Vineesh Narikode

ഓര്‍മ്മപ്പന്ത്

ഞാന്‍ മോഹന്റെ വീട്ടിലേക്ക് കാറോടിച്ചു പോകുകയാണ് ..എന്റെ പുതിയ കാറ് മോഹനെ കാണിക്കുകയെന്നത് മാത്രമായിരുന്നു എന്റെ യാത്രയുടെ ഉദ്ദേശം .അതുകൊണ്ടാണ് തിരക്കില്ലാതെ വേറൊരു ദിവസം വന്നാല്‍ മതിയെന്ന മോഹന്റെ നിര്‍ദ്ദേശത്തെ പാടെ അവഗണിച്ചുകൊണ്ട് ഞാന്‍ ഇന്ന് തന്നെ അവിടേക്ക് പോകാന്‍ മിനക്കെട്ടത് . .ഇരുട്ടുന്നതിനു മുന്‍പേ വീട്ടില്‍ തിരിച്ചെത്തണമെന്നും എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു .


images (1)


“ഹൈവേ റോഡില്‍ നിന്നും ഉള്ളിലേക്ക് പോകുന്ന ചെറിയ റോഡു വഴി മുന്നോട്ടു പോയാല്‍ വലിയൊരു മൈതാനമുണ്ട് ആ മൈതാനം കടന്നു വീണ്ടും മുന്നോട്ടു പോകുമ്പോള്‍ ഒരു കാറിനു കഷ്ടിച്ചു കടന്നുപോകാന്‍ തരത്തിലുള്ള റോഡെന്ന് തീര്‍ത്ത്‌ പറയുവാന്‍ കഴിയാത്ത ഒരു വഴിയുണ്ട് അത് കഴിഞ്ഞാല്‍ മോഹന്റെ വീടെത്തി .” ഞാന്‍ എന്നോട് തന്നെ പറഞ്ഞു പഠിച്ചിരുന്നു .ഞാന്‍ വണ്ടിയോടിച്ചു ഒടുവില്‍ ആ വലിയ മൈതാനത്തിനു അടുത്തായി എത്തി .പേര്‍ഷ്യന്‍ നാടോടി കഥകളില്‍ കേട്ട് പരിചയിച്ച പരവതാനി കണക്കെയാണ് ആ മൈതാനം . പച്ചവിരിയിട്ട് നീണ്ടു നിവര്‍ന്നു കിടക്കുന്നു .മൈതാനത്തിന്റെ രണ്ടു വശങ്ങളിലായി ഗോള്‍ വലകള്‍. മുന്‍പ് സ്ഥിരമായി അവിടെ ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്നു മോഹന്‍ പറഞ്ഞ അറിവെനിക്കുണ്ട്.പക്ഷെ കുറച്ചു കാലങ്ങളായി അവിടെ മത്സരങ്ങള്‍ ഇല്ല. ക്ലബുകള്‍ തമ്മിലുള്ള വൈരം അടിപിടിയില്‍ സമാപിച്ചത്തോടെ മത്സരങ്ങള്‍ക്ക് തിരശ്ശീല വീണു .


images


പക്ഷെ ഞാന്‍ ചെല്ലുമ്പോള്‍ അവിടെ വാശിയേറിയ മത്സരം നടക്കുകയാണ് .സമീപ പ്രദേശങ്ങളിലുള്ള പത്തോ അതില്‍ കൂടുതലോ പ്രായം തോന്നിക്കാത്ത കുട്ടികള്‍ പല സംഘങ്ങളായി പലതരം കളികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്.ഫുട്ബോളും ക്രിക്കെറ്റും പ്രധാനമായും കാണുവാന്‍ കഴിഞ്ഞു .മൈതാനത്തിന്റെ ഓരോ മൂലയ്ക്കും ഓരോ കളികള്‍.കളികളുടെ ഉത്സവ മേളമാണ് .കുട്ടികളുടെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാം .കിളികള്‍ ചില്യ്ക്കുന്നതുപോലെ ....ചിതല പക്ഷികളെ കൂട്ടമായി മൈതാനത്ത് വിട്ടതുപോലെ .....


ഞാന്‍ ആ മൈതാനത്തിന്റെ അരികിലൂടെ വളരെ പതുക്കെ,കുട്ടികളുടെ കളികള്‍ ശ്രദ്ധിച്ചുകൊണ്ട് അങ്ങനെ എന്റെ പുത്തന്‍ കാറില്‍ വന്നുകൊണ്ടിരിക്കുകയാണ് .ഞാന്‍ വരുന്ന നേരത്ത് കുട്ടികള്‍ കളി നിര്‍ത്തി എന്റെ വണ്ടിയെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു .പൊടുന്നനെ ഒരു കുട്ടി ,വെളുത്തു തുടുത്ത് തൊട്ടാല്‍ ചോര തെറിക്കുന്ന വെണ്മയുള്ള ഒരു ആണ്‍കുട്ടി,വരാനിരിക്കുന്ന ഏതോ വിപത്ത് മുന്നില്‍ കണ്ടകണക്കെ,മുഖത്തെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി അങ്ങനെ എന്നെത്തന്നെ നോക്കി നില്‍ക്കുന്നതായി ഞാന്‍ കണ്ടു .എന്തിനായിരിക്കാം ഈ കുട്ടിയെന്നെ ഇങ്ങനെ നോക്കുന്നതെന്ന് അറിയാതെ,അവന്റെ മുഖത്തേക്ക് ഞാന്‍ കണ്ണ്‍നട്ട് കൊണ്ട് വളരെ പതുക്കെ വണ്ടി മുന്നോട്ടു ചലിപ്പിച്ചുകൊണ്ടിരിക്കെ “ടക്” എന്നൊരു ശബ്ദത്തോട് കൂടി എന്റെ വണ്ടി എന്തിന്റെയോ മുകളിലൂടെ ചെറുതായൊന്നു കയറിയിറങ്ങി .അപ്പോള്‍ അവന്റെ മുഖം കരച്ചിലിനോട് അടുത്ത് നില്‍ക്കുകയായിരുന്നു .ചുകന്നു തുടുത്ത് ഉറുമാമ്പഴത്തിന്റെ നിറമായിരുന്നു അപ്പോള്‍ അവന്റെ മുഖത്തിന്‌..അവന്റെ കണ്ണില്‍ നിന്നും കണ്ണീരിനു പകരം ചോരയാകും പൊടിയുകയെന്നു എനിക്ക് തോന്നി .


download
ഞാന്‍ കാറില്‍ നിന്നും പുറത്തിറങ്ങി .കുട്ടികള്‍ എനിക്കും എന്റെ കാറിനും ചുറ്റും കൂടി, ചക്രങ്ങളുടെ ഇടയിലേക്ക് തുറിച്ചു നോക്കുകയാണ് .എന്റെ കണ്ണുകളും അങ്ങോട്ട്‌ സഞ്ചരിച്ചു .ഒരു ഫുട്ബോള്‍ ഞെരിഞ്ഞമര്‍ന്നു പോയിരിക്കുന്നു .പൊട്ടിയിട്ടുണ്ടാകണം.ഒരു കുറ്റവാളിയെ പോലെ ഞാന്‍ മുഖം താഴ്ത്തി നിന്നു.അനേകം ന്യായാധിപന്മാര്‍ എന്റെ ചുറ്റിലും ,എന്നെ തുറിച്ചു നോക്കികൊണ്ട് ..


അവന്‍, ചുകന്നു തുടുത്ത നിറമുള്ള ആ കുട്ടി മാത്രം മുഖം പൊത്തി, വിങ്ങി വിങ്ങി കരയുകയായിരുന്നു .ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‍ക്കെ ,പൊട്ടിയ പന്തുമെടുത്ത്‌ കുട്ടികള്‍ മൈതാനത്തിന്റെ നടുവിലേക്ക് നടന്നു പോയി .അവര്‍ പൊട്ടിയ പന്തുമായി കളി തുടങ്ങി .അവന്‍ ആ കുട്ടി മാത്രം കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു .ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.ഒരു പുതിയ പന്തിനു എത്ര വിലയാകുമെന്ന് എനിക്കറിയില്ലായിരുന്നു .ഞാന്‍ പോക്കറ്റില്‍ നിന്നും പേഴ്സെടുത്ത് അതില്‍ നിന്നും ഒരു അഞ്ഞൂറ് രൂപയുടെ നോട്ടു വലിച്ചെടുത്തു അവര്‍ക്ക് നേരെ നീട്ടി .കുട്ടികള്‍ അന്യോന്യം നോക്കി .ആരും ഒന്നും പറഞ്ഞില്ല .അവരാരും ആ പണം വാങ്ങുവാന്‍ തയ്യാറായില്ല .ഞാന്‍, എന്തെ പണം വാങ്ങാത്തതെന്നു ചോദിച്ചപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുന്ന ആ കുട്ടിയുടെതാണ് പന്തെന്നു അവര്‍ പറയുകയുണ്ടായി .ഞാന്‍ പൊട്ടിയ പന്തും കൂടെ പണവും ചേര്‍ത്ത് അവന്റെ നേരെ നീട്ടി .അവന്‍ പണം തിരസ്ക്കരിക്കുകയും പന്ത് നെഞ്ചോട്‌ ചേര്‍ത്തുവയ്ക്കുകയുമാണുണ്ടായത്.ഞാന്‍ വളരെയേറെ നിര്‍ബന്ധിച്ചിട്ടും അവന്‍ പണം വാങ്ങിയില്ല .


images (1)
കുട്ടികളില്‍ ഒരാള്‍ പറഞ്ഞു .
“അങ്കിള്‍ അതവന്റെ അച്ഛന്‍ വാങ്ങിച്ചുകൊടുത്ത പന്താണ് .അവന്റെ അച്ഛന്‍ ഇപ്പൊ .....................”
ഹൃദയമാം കിളിയെ കുട്ടികള്‍ കല്ലെറിഞ്ഞു വീഴ്ത്തിയിരിക്കുന്നു .അത് നിലത്തു വീണു പിടഞ്ഞു . വേദന കൊണ്ട് ചിറകുകള്‍ കുടഞ്ഞു .
.അറിയാതെ ചെയ്തുപോയൊരു തെറ്റിന് ...ഈശ്വരാ ....
ഞാന്‍ പന്തെടുത്തു കൈകള്‍ കൊണ്ട് അമര്‍ത്തി നേരെയാക്കുവാന്‍ ഒരു ശ്രമം നടത്തി .പക്ഷെ അത് വിജയമായിരുന്നില്ല .കുട്ടികള്‍ അത് തിരിച്ചു വാങ്ങി .പൊങ്ങച്ചവണ്ടിയുടെ അടിയില്‍ പെട്ട് അത് ഞെരിഞ്ഞമര്‍ന്നു കഴിഞ്ഞിരുന്നുവല്ലോ...!!
ഞാന്‍ കാറില്‍ കയറിയിരുന്നു .കൈകള്‍ വിറക്കുന്നുണ്ടായിരുന്നു .എനിക്ക് കാര്‍ സ്റാര്‍ട്ട് ചെയ്യുവാന്‍ കഴിഞ്ഞില്ല.ഞാന്‍ മരണത്തെ സ്വപ്നം കണ്ടു .പന്തും മരണവും കുട്ടികളും ചേര്‍ന്ന് എന്റെ മനസ്സ് ഉദയനെ ഓര്‍മ്മിച്ചു തുടങ്ങി .ഫുട്ബോള്‍ കണ്ടാല്‍ ഞാനെന്നും ഉദയനെ ഓര്‍മ്മിക്കും .ഉദയന്റെ മുഖവും ഇങ്ങനെയായിരുന്നു .വിങ്ങി വിങ്ങി കരഞ്ഞ ആ കുട്ടിയുടെതുപോല്‍ വെളുത്ത് തുടുത്ത്,തൊട്ടാല്‍ ചോര തെറിക്കുന്ന വെണ്മയുള്ളത് .


images (2)


കുട്ടിക്കാലത്ത് എന്റെ ലോകം കറങ്ങിയിരുന്നത് ഉദയന് ചുറ്റുമായിരുന്നു.അവന്റെത്‌ എന്റെ ചുറ്റും .തോട്ടിലും കുളങ്ങളിലും മീന്‍ പിടിക്കാനും കണ്ണന്‍പറമ്പില്‍ മാങ്ങ പറിക്കാനും കളിക്കാനും ഞങ്ങള്‍ ഒന്നിച്ചാണ് പോയിരുന്നത് .ഏക്കറുകളോളം കാട് പിടിച്ചു കിടക്കുന്ന കണ്ണന്‍പറമ്പിലായിരുന്നു ഞങ്ങളുടെ കളികള്‍ മുഴുവന്‍ .ആരും ശല്യപെടുത്താനില്ലാത്ത,കിളികളുടെ പാട്ടും ഉച്ചവെയിലില്‍ പോലും കുളിരും തരുന്ന കാടും നിറഞ്ഞു നില്‍ക്കുന്ന കണ്ണന്‍ പറമ്പ് .മീനുകള്‍ പിടിക്കാനും മാവില്‍ കയറാനും ഉദയന്‍ എന്നെക്കാള്‍ മിടുക്കനായിരുന്നു .എന്റെ വൈദഗ്ദ്യം മുഴുവന്‍ തെയ്യം കെട്ടലില്‍ ആയിരുന്നു ..കവുങ്ങിന്‍ പാള മുറിച്ച് അതിന്റെ മുകളില്‍ കരികൊണ്ട് മൂക്കും കണ്ണും വരച്ച്,പച്ചോല കീറി അറയില്‍ തിരുകി ഞാന്‍ ഗുളികന്‍ തെയ്യം കെട്ടുമായിരുന്നു.ഉദയന്‍ കാഴ്ചക്കാരനാണ് .ഞാന്‍ പേടിപ്പെടുത്തും .ഉദയന്‍ കരയും .ഞാന്‍ നുണക്കഥകളുടെ കൂമ്പാരം അഴിച്ചു വെയ്ക്കും .പ്രേതങ്ങളുടെയും ,പേടിപ്പെടുത്തുന്ന ചോരകുടിക്കുന്ന യക്ഷികളുടെയും കഥകളുണ്ടാകും .ഉദയന്റെ കരച്ചില്‍ എന്റെ ആനന്ദമായിരുന്നു .


images (3)
ഉദയന്റെ കയ്യില്‍ എന്നോരുമൊരു പന്തുണ്ടാകും .സാമാന്യം വലിപ്പമുള്ള ഒരു ഫുട്ബോള്‍ .അവന്റെ അച്ഛന്‍ വാങ്ങിച്ചുകൊടുത്തതാണ്.അവന്റെ അച്ഛന്‍ അശോകേട്ടന്‍ മരിച്ചിട്ട് നാളുകള്‍ ഏറെയായി .കിണര്‍കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ്. ചളിയില്‍ കുതിര്‍ന്ന് കിടന്ന ഒരു മൃതശരീരം മാത്രമാണു എനിക്ക് അശോകേട്ടനെക്കുറിച്ചുള്ള ഓര്‍മ്മ .അന്ന് മുറിക്കുള്ളിലെ ജനാലകള്‍ക്കിടയിലൂടെ ഉദയന്‍ എന്നെയൊന്നു നോക്കിയിരുന്നു .അന്നും അവന്റെ കയ്യില്‍ ആ പന്തുണ്ടായിരുന്നു .ആരെയും ആ പന്ത് ഒന്ന് തൊടുവാന്‍ പോലും അവന്‍ സമ്മതിച്ചിരുന്നില്ല ..എന്നെയൊഴിച്ച്.. എനിക്ക് മോഹമുണ്ടായിരുന്നു .വെറുതെ ....കളിക്കാന്‍ ആരുമില്ലെങ്കിലും വെറുതെ വീട്ടില്‍ വയ്ക്കാന്‍ ഒരു പന്ത് ...പക്ഷെ സ്വന്തമായി ഒന്നില്ലായിരുന്നുവല്ലോ ...! ഞാന്‍ ഒരിക്കല്‍ ഉദയനോട് ചോദിക്കുകയും ചെയ്തു .കളിയ്ക്കാന്‍ എനിക്ക് തരുമായിരുന്നുവെങ്കിലും ഒരു രാത്രി വീട്ടില്‍ വയ്ക്കാന്‍ അവന്‍ പന്ത് തന്നിരുന്നില്ല .


images
ഒരു വൃശ്ചികത്തില്‍,തണുപ്പുള്ള ഒരു വൃശ്ചികത്തില്‍ ഒരു ശനിയാഴ്ച ദിവസം വൈകുന്നേരം ,കണ്ണന്‍പറമ്പില്‍ വെച്ച് ഞാന്‍ ഗുളികന്‍ കെട്ടിയാടി .രൌദ്രഭാവത്തില്‍ ഉറഞ്ഞുതുള്ളിയപ്പോള്‍ ഉദയന്‍ പേടിച്ചോടി .ഗുളികന്‍ തെയ്യമായി ഞാന്‍ പിന്നാലെ .......കണ്ണന്‍ പറമ്പിന്റെ അറ്റത്തുള്ള മുളംകാടുകളും കടന്നു ഉദയന്‍ ഓടി.മുളംകാടുകള്‍ കടന്നു മുന്നോട്ടു പോയാല്‍ ഒരു പൊട്ടകിണറാണ്.ഓടുന്നതിനിടയില്‍ ,നെഞ്ചോടു ചേര്‍ത്തു പിടിച്ച പന്ത് ഉദയന്റെ കയ്യില്‍ നിന്നും വഴുതി പൊട്ടകിണറ്റിലേക്ക് വീണു .കാട് പിടിച്ചു കിടക്കുന്ന പൊട്ടകിണറ്റില്‍ പന്ത് ....ഞാന്‍ ഗുളികന്റെ വേഷം അഴിച്ചു മാറ്റി ഉദയന്റെ അടുത്തേക്ക് ചെന്നു .കിണറിലേക്ക് നോക്കി അവന്‍ കരയുന്നുണ്ടായിരുന്നു.ആള്‍മറയില്ലാത്ത കിണറിന്റെ ഉള്‍വശത്ത് മുളച്ചു പൊന്തിയ കാട്ടുചെടികള്‍ക്കും അതിനോട് ഇഴപിരിഞ്ഞു ചേര്‍ന്നു നില്‍ക്കുന്ന വള്ളികള്‍ക്കും ഇടയില്‍ കുടുങ്ങികൊണ്ട് ഉദയന്റെ ഹൃദയം .


popova
ശീമക്കൊന്നയുടെ കമ്പുകള്‍ പൊട്ടിച്ച് പന്തെടുക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടങ്ങി.ഓരോ ശ്രമത്തിലും പന്ത് വള്ളികള്‍ക്കിടയിലൂടെ താഴേക്ക് പതുക്കെ പതുക്കെ നീങ്ങികൊണ്ടിരുന്നു.മിനിറ്റ് സൂചികള്‍ സെക്കന്റ് സൂചികളുടെ വേഗം സ്വയമേറ്റെടുത്തു .സൂര്യന്‍ പാതി മറഞ്ഞു പോയി .ഉദയന്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുകയാണ് .പന്ത് ഇനി നാളെ രാവിലെ എടുക്കാമെന്ന് പറഞ്ഞ് ഞാന്‍ അവനെ ആശ്വസിപ്പിച്ചു.പാതി സമ്മതത്തോടു കൂടി എന്റെ നിര്‍ബന്ധത്താല്‍ ഉദയന്‍ തിരിച്ചു വീട്ടിലേക്ക് വരുവാന്‍ തയ്യാറായി .എനിക്ക് മനസ്സില്‍ സന്തോഷം തോന്നി .ഉദയന്റെ പന്ത് നഷ്ടപ്പെട്ടുവല്ലോ ..ഇനിയത് തിരിച്ചു കിട്ടിയേക്കില്ല .എനിക്കില്ലാത്ത സൌഭാഗ്യം,അതും സ്വന്തമായി ഒരു പന്ത് അതെന്തിനാണ് അവന് ??


images
ഉദയന്റെ പന്തിനെക്കുരിച്ചോര്‍ത്ത് ഞാന്‍ കിടന്നു .നിശാസാഗരത്തില്‍ ആഹ്ലാദ തിരകളില്‍ ഞാന്‍ നീന്തിത്തുടിച്ചുകൊണ്ടിരിക്കുകയാണ് .പൊടുന്നനെ ഒരുട്ടില്‍ നിന്നും ഭീകരമായ ഒരു രൂപം .അത് എന്റെ നേര്‍ക്ക് പതുക്കെ നടന്നു വരുന്നു .ഞാന്‍ ഭയന്നുവിറച്ചു .രൂപത്തെ ഞാന്‍ ഒരു നോക്ക് കണ്ടു.അട്ടഹസിച്ചുകൊണ്ട് ഗുളികന്‍.ഞാന്‍ പുറകോട്ടു മാറി.ഗുളികന്‍ എന്റെ നേരെ നടന്നടുക്കുന്നു .ഞാന്‍ തിരിഞ്ഞുനോക്കാതെ ഓടി.മുളംകാടുകള്‍ക്കിടയിലൂടെ ഞാന്‍ ഓടികൊണ്ടിരിക്കുകയാണ് .നിലത്തു വീണുകിടക്കുന്ന ഉണങ്ങിയ ഇലകള്‍ക്കിടയില്‍ നിന്നും ശീല്‍ക്കാരം... ചീറ്റിക്കൊണ്ട് അനേകം കരിമൂര്‍ഖന്മാര്‍!! മുന്നില്‍ ഒരു പൊട്ടകിണര്‍.ഗുളികനും നാഗങ്ങളും എന്റെ നേര്‍ക്ക് ......ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു ...ആരോ ഇരുട്ടില്‍ നിന്നുമെന്നെ കോരിയെടുത്തു .അമ്മയുടെ ശബ്ദം .മരുന്നുകളുടെ രൂക്ഷ ഗന്ധം ...നെറ്റിയില്‍ തണുപ്പ്.


images (1)
സ്വപനം കണ്ടു പേടിച്ചു വിറച്ചു പനിച്ചു ഞാന്‍ കിടന്ന,പന്തെടുക്കാന്‍ ഉദയന്റെ കൂടെ പോകേണ്ടിയിരുന്ന ആ വൈകുന്നേരമാണ് കണ്ണന്‍പറമ്പില്‍ വെച്ച് ഉദയനെ പാമ്പ് കടിച്ചത് .നീലിച്ച ഉദയന്റെ ശരീരം കണ്ടത് ചീട്ടുകളിക്കാന്‍ കണ്ണന്‍പറമ്പിന്റെ കുളിരിലേക്ക് പോയവരാണ് .അവന്‍ പന്തെടുക്കാന്‍ പോയതായിരിക്കണം ....!!ഞാന്‍ കരഞ്ഞുകൊണ്ട് ഉദയന്റെ ശരീരം കാണുവാന്‍ അവന്റെ വീട്ടിലേക്ക് കയറിചെന്നു.ഉദയന്റെ വീട് ആളുകളെകൊണ്ട് തിങ്ങിനിറഞ്ഞ്.
ഞാന്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഇറയത്തു കിടത്തിയിരിക്കുന്ന ഉദയന്റെ ശരീരത്തിലേക്ക് നോക്കി .വെളുത്ത് തുടുത്ത് ,തൊട്ടാല്‍ ചോര തെറിക്കുന്ന വെണ്മയുള്ള ഉദയന്‍ കരുവാളിച്ച ശരീരവുമായി കിടക്കുന്നു .ആ പന്ത് അവന്റെ ഹൃദയമായിരുന്നുവല്ലോ .എന്റെ ഹൃദയം കുന്നികുരുവിനെക്കാള്‍ ചെറുതുമായിരുന്നു..
****************
മൈതാനത്തെ കുട്ടിയെയും പന്തിനേയും ഓര്‍ത്തും ഉദയനെ ഓര്‍ത്തും ഞാന്‍ കരഞ്ഞു .ചക്രങ്ങളുടെ അടിയില്‍ ഞെരിഞ്ഞമര്‍ന്ന പന്തില്‍ ഹൃദയമുണ്ടായിരുന്നുവോ ?? !!എന്റെ മനസ്സ് പിടഞ്ഞു .ഞാന്‍ കാറില്‍ നിന്നും പുറത്തിറങ്ങി .മൈതാനത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ഇടയില്‍ ഞാന്‍ , വിങ്ങി വിങ്ങി കരഞ്ഞുകൊണ്ടിരുന്ന ആ കുട്ടിയെ തേടി.അവരുടെ ഇടയില്‍ അവനുണ്ടായിരുന്നില്ല.കുട്ടികള്‍ പൊട്ടിയ പന്തുമായി അപ്പോഴും കളി തുടരുകയാണ് .പൊടുന്നനെ കണ്ണുകള്‍ മൂടുന്നതായും തലയില്‍ ഭാരം വന്നു നിറയുന്നതായും എനിക്ക് തോന്നി.പക്ഷെ അപ്പോഴും ഞാന്‍ ആ കുട്ടിയെ തിരയുന്നുണ്ടായിരുന്നു .പൊടുന്നനെ പച്ച വിരിച്ചിട്ട മൈതാനം രക്തവര്‍ണ്ണമായി മാറുന്നത് ഞാനറിഞ്ഞു.ആര്‍ത്തട്ടഹസിച്ചുകൊണ്ട് പൊട്ടിയ പന്തുകളുമായി കുറെ കുട്ടികള്‍; അവര്‍ എന്റെ നേര്‍ക്ക് ആക്രോശിക്കുന്നു .അതാ അവരുടെ കൂടെ ഉദയനും .എന്റെ ഹൃദയം അപ്പോള്‍ കണ്ണന്‍പറമ്പിലെ പൊട്ടകിണറിലൂടെ വെള്ളത്തിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു....
ഞാന്‍ മോഹന്റെ വീട്ടില്‍ എത്തിയിരുന്നുവോ ?
പ്രിയ വായനക്കാരാ സംശയമേതുമില്ലാതെ പറയട്ടെ ..
ഞാനും ഉദയനും കാറും കുട്ടികളും പന്തും ഇപ്പോഴും അവിടെ തന്നെയുണ്ട് ..
ഇനിയെനിക്ക് രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല .