Gadha C

അകത്തേയ്ക്കുള്ള വഴിയിലൂടെ ആ പഴയ മാളികയിലെത്തി

എത്ര നേരമായി ഇങ്ങനെ നടക്കുന്നുവെന്നു സുഹൃത്തിനോട്‌ പരാതിപ്പെട്ടുകൊണ്ടാണ് ഞാന്‍ നടന്നത് . നടന്നു നടന്ന് തളര്‍ന്നു . തലയ്ക്കു മുകളില്‍ സൂര്യന്റെ തീമഴ പെയ്യുന്നു . ദൂരെ ഇടിഞ്ഞു വീഴാറായ ഒരു മാളികയുടെ പടിപ്പുര കണ്ടു . ‘വാ അവിടെ പോയിരിക്കാം’ എന്ന് പറഞ്ഞ് സുഹൃത്തിന്റെ കൈ പിടിച്ചു വലിച്ചു. വലിയ കല്‍ പടവുകള്‍ .അതിലിരുന്നു ക്ഷീണം തീര്‍ക്കവേ വീടും പറമ്പും ആകെയൊന്നു നോക്കി. വലിയ ഇരുനില വീട്. പഴയ ഏതോ പ്രമാണിയുടേതാകണം. ഓടുകള്‍ മുഴുവനും ഇളകിപ്പോയി . മേല്‍ക്കൂര മിക്കവാറും നിലംപൊത്തി. പറമ്പാകെ കാടു പിടിച്ചിരിക്കുന്നു . ഇതിന് അവകാശികളാരും ഉണ്ടാകില്ലേ ?ചിന്തിച്ചിരിക്കവേ , സുഹൃത്ത് തൊട്ടു വിളിച്ച് കാല്‍ച്ചുവട്ടിലേയ്ക്ക് കൈ ചൂണ്ടി . ഞങ്ങളിരിക്കുന്ന കല്‍പ്പടവുകളില്‍ ആരോ അരിപ്പൊടിക്കോലങ്ങള്‍ എഴുതിയിരിക്കുന്നു ! കൂപ്പുകുത്താന്‍ മുഹൂര്‍ത്തം കാത്തിരിക്കുന്ന ഈ മാളികയുടെ ഐശ്വര്യത്തിനായി ആരാകും ഈ കോലങ്ങളെഴുതിയത് . ആകാംക്ഷയായി.


7925609a-5afd-430a-8d4a-e9573327ed85


കോലമെഴുത്ത് പടിപ്പുര കടന്നു. അകത്തേയ്ക്കുള്ള വഴിയിലൂടെ നടന്ന് ആ പഴയ മാളികയുടെ മുന്നിലെത്തി. വലിയ ഏഴെട്ടു കരിങ്കല്‍പ്പടികള്‍ കയറി വേണം ഉള്ളിലേക്ക് പ്രവേശിക്കുവാന്‍ . അത്ഭുതം ! ആ പടികളിലും കോലമെഴുതിയിരിക്കുനു. വീടിന്റെ ഉമ്മറത്ത്‌ നിന്ന് അകത്തേയ്ക് കടക്കുവാന്‍ ശ്രമിച്ചെങ്കിലും കാവല്‍ഭടന്‍മാരെപ്പോലെ വളര്‍ന്നു നിന്ന ചെടികള്‍ അതിനനുവദിച്ചില്ല. ജനവാസമുള്ള പ്രദേശത്തിന്റെ നടുവില്‍ റോഡരുകില്‍ ആണെങ്കിലും ഈ മതില്‍കെട്ടിനുള്ളില്‍ പ്രവേശിച്ചാല്‍ നൂറ്റാണ്ടുകള്‍ പിറകിലാണ് തോന്നിപോകും . നിശബ്ദതയാണെങ്ങും . വന്‍ പുളിമരങ്ങള്‍ ഉച്ചത്തീമഴയ്ക്ക് കുടപിടിക്കുന്നു. അകാരണമായൊരു ഒരു ഭയം അരിച്ചിറങ്ങാന്‍ തുടങ്ങി. എത്രയും വേഗം റോഡിലിറങ്ങി നടന്നാല്‍ മതി എന്നായി . പക്ഷെ സുഹൃത്ത് പിന്‍വാങ്ങുന്ന ഒരുലക്ഷണവും കണ്ടില്ല. തിരിച്ചിറങ്ങി മുറ്റത്തു നിന്ന ഞങ്ങള്‍ പതിവായ സഞ്ചാരം കൊണ്ട് തെളിഞ്ഞു കിടക്കുന്ന നൂലുപോലുള്ള ഒരു വഴി കണ്ടു. ഒരുള്‍ഭയം പിടികൂടിയിരുന്നെങ്കിലും അന്യഷണകുതുകിയായ കൂടുകാരന്‍ അതുവഴി നടത്തിച്ച് മാളികയുടെ പിന്‍ഭാഗത്തെത്തിച്ചു . അവിടെ ഒരു പ്രവേശന കവാടമുണ്ട്. ഞങ്ങള്‍ അകത്തേയ്ക്ക് കടന്നു. വലിയൊരു നാലുകെട്ടാണ് . മച്ച് മിക്കവാറും പൊളിഞ്ഞു വീണു കിടക്കുന്നു . നടുമുറ്റത്ത്‌ കാട്ടരളിയും മറ്റു കുറ്റിച്ചെടികളും വളര്‍ന്നു നില്‍ക്കുന്നു . നടുമുറ്റത്തിനു ചുറ്റും കല്‍തൂണുകളാണ്. ഗതകാല പ്രൗഢിയുടെ തിരുശേഷിപ്പുകള്‍ .


26872b77-fe77-44d9-993d-07786bdbdf9f


പ്രവേശന വാതിലിന്റെ വലതു വശത്ത് ഇടുങ്ങിയൊരു ചെറുമുറി . അതില്‍ കല്ലോ മറ്റോ കൊണ്ടുണ്ടാകിയ ഒരു കട്ടില്‍ . പകുതിയും ഇടിഞ്ഞു പോയിരിക്കുന്നു . മുകളിലേക്ക് കയറിപ്പോകുന്ന ഗോവണിയുടെ പടികള്‍ പലതും ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു . മാളികയുടെ പിന്‍ മുറ്റത്ത്‌ നിന്നും കുറച്ചു കല്‍പ്പടവുകള്‍ മുകളിലെ പറമ്പിലേക്ക് നീളുന്നു . അതിലും കോലമെഴുതിയിട്ടുണ്ട് . പടവുകള്‍ കയറിചെന്നപ്പോള്‍ കണ്ടത് ആരോ ഇപ്പോഴും പരിപാലിച്ചു പോരുന്ന തുളസിത്തറയും വൃത്താകൃതിയിലെ ഒരു മണ്ഡപവുമാണ് (മണ്ഡപത്തിന്റെ മേല്‍ക്കൂര മുക്കാലും നിലംപൊത്തിയിരിയ്ക്കുന്നു ). അതിനു നടുവിലായി ഒരു കരിങ്കല്‍ക്കട്ടില്‍ . അതിന്മേല്‍ ഒരു പച്ചപ്പട്ടു വിരിച്ചിരിയ്ക്കുന്നു . അതില്‍ സുഖശയനം നടത്തിയിരുന്ന നായ തലതാഴ്ത്തി വിനയത്തോടെ പടവുകളിറങ്ങിപ്പോയി . ഒരു കല്‍വിളക്ക് ആ കട്ടിലിനു ചുവട്ടില്‍ ആരോ പതിവായി കത്തിക്കുന്നുണ്ട് . ഉത്തരത്തില്‍ ഒരു കൂട് ചന്ദനത്തിരിയുമുണ്ട്. കട്ടിലിനു ചുറ്റും കോലമെഴുതിയിട്ടുണ്ട്. സത്യത്തില്‍ അത്ഭുതവും ആകാംക്ഷയും അടക്കാനായില്ല . ഈ കട്ടിലില്‍ ആരായിരിക്കാം കിടന്നിട്ടുണ്ടാവുക . ആര്‍ക്കു വേണ്ടിയാണു നിത്യവും വിളക്ക് വയ്കുന്നത് .ആരാണിതെല്ലാം ചെയ്യുന്നത് .


22b67caa-4bfa-4662-98ab-6c659dd50574


മണ്ഡപത്തിന് ചുറ്റുമുള്ള പറമ്പാകെ കരിവേപ്പിന്‍ ചെടികള്‍. പടവിറങ്ങി താഴെയെത്തിയ ഞങ്ങളെ അത്ഭുതപ്പെടുത്തി കുറ്റികാട്ടില്‍ ഒരൂഞ്ഞാല്‍ ! ആരായിരിക്കും ഇതിലിരുന്നാടുന്നത്, അറിയാതെ ചോദിച്ചുപോയി ! ആരോടാണിതെല്ലാം ഒന്നു ചോദിക്കുക എന്ന് കരുതി റോഡിലേക്ക് നോക്കിയപ്പോള്‍ തൊട്ടെതിര്‍വശത്തെ വീട്ടിന്‍ വരാന്തയില്‍ ഒരമ്മൂമ്മ . അമ്മൂമ്മയോട് ഇതാരുടെ വീടാണെന്നു തിരക്കി . മക്കളെ ഇത് വീടല്ല കൊട്ടാരമാണ് ; ഇരണിയല്‍ കൊട്ടാരം.


fee95b1d-8181-4e4e-93a9-194ce6e4a388


ഇത് ഇരണിയല്‍ കൊട്ടാരം. പഴയ തിരുവിതാംകൂര്‍ ചരിത്രത്തിന്റെ നിര്‍ണ്ണായക മാറ്റങ്ങളുടെ മൂകസാക്ഷി . ഇന്ന് ഈ കൊട്ടാരം അതിന്റെ ഗതകാല പ്രൗഢിയുടെ വിളറിയ മുഖവുമായി അന്ത്യശ്വാസംവലിക്കുന്നു. ഇരണിയല്‍ കൊട്ടാരത്തിന്റെ നിര്‍മാണവുമായി ബന്ധപെട്ടു വ്യക്തമായ ചരിത്ര രേഖകളൊന്നും തന്നെയില്ല. ഏതാണ്ട് അഞ്ഞൂറ് കൊല്ലം മുന്‍പ് വേണാട് രാജവംശത്തിലെ മരാജാവ് വഞ്ചി മാര്‍ത്താണ്ഡ വര്‍മ്മയാണ് കൊട്ടാരം നിര്‍മ്മിച്ചതെന്നു കരുതപെടുന്നു. ഹിരണ്യസിംഹനെല്ലൂരിനെ രൂപ മാറ്റം വരുത്തി എടുത്തതാണ് ഈ കൊട്ടാരമെന്നും പറയപെടുന്നുണ്ട്. 1601 ല്‍ പത്മനാഭ പുരം കൊട്ടാരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ രാജാവ് രവിവര്‍മ്മ കുലശേഖരന്‍ തലസ്ഥാനം പത്മനഭപുരത്തേയ്ക്ക് മാറ്റി. ഇരണിയലിനെ രണ്ടാം തലസ്ഥാനമാക്കി നിലനിര്‍ത്തുകയും ചെയ്തു . കന്യാകുമാരി ജില്ലയിലെ പത്മനഭാപുരത്തിനടുത്താണ് ഇരണിയല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നഷ്ട പ്രതാപത്തിന്റെ തിരുശേഷിപ്പുമായി നില്‍ക്കുന്ന ഈ ചരിത്ര സ്മാരകം ഒര്‍മ്മയാകുന്നതിനു മുന്‍പ് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട് . കാരണം ചരിത്രത്തെ ശരിയും ശാസ്ത്രീയവും സത്യസന്ധവുമായ നിലയില്‍ അടയാളം ചെയ്യാതെ വര്‍ത്തമാനവും അതിനപ്പുറവും  കാലാനുവർത്തിയാകില്ലതന്നെ. -


ചിത്രങ്ങൾ : താര