B Sandhya

ഗംഗാസന്ധ്യ

ഹൃഷീകേശത്തില്‍ ഗംഗാകളരവ-

ഗീതിയില്‍ മുഴുകി നില്പൂ ഞാന്‍

ചെങ്കതിരൊളിയില്‍ കുളിച്ചു മാനം

അഞ്ജിതമായാ താഴ്വാരം

മഞ്ജുളഗംഗാപുളിങ്ങളിലൊരു

സംഗമസന്ധ്യയൊരുങ്ങുകയായ്

അഞ്ജമാകെപ്പടരുംമുന്‍പേ

അഞ്ചോ ആറോ നിമിഷങ്ങള്‍

സന്ധ്യാസമയം വന്ദമുചിതം

ജ്ഞാനഗണങ്ങളൊരുങ്ങുകയായ്

ചന്ദ്രിക വെള്ളിയുരുക്കുംമുമ്പേ

താരകജാലമുദിക്കുംമുമ്പേ

ഓങ്കാരത്തിന്‍ പൊരുളറിയാനോ

ഹുങ്കാരത്തോടണയുകയായ്

 

കളകളരവമോടൊഴുകും നദിയുടെ

തീരം മുഖരിതമാവുന്നൂ

ആശ്രമവാസികളഗതികള്‍ , പട്ടണ-

വാഴ്വുകള്‍ നിരയായെത്തുന്നു

കര്‍മ്മക്കെട്ടുകള്‍ നല്‍കും ദുഃഖ-

പ്പാശമഴിച്ചൊരു തിരിയാക്കി

ചെറുതിരിയലിവില്‍ മുക്കിത്തന്നുടെ

അറിവിലുരച്ചു കൊളുത്തുന്നു

അഭൌമമായൊരു പ്രഭയില്‍ മുങ്ങീ

സന്ധ്യാവന്ദനിമിഷങ്ങള്‍

മഞ്ജിമ വിടരും നിറദീപങ്ങള്‍

മണ്ഡലമായങ്ങൊഴുകുന്നു

 

കുങ്കുമമലിയും നീരിനുമുകളില്‍

മംഗലവീഥിയിലൊഴുകുന്നു

ഓങ്കാരാര്‍ച്ചിതവായുവിലേതോ

ഗന്ധതരംഗമിതലിയുന്നു

കുങ്കുമരേഖകളഞ്ജഛവിയില്‍

മുങ്ങിപ്പൊങ്ങിത്താഴുന്നു

ചിന്നും മിന്നും ചെറുതരിവെട്ടം

മുന്നില്‍ വീണു പെരുക്കുന്നു

ഒന്നായ് നന്നായൊഴുകി സ്തവമാ-

യെന്നിലൊരാര്‍ദ്രത വിരിയുന്നു.

 

എന്തെന്തദ്ഭുതമെന്തെന്തുത്സവമെ-

ന്നുടെയുള്ളം തുടികൊട്ടീ

നിശ്ചേതയായ് നിന്നു ഞാനെന്‍

മിഴിയിണ ചിമ്മീയര നിമിഷം

 

ഇരുട്ടു കീറും ഗുരുവിന്‍വാക്കിന്‍

സ്മരണയില്‍ ഞാനും മുഴുകുന്നു

കണ്ണുകള്‍ ചിമ്മും ചെറുദീപങ്ങള്‍

ക്കിത്രയ്ക്കരുണിമയെവിടെന്നോ

സംയക്സമയത്തോങ്കാരത്തോ-

ടഭൌമഗംഗയിലായതിലോ?

പിതൃദേവന്മാര്‍ മുനുജരുമായി-

ട്ടൊരുപോലൊരുമയിലായതിലോ?

നന്നാവാനൊന്നൊയ് ചേര്‍ന്നി-

ട്ടൊരേയൊരൊന്നില്‍ നിന്നതിലോ?

നിശ്ചേതനയായ് നിന്നു ഞാനെന്റെ

മിഴിയിണ ചിമ്മീയരിമിഷം

കണ്ണുകള്‍ ചിമ്മും ചെറുദീപങ്ങള്‍

മെല്ലെപ്പിന്നെക്കാണാതായ്

കണ്ടൂ വാനില്‍ത്താരാനികരം

പൊങ്ങിത്തിങ്ങി വിളങ്ങുന്നു

സങ്കല്പങ്ങള്‍ ശരരഥമേറീ

സ്വര്‍ഗ്ഗം പൂകി വിളങ്ങുംപോല്‍

ഒന്നു മലര്‍ന്നുകിടന്നാ ജാലം

സൂക്ഷ്മതയോടെ കണ്ടൂ ഞാന്‍

ഹിമവത്ഗംഗാമരണത്തിന്‍കഥ

മുനുഷ്യവികൃതികള്‍ തീര്‍ക്കുമ്പോള്‍

നെടുവീര്‍പ്പായാ കണികാജാലം

താരകമിഴിയിലണഞ്ഞതിലോ

അഴലിന്‍നിഴലുകള്‍ താരാമിഴികളി-

ലണിയിക്കുകയോ പ്രാണമദം

 

ഗംഗോപരിതലമായാജാലം

ആകാശഗംഗയിലലിയുകയായ്

ഗംഗരചിക്കും മായാജാലം

വിണ്ണാറിന്മേലലിയുകയോ

സങ്കല്‍പ്പാര്‍ച്ചിതവരസിദ്ധികളാ-

ലംബരജാലം കാട്ടുകയോ

ലോകാ സമസ്താ സുഖിനോ ഭവന്തു

ലോകാ സമസ്താ സുഖിനോ ഭവന്തു.