മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉള്ള രാജ്യങ്ങളിലെല്ലാം പ്രസ്ഥാനത്തോടൊപ്പംതന്നെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് മാര്‍ക്സിസ്റ്റ് വൈജ്ഞാനിക ശാഖ. ഇത് രണ്ടും പരസ്പരപൂരകമാണ്. ചിലര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് നേരിട്ട് വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നു. ചിലര്‍ പ്രസ്ഥാനത്തിനകത്തുനിന്നോ പുറത്തുനിന്നോ ധൈഷണികമായി പ്രസ്ഥാനത്തെ സഹായിക്കുന്നു. കുറച്ചുപേര്‍ ഒരേസമയം നേരിട്ട് വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതോടൊപ്പംതന്നെ ധൈഷണികപ്രവര്‍ത്തനങ്ങളിലും വ്യാപൃതരാകുന്നു. ഉദാഹരണത്തിന് റഷ്യയില്‍ ലെനിന്‍ വിപ്ലവപ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ കുകയും ഒപ്പം തന്നെ മാര്‍ക്സിസത്തിന് വിലപ്പെട്ട സൈദ്ധാന്തികസംഭാവനകള്‍ നല്‍ കുകയും ചെയ്തു. തല്‍ ഫലമായി മാര്‍ ക്സിസത്തോട് കൂട്ടിവായിക്കുവാന്‍ അതിന് ലെനിനിസം എന്നൊരനുബന്ധവുമുണ്ടായി.
ഇവിടെ ഇ.എം.എസും നേരിട്ടുള്ള രാഷ്ട്രീയപ്രവര്‍ ത്തനങ്ങളിലും ധൈഷണികപ്രവര്‍ത്തനങ്ങളിലും ഒരുപോലെ വ്യാപൃതനായിരുന്നു. ഇത്തരം നേതാക്കള്‍ മാര്‍ക്സിസ്റ്റ് വിജ്ഞാനശാഖയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയവരാണ്. അതുപോലെതന്നെയായിരുന്നു പി.ജിയും. അദ്ദേഹം ജീവിത്തില്‍ നല്ലൊരു കാലം വിപ്ലവപ്രവര്‍ത്തനങ്ങളിലും വൈജ്ഞാനിക പ്രവര്‍ത്തങ്ങളിലും ഒരു പോലെ വ്യാപൃതനായിരുന്നു. എന്നാല്‍ അവസാന കാലത്ത് അദ്ദേഹം പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നേരിട്ടുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ച് ഒഴിഞ്ഞുനിന്നുകൊണ്ട് വൈജ്ഞാനികപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.
മാര്‍ക്സിസ്റ്റ് വൈജ്ഞാനിക ശാഖയ്ക്ക് നല്‍ കിയ സംഭാവനകള്‍ പരിഗണിച്ചാല്‍ കേരളത്തില്‍ ഇ.എം.എസിനു തൊട്ടടുത്ത സ്ഥാനമാണ് പി.ജിയ്ക്ക് നല്‍ കാവുന്നത്. ഇ.എം.എസ് തന്റെ ഏതൊരു വൈജ്ഞാനിക പ്രവര്‍ ത്തനത്തെയും മാര്‍ ക്സിസ്റ്റ് പ്രത്യയശാസ്ത്രവുമായി കൂട്ടിച്ചേര്‍ ക്കുവാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പി.ജി മാര്‍ ക്സിസത്തിന് സൈദ്ധാന്തിക പിന്‍ ബലം നല്‍ കിക്കൊണ്ടിരുന്നെങ്കിലും എല്ലായ്പോഴും എല്ലാ കാര്യങ്ങളെയും പ്രത്യയശാസ്ത്രവുമായി ഇണക്കിച്ചേര്‍ ക്കുവാന്‍ ശ്രമിച്ചിരുന്നില്ല. ഇസങ്ങള്‍ ക്കപ്പുറത്തെ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചവര്‍ ക്ക് ഇസങ്ങള്‍ ക്കിപ്പുറത്തുവച്ചുതന്നെ മറുപടിനല്‍ കിയിരുന്നെങ്കിലും പി.ജി യും ഇസങ്ങള്‍ ക്കപ്പുറത്തേയ്ക്ക് നോക്കാന്‍ വൈമുഖ്യം കാണിച്ചിരുന്നില്ല. ഇസത്തെ കൂട്ടികെട്ടാതെയും പി.ജി പലകാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഇടതടവില്ലാത്ത വായനാനുഭവം വച്ചുനോക്കുമ്പോള്‍ ഇത് സ്വാഭാവികമാണ്. അതുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തിന് പാര്‍ ട്ടി നടപടികളെയും ശാസനകളെയും നേരിടേണ്ടിവന്നിട്ടുള്ളത്. എന്നാല്‍ മറ്റ് പലരെയുംപോലെ ഏതെങ്കിലും അഭിപ്രായവ്യത്യാസങ്ങളുടെയോ സംഘടനാ നടപടികളുടെയോ പേരില്‍ സ്വന്തം പ്രസ്ഥാനത്തെ അപ്പാടെ തള്ളിക്കളയുവാനോ വലയം വിട്ട് പുറത്തുചാടി രാഷ്ട്രീയമായോ ബൌദ്ധികമായോ പ്രസ്ഥാനത്തെ വെല്ലുവിളിക്കാനോ ഒരിക്കലും അദ്ദേഹം മുതിര്‍ ന്നിട്ടില്ല. ഇക്കാര്യത്തിലും ഇ.എം.എസിനു തുല്യനായിരുന്നു പി.ജിയും. പാര്‍ട്ടിയുടെ സൈദ്ധാന്തികവും നയപരവുമായ കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ സഹായിച്ചിരുന്ന ഇ.എം.എസ് തന്റേതല്ലാത്ത നിലപാടുകള്‍ പാര്‍ട്ടി സ്വീകരിച്ചപ്പോഴൊക്കെയും പാര്‍ട്ടിയുടെ നിലപാടുകള്‍ക്കൊപ്പം നിന്ന് തീരുമാനങ്ങള്‍ നടപ്പിലാക്കിയ ആളാണ്. സ. പി.ജിയെ സംബന്ധിച്ചും ചിലപ്പോഴെല്ല്ലാം പാര്‍ട്ടി നിലപാടുകളും തന്റെ നിലപാടുകളും തമ്മില്‍ പൊരുത്തപ്പെടാത്തത് അസ്വാഭാവികമായി തോന്നുകയോ പാര്‍ ട്ടിയ്ക്കെതിരെ തിരിയാനുള്ള പ്രേരണ അദ്ദേഹത്തിന് ഉണ്ടാക്കുകയോ ചെയ്തില്ല. പി.ജി പ്രസ്ഥാനത്തിനു പുറത്ത് വന്നുകാണുവാന്‍ വ്യാമോഹിച്ചവര്‍ ക്ക് എന്നും നിരാശയായിരുന്നു ഫലം. ഉത്തമനായ ഒരു മാര്‍ ക്സിസ്റ്റ് ആചാര്യനും നേതാവും പ്രവര്‍ ത്തകനുമായി ജീവിതകാലം മുഴുവന്‍ ജിവിച്ച് ചെങ്കൊടി പുതച്ചു മരിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചത് അദ്ദേഹത്തിന്റെ അചഞ്ചലമായ കമ്മ്യൂണിസ്റ്റുബോധം കൊണ്ടാണ്. പ്രായോഗിക രാഷ്ടീയത്തിലെ ചില പ്രവണതകളോട് അദ്ദേഹം രഹസ്യമായോ പരസ്യമായോ പ്രകടിപ്പിച്ചിരുന്ന ചില അസംതൃപ്തികള്‍ ഏറ്റുപിടിച്ച് അതിനെ പാര്‍ട്ടിയ്ക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിച്ചവരുണ്ട്. പക്ഷെ പാര്‍ ട്ടിയെ പരസ്യമായി വെല്ലുവിളിക്കാന്‍ പി.ജിയെ ഒപ്പം കൂട്ടാന്‍ അത്തരമാളുകള്‍ ക്ക് കഴിഞ്ഞില്ല.
പി.ജിയുടെ അഭിപ്രായങ്ങളില്‍ ചിലത് ചിലപ്പോഴെല്ലാം പാര്‍ട്ടി നിലപാടുകളുമായി പൊരുത്തപ്പെടാത്തതായി പോയിട്ടുണ്ട്. അങ്ങനെ പാര്‍ ട്ടി നിലപാടുകളില്‍ നിന്ന് നേരിയ വ്യതിയാനങ്ങള്‍ ഉണ്ടായപ്പോഴെല്ലാം പാര്‍ ട്ടിനടപടികള്‍ ക്ക് വിധേയമാകുകയും എന്നാല്‍ അതിലൊന്നും ഒട്ടും വൈക്ലബ്യമില്ലാതെ പാര്‍ ട്ടിയുടേ ഭാഗമായി തന്നെ നില്‍ ക്കുവാന്‍ അദ്ദേഹം തയ്യാറാവുകയും ചെയ്തുപോന്നു. തെറ്റുപറ്റലും തിരുത്തലും ഒരിക്കലും മാര്‍ക്സിസത്തിന് അന്യമല്ല എന്ന അറിവ് പി.ജിയ്ക്ക് ഉണ്ടാകാതിരിക്കില്ലല്ലോ. പാര്‍ ട്ടി നടപടികളുടെ പേരിലോ മറ്റോ അതിരുകവിഞ്ഞ പാര്‍ട്ടിവിരുദ്ധതയിലേയ്ക്കോ മാര്‍ക്സിസ്റ്റ് വിരുദ്ധതയിലേയ്ക്കോ പി.ജി ഒരിക്കലും ചെന്നെത്തിയിരുന്നില്ല. എന്നാല്‍ ഇതൊക്കെയാണെങ്കിലും പാര്‍ട്ടി പ്രതിരോധത്തെ നേരിട്ട ചില സന്ദര്‍ ഭങ്ങളിലെങ്കിലും പി.ജി പാര്‍ട്ടിയ്ക്ക് ധൈഷണികമായ പിന്‍ബലം നല്‍കുകയോ പരസ്യമായി രംഗത്തുവരികയോ ചെയ്തില്ലെന്ന പരാതി പാര്‍ ട്ടിയുടെ ഉത്തരവാദപ്പെട്ട ചില നേതാക്കള്‍ തന്നെ ചില സന്ദര്‍ ഭങ്ങളില്‍ പറഞ്ഞുപോയിട്ടുണ്ട്. ചിലരുടെ വാക്കുകള്‍ക്കെന്ന പോലെ മൌനത്തിനും ചില അര്‍ ത്ഥങ്ങളും അതിനു ചില പ്രത്യാഘാതങ്ങളുമുണ്ടാകും. കാരണം മൗനം ചിലപ്പോള്‍ ശക്തിയും ചിലപ്പോള്‍ ബലഹീനതയുമാകാം. ചിലരുടെ ചിലപ്പോഴത്തെ മൗനം പോലും മറ്റുചിലര്‍ക്ക് വേദനയായേക്കാം. പി.ജിയുടെ ചില മൌനങ്ങള്‍ അഥവാ ഇടപെടലുകളുടെ അഭാവം പാര്‍ട്ടിയെ ചിലപ്പോഴെല്ലാം കുറച്ചൊക്കെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്. സൈദ്ധാന്തികമായും വൈജ്ഞാനികമായും പാര്‍ട്ടിയ്ക്ക് അദ്ദേഹം നല്‍കിയിട്ടുള്ള മറ്റെത്രയോ വിലപ്പെട്ട സംഭാവനകള്‍ വച്ചുനോക്കുമ്പോള്‍ അത്തരം ചില നൊമ്പരപ്പെടുത്തലുകളോട് പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും പി.ജിയെപ്പോലെ ഒരു വലിയ മാര്‍ക്സിസ്റ്റ് പ്രതിഭാധനനില്‍ നിന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നതില്‍ ചിലതെങ്കിലും കിട്ടാതെ പോയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയ്ക്ക് നഷ്ടബോധമുണ്ടാക്കുന്നത് സ്വാഭാവികമാണ്. ആനിലയില്‍ പി.ജിയ്ക്കെതിരെ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ തന്നെ പ്രകടിപ്പിച്ചിട്ടുള്ള ചില വിമര്‍ശനങ്ങളില്‍ അപാകതയുണ്ടെന്നു പറയാനാകില്ല.
ഒരാളില്‍ നിന്ന് മറ്റൊരാളോ പ്രസ്ഥാനമോ പ്രതീക്ഷിക്കുന്നത് ലഭിക്കാതെ വരുമ്പോഴാണ് നിരാശയുണ്ടാകുന്നത്. ഒന്നും പ്രതിക്ഷിക്കാത്തവര്‍ക്ക് നിരാശയുണ്ടാകില്ല. പി.ജിയെ പോലെ ഒരാളില്‍ നിന്ന് സി.പി.ഐ.എമ്മിന് പ്രതീക്ഷിക്കാന്‍ ഒരുപാടുണ്ടാകും. അതെല്ലാം വേണ്ടവിധം കിട്ടാതെവരുമ്പോള്‍ പരിഭവമുണ്ടാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ മാധ്യമപുംഗവന്മാര്‍ ആഘോഷമാക്കിയ ലാവ്ലിന്‍ കേസ്, പിന്നീടുവന്ന ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് മുതലായവ സംബന്ധിച്ച വിവാദങ്ങളിലൊന്നും പാര്‍ട്ടിയ്ക്കുവേണ്ടി ഒരു പ്രതിരോധസ്വരം ഉരുവിടാന്‍ എന്തുകൊണ്ടോ പി.ജി മുന്നോട്ടുവന്നില്ല എന്നത് പാര്‍ട്ടിയ്ക്ക് പറയാവുന്ന ന്യായമായ ഒരു പരാതിയാണ്. .
ഒരു ബുദ്ധിജീവി എന്ന നിലയ്ക്ക് പി.ജിയ്ക്ക് മറ്റുള്ളവരില്‍ നിന്ന് പല വ്യത്യാസങ്ങളും ഉണ്ടായിരുന്നു. അറിവിന്റെ ഭാരം തലക്കനമായി ഒരിക്കലും അദേഹത്തില്‍ പ്രകടമായിട്ടില്ല. ബുദ്ധിജീവിജാഡകള്‍ അദ്ദേഹത്തില്‍ ലവലേശം ഉണ്ടായിരുന്നില്ല. താന്‍ ബുദ്ധിജീവിയല്ല, ഒരു സാധാരണ രാഷ്ട്രീയപ്രവര്‍ത്തകനാണെന്ന് അദ്ദേഹംതന്നെ പറയുമായിരുന്നു. മാര്‍ക്സിസം അരച്ചുകലക്കികുടിച്ച ഒരു പണ്ഡിതനായിട്ടും ഇടതുപക്ഷബുദ്ധിജീവികളുടെ ഒരു ഇട്ടാവെട്ടം ഉണ്ടാക്കി അതിനുള്ളില്‍ ഒതുങ്ങിക്കൂടുകയല്ല പി.ജി ചെയ്തത്. പി.ജിയുടെ സൌഹൃദങ്ങള്‍ വളരെ വിശാലമായിരുന്നു. അദ്ദേഹത്തിന്റെ വായന ഒരിക്കലും മാര്‍ക്സിസത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതയിരുന്നില്ല. വായന ഒരു ലഹരിയായി കൊണ്ടു നടന്നിരുന്ന അ മനുഷ്യന്‍ താന്‍ വായിച്ചു നേടിയ അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന കാര്യത്തില്‍ വലിയ ഉത്സാഹമാണ് പ്രകടിപ്പിച്ചിരുന്നത്. പലപ്പോഴും പ്രഭാഷണത്തിനു പോകുമ്പോള്‍ അതിനടുത്ത സമയങ്ങളില്‍ വായിച്ചതോ വായിച്ചുകൊണ്ടിരിക്കുന്നതോ ആയ പുസ്തകങ്ങളില്‍ ചിലത് കൊണ്ടുവന്ന് അവ പരിചയപ്പെടുത്തിക്കൊണ്ടു സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. വലിയ വലിപ്പവും ഭാരവുമുള്ള പുസ്തകങ്ങള്‍ കൈയ്യിലോ സഞ്ചിയിലോ പേറി പ്രഭാഷണവേദികളില്‍ വരുന്നതിലെ ബുദ്ധിമുട്ടൊന്നും പി.ജിയെ അലട്ടിയിരുന്നില്ല. സ്വയം അറിവുനേടലും ആ അറിവുകള്‍ നേരിട്ടും തന്റെയുള്ളില്‍ വച്ച് സംസ്കരിച്ചും വ്യാഖ്യാനിച്ചും വിശകലനം ചെയ്തും മറ്റുള്ളവരിലേയ്ക്ക് സംക്രമിപ്പിക്കുന്നത് പി.ജിയ്ക്ക് എന്നും ഒരു അവേശംതന്നെയായിരുന്നിട്ടുണ്ട്. വായനയും എഴുത്തും പ്രഭാഷണങ്ങളും ഒരു ജീവിനോപാധി എന്നതിലപ്പുറം തന്നില്‍ അര്‍പ്പിതമായ ഒരു കര്‍ത്തവ്യമായിത്തന്നെ അദ്ദേഹം കരുതിയിരുന്നിരിക്കണം.
രാഷ്ട്രീയം, കല, സാഹിത്യം, ഭാഷ, സംസ്കാരം, പത്രപ്രവര്‍ത്തനം, സിനിമ തുടങ്ങി സമസ്തമേഖലകളിലും വ്യാപിച്ചിരുന്ന പി.ജിയുടെ വിശാലമായ കര്‍മ്മ മണ്ഡലങ്ങളില്‍ ഉടനീളം അദ്ദേഹം മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാര്‍ക്സിയന്‍ സൌന്ദര്യ ശാസ്ത്രം സംബന്ധിച്ചുള്ളത്. അങ്ങനെയും ഒരു സൌന്ദര്യ ശാസ്ത്രസങ്കല്പം ലോകത്തുണ്ടെന്ന് മലയാളികള്‍ക്ക് പറഞ്ഞുതന്നത് അദ്ദേഹമാണ്. ഈ വിഷയത്തില്‍ അദ്ദേഹം ഒരു പുസ്തകമിറക്കുമ്പോള്‍ അത് ചുടപ്പംപോലെ വിറ്റുപോയിരുന്നു. സാധാരണ ചില കൃതികള്‍ അവാര്‍ഡ് കിട്ടുമ്പോഴാണ് അതിന്റെ വില്പനയില്‍ എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകാറുള്ളത്. എന്നാല്‍ “മാര്‍ക്സിസ്റ്റ് സൌന്ദര്യ ശാസ്ത്രം ഉദ്ഭവവും വളര്‍ച്ചയും” എന്ന പി.ജിയുടെ ഗ്രന്ഥത്തിനു സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിക്കുമ്പോള്‍ പുസ്തകപ്രേമികള്‍ക്ക് ഗ്രന്ഥത്തിന്റെ കോപ്പികള്‍ ലഭിക്കാത്ത വിധം മുമ്പേ അവ വിറ്റുപയിക്കഴിഞ്ഞിരുന്നു. അത്ര വലിപ്പമുള്ള ഗ്രന്ഥമല്ലെങ്കുലും അത് വായനാകുതുകികള്‍ക്കും എഴുത്തുകാര്‍ക്കും വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇടതുപക്ഷത്തോട് ചെറുചായ്വെങ്കിലുമുള്ള എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും. തീര്‍ച്ചയായും മാര്‍ക്സിയന്‍ ചിന്തയ്ക്കും സാഹിത്യലോകത്തിനും ഒരുപോലെ പി.ജി നല്‍കിയ മികച്ച സംഭാവനകളിള്‍ ഒന്നാണ് ആ ഗ്രന്ഥം.
കലയുടെ സിദ്ധാന്തമാണ് സൗന്ദര്യശാസ്ത്രം എന്നു പറയുന്നത്. കലാസൃഷ്ടിയെയും ആസ്വാദനത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളാണ് സൗന്ദര്യശാസ്ത്രത്തിന്റെ വിഷയം. ദാര്‍ശനികചിന്തയുടെ ഉത്ഭവം മുതല്‍ക്കേ അതിന്റെ ഭാഗമായി സൗന്ദര്യശാസ്ത്രം ഉടലെടുത്തു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വിചാര വിപ്ലവത്തിനും വിപ്ലവ വിചാരത്തിനും അടിത്തറ പാകിയ കാറല്‍ മാര്‍ക്സിന്റെയും ഫ്രെഡറിക്ക് എംഗല്‍സിന്റെയും മഹനീയ സംഭാവനകള്‍ മറ്റെല്ലാ മേഖലകളിലുമെന്ന പോലെ സൗന്ദര്യശാസ്ത്രത്തിലും വിപ്ലവത്തിനു വിത്തുപാകി. എന്നാല്‍ മാര്‍ക്സോ എംഗല്‍സോ സൗന്ദര്യശാസ്ത്രം സംബന്ധിച്ച പൂര്‍ണ്ണഗ്രന്ഥങ്ങളോ പ്രബന്ധങ്ങളോ ഒന്നും രചിച്ചിട്ടില്ല. പ്രാചീനവും അര്‍വാചീനവുമായ വിവിധ ഭാഷകളില്‍ അവഗാഹം നേടിയിരുന്ന അവര്‍ക്ക് വിശ്വസാഹിത്യപ്രപഞ്ചം അറിവിന്റെയും ആനന്ദത്തിന്റെയും ഉറവിടമായിരുന്നു. സമകാലിക സാഹിത്യകൃതികളും അവര്‍ അവഗണിച്ചിരുന്നില്ല. മാര്‍ക്സും എംഗല്‍സും നടത്തിയിട്ടുള്ള വിവിധങ്ങളായ എഴുത്തുകുത്തുകളിലും മൂലധനം ഉള്‍പ്പെടെയുള്ള ബൃഹത് ഗ്രന്ഥങ്ങളിലുമെല്ലാം കലാ സാഹിത്യസംബന്ധിയായ അനേകം പരാമര്‍ശങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ സൗന്ദര്യ ശാസ്ത്രം സംബന്ധിച്ച കാഴ്ചപ്പാടുകള്‍ മാര്‍ക്സിന്റെയും എംഗല്‍സിന്റെയും വിവിധങ്ങളായ രചനകളില്‍ ശിഥിലമായി കിടക്കുകയാണ്. പിന്നീട് വന്ന മാര്‍ക്സിസ്റ്റ് ചിന്തകര്‍ അവയെ പെറുക്കിക്കൂട്ടി മാര്‍ക്സിയന്‍ സൗന്ദര്യ ശാസ്ത്രത്തിന് ഒരു നിയാമക രൂപം ഉണ്ടാക്കിയെടുക്കുകയായിരുന്നു. അത് ഇപ്പോഴും തുടരുകയുമാണ്. കലാ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും സംബന്ധിച്ച് പ്രഥമ ശാസ്ത്രീയ സോഷ്യലിസ്റ്റ് ആചാര്യന്‍മാരുടെ അഭിപ്രയാങ്ങള്‍ ശിഥിലചിന്തകളുടെ രൂപത്തിലാണ് കിട്ടിയിട്ടുള്ളതെങ്കിലും അവ നല്‍കുന്ന ഉള്‍ക്കാഴ്ചയും രൂപരേഖയും പില്‍ക്കാല സൗന്ദര്യശാസ്ത്ര ചിന്തകള്‍ക്ക് രത്നഖനിയായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളതെന്ന് പി.ജി തന്റെ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാര്‍ക്സിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കെന്നപോലെ മാര്‍ക്സിസ്റ്റ് വൈജ്ഞാനിക ശാഖകള്‍ക്ക് ഇതിനോടകം കൈവന്ന സാര്‍വത്രികമായ സ്വാധീന ശക്തിയും അംഗീകാരവും അഭൂതപൂര്‍വ്വവും അദ്ഭുതാവഹവുമാണ്. അതുകൊണ്ടുതന്നെ ലോകത്തെവിടെയുമുള്ള മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ അവരുടെ എതിര്‍പ്പിന്റെ അടവുകള്‍ ഓരോ കാലത്തും മാറിമാറിയാണ് പരീക്ഷിച്ചുപോരുന്നത്. എല്ലാ കാലത്തും ഒരേതരം എതിര്‍പ്പുകള്‍ക്ക് നിലനില്പില്ലാത്തതാണ് കാരണം. അതിജിവനത്തിന്റെ പ്രത്യയശാസ്ത്രമായ മാര്‍ക്സിസം അതിനോടുള്ള എതിര്‍പ്പുകളെ അതിജീവിക്കാനുള്ള കരുത്തുകൂടി ഉള്‍ചേര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ടാണ് അത് കാല-ദേശാതിവര്‍ത്തിയായി തീരുന്നത്.
മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രസംബന്ധിയായി മാര്‍ക്സും എംഗല്‍സും പ്രത്യേക രചനയൊന്നും നിര്‍ വ്വഹിച്ചിട്ടില്ലെന്നതുകൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച്ച് പിന്നീട് എഴുതിയവര്‍ക്കിടയില്‍ പരസ്പരവിരുദ്ധമായ ആശയഗതികള്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയില്ല. അത്തരം സംവാദങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. മാര്‍ക്സും എംഗല്‍സും അത്യന്തം വിശദമായി കൈകാര്യം ചെതിട്ടുള്ള സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുപോലും ധാരാളം വിവാദങ്ങള്‍ നിലനില്‍ക്കെ, സൗന്ദര്യശാസ്ത്രചിന്തയെക്കുറിച്ച് സകല മാര്‍ക്സിസ്റ്റുകളും ഒരുപോലെ ചിന്തിക്കും എന്നു പ്രതീക്ഷിക്കുവാനകില്ലല്ലോ. എങ്കിലും ഇന്ന് ലോക്കത്ത് മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം എന്നൊന്നുണ്ട്. അതിന് അതിന്റേതായ സമീപനങ്ങളും നിയമങ്ങളുമുണ്ട്. അവയുടെ ആകെത്തുകയെ നമുക്ക് മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം എന്നു പറയാം. മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രദര്‍ശനത്തിന് സംഭവാന നകിയവരില്‍ വിവിധ രാജ്യങ്ങളില്‍ ഉള്ള ഒട്ടേറെ ചിന്തകരും എഴുത്തുകാരുമുണ്ട് അവരില്‍ റഷ്യന്‍ മാര്‍ക്സിസത്തിന്റെ പിതാവായി പ്രകീര്‍ത്തിക്കപ്പെടുന്ന പ്ലഹ്നേവ് മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിനും ഗണ്യമായ സംഭാവന നല്‍കിയവരില്‍ ഒരാളാണ്. കല എന്നാല്‍ എന്താണ് എന്നതിനെ സംബന്ധിച്ചും അതിന്റെ ഉറവിടമെവിടെ എന്നതിനെ സംബന്ധിച്ചും അദ്ദേഹം ചില വാദഗതികള്‍ മുന്നോട്ടു വച്ചിരുന്നു. കല എന്നാല്‍ എന്നതിനെ സംബന്ധിച്ച് ലിയോ ടോള്‍സ്റ്റോയിയുടെ ചല്ല കാഴ്ചപാടുകളോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് പ്ലഹ്നേവ് സൗന്ദര്യ ശാസ്ത്രം സംബന്ധിച്ച് തന്റെ വാദമുഖങ്ങള്‍ അവതരിപ്പിച്ചത്. സാധാരണ വാക്കുകള്‍ വിചാരങ്ങള്‍ വിനിമയം ചെയ്യുമ്പോള്‍ കല വികാരങ്ങള്‍ സംവേദനം ചെയ്യുന്നുവെന്നാണ് ടോള്‍സ്റ്റോയി വാദിച്ചത്. എന്നാല്‍ ഇതിനെ നിരാകരിച്ചുകൊണ്ട് കലയില്‍ വിചാരത്തെയും വികാരത്തെയും വേര്‍തിരിക്കുന്നത് യാന്ത്രികവും അയഥാര്‍ത്ഥവുമാണെന്നാണ് പ്ലഹ്നേവിന്റെ വാദം. വികാരാംശം മുറ്റിയ കവിതയുടെ മാധ്യമം തന്നെ വാക്കുകള്‍ ആയിരിക്കെ ഇത്തരം വേര്‍തിരിക്കല്‍ അസംബന്ധമാണ്. കല മനുഷ്യര്‍ തമ്മിലുള്ള സംവേദനത്തിന്റെ ഒരു സവിശേഷരൂപം തന്നെയാണെന്ന ടോള്‍സ്റ്റോയിയുടെ വാദം അവിതര്‍ക്കിതം തന്നെ. എന്നാല്‍ വിചാര-വികാരങ്ങള്‍ തമ്മിലുണ്ടെന്ന് ടോള്‍സ്റ്റോയി ധരിക്കുന്ന ഈ ദ്വിതത്വം അയഥാര്‍ത്ഥമാണ്. പ്ലഹ്നോവ് പറയുന്നു:
കല മനുഷ്യരുടെ വികാരങ്ങള്‍ മാത്രമേ പ്രകടിപ്പിക്കൂ എന്ന വാദം ശരിയല്ല. കല വികാരങ്ങള്‍ക്കൊപ്പം വിചാരങ്ങള്‍ക്കും രൂപം നല്‍കുന്നു. എന്നാല്‍ കല അവ ആവിഷ്കരിക്കുന്നത് അമൂര്‍ത്തമായിട്ടല്ല. സജീവ പ്രതിരൂപങ്ങളിലൂടെയാണെന്നു മാത്രം. കലയെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ചു കാട്ടുന്ന സവിശേഷതയും ഇതുതന്നെ. സ്വയം അനുഭവിച്ച ഒരു വികാരം മറ്റുള്ളവര്‍ക്കു പകരാനായി തന്നില്‍ത്തന്നെ അത് പുനരാവിഷ്കരിച്ച് ചില ബാഹ്യ ചേഷ്ടകളിലൂടെയും അടയാളങ്ങളിലൂടെയും പ്രകടിപ്പിക്കുമ്പോഴാണ് കലയുടെ ആരംഭം എന്ന് ടോള്‍സ്റ്റോയി അഭിപ്രായപ്പെടുന്നു. തന്റെ ചുറ്റുപാടുകളുടെ സ്വാധീനത്തില്‍ അനുഭവപ്പെടുന്ന വിചാരവികാരങ്ങള്‍ സ്വയം പുനരാവിഷ്കരിച്ച് വ്യക്തമായ പ്രതിരൂപങ്ങളിലൂടെ അവ പ്രകടിപ്പിക്കുമ്പോഴാണ് കലയുടെ തുടക്കം എന്ന് ഞാന്‍ വിശ്വസിക്കുന്നു. തന്റെ പുനര്‍വിചാരത്തിനും പുനരനുഭവത്തിനും വിധേയമായ വസ്തുതകളാണ് അയാള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും ഇതാണ് സംഭവിക്കുക എന്ന് എടുത്തുപറയേണ്ടതായിട്ടില്ല. കല ഒരു സാമൂഹ്യപ്രതിഭാസമാണ്”
സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പി.ജി മാര്‍ക്സിസത്തിനെന്ന പോലെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭവാവനകള്‍ വിലപ്പെട്ടതാണ്. പി.ജിയുടെ പുസ്തകങ്ങളും ലേഖനങ്ങളും പ്രഭാഷണങ്ങളുടെ ശബ്ദരേഖയുണ്ടെങ്കില്‍ അവയും വിജ്ഞാനദാഹികള്‍ക്ക് എക്കാലത്തേക്കൂം അവലംബമാക്കാവുന്ന അറിവിന്റെ വിഭവഉറവിടങ്ങളായിരിക്കും. സാഹിത്യകുതുകികള്‍ക്ക് ഒരു റോള്‍ മോഡലാണ് പി.ജി. അറിവിന്റെ ആഴക്കടലില്‍ മുങ്ങിത്തപ്പി വിലപ്പട്ട മുത്തുകള്‍ തെരഞ്ഞുപിടിച്ച് മാലോകര്‍ക്കു സമര്‍പ്പിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവച്ച മഹാരഥന്‍മാരില്‍ ഒരാള്‍ കൂടി ഓര്‍മ്മയായി. ജീവിച്ചിരുന്നതിന് ഒരുപാട് രേഖകള്‍ അവശേഷിപ്പിച്ചുകൊണ്ട്. മരിച്ചാലും മരിക്കാത്തവരാണ് എഴുത്തുകാര്‍ . അതുകൊണ്ട് പി.ജിയുടെ ഭൗതികശരീരം മണ്‍മറഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും മരിക്കാത്ത പലതും ജിവിച്ചിരിക്കവേ അദ്ദേഹം സമൂഹത്തിനു മുതല്‍കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് മരണത്തിന് പി.ജിയുടെ കാര്യത്തില്‍ അത്ര അഹങ്കരിക്കാനാകില്ല. തലമുറകളിലൂടെ അദ്ദേഹം ജീവിക്കും. കെ.ഇ.എന്‍ പറഞ്ഞതുപോലെ പി.ജിയെ നമ്മള്‍ ഓര്‍ ക്കേണ്ടത് പതിവ് അനുശോചനവാക്യങ്ങള്‍ കൊണ്ടല്ല, അദ്ദേഹം തുറന്നുവച്ച വായനയുടെ വിപുലമായ ലോകത്തിലേയ്ക്ക് നമ്മെത്തന്നെ എടുത്തുവച്ചുകൊണ്ടാണ്.