Adv T K Sujith

കോപ്പിറൈറ്റ് ചെയ്യപ്പെടുന്ന മാര്‍ക്സും മാര്‍ക്സിസവും

സ്വകാര്യ സ്വത്തിനും മുതലാളിത്തത്തിനും കുത്തകവല്‍ക്കരണത്തിനുമെതിരായ മനുഷ്യ മോചന പോരാട്ടങ്ങളുടെ പൂര്‍ണ്ണതയാണ് മാര്‍ക്സും അദ്ദേഹത്തിന്റെ ശാസ്ത്രീയ സോഷ്യലിസവും. മഹാനായ മാര്‍ക്സും സുഹൃത്ത് എംഗത്സും ചേര്‍ന്ന് എഴുതിക്കൂട്ടിയ പ്രബന്ധങ്ങളിലൂടെയും പുസ്തകങ്ങളുടെയുമാണ് ആ വിമോചനപ്പോരാട്ടത്തിന്റെ പാതവെട്ടിയൊരുക്കപ്പെട്ടത്. ഇന്നിതാ മാനവരാശിയുടെ, പ്രത്യേകിച്ച് തൊഴിലാളി വര്‍ഗ്ഗത്തിന്റെ, ആ പൈതൃക സ്വത്ത് സ്വകാര്യ സ്വത്തായി ചിലര്‍ പ്രഖ്യാപിച്ചിരിക്കുന്നു. വിഖ്യാതമായ മാര്‍ക്സ് - എംഗത്സ് സമാഹൃതകൃതികളുടെ പകര്‍പ്പവകാശം തങ്ങള്‍ക്കുമാത്രമാണെന്നും മറ്റാരും അത് പ്രസിദ്ധീകരിക്കരുതെന്നുമാണ് ബ്രിട്ടീഷ് പ്രസാധകരായ ലോറന്‍സ് & വിഷാര്‍ട്ട് (Lawrence & Wishart) അവകാശപ്പെടുന്നത്.



മാര്‍ക്സും എംഗത്സും ചേര്‍ന്ന് ഇംഗ്ലീഷ്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളിലായി എഴുതിക്കൂട്ടിയ മാര്‍ക്സിസ്റ്റ് ദര്‍ശനം 1835 നും 1895 നുമിടയ്ക് വിവിധ രാജ്യങ്ങളിലെ പ്രസാധകര്‍ വിവിധ കൃതികളായാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഇവയെല്ലാംകൂടി സമാഹരിച്ച് മാര്‍ക്സ് - എംഗത്സ് സമാഹൃതകൃതികള്‍ (Marx- Engels Collected Works -MECW) എന്ന പേരില്‍ റഷ്യന്‍ ഭാഷയിലും ഇംഗ്ലീഷിലുമായി അന്‍പത് വാല്യങ്ങളിലായി ആദ്യം പ്രസിദ്ധീകരിച്ചത് ലോകപ്രശസ്ത സോവിയറ്റ് പ്രസാധകശാലയായിരുന്ന പ്രോഗ്രസ് പബ്ലിഷേഴ്സായിരുന്നു. അനവധി മാര്‍ക്സിസ്റ്റുകള്‍ പ്രതിഫലേച്ഛയില്ലാതെ നടത്തിയ സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ പുസ്തകശേഖരണത്തിന്റെ വിവര്‍ത്തനവും പ്രസാധനവും പ്രചരണവുമടക്കമുള്ള ഒട്ടനവധി ജോലികള്‍ അക്കാലത്ത് നിര്‍വ്വഹിക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള മാര്‍ക്സിസ്റ്റുകളുടെയും രാഷ്ട്രീയ - തത്വശാസ്ത്ര വിദ്യാര്‍ത്ഥികളുടെ ഒരു സ്വപ്ന പുസ്തകശേഖരമാണ്. മാര്‍ക്സ് - എംഗത്സ് സമാഹൃത കൃതികള്‍. അത് ലോകത്തിന് സൗജന്യമായി ലഭ്യമാക്കിയിരുന്നതില്‍ പ്രധാനിയായിരുന്നു മാര്‍ക്സിസ്റ്റ്സ്. ഓര്‍ഗ് എന്ന വൈബ്സൈറ്റ്.


ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ വികാസത്തോടെ മാര്‍ക്സിസ്റ്റ് ദര്‍ശനം ലോകമെമ്പാടും സൗജന്യമായി എത്തിക്കുക എന്ന ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് മാര്‍ക്സിസ്റ്റ് ഇന്റര്‍നെറ്റ് ആര്‍ക്കൈവ് (MIA) എന്ന സംഘടനയും അതിന്റെ ദി മാര്‍ക്സിസ്റ്റ്സ്. ഓര്‍ഗ് (https://www.marxists.org) എന്ന വെബ്സൈറ്റും. 1990 -ല്‍ ആരംഭിച്ച ഈ വെബ്സൈറ്റ് ഇന്ന് മാര്‍ക്സിസം സംബന്ധിമായ ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഭരണിയാണ്. മാര്‍ക്സിസത്തിന്റെ വിക്കിപീഡിയയെന്ന് വിളിക്കാവുന്ന ഒന്നാണ് പ്രതിമാസം 11 ലക്ഷത്തില്‍പരം ആളുകള്‍ സന്ദര്‍ശിക്കുന്ന മാര്‍ക്സിസ്റ്റ്സ്. ഓര്‍ഗ്. ഇപ്പോള്‍ മലയാളമടക്കം ലോകത്തെ 45 ഭാഷകളില്‍ മാര്‍ക്സിസ്റ്റ് സാഹിത്യം ഇന്റര്‍നെറ്റിലൂടെ ഇത് പ്രദാനം ചെയ്യുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് ഇതിലേക്ക് വിവരം ചേര്‍ക്കുന്നത്. മാര്‍ക്സിനും എംഗത്സിനും പുറമെ വിവിധ രാജ്യങ്ങളിലെയും ഭാഷകളിലെയും പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകരുടെ കൃതികളും ഇതിലൂടെ തീര്‍ത്തും സൗജന്യമായി, ക്രിയേറ്റീവ് കോമണ്‍സ് പകര്‍പ്പുപേക്ഷാ അനുമതി പ്രകാരം പൊതുജനങ്ങളിലേക്കെത്തിക്കുന്നുണ്ട്.



ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മാര്‍ക്സിസ്റ്റ്സ്. ഓര്‍ഗിലെ മുഖ്യ ആകര്‍ഷണമായിരുന്നു മാര്‍ക്സ് - എംഗത്സ് സമാഹൃത കൃതികള്‍. പ്രതിദിനം ആയിരങ്ങളാണ് സമാഹൃത കൃതികള്‍ വായിക്കുവാനും ഡൗണ്‍ലോഡ് ചെയ്യുവാനുമായി ഈ സൈറ്റ് സന്ദര്‍ശിച്ചുവരുന്നത്. ലോകത്തെ അനവധി വെബ്സൈറ്റുകളിലും, അക്കാദമിക് ജേണലുകളിലും പഠനപ്രബന്ധങ്ങളിലും ഇന്റര്‍നെറ്റ് ആശയ വിനിമയങ്ങളിലും സാമൂഹ്യ ശ്രംഖലകളിലും മാര്‍ക്സിസ്റ്റ്സ്. ഓര്‍ഗിലെ സമാഹൃതകൃതികളുടെ ലിങ്ക് അവലംബമാക്കപ്പെടുകയും അതിലെ ഉദ്ധരണികള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാര്‍ക്സിസം സംബന്ധിച്ച ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സംവാദങ്ങളിലെ മുഖ്യസഹായിയായിരുന്നു മാര്‍ക്സിസ്റ്റ്സ്. ഓര്‍ഗിലെ സമാഹൃത കൃതികളുടെ വിഭാഗം. മാര്‍ക്സിസത്തെക്കുറിച്ച് ഗൗരവമായി പഠിക്കുന്നവരുടെയെല്ലാം ആശ്രയമായിരുന്ന ഈ വിഭാഗമാണ് ലോറന്‍സ് & വിഷാര്‍ട്ട് എന്ന പ്രസാധകശാലയുടെ കടുംപിടുത്തം മൂലം ഇല്ലാതാകുന്നത്.



മാര്‍ക്സിസ്റ്റ്സ്. ഓര്‍ഗില്‍ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു നോട്ടീസ് പ്രത്യക്ഷപ്പെട്ടു.



അതായത്, മാര്‍ക്സിസ്റ്റ്സ്. ഓര്‍ഗില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാര്‍ക്സിന്റെയും എംഗത്സിന്റെയും സമാഹൃത കൃതികള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ സമാഹൃത കൃതികളുടെ ഉടമകളായ ലോറന്‍സ് & വിഷാര്‍ട്ട് എന്ന പ്രസാധകശാല നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ ഏപ്രില്‍ 30 നു ശേഷം തങ്ങള്‍ക്ക് ഈ പുസ്തകങ്ങള്‍ ലോകത്തിന് ലഭ്യമാക്കാനാവില്ലെന്നുമാണ് ഈ നോട്ടീസിലൂടെ അവര്‍ അറിയിക്കുന്നത്. ഈ മെയ്ദിനം മുതല്‍ തൊഴിലാളിവര്‍ഗ്ഗമുള്‍പ്പെടുന്ന ലോക സമൂഹത്തിന് 50 വാല്യം വരുന്ന മാര്‍ക്സ് - എംഗത്സ് സമാഹൃത കൃതികള്‍ ലഭിക്കണമെങ്കില്‍ 2500 പൗണ്ട് -ഏകദേശം രണ്ടരലക്ഷം രൂപ - നല്‍കണമെന്ന് ചുരുക്കം.


യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് റഷ്യയിലെ പ്രസാധകശാലയായിരുന്ന പ്രോഗ്രസ് പബ്ലിഷേഴ്സിന് വേണ്ടിയാണ് ലോറന്‍സ് വിഷാര്‍ട്ട് ഈ സമാഹാരം പ്രസിദ്ധീകരിക്കന്നത്. അക്കാലത്ത് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസാധകശാലയായിരുന്ന ഇവരെ അന്ന് ഇതിനായി പിന്തുണച്ചത് സോവിയറ്റ് പണവും പ്രയത്നവുമാണെന്നത് പരസ്യമായ രഹസ്യമാണ്. പുസ്തകത്തില്‍ പകര്‍പ്പവകാശം പ്രവര്‍ത്തനം നിലച്ച പ്രോഗ്രസ് പബ്ലിഷേഴ്സിനുമാണ്. അതായത് പൊതുപണം ഉപയോഗിച്ച് പൊതു അദ്ധ്വാനം മുടക്കി പ്രസിദ്ധീകരിച്ച ഒരു സമാഹാരത്തിനെയാണ് ലോറന്‍സ് വിഷാര്‍ട്ട് ഇന്ന് സ്വകാര്യസ്വത്തായി കാണുന്നത്.


ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനം വഴിയും പൊതുപണം ഉപയോഗിച്ചും വളര്‍ന്നുവന്ന പല പ്രസാധകശാലകളും പില്‍ക്കാലത്ത് സ്വകാര്യ പ്രസാധക ശാലകളായി മാറുകയും പൊതുമുതല്‍ അവര്‍ സ്വകാര്യമുതലാക്കി മാറ്റുകയും ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇതിനകം തന്നെ ലോകത്ത് പലയിടങ്ങളിലും ദൃശ്യമായി തുടങ്ങി. മലയാളത്തിലടക്കം, പ്രോഗ്രസ്സ് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍, തങ്ങളുടെ സ്വന്തമാണെന്ന് പ്രഖ്യാപിച്ച്, കോപ്പിറൈറ്റോടെ പുന:പ്രസിദ്ധീകരിക്കുന്ന പ്രസാധകരുമുണ്ട്. മഹത്തായ മാര്‍ക്സിസ്റ്റ് ക്ലാസിക്കുകള്‍ ഇങ്ങനെ പലരൂപത്തില്‍ പകര്‍പ്പവകാശം ചുമത്തപ്പെടുന്നു.


സമാഹാരം ഒഴിവാക്കണമെന്ന് ലോറന്‍സ് വിഷാല്‍ ആവശ്യപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലമെന്തെന്ന് ആര്‍ക്കൈവ്സില്‍ വിശദമാക്കിയിട്ടില്ല. ഗ്രന്ഥകര്‍ത്താവിന്റെ മരണശേഷം എഴുപത് വര്‍ഷം കഴിഞ്ഞാല്‍ സാധാരണഗതിയില്‍ ഒരു കൃതി പകര്‍പ്പവകാശമുക്തമായ പൊതു സഞ്ചയത്തില്‍ (Public Domain) ആകുന്നുവെന്ന് ബ്രിട്ടീഷ് പകര്‍പ്പവകാശ നിയമം പറയുന്നു. സമാഹൃ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ട് അത്രയും കാലമായിട്ടില്ലെന്നതോ, പുസ്തകത്തിന്റെ വിവര്‍ത്തനം നടന്ന കാലത്തെ അടിസ്ഥാനപ്പെടുത്തി പകര്‍പ്പവകാശപരിധി കഴിഞ്ഞിട്ടില്ലെന്നതോ, പ്രസിദ്ധീകരണ സമയത്ത് പ്രോഗ്രസ്സും ലോറന്‍സ് വിഷാലും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ആധാരമാക്കിയോ ഒക്കെ ആയിരിക്കാം അവര്‍ ഈ അവകാശവാദം ഉയര്‍ത്തിയിട്ടുള്ളതെന്ന് കരുതുന്നു. എന്നാല്‍ മാര്‍ക്സിന്റെയും എംഗത്സിന്റെയും മരണശേഷം ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും മാര്‍ക്സിയന്‍ ക്ലാസിക്കുകള്‍ പൊതുസഞ്ചയത്തിലാക്കാതെ, സ്വകാര്യ സ്വത്താക്കി മാറ്റി വില്‍പ്പനചരക്കാക്കുന്നതിനുള്ള ഗൂഡാലോചനയാണ് ഇതിന്റെ പിന്നിലെന്നത് വ്യക്തമാണ്.


മാര്‍ക്സിസം എന്നത് മാര്‍ക്സിന്റെയോ എംഗത്സിന്റെയോ പോലും സ്വകാര്യ സംഭാവനയല്ലെന്നും നാളതുവരെ സമാഹൃതമായ സാമൂഹ്യ - ശാസ്ത്രീയ വിജ്ഞാനത്തെ സ്വാംശീകരിച്ച്, സമൂഹത്തോട് വിപ്ലവാത്മകമായി പ്രതിപ്രവര്‍ത്തിച്ച്, തങ്ങളിലും തങ്ങളുള്‍പ്പെടുന്ന സമൂഹത്തിലും ഉരുത്തിരിഞ്ഞ വിജ്ഞാനത്തിന്റെ പ്രകാശിപ്പിക്കല്‍ മാത്രമാണ് അവര്‍ നടത്തിയതെന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. അപ്പോഴാണ് ഈ പുസ്തകങ്ങളുടെ കുത്തകയേറ്റെടുത്ത് ഇന്ന് സ്വകാര്യ പ്രസാധകരായി മാറിയ ലോറന്‍സ് വിഷാല്‍ രംഗത്തെത്തിയിരിക്കുന്നത്. “സ്വതന്ത്ര - റാഡിക്കല്‍ പ്രസാധനം” എന്നതാണ് തങ്ങളുടെ ഇപ്പോഴുമുള്ള മുദ്രാവാക്യം എന്ന് പൂമുഖതാളില്‍ പ്രസ്താവിക്കുന്ന ലോറന്‍സ് വിഷാലിന്റെ ഉള്ളിലിരുപ്പ് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.


സ്വകാര്യ സ്വത്തിനും മുതലാളിത്തത്തിനും കുത്തകവല്‍ക്കരണത്തിനുമെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ കൃതകളെ ഇത്തരത്തില്‍ കാണുന്നത് അവരോടുതന്നെയുള്ള അവഹേളനമായി ലോകം കാണുന്നു. വിജ്ഞാന സ്വാതന്ത്ര്യത്തിനും പകര്‍പ്പുപേക്ഷയ്കുമായി പോരാടുന്ന, പകര്‍പ്പവകാശത്തിനും പേറ്റന്റിനും കുത്തകവല്‍ക്കരണത്തനുമെതിരായി സമരങ്ങള്‍ നയിക്കുന്ന, വ്യക്തികളും സംഘടനകളും ലോറന്‍സ് - വിഷാലിന്റെ ഈ നീക്കത്തിനെതിരായി രംഗത്തിറങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് പ്രതിഷേധ ഇ-മെയിലുകളാണ് ലോറന്‍സ് & വിഷാലിന് ലോകമെമ്പാടുനിന്നും ആളുകള്‍ അയച്ചുകൊണ്ടിരിക്കുന്നത്.


രണ്ടു രീതിയില്‍ അതില്‍ നമുക്കും പങ്കുചേരാം :


നേരിട്ട് പ്രതിഷേധമറിയിക്കാം.


Lawrence & Wishart, 99a Wallis Road, London E9 5LN. T: 020 8533 2506, F: 020 8533 736


Managing Editor: Sally Davison. sally@lwbooks.co.uk, Finance Director: Avis Greenaway. avis@lwbooks.co.uk, Permissions: permissions@lwbooks.co.uk, Website: Becky Luff office@lwbooks.co.uk, Promotions: Katharine Harris Katharine@lwbooks.co.uk


ഓണ്‍ലൈന്‍ ഹര്‍ജി യില്‍ ഒപ്പുവെയ്കാം:


http://www.change.org/petitions/lawrence-wishart-no-copyright-for-marx-engels-collected-works#