഖ്യയുടെ 44 ശതമാനമാണ്പുലയ സമുദായത്തിന്റെ ജനസംഖ്യ . കുറവന്‍ , പറയന്‍ , കണക്കന്‍ , തണ്ടാന്‍ എന്നീ നാല് ജാതികള്‍ കൂടി ചേര്‍ന്നാല്‍ കേരളത്തിലെ പട്ടികജാതി ജനസംഖ്യയുടെ 78 ശതമാനം വരും. പരവന്‍, ചക്ളിയന്‍, മണ്ണാന്‍ എന്നിവ ചേര്‍ന്നാല്‍ 12.5 ശതമാനവും. ബാക്കി പട്ടിക ജാതി വിഭാഗങ്ങള്‍ എല്ലാം കൂടി പട്ടിക ജാതി വിഭാഗത്തിന്റെ ജനസംഖ്യയുടെ 9.5 ശതമാനമാണ്.


രവിചന്ദ്രന്‍ പറയുന്നത് പട്ടിക ജാതി സംവരണത്തിലെ 32 ശതമാനം സീറ്റുകളും പുലയ സമുദായം കൊണ്ട് പോവുന്നുവെന്നാണ്.എന്നാല്‍ ജനസംഖ്യാപരമായി താരത്മ്യം ചെയ്താല്‍ അവരുടെ ജനസംഖ്യയേക്കാള്‍ കുറവാണ് അവരുടെ സംവരണം വഴിയുള്ള തൊഴില്‍ പ്രാതിനിധ്യം എന്നാണ് മനസിലാവുന്നത്. ശ്രേണിബദ്ധമായ വിവേചനം തീര്‍ ക്കുന്ന സാമുഹിക സാഹചര്യങ്ങളാണ് സാമുഹികവും സാംസ്‌കാരികവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായി ചിലരെ മുഖ്യധാരയില്‍ നിന്നും പുറത്ത് നിര്‍ ത്തുന്നത്.



സുഹൃത്തും മീനാങ്കല്‍ ട്രൈബല്‍ ഗവര്‍ മെന്റു സ്കൂളിലെ അധ്യാപകനുമായ ഉദയന്‍ കാടിനുള്ളില്‍ നിന്നും 11 കിലോമീറ്റര്‍ ഇങ്ങോടും തിരിച്ചു അങ്ങോടും നടന്നു മാത്രം പഠിക്കേണ്ടി വരുന്ന ആദിവാസി ബാലന്മാരുടെ അനുഭവങ്ങള്‍ പറഞ്ഞതും 2011ള്‍ അട്ടപാടി കാട്ടിലൂടെ കിലോമീറ്ററുകള്‍ നടന്നു പഠിക്കുന്ന ആദിവാസി ബാലാന്മാരുള്ള ചില ഊരുകളെ കുറിച്ച് തമ്പിലെ കെ എ രാമു പറഞ്ഞതും ഓര്‍ക്കുന്നു.


അതായത് സ്കൂളില്‍ വന്നു തിരിച്ചു പോവുന്നത് തന്നെ ഒരു പോരാട്ടമായ ഇത്തരം ബാലന്മാരെ നഗരത്തിലെ എല്ലാ സൗകര്യങ്ങളും ഉള്ള വിദ്യാര്‍ ഥികളെയും ഒരേ മാനദണ്ഡത്തില്‍ അളക്കുന്നത് അവസര സമത്വത്തിനു എതിരാവുന്നത് അത് സാമുഹിക നീതിയെന്ന ബോധ്യത്തിനു എതിരായത് കൊണ്ടാണ്.


ഇങ്ങനെ ചിലരെ പുറംതള്ളി ഘെറ്റോകള്‍ സൃഷ്ടിച്ചു കൊണ്ടാണ് ആധുനികക്കാലത്ത് ജാതി നിലനില്‍ക്കുന്നത്.എങ്ങനെ ചില ആവാസ വ്യവസ്ഥകള്‍ ചിലരുടേത്‌ മാത്രമായി തീരുന്നു എന്ന് അന്വേഷിച്ചാല്‍ ഘെറ്റോകളും ജാതിയും തമ്മിലുള്ള ബന്ധം മനസിലാവും.ജാതിയില്ലാത്ത ഹൗസിംഗ് കോളനികളും ജാതിയുള്ള ലക്ഷം വീട് കോളനിയും പോലെ.



പലരും കരുതും പോലെ സംവരണം എന്നത് ഇന്ത്യയില്‍ മാത്രം നിലനില്‍ക്കുന്ന ഒരു പദ്ധതിയല്ലായെന്നും സാമുഹിക നീതി അടിസ്ഥാന തത്വമായി അംഗികരിക്കുന്ന എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഇതിനു സമാനമായസാമൂഹിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അഫിര്‍ മേറ്റിവ് ആക്ഷന്‍ എന്ന അവസര സമത്വം ഉറപ്പിക്കുന്ന പദ്ധതികള്‍ പിന്തുടരുന്നുണ്ട് എന്നും അറിയുക. തൊഴില്‍ദാനമല്ല എല്ലാ സാമുഹിക വിഭാഗങ്ങള്‍ക്കും ഭരണ നിര്‍ വഹണത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് അതിന്റെ ലക്‌ഷ്യം. അമേരിക്ക തുടങ്ങിയ തൊഴില്‍ നിയമങ്ങളില്‍ തീര്‍ത്തും വലത് പക്ഷ സമീപനം പുലര്‍ ത്തുന്ന രാജ്യങ്ങള്‍ പോലും ഇത് പിന്തുടരുന്നുണ്ട്


പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി 1961 മാര്‍ ച്ച് 6 ന് ഒപ്പുവെച്ച “എക്സിക്യൂട്ടീവ് ഓര്‍ ഡര്‍ നമ്പര്‍ 10925”, “അഫീര്‍ മേറ്റിവ് ആക്ഷന്‍ ” എന്ന പ്രയോഗം അമേരിക്കയില്‍ ആദ്യമായി ഉപയോഗിച്ചു. ഇതില്‍ സര്‍ ക്കാര്‍ കരാറുകാര്‍ വര്‍ഗ്ഗം, മതം, നിറം, എത്തിനിസിറ്റി എന്നിവയിലെ സമത്വം ഉറപ്പ് വരുത്തി വിവേചനരഹിതമായി തൊഴില്‍ പ്രതിനിധ്യം ഉറപ്പ് വരുത്തണം. . 1965-ല്‍ പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ എക്സിക്യൂട്ടീവ് ഓര്‍ ഡര്‍ 11246 ന് പുറപ്പെടുവിച്ചു. അത് വഴി ഗവണ്‍മെന്റ് തൊഴില്‍ ദാതാക്കളും വിവേചനങ്ങളില്ലാതെ തൊഴില്‍ നല്‍കണം എന്ന നിലവന്നു. 1967-ല്‍ ലിംഗ പദവി കൂടി “അഫീര്‍ മേറ്റിവ് ആക്ഷന്‍ ” ലിസ്റ്റില്‍ ഉള്‍പ്പെട്ടു.



എന്തിനു കേരളത്തില്‍ സവര്‍ണ വിഭാഗങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നത് പോലും പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം ഉറപ്പുവരുത്താനുള്ള സമരങ്ങളിലൂടെയാണ്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാം‌കൂറില്‍ ഉയര്‍ ന്ന ഔദ്യോഗിക സ്ഥാനങ്ങളില്‍ മലയാളികള്‍ക്ക് പ്രാതിനിധ്യ വേണം എന്ന ആവശ്യവുമായി 1891 ജനുവരിമാസം അന്നത്തെ രാജാവിന്‌ നല്‍കിയ നിവേദനമാണ്‌ മലയാളി മെമ്മോറിയല്‍ എന്നപേരില്‍ അറിയപ്പെടുന്നത്. ആ കാലഘട്ടത്തില്‍ തിരുവിതാം‌കൂറിലെ ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ വഹിച്ചിരുന്നത് തമിഴ് ബ്രാഹ്മണര്‍ ആയിരുന്നു. ഇതിനെതിരെ തിരുവിതാം‌കൂര്‍ തിരുവിതാംകൂര്‍കാര്‍ക്ക് എന്ന ആശയം ഉയര്‍ ത്തിപ്പിടിച്ചു ബാരിസ്റ്റര്‍ ജി.പി.പിള്ള, കെ.പി. ശങ്കരമേനോന്‍, സി.വി. രാമന്‍പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ 10028 പേരുടെ ഒപ്പ് ശേഖരിച്ച് മഹാരാജാവിനു നല്‍ക്കിയ്തു.


ആകെയുള്ള 10038 ഒപ്പുകളില്‍ പൂര്‍ണമായ പേരും ഉദ്യോഗവും രേഖപ്പെടുത്തിയത് വെറും 250 പേരായിരുന്നു. അവയില്‍ ആദ്യത്തെ 222 പേരില്‍ 168 പേരും നായര്‍ സമുദായക്കാരായിരുന്നു. ഈ വസ്തുത മെമ്മോറിയലിന്റെ ജനകീയ സ്വഭാവത്തെക്കുറിച്ചു സംശയങ്ങള്‍ ഉണ്ടാക്കി. മാത്രമല്ല, മുസ്ലീം സമുദായക്കാരെ വിദ്യാഭ്യാസമില്ലാത്തവരെന്നു മുദ്രകുത്തി മെമ്മോറിയലില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.


മെമ്മോറിയലില്‍ പല ഈഴവ പ്രമുഖരും ഒപ്പിട്ടിരുന്നു. എന്നിട്ടും തിരുവിതാംകൂര്‍ ജനസംഖ്യയില്‍ ഇരുപത്‌ ശതമാനം ഈഴവരായിട്ടും പഠിക്കാനും സര്‍ ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സൗകര്യവും ഈഴവര്‍ ക്ക് കിട്ടിയില്ല. അഞ്ച്‌ രൂപയില്‍ കൂടുതല്‍ ശമ്പളമുള്ള ഒരു ഈഴവനും തിരുവിതാംകൂര്‍ സര്‍വീസില്‍ ഉണ്ടായിരുന്നില്ല. മെഡിക്കല്‍ ബിരുദം പാസായി വന്നിട്ടും ഡോക്ടര്‍ പല്പുവിനൊക്കെ ജോലി കൊടുക്കാന്‍ വിസമ്മതിച്ചിരുന്നല്ലോ.



ഇതിനെ തുടര്‍ന്നു 1895 മേയ് മാസത്തില്‍ ഡോ. പല്‍പ്പു തന്നെ ദിവാന്‍ ശങ്കരസുബ്ബയ്യര്‍ ക്കു് സ്വന്തം നിലയില്‍ ഒരു നിവേദനം സമര്‍ പ്പിച്ചു. ദിവാനുമായി നടത്തിയ ചര്‍ ച്ചയും ഫലം കണ്ടില്ലന്ന് വന്നപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1896 സെപ്റ്റംബറില്‍ 13176 ഈഴവസമുദായാംഗങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ ജി രാജാവിനു സമര്‍ പ്പിക്കപ്പെട്ടു .ഇതാണ് ഈഴവ മെമ്മോറിയല്‍.


ഈഴവമെമ്മോറിയല്‍ സമര്‍പ്പണത്തിലൂടെ പ്രശ്നങ്ങള്‍ക്ക്‌ ഉടന്‍ പരിഹാരം കാണാന്‍ കഴിഞ്ഞില്ല .എന്നാലും അതിലൂടെ രൂപപ്പെട്ടുവന്ന ഈഴവ ഐക്യമാണ്‌ 1903ല്‍ എസ്‌എന്‍ഡിപി രൂപീകരണത്തിന്‌ കാരണമായത്.അതിനും എത്രയോ കാലത്തിനു ശേഷമാണ് ജനസംഖ്യാപരമായി കേരളത്തില്‍ പ്രബലമായ ഈഴവ സമുദായത്തിന് പോലും തൊഴിലില്‍ ന്യായമായ പരിഗണന ലഭിക്കുന്നത്.ഇതൊന്നും മനസിലാക്കാതെ രവിചന്ദ്രനെ പോലൊരാള്‍ നടത്തുന്ന പ്രഭാഷണം ചരിത്രവിരുദ്ധം കൂടിയാണ്.


യുക്തിവാദിയും ശ്രീനാരായണ ഗുരു ശിഷ്യനുമായ സഹോദരന്‍ ജാതിനശീകരണം എന്ന ലക്ഷ്യത്തെ സംവരണം എന്ന ഭരണഘടന പദ്ധതിയുടെ എതിര്‍ പക്ഷത്താക്കുന്ന യുക്തികളെ കുറിച്ച് പറഞ്ഞത് ഓര്‍ ത്തു കൊണ്ട് അവസാനിപ്പിക്കാം.



“ഇത് ശ്രീനാരായണ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരല്ലേ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ അല്ല എന്ന് ഖണ്ഡിതമായിത്തന്നെ പറഞ്ഞുകൊള്ളുന്നു. എന്നുതന്നെയല്ല അത് ശ്രീനാരായണ വാക്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഇപ്പോള്‍ അത്യാവശ്യമായി തീര്‍ന്നിട്ടുള്ള ഒരു പ്രതിവിധി പ്രയോഗമാണ്. ജാതി ചോദിക്കരുതെന്നു തുടങ്ങുന്ന ശ്രീനാരായണ വാക്യം ജാതി ഇല്ലാതാകുന്ന സ്ഥിതി കൈവരുത്താന്‍ ഉദ്ദേശിച്ചു പറഞ്ഞിട്ടുള്ളതാണ്. സാമുദായിക അവശതകള്‍ പരിഹരിക്കാനുള്ള സംവരണം മുതലായ പരിരക്ഷകള്‍ക്ക് എതിരായി ഉപയോഗിക്കാന്‍ വേണ്ടി പറഞ്ഞിട്ടുള്ളതല്ല. ജാതിയും ജാതിമേധാവിത്വങ്ങളും നിലനിര്‍ത്ത ണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമേ പിന്നോക്ക സമുദായങ്ങളുടെ പരിരക്ഷകള്‍ക്കെതിരായി അത് ഉപയോഗിക്കുകയുള്ളൂ. ആ ഉപയോഗം ഇപ്പോള്‍ വളരെ കലശലായിരിക്കയാണ്. സംവരണത്തിനെതിരായി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുതെന്നുള്ള ശ്രീനാരായണ വാക്യം ഉദ്ധരിക്കുന്നവരോട് ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം എന്നുതന്നെ പറയണം. ജാതി പുലര്‍ത്തണമെന്നു ഉദ്ദേശത്തോടുകൂടി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്, ജാതി തകര്‍ക്കാന്‍ ആവശ്യമായാല്‍ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം എന്ന് സഹോദരന്‍ അയ്യപ്പന്‍ .


കടപ്പാട്: വിവിധ മൈഗ്രെഷന്‍ സര്‍ വേകള്‍, സെന്‍സസ്2011, സംവരണത്തെ കുറിച്ചുള്ള സുദേഷ് എം രഘുവിന്റെ കുറിപ്പുകള്‍, കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച, ഡോ. എസ് ശിവദാസന്‍ , ഡോ. സി എന്‍ സോമരാജന്‍ ‍ എന്നിവര്‍ എഴുതിയ ‘പൗരസമത്വവാദം തിരുവിതാംകൂറില്‍ ‍ ‘ എന്ന പുസ്തകം, അജയകുമാര്‍ , അരുണ്‍ എന്‍ എം എന്നിവരുടെ ജാതിപ്പൂക്കള്‍ എന്ന പ്രഭാഷണത്തെ വിശകലനം ചെയ്തുകൊണ്ടുള്ള കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍.